Devi

Devi

Sunday, July 9, 2017

ദിവസം 262. ശ്രീമദ്‌ ദേവീഭാഗവതം. 9- 40 . ദുര്‍വ്വാസശ്ശാപം

ദിവസം 262.  ശ്രീമദ്‌ ദേവീഭാഗവതം. 9- 40 . ദുര്‍വ്വാസശ്ശാപം 

നാരായണപ്രിയാ സാ ച വരാ വൈകുണ്ഠവാസിനീ
വൈകുണ്ഠാധിഷ്ഠാതൃദേവീ മഹാലക്ഷ്മീ സനാതനീ
കഥം ബഭൂവ സാ ദേവീ പൃഥിവ്യാം സിന്ധു കന്യകാ
പുരാകേന സ്തുതാffദൗ സാ തൻമേ വ്യാഖ്യാതുമർഹസി

നാരദൻ ചോദിച്ചു: "ഭഗവാനേ മഹാലക്ഷ്മി നാരായണപത്നിയായി വൈകുണ്ഠത്തിൽ വസിക്കുന്നു. അവിടത്തെ അധിഷ്ഠാതൃ ദേവതയാണ് സനാതനിയായ ലക്ഷ്മീദേവി. ആ ദേവിയെങ്ങിനെയാണ് പാലാഴി മങ്കയായി ഭവിച്ചത്? അവളെ ആരെല്ലാം എങ്ങിനെയൊക്കെയാണ് സ്തുതിച്ച് പൂജിച്ചത്?"

ശ്രീ നാരായണൻ പറഞ്ഞു: "പണ്ട് മഹർഷി ദുർവ്വാസാവ് ശപിച്ചതിനാൽ ദേവാധിപനായ പുരന്ദരൻ സകല ഐശ്വര്യങ്ങളും നഷ്ടപ്പെട്ട് ദേവൻമാരുമൊത്ത് ഭൂമിയിൽ വന്നു പിറക്കാൻ ഇടയായി. തുടർന്ന് അവിടെയുണ്ടായിരുന്ന ലക്ഷ്മീദേവിയും സ്വർഗ്ഗം വെടിഞ്ഞ് വൈകുണ്ഠത്തിലേക്ക് പോയി സാക്ഷാൽ മഹാലക്ഷ്മിയിൽ വിലയിച്ചു. ദേവൻമാർ ദുഖാകുലരായി. അവർ ബ്രഹ്മസദസ്സിൽ ചെന്ന് ബ്രഹ്മാവിനെയും കൂട്ടി വൈകുണ്ഠത്തിൽ എത്തി. ശാപശക്തിയാൽ തൊണ്ടയും ചുണ്ടും വറ്റിവരണ്ടു് അവരാകെ അവശരായിരുന്നു. എല്ലാവരും കൂടി ഭഗവാന്‍ ഹരിയെത്തന്നെ ശരണം പ്രാപിച്ചു. അപ്പോഴാണ് ഹരിയുടെ ആജ്ഞയനുസരിച്ച് ലക്ഷ്മീദേവിയുടെ കലാംശം പാലാഴി മങ്കയായി ജനിച്ചത്.

ദേവൻമാർ അസുരൻമാരുമായി ചേർന്ന് പാലാഴി കടഞ്ഞപ്പോഴാണ് മഹാലക്ഷ്മി അതിൽ നിന്നും പുറത്തുവന്നത്. വിഷ്ണുഭഗവാൻ ആ ദേവിയെ വരിക്കുകയും ചെയ്തു. പ്രസന്നവദനയും വരപ്രദയുമായ ആ ദേവി ദേവൻമാരെയെല്ലാം അനുഗ്രഹിച്ചു. അങ്ങിനെയവർക്ക് നാകലോകം തിരികെ കിട്ടി. ലക്ഷ്മീദേവിയെ പൂജിച്ച് ദേവലോകർ ആപത്തൊഴിഞ്ഞ് തുഷ്ടരായി."

നാരദൻ ചോദിച്ചു: "ബ്രഹ്മജ്ഞനായ ദുർവ്വാസാവ് എന്തിനാണ് ദേവേന്ദ്രനെ ശപിച്ചത്? എന്നാണദ്ദേഹത്തിനു പറ്റിയ തെറ്റ്? ദേവൻമാർ സമുദ്രമഥനം നടത്തിയത് എങ്ങിനെയാണ്? ദേവീദർശനത്തിനായി ഇന്ദ്രൻ എപ്രകാരമുള്ള സ്തുതിയാണ് ചെയ്തത്? ദേവേന്ദ്രനും മഹാമുനിയും തമ്മിൽ വഴക്കുണ്ടാവാൻ എന്താണു കാരണം? ആ വിവാദത്തിന്റെ കഥയും എനിക്കറിയാൻ ആഗ്രഹമുണ്ട്."

