Devi

Devi

Sunday, June 4, 2017

ദിവസം 258. ശ്രീമദ്‌ ദേവീഭാഗവതം. 9-36. കർമ്മച്ഛേദമാർഗ്ഗം

ദിവസം 258.  ശ്രീമദ്‌ ദേവീഭാഗവതം. 9-36. കർമ്മച്ഛേദമാർഗ്ഗം

ധർമ്മരാജമഹാഭാഗ വേദവേദാംഗ പാരഗ
നാനാ പുരാണേതിഹാസേ യത്സാരം തത്പ്രദർശയ
സർവ്വേഷു സാരഭൂതം യത്സർവ്വേഷ്ടം സർവ്വസമ്മതം
കർമ്മച്ഛേദ ബീജരൂപം പ്രശസ്തം സുഖദം നൃണാം.

സാവിത്രി പറഞ്ഞു: വേദങ്ങളുടെ പൊരുളറിഞ്ഞ ധർമ്മരാജാവേ അങ്ങ് പുരാണേതിഹാസങ്ങളുടെയെല്ലാം പരമതത്വം എന്തെന്നറിയാവുന്നയാളാണ്. കർമ്മബന്ധം ഇല്ലാതാക്കാൻ സർവ്വസമ്മതവും ഉത്കൃഷ്ടവുമായ മാർഗ്ഗം എന്തെന്ന് എനിക്കു പറഞ്ഞുതന്നാലും. എന്താണ് സർവ്വശുഭപ്രദവും സർവ്വാഭീഷ്ടപ്രദായകവും ആയത്? എന്താണ് സകല ദു:ഖങ്ങളെയും ഇല്ലാതാക്കുന്നത്? എന്താണ് മനുഷ്യരിലെ ഭയത്തെ ഇല്ലാതാക്കാൻ ഉതകുന്നത്? എന്താണ് മനുഷ്യനെ നരകക്കാഴ്ചകളിൽ നിന്നു മോചിപ്പിക്കുന്നത്? ജനനമരണങ്ങൾ ഇനിയുണ്ടാവാതിരിക്കാൻ ഏതു വിധത്തിലുള്ള കർമ്മങ്ങളാണ് മനുഷ്യൻ ചെയ്യേണ്ടത്?

നരകകുണ്ഡങ്ങൾ നിർമ്മിച്ചിട്ടുള്ളത് എങ്ങിനെയാണ്? അവിടെ കിടക്കുന്ന പാപികൾ എപ്രകാരമുള്ളവരാണ്? ചിതയിൽ വച്ച് ദേഹം ഭസ്മമായിക്കഴിയുമ്പോൾ ജീവൻ ലോകാന്തരയാത്ര ആരംഭിക്കുന്നുവല്ലോ. ആ ജീവൻ ഏതു ദേഹരൂപത്തിലാണ് ശുഭാശുഭങ്ങളെ അനുഭവിക്കുന്നത്? നീണ്ടകാലം ക്ലേശമനുഭവിച്ചിട്ടും നശിക്കാത്ത ആ ദേഹത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? ഇവയെപ്പറ്റിയെല്ലാം ദയവായി എനിക്ക് പറഞ്ഞുതന്നാലും.

ധർമ്മരാജൻ പറഞ്ഞു: വത്സേ, വേദങ്ങളിലും പുരാണേതിഹാസങ്ങളിലും ധർമ്മശാസ്ത്ര സംഹിതകളിലും മറ്റ് ഗ്രന്ഥങ്ങളിലും പറഞ്ഞിട്ടുള്ളത് അഞ്ച് ദേവൻമാരെ പൂജിക്കണം എന്നതാണ്. വിഷ്ണു, ശക്തി, ശിവൻ, ഗണേശൻ, ആദിത്യൻ എന്നിവരാണ് ആ പഞ്ചദേവൻമാർ. ഇവരെ ഉപാസിക്കുന്നതിലൂടെ ജന്മമൃത്യുജരാവ്യാധിഭയാദികൾ ഇല്ലാതാക്കാം. സർവ്വമംഗളപ്രദായകവും ആനന്ദപ്രദവുമാണ് പഞ്ചദേവോപാസന. സർവ്വസിദ്ധിപ്രദവും മനുഷ്യനെ നരകക്കടൽ താണ്ടാൻ പര്യാപ്തനാക്കുന്നതും കർമ്മവൃക്ഷത്തെ വേരോടെ ഇല്ലാതാക്കാൻ ഉതകുന്നതുമാണ് ഈ ഉപാസന.

