Devi

Devi

Thursday, May 18, 2017

ദിവസം 255. ശ്രീമദ്‌ ദേവീഭാഗവതം 9-33. പാപനിര്‍ണ്ണയം

ദിവസം 255.  ശ്രീമദ്‌ ദേവീഭാഗവതം 9-33.  പാപനിര്‍ണ്ണയം 

ഹരിസേവാരത: ശുദ്ധോ യോഗസിദ്ധോ വ്രതീ സതീ 
തപസ്വീ ബ്രഹ്മചാരീ ച ന യാതി നരകം ധ്രുവം
കടുവാചാ ബാന്ധവാംശ്ച ബാലാ ലേപേന യോ നര:
ദഗ്ധാന്‍ കരോതി ബലവാന്‍ വഹ്നി കുണ്ഡം പ്രയാതി സ:

ധര്‍മ്മരാജന്‍ പറഞ്ഞു: ഭഗവാൻ ഹരിയെ സേവിക്കുന്നവരും യോഗസിദ്ധികൾ ഉള്ളവരും ബ്രഹ്മജ്ഞനായ മുനിയും നരകത്തിൽ പോവേണ്ടതായി വരില്ല. ബലത്താലും ക്രൂരമായ വാക്കുകളാലും ബന്ധു ദ്രോഹം ചെയ്യുന്നവൻ തീർച്ചയായും വഹ്നികുണ്ഡത്തിൽ നിപതിക്കും. അവിടെ തന്റെ ദേഹത്തുള്ളത്ര രോമങ്ങളുടെ എണ്ണമെത്രയോ അത്ര വർഷങ്ങൾ കഴിഞ്ഞിട്ട് പിന്നീട് ജനിക്കുമ്പോൾ അവൻ ആ മണൽക്കാട്ടിൽ ഒരു പശുവായി ജനിക്കും.

വെയിലത്ത് വിശന്നുവലഞ്ഞു വരുന്ന വിപ്രന് ഭക്ഷണം കൊടുക്കാത്തവന് തപ്തകുണ്ഡമാണ് വിധിച്ചിട്ടുള്ളത്. അവിടെ അവന്റെ രോമങ്ങളുടെ എണ്ണ മെത്രയോ അത്ര വർഷം നരകിച്ചിട്ടു് വീണ്ടും ജനിക്കുമ്പോൾ അവന്‍ ഏഴു ജന്മങ്ങൾ പക്ഷിയായി ചുട്ടുപൊള്ളുന്ന മണൽക്കാട്ടിൽ വാഴും.

സംക്രാന്തി, ഞായറാഴ്ച, അമാവാസി, ശ്രാദ്ധം ദിനങ്ങളിൽ ചാരമിട്ടു വെളുപ്പിച്ച വസ്ത്രം ധരിക്കുക മാത്രം ആചാരമാക്കിയവൻ ആ വസ്ത്രത്തിൽ എത്ര നൂലുണ്ടോ അത്ര വർഷങ്ങൾ ക്ഷാരകുണ്ഡത്തിൽ കിടക്കും. അവന്റെ പിന്നീടുള്ള ഏഴു ജന്മങ്ങൾ മറ്റുള്ളവരുടെ വസ്ത്രം വെളുപ്പിക്കുന്ന രജകനായിട്ടായിരിക്കും.

മൂലപ്രകൃതിയേയും വേദശാസ്ത്ര പുരാണങ്ങളേയും ത്രിമൂർത്തികളെയും ഗൗരി, വാണി മുതലായ മാതാക്കളെയും നിന്ദിക്കുന്ന മൂഢജനങ്ങൾക്ക് ഭയാനകം എന്നു പേരായ നരകത്തിൽ വാസമുറപ്പാണ്. അതിദു:ഖപ്രദായിയായ ആ കുണ്ഡത്തിൽ അനേകം കൽപ്പകാലം കിടന്നിട്ട് പിന്നീട് ജനിക്കുന്നത് സർപ്പമായിട്ടായിരിക്കും. ദേവനിന്ദ എന്ന അപരാധത്തിന് പ്രായശ്ചിത്തമില്ല.

ബ്രാഹ്മണരുടെയും ദേവൻമാരുടേയും സ്വത്ത് അപഹരിക്കുന്നവന് അറുപതിനായിരം വർഷം വിട് കുണ്ഡത്തിൽ കിടക്കേണ്ടതായി വരും. അവിടെ മലമാണവന്റെ ഭക്ഷണം. അവന്‍ വീണ്ടും ഭൂമിയിൽ ജനിക്കുന്നത് വിട് കൃമിയായിട്ടായിരിക്കും. അവിടെയും അത്ര കാലം കഴിയണം.

