Devi

Devi

Friday, October 23, 2015

ദിവസം 2 വസുദേവരുടെ ദേവീ ഭാഗവത മാഹാത്മ്യ ശ്രവണം

ദിവസം 2 വസുദേവരുടെ ദേവീ ഭാഗവത മാഹാത്മ്യ ശ്രവണം

വസുദേവോ മഹാഭാഗ: കഥം പുത്രമവാപ്തവാന്‍
പ്രസേന: കുത്ര കൃഷ്ണേന ഭ്രമതാ fന്വേഷിത: കഥം
വിധീനാ കേന കസ്മാച്ച ദേവീഭാഗവതം ശ്രുതം
വസുദേവേന സുമതേ വദ സൂത്ര കഥാമീമാം

ഋഷിമാര്‍ പറഞ്ഞു: കൃഷ്ണന്‍ പ്രസേനനെ തേടിനടന്നതും വസുദേവര്‍ക്ക് മകനെ തിരികെ കിട്ടിയതുമായ കഥകള്‍ പറഞ്ഞാലും. ആരാണ്, എങ്ങിനെയാണ് വസുദേവര്‍ക്ക് ഈ പുരാണം പറഞ്ഞുകൊടുത്തത്?

സൂതന്‍ പറഞ്ഞു: അക്കാലത്ത് സത്രാജിത്ത് എന്നൊരു രാജാവ് സൂര്യോപാസകനായി വാണിരുന്നു. ഭക്തനില്‍ സംപ്രീതനായി സൂര്യഭഗവാന്‍ രാജാവിന് സ്യമന്തകം എന്നുപേരായ ഒരു മണിരത്നം നല്‍കി. സത്രാജിത്ത് മണിയും കഴുത്തില്‍ കെട്ടിയാണ് നടപ്പ്. സൂര്യതേജസ്സാണ് ആ മണിക്കുള്ളത്. മാത്രമോ, സര്‍വൈശ്വര്യങ്ങളും നല്‍കുന്ന ആ മണിയിരിക്കുന്നിടത്തു ദിവസവും എട്ടുഭാരം സ്വര്‍ണ്ണം താനേ വന്നുചേരുകയും ചെയ്യും.

സത്രാജിത്തിന്റെ കഴുത്തില്‍ സ്യമന്തകം കണ്ടമ്പരന്ന ജനങ്ങള്‍ ആ ദിവ്യരത്നത്തിന്റെ കാര്യം കൃഷ്ണനോടു പറഞ്ഞു. ചര്‍ച്ചക്കായി അദ്ദേഹം സഭയില്‍ വന്നപ്പോള്‍ കൃഷ്ണന്‍ അയാളെയൊന്നു കളിയാക്കുകയും ചെയ്തു. ‘അതാ സൂര്യന്‍ വരുന്നു... അല്ലല്ല, അത് സൂര്യന്‍ നല്‍കിയ മണിരത്നം മാത്രമാണ്!’എന്നിട്ടൊരു ചിരിയും ചിരിച്ചു.   

ഒരുനാള്‍ ഈ പ്രഭാപൂരിതമായ മണിയും കഴുത്തിലിട്ട് സത്രാജിത്തിന്റെ അനുജനായ പ്രസേനന്‍ നായാട്ടിനായി കുതിരപ്പുറത്തു കാട്ടിലേയ്ക്ക് തിരിച്ചു. കാട്ടിലൊരു സിംഹം രാജാവിനെയും ആശ്വത്തെയും കൊന്ന് ആ മണിയും കടിച്ചു കൊണ്ടുപോയി. അക്കാട്ടില്‍ കഴിഞ്ഞിരുന്ന വാനരശ്രേഷ്ഠനായ ജാംബവാന്‍ സിംഹത്തെക്കൊന്നു രത്നം കൈക്കലാക്കി തന്റെ ഗുഹയില്‍ച്ചെന്ന് മകന് കളിക്കാന്‍ കൊടുത്തു.

