Devi

Devi

Saturday, October 31, 2015

ദിവസം 10 ശ്രീമദ്‌ ദേവീഭാഗവതം 1.5. ഹയഗ്രീവാവതാരം

ദിവസം 10 ശ്രീമദ്‌ ദേവീഭാഗവതം 1.5.  ഹയഗ്രീവാവതാരം

സൂതാസ്മകം മന: കാമം മാഗ്നം സംശയസാഗരേ
യഥോക്തം മഹദാശ്ചര്യം ജഗദ്‌ വിസ്മയ കാരകം
യന്മൂര്‍ദ്ധാ മാധവസ്യാപി ഗതോ ദേഹാത് പുന: പരം
ഹയഗ്രീവസ്തതോ ജാത: സര്‍വ്വകര്‍ത്താ ജനാര്‍ദ്ദന:

ഋഷിമാര്‍ അത്ഭുതത്തോടെ ചോദിച്ചു: അങ്ങെന്താണ് പറയുന്നത്? സാക്ഷാല്‍ ഭഗവാന്‍ ഹരിയുടെ തല തെറിച്ചുപോയിട്ട് അതിനുപകരം ഒരു കുതിരയുടെ തല വെച്ച് പിടിപ്പിച്ചുവെന്നോ? വിണ്ണവര്‍ക്കും മുനിമാര്‍ക്കുമെല്ലാം ആശ്രയമായിരിക്കുന്ന ശ്രീഹരിക്കും ഭാഗ്യക്കേടോ? ഞങ്ങളില്‍ സംശയങ്ങളുടെ സമുദ്രം തന്നെ ഉയരുകയാണ്. മഹാശയാ, എല്ലാം വിസ്തരിച്ചു പറഞ്ഞു തന്നാലും.

സൂതന്‍ തുടര്‍ന്നു:  ഭഗവാന്‍ ശ്രീഹരി പതിനായിരമാണ്ട് യുദ്ധം ചെയ്തു ക്ഷീണിതനായി തളര്‍ന്നു നില്‍ക്കുകയാണ്. ഞാണിട്ട വില്ലില്‍ തലയും താങ്ങി കാല്‍വിരല്‍ത്തുമ്പില്‍ തന്റെ ഭാരം വെച്ച് ഭഗവാന്‍ ഉറങ്ങിപ്പോയി. അങ്ങിനെ കാലം കുറേ കടന്നുപോയി. രുദ്രാദികള്‍ ഒരു യാഗം നടത്താന്‍ ഉത്സുകരായി ബ്രഹ്മാവുമൊത്ത് വൈകുണ്ഡത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവിടെ ഭഗവാനെ കണ്ടില്ല. ഭഗവല്‍ സന്നിധി പൂകിയ ബ്രഹ്മാവും രുദ്രനും ഇന്ദ്രനുമെല്ലാം കൂടി വിഷ്ണുവിനെ ഉണര്‍ത്തുവാന്‍ മാര്‍ഗ്ഗമെന്തെന്ന് ആലോചിച്ചു. ഒരാളുടെ നിദ്രാഭംഗത്തിന് ഇടയാക്കിയാല്‍  അതില്‍ ദോഷമുണ്ട്. എന്നാല്‍ യാഗം നടക്കുകയും വേണം. അപ്പോള്‍ ബ്രഹ്മാവ്‌ ‘ചിതല്‍’ എന്ന് പേരായ ഒരു കൃമിയെ സൃഷ്ടിച്ചു. 

