Devi

Devi

Sunday, December 6, 2015

ദിവസം 46. ശ്രീമദ്‌ ദേവീഭാഗവതം. 3. 9. ഗുണസ്വഭാവം

ദിവസം 46. ശ്രീമദ്‌ ദേവീഭാഗവതം. 3. 9.  ഗുണസ്വഭാവം

ഗുണാനാം ലക്ഷണം താത ഭവതാ കഥിതം കില
ന തൃപ്തോസി പിബന്‍ മിഷ്ടം തന്മുഖാത് പ്രച്യുതം രസം
ഗുണാനാം തു പരിജ്ഞാനം യഥാവദനുവര്‍ണ്ണയ
യേനാഹം പരമാം ശാന്തിമധിഗച്ഛാമി ചേതസി

നാരദന്‍ പറഞ്ഞു: 'അച്ഛാ അങ്ങ് ഗുണങ്ങളുടെ ലക്ഷണങ്ങള്‍ വിശദമായിത്തന്നെ പറഞ്ഞു. എങ്കിലും ആ വചനാമൃതപാനം എനിക്ക് മതിയായിട്ടില്ല. ഗുണങ്ങളെപ്പറ്റി കൂടുതല്‍ അറിയാനായി ഞാന്‍ ആഗ്രഹിക്കുന്നു.'

ബ്രഹ്മാവ്‌ പറഞ്ഞു: 'ഗുണസ്വഭാവങ്ങളെപ്പറ്റി എനിക്കും മുഴുവനായി അറിയാന്‍ വയ്യ. എന്നാലും ഞാന്‍ ആവും വിധം നിനക്കായി വിവരിക്കാം. കേവലമായ സത്വം ഒരിക്കലും ഒരിടത്തും സ്വതന്ത്രമായി കാണപ്പെടുന്നില്ല. ഗുണങ്ങള്‍ മിശ്രമായി കാണപ്പെടുന്നു. സുന്ദരിയായ ഒരു തരുണി തന്റെ ഭാവഹാവാദികള്‍ കൊണ്ട് തന്റെ ഭര്‍ത്താവിനു സന്തുഷ്ടിയേകുന്നു. അവള്‍ തന്നെ മാതാപിതാക്കള്‍ക്ക് പ്രീതിയും നല്‍കുന്നു. എന്നാലവള്‍ സപത്നിമാര്‍ക്ക് ദുഖം നല്‍കാന്‍ കഴിയുന്നവളാണ്. ഈ സ്ത്രീയുടെ കര്‍മ്മമാണ്‌ സത്വഗുണം ചെയ്യുന്നത്. രജസ്സുമായി ചേര്‍ന്നും തമസ്സുമായി ചേര്‍ന്നും വിവിധങ്ങളായ മിശ്രഗുണങ്ങളെയുണ്ടാക്കാന്‍ സത്വത്തിന് കഴിയുന്നു. അതുപോലെ രജസ്സെന്ന സ്ത്രീയും തമസ്സെന്ന സ്ത്രീയും പരസ്പരം കൂടിച്ചേര്‍ന്നു വ്യത്യസ്തഭാവങ്ങളെ ഉണ്ടാക്കുന്നു. ഒറ്റയ്ക്കെടുത്താല്‍ ഈ ഗുണങ്ങള്‍ക്ക് വ്യതിരിക്തതയൊന്നുമില്ല. എന്നാല്‍ സമ്മിശ്രഭാവത്തില്‍ ഗുണങ്ങള്‍ വിപരീതഗുണങ്ങളെപ്പോലും കാണിക്കുന്നു. രൂപഗുണംകൊണ്ടും സൌശീല്യംകൊണ്ടും ഉത്തമയും, ലാവണ്യവതിയുമായ യുവതി തന്റെ ഭര്‍ത്താവിനെ കാമശാസ്ത്രവിധിപ്രകാരം സംപ്രീതനാക്കുന്നവളായിരിക്കാം. എന്നാലവള്‍ കൂടെയുള്ള സപത്നിമാര്‍ക്ക് ദുഖവും, മോഹഭംഗവും ഉണ്ടാക്കുന്നു. സത്വഭാവത്തിലെ വൈകൃതം ജനത്തിനു തോന്നുന്നത് ഇതുപോലുള്ളവരിലൂടെയാണ്. ആ യുവതി സത്വഗുണസമ്പന്നയാണെന്ന് ജനം പറയുമ്പോഴും അനുഭവത്തില്‍ അവളുടെ സ്വഭാവം ചിലര്‍ക്കെങ്കിലും താമസഭാവം കൈക്കൊള്ളുന്നതായാണ് അനുഭവം. അതുപോലെ രാജകിങ്കരന്മാര്‍ കുറ്റവാളികളെ ശിക്ഷിക്കുന്നുമ്പോള്‍ത്തന്നെ  സദ്‌ജനങ്ങള്‍ക്ക്  രക്ഷയേകുന്നു. ചിലപ്പോള്‍ കാര്‍മേഘമിരുണ്ട് കൂടി ഇടിയും മിന്നലും ചേര്‍ന്ന് പെരുംമഴ പെയ്യുന്നു. മണ്ണിനെ കുളുര്‍പ്പിക്കുന്ന ആ മഴ ചിലര്‍ക്ക് ദുരിതമായി തോന്നാം. എന്നാല്‍ പാടത്ത് വിത്തിറക്കുന്ന കര്‍ഷകന്റെ ഉള്ളു നിറയ്ക്കാന്‍ ആ ജലവര്‍ഷത്തിനാകും. കെട്ടിമേഞ്ഞുറപ്പ് വരുത്താത്ത കൂരയില്‍ കഴിയുന്നവനും, വിറകു പെറുക്കുന്നവനും ഈ പെരുമഴ എത്ര ശല്യമാണ്! ഭര്‍ത്തൃവിരഹം അനുഭവിക്കുന്നവള്‍ക്ക് പേമാരിനിറഞ്ഞ ദുര്‍ദ്ദിനങ്ങള്‍ കൂടുതല്‍ ദു:ഖമയമാണ്.  അങ്ങിനെ ഗുണങ്ങള്‍ ചിലപ്പോള്‍ വിപരീതഭാവങ്ങളെ കാണിക്കുന്നു. 

