Devi

Devi

Sunday, June 25, 2017

ദിവസം 261. ശ്രീമദ്‌ ദേവീഭാഗവതം. 9- 39 . ലക്ഷ്മ്യൂപാഖ്യാനം

ദിവസം 261.  ശ്രീമദ്‌ ദേവീഭാഗവതം. 9- 39 . ലക്ഷ്മ്യൂപാഖ്യാനം

ശ്രീ മൂല പ്രകൃതേർദേവ്യാ ഗായത്ര്യാസ്തു നിരാകൃതേ:
സാവിത്രീയമസംവാദേ ശ്രുതം വൈ നിർമലം യശ:
തദ്ഗുണോത്കീർത്തനം സത്യം മംഗളാനാം ച മംഗളം
അധുനാ ശ്രോതുമിച്ഛാമി ലക്ഷ്മ്യൂപാഖ്യാനമീശ്വര

നാരദൻ പറഞ്ഞു: യമ-സാവിത്രീ സംഭാഷണത്തിലൂടെ മൂലപ്രകൃതിയായ ഭുവനേശ്വരിയുടെ നിർമ്മലയശസ്സിനെ കുറിച്ചും സാധ്വിയായ ഗായത്രീ ദേവിയെപ്പറ്റിയും എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. ദേവിയെക്കുറിച്ചുള്ള മഹിമകൾ കീർത്തിക്കുന്നത് സർവ്വമംഗളകരമാണെന്നു നിശ്ചയം. ഇനി മഹാലക്ഷ്മീദേവിയുടെ ഉപാഖ്യാനം കേൾക്കാനാണ് എന്നിലാഗ്രഹമുണരുന്നത്. എങ്ങിനെയാണാദേവിയുണ്ടായത്? ആരാണവളെ ആദ്യമായി പൂജിച്ചത്? ലക്ഷ്മീദേവിയുടെ ഗുണകഥകൾ വേദജ്ഞനായ അങ്ങയിൽനിന്നുതന്നെ കേൾക്കണം എന്നെനിക്കുണ്ട്.

ശ്രീ നാരായണൻ പറഞ്ഞു: സൃഷ്ടിയുടെ ആദിയിൽ രാസമണ്ഡലത്തിൽ ഭഗവാൻ ശ്രീകൃഷ്ണന്റെ വാമഭാഗത്തു നിന്ന് രാധാദേവിയുണ്ടായി. പന്ത്രണ്ടു വയസ്സായ കന്യകയായിരുന്നു അവൾ. നവയൗവ്വനകാന്തി വിടരാൻ വെമ്പി നിൽക്കുന്ന താരുണ്യം അവളെ അതിസുന്ദരിയാക്കി. ചമ്പകപ്പൂ നിറമുളള ദേഹകാന്തി. ഇടതിങ്ങി വളർന്ന നീണ്ട കാർകൂന്തൽ.  ആയിരം പൂർണ്ണചന്ദ്രൻമാർ തോല്ക്കുന്ന മുഖശോഭ. ശരത്കാലത്ത് സൂര്യനെ നോക്കി വിടർന്നു വിലസുന്ന താമരപ്പൂവിതളുകൾ അവളുടെ കണ്ണുകൾ കണ്ട് അതിശയിച്ചു. ദർശന മാത്രയിൽത്തന്നെയാ  ദേവി സാധകര്‍ക്ക് പരമാനന്ദം നൽകി.

ശ്രീകൃഷ്ണ ഭഗവാനു സമീപം അദ്ദേഹത്തിന്റെ ഇച്ഛാനുസാരം ദേവി രണ്ടു രൂപങ്ങൾ കൈക്കൊണ്ടു. രണ്ടു പേർക്കും ഒരേ പോലുള്ള നിറം, ഓജസ്സ്, കാന്തി,വയസ്സ്, വസ്ത്രം, ആഭരണങ്ങൾ, ഗുണകീർത്തികൾ, പുഞ്ചിരി, വീക്ഷണം, അനുനയം, പ്രേമം എന്നിവയുണ്ടായിരുന്നു. കന്യകയുടെ ഇടതു ഭാഗം മഹാലക്ഷ്മിയും വലതു ഭാഗം രാധയുമായി. അപ്പോൾ ഭഗവാനും ഗൗരവത്തോടെ രണ്ടായി. ആദ്യം രാധാദേവി ശ്രീകൃഷ്ണപരമാത്മാവിനെ വരിച്ചു. തുടർന്ന് ഭഗവാൻ ലക്ഷ്മീപതിയായി.  ഭഗവാന്‍റെ ഒരു രൂപം രണ്ടു കൈകളോടെയും മറ്റേത് നാലു കരങ്ങളോടെയും ആയിരുന്നു. ദ്വിഭുജനായ കൃഷ്ണൻ രാധയുടെയൊപ്പവും ചതുർഭുജനായ വിഷ്ണു ലക്ഷ്മീദേവിക്കൊപ്പവും ചേർന്നു.

വിശ്വത്തെ സ്നേഹാദ്ര നയനങ്ങളോടെ ദർശിക്കുന്നവളാണ് (ലക്ഷിക്കുന്നവൾ ) ലക്ഷ്മി. ദേവിമാരിൽ ലക്ഷ്മിയാണ് ശ്രേഷ്ഠ. രാധാകാന്തനായ ദ്വിഭുജനാണ് ചതുർഭുജന് ലക്ഷ്മീദേവിയെ കൈപിടിച്ച് നൽകിയത്. അങ്ങിനെ വിഷ്ണു ലക്ഷ്മീകാന്തനായി.

