Devi

Devi

Saturday, May 6, 2017

ദിവസം 250. ശ്രീമദ്‌ ദേവീഭാഗവതം. 9- 28. സാവിത്രീ പ്രശ്നം

ദിവസം 250.  ശ്രീമദ്‌ ദേവീഭാഗവതം. 9- 28.  സാവിത്രീ പ്രശ്നം

യമസ്യ വചനം ശ്രുത്വാ സാവിത്രീ ച പതിവ്രതാ
തുഷ്ടാവ പരയാ ഭക്ത്യാ തമുവാച മനസ്വിനീ
കിം കർമ്മ തദ്ഭവേദ് കേനകോ വാ തദ്ധേതുരേവ ച
കോ വാ ദേ ഹീ ച ദേഹ: ക: കോ വാfത്ര കർമ്മകാരക:

ശ്രീ നാരായണൻ പറഞ്ഞു: യമന്റെ വാക്കുകൾ കേട്ട് ആ സതീമണി സാവിത്രി ഭക്തിപൂർവ്വം ഇങ്ങിനെ പറഞ്ഞു: കർമ്മം എന്നാലെന്താണ്? അതെങ്ങിനെ, എന്തു കാരണത്താൽ ഉണ്ടാവുന്നതാണ്? ദേഹവും ദേഹിയും എന്നാൽ ആരൊക്കെയാണ്? ആരാണ് കർമ്മം ചെയ്യുന്നത്? അതുപോലെ ജ്ഞാനം, ബുദ്ധി, പ്രാണൻ, ഇന്ദ്രിയങ്ങൾ, എന്നിവയുടെ ലക്ഷണ വിശേഷങ്ങളെന്താണ്? അവയുടെ നാഥനായി നില്ക്കുന്നതാരാണ്? ഭോഗം എന്നാലെന്താണ്? ആരാണ് ഭോക്താവ്? എന്താണ് മുക്തി? ആരാണ് ജീവൻ? ആരാണ് പരമാത്മാവ്? ഇക്കാര്യങ്ങളെല്ലാം അറിയാൻ എനിക്കാഗ്രഹമുണ്ട്. ദയവായി പറഞ്ഞു തന്നാലും.

ധർമ്മരാജാവ് പറഞ്ഞു: വേദോക്തങ്ങളായ കർമ്മങ്ങൾ മംഗളകരമാണ്. എന്നാൽ വേദോക്തമല്ലാത്തവ അശുഭകരമാണ്. നിഷ്കാമമായി കാരണമൊന്നും കൂടാതെ ചെയ്യുന്ന ദേവാരാധന കർമ്മത്തെ ഇല്ലാതാക്കുന്നു. പരാഭക്തിപ്രദായകമാണ് സങ്കൽപ്പരഹിതമായ ആരാധനകൾ. ശാസ്ത്രമനുസരിച്ച് നിർല്ലേപനായി കർമ്മഫലം ഭുജിക്കുന്നവൻ ആരോ അവൻ മുക്തനാകുന്നു എന്നാണ് പ്രസിദ്ധമായിട്ടുള്ളത്. അവനെ ജന്മമൃത്യുജരാഭീതികൾ ബാധിക്കുന്നില്ല. അവനിൽ ശോകഭീതികളും ഇല്ല.

ഭക്തി രണ്ടു വിധമാണെന്ന് ശ്രുതികൾ പറയുന്നു. അവ നിർഗ്ഗുണാത്മകവും സഗുണാത്മകവും എന്നിങ്ങിനെ രണ്ടാണ്. ആദ്യത്തേത് മർത്യന് കൈവല്യപ്രദമാണ്. രണ്ടാമത്തേത് ഭക്തന് ബ്രഹ്മസാരൂപ്യം നല്കുന്നു. വിഷ്ണുഭക്തൻമാർ ഹരിയുടെ സാരൂപ്യം നല്കുന്ന സഗുണോപാസനയിൽ അഭിരമിക്കുന്നു. എന്നാൽ യോഗികൾ പൊതുവേ നിർഗുണോപാസകരാണ്. ബ്രഹ്മവിത്തമരായ അവർ അതിന് ഉത്തയാധികാരികളാണ്.