വില്ലിന്റെ അറ്റം ചിതലരിച്ചാല്‍ വില്ലിന്റെ പാത്തി നിവര്‍ന്നു വരും, അപ്പോള്‍ ഭഗവാന്‍ ഉണരും എന്നതായിരുന്നു ബ്രഹ്മാവിന്റെ ബുദ്ധി. ബ്രഹ്മാവ്‌ ചിതലിനോടിങ്ങിനെ ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചിതല് പറഞ്ഞു: 'നിദ്രാഭംഗം, കഥാഭംഗം, ദമ്പതീപ്രീതിഭേദം, അമ്മയില്‍ നിന്നും കുട്ടിയെ അകറ്റല്‍ എന്നിവയൊക്കെ മഹാപാപമല്ലേ? പിന്നെ സ്വാര്‍ത്ഥത്തിനായി ഞാനിതെങ്ങിനെ ചെയ്യും?'

ബ്രഹ്മാവ്‌ പറഞ്ഞു: 'നിനക്കും യജ്ഞത്തില്‍ ഭാഗമാകാം. യജ്ഞാഹുതിയില്‍ വീഴുന്ന ഹവിസ്സിന്റെ പൊട്ടും പൊടിയുമെല്ലാം യജ്ഞകുണ്ഡത്തിന്റെ ചുറ്റും ചിതറി വീഴുമല്ലോ? അവയെല്ലാം നിനക്കെടുക്കാം. ഇപ്പോള്‍ കാര്യം നടത്തുക.'

ബ്രഹ്മാവ്‌ ഇങ്ങിനെ പറഞ്ഞപ്പോള്‍ ചിതല്‍ ആ വില്ലിന്റെ ഞാണറ്റം കരളാന്‍ തുടങ്ങി. പെട്ടെന്ന് ഭീകരാരവത്തോടെ ഞാണ് മുറിഞ്ഞു. ഞാണിന്റെ താഴ്ഭാഗം മുറിഞ്ഞപ്പോള്‍ വില്ലിന്റെ മേല്‍ത്തല പെട്ടെന്ന്‍ തെറിച്ചുയര്‍ന്നു. അതില്‍ച്ചാരി വിശ്രമിച്ചിരുന്ന ശ്രീഹരിയുടെ തല കിരീടത്തോടെ ദൂരെ തെറിച്ചു വീണു. ബ്രഹ്മാണ്ഡം കുലുങ്ങി. എല്ലാവരും ഭയചകിതരായി. കൊടുങ്കാറ്റു വീശി. സമുദ്രം ഇളകി. ആകാശത്ത് കൊള്ളിമീന്‍ വീശി. സൂര്യന്‍ ഇരുളില്‍ ഒളിച്ചു. ദിക്കുകള്‍ കാണാതായി.

അന്ധകാരം ഒട്ടൊന്നു കുറഞ്ഞപ്പോള്‍ ഭഗവാന്‍ തലയറ്റു നിലത്തു പതിച്ചതായി പരമശിവന്‍ കണ്ടു. ഈ കബന്ധം കണ്ട് എല്ലാവരും ദുഖാകുലരായി. 'പരമ പുരുഷനായ അങ്ങയെ മുറിക്കാനോ ഉടയ്ക്കാനോ എരിക്കാനോ ആവില്ലയെന്നിരിക്കെ, തലമാത്രം എവിടെയാണ് തെറിച്ചു പോയത്? നിന്റെ ഗതി ഇതാണെങ്കില്‍ വിണ്ണവര്‍ക്കും യാതൊരു രക്ഷയുമില്ലല്ലോ! ഇതിലിപ്പോ രാക്ഷസന്മാരെ കുറ്റം പറയാന്‍ പറ്റില്ല. എല്ലാം ആകാശവാസികളായ ദേവന്മാരുടെ പണിയാണ്. അവര്‍ക്കുള്ള ഏകാശ്രയം അവര് തന്നെ ഇല്ലാതാക്കി. മായയെ നിയന്ത്രിക്കുന്ന നിനക്കീ ഗതിവന്നത് സത്വരജസ്തമോ മായകള്‍ ഒന്നിനാലുമല്ല.'

