Devi

Devi

Monday, June 20, 2016

ദിവസം 153. ശ്രീമദ്‌ ദേവീഭാഗവതം. 6. 26. നാരദമോഹം

ദിവസം 153. ശ്രീമദ്‌ ദേവീഭാഗവതം. 6. 26. നാരദമോഹം

ഇതി മി വചനം ശ്രുത്വാ നാരദ: പരമാര്‍ത്ഥവിത്
മാമോഹ ച സ്മിതം കൃത്വാ പൃച്ഛന്തം മോഹകാരണം
പാരാശര്യ പുരാണജ്ഞ കിം പൃച്ഛസി സുനിശ്ചയം
സംസാരേfസ്മിന്‍ വിനാ മോഹം കോ fപി നാസ്തി ശരീരവാന്‍ 

അറിവുള്ളവര്‍ക്ക് പോലും മോഹമായയില്‍ നിന്നും പൂര്‍ണ്ണമായും മോചനമില്ലാതിരിക്കാന്‍ എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ മഹര്‍ഷി നാരദന്‍ ഇങ്ങിനെ പറഞ്ഞു: അല്ലയോ പുരാണജ്ഞനായ പരാശരപുത്രാ ഇതിലിപ്പോള്‍ ശങ്കിക്കാന്‍ എന്താണുള്ളത്? ദേഹമെടുത്തുപോയോ അവനു മോഹബാധിതനായി സംസാരവീഥിയില്‍ അലയേണ്ടതായി വരും. ബ്രഹ്മാവ്‌, വിഷ്ണു, സനകാദിമുനിവരന്മാര്‍, എന്നുവേണ്ട ലോകം മുഴുവന്‍ ജ്ഞാനിയാണെന്നു പുകഴ്ത്തുന്ന എനിക്കും അതാണനുഭവം. എന്‍റെ പൂര്‍വ്വവൃത്താന്തം കേട്ടാലും.

മായാമോഹത്താല്‍ ഭാര്യക്ക് വേണ്ടിയാണ് ഞാന്‍ വല്ലാതെ ദുഖിച്ചത്. ഒരിക്കല്‍ ഞാന്‍ പര്‍വ്വതനുമൊത്ത് വിഖ്യാതമായ ഭാരതദേശം കാണാന്‍ വിണ്ണില്‍നിന്നുമിറങ്ങി പുറപ്പെട്ടു. പുണ്യതീര്‍ത്ഥങ്ങളും ദിവ്യരായ മുനിമാരുടെ ആശ്രമങ്ങളും സന്ദര്‍ശിച്ച് ഞങ്ങള്‍ ആ പുണ്യഭൂമിയില്‍ കഴിഞ്ഞു. ഞങ്ങള്‍ പുറപ്പെട്ടപ്പോള്‍ ഒരു കാര്യം പറഞ്ഞുറപ്പിച്ചിരുന്നു. പരസ്പരം മനോഗതങ്ങള്‍ ഒന്നും ഒളിച്ചുവയ്ക്കാതെ, അതെത്ര നല്ലതായാലും ചീത്തയായാലും, അപ്പപ്പോള്‍ പറഞ്ഞുകൊള്ളാമെന്നായിരുന്നു തീരുമാനം. അത് ചിലപ്പോള്‍ ഭക്ഷണത്തിനോ രതിക്കോ ഉള്ള ആഗ്രഹമാവാം ചിലപ്പോള്‍ ധനത്തിലുള്ള ആര്‍ത്തിയാവാം. മനസ്സിന്‍റെ ഗതി നേരത്തേ അറിയാനാവില്ലല്ലോ. ഏതായാലും യാത്രാസമയത്ത് ഞങ്ങള്‍ മുനിവൃത്തിയാണ് സ്വീകരിച്ചിരുന്നത്.

വേനല്‍ക്കാലം കഴിയേ ഞങ്ങള്‍ സഞ്ജയന്‍ എന്ന് പേരായ ഒരു രാജാവിന്‍റെ അതിഥിയായി ചാതുര്‍മാസ്യം കഴിച്ചു. രാജാവാണെങ്കില്‍ ഞങ്ങളെ ഉപചാരപൂര്‍വ്വം ബഹുമാനിക്കുകയും ചെയ്തു. ബ്രാഹ്മണരും സന്യാസിമാരും ഓരോരോ കാര്യങ്ങള്‍ക്കായി വര്‍ഷത്തില്‍ എട്ടുമാസം പുറമേ സഞ്ചരിക്കും. പിന്നെ മഴക്കാലമായ നാലുമാസക്കാലം ഒരിടത്ത് കഴിയുക എന്നത് പതിവാണ്. ഈ ചാതുര്‍ മാസ്യത്തിലാണ് സുഖചികിത്സയും മറ്റും ചെയ്യുക.

