Devi

Devi

Tuesday, July 19, 2016

ദിവസം 163 ശ്രീമദ്‌ ദേവീഭാഗവതം. 7. 5. ച്യവനയൗവനപ്രാപ്തി

ദിവസം 163  ശ്രീമദ്‌ ദേവീഭാഗവതം7. 5. ച്യവനയൗവനപ്രാപ്തി

തയോസ്തദ്ഭാഷിതം ശ്രുത്വാ വേപമാനാ നൃപാത്മജാ
ധൈര്യമാലംബ്യ തൗ തത്ര ബഭാഷേ  മിതഭാഷിണി
ദേവൗ വാം രവി പുത്രൗ ച സർവജ്ഞൌ സുരസമ്മതൗ
സതീം മാം ധർമ്മശീലാം ച നൈവം വദിതുമർഹഥ:

വ്യാസൻ തുടർന്നു: അശ്വനീദേവതകൾ ഇങ്ങിനെ പറഞ്ഞപ്പോൾ സുകന്യ ആദ്യമൊന്ന് പതറുകയും പേടിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ധൈര്യമവലംബിച്ചുകൊണ്ട് ആ സുന്ദരി പറഞ്ഞു: 'നിങ്ങൾ സർവ്വജ്ഞരും സൂര്യപുത്രമാരും ലോകത്തില്‍ സുസമ്മതരും അല്ലേ? മറ്റൊരാളുടെ ധർമ്മപത്നിയും സതിയുമായ എന്നോട് ഇങ്ങനെ സംസാരിക്കുന്നത് നിങ്ങൾക്ക് ചേർന്ന പ്രവൃത്തിയല്ല. അച്ഛൻ എന്നെ യോഗമാർഗ്ഗിയായ ഒരു താപസന് നൽകിക്കഴിഞ്ഞു. ഇനി മറ്റൊരാളെ വരിക്കുന്നത് ഞാൻ വേശ്യാവൃത്തി ചെയ്യുന്നതിന് തുല്യം. സത്ചരിതകളെ സ്വൈരിണികളാക്കുകയാണോ നിങ്ങളുടെ ജോലിസർവ്വസാക്ഷിയായ ദിവാകരൻ ഇതെല്ലാം അറിയുന്നുണ്ട്. കശ്യപവംശത്തിൽപ്പിറന്ന നിങ്ങൾ ഇങ്ങിനെ തരം താഴാൻ പാടില്ല. പതിപൂജ ചെയ്തു കഴിക്കുന്ന ഞാൻ ശപിച്ചാൽ നിങ്ങൾ കഷ്ടപ്പെടേണ്ടതായി വരും. അതിനു മുൻപ് ഇവിടം വിട്ടു പൊയ്ക്കൊള്ളുക.'
സുകന്യയുടെ ദൃഢനിശ്ചയവും പതിഭക്തിയും കണ്ടു് വിസ്മയിച്ച അശ്വനികൾ മുനിശാപം ഉണ്ടായേക്കുമോ എന്ന ഭയാശങ്കകളോടെ അവളോട് ഇങ്ങിനെ പറഞ്ഞു: 'ഹേ രാജപുത്രീ, നിന്റെ ധർമ്മനിഷ്ഠയിലും പതിഭക്തിയിലും ഞങ്ങൾ അതീവസന്തുഷ്ടരാണ്. നിനക്ക് എന്ത് വരമാണ് വേണ്ടത്? ദേവവൈദ്യന്മാരായ ഞങ്ങൾ നിനക്ക് വേണ്ടി ശ്രേയസ്കരമായ എന്തെങ്കിലും ചെയ്യണമെന്ന് വിചാരിക്കുന്നു. നിന്റെ പതിയെ ഞങ്ങൾ ഞങ്ങളുടെ രൂപസാദൃശ്യത്തിൽ ഉള്ള ഒരു യുവസുന്ദരനാക്കാം. എന്നിട്ട് ഞങ്ങൾ മൂന്നു പേരിൽ ഒരാളെ നിനക്ക് വരിക്കാം.'
സുകന്യ അശ്വിനീ ദേവൻമാർ പറഞ്ഞ കാര്യം മുനിയെ അറിയിച്ചു. 'സ്വാമിൻ, ദേവ ഭിഷഗ്വരൻമാരായ അശ്വനീ ദേവൻമാർ വനത്തിൽ വെച്ച് എന്നെ കാണുകയുണ്ടായി. എന്നെക്കണ്ട് കാമാർത്തരായ അവർ അങ്ങയെ യൗവ്വനയുക്തനാക്കാം എന്ന് വരം നൽകി. എന്നാൽ അങ്ങും അവരുടെ രൂപഭാവത്തിൽത്തന്നെയായിരിക്കും ഉണ്ടാവുക. അങ്ങിനെ കാണുന്ന മൂന്നു പേരിൽ ഒരാളെ എനിക്ക് വരിക്കാം. ഇത് വിസ്മയകരമായ ഒരു വരം തന്നെ. ഞാൻ എന്താണ് ചെയ്യേണ്ടത്? ഇത് ദേവൻമാരുടെ മായയാണോ? ചതിയാണോ? എന്നൊന്നും എനിക്കറിയില്ല.’
