Devi

Devi

Thursday, December 3, 2015

ദിവസം 43. ശ്രീമദ്‌ ദേവീഭാഗവതം. 3.6. ബ്രഹ്മാദ്യുപദേശം

ദിവസം 43. ശ്രീമദ്‌ ദേവീഭാഗവതം. 3.6. ബ്രഹ്മാദ്യുപദേശം

ഇതി പ്രുഷ്ടാ മായാ ദേവീ വിനയാവനതേന ച
ഉവാച വചനം ശ്ലക്ഷണമാദ്യാ ഭഗവതീ ഹി സാ

സദൈകത്വം ന ഭേദോfസ്തി സര്‍വ്വ ദൈവ മമാസ്യ ച
യോfസൌ സാഹമകം യോfസൌ ഭേദോfസ്തി മതി വിഭ്രമാത്

ബ്രഹ്മാവ്‌ തുടര്‍ന്നു: ഞാനിങ്ങിനെ വിനയപുരസ്സരം ചോദിച്ചതിനുത്തരമായി ദേവി അതിമൃദുലവാണിയില്‍ ഇങ്ങിനെ അരുളിച്ചെയ്തു.

ദേവി പറഞ്ഞു: വാസ്തവത്തില്‍ എല്ലാം ഒന്നേയുള്ളൂ. ഞാനും പുരുഷനും ഭേദമില്ല. ഞാന്‍ അവനും അവന്‍ ഞാനുമാകുന്നു. ഞങ്ങള്‍ തമ്മിലുണ്ടെന്നു കരുതപ്പെടുന്ന അന്തരത്തിന്റെ മൂലം കണ്ടെത്തിയവന്‍ ബുദ്ധിമാനും മുക്തനുമാകുന്നു. നിത്യവും സനാതനവുമായത് ബ്രഹ്മം മാത്രമാണ്. എന്നാല്‍ സൃഷ്ടിയുടെ ആരംഭത്തില്‍ 'രണ്ടു'ണ്ടാവുന്നു. കണ്ണാടിയില്‍ ദീപത്തിന്റെ പ്രതിഫലനം ഉണ്ടാവുന്നതുപോലെ ദ്വൈതം സൃഷ്ടിയില്‍ കാണാകുന്നു. അതായത് ഭേദഭാവം സര്‍ഗ്ഗകാലത്ത് മാത്രമുള്ളതാണ്. ദൃശ്യാദൃശ്യഭേദങ്ങള്‍ അപ്പോള്‍ ഉണ്ടാവുന്നതായി അനുഭവപ്പെടുന്നു. സൃഷ്ടിയുടെ തലത്തിലല്ലെങ്കില്‍ ഞാന്‍ ആണോ പെണ്ണോ നപുംസകമോ ഒന്നുമല്ല. സൃഷ്ട്യാരംഭത്തിലെ ഈ ഭേദം കേവലം ഭാവന മാത്രമാണ്. ഞാന്‍ തന്നെയാണ് ബുദ്ധി. ശ്രീ, കാന്തി, ധൃതി, കീര്‍ത്തി, മേധ, ദയ, ലജ്ജ, തൃഷ്ണ, ക്ഷമ, ജര, യൌവനം, ശക്തി, അശക്തി, നിദ്ര, ആലസ്യം എന്നുവേണ്ട എല്ലാ വിശേഷണങ്ങളും ഞാനാണ്. മാംസം, മജ്ജ, ത്വക്, സത്യാസത്യങ്ങള്‍, പരാ, പശ്യന്തി, മധ്യമാ തുടങ്ങിയ വാക്ഭേദങ്ങള്‍, നാഡീസമൂഹങ്ങള്‍ എല്ലാം ഞാനാകുന്നു, അല്ലെങ്കില്‍ എന്റെ ഭാവരൂപങ്ങളാകുന്നു. ഞാനല്ലാതെ ഈ സംസാരത്തില്‍ യാതൊന്നുമില്ല. ഈ സൃഷ്ടിയില്‍ സര്‍വ്വവ്യാപിനിയായത് ഞാന്‍ മാത്രമാണ്. എല്ലാ ദേവന്മാരിലും നാമരൂപങ്ങള്‍ കൈക്കൊണ്ട് അവര്‍ക്ക് ശക്തിയായി വിളങ്ങുന്നത് ഞാനാണ്. ഗൌരി, ബ്രാഹ്മി, രൌദ്രി, വാരാഹി, ശിവം വൈഷ്ണവി, കൌബരി, വാരുണി, ഐന്ദ്രി, നാരസിംഹി എന്നെല്ലാം ഞാന്‍ അറിയപ്പെടുന്നു.