അന്യന്റെ തടാകത്തെ നന്നാക്കി സ്വന്തമാക്കിയെടുക്കുന്നവനും അതിൽ മൂത്രമൊഴിക്കുന്നവനും മൂത്ര കുണ്ഡത്തിലാണ് വീഴുക. തടാകത്തിലെത്ര രേണക്കളുണ്ടോ അത്ര കാലം അവൻ മൂത്രം കുടിച്ചു കഴിയണം. പിന്നെയൊരു നൂറാണ്ടു് ഭൂമിയിൽ കാളയായി കഴിയണം.

മധുരഭക്ഷണം മറ്റാർക്കും കൊടുക്കാതെ കഴിക്കുന്നവൻ ശ്ലേഷ്മ കുണ്ഡത്തിലാണ് വീഴുക .അവിടെ കഫമാണ് ഭക്ഷണം. ഒരു നൂറ്റാണ്ട് കാലം അവന്‍ അവിടെയങ്ങിനെ കഴിയണം. പിന്നീട് ഒരു നൂറ്റാണ്ടു് ഭാരതത്തിൽ പ്രേതമായി കഴിയണം. ശ്ലേഷ്മമൂത്രാദികൾ ഭക്ഷിച്ചാണ് അവന്‍  ഒടുവിൽ ശുദ്ധനാകേണ്ടത്.

മാതാപിതാക്കളെയും പത്നി, പുത്രൻമാർ, പുത്രിമാർ, ഗുരുക്കന്മാർ, അനാഥർ, എന്നിവരെ വേണ്ടപോലെ നോക്കാത്തവർ ഗരകുണ്ഡത്തിൽ പതിക്കും. വിഷവും കഴിച്ച് ഒരു നൂറ്റാണ്ടു് കഴിയുമ്പോൾ അവന്റെ ജന്മം പ്രേതയോനിയിൽ ആയിരിക്കും. അങ്ങിനെ നൂറു കൊല്ലം കഴിയുമ്പോൾ അവൻ ശുദ്ധീകരിക്കപ്പെടും.

അതിഥിയെ ക്രുദ്ധഭാവത്തിൽ നോക്കുന്നവൻ തർപ്പണം ചെയ്യുന്ന ജലം പിതൃക്കൾ സ്വീകരിക്കുകയില്ല. അവൻ ഈ ജീവിതത്തിൽത്തന്നെ ബ്രഹ്മഹത്യാദി പാപങ്ങൾ ചെയ്ത് അതിന്റെ ഫലങ്ങൾ അനുഭവിച്ച് ഒടുവിൽ ദൂഷികാ കുണ്ഡത്തിൽ പതിക്കും. അവിടെ കണ്ണിൽ പീളയാണ് ഭക്ഷണം. നൂറാണ്ട് അവിടെയും പിന്നെയൊരു നൂറ്റാണ്ടു് കാലം ഭൂതയോനിയിലും അവൻ കഴിയേണ്ടിവരും.

ബ്രാഹ്മണന് ഒരിക്കൽ ദാനം ചെയ്ത വസ്തു മറ്റൊരാൾക്ക് വീണ്ടും ദാനമായി നൽകുന്നവൻ വസാകുണ്ഡത്തിൽ നൂറു കൊല്ലം കഴിയണം. പിന്നെ ഭാരതത്തിൽ ഏഴു ജന്മം ഓന്തായി ജീവിക്കണം. അവിടെ ദരിദ്രനും ക്രൂരനും അൽപ്പായുസ്സും ആയി വേണം അവൻ കഴിയാൻ.

ആണൊരാൾ പെണ്ണിനെക്കൊണ്ടും അതുപോലെ തിരിച്ചും ശുക്ളം കുടിക്കാൻ നിർബ്ബന്ധിച്ചാൽ അവർ ശുക്ള കുണ്ഡത്തിൽത്തന്നെയാണ് വീഴുക. അവിടെയതുതന്നെ ഭക്ഷണമാക്കി നൂറുകൊല്ലവും അതു കഴിഞ്ഞ് കൃമിയായി നൂറു കൊല്ലവും കഴിഞ്ഞേ അവർ ശുദ്ധരാവൂ.

ഗുരുവിനെയോ ബ്രാഹ്മണനെയോ തല്ലി ചോര വീഴ്ത്തുന്നവൻ രക്തകുണ്ഡത്തിൽ ഒരു നൂറ്റാണ്ട് രക്തപാനം ചെയ്ത് കഴിഞ്ഞുകൂടും. പിന്നീട് ഏഴു ജന്മം വ്യാഘ്രമായി ജീവിച്ചാലേ അവൻ ശുദ്ധനാവൂ.

