Devi

Devi

Friday, September 9, 2016

ദിവസം 172 ശ്രീമദ്‌ ദേവീഭാഗവതം. 7. 14. ഹരിശ്ചന്ദ്രകഥ

ദിവസം 172    ശ്രീമദ്‌ ദേവീഭാഗവതം7. 14. ഹരിശ്ചന്ദ്രകഥ

വിചിന്ത്യ മനസാ കൃത്യം ഗാധിസൂനുർ മഹാതപാ :
പ്രകല്പ്യ യജ്ഞസംഭാരാൻ മുനീനാ മന്ത്രയത്തദാ
മുനയസ്തം മഖം ജ്ഞാത്വാ വിശ്വാമിത്ര നിമന്ത്രി താ:
നാഗതാ: സർവ്വ ഏവൈതേ വസിഷ്ഠേന നിവാരിതാ:

വ്യാസൻ തുടർന്നു. വിശ്വാമിത്രൻ നല്ലപോലെ ആലോചിച്ച് ഒരു യജ്ഞത്തിനുള്ള പദ്ധതി ആവിഷ്ക്കരിച്ചു. മറ്റു മഹർഷിമാരെ അതിനായി ക്ഷണിക്കുകയും ചെയ്തു എന്നാൽ വസിഷ്ഠമുനി ആ മഹർഷിമാരോട് ഈ യാഗത്തിൽ പങ്കെടുക്കരുത് എന്ന് പറഞ്ഞതിനാൽ ക്ഷണിക്കപ്പെട്ട മുനിമാർ യജ്ഞത്തിനായി എത്തിയില്ല. വിശ്വാമിത്രന് ദുഖം തോന്നി. അദ്ദേഹം സത്യവ്രതൻ വാഴുന്ന ആശ്രമത്തിലേയ്ക്ക് ചെന്ന് ഇങ്ങിനെ പറഞ്ഞു. 'മഹാരാജൻ, ആ വസിഷ്ഠൻ വിലക്കിയതുകൊണ്ട് മുനിമാരാരും യജ്ഞത്തിന് വരാൻ കൂട്ടാക്കുന്നില്ല. പക്ഷേ അങ്ങ് വിഷമിക്കണ്ട. എന്റെ തപോബലം മുഴുവൻ എടുത്തായാലും ഞാൻ അങ്ങയെ ഉടലോടെ സ്വർഗ്ഗത്തിലെത്തിക്കാം.

മുനി ഗായത്രീമന്ത്രം ജപിച്ച് കമണ്ഡലുവിലെ ജലം സത്യവ്രതന് നല്കി. 'രാജർഷേ, അങ്ങ് സ്വർഗ്ഗത്തിലേയ്ക്ക് പൊയ്ക്കൊൾക. ഞാൻ ഏറെക്കാലം തപസ്സു ചെയ്ത് ആർജിച്ച പുണ്യം മൂലം അങ്ങേയ്ക്ക് സ്വർഗ്ഗഗമനം സാദ്ധ്യമാവട്ടെ. അങ്ങേയ്ക്ക് ശക്രപുരിയിൽ മംഗളമുണ്ടാവട്ടെ.'

വിശ്വാമിത്രന്റെ അനുഗ്രഹം ലഭിച്ച ഉടനെതന്നെ  ത്രിശങ്കു ഒരു പറവയെപ്പോലെ ആകാശത്തേക്ക് ഉയർന്നുയര്‍ന്നു പോയി. ഇന്ദ്രലോകത്ത് ചണ്ഡാളവേഷത്തിൽ ഒരാളെത്തിയത് കണ്ട ദേവൻമാർ ഇന്ദ്രനെ വിവരമറിയിച്ചു. ദേവേന്ദ്രന് ആളെ മനസ്സിലായി. ത്രിശങ്കുവിനെ തിരിച്ചറിഞ്ഞ ശക്രൻ അദ്ദേഹത്തെ ഭർസിച്ചു. "ചണ്ഡാളനായ നീയെന്തിനു സ്വർഗ്ഗത്തിൽ വന്നു.? നിനക്കിവിടെ സ്ഥാനമില്ല.ഈക്ഷണത്തിൽ നീ ഭൂമിയിലേയ്ക്ക് തിരികെ പൊയ്ക്കൊള്ളുക.”