ഓരോരോ വസ്തുക്കളും സൃഷ്ടിച്ചിട്ട് ഞാനതില്‍ത്തന്നെ വാഴുന്നു. പുരുഷന്‍ അതിനു നിമിത്തമാകുന്നു. ജലത്തില്‍ തണുപ്പ്, സൂര്യനില്‍ ജ്യോതിസ്സ്, അഗ്നിയില്‍ ചൂട്, ചന്ദ്രനില്‍ മഞ്ഞ്, എന്നിങ്ങിനെ വസ്തുക്കളുടെ 'സ്വ'ത്വം ഞാനാണ്. ജീവജാലങ്ങള്‍ക്ക് ഒന്നിളകണമെങ്കില്‍പ്പോലും  ഞാനതിനുള്ള ശക്തി നല്‍കണം. അസുരനിഗ്രഹം ചെയ്യാന്‍ പരമപുരുഷനുപോലും ഞാനാണ് ശക്തി നല്‍കുന്നത്. ശക്തി എന്ന നാമം തന്നെ എന്നെക്കുറിച്ചാണ്. ദുര്‍ബ്ബലനെ ‘ശക്തിയില്ലാത്തവന്‍’ എന്നാണു വിളിക്കുക. അവനൊരു ‘രുദ്രഹീനന്‍’, അല്ലെങ്കില്‍ ‘വിഷ്ണുഹീനന്‍’ എന്ന് ദുര്‍ബ്ബലനെ ആരും വിളിക്കാറില്ല. പതിതനെയും, ഭീതനെയും ശാന്തനെയും എല്ലാം ശക്തിയില്ലാത്തവന്‍ എന്നാണു വിളിക്കുക. അങ്ങേയ്ക്ക് സൃഷ്ടി ചെയ്യുന്നതിനുള്ള ശക്തി നല്‍കുന്നത് ഞാനാണ്. അതുപോലെതന്നെയാണ് വിഷ്ണു, ഇന്ദ്രന്‍, അഗ്നി, യമന്‍, ത്വഷ്ടാവ് തുടങ്ങിയ ദേവകളുടെ കാര്യവും. ഭൂമീദേവി ധരിത്രിയാണ്. എന്നാല്‍ ‘ധരിക്കാന്‍’ അവള്‍ക്ക് ശക്തി കൂടിയേ തീരൂ. ജലം കുടിച്ചു വറ്റിക്കാനും ആദിത്യനെ സംഹരിക്കാനും  കാറ്റിനെ തടയാനും യഥേഷ്ടം പ്രവര്‍ത്തിക്കാനും എനിക്കേ കഴിയൂ. ഭൂമി മുതലായവയെ അസത്ത് അല്ലെങ്കില്‍ ജഡം എന്ന് കരുതുന്നത് തെറ്റാണ്. അവയ്ക്ക് വൈകാരികമായ മാറ്റങ്ങള്‍ ഉണ്ടാവും എന്നല്ലാതെ വാസ്തവത്തില്‍ അവയ്ക്ക് പൂര്‍ണ്ണ നാശമുണ്ടാവുന്നില്ല. മണ്ണ് കുഴച്ചുണ്ടാക്കുന്ന കുടത്തില്‍ ‘പ്രാഗ്ഭാവവും’ അതുടഞ്ഞ കഷണത്തില്‍ ‘വിധ്വംസാഭാവവും’ ഉണ്ട്. അതായത് കുടത്തിനുള്ളത് ഭാവമാറ്റം മാത്രമാണ്. അതിനു പൂര്‍ണ്ണനാശം എന്നത് സംഭവ്യമല്ല. ഇപ്പോള്‍ ഭൂമിയെ കാണുന്നില്ലല്ലോ എന്ന് തോന്നുമ്പോള്‍ മനസ്സിലാക്കാം അത് പരമാണു രൂപത്തിലേയ്ക്ക് ഇപ്പോള്‍ ഉള്‍വലിഞ്ഞിരിക്കുന്നു എന്ന്.