നാട്ടില്‍ തന്റെ അനുജനെ ദിവ്യമണി കൈക്കലാക്കാനായി ആരെങ്കിലും കൊന്നുകാണും എന്ന് സത്രാജിത്ത് ഭയന്നു. കൃഷ്ണന് സ്യമന്തകത്തില്‍ പണ്ടേയൊരു നോട്ടമുണ്ടായിരുന്നുവെന്നും പ്രസേനനെ കൊന്നത് കൃഷ്ണനാണെന്നും പെട്ടെന്നൊരു കിംവദന്തി നാട്ടില്‍പ്പരന്നു. കൃഷ്ണന് നാണക്കേടായി. തന്റെ പരിവാരത്തെയും കൂട്ടി പ്രസേനനെത്തേടി അദ്ദേഹം കാട്ടിലേയ്ക്ക് കയറി. കാട്ടില്‍ സിംഹം കൊന്നിട്ട പ്രസേനന്റെ മൃതദേഹം കാണ്‍കയാല്‍ ചോരപ്പാടു കണ്ട് നടന്ന് അദ്ദേഹം ഒടുവില്‍ ജാംബവാന്റെ ഗുഹയുടെ വാതില്‍ക്കല്‍ച്ചെന്നു. കൂടെയുള്ളവരോടു കാത്തുനില്‍ക്കാന്‍ പറഞ്ഞു കൃഷ്ണന്‍ ഗുഹയ്ക്കകത്ത് കയറി. ഒരു കുട്ടിക്കുരങ്ങന്‍ രത്നം കൊണ്ട് കളിക്കുന്നു! അത് അവനില്‍ നിന്നും എടുക്കാന്‍ ശ്രമിക്കുമ്പോള്‍ സാക്ഷാല്‍ ജാംബവാന്‍ ഗുഹയുടെ ഉള്ളറയില്‍ നിന്നും പുറത്തുവന്നു. പിന്നെയവിടെ അവര്‍ തമ്മില്‍ ഇരുപത്തിയേഴു ദിവസം നീണ്ട മല്ലയുദ്ധമായിരുന്നു. ആരെയും പുറത്തു കാണാഞ്ഞു കൃഷ്ണന്‍ ഗുഹയ്ക്കുള്ളില്‍പ്പെട്ടു മരിച്ചു എന്ന് കരുതി പന്ത്രണ്ടുദിനം കഴിഞ്ഞപ്പോള്‍ കൃഷ്ണന്റെ പരിവാരങ്ങള്‍ നാട്ടിലേയ്ക്ക് തിരിച്ചുപോയി. കൊട്ടാരം ദുഃഖപൂരിതമായി. വസുദേവര്‍ വല്ലാതെ സങ്കടപ്പെട്ടു.

അപ്പോള്‍ നാരദന്‍ അവിടെയെത്തി രാജാവിന്റെ ദുഃഖകാരണം അന്വേഷിച്ചു. പ്രസേനന്റെ കഥയും ഗുഹയില്‍ കൃഷ്ണന്‍ കയറിയതുമെല്ലാം രാജാവ് നാരദനോട് പറഞ്ഞു. 'ഇത്രനാളായിട്ടും എന്റെമകന്‍ മടങ്ങി വന്നിട്ടില്ല. എങ്ങിനെയാണ് ഇനി ഞങ്ങള്‍ക്ക് അവനെ കാണാന്‍ സാധിക്കുക?'

അപ്പോള്‍ നാരദന്‍ പറഞ്ഞു, പുത്രനെ കണ്ടുകിട്ടാന്‍ ദേവീ ഉപാസന ചെയ്യണം. അതു നന്മയിലേയ്ക്ക് നയിക്കും എന്നത് നിശ്ചയം. സച്ചിദാനന്ദസ്വരൂപിണിയും ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ക്ക് പ്രാഭവം നല്കുന്നവളുമായ ദേവി സംസാരബന്ധത്തെ തീര്‍ക്കാന്‍ സാധകനെ സഹായിക്കുന്നു. ഒന്‍പതു ദിവസംകൊണ്ട് നവാഹമായി ദേവീഭാഗവതം പഠിക്കുക. അതുകഴിയുമ്പോഴെയ്ക്കും അങ്ങയുടെ പുത്രന്‍ വന്നു ചേരും.

