Devi

Devi

Sunday, July 3, 2016

ദിവസം 157. ശ്രീമദ്‌ ദേവീഭാഗവതം. 6. 30. മായാപ്രഭാവം

ദിവസം 157. ശ്രീമദ്‌ ദേവീഭാഗവതം. 6. 30. മായാപ്രഭാവം

മാം ദൃഷ്ട്വാ നാരദം വിപ്രം വിസ്മിതോfസൌ മഹീപതി:
ക: ഗത്വാ മമ ഭാര്യ സാ കുതോfയം മുനി സത്തമ:
വിലലാപ നൃപസ്തത്ര ഹാ പ്രിയേതി മുഹുര്‍ മുഹു:
ക്വ ഗതാ മാം പരിത്യജ്യ വിലപന്തം വിയോഗിനം

നാരദന്‍ തുടര്‍ന്നു: എന്‍റെ ഭര്‍ത്താവായിരുന്ന താലധ്വജന്‍ നദിക്കരയില്‍ നില്‍ക്കുന്ന എന്നെക്കണ്ട് വിസ്മയചകിതനായി ചോദിച്ചു: ‘എവിടെ? എന്റെ പ്രിയതമയെവിടെ? ഈ മുനി എങ്ങിനെ പെട്ടെന്നിവിടെ വന്നു? ഹാ പ്രിയേ എന്നെ ഉപേക്ഷിച്ചിട്ട് നീയവിടെപ്പോയി? നിന്നെക്കൂടാതെ എനിക്കെങ്ങിനെ കഴിയാനാവും? നിന്നെ വേര്‍പിരിഞ്ഞിട്ടും എന്തിനാണ് എന്നില്‍ പ്രാണന്‍ തുടിക്കുന്നത്? നാം ആദ്യമായി കാണുമ്പോള്‍ നമ്മില്‍ ഉണര്‍ന്ന അനുരാഗമൊക്കെ ഇപ്പോള്‍ എവിടെ? നീയീ ജലത്തില്‍ മുങ്ങിപ്പോയതാണോ? അതോ വല്ല ജലജന്തുക്കള്‍ക്കും ആഹാരമായിത്തീര്‍ന്നോ? അതോ നിന്നെ വരുണന്‍ കട്ട് കൊണ്ടുപോയോ?

നിന്‍റെ പുത്രവാത്സല്യമെല്ലാം എത്ര സ്വാഭാവികമായിരുന്നു? എന്നാലും ഈ ദീനനായ എന്നെ വിട്ടുപോകാന്‍ നിനക്കെങ്ങിനെ മനസ്സ് വന്നു? എനിക്ക് മക്കളും കുടുംബവുമെല്ലാം നഷ്ടമായി. ഇപ്പോളിതാ നീയും. ഇനി എനിക്കെന്തിനാണ്‌ ജീവന്‍? കാന്തയെ വേര്‍പെടുന്നതിന്റെ ദുഃഖം അറിയാവുന്ന ഒരാള്‍ സാക്ഷാല്‍ ശ്രീരാമചന്ദ്രന്‍ മാത്രമാണ്. അദ്ദേഹം ഇപ്പോള്‍ ഈ മണ്ണില്‍ ഇല്ലാ താനും. ഹൃദയബന്ധം ഉറച്ച ദമ്പതികളെ വേര്‍പിരിക്കുന്നത് നിയതിയുടെ ക്രൂരമായ വിനോദം തന്നെയാണ്. ഭര്‍ത്താവ് മരിക്കുമ്പോള്‍ ഭാര്യക്ക് ഉടന്തടി ചാടാന്‍ അനുവാദമുണ്ട്. എന്നാല്‍ ഭാര്യ മരിച്ചയാള്‍ക്ക് അതിനുള്ള അവകാശം പോലുമില്ലല്ലോ! നാരികള്‍ക്ക് ഒത്താശ ചെയ്യാനേ ഈ ഋഷിമുനിമാര്‍ക്ക് അറിയാവൂ.’

