Devi

Devi

Thursday, February 4, 2016

ദിവസം 104. ശ്രീമദ്‌ ദേവീഭാഗവതം. 5. 12. ബാഷ്കള ദുര്‍മുഖ പ്രേഷണം

ദിവസം 104. ശ്രീമദ്‌ ദേവീഭാഗവതം. 5. 12. ബാഷ്കള ദുര്‍മുഖ പ്രേഷണം

തന്നിഷമ്യ വചസ്തസ്യ താമ്രസ്യ ജഗദംബികാ
മേഘഗംഭീരയാ വാചാ ഹസന്തീ തമുവാച ഹ
ഗച്ഛ താമ്ര പതിം ബ്രൂഹി മുമുര്‍ഷും മന്ദ ചേതസം
മഹിഷം ചാതികാമാര്‍ത്തം മൂഢം ജ്ഞാനവിവര്‍ജ്ജിതം
    
വ്യാസന്‍ പറഞ്ഞു: താമ്രന്‍റെ വാക്കുകള്‍ കേട്ട് ചിരിച്ചുകൊണ്ട് മേഘഗര്‍ജ്ജനം പോലെ ജഗദംബിക ഇങ്ങിനെ മൊഴിഞ്ഞു: ’കാമഭ്രാന്തെടുത്ത് മരണത്തെ വരിക്കാന്‍ തയ്യാറായിരിക്കുന്ന നിന്‍റെ വിഡ്ഢിരാജാവിനോട് ചെന്ന് പറയൂ - പുല്ലു തിന്നുന്ന വമ്പന്‍ ഒരെരുമയല്ലേ നിനക്ക് ചേരുക? വലിയ വയറും വാലും കൊമ്പുമുള്ള എരുമയല്ല ഞാന്‍. പിന്നെ എന്‍റെ കാര്യം പറഞ്ഞാല്‍ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെയും ഇന്ദ്ര കുബേരന്മാരെയും ഒന്നും ഞാന്‍ കാമിക്കുന്നില്ല. പിന്നെയാണ് വെറുമൊരു പോത്തായ നീ. നിന്നില്‍ എന്ത് ഗുണമാണ് ഞാന്‍ കാണേണ്ടത്? ലോകത്തിനു തന്നെ എന്തൊരു മാനക്കേടാണത്? എനിക്ക് നിര്‍ഗ്ഗുണനും നിത്യനും നിരാലംബനും സര്‍വ്വസാക്ഷിയും നിരീഹനും നിസ്പൃഹനും സ്ഥിരനും പരിപൂര്‍ണ്ണനും സദാശിവനുമായ ഒരു നാഥനുണ്ട്' എന്നവനോടു പറയുക. എല്ലാമറിയുന്ന, ശാന്തനായി എങ്ങും വാഴുന്ന, മഹാബലനായ ഒരുവനെ വിട്ടൊരു  മുതുപോത്തിന് പിറകെ പായാന്‍ ഞാനാര്, വെറുമൊരു എരുമയോ?

ദുരാഗ്രഹം ദൂരെക്കളഞ്ഞു യുദ്ധത്തിനു വരിക. നിന്നെ കാലന്‍റെ വാഹനമാക്കാം. അല്ലെങ്കില്‍ മനുഷ്യര്‍ക്ക് വെള്ളം കൊണ്ടുവരുന്ന വണ്ടിപ്പോത്താക്കാം. അല്ല, നിനക്ക് ജീവനില്‍ കൊതിയുണ്ടെങ്കില്‍ പെട്ടെന്ന് തന്നെ കൂട്ടുകാരെയും കൂട്ടി പാതാളത്തിലേയ്ക്ക് പോയ്ക്കൊള്ളുക. ഒന്ന് മനസ്സിലാക്കുക- തുല്യരായവര്‍ തമ്മിലേ ചേരൂ. അല്ലെങ്കില്‍ വലിയ മനപ്രയാസത്തിനിടവരും. നിന്നെ ഭര്‍ത്താവാക്കുക എന്ന് നീ പറഞ്ഞല്ലോ! കഷ്ടം! ഞാനെവിടെ, നീയെവിടെ? യുദ്ധത്തിനു വന്നാല്‍ നിന്‍റെ അവസാനം സുനിശ്ചയമാണ്. രക്ഷപ്പെടാന്‍ ഇനിയും സമയമുണ്ട്. യജ്ഞഭാഗം വേണ്ടെന്നു വച്ച് സ്വര്‍ഗ്ഗമൊഴിഞ്ഞു ദൂരെപ്പോവുക.

