Devi

Devi

Tuesday, May 9, 2017

ദിവസം 252. ശ്രീമദ്‌ ദേവീഭാഗവതം 9-30. കർമ്മവിപാകം

ദിവസം 252.  ശ്രീമദ്‌ ദേവീഭാഗവതം 9-30.  കർമ്മവിപാകം

പ്രയാന്തി സ്വർഗ്ഗമന്യം ച യേനൈവ കർമ്മണാ യമ
മാനവാ: പുണ്യവന്തശ്ച തന്മേ വ്യാഖ്യാതുമർഹസി
അന്നദാനം ച വിപ്രായ യ: കരോതി ച ഭാരതേ
അന്നപ്രമാണവർഷം ച ശിവലോകേ മഹീയതേ

സാവിത്രി ചോദിച്ചു: "ധർമ്മരാജാവേ പുണ്യം ചെയ്ത മനുഷ്യർ സ്വർഗ്ഗാദി ലോകങ്ങളിലേക്ക് പോകുന്നു എന്നു പറഞ്ഞുവല്ലോ. ഏതെല്ലാം തരത്തിലുള്ള കർമ്മങ്ങൾ മൂലമാണ്  നിയതി അവരെ അവിടേയ്ക്ക്  കൊണ്ടുപോവുന്നത്?"

ധർമ്മരാജാവ് പറഞ്ഞു: ഭാരതത്തിൽ ബ്രാഹ്മണർക്കായി അന്നദാനം നടത്തുന്നത് പുണ്യപ്രദമാണ്. അങ്ങിനെയുള്ള ദാനശീലര്‍ക്ക് അവര്‍ കൊടുത്ത അന്നത്തിന്‍റെ സംഖ്യയെത്രയോ അത്ര കൊല്ലം ശിവലോകവാസം ലഭിക്കും. മഹാദാനമായ അന്നദാനം മറ്റുള്ളവർക്കായി ചെയ്യുന്നതും ഒരുവനെ ശിവലോകത്ത് പൂജാർഹനാക്കും. അന്നദാനത്തേക്കാൾ മറ്റൊരു ദാനവും മഹത്തരമല്ല. അതിനു കാലവും പാത്രവും നോക്കേണ്ടതില്ല.

ദേവൻമാർക്കും ബ്രാഹ്മണർക്കും ആസനം ദാനം ചെയ്യുന്നവർ പതിനായിരം കൊല്ലം വിഷ്ണുലോകത്ത് പൂജിതനാകും. നല്ലൊരു കറവപ്പശുവിനെ ബ്രാഹ്മണർക്ക് ദാനം ചെയ്യുന്നവർക്ക് ആ പശുവിന്റെ രോമങ്ങളുടെയത്ര വർഷം വിഷ്ണുലോകത്ത് വസിക്കാം. ഈ ദാനം പുണ്യദിനത്തിൽ നടത്തിയാൽ ഫലം നാലിരട്ടിയാണ്. അത് പുണ്യതീർത്ഥങ്ങളിൽ വെച്ചാണെങ്കിൽ നൂറിരട്ടിഫലമാണ്. വിഷ്ണു ക്ഷേത്രത്തിലാണെങ്കിൽ അതിന് ഒരു കോടി മടങ്ങ് ഗുണമാണ് പറയുന്നത്.

ബ്രാഹ്മണന് ഗോദാനം ചെയ്യുന്നത് കൊണ്ടു് പതിനായിരം വർഷം ചന്ദ്രലോകത്ത്  വാസമുറപ്പിക്കാം. ഒരു പാല്‍ക്കറവയുള്ള എരുമയെ ദാനം ചെയ്താൽ അതിന്റെ രോമങ്ങൾ എത്രയോ അത്രയും കൊല്ലം വിഷ്ണുലോകത്ത് അവന്‍ പൂജിതനാവും. നല്ലൊരു വെൺകൊറ്റക്കുട ബ്രാഹ്മണന് ദാനമായി നൽകുന്നവൻ പതിനായിരം വർഷം വരുണലോകത്ത് പൂജിതനാവും. അംഗവൈകല്യമുള്ളവര്‍ക്ക് ഇണപ്പുടവകൾ ദാനം ചെയ്യുന്നത് കൊണ്ടു് പതിനായിരം കൊല്ലം വായുലോകത്ത് സംപൂജ്യനായി ജീവിക്കാം. വസ്ത്രത്തോടു കൂടി സാളഗ്രാമം ദാനം ചെയ്യുന്നവൻ ആദിത്യചന്ദ്രൻമാർ ഉള്ള കാലത്തോളം വിഷ്ണുലോകത്ത് പൂജിതനാവും. അതുപോലെ തന്നെ വിപ്രന് നല്ലൊരു കിടക്കയും കട്ടിലും ദാനം ചെയ്യുന്നവൻ സൂര്യചന്ദ്രൻമാർ ഉള്ള കാലത്തോളം ചന്ദ്രലോകത്ത് പൂജിതനായി വാഴും.

