Devi

Devi

Saturday, October 22, 2016

ദിവസം 183 ശ്രീമദ്‌ ദേവീഭാഗവതം. 7-25. ഹരിശ്ചന്ദ്രപത്നീപുത്രകഥ

ദിവസം 183  ശ്രീമദ്‌ ദേവീഭാഗവതം7-25. ഹരിശ്ചന്ദ്രപത്നീപുത്രകഥ

ഏകദാ  തു ഗതോ രന്തും ബാലകൈ: സഹിതോ ബഹി:
വാരാണസ്യാ നാതിദൂരേ രോഹിതാഖ്യ: കുമാരക:
ക്രീഡാം കൃത്വാ തതോ ദർഭാൻ ഗൃഹീതുമുപചക്രമേ
കോമളാനല്പമൂലാംശ്ച സാഗ്രാൻ ശക്ത്യനുസാരത:

സൂതൻ പറഞ്ഞു: രോഹിതൻ ഒരു ദിവസം കാശി നഗരത്തിൽ നിന്നും അധികം ദൂരത്തല്ലാത്ത ഒരിടത്ത് മറ്റ് ബാലൻമാരുമായി കളിക്കാൻ പോയി. കളി കഴിഞ്ഞ് സ്വാമിയെ സന്തുഷ്ടിപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ അവൻ തന്റെ കുഞ്ഞുകൈകൾ കൊണ്ടു് നല്ല ദർഭപ്പുല്ലുകൾ ശേഖരിച്ചു. കൂടെ ചമതയും പ്ലാശിൻ കുഴയും അവൻ തന്നാലാവുന്നതു പോലെ സ്വരുക്കൂട്ടി വച്ചു.

ഹോമത്തിനുള്ള വിറക് കെട്ടും മറ്റും തലയിൽ കെട്ടിവച്ച് ചുമടുമായി അവർ അടിവച്ചടിവച്ച് നടക്കുമ്പോൾ നല്ലൊരു ജലാശയം കാണായി. അവൻ ചുമടിറക്കി വെള്ളം കുടിച്ചിട്ട് അവിടെയുള്ള  മരത്തണലിൽ അല്പനേരം വിശ്രമിച്ചു.

വിറകുകെട്ട് താങ്ങി വച്ചിരുന്നത് ഒരു മൺപുറ്റിന് മുകളിലായിരുന്നു. വിശ്രമം കഴിഞ്ഞ് കെട്ടുമെടുത്ത് പുറപ്പെടാൻ തുടങ്ങവേ മൺപുറ്റിൽ നിന്നും വൻ വിഷമുള്ള ഒരു കൃഷ്ണസർപ്പം പുറത്തുവന്നു. വിശ്വാമിത്രന്റെ അനുജ്ഞ പ്രകാരമാണ് സർപ്പമവിടെ ആഗതനായത്. ആ സർപ്പം രോഹിതനെ ആഞ്ഞു കൊത്തി. ആ  ക്ഷണത്തിൽ അവൻ മരിച്ചു വീണു. കൂടെയുള്ള ബാലൻമാർ  ബ്രാഹ്മണന്റെ ഗൃഹത്തിൽപ്പോയി അവന്‍റെ അമ്മയോട് കാര്യം പറഞ്ഞു. ‘അല്ലയോ ദാസീ, നിങ്ങളുടെ മകൻ സർപ്പദംശമേറ്റ് അതാ അവിടെ മരിച്ചു കിടക്കുന്നു’.

വജ്രായുധം കൊണ്ടതുപോലുള്ള ഈ വാർത്ത കേട്ട് ആ അമ്മ മൂർച്ഛിച്ചു താഴെ വീണു. അതു കണ്ട് ക്രുദ്ധനായ ബ്രാഹ്മണൻ അവളുടെ മുഖത്ത് വെള്ളം തളിച്ചിട്ട് ഇങ്ങിനെ ഭർസിച്ചു.  ‘അശ്രീകരം! സന്ധ്യാനേരത്ത് കിടന്ന് കരയുന്നു. നാണമില്ലാത്ത സാധനം. ഞാൻ വിലയ്ക്ക് വാങ്ങിയതാണ് നിന്നെ. കരഞ്ഞു വിളിച്ച് നിലത്തു വീണ് എന്റെ പണികൾ ചെയ്യാതിരിക്കാനുള്ള സൂത്രം തന്നെയിത്. അതൊന്നും ഇവിടെ നടക്കില്ല!’