ഇങ്ങിനെ വിലപിക്കുന്ന രാജാവിനെ ഭഗവാന്‍ സമാധാനിപ്പിച്ചു: അങ്ങെന്തിനാണ് വിലപിക്കുന്നത്? അങ്ങ് ശാസ്ത്രം പഠിച്ച ആളാണല്ലോ? സാധുക്കളുമായി സത്സംഗവും ചെയ്തിട്ടുണ്ട്. ഇനി ചിന്തിക്കൂ. നീ ആരാണ്? നിന്‍റെ പ്രിയതമ ആരാണ്? പ്രപഞ്ചമെന്ന നദി കടക്കാനായി  ഒത്തുചേര്‍ന്ന മനുഷ്യര്‍ തോണിയില്‍ക്കയറി പോകുന്നതിനിടയില്‍ ചിലര്‍ കരയ്ക്കിറങ്ങുന്നു. അത്ര തന്നെ. അപ്പോള്‍പ്പിന്നെ പരസ്പരം താല്‍ക്കാലികമായുണ്ടാവുന്ന സംയോഗവും വിയോഗവും എത്ര നിരര്‍ത്ഥകരം! അങ്ങ് സ്വഗൃഹത്തിലേയ്ക്ക് മടങ്ങിക്കൊള്ളൂ. ഈ കണ്ടുമുട്ടലും ഒത്തുചേരലും വേര്‍പിരിയലും ബന്ധുതയെല്ലാം ദൈവാധീനമാണ്.

നിനക്കാ സുന്ദരിയുമായി വേഴ്ച തുടങ്ങുന്നത് ഈ നദിക്കരയില്‍ നിന്നാണല്ലോ?. പിന്നെ നിങ്ങള്‍ ഭോഗസുഖങ്ങളില്‍ രമിച്ചു കഴിഞ്ഞു എന്നത് ശരിയാണ്. എന്നാല്‍ അവളുടെ മാതാപിതാക്കള്‍ ആരൊക്കെയാണ് നിനക്കറിയാമോ? കാകതാലീയ (കാക്കയും പനമ്പഴവും പോലെ) ന്യായത്തിലെന്നപോലെ അവളെ കിട്ടി, നഷ്ടപ്പെട്ടു എന്നതെല്ലാം വെറും ആകസ്മികമെന്നേ പറയാവൂ. എന്തിനു വിഷമിക്കുന്നു? കാലത്തെ നേരിടാന്‍ ബുദ്ധിമുട്ടുണ്ട്. അങ്ങ് കൊട്ടാരത്തില്‍പ്പോയി സുഖിയായി വാഴുക. ആ സുന്ദരി വന്നു പോയത് ഒരു സ്വപ്നം പോലെ കണക്കാക്കി അങ്ങയുടെ ജീവിതം തുടരുക. എത്ര വിലപിച്ചിട്ടും കാര്യമില്ല. അവളിനി വരാന്‍ പോകുന്നില്ല.

ദുഖങ്ങളും സുഖാനുഭവങ്ങളും കാലാനുസൃതം വന്നും പോയുമിരിക്കും. അതുകൊണ്ട് ഭാവമാര്‍ഗ്ഗത്തില്‍ വിലാപങ്ങളെല്ലാം വൃഥാവിലാണ്. സുഖം എപ്പോഴും ഒരേയിടത്ത് നിലനില്‍ക്കുകയില്ല. സുഖദുഖങ്ങള്‍  ഘടികാരയന്ത്രമെന്നതുപോലെ സദാ ചലിച്ചുകൊണ്ടേയിരിക്കുന്നു. ഒന്നുകില്‍ മനസ്സുറപ്പിച്ചു നിര്‍ത്തി രാജ്യം ഭരിച്ചു കഴിയുക. അല്ലെങ്കില്‍ മക്കളെ രാജ്യഭാരം ഏല്‍പ്പിച്ചു വനവാസം തുടങ്ങുക. മനുഷ്യജന്മം കിട്ടുക എന്നത്  അതീവ ദുര്‍ലഭമാണ്. അങ്ങിനെ കിട്ടിയാല്‍ ആത്മസാക്ഷാത്കാരമാണ് ഒരുവന്‍ നേടാന്‍ പ്രയത്നിക്കേണ്ടത്. മൃഗങ്ങള്‍ക്കും മനുഷ്യരെപ്പോലെ ആഹരിക്കാനും മക്കളെ ജനിപ്പിക്കാനും കഴിവുണ്ട്. എന്നാല്‍ മനുഷ്യര്‍ക്ക് അതുകൂടാതെ മറ്റൊന്നു കൂടിയുണ്ട്. അതാണ്‌ ജ്ഞാനസമ്പാദനം. ഭാര്യയെക്കുറിച്ച് കരഞ്ഞു സമയം കളയാതെ അങ്ങ് മടങ്ങിപ്പോയാലും ലോകമോഹിനിയായ ദേവിയുടെ മായാവിലാസമാണ് ഈ ജഗത്ത് മുഴുവനും എന്നറിയുക.’