ശാശ്വതം, ക്ഷണികം, ശൂന്യം, നിത്യം, അനിത്യം, കര്‍തൃത്വം, അഹങ്കാരാഗ്രിമത്വം എന്നിങ്ങിനെയുള്ള ഏഴ് ഭേദങ്ങള്‍ ഉണ്ട്. മഹത്തത്വത്തില്‍ നിന്നാണ് അഹങ്കാരം. അതില്‍ നിന്നാണ് സൃഷ്ടിയുടെ ആരംഭം. ബ്രഹ്മാവേ, അങ്ങ് മുന്‍പത്തെപ്പോലെ തന്നെ സൃഷ്ടി സമാരംഭിക്കുക. നിങ്ങള്‍ മൂവരും സ്വസ്ഥാനങ്ങളിലേയ്ക്ക് മടങ്ങുക. സ്വഗേഹങ്ങളില്‍ വസിച്ചു കര്‍മ്മങ്ങളില്‍ വ്യാപൃതരാവുക. ബ്രഹ്മാവേ, മഹാസരസ്വതി എന്ന നാമമുള്ള സദാ പ്രസന്നവതിയായ ഈ ശക്തിശാലിനിയെ, രജോഗുണപ്രധാനിയായ ഈ വനിതയെ നീ വേട്ടാലും. വെള്ളപ്പട്ടും ദിവ്യാഭാരണങ്ങളും ചാര്‍ത്തി ഉത്തമയായിരിക്കുന്ന ഈ ദേവിയെ നിന്റെ സഹധര്‍മ്മിണിയാക്കുക. എന്റെ വിഭൂതിയായ ഇവളെ ഒരിക്കലും അവഗണിക്കാതെ അവളുമായി ക്രീഡിച്ചു സസുഖം വാഴുക. നാല് തരത്തിലുള്ള ജീവജാലങ്ങളെ നിന്റെ ബീജത്തില്‍ നിന്നും സൃഷ്ടിക്കുക. ബീജം എന്നത് മഹത് തത്വം തന്നെയാണ്. അതില്‍ മുന്‍പത്തെ ലോകചക്രത്തില്‍ നിന്നുമുള്ള ജീവന്റെ സൂക്ഷ്മമായ അംശങ്ങള്‍ നിലകൊള്ളുന്നുണ്ട്. അവയെ കാലകര്‍മ്മസ്വഭാവ വൈജാത്യങ്ങളോടെ വെവ്വേറെയാക്കി സൃഷ്ടിജാലങ്ങളായി പുന:സൃഷ്ടിക്കുകയാണ് നിന്റെ ധര്‍മ്മം. 