ദേവൻമാർക്കും ബ്രാഹ്മണർക്കും ദീപം ദാനം ചെയ്യുന്നവൻ ഒരു മന്വന്തരക്കാലം അഗ്നിലോകത്ത് വസിക്കും. ഭാരതത്തിൽ ബ്രാഹ്മണന് ഒരാനയെ ദാനം ചെയ്യുന്നതായാൽ അവന് ഇന്ദ്രലോകത്ത് ഇന്ദ്രനുമൊത്ത് അർദ്ധാസനത്തിൽ വിരാജിച്ച് ഇന്ദ്രായുസ്സോളം കഴിയാം. കുതിരയെയാണ് ദാനം ചെയ്യുന്നതെങ്കിൽ ഒരു മന്വന്തരക്കാലം വരുണലോകവാസം ഫലം. ഒരു പല്ലക്കുണ്ടാക്കി വിപ്രനു നൽകുന്നവന് പതിന്നാല് ഇന്ദ്രായുസ്സോളം വരുണലോകത്ത് വസിക്കാം.

നല്ലൊരു ഫലവൃക്ഷത്തോട്ടം ബ്രാഹ്മണനു ദാനം ചെയ്താൽ അവന് വായുലോകത്ത് ഒരു മന്വന്തരക്കാലം സുഖജീവിതം ഉറപ്പാക്കാം. ബ്രാഹ്മണന് ആലവട്ടവും വെഞ്ചാമരവും നൽകുന്നതുകൊണ്ട് ദാനി വായുലോകത്ത് പതിനായിരം കൊല്ലം വസിക്കാനിടയാവും. ബ്രാഹ്മണന് ധാന്യവും രത്നവും നല്കുന്നവൻ ചിരംജീവിയാവും. അങ്ങിനെ ദാനം നൽകിയവനും വാങ്ങിയവനും വൈകുണ്ഠം പൂകും. ചിരംജീവികൾ സദാ വിഷ്ണുനാമം ജപിക്കുന്നതിനാൽ മൃത്യു അവരെ തീണ്ടുകയില്ല.

ഭാരതവർഷത്തിൽ വെളുത്തവാവിന് ദോളോൽസവം നടത്തിക്കുന്നവൻ ജീവൻമുക്തനാവും. അവൻ ഇഹലോകസുഖങ്ങൾ ആസ്വദിച്ചശേഷം വൈകുണ്ഠത്തിൽ ഏറെക്കാലം കഴിയും. ഉത്സവം നടത്തുന്നത് ഉത്രം നാളിലാണെങ്കിൽ അതിന്‍റെ ഫലമിരട്ടിയാണ്. അവൻ കൽപാന്തകാലം ജീവിക്കുമെന്നാണ് ബ്രഹ്മാവ് പറഞ്ഞിട്ടുള്ളത്. ബ്രാഹ്മണന് എള്ള് ദാനം ചെയ്താൽ അവന്‍ ആ എള്ളിൻ മണികളുടെയത്ര കൊല്ലം ശിവലോകത്ത് വിരാജിക്കും. അവർ പിന്നീട് ഉന്നതകുലത്തിൽ ഭൂജാതനാവും. എള്ള് ദാനം ചെയ്യുന്നത് ചെമ്പു പാത്രത്തിലായാൽ അതിന്‍റെ ഫലമിരട്ടിയാണ്.

സുന്ദരിയും സുശീലയുമായ കന്യകയെ അണിയിച്ചൊരുക്കി വിപ്രന് നല്കുന്നതുകൊണ്ട്  ദാനിക്ക് ചന്ദ്രലോകവാസം കിട്ടും. അവിടെ അപ്സരകന്യകമാർ അയാളെ സേവിക്കും. അങ്ങിനെ പതിന്നാല് ഇന്ദ്രൻമാരുടെ ആയുസ്സിന്‍റെയത്ര കാലം അയാള്‍ സുഖിച്ചു വാഴും. അതു കഴിഞ്ഞ് ഗന്ധർവ്വലോകത്ത് ഉർവ്വശിയുമൊത്ത് പതിനായിരം വർഷം സുഖിക്കാം. പിന്നീട് ഭൂവാസമാവുമ്പോൾ അവന് സുന്ദരിയും സുഭഗയും പതിവ്രതയുമായ ഒരുത്തമപത്നിയെത്തന്നെ ലഭിക്കും.

വിപ്രന് പഴങ്ങൾ ദാനം ചെയ്യുന്നതായാൽ ആ പഴത്തിന്റെ എണ്ണമെത്രയോ അത്ര വർഷം ഇന്ദ്രലോകവാസം ലഭിക്കും. പിന്നീട് ഭൂമിയിൽ വന്നു പിറക്കുന്നത് ഉത്തമ കുടുംബങ്ങളിലായിരിക്കും. ഫലവൃക്ഷങ്ങൾ ആയിരം എണ്ണം ദാനം ചെയ്‌താലോ അല്ലെങ്കിൽ അവയിലെ ഫലങ്ങൾ ബ്രാഹ്മണർക്ക് നല്കിയാലോ സ്വർഗ്ഗവാസം കിട്ടും. അതുകഴിഞ്ഞ് ഭാരതവർഷത്തിൽ ധനികനായി, വലിയ ഒരു ഭൂവുടമയായി ജനിക്കും. ബ്രാഹ്മണനു വേണ്ടി ഒരു വലിയ ഗൃഹം നിർമ്മിച്ചു നല്കുന്നവൻ നൂറു മന്വന്തരക്കാലം സ്വർഗ്ഗസുഖമനുഭവിക്കും. അവന്റെ അടുത്ത ജന്മം ധനികഗൃഹത്തിലായിരിക്കും. ബ്രാഹ്മണന് ഫലഭൂയിഷ്ഠമായ ഭൂമി ദാനം ചെയ്യുന്നവനു വൈകുണ്ഠവാസവും അതുകഴിഞ്ഞു് പുനർജനിക്കുമ്പോൾ  വലിയ ഭൂവിസ്തൃതികൾക്കുടമയാവാനും സാധിക്കും. നൂറു ജന്മത്തിലും ആ ഭൂമി അവനു നഷ്ടമാവില്ല. അവൻ ഐശ്വര്യവാനായ ഒരു രാജാവായി ഭൂമിയെ ഭരിക്കും.

നല്ല പശുത്തൊഴുത്തോടു കൂടിയുള്ള ഒരു ഗ്രാമമാണ് വിപ്രന് നൽകുന്നതെങ്കിൽ അവന് ലക്ഷം മന്വന്തരക്കാലം വൈകുണ്ഠവാസം ലഭിക്കും. പിന്നീടു് ഭൂമിയിൽ പുനർജനിക്കുമ്പോൾ അവൻ ലക്ഷം ഗ്രാമങ്ങൾക്ക് അധിപനാവും. ലക്ഷം ജന്മങ്ങൾ കഴിഞ്ഞാലും അവന്റെ കയ്യിൽ നിന്നും ഭൂമി നഷ്ടപ്പെടുകയില്ല. വിളഞ്ഞ സസ്യങ്ങളും പൊയ്കകളും നിറഞ്ഞ ഐശ്വര്യസമ്പൂർണ്ണമായ ഒരു നഗരമാണ് ദാനം ചെയ്യുന്നത് എങ്കിൽ ദാനിക്ക് പത്തുലക്ഷം ഇന്ദ്രായുസ്സ് കാലം കൈലാസത്തിൽ വസിക്കാനാവും. ഭൂമിയിൽ തിരിച്ചെത്തുമ്പോൾ രാജപദവി അവനെ കാത്തിരിക്കും. എണ്ണമറ്റ നഗരങ്ങളെ അവൻ ഭരിക്കും.

കുളവും തടാകങ്ങളും വൃക്ഷസഞ്ചയങ്ങളും നിറഞ്ഞ ദേശവും നൂറുഗ്രാമങ്ങളും ദാനം ചെയ്യുന്നവന് ഒരു കോടി മന്വന്തരക്കാലം വൈകുണ്ഠവാസം ലഭിക്കും. പിന്നീടവന്‍ അഭിജാതമായൊരു കുടുംബത്തിൽ പിറന്ന് ഇന്ദ്രസമാനമായ ഐശ്വര്യത്തോടെ  ജംബൂദ്വീപിന്റെ അധിപനാവും. ഒരുവൻ അവന്റെ എല്ലാ അധികാരങ്ങളും ബ്രാഹ്മണനു ദാനം ചെയ്താൽ അതിന്റെ നാലിരട്ടി ഭോഗസൗഖ്യം തീർച്ചയായും അവനു ലഭിക്കും. തപസ്വിയായ വിപ്രന് ജംബുദ്വീപുതന്നെ ദാനമായി നല്കിയാൽ ഫലം നൂറിരട്ടിയാണ്.