ഇങ്ങിനെ പറഞ്ഞ് ദേവി ഒന്നലറി. ആ ശബ്ദപ്രകമ്പനത്തില്‍ ഭൂമി വിറച്ചു. പര്‍വ്വതങ്ങള്‍ കിടുങ്ങി. ഗര്‍ഭിണികളുടെ ഗര്‍ഭമലസി സ്രവിച്ചു. താമ്രന്‍ ഭയപ്പാടോടെ മഹിഷന്‍റെ അടുക്കല്‍ ഓടിയെത്തി. കൂടെയുള്ള അസുരന്മാരില്‍ വീരന്മാര്‍ പോലും ഭയന്നു വിറച്ചു പാലായനം തുടങ്ങി. അമ്മയുടെ വാഹനമായ സിംഹം സടകുടഞ്ഞ് എഴുന്നേറ്റ് നന്നായൊന്നു ഗര്‍ജ്ജിച്ചതോടെ ദൈത്യന്മാര്‍ പേടിച്ചു വിറച്ചു. മഹിഷനും ആകെ വിവശനായിപ്പോയി. ഇനിയിപ്പോള്‍ എന്താണ് ചെയ്യേണ്ടത്? യുദ്ധം ചെയ്യണോ എല്ലാം ഇട്ടെറിഞ്ഞ്‌ ഓടിപ്പോകണോ? എന്നയാള്‍ മന്ത്രിമാരുമായി ആലോചിച്ചുനോക്കി. ‘നിങ്ങള്‍ ബുദ്ധിയും ശാസ്ത്രജ്ഞാനവും തികഞ്ഞവരാണല്ലോ. കാര്യസിദ്ധിക്കായി എന്താണ് കരണീയം എന്ന് രഹസ്യമായി ആലോചിച്ചുനോക്കി എന്നോടു പറയുക. നല്ല മന്ത്രിമാരുണ്ടെകില്‍ രാജ്യഭരണം ഭംഗിയായി നടക്കും. കാര്യാലോചനയിലും മന്ത്രത്തിലും പിഴച്ചാല്‍ നാടിനു കേടാണത്. അതുകൊണ്ട് കാലം, ദേശം, നീതി, ഹിതം, എല്ലാം നോക്കി എനിക്ക് ഗുണകരമായ  ഉപദേശങ്ങള്‍ തന്നാലും. 

ദേവന്മാര്‍ ഒത്തുചേര്‍ന്നാണ് ഈ ദിവ്യ നാരിയെ സൃഷ്ടിച്ചിരിക്കുന്നത്. അവള്‍ക്കാണെങ്കില്‍ ആരും തുണയുമില്ല. അവള്‍ യുദ്ധോല്‍സുകയുമാണല്ലോ! ഇതില്‍പ്പരം അത്ഭുതമെന്താണുള്ളത്? അവളുമായി യുദ്ധം ചെയ്‌താല്‍ ശ്രേയസ്സുണ്ടാവുമോ? യുദ്ധം ജയിക്കാന്‍ അനേകം ആളൊന്നും വേണമെന്നില്ല. യുദ്ധത്തിലെ ജയവും തോല്‍വിയും ദൈവഹിതമാണെന്ന് നമുക്കറിയാം. യുക്തിവാദികള്‍ ചിലപ്പോള്‍ ചോദിച്ചേക്കാം. ‘ഏതു ദൈവം? എന്ത് ദൈവഹിതം? ആരെങ്കിലും ദൈവത്തെ കണ്ടവരായുണ്ടോ?’ ബുദ്ധിയുള്ളവര്‍ അതിനെ 'അദൃഷ്ടം' എന്ന് പറയുന്നത് വെറുതെയല്ല. വെറും ഭീരുക്കളാണ് ‘ദൈവഹിതം’ എന്ന് പറഞ്ഞു സമാധാനിക്കുന്നത്. ശൂരന്മാര്‍ക്ക് പ്രയത്നമാണ് പ്രമാണം. ഭീരുക്കള്‍ക്കാവട്ടെ ‘ദൈവാധീനം പ്രമാണം’ ഏതായാലും നല്ലവണ്ണം ആലോചിച്ചു വേണം തീരുമാനമെടുക്കാന്‍.