ശുദ്ധസത്യസ്വരൂപയായ രാധാദേവിക്ക് ഗോലോകത്ത് അനേകം ഗോപീ ഗോപൻമാർ കൂട്ടുകാരായുണ്ട്. ലക്ഷ്മീദേവിയും വിഷ്ണുഭഗവാനും വൈകുണ്ഠത്തിലേക്ക് പോയി. കൃഷ്ണനും നാരായണനും തുല്യരത്രേ. 

ലക്ഷ്മീദേവി വൈകുണ്ഠത്തിൽ മഹാലക്ഷ്മിയായി സർവ്വസൗഭാഗ്യങ്ങൾക്കും അധികാരിയായി ശുദ്ധസത്വസ്വരൂപയായി വിഷ്ണുപത്നിമാരിൽ പ്രഥമസ്ഥാനമലങ്കരിക്കുന്നു. അവൾ തന്നെയാണ് ശക്രന്റെ സ്വർല്ലോകത്തെ അലങ്കരിക്കുന്ന സ്വർഗ്ഗലക്ഷ്മി. പാതാളത്തിൽ അവൾ നാഗലക്ഷ്മിയായി വിളങ്ങുന്നു. രാജാക്കൻമാരിൽ അവൾ രാജലക്ഷ്മിയാണ്. ഗൃഹങ്ങളിലവൾ കലാംശംകൊണ്ട് ഗൃഹലക്ഷ്മി. ഗൃഹസ്ഥർക്ക് സർവ്വസമ്പദ്പ്രദായികയാണവൾ. പശുക്കളിൽ സുരഭിയായും യജ്ഞത്തിൽ ദക്ഷിണയായും അവൾ പ്രശോഭിക്കുന്നു.

ക്ഷീരസാഗരത്തിലെ താമരയിൽ നിലകൊള്ളുന്ന ശ്രീസ്വരൂപിണിയായുള്ളതും സൂര്യചന്ദ്രൻമാരിൽ കാന്തിയായി വിളങ്ങുന്നതും, ഭൂഷണങ്ങൾ, ഫലങ്ങൾ, ജലങ്ങൾ, രാജാക്കൻമാർ, രാജ്ഞിമാർ, ഗ്രഹങ്ങൾ, ദിവ്യനാരിമാർ, സസ്യങ്ങൾ, വസ്ത്രങ്ങൾ, അലങ്കരിച്ച സ്ഥാനങ്ങൾ, ദേവപ്രതിമകൾ, മംഗള കുംഭങ്ങൾ, മാണിക്യങ്ങൾ, മുത്തുമാലകൾ, രത്നങ്ങൾ, വൈരങ്ങൾ, പാൽ, ചന്ദനലേപനങ്ങൾ, രമ്യങ്ങളായ ശാഖികൾ, പുതു മേഘങ്ങൾ, എന്നിവയിൽ പ്രശോഭിക്കുന്നതും ആ ദേവിയാണ്. 

വൈകുണ്ഠത്തിൽ വച്ച് സാക്ഷാൽ ഹരിയാണ് ദേവിയെ ആദ്യമായി പൂജിച്ചത്. പിന്നെ ബ്രഹ്മാവ്, പരമശിവൻ, സ്വയംഭുവമനു, മറ്റ് രാജാക്കൻമാർ, ഋഷി മുനിമാർ, സജ്ജനങ്ങളായ ഗൃഹസ്ഥൻമാർ തുടങ്ങിയവർ ലക്ഷ്മീപൂജ നടത്തിവന്നു. ഗന്ധർവ്വൻമാരും നാഗൻമാരും പാതാളത്തിൽ വച്ച് ലക്ഷ്മീപൂജ ചെയ്തു. കന്നിമാസത്തിലെ ശുക്ള അഷ്ടമി മുതൽ പൗർണ്ണമി വരെ ബ്രഹ്മാവ് ലക്ഷ്മീദേവിയെ ഉപാസിച്ചു. പിന്നീട് മൂന്ന് ലോകങ്ങളിലുള്ളവരും ദേവിയെ പൂജിച്ചു. 

മകരം, കന്നി, മേടം, എന്നീമാസങ്ങളിലെ മംഗളവാരത്തിലും വിഷ്ണു ലക്ഷ്മീദേവിയെ പൂജിച്ചു. അതെത്തുടർന്ന് മൂന്നു ലോകവും ദേവീപൂജ ചെയ്യാൻ ആരംഭിച്ചു. മകരസങ്ക്രാന്തിക്ക് മനുവാണ് കലശത്തിൽ ആവാഹിച്ച് ദേവീപൂജ തുടങ്ങി വച്ചത്. മൂലോകത്തിലും സമ്പൂജ്യയായ ദേവിയെ മഹേന്ദ്രനും മംഗളനെന്ന രാജാവും പൂജിച്ചു. കേദാരൻ, നീലൻ, സുബലൻ, നളൻ, ധ്രുവൻ, ഉത്താന പാദർ ,ശക്രൻ, ബലി, കശ്യപൻ, ദക്ഷൻ, കർദ്ദമൻ, വിവസ്വാൻ, പ്രിയവ്രതൻ, ചന്ദ്രൻ , കുബേരൻ, വായു, വഹ്നി, വരുണൻ, തുടങ്ങിയ പ്രമുഖർ ദേവിയെ പുജിച്ചവരാണ്.


നാരദാ, സർവ്വ ഐശ്വര്യങ്ങള്‍ക്കും  സർവ്വസമ്പത്തുകൾക്കും അധിഷ്ഠാനദേവതയായ ലക്ഷ്മീദേവിയെ എങ്ങും എല്ലാവരും പൂജിച്ചു വരുന്നു.

No comments:

Post a Comment