ഇങ്ങിനെ അത്യുൽക്കഷ്ടമായ ദാനങ്ങൾ ചെയ്യുന്നവനു പോലും പുനർജന്മമുണ്ട്. എന്നാൽ ഒരു ദേവീഭക്തന് വീണ്ടും ജനിക്കേണ്ടതായില്ല. ഭുവനേശ്വരിയായ ദേവിയുടെ മണിദ്വീപിൽ നിവസിച്ചു കൊണ്ട് അനേകം ബ്രഹ്മപ്രളയങ്ങൾക്കവന്‍ സാക്ഷിയാവും. അങ്ങിനെയുള്ളവർ മർത്യദേഹം വെടിഞ്ഞ് ജന്മമൃത്യുജരാഹീനരായി ദിവ്യരൂപവിഭൂതികൾ അണിഞ്ഞ് ദേവിയുടെ സേവകരായി വർത്തിക്കുന്നു. ബ്രഹ്മാണ്ഡങ്ങൾ ഉണ്ടാകുന്നതും നശിക്കുന്നതും വിഭൂതി വിശേഷങ്ങളും വിശ്വവും സിദ്ധദേവാദികളേയും എന്നുവേണ്ട എല്ലാം മഹാപ്രളയത്തിനു വഴങ്ങുന്നതുപോലും അവർ കാണും. എന്നാൽ ഈ മാറ്റങ്ങൾ ദേവീഭക്തരെ ബാധിക്കയില്ല.

കാർത്തികമാസത്തിൽ വിഷ്ണുഭക്തർക്ക് തുളസിപ്പൂ ദാനമായി നല്കുന്നവന് വൈകുണ്ഠത്തിൽ മൂന്നുയുഗം ഹരിമന്ദിരത്തിൽ വാഴാനാവും. അതുകഴിഞ്ഞ് ഭൂമിയിൽ ജനിക്കുമ്പോൾ അയാള്‍ ഒരു സത്കുലത്തിൽ പിറന്ന് ഉത്തമ ഹരിഭക്തനായി, ഇന്ദ്രിയജിതനായി ഏറെക്കാലം ജീവിക്കും. സൂര്യോദയത്തിൽ ഗംഗാസ്നാനം ചെയ്യുന്ന ഭക്തന് അറുപതിനായിരം കൊല്ലം ശ്രീഹരിമന്ദിരത്തിൽ സുഖിച്ചു വാഴാനാവും. വീണ്ടും ഭൂമിയിൽ പിറന്ന് വിഷ്ണുമന്ത്രം കൈക്കൊണ്ട് ഒടുവിൽ വിഷ്ണുപദത്തിൽ അവന്‍ വിലയിക്കും. വിഷ്ണുവിന്റെ പാർഷദനായി മാറിയ അവന് ഇനിയൊരു ജന്മമെടുക്കേണ്ടതില്ല.

നിത്യവും രാവിലെ ഗംഗാസ്നാനം ചെയ്യുന്നവൻ സൂര്യനെപ്പോലെ പരിശുദ്ധനാവും. അവന്റെ ഓരോ കാൽവെപ്പും യാഗഫലത്തെ പ്രദാനം ചെയ്യുന്നു. അവന്റെ കാലടികൾ ഈ മണ്ണിനെ പവിത്രമാക്കും. ആചന്ദ്രാർക്കം വിഷ്ണു ലോകത്ത് വസിക്കാനും സുഖിക്കാനും അവനു കഴിയും. വീണ്ടും ഭൂമിയിൽ വന്നു പിറക്കുമ്പോൾ ഹരിഭക്തനും ജിതേന്ദ്രിയനുമായി, ഐശ്വര്യവാനും വിദ്യാസമ്പന്നനുമായിത്തീർന്ന് അവന്‍ മുക്തിപദമണയും.

സൂര്യൻ കത്തിജ്വലിക്കുന്ന മീനം മുതൽ കർക്കിടകം വരെയുള്ള കാലഘട്ടത്തിൽ സുഗന്ധപൂരിതമായ ജലം കുടിക്കാന്‍ നല്കുന്നവൻ പന്ത്രണ്ട് ഇന്ദ്രായുസ്സോളം കൈലാസത്തിൽ സസുഖം കഴിയും. പിന്നെയുള്ള അവന്‍റെ ജന്മം സുന്ദരനും ശിവഭക്തനുമായിട്ടായിരിക്കും. വേദത്തിലുള്ള അവഗാഹമായ അറിവും കീർത്തിയും അവനെ അലങ്കരിക്കും. വൈശാഖത്തിൽ ശർക്കര ചേർത്ത അരിമാവ് ദാനം കൊടുക്കുന്നവൻ അതിലെ അരി നുറുങ്ങിന്റെ എണ്ണമെത്രയോ അത്ര കൊല്ലം ശിവലോകത്ത് സുഖജീവിതം നയിക്കും.

