Devi

Devi

Tuesday, June 7, 2016

ദിവസം 150. ശ്രീമദ്‌ ദേവീഭാഗവതം. 6. 23. കാലകേതു വധം

ദിവസം 150. ശ്രീമദ്‌ ദേവീഭാഗവതം. 6. 23. കാലകേതു വധം

തസ്യാസ്തു വചനം ശ്രുത്വാ രമാപുത്ര: പ്രതാപവാന്‍
പ്രഫുല്ല വദനാംഭോജസ്താ മുവാച വിശാമ്പതേ
രംഭോരു യസ്ത്വയാ പൃഷ്ടോ വൃത്താന്തോ വിശദാക്ഷര:
ഹൈഹയോfയം ചൈകവീര നാമ്നാ സിന്ധുസുതാസുത:

യശോവതി എകാവലിയെപ്പറ്റി പറഞ്ഞതുകേട്ട്‌ ഏകവീരന്‍ അവളോടു പറഞ്ഞു: സുന്ദരീ ഞാന്‍ തന്നെയാണ് നീ അന്വേഷിക്കുന്ന ഹേഹയന്‍. ഏകവീരനെന്നാണ് പേര്. ലക്ഷ്മീദേവിയുടെ പുത്രന്‍. നീ ആ കുമാരിയെപ്പറ്റി പറഞ്ഞു കേട്ടതുമുതല്‍ ഞാന്‍ അവളില്‍ അത്യധികം ആകൃഷ്ടയായിരിക്കുന്നു. അവളെക്കുറിച്ചുള്ള ചിന്തയാല്‍ മനസ്സില്‍ ഒരു സ്വൈരവുമില്ല. അവളുടെ സൌന്ദര്യം നിന്‍റെ വാക്കുകളിലൂടെ അറിഞ്ഞ എന്നെ മാരന്‍ മഥിച്ചു തുടങ്ങിയിരിക്കുന്നു. മാത്രമല്ല രാജകുമാരി ‘ഞാന്‍ ഹൈഹയനെ വരിച്ചു കഴിഞ്ഞിരിക്കുന്നു’ എന്ന് പറഞ്ഞത് അത്യല്‍ഭുതമായിരിക്കുന്നു. ആ ദുഷ്ടരാക്ഷന്റെ വാസം എവിടെയാണ്. എന്നെ ക്ഷണത്തില്‍ അങ്ങോട്ടേയ്ക്ക് നയിച്ചാലും. നിനക്കങ്ങോട്ടേയ്ക്കുള്ള വഴിയറിയാമല്ലോ. ഞാനവനെ കൊന്ന് നിന്‍റെ തോഴിയെ രക്ഷിച്ചു കൊണ്ടുവരാം. എന്നിട്ടവളെ പിതാവിനെ എല്‍പ്പിച്ചശേഷം ഞാനവളുടെ കൈപിടിക്കാം. പെട്ടെന്ന് അവന്‍റെ വാസസ്ഥലം പറഞ്ഞു തരിക. അപരന്റെ പത്നിയെ കട്ടുകൊണ്ടുപോയ ഒരു ദുഷ്ടനെ വധിക്കുക രാജധര്‍മ്മം തന്നെയാണ്. മാത്രമല്ല എന്റെ വിക്രമം കാണാന്‍ നിനക്കൊരവസരവുമാകും.’

യശോവതി എകവീരന് അസുരന്‍റെ കേന്ദ്രത്തിലെയ്ക്കുള്ള വഴി പറഞ്ഞു കൊടുത്തു. ‘രാജേന്ദ്ര, അങ്ങ് ഭഗവതിയുടെ ദിവ്യമന്ത്രം ഹൃദിസ്ഥമാക്കുക അത് സര്‍വ്വ്സിദ്ധിപ്രദമാണ്. എന്നോടൊപ്പം പുറപ്പെടാന്‍ അങ്ങ് തയ്യാറാവുക. വലിയൊരു സൈന്യവും സന്നാഹങ്ങളും കൂടെ വന്നുകൊള്ളട്ടെ. മഹാബലനായ കാലകേതുവെന്ന ആ ദുഷ്ടന്റെ കൂടെ വീരന്മാരായ പടയാളികള്‍ ഉണ്ട്. അങ്ങ് വേഗം മന്ത്രദീക്ഷ വാങ്ങി വന്നാലും’

യശോവതി ഇത്രയും പറഞ്ഞു തീര്‍ന്നതും ഭാഗ്യവശാല്‍ ദത്താത്രേയമുനി അവിടെ എത്തിച്ചേര്‍ന്നു. മഹാമുനി ‘ത്രിലോകീതിലകം’ എന്ന യോഗേശ്വരീ മഹാമന്ത്രം ഏകവീരന് ഉപദേശിച്ചു. 