നാരദന്‍ തുടര്‍ന്നു: ഭഗവാന്‍ ഇങ്ങിനെ ഉപദേശിച്ചപ്പോള്‍ രാജാവ് മഹാവിഷ്ണുവിനെ നമസ്കരിച്ചു. യഥാവിധി നദിയില്‍ മുങ്ങി സ്നാനകര്‍മ്മം ചെയ്തശേഷം കൊട്ടാരത്തിലേയ്ക്ക് മടങ്ങി. കൊട്ടാരത്തില്‍ എത്തിയിട്ട് ആദ്യം തന്നെ രാജ്യഭാരം പൌത്രനെ ഏല്‍പ്പിച്ചു. പിന്നീടദ്ദേഹം വാനപ്രസ്ഥനായി ആത്മാനുസന്ധാനമാര്‍ഗ്ഗത്തില്‍ ആമഗ്നനായി ശേഷകാലം കഴിഞ്ഞു.

രാജാവ് പോയിക്കഴിഞ്ഞപ്പോള്‍ നാരദന്‍ ഭഗവാനോട് പറഞ്ഞു: എന്തിനാണ് ഭഗവാനേ ഇങ്ങിനെ പുഞ്ചിരിക്കുന്നത്? അങ്ങെന്നെ പറ്റിച്ചു. സമ്മതിച്ചിരിക്കുന്നു. മായയുടെ ബലമെന്തെന്നു ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു. ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ എന്‍റെ മനോമുകുരത്തില്‍ തെളിഞ്ഞുവരുന്നുണ്ട്. എങ്കിലും എന്‍റെ സംശയം ഇതാണ് ഞാന്‍ ജലത്തില്‍ ഇറങ്ങിയ ഉടനെ എന്നിലെ പൂര്‍വ്വസ്മൃതികള്‍ എങ്ങിനെയാണ് മറഞ്ഞുപോയത്? ഒരു സ്ത്രീരൂപത്തിലായ ഞാനാ രാജാവിനെ വേളികഴിച്ചു. ഇന്ദ്രനും ശചിയും പോലെ ഞങ്ങള്‍ ദാമ്പത്യസുഖം ആവോളം ആസ്വദിച്ചു.

എന്‍റെ സംശയം ഇതാണ്- മനസ്സ്, ചിത്തം, സ്ഥൂല-സൂക്ഷ്മ ദേഹങ്ങള്‍ എല്ലാം പഴയത് തന്നെയാവുമ്പോള്‍ സ്മൃതിയും മാറാതെയിരിക്കെണ്ടതല്ലേ? ഈ ജ്ഞാനനാശത്തെക്കുറിച്ചാണ് എനിക്കറിയേണ്ടത്. ഇതെത്ര വിസ്മയകരം! ജ്ഞാനനാശമുണ്ടായത്തിന്റെ കാരണം അങ്ങ് കാരുണ്യപൂര്‍വ്വം എനിക്ക് പറഞ്ഞു തന്നാലും. ഞാന്‍ നാരിയായി ജീവിച്ചപ്പോള്‍ പലവിധത്തിലുള്ള സുഖഭോഗങ്ങളും അനുഭവിച്ചു. സുരാപാനം ചെയ്തു. ഭക്ഷിക്കാന്‍ പാടില്ലാത്തവ പോലും ആഹരിച്ചു. അപ്പോഴൊന്നും  ‘ഞാന്‍ നാരദനാണ്’ എന്നൊരു ചിന്ത എന്നില്‍ കടന്നുകൂടിയതേയില്ല. എന്നാലിപ്പോഴോ, എനിക്കാ അനുഭവങ്ങള്‍ ഓര്‍മ്മയിലുണ്ട്. ഞാന്‍ നരദനാണ് എന്നറിയുകയും ചെയ്യാം’.

ഭഗവാന്‍ വിഷ്ണു പറഞ്ഞു: മഹാമുനേ ഇതാണ് മായാവിലാസം. ഒരേ ദേഹത്ത് തന്നെ നാം ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി, തുരീയം എന്നിങ്ങിനെ നാല് ദശാഭേദങ്ങള്‍ കാണുന്നുവല്ലോ. മറ്റൊരു ദേഹത്തിലേയ്ക്ക് മാറുമ്പോഴും ഈ ദശകള്‍ മാറ്റമില്ലാതെ കൂടെയുണ്ട്. ഉറങ്ങുമ്പോള്‍ ജ്ഞാനമില്ല. അതായത് ഒനും കേള്‍ക്കുന്നില്ല; കാണുന്നുമില്ല. ഉറക്കമുണരുമ്പോഴാണ് ഓര്‍മ്മകള്‍ വീണ്ടും ഉണരുന്നത്. നിദ്രാവേളയില്‍ മനസ്സിന്‍റെ ചാഞ്ചല്യം നിമിത്തം പലമട്ടിലുള്ള സ്വപ്‌നങ്ങള്‍ കാണുന്നു.