ഭഗവൽ സാലോക്യം, സാമീപ്യം, സ്വരൂപ്യം, സായൂജ്യം എന്നിവ ലഭിക്കാനും ഈ ഉപാസന കൊണ്ട് സാധിക്കും. എന്റെ ദൂതൻമാർ നരകങ്ങളെ പരിപാലിക്കുന്നവരാണ്. എന്നാൽ പഞ്ചദേവോപാസകരായ സാധകർക്ക് സ്വപ്നത്തിൽപ്പോലും നരകത്തെ കാണേണ്ടതായി വരുന്നില്ല. ദേവീഭക്തിയില്ലാത്തവർ എന്റെ നഗരങ്ങളായ നരകങ്ങളുടെ കാഴ്ച കണ്ടേ തീരൂ.  ഭവാൻ ഹരിയെ പൂജിക്കുന്നവരും ഹരിതീർത്ഥം സേവിക്കുന്നവരും അതിഭയാനകമായ സംയമനപുരിയെ കാണുകയില്ല. എന്നാൽ ത്രിസന്ധ്യാചരണം ചെയ്യുന്ന വിപ്രൻമാർ ആചാരശുദ്ധിയുള്ളവർ ആണെങ്കിലും അവർ ദേവീപൂജകൾ അനുഷ്ഠിക്കുന്നില്ലെങ്കിൽ മോക്ഷമർഹിക്കുന്നില്ല. സ്വധർമ്മനിഷ്ഠയുള്ളവർ മൃത്യു ലോകത്തെത്തിയാലും യമഭടൻമാർ അവരെ ഒന്നും ചെയ്യുകയില്ല. യമഭടൻമാർ ശിവോപാസകരെ കണ്ടാൽ ഗരുഡനെ കണ്ട പാമ്പെന്നപോലെ പേടിച്ചു വിറയ്ക്കും. കയറുമായി ശിവഭക്തരുടെ അടുത്തേക്ക് പോകുന്നതിൽ നിന്നും ഞാനവരെ വിലക്കിയിട്ടുണ്ട്. അതുപോലെ തന്നെയാണ് ഹരിഭക്തരുടെ കാര്യവും.

ദേവീമന്ത്രോപാസകൻമാരുടെ പേരുകൾ ചിത്രഗുപ്തൻ ഭയപ്പെട്ട് തന്റെ ഗ്രന്ഥത്തിൽ നിന്നുതന്നെ ചുരണ്ടി മാറ്റും. ചിത്രഗുപ്തൻ അവർക്ക് മധുപർക്കാദികൾ നൽകി ബഹുമാനിക്കും. ദേവീഉപാസകർ ബ്രഹ്മലോകവും കടന്ന് മണിദ്വീപിൽ എത്തിച്ചേരും. അവർ തങ്ങളുടെ കുലത്തെത്തന്നെ പവിത്രമാക്കും. അവരുടെ സ്പർശനം പോലും സകലദുരിതങ്ങളെയും ദൂരീകരിക്കും. തീയിൽ ഉണക്കപ്പുല്ല് എരിഞ്ഞു തീരുന്നതുപോലെയാ ദുരിതങ്ങൾ പാടേ നശിക്കും. മോഹം പോലും അവരെക്കണ്ടാൽ ഓടിയൊളിക്കും.

ദേവീഭക്തനെ കണ്ടാൽ കാമം കാമികളെ തേടിപ്പോവും. ക്രോധം, ലോഭം, മൃത്യു രോഗം, ഭയം, ജര, ശോകം എന്നിവയെല്ലാം ദേവീഭക്തനെ സമീപിക്കുകയില്ല. അവർക്ക് നരകദർശനം അനുഭവിക്കേണ്ടതായി വരുകയില്ല.

ആഗമശാസ്ത്രങ്ങൾക്ക് അനുസൃതമായി  ലോകാന്തരങ്ങളിലെ ദേഹസ്വരൂപത്തെപ്പറ്റി ഇനി പറയാം. പഞ്ചഭൂതങ്ങളായ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവ ചേർന്നാണ് ദേഹമുണ്ടാക്കിയിരിക്കുന്നത്. ഇവയാണ് ദേഹ ബീജമായിരിക്കുന്നത്. എന്നാൽ ഇങ്ങിനെ ഉരുവാകുന്ന ദേഹം നശ്വരമാണ്. ചെറിയൊരു വിരൽ വലുപ്പം മാത്രമുള്ള ജീവൻ ഭോഗങ്ങൾ അനുഭവിക്കാനായി സ്വയം ഒരു സൂക്ഷ്മദേഹം കൈക്കൊള്ളുന്നു. ഈ ദേഹത്തെ എരിക്കാനോ നനയ്ക്കാനോ സാധിക്കുകയില്ല. പ്രഹരമേറ്റാലും മറ്റ് പീഡനങ്ങൾ ഏൽപ്പിച്ചാലും ഈ ദേഹം വേദനിക്കുമെന്നല്ലാതെ നശിക്കില്ല. തിളച്ച ഇരുമ്പു ലായനിയിൽ ഇട്ടാലും, ചുട്ടുപഴുത്ത പാറയിലോ ലോഹത്തിലാ എറിഞ്ഞാലും സൂക്ഷ്മദേഹത്തിന് മാറ്റമില്ല. എന്നാൽ ആ പീഡനങ്ങളുടെ അനുഭവം ജീവന് കൃത്യമായി ഉണ്ടാവുകയും ചെയ്യും.

ദേഹസ്വരൂപവും കാരണവും കേട്ടല്ലോ. ഇനി കുണ്ഡലക്ഷണങ്ങൾ പറയാം.

No comments:

Post a Comment