ഗദ്ഗദകണ്ഠനായി കൃഷ്ണഗാനം പാടുന്നവനെക്കണ്ട് പുച്ഛിക്കുന്ന കശ്മലൻ കണ്ണീരു കുടിച്ച് ഒരു നൂറ്റാണ്ട് കാലം കണ്ണീർ കുണ്ഡത്തിൽ കഴിയും. പിന്നീട് മൂന്നു ജന്മം ചണ്ഡാല ജന്മം നയിച്ച് അവന് ശുദ്ധനാവാം.

ബന്ധുമിത്രാദികളോട് സ്ഥിരമായി വഴക്കിട്ടു ജീവിക്കുന്നവൻ ഗാത്രമലകുണ്ഡത്തിൽ എത്തിച്ചേരും. അവിടെ നൂറ് വർഷം കഴിഞ്ഞ് മൂന്നുജന്മം കഴുതയായും മൂന്നു ജന്മം കുറുക്കനായും ജീവിച്ച് അവനും ശുദ്ധനാവാം.

ചെവി കേൾക്കാത്തവനെ കളിയാക്കി ചിരിക്കുന്നവൻ മരിച്ചാൽ വീഴുന്നത് ചെവിക്കായം നിറഞ്ഞ നരക കുണ്ഡത്തിലാണ്. അവിടെ കർണ്ണമലമാണ് ഭക്ഷണം. ദരിദ്രനായും പൊട്ടനായും അംഗഹീനനായും ഏഴേഴു ജന്മങ്ങൾ അവൻ ജീവിച്ച് ശുദ്ധിയാർജ്ജിക്കണം.

സ്വന്തം വയർ നിറയ്ക്കാൻ അന്യജീവികളെ കൊന്നു തിന്നുന്നവൻ മജ്ജയും തിന്ന് മജ്ജാ കുണ്ഡത്തിൽ ഒരു ലക്ഷം വർഷം കിടക്കണം. അവൻ എഴുജന്മം വീതം മുയലായും മീനായും പിന്നെ മൂന്നു ജന്മം പന്നിയായും ഏഴു ജന്മം വീതം കോഴിയായും മാനായും ജീവിച്ച ശേഷം ശുദ്ധതയാർജിക്കണം.

സ്വന്തം മകളെ വളർത്തി വലുതാക്കി വിൽക്കുന്നവൻ ആ മകൾക്ക് എത്ര ദേഹരോമങ്ങളുന്നോ അത്ര കൊല്ലം മാംസകുണ്ഡ നിവാസിയാകും. യമകിങ്കരൻമാരുടെ അടിയും മാംസത്തിന്റെ ചൂടും കൊണ്ട് വാർന്നൊലിക്കുന്ന ചോര നക്കിത്തുടച്ച് ദാഹമടക്കി അവനവിടെ കഴിഞ്ഞുകൂടും. പിന്നീട് ഭൂമിയിൽ കന്യാമലത്തിലെ കൃമിയായി അറുപതിനായിരം വർഷം കഴിയണം. പിന്നീട് ഏഴു ജന്മം വ്യാധനായാണ് ജീവിക്കേണ്ടത്. തുടർന്ന് മൂന്നു ജന്മം പന്നി, ഏഴു ജന്മം കോഴി, ഏഴു ജന്മം തവള, ഏഴുജന്മം അട്ട , ഏഴു ജന്മം കാക്ക എന്നിവയായി പിറക്കണം .

വ്രതോപാസ ദിനങ്ങളിൽ ക്ഷൗരം ചെയ്യിപ്പിക്കുന്നവൻ എല്ലാ കർമ്മങ്ങൾക്കും അശുദ്ധനാണ്. ഒരു ദേവവർഷക്കാലം അവൻ നഖങ്ങൾ തിന്നുകൊണ്ട് യമകിങ്കരൻമാരുടെ താഡനമേറ്റ് കഴിയണം.

മുടി ചൂടിയ മൺപ്രതിമയെ പൂജിക്കുന്നവൻ ആ പ്രതിമയിലെ മൺ തരികളുടെ എണ്ണമെത്രയോ അത്രയും കൊല്ലം കേശകുണ്ഡത്തിൽ കഴിയണം. പിന്നീടവൻ ഒരു യവനനായി ജനിക്കും. ഒടുവിലൊരു രാക്ഷസനായി നൂറ് വർഷം ജീവിച്ച് ശുദ്ധതയെ പുൽകും.