ഇന്ദ്രന്റെ ശകാരം കേട്ട ത്രിശങ്കു പൂണ്യനാശം വന്ന ദേവനെപ്പോലെ വേഗത്തിൽ താഴേക്ക് പതിക്കാൻ തുടങ്ങി. 'ഞാനിതാ സ്വർഗ്ഗത്തിൽ നിന്നു താഴെ വീഴുന്നേ' എന്ന് ത്രിശങ്കു ആർത്ത് വിളിച്ച് കരയാൻ തുടങ്ങി. കൗശികൻ ആ നിലവിളി കേട്ടു് 'നിൽക്ക്, നിൽക്ക്' എന്ന് കൽപ്പിച്ചു. മുനിയുടെ തപോബലം മൂലം താഴോട്ട് പൊയ്ക്കൊണ്ടിരുന്ന ത്രിശങ്കു ആകാശത്ത് അവിടെത്തന്നെ നിന്നു പോയി.

'എന്നാൽ ഞാനിനി മറ്റൊരു സ്വർഗ്ഗത്തെ ഉണ്ടാക്കിയിട്ടു തന്നെ കാര്യം' എന്നു നിശ്ചയിച്ച കൗശീകൻ ജലമെടുത്ത് ആചമിച്ച് യജ്ഞാരംഭം കുറിച്ചു. മുനി പുതിയൊരു സ്വർഗ്ഗം നിർമ്മിക്കാൻ ഒരുങ്ങുന്നു എന്നറിഞ്ഞ ഇന്ദ്രൻ ഗാധിസുതനായ  വിശ്വാമിത്രന്റെ അടുക്കൽ പാഞ്ഞെത്തി. 'അങ്ങേയ്ക്ക് എന്താണ് വേണ്ടത്? കോപമരുതേ.  ദയവായി അങ്ങ് സ്വർഗ്ഗസൃഷ്ടി തുടരരുത്. അങ്ങേയ്ക്ക് വേണ്ടി ഞാൻ എന്തുവേണമെങ്കിലും ചെയ്തു തരാം.'

'നീ സ്വർഗ്ഗത്തിൽ നിന്നു താഴേക്ക് പറഞ്ഞയച്ച രാജാവിനെ സ്വർഗ്ഗത്തിൽ തിരികെ പ്രവേശിപ്പിക്കുക. ഇപ്പോള്‍ അതുമാത്രം മതി.'

കുറച്ചു മടിച്ചിട്ടാണെങ്കിലും മുനിശാപം ഭയന്ന ഇന്ദ്രൻ 'ഓം' എന്നു പറഞ്ഞ് മുനിയോടു് സമ്മതമറിയിച്ചു. ഇന്ദ്രൻ ത്രിശങ്കുവിന് ദിവ്യമായ ഒരു ദേഹം നല്കി വിമാനത്തിലേറി ശക്രപുരിക്ക് പോയി. വിശ്വാമിത്രൻ തന്റെ ആശ്രമത്തിലേക്ക് മടങ്ങി സുഖമായി ജീവിച്ചു.

തന്റെ അച്ഛനു വേണ്ടി വിശ്വാമിത്ര മഹർഷി ഹിതം ചെയ്തതറിഞ്ഞ ഹരിശ്ചന്ദ്രൻ സന്തുഷ്ടനായി രാജ്യഭാരം തുടർന്നു. രൂപയൗവനഗുണസമ്പന്നയായ ഭാര്യയുമൊത്ത് ഹരിശ്ചന്ദ്രൻ അയോദ്ധ്യാധിപതിയായി വാണു. കാലമേറെക്കഴിഞ്ഞിട്ടും അവർക്ക് പുത്രഭാഗ്യം ഉണ്ടായില്ല. രാജാവ് ദുഖിതനായി  ഗുരുവായ വസിഷ്ഠനോട് സങ്കടം പറഞ്ഞു. 'ബ്രാഹ്മണശ്രേഷ്ഠാ പുത്രനില്ലാത്തവന് ഗതിയുണ്ടാവില്ല എന്നങ്ങേയ്ക്കറിയാം.ദിവ്യജ്ഞനായ അങ്ങ് മന്ത്രവിദ്യാനിപുണനായ മഹാമുനിയാണല്ലോ. ഞങ്ങളുടെ ദുഖമകറ്റാൻ ഒരുപായം അങ്ങ് പറഞ്ഞു തരണം. എന്റെ ദുഖം അങ്ങേയ്ക്ക് അറിയായ്കയല്ല. പിന്നെ എന്തിനാണീ അമാന്തം? തന്റെ കുഞ്ഞുങ്ങളെ താലോലിക്കുന്ന  കുരുവികളുടെ ജീവിതം പോലും എത്ര ധന്യം! എന്നാൽ എന്റെയീ  ജന്മം വിഫലമാണെന്നു തോന്നിപ്പോകുന്നു. രാപ്പകൽ എന്നെ മഥിക്കുന്നത് ഈ ചിന്ത മാത്രമാണ്.'