‘സ്വാമി, എന്റെ മകനവിടെ മരിച്ചു കിടക്കുന്നു. ഞാനൊന്നു കണ്ടു വന്നുകൊള്ളട്ടെ.’ എന്നു പറഞ്ഞ് അവൾ വീണ്ടും കരഞ്ഞു.

‘നീയെന്റെ കയ്യിൽ നിന്നും പണം പറ്റിയിട്ട് എന്റെ കാര്യം മുടക്കുന്നു. മര്യാദയില്ലാത്ത കൂട്ടം!  വേതനം പറ്റിയിട്ട് സ്വാമി കാര്യത്തിനു ലോപം വരുത്തുന്നത് മഹാരൗരവമെന്ന ഘോരനരകത്തിൽ പതിക്കാൻ പോന്ന പാപമാണെന്ന് നിനക്കറിയാമോ? ആ നരകവാസം കഴിഞ്ഞാൽ കോഴിയുടെ ജന്മമാണ് നിനക്കൊക്കെ കിട്ടുക. അല്ലെങ്കിലും ഈ വക നിന്ദ്യവർഗ്ഗങ്ങളോടു് ധർമ്മകാര്യം പറഞ്ഞു കൊടുത്തിട്ട് കാര്യമൊന്നുമില്ല. ഊഷരമായ മണ്ണിൽ വിത്തിട്ടാൽ അതുണ്ടോ മുളയ്ക്കുന്നു.പരലോകത്തെ നിനക്ക് പേടിയുണ്ടെങ്കിൽ വന്ന് സ്വന്തം പണി തീർക്കാൻ നോക്ക്. ബാക്കി കാര്യം അതുകഴിഞ്ഞ് ആലോചിക്കാം’

‘ഒരു നിമിഷം മതി  സ്വാമീ ഞാനെന്റെ മകനെ എടുത്തു കൊണ്ട് വരട്ടെ.’ എന്നു പറഞ്ഞ് അവൾ ബ്രാഹ്മണന്റെ കാൽക്കൽ വീണു.

‘അല്ലെങ്കിലും ഒരു കഴിവുമില്ലാത്ത നിന്റെ മകനെക്കൊണ്ട് എനിക്കൊരുപകാരവും ഇല്ല. ഇപ്പോള്‍ ജീവനുമില്ല. എന്റെ കോപം നിനക്കറിയാമല്ലോ. ചാട്ടവാറിന്റെ അടിയേൽക്കാനാണ് നിനക്ക് വിധിഎന്ന് തോന്നുന്നു.’

അവൾ ധൈര്യമുൾക്കൊണ്ടു് തന്റെ ജോലി തുടർന്നു ആ ദുഷ്ടബ്രാഹ്മണന്റെ കാലുകൾ തടവിക്കൊടുക്കുക പോലും ചെയ്തു. ഒടുവിൽ അയാൾ പറഞ്ഞു. ‘ശരി, വേഗം പോയി നിന്റെ മകന്റെ ശവദാഹം നടത്തി വരിക. എന്നിട്ട് വേഗം മടങ്ങി വന്ന് ബാക്കി വീട്ടുജോലികൾ തീർക്കണം !’

അവൾ ആ പാതിരായ്ക്ക് പുത്രന്റെ പിണം കിടക്കുന്നയിടത്ത് ചെന്നു. വിറകിന്റെയും ദർഭയുടെയും നടുക്ക് മറ്റൊരു വിറകുകഷണം  പോലെ നിശ്ചേതനമായി കിടക്കുന്ന മകനെക്കണ്ട് ആ അമ്മയുടെ ഹൃദയമുരുകി. ‘നീയെന്താണുണ്ണീ അമ്മയെ വിളിക്കാത്തത്? എന്നോട് ദേഷ്യത്തിലാണോ?' എന്നെല്ലാം പുലമ്പിക്കൊണ്ടു് അവൾ മകന്‍റെ ശവത്തിനു മുകളിൽ മോഹാലസ്യപ്പെട്ടു വീണു.