സത്വഗുണം ലഘുവായി പ്രകാശിക്കുന്നു. അത് സദാ നിര്‍മലവും സ്പഷ്ടവുമാണ്. പഞ്ചേന്ദ്രിയങ്ങള്‍ കലുഷരഹിതവും മനസ്സ് നിര്‍മ്മലവും ആയിരിക്കുമ്പോള്‍ വിഷയാഭിമുഖ്യം തീരെ കുറവായിരിക്കും. എന്നാല്‍ തടിച്ച ദേഹം, സദാ കോട്ടുവായിടുന്ന സ്വഭാവം, ആലസ്യം എന്നിവ രജോഗുണലക്ഷണങ്ങളാണ്. അങ്ങിനെയുള്ളയാള്‍ എവിടെയാണ് പോരിനു പോകേണ്ടതെന്ന് എപ്പോഴും തേടി നടക്കുന്നു. മറ്റുള്ളവരുമായി തര്‍ക്കിക്കാന്‍ അവനു നല്ല താല്‍പ്പര്യമായിരിക്കും. ഇന്ദ്രിയങ്ങളെ ഇരുട്ട് മൂടുമ്പോള്‍ മനസ്സ് ചഞ്ചലമാകുന്നു. ദേഹം തടിച്ച് ഉറക്കമില്ലായ്മപോലുള്ള തമോ ലക്ഷണങ്ങള്‍ കാണാവുന്നു.'

തമ്മില്‍ ശത്രുതാഭാവമുള്ള ഭിന്നസ്വഭാവഗുണങ്ങള്‍ എങ്ങിനെയാണ്  ഒത്തൊരുമിച്ച് കാര്യങ്ങള്‍ നടത്തുന്നതെന്ന് നാരദന്‍ ചോദിച്ചപ്പോള്‍ ബ്രഹ്മാവ്‌ ഇങ്ങിനെ തുടര്‍ന്നു: 'മകനേ, ഗുണങ്ങള്‍ക്ക് ദീപത്തിന്റെ സ്വഭാവമാണ്. വിളക്കിലെ തിരി, എണ്ണ തീ എന്നിവ ഭിന്നങ്ങളാണ്. എന്നാല്‍ അവ ചേര്‍ന്ന് ദീപമുണ്ടാക്കി വെളിച്ചമേകുന്നു. എണ്ണയ്ക്ക് തീയിനോട് വൈരം; എണ്ണയുടെ വൈരിയാണ് തിരി; തിരിയുടെ ശത്രുവാണ് അഗ്നി. ഇങ്ങിനെ പരസ്പരം ശത്രുതയിലാണ് മൂന്നുമെങ്കിലും അവ ഒന്നിച്ചു നിന്ന് വസ്തുക്കളെ പ്രകാശിപ്പിക്കുന്നു.'