അപ്പോൾ ച്യവനൻ ദേവകളെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ‘അവർ പറഞ്ഞതുപോലെ ചെയ്യാം. മറ്റൊന്നും ഇപ്പോൾ ചിന്തിക്കേണ്ടതില്ല.’
സുകന്യ അശ്വനീ ദേവൻമാരോട് മുനിയുടെ സമ്മതം അറിയിച്ചു.
നിന്റെ ഭർത്താവ് ഈ തടാകത്തിലിറങ്ങി മുങ്ങി വരട്ടെ. അപ്പോള്‍ അദ്ദേഹത്തിന് ഞങ്ങളെപ്പോലെ രൂപസൗകുമാര്യം ഉണ്ടാവും.’ ദേവന്മാര്‍ പറഞ്ഞു.
മഹർഷി തടാകത്തിലിറങ്ങി മുങ്ങി. പിന്നാലെ ദേവൻമാരും ജലത്തിൽ മുങ്ങി. പിന്നീടു് തടാകത്തിൽ നിന്നും ഒരേ രൂപഭാവങ്ങളുള്ള മൂന്നു യുവകോമളൻമാർ കയറി വന്നു. ദിവ്യമായ ദേഹങ്ങൾ, ആടയാഭരണങ്ങൾ, എല്ലാം മൂന്നു പേർക്കും ഒരുപോലെ.
അവർ ഒരുമിച്ച് പറഞ്ഞു: ‘സുന്ദരീ നീ ഞങ്ങളിൽ ഒരാളെ വരിച്ചാലും. നിനക്കിഷ്ടമുള്ള ഒരാളെ തിരഞ്ഞെടുക്കാം.’
മൂവർക്കും രൂപംഭാവം, പ്രായം, എല്ലാം ഒരു പോലെയാണ്. സുകന്യ ആകെ കുഴങ്ങി. മൂന്നു പേരും ദേവതുല്യർ. ഞാനിതിൽ ആരെ സ്വീകരിക്കും എന്നവൾ വേവലാതിപൂണ്ടുനിന്നു. ‘മരണം വന്നാലും ഞാൻ എന്റെ പതിയെ അല്ലാതെ മറ്റൊരാളെ സ്വീകരിക്കുകയില്ല.’ അവൾ തനിക്ക് നേർവഴി കാണിച്ചു തരാൻ സാക്ഷാൽ ജഗദംബയോട് പ്രാർത്ഥിച്ചു.
അല്ലയോ ജഗജ്ജനനീ, അമ്മേ, ഞാൻ ദുഖാകുലയായി അവിടുത്തെ ശരണം പ്രാപിക്കുന്നു. എന്റെ സതീധർമ്മത്തെ കളങ്കലേശം കൂടാതെ പരിപാലിക്കാൻ അവിടുന്ന് അനുഗ്രഹിക്കണേ. വേദമാതാവേ, വിഷ്ണുപ്രിയേ, ശങ്കരവല്ലഭേ, ഞാൻ അവിടുത്തെ മുന്നിൽ ശിരസ്സു നമിക്കുന്നു. സൃഷ്ടിസ്ഥിതിസംഹാരങ്ങൾക്ക് കാരണമായത് അവിടുത്തെ പ്രാഭവം മാത്രമാണെന്ന് ഞാനറിയുന്നു. ഈ മൂന്നു കാര്യങ്ങളും നടത്തിക്കാൻ ത്രിമൂർത്തികൾക്ക് ശക്തി നൽകുന്നത് അവരുടെപോലും മാതാവായ അമ്മതന്നെയല്ലേ?
അജ്ഞാനിക്ക് ജ്ഞാനവും, ജ്ഞാനികൾക്ക് മുക്തിയും പ്രദാനം ചെയ്യുന്ന ദേവീ, അവിടുന്നാണ് ആജ്ഞയും പൂർണ്ണപ്രകൃതിയും ആയി വിളങ്ങുന്നത്. നിർമ്മലമനസ്കർക്ക് ഭുക്തിമുക്തികളെ കനിഞ്ഞു നൽകുന്നത് അമ്മയല്ലാതെ മറ്റാരാണ്? അജ്ഞാനികൾക്ക് ദു:ഖം, സത്വാത്മാക്കൾക്ക് സുഖം, യോഗികൾക്ക് സിദ്ധിയും ജയവും കീർത്തിയും, എന്നു വേണ്ട എല്ലാത്തരത്തിലുള്ളവർക്കും അമ്മയുടെ പ്രാഭവമല്ലേ അനുഭവത്തിൽ പ്രകടമാകുന്നത്? അവിടുത്തെ സ്മരണമാത്രം കൊണ്ട് എന്നിലുണരുന്ന വിസ്മയത്തെ ഞാൻ മറച്ചുവയ്ക്കുന്നില്ല. അമ്മേ, ഞാനും അവിടുത്തെ ശരണം പണിയുന്നു.