അപ്പോള്‍ സുരാചാര്യന്‍ പറഞ്ഞു: ഇനി വിലപിച്ചിട്ട് കാര്യമില്ല. എന്താണ് വേണ്ടതെന്നു വച്ചാല്‍ അത് നമുക്കാലോചിക്കാം. ഈശ്വരനും, ഉത്സാഹവും, രണ്ടും സമ്യക്കായി ചേര്‍ന്നാല്‍ ദൈവഹിതംപോലെ കാര്യങ്ങള്‍ നടക്കും. വിഷ്ണുശിരസ്സ് ദേവന്മാര്‍ നോക്കിനില്‍ക്കെയാണ് തെറിച്ചത്‌. എന്നാല്‍ എല്ലാറ്റിനും മീതെ ദൈവം തന്നെയാണ് എന്ന് തന്റെ അഭിപ്രായവും ഇന്ദ്രന്‍ പറഞ്ഞു.

ബ്രഹ്മാവ്‌ പറഞ്ഞു: 'അതാത് കാലത്തുണ്ടാവുന്ന നന്മയും തിന്മയുമെല്ലാം ദൈവഹിതമെന്നോര്‍ത്തു നേരിടുകയെന്നതാണ് കരണീയം. ദേഹമുണ്ടെങ്കില്‍ സുഖദുഖങ്ങളും നിശ്ചയം. പരമശിവന്‍ പണ്ടൊരിക്കല്‍ എന്റെ ശിരസ്സും അറുത്തെടുത്തുവല്ലോ! ശിവന്റെ ലിംഗം മഹര്‍ഷിമാരുടെ ശാപത്താല്‍ ഒരിക്കല്‍ താഴെ വീഴുകയും ചെയ്തിട്ടുണ്ട്. അതുപോലെയാണ് ഇന്ന് വിഷ്ണുവിന്റെ ശിരസ്സറ്റ് തെറിച്ചത്‌. ഇന്ദ്രനാണെങ്കില്‍ ആയിരം യോനികള്‍ തന്നില്‍ കൊണ്ടുനടക്കേണ്ടതായി വന്നു. സ്വര്‍ഗ്ഗഭ്രംശനായി താമരയ്ക്കുള്ളില്‍ ഒളിച്ചു താമസിക്കേണ്ട ഗതിയും അദ്ദേഹത്തിന് ഉണ്ടായി. ദുഃഖം അനുഭവിക്കാത്തതായി ആരുമില്ല ഈ ലോകത്തില്‍. അതിനാല്‍ ശോകം വെടിയുകയാണ് നല്ലത്. അതിനായി നമുക്ക് മഹാമായയായ പരാശക്തിയെ ധ്യാനിക്കാം. മൂന്നുലോകങ്ങളും സകലചരാചരങ്ങളും നിറഞ്ഞു വിളങ്ങുന്ന ബ്രഹ്മവിദ്യതന്നെയാണ് ജഗത്തിനെ നയിക്കുന്ന അമ്മ.'

സൂതന്‍ പറഞ്ഞു: ഉടലാര്‍ന്നു നില്‍ക്കുന്ന വേദങ്ങളോട് പത്മസംഭവനായ ബ്രഹ്മാവ്‌ പറഞ്ഞു: 'നിങ്ങള്‍ ബ്രഹ്മവിദ്യാസ്വരൂപിണിയായ മഹാമായയെ പ്രകീര്‍ത്തിക്കുക.' 