വ്യാസന്‍ തുടര്‍ന്നു: ബ്രഹ്മാവ്‌ ത്രിഗുണങ്ങളെ ഇങ്ങിനെ വിശദമാക്കിയതിനെപ്പറ്റി പറഞ്ഞ ശേഷം നാരദന്‍ എന്നോടു പറഞ്ഞു: 'ഹേ, സത്യവതീ സുത, വിശ്വത്തിനു കാരണമായി നില്‍ക്കുന്നത് ത്രിഗുണങ്ങളാണ് എന്ന് ഞാന്‍ കേട്ടിരിക്കുന്നു. കാര്യഭേദത്താല്‍ സഗുണയായും നിര്‍ഗുണയായും വര്‍ത്തിക്കുന്ന സമാരാദ്ധ്യയായ ദേവി എങ്ങും നിറഞ്ഞു വിളങ്ങുന്നു. അവ്യയനും നിരീഹനും, പരമപുരുഷനുമായ ആത്മാവ് അകര്‍ത്താവാണ്. സ്വതന്ത്രമായ കര്‍മ്മശേഷി ദേവിക്കല്ലാതെ പരമപുരുഷനുപോലുമില്ല. ആ മഹാമായയുടെ സൃഷ്ടികളാണ് സത്തും അസത്തുമായി പരിലസിക്കുന്നത്. സൂര്യചന്ദ്രന്മാരും ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരും ആശ്വനീ ദേവകളും വസുക്കളും കുബേരന്‍, വരുണന്‍, അഗ്നി, വായു, സ്കന്ദന്‍, ഗണപതി, എന്നുവേണ്ട സകല ദേവതകളും ശക്തിയാര്‍ജ്ജിക്കുന്നത് ‘ശക്തി’ കൂടെയുള്ളതുകൊണ്ട് മാത്രമാണ്. ശക്തി കൂടെയില്ലെങ്കില്‍ അവര്‍ക്ക് സ്വകര്‍മ്മങ്ങള്‍ പോലും ചെയ്യാനാവില്ല. ജഗത്തിന്റെ പരമേശ്വരിയായ അമ്മയെ സദാ ആരാധിക്കുക. മഹാലക്ഷ്മി, മഹാവാണി, മഹാകാളി എന്നിങ്ങിനെയുള്ള ഭാവങ്ങളുള്ള ആ ജഗജ്ജനനി സര്‍വ്വഭൂതങ്ങള്‍ക്കും ഈശ്വരിയാണ്. സര്‍വ്വാഭീഷ്ടപ്രദായിനിയാണ്. അസ്പഷ്ടമായെങ്കിലും അവിടുത്തെ നാമം ജപിക്കുന്ന മാത്രയില്‍ അഭീഷ്ടങ്ങളെ നടപ്പിലാക്കാന്‍ സദാ സന്നദ്ധയാണ് അമ്മ. മുമുക്ഷുക്കളായ മഹാമുനിമാര്‍ക്ക് അമ്മയുടെ ഈ പ്രാഭവം പ്രത്യക്ഷമാണ്. 

വനത്തില്‍ ക്രൂരമൃഗങ്ങളെക്കണ്ട് ‘ഐ, ഐ’, എന്ന് അക്ഷരശുദ്ധിയില്ലാതെ കരഞ്ഞു വിളിച്ചാല്‍പ്പോലും അഭയം നല്‍കാന്‍ അമ്മ സദാ തയ്യാറാണ്. സത്യവ്രതന്റെ കഥ ഇതിനു ദൃഷ്ടാന്തമാണല്ലോ. സത്യവ്രതന്‍ വിദ്യാഭ്യാസമില്ലാത്ത ഒരു ബ്രാഹ്മണനായിരുന്നു. ബീജബിന്ദുവില്ലാത്ത ‘ഐ’ എന്ന ശബ്ദം അയാള്‍ യാദൃശ്ചികമായി കേട്ടത് ഒരു പന്നിയുടെ മുഖത്തുനിന്നാണ്. അതയാള്‍ സ്വയം ഉച്ചരിച്ചുജപിച്ച് വലിയൊരു വിദ്വാനായി മാറിയത്രേ. ‘ഐ’ങ്കാരം ഉച്ചരിച്ചതില്‍  സംപ്രീതയായ ദേവി ആ മൂഢനെ മഹാകവിയാക്കി മാറ്റി. അങ്ങിനെയുള്ള ദേവിയുടെ മഹിമ ഞാനെങ്ങിനെ വര്‍ണ്ണിക്കും?    

1 comment: