Devi

Devi

Monday, July 10, 2017

ദിവസം 263. ശ്രീമദ്‌ ദേവീഭാഗവതം. 9- 41 . മഹാലക്ഷ്മ്യൂപാഖ്യാനം

ദിവസം 263.  ശ്രീമദ്‌ ദേവീഭാഗവതം. 9- 41 . മഹാലക്ഷ്മ്യൂപാഖ്യാനം

ഹരിം ധ്യാത്വാ ഹരിർ ബ്രഹ്മൻ ജഗാമ ബ്രഹ്മണ: സഭാം
ബൃഹസ്പതിം പുരസ് കൃത്യ സർവൈ: സുരഗണൈ: സഹ
ശീഘ്രം ഗത്വാ ബ്രഹ്മലോകം ദൃഷ്ട്വാ ച കമലോദ്ഭവം
പ്രണേമുർദേവതാ: സർവേ സഹേന്ദ്രാ ഗുരുണാ സഹ

ശ്രീ നാരായണൻ പറഞ്ഞു: "ശ്രീകൃഷ്ണസ്മരണയോടെ ഇന്ദ്രൻ ഗുരുവായ ബൃഹസ്പതിയെ മുന്നിൽ നിർത്തി ബ്രഹ്മാവിനെ കാണാൻ പുറപ്പെട്ടു. അനേകം ദേവൻമാരും അവരെ അനുഗമിച്ചു. ബ്രഹ്മലോകത്ത് വിധിയെക്കണ്ട് അവർ നമസ്ക്കരിച്ച് ആഗമനോദ്ദേശം അറിയിച്ചു. 

അപ്പോൾ മന്ദഹാസത്തോടെ ബ്രഹ്മാവ് ഇങ്ങിനെ പറഞ്ഞു: "ഇന്ദ്രാ നീ എന്റെ തന്നെ വംശത്തിലാണ് ജനിച്ചത്. ബൃഹസ്പതിയുടെ ശിഷ്യനാണ് നീ. സുരാധിപനും മഹാനുമായ ദക്ഷന്റെ ചെറുമകനുമാണ് നീ. അങ്ങിനെയുള്ള നിന്നിൽ എങ്ങിനെയാണ് അഹങ്കാരമുണ്ടായത്? നിന്റെ മാതാപിതാക്കളും മാതുലനും എല്ലാം വിഷ്ണുഭക്തരും പ്രതാപവാൻമാരുമാണ്. അച്ഛൻ, മുത്തശ്ശൻ, ഗുരു എന്നിവരിൽ ദോഷമുണ്ടെങ്കിൽ അതൊരുവനെ ഹരിദോഷിയാക്കിയേക്കാം എന്നാൽ നിന്റെ കാര്യത്തിൽ കുലത്രയ ദോഷമൊന്നും ഇല്ലാത്ത സ്ഥിതിക്ക് നിന്നിലീ അഹങ്കാരമെങ്ങിനെ വന്നു ചേർന്നു?

ഭഗവാൻ സർവ്വാന്തരാത്മാവായി വർത്തിക്കുന്നു. അവൻ ദേഹത്തുനിന്നും വേർപ്പെട്ടാൽ ജീവികൾ വെറും ശവമായിത്തീരും. ഞാൻ ഇന്ദ്രിയങ്ങൾക്ക് അധിപനാണ്. ശങ്കരൻ ജ്ഞാനത്തിനും വിഷ്ണു പ്രാണനും ഭഗവതി ബുദ്ധിക്കും അധിപരാണ്. പ്രകൃതിയുടെ കലകളാണ് നിദ്രാദേവി മുതലായ ശക്തികൾ . ജീവൻ ആത്മാവിന്റെ പ്രതിബിംബമാകുന്നു. അങ്ങിനെയുള്ള ജീവനിലാണ് സുഖ-ദുഖ അനുഭവങ്ങൾ ഉണ്ടാവുന്നത്. രാജാവിനെ അനുഗമിക്കുന്നവരെപ്പോലെ ദേഹത്തിൽ നിന്നും ആത്മാവ് വേർപെട്ടു പോവുമ്പോൾ ജീവന്‍റെ മറ്റുള്ള പ്രാഭവങ്ങളും  ഒന്നിനു പിറകേ ഒന്നായി സംഭ്രാന്തിയോടെ പിൻഗമിക്കുന്നു.