സനാതനയും, ജ്ഞാനാഭിഗമ്യയും ശ്രേഷ്ഠയുമായ ദേവിയെ വേദങ്ങള്‍ ഇങ്ങിനെ സ്തുതിച്ചു: നിര്‍ഗ്ഗുണയും ഭുവനേശ്വരിയും ജഗദുത്പത്തിക്ക് നിദാനവുമായ ദേവീ, ഗായത്രീ, ഞങ്ങള്‍ അവിടുത്തെ കൈകൂപ്പി തൊഴുന്നു. സകലജീവികള്‍ക്കും ആധാരമായ, അവരുടെ ബുദ്ധി, ശ്രദ്ധ, സ്മൃതി എന്നുവേണ്ട എല്ലാറ്റിന്റെയും ശാന്തിയും കാന്തിയുമായ അമ്മേ, നമസ്കാരം. അവിടുന്നാണ് ഗീതകങ്ങളിലെ അര്‍ദ്ധമാത്ര. നീ ഗായത്രിയും വ്യാകരണവുമാണ്. ജയയും വിജയയുമാണ്. മൂന്നുലോകങ്ങളും ചമയ്ക്കുന്നതില്‍ നിപുണയായുള്ള സര്‍വ്വചരാചരമാതാവായ അവിടുത്തെ പദയുഗളങ്ങളില്‍ ഞങ്ങള്‍ പ്രണമിക്കുന്നു. സകലലോകത്തിനും ഹിതകാരിണിയും വിദ്യാ സ്വരൂപിണിയും മംഗളകാരിണിയും വാഗ്ബീജ സ്ഥിതയും ഭവരോഗത്തെ ഇല്ലാതാക്കുന്നവളുമായ അമ്മേ, നിനക്ക് നമസ്കാരം. വിഷ്ണു, രുദ്രന്‍, വിധി, അഗ്നി, സൂര്യന്‍ എന്നുവേണ്ട എല്ലാറ്റിനെയും നീയാണ് സൃഷ്ടിച്ചത്. അതിനാല്‍ത്തന്നെ അവരെക്കാളേറെ വൈശിഷ്ട്യം നിനക്കുണ്ട്‌. ഭുവനനിര്‍മ്മിതിയ്ക്കായി സംസാരലേശമില്ലാതെ അവിടുന്ന് ഇച്ഛിക്കുമ്പോള്‍ അക്കാര്യങ്ങളുടെ നടത്തിപ്പിനായി അവിടുന്നു തന്നെ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെ സൃഷ്ടിക്കുന്നു. അവരെക്കൊണ്ടു സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്തിക്കുന്നു.

ലോകത്തിലെ ഒരാള്‍ക്കുപോലും അവിടുത്തെ മഹിമ പൂര്‍ണ്ണമായി അറിയാനാവില്ല. അവിടുത്തെ നാമങ്ങളെ എണ്ണാന്‍ ആര്‍ക്കാവും? ചെറിയൊരു തോടു കടക്കാന്‍ അറിയാത്ത മനുഷ്യന് കടല് താണ്ടാന്‍ എങ്ങിനെ കഴിയും? വേദവാക്യങ്ങളില്‍ പ്രകീര്‍ത്തിച്ചതുപോലെ ഈ മിഥ്യാപ്രപഞ്ചത്തെ ഒറ്റയ്ക്ക് നിര്‍മ്മിച്ചു സംരക്ഷിക്കുന്ന അമ്മയുടെ അനന്തശക്തിയെ വര്‍ണ്ണിക്കാന്‍ ആര്‍ക്കു കഴിയും? സകലജഗത്തിനും കാരണമായ അവിടുത്തെ ചരിതം എത്ര വിസ്മയകരം! അവിടുത്തെ പ്രഭാവത്തെ അറിയുക എന്നത് വേദങ്ങള്‍ക്ക് പോലും അപ്രാപ്യമാണ്. അവിടുത്തെ പരമപ്രഭയെക്കുറിച്ച് അവിടുത്തേയ്ക്ക് പോലും അറിയാമോ എന്ന് സംശയം. അപ്പോള്‍പ്പിന്നെ ഞങ്ങള്‍ എങ്ങിനെയാണത് സാധിക്കുക?

