Devi

Devi

Sunday, December 20, 2015

ദിവസം 60. ശ്രീമദ്‌ ദേവീഭാഗവതം. 3. 23. ദേവീപ്രത്യക്ഷവും യുദ്ധവും

ദിവസം 60. ശ്രീമദ്‌ ദേവീഭാഗവതം. 3. 23. ദേവീപ്രത്യക്ഷവും യുദ്ധവും

തസ്മൈ ഗൌരവ ഭോജ്യാനി വിധായ വിധിവത്തദാ
വാസരാണി ച ഷഡ്രാജാ ഭോജയാമാസ ഭക്തിത:
ഏവം വിവാഹകര്യാണി കൃത്വാ സര്‍വ്വാണി പാര്‍ത്ഥിവ:
പാരിബര്‍ഹം പ്രദത്വാ fഥ മന്ത്രയന്‍ സപിവൈ: സഹ 

വ്യാസന്‍ തുടര്‍ന്നു: സുബാഹു വീണ്ടും ഒരാറു ദിനങ്ങള്‍ തന്റെ ജാമാതാവിനു സല്‍ക്കാരങ്ങള്‍ നല്‍കി. അങ്ങിനെ വിവാഹം കഴിഞ്ഞു സ്തീധനം നല്‍കി എല്ലാ ചടങ്ങുകളും തീര്‍ത്തു. മാര്‍ഗ്ഗം തടയാന്‍ തയ്യാറായി നില്‍ക്കുന്ന മറ്റു രാജാക്കന്മാരെപ്പറ്റി പിന്നീടദ്ദേഹം മന്ത്രിമാരുമായി കൂടിയാലോചിച്ചു. ചാരന്മാര്‍ വഴി അക്കാര്യം രാജാവ് മനസ്സിലാക്കിയിരുന്നു. സുദര്‍ശനന്‍ സുബാഹുവിനോട് പുറപ്പെടാനുള്ള അനുവാദം ചോദിച്ചു. ‘ആദ്യം ഭരദ്വാജന്റെ ആശ്രമത്തില്‍ ചെന്നശേഷം തീരുമാനിക്കാം എവിടെയാണ് സ്ഥിരതാമസം വേണ്ടതെന്ന്. പുണ്യാത്മാവായ അങ്ങേയ്ക്ക് യാതൊരു വിധത്തിലും പേടി വേണ്ട. ജഗന്മയിയായ അമ്മ നമ്മളെ കാക്കും.’ 

രാജാവ് വധൂവരന്മാരെ സമ്മാനങ്ങളോടെ യാത്രയാക്കി. സുബാഹു തന്റെ പടയുമായി അവരെ അനുഗമിച്ചു. യുദ്ധരഥങ്ങളുടെ നടുവിലൊരു കമനീയരഥത്തില്‍ കുമാരനും വധുവും യാത്രചെയ്യുമ്പോള്‍ രാജാക്കന്മാരുടെ സൈന്യത്തെ കണ്ടു. സുബാഹു ചിന്താകുലനായപ്പോള്‍ സുദര്‍ശനന്‍ പ്രസന്നചിത്തനായി ജഗദംബികയെ ശരണം പ്രാപിച്ചു. ഏകാക്ഷരകാമരാജമന്ത്രം ജപിക്കെ അവനിലെ ശോകങ്ങള്‍ എല്ലാം അവസാനിച്ചു. രാജാക്കന്മാരുടെ കോലാഹലം തുടങ്ങി. അവരോടു യുദ്ധത്തിനു തുനിഞ്ഞ സുബാഹുവിനെ കുമാരന്‍ ഒരുവിധത്തില്‍ അനുനയിപ്പിച്ചു. പൊരുതാന്‍ തയ്യാറായി നില്‍ക്കുന്ന സൈന്യങ്ങള്‍ ജയജയഘോഷം മുഴക്കി. ശംഖും കുഴലും പെരുമ്പറയും ഉച്ചത്തില്‍ കേള്‍ക്കായി. ശത്രുജിത്തും കൂടെ യുധാജിത്തും പോരിനെത്തി. അവര്‍ സുദര്‍ശനന്റെ നേരെ നില്‍പ്പായി. തന്റെ ജ്യേഷ്ഠനെ വകവരുത്താന്‍ ശത്രുജിത്ത് അസ്ത്രവര്‍ഷം തുടങ്ങി. അതിഭയങ്കരമായ യുദ്ധത്തില്‍ കാശിരാജാവും തന്റെ സൈന്യങ്ങളോടോപ്പം പങ്കെടുത്തു. യുദ്ധം കൊടുമ്പിരിക്കൊള്‍കേ, സിംഹവാഹിനിയായ ദേവി അവിടെ പ്രത്യക്ഷയായി. അനേകദിവ്യായുധങ്ങളും മാലകളും ധരിച്ച ദേവി നാനാരത്നങ്ങള്‍ പതിച്ച ആഭരണങ്ങള്‍ അണിഞ്ഞിരുന്നു. രാജാക്കന്മാര്‍ ആ കാഴ്ച കണ്ടു മോഹിതരായി.  