ശ്രീ നാരായണൻ പറഞ്ഞു: "പണ്ട് ദേവേന്ദ്രൻ മദ്യം സേവിച്ച് ഉന്മത്തനായി ദേവനാരിയായ രംഭയുമൊത്ത് മദനാർത്തിയോടെ സുഖിച്ച് രമിച്ചിരിക്കുമ്പോൾ വൈകുണ്ഠത്തിൽ നിന്നും കൈലാസത്തിലേയ്ക്ക് പോകുന്ന ദുർവ്വാസാവിനെ കാണുകയുണ്ടായി.  തങ്കനിറം തോല്കുന്ന ദേഹ കാന്തിയോടുകൂടിയ ബ്രഹ്മതേജസ്വിയായ മഹാമുനി മരവുരിയണിഞ്ഞ് ജടാഭാരത്തോടെ നെറ്റിയിലൊരു പൂന്തിങ്കൾ തിലകവുമണിഞ്ഞ്  പ്രശോഭിച്ചു. അദ്ദഹത്തിനൊപ്പം വേദജ്ഞരായ ശിഷ്യഗണങ്ങളും ഉണ്ടായിരുന്നു. ദേവേന്ദ്രൻ മുനിയെ നമസ്ക്കരിച്ചു. അദ്ദേഹം ശിഷ്യന്മാരെയും കമ്പിട്ടു വണങ്ങി.

മുനി ഇന്ദ്രനെ അനുഗ്രഹിച്ചു. അദ്ദേഹം തന്റെ കൈവശമുണ്ടായിരുന്ന ജരാരോഗമൃത്യുനാശകമായ പാരിജാതപുഷ്പം ഇന്ദ്രന് സമ്മാനിച്ചു. മദോൻമത്തനായ ഇന്ദ്രൻ ആ പൂവ് ഉടനേ തന്നെ തന്റെ വാഹനമായ ഐരാവതത്തിന്റെ മസ്തകത്തിൽ വച്ചു. ആ ദിവ്യപുഷ്പം തൊട്ടയുടനെ ആ ആന രൂപഗുണതേജസ്സാദികളിൽ വിഷ്ണുതുല്യനായിത്തീർന്നു. ഉടനെതന്നെ ഇന്ദ്രനെയുപേക്ഷിച്ച് ആന കാട്ടിലേക്ക് ഓടിപ്പോയി. ആനയെ തടുക്കാൻ ഇന്ദ്രന് കഴിഞ്ഞില്ല. താൻ അനുഗ്രഹിച്ചു നൽകിയ ദിവ്യപുഷ്പം ഇങ്ങിനെ നഷ്ടപ്പെടുത്തിയ ഇന്ദ്രനെ ദുർവ്വാസാവ് ക്രുദ്ധനായി ശപിച്ചു.

ദുർവ്വാസാവ് പറഞ്ഞു: "സ്വന്തം ഐശ്വര്യത്തിൽ അഹങ്കരിച്ച്  ആനയുടെ മസ്തകത്തിൽ വച്ച് നീയാ ദിവ്യപുഷ്പത്തിതിനെ അപമാനിച്ചു. അത് മഹാവിഷ്ണുവിനെ അപമാനിക്കുന്നതിനു തുല്യമാണ്. വിഷ്ണുവിന് സമർപ്പിച്ച എന്തും അത് ഫലമോ ജലമോ പുഷ്പമോ ആവട്ടെ, ആ നിവേദ്യങ്ങൾ അപ്പോൾത്തന്നെ ഭക്ഷിച്ച് സ്വാംശീകരിക്കണം. അതുപേക്ഷിക്കുന്നത് ബ്രഹ്മഹത്യക്ക് തുല്യമാണ്.  അത്യധികം ഭാഗ്യശാലികൾക്ക് മാത്രമേ വിഷ്ണു പ്രസാദം ലഭിക്കൂ. അങ്ങിനെയുള്ളവന്റെ ഐശ്വര്യം ക്ഷണത്തിൽ നഷ്ടമാവും. എന്നാലത് ബഹുമാനത്തോടെ സ്വീകരിക്കുന്നവൻ സ്വയം ഉദ്ധരിക്കപ്പെടുന്നു. അവന്റെ നൂറ് പൂർവ്വജന്മാർക്ക് സദ്ഗതിയുണ്ടാവും. വിഷ്ണുനിവേദ്യം ഭക്ഷിച്ച് ഭഗവാനെ ഭക്തി പുരസ്സരം പൂജിക്കുന്നവന് വിഷ്ണു തുല്യനാവാൻ സാധിക്കും. അവനെ തൊടുന്ന കാറ്റ് ദിവൃതീർത്ഥങ്ങളെ പരിപാവനമാക്കും. അവന്റെ പാദരേണുക്കൾ വീഴുന്നയിടം പരിശുദ്ധമാവും.