‘ആനയെന്നെ കുത്താന്‍ വരുന്നേ, എനിക്കാരുണ്ട് തുണ? ഞാന്‍ എങ്ങോട്ടാണ് ഓടി രക്ഷപ്പെടുക’ എന്നെല്ലാം സ്വപ്നത്തില്‍ കാണുന്നു. ചിലപ്പോള്‍ മരിച്ചു മണ്ണടിഞ്ഞ മുത്തശ്ശന്‍ കൂടെ വന്നിരുന്നു ഭക്ഷണം കഴിക്കുന്നു.! ഈദൃശങ്ങളായ സ്വപ്നദൃശ്യങ്ങള്‍ സുഖദുഃഖസമ്മിശ്രമാണ്. അവയെപ്പറ്റി ഓര്‍മ്മയുണ്ടാവുന്നത് ഉറക്കം എഴുന്നേല്‍ക്കുമ്പോഴാണ്. അത്തരം സ്വപ്നാനുഭവങ്ങള്‍ അന്യര്‍ക്ക് പറഞ്ഞുകൊടുക്കാനും നമുക്ക് ഉത്സാഹമാണ്.

സ്വപ്നസമയത്ത് അത് വെറും ഭ്രമമാണ്, അതുണ്‍മയല്ല എന്ന് നമുക്ക് തോന്നുന്നതേയില്ല. അനുഭവസമയത്ത് എല്ലാം ‘സത്യമാണ്’. കയറിനെ കാണുമ്പോള്‍ അതൊരു പാമ്പാണ് എന്ന് നാം പേടിക്കുന്നു. സത്യം ബോധിക്കുന്നതുവരെ ആ ഭയം ശരിക്കും ഉള്ളതാണ്. അതാണ്‌ മായയുടെ ലീല. അതുപോലെയാണ് അങ്ങേയ്ക്ക് സ്ത്രീരൂപമെടുത്തപ്പോഴുണ്ടായ ഭ്രമവും. അനുഭവകാലത്ത് അത് ‘സത്യ’മായിരുന്നു. അതായത് മറ്റൊന്നാണ് ശാശ്വതസത്യമെന്ന് ചിന്തിക്കാന്‍കൂടി വയ്യാത്തരീതിയില്‍ ആ ഭ്രമം അങ്ങയെ പൂര്‍ണ്ണമായും മോഹിപ്പിച്ചിരുന്നു.

നാരദാ, മായയുടെ അറ്റമെന്തെന്നുകാണാന്‍ എനിക്കോ ബ്രഹ്മാവിനോ മഹേശ്വരനോ പോലും കഴിയില്ല. അപ്പോള്‍പ്പിന്നെ അല്പജ്ഞനായ മനുഷ്യന്‍റെ കാര്യം പറയാനുണ്ടോ? മയാഗുണങ്ങളെ പൂര്‍ണ്ണമായി അറിഞ്ഞവര്‍ ആരുമില്ല. ചരാചരാത്മകമായ ഈ ജഗത്ത് ത്രിഗുണങ്ങള്‍ക്ക് വിധേയമായി വര്‍ത്തിക്കുന്നു.

സത്വവാനാണ് ഞാന്‍ എന്നെല്ലാവരും പറയുന്നു. എന്നാല്‍ ഞാനും രാജസ-താമസഗുണങ്ങള്‍ക്കും വിധേയനാണ്. അതുപോലെ പ്രപിതാമഹനായ ബ്രഹ്മാവ്‌ രജോഗുണ പ്രധാനനും മഹേശ്വരന്‍ തമോഗുണപ്രധാനിയുമാണ്. അവരിലും മറ്റു രണ്ടു ഗുണങ്ങളും വേണ്ടപോലെ ചേര്‍ന്നിട്ടുണ്ട്. മൂന്നു ഗുണങ്ങളും കൂടാതെയുള്ള ഒരാളും ഒരിടത്തും ഇല്ല.

ആദ്യന്തഹീനമായ സംസാരസാഗരം മായാകല്‍പിതമാണ്. അത് ഒരേസമയം നിസ്സാരവും എന്നാല്‍ അതീവ ദുര്‍ഘടവുമാണ്. ജ്ഞാനപ്രകാശമാര്‍ഗ്ഗം സ്വീകരിച്ചുകൊണ്ട്   സംസാരസാഗരത്തില്‍ മുങ്ങാതിരിക്കുക. അങ്ങ് മായയെന്തെന്ന് അനുഭവിച്ചറിഞ്ഞു. പലേവിധ അനുഭവങ്ങളും ആര്‍ജ്ജിച്ചു. ഇനിയും മായയെപ്പറ്റി എന്താണ് അങ്ങേയ്ക്കറിയാനുള്ളത്?  

No comments:

Post a Comment