രാജാവിന്‍റെ വാക്കുകള്‍ കേട്ട് വിഡാലന്‍ പറഞ്ഞു: 'ഈ സുന്ദരി എങ്ങിനെ എവിടെ നിന്നും വന്നു, അവളുടെ കാന്തനാര് എന്നെല്ലാം എങ്ങിനെയെങ്കിലും മനസ്സിലാക്കിയേ പറ്റൂ. അങ്ങേയ്ക്ക് സ്ത്രീയുടെ കൈകൊണ്ടാണ് മരണം എന്നറിയാവുന്നതുകൊണ്ട് ദേവന്മാര്‍ സ്വതേജസ്സുകള്‍ സ്വരുക്കൂട്ടി പടച്ചുണ്ടാക്കിയ പെണ്ണൊരുത്തിയാകാം ഇത്. ദേവന്മാര്‍ യുദ്ധം കാണുവാന്‍ വാനില്‍ മറഞ്ഞു നില്‍ക്കുന്നുണ്ടാകും. മാത്രമല്ല, വേണ്ടിവന്നാല്‍ സഹായിക്കാനും അവര്‍ പദ്ധതിയിടുന്നുണ്ടാവും. അവളെ മുന്നില്‍ നിര്‍ത്തി വിഷ്ണുവിനും മറ്റും ഞങ്ങളെ കൊല്ലാം. ആ ചണ്ഡികയ്ക്ക് അങ്ങയെയും വധിക്കാം. ഇതെന്‍റെയൊരു തോന്നലാണ്. എന്താണ് നടക്കാന്‍ പോകുന്നതെന്ന് ആര്‍ക്കറിയാം? യുദ്ധത്തിനു പോവണ്ട എന്നങ്ങയോടു പറയാന്‍ തോന്നുന്നില്ല. അങ്ങ് തന്നെ തീരുമാനിച്ചാലും. അങ്ങേയ്ക്ക് വേണ്ടി കൊല്ലാനും ചാവാനും ഞങ്ങള്‍ തയ്യാറാണ്. സുഖത്തിലും ദുഖത്തിലും ഞങ്ങള്‍ സേവകര്‍ അങ്ങയുടെ കൂടെയുണ്ട്.'

അപ്പോള്‍ ദുര്‍മ്മുഖന്‍ പറഞ്ഞു: ‘എന്‍റെ തോന്നല്‍ നമുക്ക് ജയം ഉറപ്പാണെന്നാണ്. ഓടിപ്പോകുന്നത് നാണക്കേടല്ലേ? ഇന്ദ്രാദികളുടെ മുന്നില്‍ നമ്മള്‍ പോരുതിയല്ലേ നിന്നിട്ടുള്ളൂ? പിന്നെയൊരു പെണ്ണിന്‍റെ മുന്നില്‍ നിന്നും പാലായനം ചെയ്യുന്നതെങ്ങിനെ? വരുന്നത് വരട്ടെ. പോര് തന്നെയാണ് വേണ്ടത്. യുദ്ധത്തില്‍ മരണവും വിജയവും സഹജമാണ്. മരിച്ചാല്‍ യശസ്സുണ്ടാവും. ജീവിച്ചാല്‍ സുഖവും. ഓടിപ്പോയാല്‍ അത് നമ്മുടെ പേര് കളയുന്ന പരിപാടിയാണ്. മരണത്തിലും ജീവിതത്തിലും വെറുതെ ദുഖിച്ചിട്ടു കാര്യമില്ല.’