ഭാരതത്തിൽ കൃഷ്ണജന്മാഷ്ടമീവ്രതം നോൽക്കുന്നതു കൊണ്ട്  ഒരുവന്‍റെ നൂറുജന്മങ്ങളിൽ ചെയ്ത പാപങ്ങൾ ഇല്ലാതാവും. പതിന്നാല് ഇന്ദ്രായുസ്സ് കാലം അവന് വൈകുണ്ഠവാസം ലഭിക്കും. പിന്നീടുള്ള അവന്റെ ജന്മം ഒരുത്തമകുലത്തിൽ കൃഷ്ണഭക്തനായിട്ടായിരിക്കും.  ഭാരതവർഷത്തിൽ ശിവരാത്രിവ്രതം നോൽക്കുന്ന പുണ്യവാൻ ഏഴുമന്വന്തരക്കാലം കൈലാസത്തിൽ സുഖിമാനായി വാഴും. ശിവരാത്രി ദിവസം പരമശിവനെ വില്വപത്രങ്ങൾ കൊണ്ടു് പൂജിക്കുന്നവൻ ആ ഇലകൾ എത്രയെണ്ണമുണ്ടോ അത്രയും വർഷങ്ങൾ ശിവലോകത്ത് വസിക്കും. പിന്നെ ശിവഭക്തനായി ജനിച്ച് വിദ്യാധനം, പുത്രധനം, ഭൂസ്വത്ത്, എന്നിവയ്ക്കെല്ലാം അവന്‍ അധിപനാവും.

കുംഭത്തിലോ മേടത്തിലോ വ്രതാനുഷ്ഠാനപൂർവ്വം ചൂരക്കോലുമെടുത്ത് ശിവനെ അർച്ചിച്ചു പൂജിക്കുന്നവൻ എത്രദിവസം ഈ സാധന ചെയ്യുന്നുവോ അത്ര യുഗങ്ങൾ ശിവലോകത്ത് വിരാജിക്കുന്നതാണ്.  ഭാരതവർഷത്തിൽ മുടങ്ങാതെ ശ്രീരാമനവമീ വ്രതം ആചരിക്കുന്നവൻ ഏഴുമന്വന്തരങ്ങൾ വിഷ്ണുലോകത്ത് സുഖിയായി വാഴും. അവന്‍റെ പിന്നീടുള്ള ജന്മം ഒരു സുയോനിയിലായിരിക്കും. അവൻ രാമഭക്തനും ധനികനും ജിതേന്ദ്രിയുമായിത്തീരും.

ശരത്കാലത്ത് വെളളാട്, പോത്ത്, വാൾപ്പുലി, ചുകന്നയാട്, എന്നീ മൃഗങ്ങളെ ബലി കൊടുത്ത് ധൂപനൈവേദ്യങ്ങൾ അർപ്പിച്ച് ഗീതങ്ങളും വാദ്യഘോഷങ്ങളും നൃത്തങ്ങളുമായി ദേവീപൂജകൾ നടത്തുന്നവന് ഏഴു മന്വന്തരക്കാലം ശിവലോകത്ത് വസിക്കാൻ കഴിയും. അവൻ പുനർജനിക്കുമ്പോൾ അതുല്യശ്രീയാർന്ന്  പുത്രപൗത്രന്മാരും അശ്വഗജാദി സമ്പത്തുക്കളുമായി രാജപദവിയിൽ വാഴുന്നതാണ്.

ഭാരതഭൂമിയിൽ വച്ച് ശുക്ളാഷ്ടമിതൊട്ടുള്ള പതിനഞ്ചുദിനങ്ങളിൽ ഷോഡശാചാര പൂജകളോടെ ദേവീപൂജ ചെയ്യുന്നവൻ പതിന്നാല് ഇന്ദ്രായുസ്സിന്റെയത്രകാലം ഗോലോകത്ത് വസിക്കും. പിന്നെ സുയോനീ ജാതനായി രാജപദവിയലങ്കരിക്കും. വൃശ്ചികപൂർണ്ണിമയ്ക്ക് നൂറ് ഗോപീഗോപൻമാരെ ബിംബത്തിലോ ശിലയിലോ ഉണ്ടാക്കി രാധാകൃഷ്ണൻമാര്‍ക്ക് ഷോഡശാചാരപൂജകൾ ചെയ്യുന്നവൻ ഒരു ബ്രഹ്മായുസ്സ് കാലം ഗോലോകത്ത് സുഖമായിക്കഴിയും. അതു കഴിഞ്ഞുള്ള ജന്മം ഭാരതത്തിൽ ഒരു കൃഷ്ണഭക്തനായിട്ടായിരിക്കും. കൃഷ്ണമന്ത്രവും ഭക്തിയും അവന്റെ ജീവിതത്തിനു ലക്ഷ്യമേകും. ഇഹലോകജീവിതം അവസാനിക്കുമ്പോൾ അവൻ ഗോലോകത്താണ് ചെന്നെത്തുക. അവിടെ കൃഷ്ണസാരൂപ്യം നേടി അവിടുത്തെ സ്ഥിരം പാർഷദനായിത്തീരും. അവന് വീണ്ടും ജനിക്കേണ്ടി വരികയില്ല.

കൃഷ്ണപക്ഷ ഏകാദശിയോ ശുക്ളപക്ഷ ഏകാദശിയോ നോൽക്കുന്നവൻ ഒരു ബ്രഹ്മായുസ്സോളം വൈകുണ്ഠത്തിൽ വാഴും. പിന്നീടവന്‍  ഭാരതത്തിൽ പുനർജനിച്ച് കൃഷ്ണഭക്തിയുറപ്പിക്കും. ഒടുവില്‍ ദേഹം വെടിയുമ്പോൾ ഗോലോകത്ത് എത്തി ഭഗവദ്പാർഷദരിൽ ഒരാളാവും. ഒരുവന്‍ കന്നിമാസത്തിലെ ശുക്ളദ്വാദശിയിൽ ഇന്ദ്രപൂജ നടത്തിയാൽ  അവന് അറുപതിനായിരം കൊല്ലം ഇന്ദ്രലോകത്ത് കഴിയാനാവും.

ഞായറാഴ്ചയും ശുക്ളപക്ഷസപ്തമിയിലും സംക്രാന്തി ദിനത്തിലും ആദിത്യപൂജ ചെയ്ത് ഹവിഷ്യാന്നം കഴികുന്നവർക്ക് പതിന്നാല് ഇന്ദ്രായുസ്സോളം ആദിത്യലോകത്ത് വാഴാം. പിന്നീട് ആരോഗ്യവും ഐശ്വര്യവും തികഞ്ഞ ഒരുവനായിട്ടാവും അവന്‍റെ ജനനം. ജ്യേഷ്ഠ കൃഷ്ണചതുർദ്ദശിയിൽ സാവിത്രിയെ പൂജിക്കുന്നവൻ ബ്രഹ്മലോകത്ത് ഏഴു മന്വന്തരങ്ങൾ സസുഖം വാഴും.  പിന്നെ ഭൂജാതനാവുമ്പോൾ ചിരംജീവിയും ജ്ഞാനിയും സമ്പന്നനും അതുല്യശക്തനുമായി ഭവിക്കും.

മാഘത്തിലെ ശുക്ളപഞ്ചമിദിനത്തിൽ വാണീദേവിയെ സർവ്വ ഉപചാരങ്ങളോടും കൂടി പൂജിക്കുന്ന പക്ഷം ഒരുവന് ബ്രഹ്മായുസ്സിന്‍റെ കാലത്തോളം മണിദ്വീപിൽ നിവസിക്കാൻ കഴിയും. പിന്നെ പുനർജനിക്കുന്നത് കവിയും പണ്ഡിതനും ആയിട്ടാവും. ബ്രാഹ്മണർക്കായി പശുവും സ്വർണ്ണവും മറ്റും സ്ഥിരമായി ദാനം ചെയ്യുന്നവൻ പശുരോമസംഖ്യയെത്രയോ അതിന്റെയിരട്ടി വർഷം വൈകുണ്ഠവാസിയാകും. ശ്രീഹരിയുമൊത്ത് വിഹരിക്കാനും അവന് അവസരം ലഭിക്കും. അടുത്ത ജന്മത്തിൽ അവൻ രാജാധിരാജനാവും. ഐശ്വര്യധനസമ്പത്തും പുത്രഭാഗ്യവും അവനുണ്ടാവും.

ഭാരതത്തിൽ ബ്രാഹ്മണർക്ക് മൃഷ്ടാന്നഭോജനം നൽകുന്നവൻ ആ വിപ്രന്മാർക്ക് എല്ലാം കൂടി എത്ര ദേഹരോമങ്ങളുണ്ടോ അത്രകാലം വൈകുണ്ഠത്തിൽ സുഖിമാനായി വാഴും. അവന്‍റെ പിന്നെയുള്ള ജന്മം ഭാരതത്തിൽ ധനികനും ചിരായുസ്സും ജ്ഞാനിയും പുത്രവാനുമായിട്ടായിരിക്കും. ഭാരതത്തിൽ ഹരിനാമം ഉച്ചരിക്കാൻ അത്യുൽസുകനായിരിക്കുന്നവൻ ജപിക്കുന്ന നാമസംഖ്യയക്കനുസരണം വിഷ്ണുലോകത്ത് പൂജിതനാവും. അത് വിഷ്ണുക്ഷേത്രത്തിൽ വച്ചായാൽ  കോടിഫലമാണ് ഉണ്ടാവുക. ഒരുകോടി നാമം വിഷ്ണു ക്ഷേത്രത്തിൽവച്ച് ജപിക്കുന്ന പക്ഷം സർവ്വപാപവിമുക്തനായ ആ ഭക്തൻ ജീവൻമുക്തനാവും. വൈകുണ്ഠത്തിൽ സ്ഥിരവാസമുറപ്പിച്ച ഭക്തന് പിന്നെ പുനർജന്മമില്ല. വിഷ്ണുസാരൂപ്യത്തോടെ അവന് സായൂജ്യവുമടയാം.

മണ്ണുകൊണ്ട് ദിനവും ശിവപ്രതിമയുണ്ടാക്കി പൂജിക്കുന്നവർ ശിവമന്ദിരയണയും. ആ പ്രതിമകളിലെ മൺതരികൾ എത്രയാണോ അത്രയും കൊല്ലം അവന് ശിവലോകത്ത് വാഴാം. പിന്നീടവൻ ഭാരതത്തിൽ രാജാവായി ജനിക്കും. നിത്യവും സാളഗ്രാമശിലയെ പൂജിച്ച് ആ തീർത്ഥം സേവിക്കുന്ന ഭക്തന് വൈകുണ്ഠത്തിൽ നൂറ് ബ്രഹ്മായുസ്സ് കാലത്തോളം കഴിയാം. വീണ്ടും ജനിക്കുമ്പോൾ അവനിൽ അചഞ്ചലമായ വിഷ്ണുഭക്തിയുണ്ടാവുകയും ഒടുവിൽ ഇനിയൊരു ജന്മമില്ലാത്ത അവസ്ഥയിൽ വിഷ്ണുലോകവാസിയായിത്തീരുകയും ചെയ്യും.

എല്ലാ വ്രതങ്ങളും തപസ്സുകളും മുടക്കമില്ലാതെ അനുഷ്ഠിക്കുന്നവൻ പതിന്നാല് ഇന്ദ്രായുസ്സ് കാലം വിഷ്ണുലോകത്ത് വസിക്കും. പിന്നീട് രാജരാജനായി ഭാരതത്തിൽ ജന്മമെടുത്ത് ഒടുവിൽ ജീവൻ മുക്തനാവും. അവനിനി ജന്മമില്ല. സർവ്വതീർത്ഥങ്ങളിലും മുങ്ങി ഭൂപ്രദക്ഷിണം ചെയ്ത് ഭാരതനാടു ചുറ്റുന്നവർ നിർവ്വാണപദത്തെ പുൽകുന്നു. അവനും ഇനി ജന്മമില്ല.

പുണ്യഭൂമിയായ ഭാരതത്തിൽ വച്ച് അശ്വമേധയാഗം നടത്തുന്നവൻ ആ കുതിരയ്ക്ക് എത്ര രോമങ്ങളുണ്ടോ അത്രയുംവർഷം ഇന്ദ്രനോടൊപ്പം സിംഹാസനം പങ്കിടും. അവന്‍ രാജസൂയം നടത്തിയാൽ മേല്‍പ്പറഞ്ഞതിന്റെ നാലിരട്ടിയാണ് ഫലം.

എന്നാല്‍ എല്ലാ യജ്ഞങ്ങളിലും വച്ച് ശ്രേഷ്ഠതമമായത് ദേവീയജ്ഞമത്രേ. അതിനു കിടനിൽക്കാൻ മറ്റൊന്നുമില്ല. മഹാനായ ദക്ഷനും ഈ യജ്ഞം ചെയ്യുകയുണ്ടായി. ആ യജ്ഞവേളയിലാണ് ദക്ഷനും ശങ്കരനും തമ്മിൽ കലഹമുണ്ടായത്. വിപ്രൻമാർ നന്ദിയെ ശപിച്ചു. നന്ദി അവർക്ക് മറുശാപം നൽകി. അങ്ങിനെ ശിവൻ ദക്ഷയാഗം മുടക്കിയെന്നാണ് ചരിതം. ദക്ഷൻ മാത്രമല്ലാ ധർമ്മനും, കശ്യപനും, ശേഷനും, കപിലനും, ധ്രുവനും, കർദ്ദമനും, പ്രിയവ്രതനും, മനുവും, ശിവനും, സനൽക്കുമാരനും, ഈ യജ്ഞം നടത്തി. ആയിരം രാജസൂയത്തിന്റെ ഫലമാണീ യജ്ഞംകൊണ്ട്‌ ലഭിക്കുക. ഇതിലും ഫലപ്രദമായ ഒരു യജ്ഞത്തെപ്പറ്റി ശാസ്ത്രങ്ങൾ പ്രതിപാദിക്കുന്നില്ല.