‘ആരാണീ സിംഹാസനാരൂഢ?’ എന്ന് സുബാഹു ചോദിച്ചപ്പോള്‍ സുദര്‍ശനന്‍ ഇങ്ങിനെ പറഞ്ഞു: ‘രാജാവേ, മഹാദേവി എഴുന്നള്ളിയിരിക്കുന്നു. ആ ദേവിയുടെ ആവീര്‍ഭാവം എന്നെ അനുഗ്രഹിക്കാന്‍ തന്നെയാണ്. എന്നിലെ ഭയങ്ങളെല്ലാം ഇല്ലാതായിരിക്കുന്നു.’ രാജാവും സുദര്‍ശനനും ദേവിയെ കൈകൂപ്പി തൊഴുതു. അപ്പോള്‍ സിംഹം ഉച്ചത്തില്‍ ഒന്നലറി. ആനകള്‍ പേടിച്ചരണ്ടു. കൊടുങ്കാറ്റു വീശി, ആകാശം ഇരുളാണ്ടു. ആ സമയം സുദര്‍ശനന്‍ തന്റെ സേനാപതിയോട് രാജാക്കന്മാരുടെ മദ്ധ്യത്തിലേയ്ക്ക് തേര് തെളിക്കാന്‍ ആവശ്യപ്പെട്ടു. ‘സാക്ഷാല്‍ പരാശക്തി നമ്മെ തുണയ്ക്കാനുള്ളപ്പോള്‍ യാതൊരു ശങ്കയും വേണ്ട’. യുധാജിത്ത് തന്റെ കൂട്ടാളികളോട് ‘പേടിച്ചു നില്‍ക്കാതെ ആ കുമാരനെയും കന്യകയും കൊന്നുകളയാന്‍’ കല്‍പ്പിച്ചു. ‘സിംഹത്തിന്റെ പുറത്തൊരു പെണ്ണ് വന്നു നില്‍ക്കുന്നത് കണ്ടു എല്ലാവരും ഭയന്ന് പോയോ? വധ്യനായ ഒരുവനെ എങ്ങിനെയാണ്‌ വെറുതെവിടുക? സിംഹം കണ്ണുവച്ചതിനെ കുറുക്കന്‍ കൊണ്ട് പോവുകയോ? അവനെക്കൊന്നു നമുക്ക് കന്യകയെ പിടിച്ചുകൊണ്ടുപോകാം.’ 


ചെവിയോളം വില്ല് വലിച്ചു കുലച്ച് കൂര്‍ത്ത് മൂര്‍ത്ത ശരങ്ങള്‍ കുമാരന് നേരെ എയ്തു. ആ അമ്പുകളെല്ലാം സുദര്‍ശനന്‍ തന്റെ ബാണം കൊണ്ട് തടുത്തു. ഈ കാഴ്ച കണ്ടു ചണ്ഡികയായ ദേവിയും യുധാജിത്തിന്റെ നേരെ അമ്പുകള്‍ വര്‍ഷിച്ചു. ദേവി നാനാരൂപങ്ങള്‍ കൈക്കൊണ്ടും വിവിധങ്ങളായ അസ്ത്രങ്ങള്‍ ധരിച്ചും യുദ്ധം ചെയ്തു. യുധാജിത്തും ശത്രുജിത്തും കാലപുരിയെത്തി. എങ്ങും ജയജയാരവം മുഴങ്ങി. സുബാഹുവും കുമാരനും ദുര്‍ഗ്ഗയെ വാഴ്ത്തി. 