വസുദേവര്‍‌ പറഞ്ഞു: അങ്ങിപ്പോള്‍ ഓര്‍മ്മിപ്പിച്ചതുകൊണ്ട് പറയാം, എനിയ്ക്കും ദേവിയുടെ അനുഗ്രഹം നേരത്തെ തന്നെ ലഭിച്ചിട്ടുണ്ട്. എട്ടാമനായ ദേവകീപുത്രന്‍ തന്നെ വധിക്കും എന്ന ഭീതിയായിരുന്നുവല്ലോ കംസനുണ്ടായിരുന്നത്. അക്കാരണം കൊണ്ട് കംസന്‍ ഞങ്ങളെ കാരാഗ്രഹത്തിലാക്കി. ഞങ്ങള്‍ക്കുണ്ടായ കുട്ടികളെയെല്ലാം അയാള്‍ വകവരുത്തി. ആറുകുട്ടികളും ഇങ്ങിനെ കൊല്ലപ്പെട്ടപ്പോള്‍ ദേവകിക്ക് വ്യസനം സഹിച്ചില്ല. ഞാനുടനെ ഗര്‍ഗമുനിയെ കാരാഗ്രഹത്തില്‍ വരുത്തി ദേവകിയുടെ ദു:ഖം പറഞ്ഞു. അദ്ദേഹം പറഞ്ഞത് ദുര്‍ഗ്ഗയെ പൂജിക്കുകയാണെങ്കില്‍ നമ്മുടെ അഭീഷ്ടങ്ങള്‍ എല്ലാം സാധിക്കും എന്നാണ്. എനിക്ക് ആ കാരാഗ്രഹത്തില്‍ വെച്ച് പൂജിക്കാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഗര്‍ഗ്ഗമുനിയോടു തന്നെ എനിക്കുവേണ്ടി പൂജകള്‍ ചെയ്യാന്‍ ഞാനപേക്ഷിച്ചു. ഞാന്‍ അവിടെയിരുന്നു  മനസാ പൂജകള്‍ ചെയ്തു. വിന്ധ്യാപര്‍വ്വതത്തില്‍ മറ്റുമുനിമാരോടുകൂടി ഗര്‍ഗ്ഗമുനി വിപുലമായ ചണ്ഡീപൂജ നടത്തി. 

'പൂജയുടെ ഒടുവില്‍ ആകാശത്തുനിന്നും ഒരശരീരി കേട്ടു. ഗര്‍ഗ്ഗമുനി അശരീരി വൃത്താന്തം എന്നെ കേള്‍പ്പിച്ചു. വസുദേവര്‍ക്ക് അഭീഷ്ടസിദ്ധിയുണ്ടാവുമെന്നും  ദേവകിയില്‍ സാക്ഷാല്‍ ഹരിയുടെ അവതാരം ഉണ്ടാവുമെന്നുമായിരുന്നു ആ ശബ്ദം. കാരാഗ്രഹത്തില്‍ ജനിക്കുന്ന കുട്ടിയെ ഗോകുലത്തില്‍ കൊണ്ട് പോയാക്കി അവിടെ യശോദ പ്രസവിച്ച കുട്ടിയെ ഇങ്ങോട്ട് കൊണ്ടുവരാന്‍ വസുദേവര്‍ക്ക് നിയോഗമുണ്ടെന്നും കേട്ടു. കാരാഗ്രഹത്തില്‍ ജനിച്ച കുഞ്ഞിനെ കംസന്‍ നിലത്തടിച്ചു കൊല്ലും മുന്പ് അത് ആകാശത്തേയ്ക്കുയര്‍ന്നുപോയി, ഭൂമിയ്ക്ക് ഹിതം ചെയ്യാന്‍ ആ കുട്ടി ദുര്‍ഗ്ഗയായി നിലകൊള്ളുമെന്നായിരുന്നു മുനിപ്രവചനം.  ഞങ്ങള്‍ അതീവ സന്തുഷ്ടരായി. അന്നുമുതല്‍ ദേവീഭാഗവതം കേള്‍ക്കാന്‍ എന്നില്‍ ആശയുണ്ടായിരുന്നു. ഇപ്പോഴാണതിനു സമയമായത്. അങ്ങുതന്നെ എന്നെയത് ചോല്ലിക്കേള്‍പ്പിക്കണം.'

