Devi

Devi

Friday, December 11, 2015

ദിവസം 51. ശ്രീമദ്‌ ദേവീഭാഗവതം. 3. 14. സുദര്‍ശനോത്പത്തി

ദിവസം 51. ശ്രീമദ്‌ ദേവീഭാഗവതം. 3. 14. സുദര്‍ശനോത്പത്തി

ശ്രുതോ വൈ ഹരിണാ ക്ലുപ്തോ യജ്ഞോ വിസ്തരതോ ദ്വിജ
മഹിമാനം യഥാംബായാ വദ വിസ്തരതോ മമ
ശ്രുത്വാ ദേവ്യാശ്ചരിത്രം  വൈ കുര്‍വ്വേ മഖമനുത്തമം
പ്രസാദാത്തവ  വിപ്രേന്ദ്ര  ഭവിഷ്യാമി ച പാവന:

ജനമേജയന്‍ പറഞ്ഞു: 'ഭഗവാന്‍ ശ്രീഹരി അനുഷ്ഠിച്ചതായ   അംബായജ്ഞം എങ്ങിനെയയിരുന്നുവെന്ന് അങ്ങ് വിവരിച്ചുവല്ലോ. ഇനി ആ ദേവിയുടെ മാഹാത്മ്യത്തെക്കൂടി ഞങ്ങള്‍ക്കായി വര്‍ണ്ണിച്ചാലും. ദേവിയുടെ മഹച്ചരിതം കേട്ടതിനു ശേഷം ഞാന്‍ ആ ദിവ്യമായ ദേവീയജ്ഞം ചെയ്യാം. അങ്ങിനെ ഞാന്‍ എല്ലാ പാപങ്ങളില്‍ നിന്നും മുക്തനാവട്ടെ.'

വ്യാസന്‍ പറഞ്ഞു: 'അതീവ മഹത്തരമായ ദേവീചരിതം ഞാന്‍ വിസ്തരിക്കാം. അതിനായി ഒരു കഥ കേട്ടാലും. സൂര്യവംശത്തില്‍ പുഷ്പപുത്രനായി മഹാതേജസ്വിയായ ധ്രുവസന്ധി എന്നൊരു രാജാവുണ്ടായിരുന്നു. അയോദ്ധ്യയിലെ രാജാവായിരുന്ന അദ്ദേഹം ധര്‍മ്മിഷ്ഠനും വര്‍ണ്ണാശ്രമധര്‍മ്മങ്ങളില്‍ നിഷ്ണാതനുമായിരുന്നു. അദ്ദേഹത്തിന്‍റെ രാജ്യത്ത് നാല് വര്‍ണ്ണങ്ങളില്‍പ്പെട്ടവരും അവരവരുടെ ധര്‍മങ്ങള്‍ യഥാവിധി അനുഷ്ടിച്ചുവന്നു. കള്ളന്മാരോ ദുഷ്ടലാക്കുള്ളവരോ രാജ്യത്തുണ്ടായിരുന്നില്ല. മനുഷ്യര്‍ക്ക് ലുബ്ധോ, ധൂര്‍ത്തോ, ഏഷണിയോ, കുബുദ്ധിയോ ഉണ്ടായിരുന്നില്ല. ധ്രുവസന്ധിക്ക് രൂപവതികളായ രണ്ടു രാജ്ഞിമാര്‍ ഉണ്ടായിരുന്നു. മനോരമയും ലീലാവതിയും. രണ്ടുപേരുമായി രാജാവ് നന്ദനോദ്യാനങ്ങളില്‍ ക്രീഡിച്ചും സുഖസമ്പത്തുകള്‍ ആസ്വദിച്ചും ജീവിതം കൊണ്ടാടി. 