ഞാനും, പരമശിവനും, ശേഷനും, വിഷ്ണുവും, ധർമ്മനും മഹാവിരാട്ടും നിങ്ങളുമൊക്കെ ആരുടെ ആത്മാംശമാണോ ആ ഭഗവാന്റെ പുണ്യസ്പർശമേറ്റ ദിവ്യപുഷ്പത്തിനെയാണ് നീ അപമാനിച്ചത്. ഭഗവാനായി അർപ്പിച്ച പൂവായിരുന്നു ദുർവ്വാസാവ് നിനക്ക് സമ്മാനിച്ചത്. നിന്റെ ദൗർഭാഗ്യത്തിന് നീയതിനെ ഉപേക്ഷിച്ചു. കൃഷ്ണന്റെ പദകമലങ്ങളിൽ അർപ്പിക്കപ്പെട്ട പുഷ്പം തലയിൽ ചൂടുന്നവൻ സകലദേവൻമാർക്കും പൂജിതനത്രേ. നിന്റെ കാലക്കേട് ദൈവഗത്യാ വന്നു ചേർന്നതാണ്. ഭാഗ്യദോഷിയെ രക്ഷിക്കാൻ ആർക്ക് കഴിയും?

നിനക്ക് കിട്ടിയ  ശ്രീകൃഷ്ണ നിർമാല്യം ത്യജിച്ചതിനാൽ ലക്ഷ്മീദേവി സ്വര്‍ഗ്ഗത്തില്‍ നിന്നും  വൈകുണ്ഠത്തിലേക്ക് പോയിക്കഴിഞ്ഞു. നീയുടനേ തന്നെ അങ്ങോട്ടു ചെല്ലുക. ഞാനും ദേവഗുരുവും നിന്റെ കൂടെ വരാം. ചിന്മയനായ ആ ഭഗവാനെ ചെന്നു കാണുക. ശ്രീനാഥനെ സേവിച്ചു മാത്രമേ ശ്രീയെ നേടാൻ കഴിയൂ."

തേജ:സ്വരൂപനാണ് ഭഗവാൻ. നട്ടുച്ചയ്ക്ക് കാണുന്ന സൂര്യപ്രഭയുടെ ശതകോടിയിരട്ടി പ്രഭയാണാ തേജസ്സിനുള്ളത്. ആദിമദ്ധ്യാന്തങ്ങൾ ഇല്ലാത്തവനും പ്രശാന്തനും കമലാപതിയും ആയ ഭഗവാനെ ചൂഴ്ന്ന് നാലു വേദങ്ങളും വാണീദേവിയും ഗംഗയും ചതുർബാഹുക്കളായ പാർഷദൻമാരും നിൽക്കുന്നു. 

ബ്രഹ്മാവും ദേവൻമാരും ഭഗവാനെ നമസ്ക്കരിച്ചു. അവർ ഭക്തിനമ്രരായി കണ്ണീരോടെ ഭഗവാനെ സ്തുതിച്ചു. സ്വന്തം വാഹനങ്ങളും തേജസ്സുമെല്ലാം നഷ്ടപ്പെട്ട്, ഭീതിയോടെ നിഷ്പ്രഭരായി നിൽക്കുന്ന ദേവവൃന്ദത്തെക്കണ്ട് ഭഗവാൻ ഇങ്ങിനെയരുളി.

"ബ്രഹ്മാവേ, ദേവൻമാരേ, ഞാനിവിടെയുള്ളപ്പോൾ ഭീതി വേണ്ട. നഷ്ടപ്പെട്ട  ഐശ്വര്യം ഞാൻ വീണ്ടെടുത്ത് തരാം. പരമൈശ്വര്യപ്രദയായ സ്ഥിരലക്ഷ്മിയെ ഞാൻ നിങ്ങൾക്ക് നൽകാം. നിങ്ങൾക്ക് തികച്ചും ഹിതപ്രദവും സമയോചിതവുമായ ചില കാര്യങ്ങൾ ഞാൻ പറഞ്ഞു തരാം. കേട്ടോളൂ. 