പിന്നീട് ബോധം തെളിഞ്ഞപ്പോൾ, സ്വന്തം മുഖത്തും മാറത്തും കൈ കൊണ്ട് താഡിച്ചു കൊണ്ട് അവൾ വീണ്ടും വിലാപം തുടർന്നു. ‘സുന്ദരനായ എന്റെ മകനേ, നീയെങ്ങോട്ടാണ് പോയത്? നിന്റെ അച്ഛനായ  മഹാരാജാവും അടുത്തില്ലല്ലോ. ഇവനെ അദ്ദേഹം വന്നു കാണുന്നതു പോലും ഇല്ലല്ലോ. മതി,  ഇനി കിടന്നുറങ്ങിയത് മതിയെടാ, നീയെഴുന്നേൽക്ക്. പാതിരാത്രി കഴിഞ്ഞു. കാളിയും കൂളിയും പ്രേതങ്ങളും വിളയാടുന്ന നേരമാണിത്. നിന്റെ കൂട്ടുകാരൊക്കെ അവരുടെ വീടുകളിലക്ക് മടങ്ങി. കേട്ടില്ലേ കറുനരികൾ  ഒച്ചയിടുന്നത്? എന്താണ് നീയൊന്നും മിണ്ടാത്തത്? നിന്റെ അമ്മയാണ് വിളിക്കുന്നത്. സ്വന്തം ഭർത്താവ് വിറ്റു കളഞ്ഞിട്ടും നിന്നെപ്പോറ്റുന്ന അമ്മയാണിത്. കണ്ണ് തുറക്കൂ,  എന്നോട് സംസാരിക്കൂ. നീ ജനിച്ചപ്പോൾ ബ്രാഹ്മണർ എന്തൊക്കെയാണ് പറഞ്ഞത്? ആയുഷ്മാനും കീർത്തിമാനും പുത്രപൗത്രാദികളുമൊത്ത് വാഴുന്നവനുമാകും നീയെന്നവർ പറഞ്ഞത് പച്ചക്കള്ളമായിരുന്നോ? നീ മാതാപിതാക്കൾക്കും ഗുരുജനങ്ങൾക്കും പ്രിയപ്പെട്ടവനും, ധർമ്മിഷ്ഠനും സത്യദമാദികളിൽ നിഷ്ണാതനുമാകും എന്നവർ പറഞ്ഞിരുന്നു. നിന്റെ ദേഹത്തവർ രാജ ചിഹ്നങ്ങൾ കണ്ടിരുന്നു. അതെല്ലാം ഇപ്പോൾ എവിടെപ്പോയി? ചക്രം, മീൻ, സ്വസ്തികം, ഛത്രം, ശ്രീവത്സം, കൊടി, ചാമരം, കലശം, എന്നിങ്ങിനെയുള്ള മുദ്രകൾ നിന്റെ കുഞ്ഞു കൈത്തലത്തിൽ അവർ കണ്ടുവത്രേ. അയോദ്ധ്യയും മണിമാളികകളും വെൺകൊറ്റക്കുടയും സിംഹാസനവും ചതുരംഗപ്പടയും മന്ത്രിമാരും എല്ലാമെല്ലാം എവിടെ മകനെ?'

'ഹാ നാഥാ, പ്രാണപ്രിയനേ, നമ്മുടെ മകന്റെ കിടപ്പു കണ്ടാലും. പണ്ട് അങ്ങയുടെ വിരിമാറിൽ ചാർത്തിയ  കുങ്കുമം ഇവന്റെ പിഞ്ചുമേനിയാൽ മലിനപ്പെട്ടത് ഓർമ്മയുണ്ടോ? അങ്ങയുടെ നെറ്റിയിലെ കസ്തൂരിക്കുറി ഇവൻ പണ്ട് കുഞ്ഞിക്കൈ കൊണ്ട്  തൂത്തുമായ്ച്ചു കളഞ്ഞതും അങ്ങോർക്കുന്നുണ്ടോ? അങ്ങിനെ കുസൃതി കാട്ടിയ അവനെ അങ്ങപ്പോൾ  സ്നേഹപാരവശ്യത്തോടെ  ചുംബിച്ചതും ഞാനോർക്കുന്നു. ആ മുഖം ഇപ്പോളിതാ പുഴുവരിച്ചും ഈച്ചയാർത്തും ഈ പെരുവഴിയിൽ കിടക്കുന്നു! ഈശ്വരാ എന്തെന്തു ദുഷ്കർമ്മങ്ങളാണ് ഞാൻ പൂർവ്വജന്മങ്ങളിൽ ചെയ്തു കൂട്ടിയിട്ടുണ്ടാവുക?’