പുണ്യതീർത്ഥങ്ങളിൽ വച്ച് പിതൃശ്രാദ്ധം ചെയ്യാത്തവൻ അവന്റെ ദേഹ രോമം എത്രയുണ്ടോ അത്ര വർഷം കാലം അസ്ഥികുണ്ഡവാസിയാവും. പിന്നീട് ഏഴു ജന്മം മുടന്തനായി ജനിക്കണം. അങ്ങിനെ മഹാദാരിദ്യമനുഭവിച്ച് ജീവിച്ച് അവർ ശുദ്ധനാവും.

മൂഢതമൂലം ഗർഭിണിയായ ഭാര്യയെ ഭോഗിക്കുന്നവൻ പൊള്ളുന്ന താമ്രകുണ്ഡത്തിൽ നൂറു വർഷം കിടക്കും. ഭർത്തൃസന്താനങ്ങൾ ഇല്ലാത്ത സ്ത്രീകൾ നൽകുന്ന ഭക്ഷണം കഴിക്കുന്നവൻ ഒരു നൂറ്റാണ്ട് കാലം പൊള്ളുന്ന ലോഹ കുണ്ഡത്തിൽ വസിക്കണം. ഏഴേഴു ജന്മങ്ങൾ രജകനായും കാക്കയായും വ്രണിത ശരീരനായും ദരിദ്ര്യനായും ജനിച്ച് ജീവിച്ച് ശുദ്ധനാവും.

അശുദ്ധമായ കൈ കൊണ്ട് ദേവദ്രവ്യം തൊടുന്നവൻ ഒരു നൂറ്റാണ്ട് ചർമ്മ കുണ്ഡത്തിൽ കിടക്കണം. ശൂദ്രന്റെ ക്ഷണപ്രകാരം അവന്റെ അന്നം ഭുജിക്കുന്ന വിപ്രൻ ഒരു നൂറ്റാണ്ട് തപ്തസുരാകുണ്ഡത്തിൽ വാഴണം. പിന്നീടവൻ ഏഴു ജന്മം ശൂദ്ര പുരോഹിതനാവും. അങ്ങിനെ ശൂദ്ര ശുദ്ധാന്നം ഭുജിച്ച് അവൻ ശുദ്ധനാവും.

യജമാനനെതിരെ ക്രൂര വാക്കുകൾ പ്രയോഗിക്കുന്നവർ തീക്ഷ്ണകണ്ട കുണ്ഡത്തിൽ പതിക്കും. അവിടെ മുള്ളും തിന്ന് യമഭടന്മാരുടെ തല്ലും കൊണ്ട് കിടക്കണം. പിന്നെ ശുദ്ധനാവാൻ അവൻ ഏഴു ജന്മം കുതിരയായി കഴിയണം. വിഷം കൊടുത്ത് മറ്റുള്ളവരെ കൊല്ലുന്നവൻ ആയിരം കൊല്ലം വിഷകുണ്ഡത്തിൽ കഴിയണം. പിന്നെ നൂറ് ജന്മം അവൻ നരഘാതിയായും ശരീരം മുഴുവൻ വ്രണം നിറഞ്ഞവനായും ജീവിക്കണം. ഒടുവിൽ ഏഴു ജന്മം കുഷ്ഠരോഗിയായി ജീവിച്ച് അവനും ശുദ്ധനാവാം.

കാളയേയോ പശുവിനേയോ അടിക്കുന്നവർ അല്ലെങ്കിൽ ഭൃത്യരെക്കൊണ്ടു് തല്ലിക്കുന്നവർ തിളച്ച എണ്ണയിൽ നാലു യുഗം കിടക്കേണ്ടി വരും.പിന്നെ ആ ഗോക്കളുടെ രോമങ്ങളുടെ എണ്ണമെത്രയോ അത്ര ജന്മം അവർ കാളയായിത്തീരും.

ചുട്ടുപഴുത്ത കുന്തംകൊണ്ടു് ജീവികളെ ഉപദ്രവിച്ച് രസിക്കുന്നവർ പതിനായിരം കൊല്ലം കുന്തകുണ്ഡത്തിൽ കഴിയണം. പിന്നീടുള്ള ജന്മം അവൻ ഉദരരോഗത്താൽ വലയുമെങ്കിലും പിന്നീട് ശുദ്ധനായിത്തീരും.

മാംസത്തിലുളള കൊതി കൊണ്ട് യജ്ഞബാഹ്യമായ മാംസം ഭുജിക്കുന്ന ബ്രാഹ്മണൻ അത് ഭഗവാന് നിവേദിക്കാതെയാണ് ആഹരിക്കുന്നതെങ്കിൽ അവൻ തന്റെ രോമങ്ങളുടെയത്ര കൊല്ലം കൃമികുണ്ഡത്തിൽ വസിക്കും. പിന്നീടവൻമൂന്നു ജന്മം മ്ലേച്ഛനായി ജനിക്കും. പിന്നെ വിപ്രനായി ജനിച്ച് ശുദ്ധനാവും.