അനവധിയായി വിരാജിക്കുന്ന ബ്രഹ്മാണ്ഡങ്ങൾ അവയിലെ ജീവികളടക്കം എല്ലാമെന്റെ അധീനതയിലാണ്. പക്ഷേ ഞാൻ എന്‍റെ ഭക്തര്‍ക്ക് അധീനനാണ്. എന്നെത്തന്നെ സമാശ്രയിക്കുന്ന ഭക്തർ അനേകമുണ്ട്. ആ ഭക്തർക്ക് ആരോടാണോ ദേഷ്യമുള്ളത് അവരുടെ ഗൃഹങ്ങളിൽ ഞാൻ ലക്ഷ്മീസമേതനായി വസിക്കുകയില്ല. ദുർവാസാവ് ശങ്കരന്റെ അംശമാണ്. എന്റെ പരമഭക്തനാണ് മഹർഷി. അദ്ദേഹത്തിന്റെ കോപഫലമായാണ് ഞാൻ ലക്ഷ്മീദേവിയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്.

ശംഖധ്വനി, തുളസിച്ചെടി, ശിവാർച്ചന, ബ്രാഹ്മണഭോജനദാനം, എന്നിവയില്ലാത്തയിടത്ത് പൂമകൾ വാഴുകയില്ല. എന്നെയും എന്റെ ദക്തരെയും നിന്ദിക്കുന്നയിടത്തും ലക്ഷ്മീദേവി വസിക്കുകയില്ല. എന്റെ ജന്മനാളിലും ഹരിവാസരത്തിലും നോയ്മ്പ് നോൽക്കാത്തവരുടെ അടുക്കലും, ഭക്തിയില്ലാത്തവരുടെ അടുക്കലും, ഞാനും കമലയും ഉണ്ടാവുകയില്ല. എന്റെ നാമത്തെയും സ്വന്തം പുത്രിയായ കന്യകയെയും കച്ചവടം ചെയ്യുന്നവന്റെ വീട്ടിൽ ഞാൻ കടന്നു ചെല്ലുകയില്ല. അതിഥിക്ക് ഭക്ഷണം കൊടുക്കാത്തവൻ, പുംശ്ചലീപുത്രനായ വിപ്രൻ, അവളുടെ ഭർത്താവ്, പാപികളുടെ ഗൃഹം സന്ദർശിക്കുന്നവൻ, ശൂദ്രന്റെ വെപ്പുകാരൻ, ശൂദ്രന്റെ ശ്രാദ്ധാന്നം ഉണ്ണുന്നവൻ, കാളക്കാരനായ ബ്രാഹ്മണൻ, ശൂദ്രപ്രേതം സംസ്ക്കരിക്കുന്നവൻ, അശുദ്ധൻ, നിഷ്ഠൂരൻ, ഹിംസാ ശീലൻ, സജ്ജനനിന്ദകൻ, ശൂദ്രയാജിയായ വിപ്രൻ എന്നിവരുടെ താമസസ്ഥലങ്ങൾ താർമകൾക്ക് യോജിച്ചവയല്ല.

അവീരാന്നം കഴിക്കുന്നവൻ, നഖം കൊണ്ടു് പുല്ലറുക്കുന്നവൻ, മണ്ണിൽ കാൽ കൊണ്ടു് വരയ്ക്കുന്നവൻ, അസന്തുഷ്ടനായ വിപ്രൻ, ആചാരഹീനനും അ ദീക്ഷിതനുമായ വിപ്രൻ, എന്നിവരുടെ ഗൃഹത്തിൽ നിന്നും ലക്ഷ്മീദേവി ഇറങ്ങിപ്പോകും. സൂര്യോദയത്തിൽ ഊണ് കഴിക്കുന്നവൻ, പകൽ സംയോഗത്തിൽ ഏർപ്പെടുന്നവൻ, കാലിൽ മെഴുക്കോടെ നഗ്നനായി കിടന്നുറങ്ങുന്നവൻ, തലയിൽ തേച്ച എണ്ണ തൊട്ട് ദേഹത്ത് മറ്റിടങ്ങളിൽ തേയ്ച്ച് പിടിപ്പിക്കുന്നവൻ, സ്വന്തം ദേഹത്ത് താളം പിടിക്കുന്നവൻ, വ്രതോപാസനകൾ അനുഷ്ഠിക്കാത്ത ബ്രാഹ്മണൻ, ബ്രാഹ്മണ നിന്ദകൻ, ജീവികളെ ഹിംസിക്കുന്നവൻ, ദയാഹീനൻ, എന്നിവരുടെ ഗൃഹങ്ങളിൽ നിന്നും ലക്ഷ്മീദേവി ഇറങ്ങിപ്പോവും.