"സുബാഹു സ്തുതിച്ചു: 'അമ്മേ, ജഗജ്ജനനി, നിന്നെ ഞാന്‍ നമിക്കുന്നു. സകല കാമങ്ങളും നിവൃത്തിക്കുന്ന അവിടുത്തേയ്ക്ക് എന്റെ നമസ്കാരം. ദേവീ, സഗുണനായ ഞാനെത്ര ചിന്തിച്ചാലും നിര്‍ഗുണമായ നിന്റെ മഹത്വം എങ്ങിനെ വര്‍ണ്ണിക്കാനാകും? ഭക്തന്മാര്‍ക്ക് സര്‍വ്വാഭീഷട്ങ്ങളും നല്‍കുന്ന അവിടുത്തെ ഞാനെങ്ങിനെ സ്തുതിക്കാനാണ്! നീയാണ് ബുദ്ധി, വാക്ക്, വിദ്യ, സകലജീവികളിലും സ്പന്ദിക്കുന്ന ജീവന്‍. അങ്ങിനെയുള്ള നിന്നെ, സകലജീവികളുടെയും മനോനിയന്ത്രണം കയ്യിലുള്ള അവിടുത്തെ എല്ലായ്പ്പോഴും എങ്ങും നിറഞ്ഞു വിളങ്ങുന്ന ആത്മസ്വരൂപയായ സര്‍വ്വേശ്വരിയെ ഞാനേത് വാക്കുകളാല്‍ സ്തുതിക്കും? ബ്രഹ്മാദികള്‍ സ്തുതിച്ചിട്ടുപോലും അവിടുത്തെ മഹിമാവിശേഷങ്ങള്‍ തീര്‍ന്നില്ലല്ലോ. അങ്ങിനെയെങ്കില്‍ എന്നെപ്പോലുള്ള ഒരജ്ഞാനിക്ക് നിന്റെ ഗുണഗണങ്ങള്‍ വാഴ്ത്താന്‍ ആവുന്നതെങ്ങിനെ? യാദൃശ്ചികമായി കിട്ടുന്ന സത്സംഗം പോലും ചിത്തശുദ്ധിക്ക് നിദാനമാകുന്നു. അവിടുത്തെ ഭക്തനായ എന്റെ ജാമാതാവുമായുള്ള സംഗം എന്നെ അമ്മയോട് കൂടുതല്‍ അടുപ്പിച്ചിരിക്കുന്നു. അവനിലൂടെ അമ്മയെ ദര്‍ശിക്കാനും എനിക്കായി. ബ്രഹ്മാദികളും ഇന്ദ്രാദികളും കൊതിക്കുന്ന ആ അസുലഭദര്‍ശനം  യോഗസാധനകള്‍ കൂടാതെ തന്നെ എനിക്ക് സാധിച്ചിരിക്കുന്നു. സംസാരദുഖത്തിനുള്ള ഏക ഔഷധം അവിടുത്തെ ദിവ്യദര്‍ശനം മാത്രമാണ്. സദാ കാരുണ്യവര്‍ഷം ചൊരിയുന്ന അവിടുന്ന് തന്നെയാണ് ദേവഗണങ്ങള്‍ സദാ പൂജിക്കുന്ന ജഗന്മയി. അതിബലവാന്മാരായ ശത്രുക്കളെ കൊന്ന് നീയീ ബാലനെ രക്ഷിച്ചു. ആപത്തില്‍ രക്ഷയേകുന്ന അവിടുത്തെ ഭക്താനുകമ്പ എത്രയെന്നു വാഴ്ത്താന്‍ മൂഢമതിയായ എനിക്ക് കഴിയുന്നില്ലല്ലോ! വാസ്തവത്തില്‍ ഇതിലൊന്നും അത്ഭുതം കാണേണ്ടതില്ല. സകലതിന്റെയും നിയന്താവായ ദേവി ശത്രുവിനെ കൊന്നു സുദര്‍ശനനെ രക്ഷിച്ചു. സകലതിന്റെയും രക്ഷിതാവായ അമ്മ ഇങ്ങിനെ ചെയ്തില്ലെങ്കിലല്ലേ അത്ഭുതം! നിന്നെ ഭജിക്കുന്ന ഭക്തന്റെ കീര്‍ത്തി പരത്താനായി അവിടുന്നൊരു നാടകം ആടിയതുമാവാം. അല്ലെങ്കില്‍ എന്റെ മകളുടെ വിവാഹത്തില്‍ നിന്നുണ്ടായ വൈരം യുദ്ധത്തില്‍ കലാശിച്ചപ്പോള്‍ സുശീലനും സൌമ്യനുമായ ഈ കുമാരനെങ്ങിനെ വിജയമുണ്ടാവാനാണ്! ഭക്തരുടെ ജനനമരണദുഖങ്ങള്‍ ഇല്ലാതാക്കാന്‍ പോന്ന അവിടുത്തേയ്ക്ക് അവരുടെ ഭൌതീകങ്ങളായ ആശകള്‍ തീര്‍ക്കാന്‍ സാധിക്കുന്നതില്‍ അത്ഭുതമൊന്നുമില്ല. സത്തുക്കള്‍ അമ്മയെ സഗുണയായും നിര്‍ഗുണയായും അപാരയായും, പാപപുണ്യാതീതയായും ആരാധിക്കുന്നു. അവിടുത്തെ ദര്‍ശനഭാഗ്യം ലഭിക്കുകമൂലം ഞാന്‍ ധന്യനും സുകൃതിയുമായി. അവിടുത്തെ ബീജമന്ത്രം പോലും അറിവില്ലാത്ത എനിക്ക് അവിടുത്തെ മഹിമയെന്തെന്നറിയാന്‍ ഇന്നീ മഹദ് ദര്‍ശനം കൊണ്ട് സാധിച്ചു. 


രാജാവിങ്ങിനെ സ്തുതിക്കവേ, ദേവി മന്ദസ്മിതത്തോടെ “അഭീഷ്ടവരം എന്താണെകിലും ചോദിച്ചു കൊള്ളൂ', എന്ന് അരുളിച്ചെയ്തു.

No comments:

Post a Comment