ദേവീയജ്ഞം ചെയ്താൽ നൂറുവർഷം ആയുസ്സോടെ ജീവൻ മുക്തനായി ജീവിക്കാം. വിഷ്ണുവിനു സമം ജ്ഞാനതേജസ്സുകൾ ഉള്ളവനാകാം. ദേവൻമാർക്കിടയിൽ വിഷ്ണു, വൈഷ്ണവൻമാരിൽ നാരദൻ, ശാസ്ത്രങ്ങളിൽ വേദം, വർണ്ണങ്ങളിൽ ദ്വിജൻ, തീർത്ഥങ്ങളിൽ ഗംഗ, വിശുദ്ധർക്കിടയിൽ ശിവൻ, വ്രതങ്ങളിൽ ഏകാദശി, പൂക്കളിൽ തുളസി, താരകളിൽ ചന്ദ്രൻ, പക്ഷികളിൽ ഗരുഡൻ, സ്ത്രീകളിൽ രാധ, വാണി, ഭൂമി എന്നിവർ, ഇന്ദ്രിയങ്ങളിൽ മനസ്സ്, പ്രജാപതികളിൽ ബ്രഹ്മാവ്, പ്രജകളിൽ പ്രജാപതി, വനങ്ങളിൽ വൃന്ദാവനം, രാജ്യങ്ങളിൽ ഭാരതം, ഐശ്വര്യവാന്മാരിൽ ലക്ഷ്മി, വിദ്വാന്മാരിൽ സരസ്വതി, സതികളിൽ ദുർഗ്ഗ, എന്നതു പോലെയാണ് യാഗങ്ങളിൽ വച്ച് അംബാമഖത്തിനുള്ള അനന്യപ്രാധാന്യം.

ഇന്ദ്രപദവി കിട്ടാൻ നൂറ് അശ്വമേധം ചെയ്യണം. ആയിരം ചെയ്താൽ വിഷ്ണുപദം നേടാമെന്ന് പൃഥുരാജാവ് കാണിച്ചു തന്നു. സർവ്വതീർത്ഥസനാനം, സർവ്വയജ്ഞങ്ങൾ, സർവ്വവ്രതങ്ങൾ, സകല തപസ്സുകൾ എന്നിവ ചെയ്താലുള്ള ഫലം, നാലുവേദങ്ങൾ പഠിച്ചാലുള്ള ഫലം, ഭൂപ്രദക്ഷിണം ചെയ്താലുള്ള ഫലം, എന്നിവയെല്ലാം കിട്ടാൻ ശക്തിയജ്ഞം ഒന്നു മാത്രം മതി. വേദേതിഹാസങ്ങൾ അസന്നിഗ്ദ്ധമായി ഇതാണ് പറയുന്നത്. ദേവീവർണ്ണനം, ധ്യാനം, നാമജപം, മനനം, ഗുണകീർത്തനം, സ്തോത്രസ്മരണ, നിത്യപൂജ,വന്ദനം, തത്പാദപൂജാനൈവേദ്യഭോജനം, എന്നിവയെല്ലാം ഭക്തർക്ക് സർവ്വസമ്മതമത്രേ.

അതു കൊണ്ട് മകളേ, നീയും ആ നിർഗുണബ്രഹ്മമായ ദേവിയെ ഭജിച്ചാലും. നിന്റെ പതിയേയും സ്വീകരിച്ച് സ്വഗൃഹത്തിൽ സുഖിയായി വാഴുക. മനുഷ്യർക്ക് ഉപകാരപ്രദമാകുന്ന കർമ്മവിപാകത്തെക്കുറിച്ച് നീ ചോദിച്ചതിൻ പ്രകാരം ഞാൻ പറഞ്ഞു തന്നു. സർവ്വമംഗളപ്രദമായ ഈ തത്വജ്ഞാനം അതിശ്രേഷ്ഠമാണെന്നു മനസ്സിലാക്കിയാലും.'

No comments:

Post a Comment