ശൂദ്രന്റെ പുരോഹിതനായ ബ്രാഹ്മണർ, ശൂദ്രന്റെ അന്നം ഭുജിക്കുന്ന ബ്രാഹ്മണർ, അവരുടെ പ്രേതം ചുടുന്ന അന്തണർ എന്നിവരെല്ലാം പൂയ കുണ്ഡത്തിൽ വീഴുമെന്നു നിശ്ചയം. അവിടെ യമഭടൻമാരുടെ തല്ലും കൊണ്ട് ചലം ഭക്ഷിച്ച് രോമസംഖ്യയുടെയത്ര വർഷം കാലം കഴിഞ്ഞ് പിന്നെ, ഏഴു ജന്മം ശൂദ്രയോനിയിൽ പിറന്ന്, രോഗപീഢയും ദാരിദ്ര്യവും ബധിരതയും അനുഭവിച്ച് ശുദ്ധനാവും.

കൃഷ്ണ സർപ്പത്തെയും ശിരസ്സിൽ പത്മഛിന്നമുള്ള സർപ്പത്തെയും മറ്റും കൊല്ലുന്നവൻ അവന്‍റെ രോമസംഖ്യയുടെയത്രവർഷം സർപ്പകുണ്ഡത്തിൽ കഴിയണം. സർപ്പദംശനവും യമഭടൻമാരുടെ തല്ലും കിട്ടി വലഞ്ഞ് സർപ്പമലം തിന്ന് ജീവിച്ച് അവൻ ജന്മമെടുക്കുന്നത് സർപ്പമായിട്ടാണ്. പിന്നെ മനുഷ്യ ജന്മത്തിൽ അല്പായുസ്സും മഹാരോഗിയുമായി കുഷ്ഠം പിടിച്ച് പാമ്പുകടിച്ച് മരിക്കും.

ദൈവേച്ഛപോലെ ജീവിക്കുന്ന ക്ഷുദ്രജീവികളെ കൊല്ലുന്നവൻ താൻ കൊന്ന കൃമികീടങ്ങളുടെ എണ്ണമെത്രയോ അത്ര കാലം സദംശമശകകുണ്ഡത്തിൽ കൊതുകുകടിയും ഭടൻമാരുടെ അടിയും കൊണ്ട് വലഞ്ഞ് ഒടുവിൽ ക്ഷുദ്രജന്തുവായി പിറവിയെടുക്കും. പിന്നീട് മനുഷ്യ ജന്മമെടുക്കുമ്പോൾ അവന്‍ യവനനും മ്ലേച്ഛനും അംഗഹീനനും മറ്റും ആയി ജീവിച്ച് ഒടുവില്‍ ശുദ്ധനാകും.

തേനീച്ചയെ കൊന്ന് തേൻ കുടിക്കുന്നവൻ ആ ഈച്ചകളുടെ എണ്ണമെത്രയോ അത്ര വർഷം വിഷകുണ്ഡത്തിൽ കഴിയും. കടുന്നൽക്കത്തും യമഭടൻമാരുടെ തല്ലും വാങ്ങി വിഷപാനം ചെയ്തു വേണം ആ നരകവാസം അനുഭവിക്കാൻ. പിന്നെയവസാനം ഒരു ഈച്ചയുടെ ജന്മമെടുത്ത് അവനും ശുദ്ധതയാർജ്ജിക്കും.

നിരപരാധിയേയും ബ്രാഹ്മണനേയും ദണ്ഡിക്കുന്നവൻ വജ്രദംഷ്ട്രകീടകുണ്ഡത്തിൽ നിപതിക്കും. അവിടെയവന്റെ രോമസംഖ്യയെത്രയോ അത്ര വർഷങ്ങൾ അടി കൊണ്ടും കൃമി പീഢയേറ്റും ഹാ ഹാ എന്നു കരഞ്ഞുകൊണ്ട് കഴിയണം. ഏഴേഴു ജന്മങ്ങൾ പന്നിയായും കാക്കയായും ജീവിച്ച് ഒടുവിൽ മർത്യ ജന്മമെടുത്ത് അവൻ ശുദ്ധനാവും.

ദ്രവ്യ ലോഭിയായി പ്രജകളെ ദണ്ഡിപ്പിക്കുന്ന നൃപൻ അവന്റെ രോമസംഖ്യാ കാലം തേളുകൾ നിറഞ്ഞ കുഴിയിൽ പതിക്കും. പിന്നീട് ഏഴു ജന്മം തേളും മറ്റുമായി ജനിച്ച് ഒടുവിൽ മുഷ്യജന്മമെടുക്കും. ആ ജന്മത്തിൽ അംഗഹീനനും രോഗഗ്രസ്ഥനുമായി കഷ്ടപ്പെട്ട് ജീവിച്ച് അയാൾക്ക് ശുദ്ധനാവാം.