ദാസിയുടെ വിലാപം കേട്ട് നഗരപാലകർ അടുത്തെത്തി അവളെ ചോദ്യം ചെയ്തു. അവൾ ഉത്തരമൊന്നും പറയാതെ വീണ്ടും കരഞ്ഞുകൊണ്ടിരുന്നു. ചോദിച്ച കാര്യങ്ങൾക്ക് മറുപടി കിട്ടാതെ വന്നപ്പോള്‍  അവർ തമ്മിൽപ്പറഞ്ഞു.  ‘ഇവളെ കണ്ടിട്ട് സാധാരണക്കാരിയല്ല. കുഞ്ഞുങ്ങളെ കൊല്ലുന്ന ദുർമന്ത്രവാദിനിയാണിവൾ എന്നു തോന്നുന്നു. ആരുടേയോ  കുഞ്ഞിനെ കൊന്നു കൊണ്ടുവന്നു കിടത്തിയിരിക്കുന്നു. നല്ല പെണ്ണുങ്ങൾ പാതിരാ കഴിഞ്ഞ് വഴിയിലിങ്ങിനെ വന്നു നിൽക്കുമോ?ഇവളെയൊന്നും ജീവനോടെ വെച്ചേക്കരുത്.’

ഭടൻമാർ അവളുടെ മുടി ചുറ്റിപ്പിടിച്ച്  കൈയും കഴുത്തും ചേർത്ത് പിടിച്ച്, ‘അല്ലെങ്കിൽ ഇവൾ ചിലപ്പോൾ ആകാശത്തേക്ക് പറന്നു പോവും’ എന്നു വിളിച്ചുപറഞ്ഞ് അവർ കൂടുതൽ ആളെക്കൂട്ടി. പിന്നെ അവളെ വലിച്ചിഴച്ച് ചണ്ഡാളപ്പുരയിലേക്ക് കൊണ്ടുപോയി.

‘ഇവളെ പെരുവഴിയിൽ നിന്നും കിട്ടിയതാണ്. കുഞ്ഞുങ്ങളെ കൊല്ലുന്ന ഇവളെ കൊന്നുകളയണം.’

‘അറിയാം അറിയാം. ഇവളെ കണ്ടാലറിയാം അത്തരക്കാരിയാണെന്ന്. നിങ്ങൾ ചെയ്തത് നല്ല കാര്യമാണ്. ഇതിനാൽ നിങ്ങൾക്ക് നല്ല പേരുണ്ടാവട്ടെ. മറ്റാർക്കും ഇവളെ പിടിച്ചു കൊണ്ടുവരാൻ പറ്റിയില്ലല്ലോ. ബ്രാഹ്മണപുത്രനെ കൊന്നവൻ, പശുവിനെ കൊന്നവൻ, പുരയ്ക്ക് തീവെച്ചവൻ, സ്വർണ്ണം കട്ടെടുത്തവൻ, വഴിമുടക്കുന്നവൻ, മദ്യപൻ, ഗുരുപത്നിയെ പ്രാപിച്ചവൻ, ഇവരെയൊക്കെ സമൂഹത്തിന്‍റെ നന്മയ്ക്കായി വധിക്കുന്നതിൽ തെറ്റില്ല. ഇവള്‍ അക്കൂട്ടത്തിൽപ്പെട്ടവൾ തന്നെയാണ്’,  എന്നു പറഞ്ഞു് ചണ്ഡാളന്‍  വലിയൊരു കയറിട്ട് അവളെ കെട്ടിയിട്ട്  അവളുടെ മുടി ചുറ്റിവലിച്ചു.

ചണ്ഡാളൻ ഹരിശ്ചന്ദ്രനെ വിളിച്ചു പറഞ്ഞു: ‘താന്‍ ഇവളെ കൊണ്ടുപോയി കൊന്നുകളയിൻ! യാതൊരു മടിയും വേണ്ട.’

അപ്പോൾ ഹരിശ്ചന്ദ്രൻ സ്ത്രീവധാശങ്ക മൂലം ചണ്ഡാളനോടു പറഞ്ഞു. ‘പ്രഭോ ഈ കൃത്യം തനിച്ചു ചെയ്യാൻ എനിക്കാവില്ല. ദയവായി ഒരു ഭൃത്യനെ ഏർപ്പാടാക്കിത്തന്നാൽ ഞങ്ങൾ രണ്ടാളും കൂടി അങ്ങ് പറയുന്ന എന്തും ചെയ്യാം.’