വിഷ്ണുവിന് നിവേദിക്കാത്തതായ ഭക്ഷണം, വൃഥാമാംസഭക്ഷണം, വേശ്യ നൽകുന്ന ഭക്ഷണം, എന്നിവയെല്ലാം ശൂരൻമാരുടെ ശ്രാദ്ധാന്നത്തിന് തുല്യമാണ്. ശിവലിംഗത്തിന് നിവേദിച്ച അന്നം,  ശൂദ്ര പുരോഹിതൻ നൽകുന്ന അന്നം, വൈദ്യനുണ്ടാക്കിയ അന്നം, ദേവനുണ്ടാക്കിയ ചോറ്, കന്യകയെ വിറ്റുണ്ടാക്കിയ ധനം കൊണ്ടു നേടിയ അന്നം, പഴം ചോറ്, എച്ചിൽ, ദീക്ഷയില്ലാത്ത ബ്രാഹ്മണൻ നൽകുന്ന ചോറ്, അഗമ്യഗമനം നടത്തുന്ന ബ്രാഹ്മണൻ വെച്ച ചോറ്, മിത്രദ്രോഹി, കൃതഘ്നൻ, വിശ്വാസ വഞ്ചകൻ, കള്ളസാക്ഷി പറയുന്ന ബ്രാഹ്മണൻ, എന്നിവർ നൽകുന്ന അന്നമെല്ലാം  ദുഷിച്ച ഭക്ഷണമാണ്. എന്നാലിവപോലും ഭഗവാന്‍ വിഷ്ണുവിന് നിവേദിച്ചിട്ടു് കഴിച്ചാൽ അവ ശുദ്ധമായിത്തീരുന്നു. ഹരിഭക്തിയുണ്ടെങ്കിൽ ചണ്ഡാളനും തന്റെ വംശത്തെത്തന്നെ ഉദ്ധരിക്കുന്നവനായിത്തീരും.

എന്നാൽ ഹരിഭക്തിയില്ലാത്തവന് സ്വയം രക്ഷിക്കാൻ പോലും സാധിക്കില്ല. അറിയാതെയെങ്കിലും ഹരിപ്രസാദം കഴിക്കുന്നവൻ ഏഴു ജന്മങ്ങളിലെ പാപങ്ങളിൽ നിന്നും മുക്തനാവും. എന്നാൽ അറിഞ്ഞുകൊണ്ട് ഭക്തിപൂർവ്വം ആ നൈവേദ്യം ഭുജിക്കുന്നവർ കോടി ജന്മങ്ങളിലെ പാപങ്ങളിൽ നിന്നും മുക്തനാവും. ദേവരാജാവായ നീ വിഷ്ണുപ്രസാദത്തെ ആനയുടെ മസ്തകത്തിൽ വച്ച് അപമാനിച്ചു. ഇനി ഐശ്വര്യത്തിന്റെ അധിദേവതയായ ലക്ഷ്മി നിന്നെ വിട്ട് വൈകുണ്ഠമണയും. വിഷ്ണഭക്തനായ എനിക്ക് നിന്നെയോ ബ്രഹ്മാവിനേയോ കാലനേയോ മൃത്യുവിനേയോ ജരയേയോ ഭയമില്ല. ദേവൻമാരേയോ ദേവഗുരുവായ ബൃഹസ്പതിയേയോ ഞാൻ ഭയക്കുന്നില്ല. ഞാൻ തന്ന വിഷ്ണുപ്രസാദമായ പൂവ് ആരുടെ തലയിലാണോ ചൂടിയിരിക്കുന്നത്, അദ്ദേഹമാണ് എനിക്ക് പൂജനീയൻ."

ഇങ്ങിനെ പറഞ്ഞ മുനിയുടെ പാദങ്ങളിൽ വീണ് ഇന്ദ്രൻ ക്ഷമ യാചിച്ചു. "അങ്ങനെ ശപിച്ചു. അത് ഉചിതമെന്നു കരുതി ഞാൻ ശിരസാവഹിക്കുന്നു. പൊയ്പ്പോയ സമ്പത്ത് തിരിച്ചുകിട്ടണമെന്ന് ഞാൻ ആവശ്യപ്പെടുന്നില്ല. എന്നാൽ എനിക്കായി അൽപം ആത്മവിദ്യ ഉപദേശിച്ചു തരാൻ ദയവുണ്ടാവണം. സമ്പത്താണ് ആപത്തിനെ വിളിച്ചു വരുത്തുന്നത്. ആത്മജ്ഞാനത്തെ മറയ്ക്കാനും ഭക്തിയില്ലാതാക്കാനും വിത്തത്തിനു കഴിയും എന്ന് ഞാനറിയുന്നു. അത് എന്നിലെ ഭക്തിയെ മറച്ചു കളഞ്ഞു."

മുനി പറഞ്ഞു: "ജന്മ, മൃത്യു, ജരാ, രോഗ, ശോകാദികളുടെ  ബീജമാണ് ഐശ്വര്യസമ്പത്തുക്കൾ. അതിന്റെ തിളക്കം കൊണ്ടുണ്ടാവുന്ന ആന്ധ്യമാണ് മുക്തിമാർഗ്ഗത്തെ കാണാൻ തടസ്സമായി നിൽക്കുന്നത്. സമ്പത്ത് ഒരുവനെ പ്രമത്തനാക്കുന്നു. മഹാമൂഢനായ അവൻ മദ്യത്തിനും മദിരയ്ക്കും അടിമയാകുന്നു. ബന്ധുത്വം ഒന്നുകൊണ്ടു മാത്രം മറ്റുള്ളവർ അവനെ ചൂഴ്ന്നു നിൽക്കുന്നു. രാജസഭാവമുള്ള അവൻ വിഷയാസക്തനും ആയിരിക്കും. സത്യമാർഗ്ഗം അവൻ കാക്കുകയില്ല. വിഷയാന്ധരായവർക്ക് ശാസ്ത്രബോധമുണ്ടെങ്കിൽ അവർ രാജസീകഭാവമുള്ളവരും ശാസ്ത്രബോധമില്ലാത്തവർ താമസികഭാവമുള്ളവരും ആണ്.

ശാസ്ത്രം കാണിച്ചുതരുന്നത് പ്രവൃത്തിമാർഗ്ഗവും നിവൃത്തിമാർഗ്ഗവുമാണ്. ആദ്യം ജീവികൾ പ്രവൃത്തിമാർഗ്ഗമവലംബിക്കുന്നു. അതിലൂടെ സുഖദുഖാനുഭവങ്ങൾ കൈക്കൊണ്ട് ഉന്മത്തരായി അവർ സ്വച്ഛന്ദം വിഹരിക്കുന്നു. തേനിൽ ആസക്തനായ വണ്ടിനെപ്പോലെ മോഹിതനായി ഒടുവിൽ ജന്മമൃത്യുജരാവ്യാധികളുടെ അനന്തചക്രത്തിൽ ചുറ്റിത്തിരിയുന്നു. സ്വകർമ്മാനുസാരം നാനായോനികളിൽ അനേകം ജന്മങ്ങളെടുത്തും മരിച്ചും ജീവന്‍ ആ യാത്ര തുടരുമ്പോൾ ഈശ്വരേച്ഛയാൽ നൂറായിരത്തിൽ ഒരുവന് സത്സംഗത്തിനുള്ള അവസരം ലഭിക്കുന്നു. സത്സംഗം ജീവനിൽ സംസാരസാഗരതരണത്തിനായുള്ള ജ്ഞാനദീപത്തെ പ്രകാശിപ്പിക്കുന്നു. അത് മുക്തിമാർഗ്ഗദർശനം സാദ്ധ്യമാക്കുന്നു. അങ്ങിനെ കർമ്മബന്ധനത്തിൽ നിന്നും ജീവൻ മുക്തനാകാനുള്ള ശ്രമം തുടങ്ങുന്നു. ജീവൻ അനേകം ജന്മങ്ങളിലായി ആർജ്ജിച്ച പുണ്യവും തപസ്സും ഉപവാസവും എല്ലാം മുക്തിമാർഗ്ഗത്തിലേക്ക് നയിക്കുന്നു."