അമ്പും വില്ലുമേന്തുന്നവനും, അന്യരുടെ തുണിയലക്കുന്നവനും സന്ധ്യാവന്ദനം ചെയ്യാത്തവനും ഹരിഭക്തിയില്ലാത്തവനും ആയ ബ്രാഹ്മണൻ രോമസംഖ്യാവർഷത്തോളം ശരാദികുണ്ഡങ്ങളിൽ വസിക്കും. അമ്പിന്റെ മുറിവേറ്റ് ചോര വാർന്ന് അവനും ശുദ്ധനാവും.

സ്വന്തം ദോഷം കാണാതെ മദം കൊണ്ട് നിർദ്ദോഷികളെ കൽത്തുറുങ്കിൽ അടയ്ക്കുന്നവന് ഗോളകുണ്ഡത്തിൽ കിടക്കേണ്ടി വരും. അവിടെ തിളച്ച വെള്ളവും ചെളിയും നിറഞ്ഞ കിണറ്റില്‍ കൂർത്ത പല്ലുള്ള കീടങ്ങളുമുണ്ട്. ഇരുട്ടു നിറഞ്ഞ ആ കൂപത്തില്‍ പീഡിപ്പിക്കപ്പെട്ടവന്റെ രോമസംഖ്യാ വർഷം കിടന്ന് ഒടുവിലവന്റെ ഭൃത്യനായി പിറന്ന് ശുദ്ധനാവാം.

ചീങ്കണ്ണിയെയും മറ്റും കൊല്ലുന്നവൻ ആ നക്രത്തിന്റെ മുള്ളിന്റെയത്ര വർഷം നക്രകുണ്ഡത്തിൽ വസിച്ചേ തീരൂ. പിന്നീടുള്ള ജന്മം ഒരു നക്രം തന്നെയായിട്ടാണ്. ആ ജന്മത്തിൽ വളരെയധികം താഡനങ്ങൾ കിട്ടി അവനും ശുദ്ധനാവും.

പുണ്യക്ഷേത്രമായ ഭാരതത്തിൽ പരസ്ത്രീകളുടെ മാറും കടിതടവും മുഖവും കാമത്തോടെ വീക്ഷിക്കുന്നവർ കാകതുണ്ഡത്തിലാണ് ചെന്നെത്തുക. അവിടെയവരുടെ കണ്ണുകൾ കൊത്തിക്കീറാൻ ഭീകരൻമാരായ കാക്കകൾ ഉണ്ടു്. രോമസംഖ്യാവർഷങ്ങൾ അവിടെക്കഴിഞ്ഞ് പിന്നീടുള്ള മൂന്നു ജന്മങ്ങൾ തീയിൽ വെന്തുമരിച്ചാലേ അവന് ശുദ്ധനാവാൻ കഴിയൂ.

ദേവൻമാരുടെയും ബ്രാഹ്മണരുടേയും സ്വർണ്ണം കവരുന്നവർ രോമസംഖ്യാ വർഷത്തോളം മന്ഥാനകുണ്ഡത്തിൽ വസിക്കണം. യമഭടൻമാരുടെ താഡനമേറ്റ് അവർ മാന്തിപ്പൊളിക്കയാൽ കണ്ണിനു കാഴ്ച നഷ്ടമായി, മലം ഭക്ഷിച്ച് അവിടെ കഴിച്ചുകൂട്ടും. പിന്നീടുള്ള ജന്മത്തിലവൻ അന്ധനായിരിക്കും. ഏഴു ജന്മം നിർദ്ധനനും ക്രൂരനും പാതകിയും ആയിക്കഴിഞ്ഞ് ഒടുവിൽ സ്വർണ്ണപ്പണിക്കാരും വ്യാപാരിയും ആവും.

ചെമ്പോ മറ്റ് ലോഹങ്ങളോ മോഷ്ടിക്കുന്നവൻ രോമസംഖ്യാബ്ദം ബീജകുണ്ഡത്തിൽ വസിക്കണം. അവിടെ ബീജമലമാഹരിച്ച് യമഭടൻമാരുടെ തല്ലേറ്റ് വലഞ്ഞ് കാഴ്ച നഷ്ടപ്പെട്ട് ജീവിക്കുന്നതായാൽ അവനൊടുവിൽ ശുദ്ധതയാർജിക്കാം.