‘നീ പേടിക്കണ്ട. ഇവളെ കൊല്ലാൻ മടിക്കണ്ട കാര്യമില്ല. കുഞ്ഞുങ്ങളെ പിടിച്ചു കൊല്ലുന്ന നീചയാണിവൾ. നീയാവാൾ   എടുക്കൂ.    നീചൻമാരെ വധിക്കുന്നത് പുണ്യപ്രദമാണ്.'

എന്നാൽ ഹരിശ്ചന്ദ്രൻ പറഞ്ഞു: ‘പക്ഷെ, പ്രഭോ, സ്ത്രീ വധം ഏതുവിധേനെയും പാപം തന്നെയാണ്. അറിഞ്ഞോ അറിയാതെയോ നാമത് ചെയ്തു കൂടാ. മഹാരൗരവം സ്ത്രീ ഘാതകർക്കുള്ള മഹാനരകമാണ്.’

‘ഇനി അധികമാരും ഒരക്ഷരം മിണ്ടരുത്. നല്ല മൂർച്ചയുള്ള വാളെടുക്ക്. ഒരെണ്ണത്തിനെ കൊന്നാൽ സമൂഹത്തിലെ അനേകർക്ക് രക്ഷ കിട്ടുമെങ്കിൽ അത് പാപമല്ല. മറിച്ച് പുണ്യമാണത്. ധാരാളം കുഞ്ഞുങ്ങളെ കൊന്നു തിന്ന ഇവളെ ഇല്ലാതാക്കി  ലോകത്തിന് സമാധാനം ഉണ്ടാകട്ടെ.’

‘ചണ്ഡാല പ്രഭോ, ക്ഷമിക്കണം.സ്ത്രീ വധം ചെയ്യുകയില്ല എന്നു ഞാൻ ചെറുപ്പത്തിൽ ഒരു പ്രതിജ്ഞയെടുത്തിട്ടുണ്ട് എന്നെ നിർബന്ധിക്കരുത്.’

‘ദുഷ്ടാ, യജമാനൻ പറയുന്ന കാര്യമല്ലാതെ നിനക്ക് സ്വന്തമായ അഭിപ്രായം ഉണ്ടാകാൻ പാടില്ല എന്നറിയില്ലേ?. എന്റെ ദയവാൽ കഴിയുന്ന നീ എന്നെ ധിക്കരിക്കുന്നോ? സ്വാമി കാര്യം മുടക്കുന്നവനും നരകത്തിലാണ് ചെല്ലുക.’

‘പ്രഭോ, ഇത്ര കൂടിയ ക്രൂരപ്രവൃത്തി ചെയ്യാൻ കല്പിക്കരുതേ. അങ്ങേയ്ക്ക് ദേവാസുരനരവർഗ്ഗങ്ങളിൽ ശത്രുവായ ആരെങ്കിലും ഉണ്ടെങ്കിൽ ഞാനവരെ നിഷ് പ്രയാസം ഹനിക്കാം. സിദ്ധ ഗന്ധർവ്വ നാഗങ്ങളാണെങ്കിലും ഞാൻ കൊല്ലാം. സാക്ഷാൽ ദേവേന്ദ്രൻ തന്നെയാണെങ്കിലും ഞാൻ മടി കാണിക്കില്ല.’

‘എടോ, ഒരു ഭൃത്യന് ചേരുന്ന വാക്കുകളല്ല നിന്റെ വായിൽ നിന്നും വരുന്നത്. ചണ്ഡാളന്റെ അടിമ പറയുന്നത് ദേവൻമാരുടെ ഭാഷയോ? നാണംകെട്ട് ചണ്ഡാളന് വിടുപണി ചെയ്യാൻ വന്നിട്ട് അനുസരണക്കേട് കാണിക്കുകയോ?  വേറൊന്നും പറയണ്ട. ഞാൻ പറഞ്ഞത് അനുസരിക്കുക. ഈ വാളെടുത്ത് അവളുടെ ഗളച്ഛേദം ചെയ്യുക. പെട്ടെന്നാവട്ടെ.’

No comments:

Post a Comment