നാരദന്‍ നല്ലൊരു ദിവസത്തില്‍ കഥ പറയാന്‍ ആരംഭിച്ചു. ഗണപതി സ്തുതിയും ദുര്‍ഗ്ഗാസപ്തശതീസ്തോത്രവും ചൊല്ലിയാണ് പുരാണം തുടങ്ങിയത്. ഒന്‍പതു ദിവസം മഹാമുനി നാരദനില്‍ നിന്നും വസുദേവര്‍ ദേവീഭാഗവതം ശ്രവിച്ചു. മുനിയെ രാജാവ് പൂജിച്ച് ആദരിച്ചു.

ആ സമയം ഗുഹയില്‍ ജാംബവാന്‍ കൃഷ്ണന്‍റെ താഡനമേറ്റ് കുഴഞ്ഞുവീണിരുന്നു. പിന്നെയെഴുന്നേറ്റു ബോധം വന്നപ്പോള്‍ ഭക്തിയോടെ കൃഷ്ണനെ തൊഴുത്. ‘അങ്ങ് രാഘവന്‍ തന്നെയാണ്. അങ്ങയുടെ കോപത്തില്‍ ലങ്കയും രാവണനും എല്ലാം തകര്‍ന്നതല്ലേ?. രാമനും കൃഷ്ണനുമായ അങ്ങ് ആജ്ഞാപിക്കൂ. ഞാനത് ശിരസാവഹിക്കാം.' എന്ന് പറഞ്ഞു ജാംബവാന്‍ തൊഴുതു നിന്നു. താന്‍ സ്യമന്തകം കണ്ടുപിടിക്കാന്‍ വന്നതാണെന്നുള്ള കാര്യം അറിഞ്ഞപ്പോള്‍ ജാംബവാന്‍ മണിരത്നത്തോടോപ്പം തന്റെ പുത്രി ജാംബവതിയെയും കൃഷ്ണന് നല്‍കി. കഴുത്തില്‍ സ്യമന്തക മണിയുമണിഞ്ഞു ജാംബവതിയുടെ കയ്യും പിടിച്ചു കൃഷ്ണന്‍ കൊട്ടാരത്തിലെത്തി. ഭഗവതീനവാഹം കഴിഞ്ഞു ദക്ഷിണ നടക്കുന്ന സമയത്തായിരുന്നു അവരുടെ ആഗമനം. എല്ലാവരെയും അനുഗ്രഹിച്ച് നാരദന്‍ വിടകൊണ്ടു.

ഇക്കഥ ആര്‍ ഭക്തിയോടെ ചൊല്ലുന്നുവോ അവര്‍ക്ക് ലൌകീക സുഖവും അവസാനം മുക്തിയും ലഭിക്കും. 

ശ്രീ സ്കന്ദപുരാണത്തില്‍ മാനസഖണ്ഡത്തില്‍ ദേവീഭാഗവതമാഹാത്മ്യം രണ്ടാമദ്ധ്യായം   

1 comment:

  1. കൃഷ്ണനെ കണ്ടു കിട്ടാന്‍ ദേവീ ഉപാസന ചെയ്യണം. അതു നന്മയിലേയ്ക്ക് നയിക്കും എന്നത് നിശ്ചയം. കൃഷ്ണന്‍ എന്നാന്‍ എന്റെ" ബോധം" .
    എന്‍റെ ബോധത്തിലേക്ക്‌ കടക്കാന്‍ ദേവിയെ ഉപാസിക്കണം ...നന്ദി നന്ദി ...
    അന്നുമുതല്‍ ദേവീഭാഗവതം കേള്‍ക്കാന്‍ എന്നില്‍ ആശയുണ്ടായിരുന്നു. ഇപ്പോഴാണതിനു സമയമായത്. അങ്ങുതന്നെ എന്നെയത് ചോല്ലിക്കേള്‍പ്പിക്കണം.'

    നന്ദി നന്ദി

    ReplyDelete