ദേവവിഗ്രഹങ്ങളോ ദേവദ്രവ്യങ്ങളോ മോഷ്ടിക്കുന്നവർ വജ്രകുണ്ഡത്തിൽ രോമസംഖ്യാബ്ദം അടിയേറ്റും വിശന്നുവലഞ്ഞും കരഞ്ഞും വസിക്കണം. അങ്ങിനെ മാത്രമേ അവൻ ശുദ്ധനാവൂ. ദേവൻമാരുടേയോ ബ്രാഹ്മണരുടേയോ വെള്ളി, ഗവ്യങ്ങൾ, വസ്ത്രങ്ങൾ, എന്നിവ മോഷ്ടിക്കുന്നവൻ സ്വരോമസംഖ്യാബ്ദം തപ്തപാഷാണകുണ്ഡത്തിൽ കഴിഞ്ഞിട്ട് പിന്നീട് മുമ്മൂന്നു ജന്മം വെള്ളാമയായും കുഷ്ഠരോഗിയായും ഒരു ജന്മം പാണ്ഡു രോഗബാധിതനായും ഒരു ജന്മം വെളുത്ത പക്ഷിയായും ഒടുവിൽ രക്തശൂലവ്യാധിതനായും ജീവിക്കും. അവസാനത്തെ ഏഴു ജന്മം അൽപ്പായുസ്സായി ജീവിച്ച് അവനും ശുദ്ധനാവും.

ദേവൻമാരുടേയോ ബ്രാഹ്മണരുടേയോ പിത്തള പാത്രവും ഓട്ടുപാത്രവും മോഷ്ടിക്കുന്നവൻ തീക്ഷ്ണ പാഷാണ കുണ്ഡത്തിൽ രോമതുല്യാബ്ദം വസിക്കണം. ഏഴു ജമങ്ങൾ കുതിരയായും പിന്നീട് അണ്ഡവൃദ്ധ്യാദി രോഗവും പാദരോഗവും ബാധിച്ചു ജീവിച്ചു കഴിഞ്ഞ് വീണ്ടും ശുദ്ധനാവും. വേശ്യ വിളമ്പുന്ന അന്നമുണ്ണുന്നവനും  വേശ്യയുടെ വരുമാനം കൊണ്ട് ജീവിക്കുന്നവനും സ്വരോമതുല്യം വർഷം ലാലാകുണ്ഡ നരകത്തിൽ കഴിയണം. യമഭടൻമാരുടെ താഡനം ഏറ്റുവാങ്ങണം. അവിടെ വായ്നീരു മാത്രമാണ് ഭക്ഷണം. ഒടുവിൽ നേത്രശൂലം മുതലായ രോഗം പിടിപെട്ട രോഗിയായി ഒരു ജന്മം കൂടി കഴിച്ചുകൂട്ടിയാൽ അവനും ശുദ്ധനാകാം.

ഭാരതത്തിൽ മഷി നോട്ടക്കാരനേയും മ്ലേച്ഛരേയും സേവിക്കുന്ന ബ്രാഹ്മണർ മഷികുണ്ഡത്തിലാണ് എത്തിച്ചേരുക . അവിടെ സ്വരോമസംഖ്യാബ്ദം മഷി കുടിച്ചും അടി കൊണ്ടും കഴിഞ്ഞ് അടുത്ത മുമ്മൂന്നു ജന്മങ്ങൾ കറുത്ത പശുവായും ആടായും കരിമ്പനയായും ജനിക്കും. അങ്ങിനെയവൻ ശുദ്ധനാവും.

ദേവ - ബ്രാഹ്മണ ജനങ്ങളുടെ ധാന്യം, സസ്യം, താംബൂലം, ആസനം, കിടക്ക എന്നിവകൾ മോഷ്ടിക്കുന്നവൻ ചെന്നെത്തുന്ന നരകമാണ് ചൂർണ്ണകുണ്ഡം. നൂറു വർഷം അവിടെ യമ ഭടന്മാരുടെ അടിയും തല്ലും കൊണ്ട് കിടക്കണം. പിന്നീട് ആടിന്റെ ജന്മമാണ്. പിന്നെ മൂന്നു ജന്മം കോഴി, കുരങ്ങ് എന്നീ ജന്മങ്ങളും താണ്ടി ഒടുവിൽ മനുഷ്യജന്മമാകുമ്പോൾ കാസരോഗിയായ ഒരൽപായുസ്സായിട്ടായിരിക്കും. അവന് പുത്രനുമുണ്ടാകില്ല. എങ്കിലുമൊടുവിൽ അവൻ ശുദ്ധനാവും.