മുനിവാക്യം ശ്രദ്ധയോടെ കേട്ട ദേവേന്ദ്രന്റെ മോഹമൊഴിഞ്ഞു. അദ്ദേഹത്തിൽ വൈരാഗ്യം വർദ്ധിതമായി. ദുർവ്വാസാവുമായി സന്ധിച്ച ഇടത്തു നിന്നും അദ്ദേഹം തന്റെ രാജധാനിയായ അമരാവതി നോക്കിക്കണ്ടു. അവിടം മുഴുവനും അസുരൻമാർ കീഴടക്കിയിരിക്കുന്നു. ബന്ധുമിത്രാദികളും പിതാക്കൻമാരും ഭാര്യമാരുമൊന്നും അവിടെയില്ല. അമരാവതിയുടെ ദുരവസ്ഥ കണ്ട് വിഷമിച്ച ഇന്ദ്രൻ ദേവ ഗുരുവിനെ സമീപിച്ചു. അദ്ദേഹം മന്ദാകിനിയിൽ ബ്രഹ്മധ്യാനത്തിൽ ആമഗ്നനായി നിൽക്കുന്നു. സൂര്യാഭിമുഖനായി സർവ്വതോമുഖനും ഗരിഷ്ഠനും വരിഷ്ടനും ധർമ്മിഷ്ഠനും ശ്രേഷ്ഠസേവിതനും ഭ്രാതാക്കളിൽ ജ്യേഷ്ഠനും പരമാനന്ദത്തിന്റെ രോമാഞ്ചമണിഞ്ഞവനുമായ ബൃഹസ്പതിയെ ദേവേന്ദ്രൻ അവിടെക്കണ്ടു. ഒരു യാമം കഴിഞ്ഞപ്പോൾ ഗീഷ്പതി ധ്യാനത്തിൽ നിന്നും ഉണർന്നു. ഇന്ദ്രൻ ഗുരുവിന്റെ കാൽക്കൽ വീണ് നമസ്ക്കരിച്ച് ഉറക്കെ വാവിട്ടു കരയാൻ തുടങ്ങി. മുനിശാപവൃത്താന്തവും ജ്ഞാനോപദേശസിദ്ധിയും അദ്ദേഹം ഗുരുവിനെ പറഞ്ഞു കേൾപ്പിച്ചു. അമരാവതിയുടെ അവസ്ഥയും ശിഷ്യൻ ചാതുര്യത്തോടെ ഗുരുവിനെ അറിയിച്ചു.

ഗുരു കോപത്തോടെ പറഞ്ഞു: "ദേവേന്ദ്രാ കരച്ചിൽ നിർത്തുക. നീതിജ്ഞനായ ആരും ഒരാപത്തു വരുമ്പോൾ ഭീരുവാകില്ല. സമ്പത്തും ആപത്തും കർമ്മാനുസാരിയാണ്. അവ നശ്വരങ്ങളുമാണ്. എല്ലാ പ്രാണികൾക്കും ബാധകമാണ് ഈ കർമ്മസിദ്ധാന്തം. ചക്രനേമിക്രമത്തിലാണ് ഇതു സംഭവിക്കുന്നത്. ഇതിൽ ഖേദിക്കാനൊന്നുമില്ല. സ്വന്തം കർമ്മഫലമാണ് ഓരോരുത്തരും അനുഭവിക്കുന്നത്. അവ വന്നു പോയിരിക്കുന്ന അനുഭവങ്ങളാണ്. ജീവികൾക്കവ ശുഭമായാലും അശുഭമായാലും അനുഭവിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. കോടി കൽപ്പം കഴിഞ്ഞാലും അനുഭവിച്ചു തീരാതെ കർമ്മക്ഷയം ഉണ്ടാവുകയില്ല.