‘ഹ്രീം ഗൌരീ രുദ്രദയിതേ യോഗേശ്വരീ ഹുംഫട് സ്വാഹാ’ എന്ന യോഗേശ്വരീ ദിവ്യമന്ത്രം ഹൃദിസ്ഥമാക്കിയ കുമാരനില്‍ സര്‍വ്വജ്ഞത്വം തെളിഞ്ഞുണര്‍ന്നു. അദ്ദേഹം യശോവതിയുമൊത്ത് സൈന്യസമേതം യാത്ര തുടങ്ങി. പാതാളം സര്‍പ്പങ്ങളാല്‍ എങ്ങിനെ പരിപാലിക്കപ്പെടുന്നുവോ അതുപോലെ രാക്ഷസന്മാര്‍ സുരക്ഷയ്ക്ക് കാവല്‍ നില്‍ക്കുന്ന നഗരത്തിലേയ്ക്കാണ് അവര്‍ എത്തിച്ചേര്‍ന്നത്.

ഏകവീരന്റെ വരവ് കണ്ടു ദ്വാരപാലകര്‍ പെട്ടെന്നോടിച്ചെന്നു കാലകേതുവിനെ വിവരമറിയിച്ചു. അപ്പോളവന്‍ എകാവലിയുടെ സമീപം ചെന്ന് താണ് കെഞ്ചി തന്‍റെ വികാരവായ്പ് കാണിക്കാന്‍ ശ്രമിക്കുകയായിരുന്നു. ‘രാജാവേ, ഈ കുമാരിയുടെ തോഴി യശോവതിയിതാ ഒരു രാജകുമാരനോപ്പം സൈന്യവുമായി വന്നിരിക്കുന്നു. കണ്ടിട്ട് കൂടെയുള്ള ആ കുമാരന്‍ അതിപ്രഭാവവാനായ ഒരു രാജാവാണെന്ന് തോന്നുന്നു. ജയന്തനോ കാര്‍ത്തികേയനോ എന്ന് തോന്നുമാറ് അത്ര തേജസ്സാണാ മുഖത്ത്. അങ്ങ് ഉടനെതന്നെ അവനെ നേരിടുക. അല്ലെങ്കിലീ സുന്ദരിയെ വിട്ടയക്കുക.’

ദൂതവാക്യം കേട്ടപ്പോള്‍ അസുരന് കോപം വന്നു. ‘അവരെ ആയുധങ്ങളുമായി ചെന്ന് നേരിടാന്‍ അവന്‍ തന്‍റെ സേനകളോട് ആജ്ഞാപിച്ചു. എന്നാല്‍ അവന്‍ പ്രേമപൂര്‍വ്വം എകാവലിയോടു പറഞ്ഞു: നിന്‍റെ പിതാവ് നിന്നെത്തേടി വന്നതാണെങ്കില്‍ ഞാന്‍ എതിര്‍ക്കുകയില്ല, മറിച്ച് അദ്ദേഹത്തെ ഞാന്‍ ബഹുമാനിച്ച് അതിഥിയായി കൂട്ടിക്കൊണ്ടു വന്നുകൊള്ളാം. അദ്ദേഹത്തിനു സ്വര്‍ണ്ണവും രത്നവും മറ്റു സമ്മാനങ്ങളും കൊടുക്കാം. എന്നാല്‍ മറ്റുവല്ലവരുമാണ് നിന്നെത്തേടി വരുന്നതെങ്കില്‍ അവന്‍റെ കാലപുരിയിലേയ്ക്കുള്ള യാത്ര തീരുമാനിച്ചുകഴിഞ്ഞു എന്ന് കരുതിക്കൊള്‍ക. ആരാണിപ്പോള്‍ വന്നിട്ടുള്ളതെന്ന് നിനക്കറിയാമോ?’

അപ്പോള്‍ എകാവലി പറഞ്ഞു: ‘ആരാണ് എന്നെത്തേടി വന്നിട്ടുള്ളതെന്ന് എനിക്കറിയില്ല. ഞാനങ്ങയുടെ ബന്ധനത്തിലാണല്ലോ. എന്‍റെ പിതാവോ സഹോദരനോ അല്ല. മറ്റു ബലവാന്മാര്‍ ആരെങ്കിലും ആയിരിക്കും.’

‘ഈ ദൂതന്മാര്‍ പറയുന്നത് നിന്‍റെ തോഴിയാണ് അവരെ കൂട്ടിക്കൊണ്ടു വന്നതെന്നാണ്. നിന്റെയാ തോഴി ഇപ്പോഴെവിടെയാണ്? എന്നോടു നേരിട്ട് ജയിക്കാന്‍ കഴിവുള്ളവരായി ആരുമില്ല എന്ന് നീയറിയണം’

അപ്പോഴേയ്ക്കും മറ്റു ചില ദൂതന്മാര്‍ വന്നു പറഞ്ഞു: ‘പ്രഭോ ഇങ്ങിനെ സമയം കളയരുതേ ശത്രുസൈന്യം എല്ലാ തയ്യാറെടുപ്പും നടത്തുന്നു.’