ഭഗവാന്‍ ശ്രീഹരിയുടെ ശിരസ്സറ്റ് പോയ കഥ അവിടുന്നറിഞ്ഞില്ല എന്ന് വരുമോ? അതോ അവിടുന്നു നമ്മെ പരീക്ഷിക്കുകയാണോ? ഹരിക്ക് ഇത്തരമൊരു ദുരിതമേര്‍പ്പെടാന്‍ കാരണമെന്താണ്? അവിടുത്തെ പാദങ്ങളുടെ പുകള്‍ പാടുന്നവര്‍ക്കെങ്ങിനെയാണ് ദുരിതസഞ്ചയം അനുഭവിക്കേണ്ടി വരുന്നത്? ദേവകാര്യം നടത്താന്‍ അമാന്തമരുതേ. വിഷ്ണുവിനായുള്ള തല എവിടെനിന്നും ലഭിക്കും എന്ന് അരുളിയാലും. ദേവന്മാര്‍ ചെയ്തുകൂട്ടിയ പാപങ്ങളെല്ലാം അവിടുന്നു ശ്രീഹരിയുടെ മേല്‍ ചാര്‍ത്തിക്കൊടുത്തതാണോ, അതോ ശ്രീഹരിയുടെ കോപത്തെ ശമിപ്പിക്കാന്‍ അവിടുന്നു ചെയ്യുന്ന കളിയാണോ ഇത്? അതോ ദൈത്യന്മാര്‍ അവിടുത്തെ പ്രസാദിപ്പിച്ചു നേടിയ വരബലമാണോ ഞങ്ങള്‍ കാണുന്നത് ? ശിരസ്സില്ലാത്ത ഹരിയുടെ ഉടല്‍ കാണുന്നത് അവിടുത്തേയ്ക്ക് ഒരു നേരമ്പോക്കാണോ?

അല്ല, ലക്ഷമീദേവിയോട് കോപിച്ച് അവളെ നീ നാഥനില്ലാതെയാക്കിയതാണോ? അവിടുത്തെ അംശജയായ ലക്ഷ്മീ ദേവിയുടെ വൈധവ്യം അവസാനിപ്പിച്ചാലും. അവിടുത്തെ അടി പണിയുന്നവര്‍ക്കായി ഈ ദേവന്മാരുടെ ആഗ്രഹം നിവൃത്തിച്ചു നല്‍കിയാലും. ശ്രീഹരിക്ക് ഒരു ശിരസ്സ്‌ നല്‍കി മാലോകരുടെ ദുഖത്തെ ഇല്ലാതാക്കിയാലും. ഭഗവാന്റെ തല എവിടെയാണ് തെറിച്ചു വീണതെന്ന് ഞങ്ങള്‍ക്കറിയില്ല. ജീവന്‍ നല്‍കുന്ന അമൃതുപോലെ അവിടുന്നല്ലേ ലോകത്തിനുയിരു നല്‍കുന്നത്.

സൂതന്‍ തുടര്‍ന്നു: ഇങ്ങിനെ വേദപ്രകീര്‍ത്തനം കേട്ട് സംപ്രീതയായ ദേവി ആകാശത്തു നിന്നുകൊണ്ട് ഇങ്ങിനെ അരുളിച്ചെയ്തു. ‘ഞാന്‍ സംപ്രീതയായിരിക്കുന്നു, അതില്‍ ആര്‍ക്കും സംശയം വേണ്ട. ഈ വേദസ്തുതികള്‍ ആര് ചൊല്ലിയാലും പഠിച്ചാലും അവന്റെ എല്ലാ ആഗ്രഹങ്ങളും നടപ്പിലാകും. വേദതുല്യമാണീ സ്തുതി. ഇത് കേള്‍ക്കുന്നവന്‍ ദുഖങ്ങളെല്ലാം തീര്‍ന്നു സൌഖ്യത്തെ പ്രാപിക്കും. 

ഇനി ശ്രീഹരിയുടെ തലയറ്റുപോകാനുള്ള കാരണം പറയാം. ലോകത്ത് കാരണമില്ലാതെ ഒരു കാര്യവും ഉണ്ടായിട്ടില്ലല്ലോ. ഒരിക്കല്‍ ഭഗവാന്‍ ഹരി തന്റെ അടുത്തിരിക്കുന്ന ലക്ഷ്മീദേവിയുടെ രമ്യമുഖം നോക്കി പുഞ്ചിരി തൂകി. 'എന്തിനാണിപ്പോള്‍ ഭഗവാന്‍ എന്നെ നോക്കി ചിരിച്ചത്? തന്‍റെ മുഖത്ത് വല്ല വൈരൂപ്യവും വന്നുപെട്ടിട്ടുണ്ടാവുമോ എന്ന് ദേവി ഭയപ്പെട്ടു. അല്ലെങ്കില്‍ മറ്റൊരു സുന്ദരിയെക്കൂടി ഭഗവാന്‍ സപത്നിയാക്കിക്കാണും!' ഇങ്ങിനെ ചിന്തിക്കേ, ദേവി പെട്ടെന്ന് തമോരൂപിണിയായി. ഏതോ ദേവകാര്യം സാധിക്കാനാവണം ഈ തമോഭാവം ദേവീമുഖത്തുണ്ടായത്. ‘നിന്റെ തല വീണു പോകട്ടെ’ എന്ന് ദേവിയുടെ വായില്‍നിന്നും ശാപവാക്കുകള്‍ പുറത്തുവന്നു. 

അറിയാതെയാണെങ്കിലും സ്വന്തം സുഖത്തെത്തന്നെയാണ് ദേവി നശിപ്പിച്ചത്. അസത്യം, സാഹസം, കള്ളം, മൂഢത്വം, ലോഭം, അശുദ്ധി, നിര്‍ദ്ദയത്വം, എന്നിവ സ്ത്രീകളില്‍ സഹജമത്രേ. ലക്ഷ്മീദേവിയുടെ ശാപബലത്താല്‍ ഇപ്പോഴും ആ ശിരസ്സ് ഉപ്പുകടലില്‍ പൂണ്ടു കിടക്കുകയാണ്. സാരമില്ല, ഭഗവാന്റെ തല ഞാന്‍ വീണ്ടെടുക്കാം.

ദേവന്മാരേ, ഇതിന്റെ പിറകില്‍ മറ്റൊരു കാരണവും കൂടിയുണ്ട്. അത് നിങ്ങള്‍ക്ക് ഉപകാരമുള്ള കാര്യമാണ്! ഹയഗ്രീവന്‍ എന്നൊരു ദാനവന്‍ സരസ്വതീ തീരത്ത് ഉഗ്രതപസ്സനുഷ്ഠിച്ചിരുന്നു. എന്റെ ഏകാക്ഷരമന്ത്രം ജപിച്ച് ആഹാരംപോലും ഉപേക്ഷിച്ച് ആയിരം കൊല്ലമവന്‍ തപസ്സിരുന്നു. അപ്പോള്‍ അവനാഗ്രഹിച്ചവിധം തന്നെ താമസരൂപിയായ സിംഹവാഹനയായി ഞാനവനുമുന്നില്‍ പ്രത്യക്ഷപ്പെട്ടു. 

പ്രദക്ഷിണവും നമസ്കാരവും ചെയ്ത് വിടര്‍ന്ന കണ്ണുകളോടെ ദൈത്യന്‍ ഇങ്ങിനെ സ്തുതിച്ചു. ഹയഗ്രീവന്‍ പറഞ്ഞു: മംഗളകാരിണിയും സൃഷ്ടി സ്ഥിതി സംഹാര കാരിണിയുമായ അമ്മേ, അവിടുന്നാണ് പഞ്ചഭൂതോല്‍പ്പത്തിക്ക് പോലും കാരണം. പഞ്ചതന്മാത്രകളായ ഗന്ധ, രസ, രൂപ, സ്പര്‍ശ, ശബ്ദങ്ങള്‍ക്കും കാരണം മറ്റൊരാളല്ല. ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും മഹേശ്വരിയായ നിന്നില്‍ നിന്നുമാണ് ഉല്‍പ്പന്നമായത്. അങ്ങിനെ സര്‍വ്വപ്രാഭവങ്ങളും നിറഞ്ഞ അമ്മേ, മരണമില്ലാത്ത യോഗിയാകാന്‍ എനിക്ക് വരം നല്‍കണം. സുരാസുരന്മാരെ എനിക്കെപ്പോഴും വിജയിക്കുകയും വേണം.

ശ്രീദേവി പറഞ്ഞു: ജനിച്ചാല്‍ മരണം ഉറപ്പാണ്.  അതിനു മാറ്റമുണ്ടാക്കാന്‍ പറ്റില്ല. അതിനാല്‍ മറ്റു വരങ്ങള്‍ ആവശ്യപ്പെടുക. ഹയഗ്രീവന്‍ പറഞ്ഞു: അങ്ങിനെയെന്നാല്‍ ഹയഗ്രീവനില്‍ നിന്നല്ലാതെ മറ്റൊരുവനില്‍ നിന്നും എനിക്ക് മരണം ഉണ്ടാവരുത്. കുതിരയുടെ തലയും മനുഷ്യന്റെ ഉടലുമുള്ള ഒരു സത്വവും തന്നെ കൊല്ലാന്‍ വരില്ല എന്നവന് ഉറപ്പായിരുന്നു. 

ദേവി പറഞ്ഞു: തഥാസ്തു! ഹയഗ്രീവനല്ലാതെ ആരും നിന്നെ വധിക്കില്ല. പോയി രാജ്യഭാരം തുടര്‍ന്നാലും! .

“അവന്‍ സ്വരാജ്യത്തേയ്ക്ക് പോയി വേദങ്ങളെയും ഋഷിമാരെയും ദ്രോഹിച്ചു കഴിയുന്നു, അവനെ കൊല്ലാന്‍ ആരുമില്ല താനും. അതിനാല്‍ ഒരു ഹയത്തിന്റെ (കുതിരയുടെ) തലയറുത്ത് വിഷ്ണുശിരസ്സോടു ചേര്‍ത്താലും. അങ്ങിനെ ഹയഗ്രീവനായ വിഷ്ണുഭഗവാന്‍ ആ പാപിയെ കൊന്നുകളയട്ടെ.”

സൂതന്‍ തുടര്‍ന്നു: ജഗജ്ജനനിയുടെ ആകാശവാണി ഇങ്ങിനെ അവസാനിക്കെ, ദേവന്മാര്‍ സന്തുഷ്ടരായി ബ്രഹ്മാവിനോട് ഒരു കുതിരയുടെ തല വിഷ്ണുവിന്റെ ഉടലിനോട് ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു. പെട്ടെന്ന് തന്നെ വിരിഞ്ചന്‍ ദേവസവിധത്തില്‍ വച്ചു തന്നെ ഒരു കുതിരയുടെ ശിരസ്സറുത്ത് വിഷ്ണുവിന്റെ കബന്ധത്തില്‍ ഒട്ടിച്ചു ചേര്‍ത്തു. മഹാമായയുടെ പ്രസാദത്താല്‍ ഭഗവാന്‍ ഹരി അങ്ങിനെ ഹയഗ്രീവനായി. ഗര്‍വ്വിഷ്ടനായ ദാനവനെ ഭഗവാന്‍ രണത്തില്‍ തോല്‍പ്പിച്ചു വധിച്ചു. 

ഈ ശുഭകഥ കേള്‍ക്കുന്നവര്‍ക്കെല്ലാം ദുഖനിവൃത്തിയുണ്ടാകും. പാപനിവാരകമായ ശ്രീദേവീചരിതം കേള്‍ക്കുന്നവര്‍ക്കും പറയുന്നവര്‍ക്കും ഐശ്വര്യസമ്പത്തുകള്‍ താനേ വന്നുചേരും.   

No comments:

Post a Comment