സത്വഗുണപ്രധാനിയായ വിഷ്ണുവിനെ നീയെന്നും പൂജിച്ചു ബഹുമാനിക്കണം. സകലര്‍ക്കും ബഹുമാനിക്കാന്‍ യോഗ്യനാണ് വിഷ്ണു. കാരണം നിങ്ങള്‍ക്ക് എപ്പെപ്പോള്‍ ജീവിതം ദുഷ്കരമാവുന്നുവോ അപ്പപ്പോള്‍ നിങ്ങള്‍ക്ക് രക്ഷനല്‍കാനായി ജഗത്തില്‍ അവതരിക്കുന്നത് വിഷ്ണുവാണല്ലോ. വിഷ്ണു ചിലപ്പോള്‍ മൃഗമായും മനുഷ്യനായും ജന്മമെടുക്കുന്നു. രാക്ഷസവൃന്ദത്തെ മുച്ചൂടും ഇല്ലായ്മ ചെയ്യുന്നതും മറ്റാരുമല്ല. മഹാദേവനായ ഹരന്‍ നിന്നെ എപ്പോഴും തുണയ്ക്കും. നീ ദേവന്മാരെയും മറ്റു ജീവജാലങ്ങളേയും സൃഷ്ടിച്ചു സുഖിയായി വാഴുക. ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യശൂദ്രന്മാര്‍ പലവിധത്തിലുള്ള കര്‍മ്മങ്ങളും യജ്ഞങ്ങളും യഥാവിധി നടത്തി നിങ്ങളെ പൂജിക്കും. യാഗവേദികളിലെല്ലാം എന്റെ നാമം മുഴങ്ങുമ്പോള്‍ നിങ്ങള്‍ സംപ്രീതരാകും. തമോഗുണപ്രധാനിയായ മഹാദേവന്‍ എന്ന പരമശിവന്‍ എന്നുമെന്നും പൂജാര്‍ഹനാണ്. ദേവന്മാര്‍ക്ക് അസുരന്മാരില്‍ നിന്നും ഭയമുണ്ടാവുമ്പോള്‍ എന്റെ ശക്തിപ്രഭൃതികള്‍ ഉടലെടുത്ത് അവര്‍ക്ക് അഭയം നല്‍കുന്നു. വാരാഹി, വൈഷ്ണവി, ശൈവി, നാരസിംഹ, ഗൌരി, സദാശിവ തുടങ്ങിയ രൂപങ്ങള്‍ ഉചിതമായ വേളകളില്‍ ഞാന്‍ സ്വയം കൈക്കൊള്ളുന്നു. താമരയില്‍ നിന്നും ഉദ്ഭൂതനായ നീ സൃഷ്ടിയാരംഭിച്ചാലും. ഈ നവാക്ഷരീമന്ത്രം ജപിച്ചുകൊണ്ട്‌ ധ്യാനനിമഗ്നനായി നിന്റെ നിയതകര്‍മ്മങ്ങള്‍ അനുഷ്ടിച്ചാലും. ഈ മന്ത്രം സര്‍വ്വാഭീഷ്ടങ്ങളെ സാധിപ്പിക്കുന്നതും മറ്റു മന്ത്രങ്ങളേക്കാള്‍ അത്യുല്‍ക്കൃഷ്ടവുമത്രേ.

എന്നോടിത്രയും അരുളിച്ചെയ്തിട്ട് ദേവി വിഷ്ണുവിനോട് ഇങ്ങിനെ പറഞ്ഞു: ലക്ഷ്മീദേവിയായ ഈ വിശ്വസുന്ദരിയെ നീ സഹധര്‍മ്മിണിയാക്കുക. നിന്റെ മാറിടത്തെ സദാ അലങ്കരിക്കുന്ന ശക്തിസ്വരൂപിണിയും സര്‍വാര്‍ത്ഥപ്രദായിനിയുമായ ഈ ദേവിയെ നിനക്ക് ഉല്ലസിച്ചു രസിക്കാനായി, നിനക്ക് കൂട്ടിനായി ഞാന്‍ സൃഷ്ടിച്ചതാണ്. ഒരിക്കലും അവളെ നീ അപമാനിക്കരുത്. 'ലക്ഷ്മീനാരായണം' എന്ന ഈ സംയോഗഭാവം എന്റെ സങ്കല്‍പ്പമാണ്. ദേവസംരക്ഷയ്ക്കായി ഞാന്‍ എല്ലാ യജ്ഞങ്ങളെയും സങ്കല്‍പ്പിച്ചു. നിങ്ങള്‍ മൂവരും എപ്പോഴും ഒത്തൊരുമയോടെ ആ യജ്ഞങ്ങളെ സാര്‍ത്ഥകങ്ങളാക്കുക. എന്റെ ഗുണങ്ങള്‍ മൂര്‍ത്തീകരിച്ച നിങ്ങള്‍ എല്ലാവര്‍ക്കും പൂജ്യരും സകലരാലും ബഹുമാനിക്കപ്പെടുന്നവരും ആയിരിക്കും. നിങ്ങള്‍ തമ്മില്‍ ഭേദം കാണുന്നവര്‍ മൂഢന്മാരത്രേ. അവര്‍ക്ക് ദുര്‍ഗതിയാണ് വിധിച്ചിട്ടുള്ളത്. ശിവന്‍ തന്നെ വിഷ്ണു. വിഷ്ണു തന്നെയാണ് ശിവന്‍. അവര്‍ തമ്മില്‍ ഭേദം കണ്ടെത്തുന്നവര്‍ക്ക് നരകം ഫലം. ബ്രഹ്മാവും അവര്‍ക്ക് തുല്യന്‍. മൂവരും തമ്മില്‍ ഭേദമേതുമില്ല. വിഷ്ണുവായ നിന്നില്‍ സത്വഗുണം അധികരിച്ചുണ്ടാവും. എന്നാല്‍ ലക്ഷ്മിയുമായി രമിക്കുമ്പോഴും, സ്തോഭം വരുമ്പോഴും രജോഗുണമായിരിക്കും നിന്നില്‍ അങ്കുരിക്കുക. 'ഐം, ക്ലീം, ഹ്രീം', തുടങ്ങിയ ബീജങ്ങളോടുകൂടിയ പുരുഷാര്‍ത്ഥപ്രദമായ മന്ത്രം ഞാനിതാ അങ്ങേയ്ക്ക് നല്‍കുന്നു. അതിനെ സദാ ധ്യാനിച്ചുകൊണ്ട് മൃത്യുഭീതിയില്ലാതെ സസുഖം വാഴുക. എന്റെ മഹാലീല ഞാന്‍ തുടരുന്നകാലത്തോളം നിങ്ങള്‍ സുഖമായി വാഴും. ഞാനീ ലീലയെ അവസാനിപ്പിക്കുമ്പോള്‍ എന്നില്‍ത്തന്നെ നിങ്ങളും വിലയിക്കും. പ്രണവത്തോടു ചേര്‍ത്ത് ഈ മന്ത്രത്തെ ജപിക്കുക. വൈകുണ്ഡം എന്നൊരിടം നിര്‍മ്മിച്ചു സദാസുഖിയായി എന്നെ ധ്യാനിച്ച്‌ വാണാലും.'