കർമ്മത്തിന്റെ ബീജരൂപവും കർമ്മഫലദാതാവും കർമ്മരൂപനും ആയ ആത്മാവ് മൂലപ്രകൃതിയോട് ചേർന്നിരിക്കുന്നു. അതിനും കാരണഭൂതനായ പരമാത്മാവ് എല്ലാ കർമ്മങ്ങൾക്കും ഹേതുവാണ്. ദേഹം നശ്വരമാണെങ്കിലും ആത്മാവിനു നാശമില്ല. ഭൂമി, ആകാശം, അഗ്നി, വായം, ജലം എന്നിവ സൂത്രരൂപത്തിൽ വർത്തിച്ചാണ് സൃഷ്ടി നടപ്പിലാവുന്നത്. ഒരു മണിമാലയിലെ ചരടെന്നപോലെ പഞ്ചഭൂതങ്ങൾ വർത്തിക്കുന്നു.

കർമ്മം ചെയ്യുന്നവൻ ദേഹിയാണ്. അതിന്റെ ഫലങ്ങൾ ദേഹിയെ ഭുജിപ്പിക്കുന്നത് ഈശ്വരനാണ്. സുഖ-ദുഖാനുഭവങ്ങളാണ് ഭോഗം. അവയുടെ അഭാവമാണ് മോക്ഷം. ആത്മാനാത്മവിവേകമാണ് ജ്ഞാനം. അതായത് വിഷയഭേദങ്ങളെ വിവേചിച്ച് അറിയുന്നത് തന്നെയാണ് ജ്ഞാനം. ജ്ഞാനത്തിനു ബീജമാവുന്നത് ബുദ്ധിയാണ്. അത് വിവേചനശക്തിയാണ്. അന്തർമുഖമാകുന്ന ബുദ്ധി ജ്ഞാനമെന്നും ബ്രഹ്മവിദ്യയെന്നും അറിയപ്പെടുന്നു. അത് പുറമേയ്ക്ക് പ്രകടമാവുമ്പോൾ ബുദ്ധി, ചിത്തം, എന്നിങ്ങിനെയുള്ള പേരുകളില്‍ അറിയുന്നു. മുകളിലേയ്ക്കും താഴേയ്ക്കും സഞ്ചരിച്ച് ജീവികൾക്ക് ഉയിരേകുന്ന വായുവിന് പ്രാണൻ എന്നു പറയുന്നു.

ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതും പരമാത്മാവിന്റെ പ്രതിബിംബമെന്ന പോലെ വർത്തിക്കുന്നതും സംശയാത്മക സ്വഭാവമുള്ളതും ആയ ജ്ഞാനഭേദമാണ് മനസ്സ്. ഇന്ദ്രിയ വ്യാപാരങ്ങളെ നിയന്ത്രിക്കുന്ന മനസ്സ് അതിചഞ്ചലമായതിനാൽ അതിനെ നിയന്ത്രിക്കുക അതികഠിനമാകുന്നു. പുറത്തേയ്ക്ക് ഉന്മുഖമായിരിക്കുന്ന  കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി എന്നീ ജ്ഞാനേന്ദ്രിയങ്ങൾ സകല കർമേന്ദ്രിയങ്ങളേയും സ്വാധീനിക്കുന്നു.  ഇവ സദ് വിഷയങ്ങളിൽ മിത്രഭാവത്തിലും ദുഷ് വിഷയങ്ങളിൽ ശത്രുക്കളുമായി ജീവന് സുഖദുഖങ്ങൾ നല്കി വ്യാപരിക്കുന്നു.

സൂര്യൻ, വായു, ഭൂമി, ബ്രഹ്മാവ്, തുടങ്ങിയവരാണ് ഇന്ദ്രിയദേവതകൾ. പ്രാണനോടു കൂടി ദേഹത്തിലെ അന്തക്കരണത്തിൽ പ്രതിഭാസിക്കുന്ന ചൈതന്യമാണ് ജീവൻ. ജീവനാണ് പ്രാണനെയും ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കുന്നത്. നിർഗ്ഗുണവും പരാപരവും സർവ്വവ്യാപകവും എല്ലാത്തിനും ബീജമായ  കാരണവുമാണ് ബ്രഹ്മം. അതു തന്നെ പരമാത്മാവ്.