എവിടെയെല്ലാം ഹരിപൂജയുണ്ടോ, നാമസങ്കീർത്തനമുണ്ടോ, ലക്ഷ്മീദേവി അവിടം വിട്ടു പോവുകയില്ല. ശ്രീകൃഷ്ണനേയോ കൃഷ്ണ ഭക്തനേയോ വാഴ്ത്തുന്നയിടങ്ങൾ കൃഷ്ണപ്രിയയായ ദേവിക്ക് ഹിതമായ ഇരിപ്പിടങ്ങളാണ്. സാളഗ്രാമം, ശംഖനാദം, ശംഖം, തുളസീദളം, എന്നിവയും ഇവയുടെ പൂജയും ദേവിക്കും ഏറെ പ്രിയമാണ്. ശിവലിംഗ പൂജ, ദുർഗ്ഗാർച്ചന, സർവ്വദേവ പൂജകൾ, ബ്രാഹ്മണസേവ, ബ്രാഹ്മണർക്ക് അന്നദാനം, എന്നിവയുളള സ്ഥലങ്ങൾ  വിട്ടു ലക്ഷ്മീദേവി പോവുകയില്ല. ദേവൻമാരോട് ഇത്രയും പറഞ്ഞിട്ടു് ഭഗവാൻ രമയോട് പറഞ്ഞു: "ഭവതി കലാംശമായി ക്ഷീരസാഗരത്തിൽ പിറവിയെടുത്താലും."

പിന്നീട് ഭഗവാൻ ബ്രഹ്മാവിനോട് പറഞ്ഞു: "അങ്ങ് കടൽ കടഞ്ഞ് ആ ദേവിയെ വീണ്ടെടുത്ത് ദേവൻമാർക്ക് നല്കിയാലും '' ഇത്രയും പറഞ്ഞ് ഭഗവാൻ അന്തപ്പുരത്തിലേക്കും ദേവൻമാർ പാൽക്കടൽത്തീരത്തേക്കും പോയി. 

മന്ദരപർവ്വതം കടകോലാക്കി ആമയെ പാത്രമാക്കി ശേഷനെ കയറാക്കി ദേവാസുരൻമാർ പാൽക്കടൽ കടഞ്ഞു. കടലിൽ നിന്നും ഉച്ചൈശ്രവസ്സ് എന്ന കുതിര, നാൽക്കൊമ്പനാനയായ ഐരാവതം, പല പല രത്നങ്ങൾ, ധന്വന്തരീദേവൻ, ലക്ഷ്മീദേവി, സുദർശനം, എന്നിവയൊക്കെ പുറത്തുവന്നു. പാലാഴിയിൽ പള്ളികൊള്ളുന്ന പത്മനാഭന്റെ കഴുത്തിൽ ലക്ഷ്മീദേവി വനമാലയിട്ടു. ബ്രഹ്മാദികൾ ദേവിയെ പൂജിച്ചു തുഷ്ടയാക്കി. അവളുടെ ഒരൊറ്റ നോട്ടം കൊണ്ട് നാകത്തിന്റെ സമ്പദൈശ്വര്യങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടു. ദേവൻമാർ അവരവരുടെ ധാമങ്ങളിലെത്തി സസുഖം വാണു.


സാരഭൂതവും സുഖദവുമായ ലക്ഷ്മ്യൂപാഖ്യാനം ഞാൻ പറഞ്ഞു കഴിഞ്ഞു. എന്താണിനി അങ്ങേയ്ക്കറിയേണ്ടത്?

No comments:

Post a Comment