ബ്രഹ്മാവ്‌ പറഞ്ഞു: 'നിര്‍ഗ്ഗുണയായ ദേവി ത്രിഗുണങ്ങള്‍ക്കും കാരണമാണല്ലോ. ആ ദേവി മഹേശ്വരനോട് അമൃതമധുരഭാവത്തില്‍ ഇങ്ങിനെ അരുളി: മനോഹരഗാത്രിയായ ഈ കാളിയെ ഭവാന്‍ സ്വീകരിച്ചാലും. നിന്നില്‍ താമസ്സാകട്ടെ പ്രധാനപ്പെട്ട ഗുണം. കൈലാസം എന്നൊരിടം നിര്‍മ്മിച്ച്‌ അവിടെ നീ വാഴുക. അവിടെ നിന്നില്‍ സത്വരജോഗുണങ്ങള്‍ പ്രബലമല്ലാതെയിരിക്കട്ടെ. രജസ്സും തമസ്സും അസുരന്മാരെ എതിരിടാന്‍ നിനക്കുതകും. എന്നാല്‍ ധ്യാനത്തിനും പരമതത്വം ഗ്രഹിക്കാനും ഭവാന്‍ സത്വഗുണത്തെ കൈക്കൊള്ളുക. നിങ്ങള്‍ മൂവരും ചേര്‍ന്ന് സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കുക. ഏതൊരു വസ്തുവിലും ഈ മൂന്നുഗുണങ്ങള്‍ വിവിധ തോതില്‍ ലീനമാണ്. ദൃശ്യമായ വസ്തുക്കളെല്ലാം ഗുണപ്രസക്തവുമാണ്. നിര്‍ഗ്ഗുണമായത് പരമതത്വം മാത്രമാണ്. അതെങ്ങിനെ ദൃശ്യമാവും? സൃഷ്ടിയുടെ ആദ്യ ദശയില്‍ ഞാന്‍ സഗുണയാണ്. സമാധിയില്‍ ഞാന്‍ നിര്‍ഗ്ഗുണയും ആകുന്നു. പരമശിവാ, ഞാന്‍ എപ്പോഴും ‘കാരണ’മാണ്. ‘കാര്യ’മല്ല ഞാന്‍. കാരണം എന്നെടുക്കുമ്പോള്‍ ഞാന്‍ സഗുണയാകുന്നു. പരമാത്മാവില്‍ ഞാന്‍ നിര്‍ഗുണയാണ്. മഹത്തത്വം, അഹങ്കാരം, ശബ്ദാദിഗുണങ്ങള്‍ എന്നിങ്ങിനെ കാര്യകാരണ രൂപത്തില്‍ അവിരാമമായി തുടരുന്ന സത്താണ് അഹങ്കാരത്തിനു നിദാനമായിരിക്കുന്നത്. ആ സത്ത് ഞാനാകുന്നു. അപ്പോള്‍ അഹങ്കാരം എന്ന 'കാര്യ'ത്തിന്റെ കാരണം ഞാനാകുന്നു. അത് ത്രിഗുണങ്ങളെ അധികരിച്ചാണിരിക്കുന്നത്. അഹങ്കാരത്തില്‍ നിന്നും ഉദിച്ച മഹത് തത്വമാണ് ബുദ്ധി. അതായത് ബുദ്ധി കാര്യവും അഹങ്കാരം കാരണവും ആകുന്നു. അഹങ്കാരത്തില്‍ നിന്നും തന്മാത്രകള്‍ ഉദ്ഭൂതമാവുന്നു. പഞ്ചഭൂതങ്ങള്‍ക്ക് കാരണമാവുന്നത് ഈ തന്മാത്രകളാണ്. ഇവയില്‍ നിന്നാണ് കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ഉണ്ടാവുക. പഞ്ചഭൂതങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍, ജ്ഞാനേന്ദ്രിയങ്ങള്‍, എന്നീ പതിനഞ്ചിന്റെ കൂടെ മനസ്സും ചേര്‍ന്ന് പതിനാറു കലകളാണ് കാര്യകാരണരൂപത്തില്‍ വര്‍ത്തിക്കുന്ന ഗുണങ്ങള്‍. ഇങ്ങിനെയാണ് ആദിസൃഷ്ടിയുടെ ക്രമികവികാസം. ഞാന്‍ സൃഷ്ടിയുടെ ഉദ്ഭവം എങ്ങിനെയെന്ന് ചുരുക്കി വിവരിച്ചു തന്നല്ലോ? ഇനി നിങ്ങള്‍ വിമാനമേറി സ്വന്തം പ്രവര്‍ത്തിമണ്ഡലങ്ങളിലേയ്ക്ക് മടങ്ങിപ്പോവുക. ആപത്ത് വരുമ്പോള്‍ നിങ്ങള്‍ക്ക് ജഗദംബികയായ എന്നെ സ്മരിക്കാം. അപ്പോഴെല്ലാം ഞാനുടന്‍ വന്നു നിങ്ങളുടെ ദുഖങ്ങള്‍ക്ക് നിവൃത്തിയുണ്ടാക്കുന്നതാണ്. നിത്യമായ പരമാത്മാവായി എന്നെ സദാ സ്മരിക്കുക.'