മകളേ, നിന്റെ ചോദ്യങ്ങൾക്കെല്ലാം ഞാൻ ഉത്തരം നല്കി.  ജ്ഞാനികൾ ജ്ഞാനമെന്നു കരുതുന്നതെന്തോ അതാണ് നിനക്കായി ഞാൻ പറഞ്ഞു തന്നത്! മുക്തിപ്രദമാണീ ജ്ഞാനം. ഈ ജ്ഞാനത്തിന്റെ വെളിച്ചത്തിൽ ഭർതൃവിയോഗദുഖം വെടിഞ്ഞ് നീ സുഖിയായിരുന്നാലും.

സാവിത്രി പറഞ്ഞു: എന്റെ നാഥനെയും ജ്ഞാനക്കടലായ അങ്ങയേയും വിട്ട് ഞാനെങ്ങു പോകാനാണ്? എന്നിലെ സന്ദേഹങ്ങൾ ഇനിയും തീർന്നിട്ടില്ല. ഏതേതു കർമ്മങ്ങളാണ് ജീവനെ ഏതു യോനികളിലാണ് തനിക്ക് ജനിക്കേണ്ടതെന്ന ഗതി നിശ്ചയിക്കുക? ഏതേതു കർമ്മങ്ങളാണ് കർമഫലമായി  സ്വർഗ്ഗനരകങ്ങളെ അനുഭവിപ്പിക്കുന്നത്?. ഗുരുഭക്തിയും മുക്തിയും ഉണ്ടാവാൻ എന്തൊക്കെ കർമ്മങ്ങളാണുത്തമം? ഒരാളെ രോഗിയായും ഭോഗിയായും യോഗിയായും മാറ്റുന്നത് ഏതു വിധത്തിലുള്ള കർമ്മങ്ങളാണ്? ദീർഘായുസ്സും അൽപ്പായുസ്സും നൽകുന്ന കർമ്മങ്ങൾ ഏവ? ഏതേതു കർമ്മങ്ങളാണ് ഒരുവനെ വികലാംഗനും അന്ധനും ഒരു കണ്ണു മാത്രമുള്ളവനും മുടന്തനും ഭ്രാന്തനും ബധിരനുമൊക്കെ ആക്കുന്നത്?

ഒരുവനെ ഭ്രഷ്ടനും, കള്ളനും, ലുബ്ധനും, ആക്കുന്നത് ഏതേതു കർമ്മങ്ങളാണ്? സിദ്ധികളും സാലോക്യം, സാമീപ്യം, സ്വരൂപ്യം, സായൂജ്യം എന്നിവയും ലഭിക്കാൻ എന്തു ചെയ്യണം? ഒരുവനെ തപസ്വിയും ബ്രാഹ്മണോത്തമനും ആക്കി മാറ്റുന്ന കർമ്മങ്ങൾ എന്തൊക്കെയാണ്? സ്വർഗ്ഗഭോഗങ്ങളും വൈകുണ്ഠവാസവും ലഭിക്കാൻ എന്താണൊരുവൻ ചെയ്യേണ്ടത്?

സർവ്വോൽക്കഷ്ടമായ ഗോലോകമണയാൻ ചെയ്യേണ്ട കർമ്മങ്ങൾ ഏവ? അതുപോലെ ഒരുവനു നരകവാസം ഉറപ്പാക്കുന്നത് എവ്വിധമുള്ള ദുഷ്കർമ്മങ്ങളാണ്. എത്ര തരം നരകങ്ങളാണ് അത്തരം കർമ്മികളെ കാത്തിരിക്കുന്നത്? അവിടങ്ങളിൽ പാപികൾ എത്രനാൾ നരകിച്ചു കഴിയേണ്ടി വരും? ഏതേതു പാപങ്ങളാണ് വൈവിദ്ധ്യമാർന്ന രോഗങ്ങളെ ഉണ്ടാക്കുന്നത്?  ഭഗവാനേ, എന്നിൽ പ്രിയമുണ്ടെങ്കിൽ ഇവയ്ക്കെല്ലാം ഉത്തരം തന്നാലും.

No comments:

Post a Comment