വേദങ്ങൾ ഉദ്ഘോഷിക്കുന്നതും സാമവേദത്തിൽ ശ്രീകൃഷ്ണ ഭഗവാൻ ബ്രഹ്മാവിനെ പ്രബോധിപ്പിച്ചതും കർമ്മത്തെക്കുറിച്ചാണ്. ഒരുവന്റെ ജനിമൃതിചക്രത്തിൽ കർമ്മഫലങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിൽ അവ അനുഭവിച്ചു തീരാൻ അവൻ ഭാരതത്തിലോ മറ്റോ ജനിക്കേണ്ടിവരും. അങ്ങേയ്ക്ക് ബ്രഹ്മശാപം കിട്ടിയതും ശുഭാനുഭവങ്ങൾ ഉണ്ടായതും ഐശ്വര്യം ലഭിച്ചതും അതില്ലാതെയായും കർമ്മഫലം തന്നെയാണ്. കോടി ജന്മങ്ങളിൽ ചെയ്ത കർമ്മങ്ങളുടെ ഫലം ഒരുവനെ നിഴൽപോലെ വിടാതെ പിൻതുടരുന്നു. കാലം, ദേശം, പാത്രം എന്നിവയിലെ ഭേദങ്ങൾ കർമ്മഫലങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കിയേക്കാമെങ്കിലും അവ അനുഭവിക്കാതെ ഒഴിഞ്ഞു പോവുകയില്ല. ചിലപ്പോൾ കർമ്മത്തിന്റെ ഫലം ചില ദേശങ്ങളിൽ, ചില കാലങ്ങളിൽ പതിന്മടങ്ങോ നൂറ് മടങ്ങോ ഫലവത്തായി എന്നു വരാം. ദിവസവും ഒരിടത്ത് ഒരേ ദാനം ചെയ്യുന്നതിന്റെ ഫലത്തിൽ വ്യത്യാസം കാണുകയില്ല. സ്ഥലഭേദം കൊണ്ട് വിളയിൽ ഉണ്ടാകുന്ന വ്യതിയാനം പോലെയാണ് കർമ്മഫലദേദങ്ങളും.

അമാവാസി, പൗർണ്ണമി ദിനങ്ങളിലെ ദാനത്തിന് നൂറിരട്ടിഫലമുണ്ട്. ചാതുർ മാസ്യത്തിലും ദാനകർമ്മഫലം അനന്തമായിരട്ടിക്കും. ചന്ദ്രഗ്രഹണ സമയത്താണെങ്കിൽ ഫലമിനിയും ഏറെ വർദ്ധിക്കും. അതിന്റെയും പത്തു മടങ്ങാണ് സൂര്യഗ്രഹണസമയത്തെ ദാനത്തിനുള്ളത്. അക്ഷയനവമി ദിവസം ചെയ്യുന്ന ദാനം അക്ഷയമായ ഫലമാണ് നൽകുക. മറ്റ് പുണ്യദിനങ്ങളും വിശേഷപ്പെട്ടവയാണ്. ദാനം പോലെയാണ് സ്നാനം, ജപം, തുടങ്ങിയ അനുഷ്ഠാനങ്ങളും. മനുഷ്യന്റെയെന്നല്ല, എല്ലാ ജീവികളുടെ  കർമ്മങ്ങൾക്കും ഉചിതമായ ഫലങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും.

മണ്ണും, വടിയും, ചക്രവും, വായ്മൂടിയും, എല്ലാമുപയോഗിച്ച് കുലാലൻ കുടമുണ്ടാക്കുന്നതു പോലെ കർമ്മസൂത്രം കൊണ്ടാണ് ബ്രഹ്മാവ് ജീവികൾക്ക് വിവിധ ഫലങ്ങൾ നൽകുന്നത്. ഈ ജഗത്തിനെ സൃഷ്ടിച്ചത് ആരുടെ കൽപ്പനയാലാണോ ആ ജഗനിയന്താവ് സർവ്വഥാ പൂജനീയനാണ്. വിധാതാവിന്റെ വിധാതാവും പാലകന്റെ പാലകനും സൃഷ്ടാവിന്റെ സൃഷ്ടാവും കാലന്‍റെ കാലനുമാണ് ഭഗവാൻ. മഹാവിപത്തിൽ ആ ഭഗവാനായ കൃഷ്ണനെ സ്മരിക്കുന്നവന് ആപത്തിലും സമ്പത്തുണ്ടാവും എന്ന് മഹാദേവൻ പറഞ്ഞിരിക്കുന്നു."

ഇങ്ങിനെ പറഞ്ഞ് ദേവഗുരു ഇന്ദ്രനെ സമാശ്വസിപ്പിച്ചു. അനുഗ്രഹാശിസ്സുകൾ നൽകി അദ്ദേഹത്തെ ബോധവാനാക്കി.

No comments:

Post a Comment