ദുര്‍മ്മുഖന്‍റെ വാക്കുകള്‍ കേട്ട് ബാഷ്കളന്‍ പറഞ്ഞു:’ പേടിയുള്ളവര്‍ ഭീരുക്കളല്ലേ? ഇതിലിത്ര ചിന്തിക്കാനൊന്നുമില്ല. ഞാന്‍ തനിച്ചു പോയി ആ ചണ്ഡികയെ വധിച്ചിട്ട് വരാം. വീരരസത്തിന്റെ ശത്രുവാണ് ഭയാനകം. വേണ്ടത് ശൃംഗാരം, അതിനൊത്ത ഉത്സാഹം എന്നിവയാണ്. ഞാന്‍ നിര്‍ഭയനായി അവളെ നേരിടാം. യമപുരി അവളെ കാത്തിരിക്കുന്നു. യമനെയോ കുബേരനെയോ അഗ്നിയേയോ, സൂര്യനേയോ എനിക്ക് ഭയമില്ല. എന്തിന് ഹരിഹരന്മാര്‍ പോലും എനിക്ക് പുല്ലാണ്. മദത്തിന്‍റെ തിമിര്‍പ്പാണവള്‍ക്ക്. അതവളുടെ കയ്യിലിരിക്കും. എന്നെയൊന്നും ചെയ്യാന്‍ അവള്‍ക്കാവില്ല. എന്റെ ബാണശരങ്ങള്‍ അവളില്‍ പെരുമഴപോലെ പെയ്യും. രാജാവേ, അവളെ എന്റെ കൈക്കരുത്തിനു വിടുക. അങ്ങ് ഇപ്പോള്‍ യുദ്ധത്തിനായി പോവേണ്ടതില്ല.’

ബാഷ്കളന്‍ ഇങ്ങിനെ വീമ്പു പറയവേ, ദുര്‍ദ്ധരന്‍ എഴുന്നേറ്റു വന്ന് ഇങ്ങിനെ പറഞ്ഞു:’ പതിനെട്ടു കരങ്ങളോടെ ദേവന്മാര്‍ സൃഷ്ടിച്ച അവളെ കീഴടക്കാനുള്ള ജോലി എനിക്ക് വിട്ടു തരിക. നിന്നെയൊന്നു പേടിപ്പിക്കാം എന്ന് കരുതി വാനവര്‍ ചെയ്യുന്ന വെറും പിത്തലാട്ടമാണ് പെണ്ണിനെ വച്ചുള്ള ഈ കളിയെന്നറിഞ്ഞ് അങ്ങ് എല്ലാ വ്യാകുലതകളും ഉപേക്ഷിച്ചാലും. അതാണ്‌ രാജധര്‍മ്മം. ഇനി മന്ത്രിമാരുടെ ധര്‍മ്മം എന്തെന്ന് നോക്കാം. മൂന്നു തരം മന്ത്രിമാരുണ്ട്. സാത്വികര്‍, രാജസര്‍, താമസന്മാര്‍. സാത്വികന്മാര്‍ സ്വന്തം ശക്തിയാല്‍ പ്രഭുവിനെ സേവിക്കുന്നു, അവരുടെ കാര്യവും സ്വാമിക്ക് വിരോധം വരാത്തവിധം നടത്തുന്നു. രാജസമന്ത്രിമാര്‍ ഭേദബുദ്ധിയുള്ളവരാണ്. അതുകൊണ്ട് അവരുടെ പ്രവര്‍ത്തനത്തില്‍ സ്വാമികാര്യത്തെയല്ലാ പ്രധാനമായി നോക്കുന്നത്. അതും നടത്തും എന്നേയുള്ളു. എന്നാല്‍ താമസന്മാരാണ് മോശക്കാര്‍. അവര്‍ പ്രഭുവിന്‍റെ കാര്യം നടന്നില്ലെങ്കിലും തന്‍റെ കാര്യം നടത്തിയെടുക്കും. അവര്‍ ചിലപ്പോള്‍ ശത്രുഭാഗത്തേയ്ക്ക് കൂറ് മാറും. ബുദ്ധികെട്ട കൂറില്ലാത്ത അക്കൂട്ടരെ നമ്പാനാവില്ല. യുദ്ധത്തില്‍പ്പോലും ഉറയില്‍ വെച്ച വാളുപോലെയാണവര്‍. ഒരുപകാരവുമില്ല. ഏതായാലും ഞാന്‍ പോയി അങ്ങയുടെ കാര്യം നടത്താം. അങ്ങേയ്ക്ക് ചിന്ത വേണ്ട. ആ ദുഷ്ടനാരിയെ ഞാന്‍ പിടിച്ചുകെട്ടി കൂട്ടിക്കൊണ്ടു വരാം. അങ്ങ് ധൈര്യമായിരിക്കുക. പ്രഭുവിന്‍റെ കാര്യം നടത്തിക്കാനുള്ള എന്‍റെ കഴിവ് കാണിക്കാനുള്ള അവസരമാണിത്.' 

No comments:

Post a Comment