മനോരമയുടെ പുത്രന്‍ സുദര്‍ശനന്‍. ലീലാവതിയുടെ  കുമാരന്‍ ശത്രുജിത്ത്. രാജാവ് അതീവസന്തോഷത്തോടെ ദാനധര്‍മ്മങ്ങളും കുമാരന്മാര്‍ക്ക് വേണ്ടി ജാതസംസ്കാരകര്‍മ്മങ്ങളും നടത്തി തനിക്കുണ്ടായ പുത്രലാഭം നന്നായി ആഘോഷിച്ചു. രണ്ടു പുത്രന്മാരെയും യാതൊരു പക്ഷപാതവും കൂടാതെ രാജാവ് ഒരുപോലെ സ്നേഹിച്ചു. പുത്രന്മാര്‍ക്ക് യഥാകാലം ചൂഡാകര്‍മ്മം (ആദ്യത്തെ മുടി വെട്ടല്‍) നടത്തിച്ചു. അതിസുന്ദരന്മാരായ ഈ ബാലന്മാര്‍ അവരുടെ ചേഷ്ടിതങ്ങള്‍ കൊണ്ട് കൊട്ടാരത്തിലെ എല്ലാവരെയും ആകര്‍ഷിച്ചു.  ശത്രുജിത്ത് നല്ല വാക്  ചാതുരിയുള്ളവനായിരുന്നു. അതിനാല്‍ രാജാവിനും മന്ത്രിമാര്‍ക്കും നാട്ടുകാര്‍ക്കും ഇളയവനായ ശത്രുജിത്തിനോടു പ്രിയം ഏറിവന്നു. മൂത്തവനായ സുദര്‍ശനനില്‍ എല്ലാവരുടെയും പ്രീതി അല്‍പം കുറവായിരുന്നു. ഒരു ദിവസം രാജാവ് വേട്ടയ്ക്കായി കാട്ടിലേയ്ക്ക് പോയി. മാന്‍, ആന, പന്നി എന്നിങ്ങിനെ വിവിധമൃഗങ്ങളെ വേട്ടയാടി രാജാവ് രസിച്ചു വരവേ, കാട്ടില്‍ നിന്നും ഒരു സിംഹം അദ്ദേഹത്തിനു മുന്നില്‍ ചാടി വീണു. രാജാവയച്ച അമ്പ്‌ കൊണ്ട് ക്രുദ്ധനായ സിംഹം അലറിവിളിച്ചു. വാലുമുയര്‍ത്തിപ്പിടിച്ചു സടകുടഞ്ഞുകൊണ്ട് സിംഹം രാജാവിന്റെ നേരേ ചാടി. രാജാവാണെങ്കില്‍ ഉറയില്‍നിന്നുമൂരിപ്പിടിച്ച വാളുമായി അതി പരാക്രമത്തോടെ അവനെ നേരിടാന്‍ തയ്യാറായി നിന്നു. അപ്പോള്‍ രാജഭടന്മാര്‍ സിംഹത്തിനു നേരെ ശരവര്‍ഷം ചൊരിഞ്ഞു. അമ്പേറ്റു വലഞ്ഞ സിംഹം രാജാവിന്റെ മേല്‍ ചാടി വീഴേ രാജാവ് അതിനെ വാളുകൊണ്ട് വെട്ടി, സിംഹം ക്ഷണത്തില്‍ കുതിച്ചു ചാടി തിരിഞ്ഞുവന്ന് ഹിംസ്രനഖങ്ങള്‍ കൊണ്ട് രാജാവിനെ മാന്തിപ്പൊളിച്ച് കൊന്നുകളഞ്ഞു. സേവകവൃന്ദം നിലവിളിച്ചുകൊണ്ട് ശരമാരി തുടരവേ സിംഹവും ചത്തു വീണു. പരിവാരങ്ങള്‍ കൊട്ടാരത്തില്‍ച്ചെന്നു മന്ത്രിമാരോട് നടന്ന സംഭവങ്ങള്‍ വിവരിച്ചു. വനത്തില്‍പ്പോയി അവര്‍ രാജാവിനായി സംസ്കാരകര്‍മ്മങ്ങള്‍ വേണ്ടപോലെ ചെയ്തു. പരലോകസുഖപ്രാപ്തിക്കായി വസിഷ്ഠന്റെ നിര്‍ദ്ദേശപ്രകാരം അവര്‍ എല്ലാ ക്രിയകളും അനുഷ്ഠിച്ചു.