ബ്രഹ്മാവ്‌ പറഞ്ഞു: ദേവി ഇങ്ങിനെയരുളി ഞങ്ങള്‍ ത്രിമൂര്‍ത്തികള്‍ക്ക്  സഹധര്‍മ്മം ആചരിക്കാനായി വിഷ്ണുവിന് ലക്ഷ്മി, ഹരന് മഹാകാളി, എനിക്ക് സരസ്വതി എന്നിവരെ കൂട്ടായി നല്‍കി. ഞങ്ങള്‍ തല്‍ക്ഷണം ആണുങ്ങളായി മാറുകയും ചെയ്തു. ഞങ്ങള്‍ ദേവിയെ സ്മരിച്ചുകൊണ്ട് വിമാനത്തില്‍ കയറി. ആ ദേവിയും മണിമയദ്വീപും സുധാസിന്ധുവും ക്ഷണത്തില്‍ അപ്രത്യക്ഷമായിരിക്കുന്നു. വിമാനം മാത്രമേ ദൃഷ്ടിയില്‍ കാണപ്പെടുന്നുള്ളൂ. ഉടനെതന്നെ ആ വിശാലമായ ആകാശവാഹനം മഹാര്‍ണ്ണവത്തില്‍ വിടര്‍ന്നു വിലസുന്ന താമരയ്ക്കടുത്ത് വന്നു നിന്നു. മധുകൈടഭന്മാര്‍ മുരാരിയുടെ കൈകൊണ്ടു മരണമടഞ്ഞുണ്ടായ ഭൂമിയായിരുന്നു അത്.       

No comments:

Post a Comment