സ്വഭർത്താവിനെ തിരിച്ചറിയാനാകാതെ ഞാൻ ദുഖക്കടലിലാണ്. ഇതിൽ നിന്ന് കരകയറ്റാൻ അമ്മയല്ലാതെ എനിക്കാരും തുണയില്ല. ഈ മൂന്നുപേരില്‍ എന്റെ നാഥനെ അമ്മ തന്നെ എനിക്കു കാണിച്ചു തരണം. എന്റെ പാതിവ്രത്യം തെറ്റാതിരിക്കാൻ ഞാനാരെയാണ് സ്വീകരിക്കേണ്ടത്?
സുകന്യയുടെ സ്തുതി കേട്ട് സംപ്രീതയായ ദേവി അവളുടെ മനോമുകരത്തിൽ വിജ്ഞാനദീപ്തി തെളിയിച്ചു കൊടുത്തു.  അവൾ ദൃഢബുദ്ധിയോടെ ഒരേ രൂപഭാവങ്ങളുള്ള മൂന്നു പേരിൽ നിന്നും തന്റെ കാന്തനെത്തന്നെ മാലയിട്ടു വരിച്ചു.
സുകന്യയുടെ ഭർതൃഭക്തിയിൽ പ്രീതി പൂണ്ട അശ്വിനീ ദേവൻമാർ അവൾക്ക് അഭീഷ്ടവരം നല്കി. ച്യവനമുനിക്ക് കാഴ്ചയും യുവത്വവും വീണ്ടുകിട്ടി.
ച്യവനൻപറഞ്ഞു: ‘നിങ്ങൾ എനിക്ക് ദുഖനിവൃത്തി വരുത്തി. ഈ സംസാരത്തിൽ സുന്ദരിയായ ഭാര്യയെ സന്തോഷിപ്പിക്കാൻ ആവാതെ ഭോഗനിരാസവുമായി കഴിയാൻ വിധിക്കപ്പെട്ട എന്നെ നിങ്ങൾ അതിൽ നിന്നും മോചിപ്പിച്ചിരിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും പകരം തരാൻ എനിക്കാഗ്രഹമുണ്ടു്. പ്രത്യുപകാരം ചെയ്യാത്തവൻ നിന്ദ്യനത്രെ. അങ്ങിനെയുള്ളവന്റെ ഋണബാദ്ധ്യത ഒരിക്കലും തീരുകയില്ല. നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് പറഞ്ഞാലും. ദേവാസുരൻമാർക്ക് ചെയ്യാനരുതാത്ത കാര്യമാണെങ്കിൽ കൂടി ഞാനത് നടത്തിത്തത്തരും.’
ദേവമാർ പരസ്പരം നോക്കി തീരുമാനിച്ച ശേഷം പറഞ്ഞു: ‘ഞങ്ങളുടെ പിതാവനുഗ്രഹിച്ച് ഞങ്ങൾ എല്ലാ വിധത്തിലും സന്തുഷ്ടരാണ്. എങ്കിലും ഞങ്ങൾക്ക് ഒരാഗ്രഹം ബാക്കിയാണ്. മറ്റു ദേവൻമാരോടൊപ്പം സുരാപാനം ചെയ്യാൻ ഞങ്ങൾക്ക് ഇപ്പോൾ അനുവാദമില്ല. സുമേരുവിൽ ബ്രഹ്മ യജ്ഞം നടത്തിയപ്പോൾ ഞങ്ങൾ കേവലം വൈദ്യൻമാരാണ് എന്ന കാരണം പറഞ്ഞ് ദേവേന്ദ്രൻ ഞങ്ങളെ സോമപാനത്തിന് സമ്മതിച്ചില്ല. അതു കൊണ്ട്  ഞങ്ങൾക്ക് സോമപാനാനുവാദം വാങ്ങിത്തരാൻ മഹാതാപസനായ അങ്ങേക്ക് കഴിഞ്ഞാൽ അത് വലിയൊരു ഭാഗ്യമായി ഞങ്ങൾ കണക്കാക്കും.’
മുനി പറഞ്ഞു: ‘നിങ്ങൾ എന്റെ ജരാനരകൾ മാറ്റി, എനിക്ക് യൗവനം തന്ന ദേവൻമാരാണ്. നിങ്ങളുടെ ആഗ്രഹം നിവൃത്തിക്കുക എന്നത് എന്റെ കടമയാണ്. അതിതേജസ്വിയായ ശര്യാതി മഹാരാജാവ് നടത്തുന്ന യജ്ഞത്തിൽ വച്ച് ദേവേന്ദ്രൻ നോക്കിനിൽക്കെ ഞാൻ നിങ്ങളെ സോമം കുടിപ്പിച്ചു സന്തുഷ്ടരാക്കാം.'
മുനിയുടെ വാക്കു കേട്ട് സന്തുഷ്ടരായ ദേവൻമാർ ദേവലോകം പൂകി. സുന്ദരിയായ സുകന്യയുമൊത്ത് യുവാവായ ച്യവനമഹർഷി തന്റെ പർണ്ണശാലയിലേക്ക് പോയി സസുഖം വാണു.

No comments:

Post a Comment