രാജാവിന്റെ മൂത്തപുത്രനായ സുദര്‍ശനനെ രാജാവായി വാഴിക്കാന്‍ മന്ത്രിമാര്‍ തമ്മില്‍ ആലോചിച്ചു. 'അവനാണെങ്കില്‍ ഉത്തമനും ധര്‍മ്മപത്നിയുടെ പുത്രനുമാണ്. കനിഷ്ഠനായ അവനില്‍ രാജലക്ഷണങ്ങള്‍ ഉണ്ട് താനും. ബാലനാണെങ്കിലും അവനെ രാജാവാക്കാം' എന്ന് വസിഷ്ഠനും സമ്മതിച്ചു. ഇങ്ങിനെ കൊട്ടാരത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ ഉജ്ജയിനിയിലെ രാജാവ് യുധാജിത്ത് അവിടെയെത്തി. ലീലാവതിയുടെ പിതാവായ അദ്ദേഹം ജാമാതാവിന്റെ മരണവൃത്താന്തമറിഞ്ഞു വന്നതാണ്‌. സുദര്‍ശനന്റെ മുത്തശ്ശന്‍ കലിംഗരാജാവ് വീരസേനനനും അപ്പോള്‍ അവിടെയെത്തി. രണ്ടു രാജാക്കന്മാരും അവരുടെ പടയുമായാണ് വന്നിട്ടുള്ളത്. പിന്നെ രാജപുത്രന്മാരില്‍ ആരാണ് കിരീടാവകാശി എന്ന തര്‍ക്കമായി. ‘ഈ രണ്ടു പേരില്‍ ജ്യേഷ്ഠന്‍ രാജാവാകുക എന്നത് ന്യായം. എന്നാല്‍ രാജഗുണങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ശത്രുജിത്താണ് ജ്യേഷ്ഠസ്വഭാവം കാണിക്കുന്നവന്‍. പ്രായം കൊണ്ട് മുതിര്‍ന്നവനാണെങ്കിലും ജനപ്രിയനായ ശത്രുജിത്തിനെപ്പോലെയല്ല സുദര്‍ശനന്‍’ എന്നായി യുധാജിത്ത്. വീരസേനന്‍ സുദര്‍ശനനു വേണ്ടിയും വാദിച്ചു. രാജാക്കന്മാര്‍ തമ്മിലുള്ള തര്‍ക്കം മൂത്തു. യുധാജിത്ത് മന്ത്രിമാരെ ഭര്‍സിച്ചു: 'ധനമോഹികളായ നിങ്ങള്‍ സുദര്‍ശനനെ രാജാവാക്കി സ്വാര്‍ത്ഥം നേടാന്‍ നോക്കുകയാണ്! ശത്രുജിത്താണ് പരാക്രമശാലിയും ബലവാനും. അങ്ങിനെയുള്ളവനാണ് രാജാവാകാന്‍ യോഗ്യന്‍. ഇതിനുവേണ്ടി യുദ്ധം ചെയ്യാനും ഞാനൊരുക്കമാണ്’. ഇങ്ങിനെ രാജാക്കന്മാര്‍ തമ്മില്‍ വാക്പോര് തുടര്‍ന്നു. 

വീരസേനന്‍ പറഞ്ഞു: 'രണ്ടു ബാലന്മാരും ഒരേപോലെ ബുദ്ധിമാന്മാരാണ്. അവരില്‍ ഞാനൊരു ഭേദവും കാണുന്നില്ല.' എങ്ങുമെത്താത്ത ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രിമാരും മറ്റെല്ലാവരും ക്ഷീണിച്ചുവശായി. അപ്പോഴേയ്ക്കും സാമന്തരാജാക്കന്മാരും പ്രഭുക്കന്മാരും യുദ്ധോല്‍സുകരായി അവിടെയെത്തിച്ചേര്‍ന്നു. തര്‍ക്കം മൂത്ത് രണ്ടു രാജാക്കന്മാരും തമ്മില്‍ യുദ്ധം ആസന്നമായിത്തീര്‍ന്നു. രണ്ടു കൂട്ടരും യുദ്ധത്തിനു തയ്യാറെടുത്തു.  രാജവിയോഗം മനസ്സിലാക്കിയ ശൃംഗവേരപുരവാസികളായ കാട്ടുകള്ളന്മാര്‍  ആ സമയത്ത് കൊട്ടാരം കൊള്ളയടിക്കാനുള്ള ഉദ്ദേശത്തോടെ നഗരത്തില്‍ എത്തിച്ചേര്‍ന്നു. 'പ്രായപൂര്‍ത്തിയാവാത്ത ചെറുകുമാരന്മാരാണല്ലോ ഇനിയുള്ളത്' എന്നാണവര്‍ കണക്കു കൂട്ടിയിരുന്നത്. 

No comments:

Post a Comment