ബ്രഹ്മസ്വം അപഹരിച്ച് ചക്രപൂജയും മറ്റും നടത്തുന്നവൻ യമഭടൻമാരുടെ തല്ലും കൊണ്ട് നൂറു വർഷം ചക്രകുണ്ഡത്തിൽ വസിക്കും. പിന്നീടുള്ള ഈ ജന്മം അവർ എണ്ണയാട്ടുന്നവനായിരിക്കും. അപ്പോളവൻ വന്ധ്യനും മഹാരോഗിയുമായിരിക്കും. വിപ്രൻമാരുടെ പശുക്കളെ കക്കാനായി തക്കം പാർത്ത് കാത്തിരിക്കുന്നവൻ മുമ്മൂന്ന് ജന്മങ്ങൾ വീതം കഴുകൻ, പന്നി, പൂച്ച, മയിൽ എന്നിവയായും ജനിച്ച് പിന്നീട് ഏഴു ജന്മം വികലാംഗനായും ദരിദ്രനായും വന്ധ്യനായും വിഭാര്യനായും ജീവിച്ച് ശുദ്ധനാകും.

നിഷിദ്ധമാംസമായ ആമയെ ഭക്ഷണമാക്കുന്ന ബ്രാഹ്മണൻ കൂർമ്മകുണ്ഡത്തിൽ നൂറു വർഷം വസിക്കണം. ആമകൾ അവനെ കൊത്തിക്കീറുന്നതും സഹിച്ച ശേഷം ഉള്ള ജന്മങ്ങൾ ഇപ്രകാരമാണ്. മൂന്നു ജന്മം കൂർമ്മം, മൂന്നു ജന്മം പന്നി, മൂന്നു ജന്മം പൂച്ച, ഒരു ജന്മം മയിൽ.

ബ്രഹ്മസ്വമായ നെയ്യും എണ്ണയും അപഹരിക്കുന്നവൻ ജ്വാലാകുണ്ഡത്തിലും ഭസ്മകുണ്ഡത്തിലും നിപതിക്കും. അവിടെ എണ്ണയിലിട്ടു വറുത്ത് നൂറു വർഷങ്ങൾ അവൻ പീഡിപ്പിക്കപ്പെടും. അതു കഴിഞ്ഞാൽ ഏഴേഴു ജന്മങ്ങൾ മത്സ്യം, എലി എന്നിവയായ ശേഷം ശുദ്ധതയെ പ്രാപിക്കാം.

ദേവബ്രാഹ്മണാദികളുടെ സുഗന്ധതൈലം, നെല്ലിക്കാപ്പൊടി, എന്നിവയെല്ലാം കട്ടുകൊണ്ടു പോകുന്നവൻ ദഗ്ദ്ധകുണ്ഡത്തിൽ സ്വരോമസംഖ്യാബ്ദം കാലത്തോളം ദഹിച്ചു കഴിയും. പിന്നെ അവനിൽ ദുർഗന്ധം നിറഞ്ഞു നിൽക്കും. ഏഴു ജന്മമാ ദുർഗന്ധം തുടരും. പിന്നെയുള്ള മൂന്നു ജന്മം കസ്തൂരി മാനായും പിന്നെ ഏഴു ജന്മം പൂമെരുകായും ജീവിച്ച് ഒടുവിൽ മനുഷ്യ ജന്മമെടുക്കും.

ഈ ഭാരത വർഷത്തിൽ ബലം പ്രയോഗിച്ച് അല്ലെങ്കിൽ ചതിപ്രയോഗത്തിൽ പൈതൃക ഭൂമികൾ തട്ടിയെടുക്കുന്നവനെ തപ്ത സൂചീകുണ്ഡത്തിൽ വീഴ്ത്തി യമഭടൻമാർ പീഡിപ്പിക്കും. എണ്ണയിലിട്ടു വറക്കുന്നത്ര തീവ്രമായ എരിപൊരിസഞ്ചാരം അവനെ സദാ ബാധിക്കും. അവൻ ഭസ്മമാകാതെയും നശിക്കാതെയും  ഏഴു മന്വന്തരക്കാലം വെന്തു നീറിക്കഴിയും. യമഭടൻമാരുടെ തല്ലുകൊണ്ട് അയ്യോ എന്ന് നിലവിളിച്ചവർ കരയും. ആ പീഡനകാലം കഴിഞ്ഞാൽ പിന്നെ അറുപതിനായിരം കൊല്ലം മലത്തിൽ കൃമിയായുള്ള വാസവും അവനുള്ളതത്രേ. ഒടുവിൽ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച് ശുഭകർമ്മങ്ങൾ ചെയ്ത് അവന്‍ ശുദ്ധിയാർജിക്കും.

No comments:

Post a Comment