കാലകേതു പെട്ടെന്ന് തന്‍റെ കുതിരപ്പുറത്തു കയറി യുദ്ധത്തിനായി പുറപ്പെട്ടു. ഏകവീരനും ആശ്വത്തിന്‍മേലേറി യുദ്ധക്കളത്തിലെത്തി. ഇന്ദ്രനും വൃത്രനും തമ്മില്‍ ഉണ്ടായ പോരുപോലെ അതിഭീകരമായ യുദ്ധമായിരുന്നു പിന്നെയവിടെയുണ്ടായത്. അസ്ത്രശസ്ത്ര പ്രയോഗത്തില്‍ രണ്ടാളും കേമന്മാരായിരുന്നു. പെട്ടെന്ന് ഏകവീരന്‍ വലിയൊരു ഗദയാല്‍ രാക്ഷസന്റെ കഥ കഴിച്ചു. പര്‍വതം തകര്‍ന്നു വീഴുംപോലെ അവന്‍ നിലത്ത് വീണു. അസുരന്മാര്‍ നാലുപാടും പാലായനം ചെയ്തു. അപ്പോള്‍ യശോവതി എകാവലിയോടു പറഞ്ഞു: ‘കുമാരീ, നീ കാത്തിരുന്ന ഏകവീരന്‍ എന്ന ഹൈഹയന്‍ ഇതാ ഇപ്പോള്‍ നിന്നെ കാത്തിരിക്കുന്നു. അദ്ദേഹം കാലകേതുവിനെ കൊന്നിട്ട് ഗ്രാമകവാടത്തില്‍ നിന്നെ പ്രതീക്ഷിച്ചിരിക്കുന്നു. നിന്‍റെ രൂപഗുണങ്ങള്‍ ഞാനവനോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം നിന്നോടുള്ള പ്രേമാതിരേകത്താല്‍ പരിക്ഷീണനാണ്.’

കുമാരി തോഴിയോടോപ്പം പുറപ്പെട്ടു. എന്നാലവള്‍ക്ക് ലജ്ജയായി ‘ഞാനാ മുഖത്ത് നോക്കുന്നതെങ്ങിനെ’ എന്‍റെ മുഷിഞ്ഞ വസ്ത്രവും വിവശമായ മുഖവും അദ്ദേഹത്തെ എങ്ങിനെ കാണിക്കും? കാമാവേശം പൂണ്ട് അദ്ദേഹമെന്നെ കടന്നു പിടിച്ചാലോ?’ എന്നൊക്കെ അവള്‍ ആധി പൂണ്ടു.

യശോവതിയുമായി വന്നെത്തിയ ഏകാവലിയെക്കണ്ട് കുമാരന്‍ ‘സുന്ദരീ നിന്നെ ഒടുവില്‍ കണ്ടുകിട്ടിയല്ലോ, നേരില്‍ കാണാന്‍ എത്ര കൊതിയായിരുന്നു!’ എന്നദ്ദേഹം പറഞ്ഞു. ലജ്ജയാല്‍ വിവശയായ കുമാരിയെയും കാമാര്‍ത്തനായ രാജകുമാരനെയും നോക്കി ഉത്തമസഖിയായ യശോവതി പറഞ്ഞു: ‘രാജകുമാരാ, ഇവളെ അങ്ങേയ്ക്ക് നല്‍കാനാണ് രാജാവിന്‍റെ തീരുമാനം. ഇവളും നിന്നെത്തന്നെ കാത്തിരിക്കുന്നു. നല്ല ചേര്‍ച്ചയാണ് നിങ്ങള്‍ തമ്മില്‍. ഇനി കുറച്ചു സമയം കാത്തിരുന്നാല്‍ മതി. നേരെ കൊട്ടാരത്തില്‍ ചെന്ന് വേളി കഴിഞ്ഞിട്ടാവാം ഇനിയുള്ള ശൃംഗാരം’

രണ്ടു കന്യകമാരും രാജകുമാരനും പിതാവിന്‍റെ കൊട്ടാരത്തിലെത്തി. മന്ത്രിമാരോടുകൂടി അവരെ സ്വീകരിക്കാന്‍ രാജാവെത്തിയിരുന്നു. കഥകളെല്ലാം യശോവതി രാജാവിനെ ധരിപ്പിച്ചു. നല്ലൊരു നാളുനോക്കി ഏകവീരനും ഏകാവലിയും വിവാഹം ചെയ്തു. രാജാവ് മകള്‍ക്ക് തോഴിയായി യശോവതിയെത്തന്നെ കൂടെ പറഞ്ഞയച്ചു. ഇവര്‍ക്ക് കൃതവീരന്‍ എന്നപേരില്‍ ഒരു പുത്രനുണ്ടായി. കൃതവീര്യന്റെ മകനാണ് കാര്‍ത്തവീര്യന്‍ എന്ന് പ്രഖ്യാതനായ രാജാവ്.
  

No comments:

Post a Comment