ഞങ്ങളെ പരിചരിക്കാന്‍ രാജാവ് തന്‍റെ സുന്ദരിയും സുഭഗയുമായ മകളെ നിയോഗിച്ചു. ഞങ്ങള്‍ വെദാദ്ധ്യയനത്തില്‍ മുഴുകി. അറിവിലും ഔചിത്യത്തിലും ഉത്തമയായ അവള്‍ ഞങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ അറിഞ്ഞു ചെയ്തു. ഒന്നിനും ചോദിക്കേണ്ടി വരാറില്ല. കുളിക്കും ഊണിനും വേണ്ടതെല്ലാം അവള്‍ ഒരുക്കിത്തന്നു. താംബൂലാദികള്‍ കൊണ്ടുവരിക, ശയ്യയൊരുക്കുക, കാതിനു തേന്മഴപോലെ വീണയില്‍ ഗാനമാലപിക്കുക എന്നിങ്ങനെ ആരെയും സമകര്‍ഷിക്കുന്ന ഒരു കുമാരിയായിരുന്നു അവള്‍. ക്രമേണ അവള്‍ക്ക് എന്നിലും എനിക്ക് അവളിലും പ്രീതിയും പ്രേമവും അങ്കുരിക്കാന്‍ തുടങ്ങി.

പരവ്വതനും എനിക്കും ഊണ് വിളമ്പുമ്പോള്‍ അവള്‍ അല്‍പ്പാല്‍പ്പം പക്ഷഭേദം കാണിക്കാന്‍ തുടങ്ങി. എനിക്ക് ചൂടുവെള്ളം, അവനു പച്ചവെള്ളം. എനിക്ക് തൈര്, അവനു മോര്. എന്‍റെ കിടയില്‍ തൂവെള്ള വിരി, അവന്‍റെ കിടക്കയില്‍ അത്ര ശുഭ്രമല്ലാത്ത ഒന്ന്, എന്നിങ്ങിനെ പക്ഷഭേദം പ്രകടമായി കണ്ടു. അവള്‍ പര്‍വ്വതനെ നോക്കാറുപോലുമില്ല.

ഒരുദിവസം അവന്‍ എന്നോടു ചോദിച്ചു: ‘നാരദാ, പറയൂ അവള്‍ നിന്നെ പ്രേമത്തോടെ നോക്കുന്നു, മാത്രമല്ല, പ്രത്യേക ഭക്ഷ്യപാനീയങ്ങള്‍ നിനക്കായിമാത്രം വിളമ്പുന്നു. അവള്‍ നിന്നെ വരിക്കാന്‍ ആഗ്രഹിക്കുന്നു. അങ്ങേയ്ക്കും ആ കാതരഭാവമുണ്ടെന്നു ഞാന്‍ കാണുന്നു. സത്യം പറയൂ. നാം സ്വര്‍ഗ്ഗത്തില്‍ നിന്നും പുറപ്പെടുമ്പോള്‍ തീരുമാനിച്ചത് എല്ലാം മനസ്സ് തുറന്നു പരസ്പരം പറയും എന്നാണല്ലോ.’

നാരദന്‍ പറഞ്ഞു: ശരിയാണ് സ്നേഹിതാ, അവള്‍ക്ക് എന്നെ വരിച്ചാല്‍ കൊള്ളാമെന്നുണ്ട്. എന്‍റെയുള്ളിലും തദൃശമായ കാമനകള്‍ തലനീട്ടുന്നുണ്ട്. ഞാനിങ്ങിനെ തുറന്നു പറഞ്ഞപ്പോള്‍ പരവ്വതമുനി കോപിഷ്ഠനായി. ‘കഷ്ടം. മുന്‍പേ നാം ചെയ്ത ശപഥപ്രകാരം അങ്ങെന്നോട് മനസ്സിലുള്ള കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലല്ലോ. മിത്രവഞ്ചന ചെയ്ത അങ്ങ് മര്‍ക്കടമുഖനായിത്തീരട്ടെ’. 

എന്‍റെ മുഖം പെട്ടെന്ന് ഒരു വാനരന്‍റെതുപോലെയായിത്തീര്‍ന്നു. അയാളെ ഞാനും ശപിച്ചു: ‘സ്വര്‍ഗ്ഗത്തില്‍ ഭവാന് പ്രവേശനമില്ലാതാവട്ടെ. മാത്രമല്ല ഈ ചെറിയ തെറ്റിന് നീയെന്നെ ശപിച്ചത്‌ കാരണം നിനക്ക് മൃത്യുലോകത്തില്‍ത്തന്നെ ചിരകാലം കഴിയാന്‍ ഇടയാകട്ടെ’ പര്‍വ്വതന്‍ ദുഖത്തോടെ അവിടം വിട്ടു. കുരങ്ങിന്‍റെ മുഖമുള്ള എന്നെക്കണ്ട് രാജകുമാരിയുടെ മുഖം വിളറി.

പിന്നെയെന്താണുണ്ടായത്? എന്ന് ആകാംഷയോടെ വ്യാസന്‍ ചോദിച്ചപ്പോള്‍ നാരദന്‍ തുടര്‍ന്നു: എന്തുപറയാന്‍! ആ സുഹൃത്ത് പോയതില്‍ ഞാന്‍ ആകുലപ്പെട്ടു എങ്കിലും ഞാനാ കൊട്ടരത്തില്‍ത്തന്നെ കഴിഞ്ഞുവന്നു. ആ കുമാരി ഏറെ താല്‍പ്പര്യത്തോടെ എന്നെ നന്നായി ശുശ്രൂഷിച്ചുവന്നു. എന്നാല്‍ എന്‍റെയീ വികൃതമുഖം വെച്ച് ജീവിച്ചാല്‍ ഭാവി എന്താവും എന്ന് ഞാന്‍ ദുഖിച്ചു.

അപ്പോള്‍ രാജാവ് തന്‍റെ പുത്രിക്കായി വിവാഹാലോചനകള്‍ തുടങ്ങി. ഉന്നതകുലം, സദ്‌ഗുണങ്ങള്‍, രുപഗുണസമ്പന്നത എന്നിങ്ങിനെയുള്ള ഉത്തമവരനുവേണ്ടി രാജാവ് മന്ത്രിമാരുമായി ആലോചിച്ചു. മന്ത്രിമുഖ്യന്‍ പറഞ്ഞു: ‘രാജാവേ, യോഗ്യരായ കുമാരന്മാര്‍ കുറേപ്പേരുണ്ട്. അങ്ങേയ്ക്ക് താല്‍പ്പര്യമുള്ള ഒരുവനെ ക്ഷണിച്ചുവരുത്തി ആശ്വരഥാദി സമ്മാനങ്ങള്‍ നല്‍കി കുമാരിയെ യഥാവിഥി പറഞ്ഞയക്കാം.

എന്നാല്‍ കുശലയായ രാജകുമാരി തന്‍റെ ആയയെ അച്ഛന്റെയടുക്കല്‍ സന്ദേശവുമായി പറഞ്ഞയച്ചു. ‘ഞാന്‍ മഹതിയുടെ ഉടമയും ജ്ഞാനഖനിയുമായ നാരദനെ മനസാ വരിച്ചു കഴിഞ്ഞിരിക്കുന്നു. അക്ഷരവും രസനിഷ്യന്ദിയും മുതല, തിമിംഗലം തുടങ്ങിയ ജീവികള്‍ ആലോസരപ്പെടുത്താത്തതുമായ ആ നാദസിന്ധുവില്‍ ഞാന്‍ ആകെ മുങ്ങിയിരിക്കുന്നു. മറ്റാരിലും എനിക്കിനി പ്രിയമുണ്ടാവുകയില്ല. അദ്ദേഹമല്ലാതെ മറ്റൊരുവന്‍ എനിക്ക് ഭര്‍ത്താവായി വേണ്ട. അതിനാല്‍ അങ്ങ് നാരദമുനിയുമായി എന്‍റെ വിവാഹം നടത്തിത്തരണം.’ 

No comments:

Post a Comment