'അപുത്രത പോലെ തീവ്രമായ മറ്റ് ദുഖങ്ങൾ ഇല്ല എന്ന് അങ്ങ് പറഞ്ഞത് ശരിയാണ്. ജലപതിയായ വരുണനെ പ്രസന്നനാക്കിയാൽ അങ്ങേക്ക് പുത്രഭാഗ്യം സാദ്ധ്യമാണ്. വരുണദേവനേക്കാൾ ഇക്കാര്യം നടത്തിത്തരാൻ സമർത്ഥനായി ആരുമില്ല. അദ്ധ്വാനവും വിധിയിലുള്ള വിശ്വാസവും ചേർന്നാലേ കാര്യസാദ്ധ്യമുണ്ടാവൂ. അതിനാൽ ബുദ്ധിയുള്ളവർ യഥാവിധി കർമ്മം ചെയ്യണം.'

മുനി വചനം കേട്ട രാജാവ് തപസ്സു ചെയ്യാനുള്ള നിശ്ചയത്തോടെ ഗംഗാ തീരത്ത് ചെന്ന് പദ്മാസനസ്ഥനായി. വരുണനെ ധ്യാനിച്ചുകൊണ്ടു് അദ്ദേഹം കഠിനമായ തപസ്സാരംഭിച്ചു.
കാലം കുറച്ചു കടന്നപ്പോള്‍  വരുണൻ അദ്ദേഹത്തിൽ പ്രസന്നനായി. രാജാവിനു മുന്നിൽ പ്രത്യക്ഷപ്പെട്ട വരുണൻ ഇഷ്ടവരം സ്വീകരിക്കാൻ രാജാവിനോടാവശ്യപ്പെട്ടു.

'ദേവാ ഞാൻ ഋണത്രയങ്ങളെ ഇല്ലാതാക്കാനായി ഒരു പുത്രനെയാണ് കാംക്ഷിക്കുന്നത് '

'ശരി നിനക്ക് പുത്രനുണ്ടാവാനായി ഞാൻ സഹായിക്കാം.പക്ഷെ അങ്ങയുടെ കാര്യലബ്ധി കഴിഞ്ഞാൽ എനിക്കെന്താണ് പ്രയോജനം? ഒരുകാര്യം ചെയ്യൂ, അങ്ങേയ്ക്കുണ്ടാകുന്ന ആദ്യജാതനെ എനിക്കു വേണ്ടി ബലി കഴിക്കുക. അങ്ങിനെ അങ്ങയുടെ വന്ധ്യത്വം ഞാൻ ഒഴിവാക്കിത്തരാം.'

ഹരിശ്ചന്ദ്രൻ സമ്മതം മൂളി. 'എനിക്കുണ്ടാകുന്ന ആദ്യപുത്രനെ ഞാൻ അങ്ങേയ്ക്ക് ബലിയർപ്പിക്കാം.'

വരുണൻ രാജാവിനെ അനുഗ്രഹിച്ചു. രാജാവ് കൊട്ടാരത്തിലേക്ക് തിരിച്ചു പോയി. അദ്ദേഹം വരുണൻ നൽകിയ വരദാനത്തെപ്പറ്റി ഭാര്യയോടു പറഞ്ഞു. ഹരിശ്ചന്ദ്രന് സൗന്ദര്യവതികളായ  നൂറ് പത്നിമാർ ഉണ്ടായിരുന്നു. അവരിൽ പട്ടമഹിഷി ശൈബ്യയായിരുന്നു. ആ രാജ്ഞി കാലക്രമത്തിൽ ഗർഭിണിയായി. രാജാവ് പ്രസന്നനായി ഗർഭിണിക്കു വേണ്ട ശുശ്രൂഷകൾ യഥാവിധി നടത്തി. പത്ത്മാസം കഴിഞ്ഞപ്പോൾ രാജ്ഞി ദേവതുല്യനായ ഒരു പുത്രന് ജന്മം നൽകി.

രാജാവ് അതീവ സന്തോഷത്തോടെ പുത്രജനനം കൊണ്ടാടി. ജാതകർമം, ബ്രാഹ്മണപൂജ, ദാന കർമ്മങ്ങൾഗീതവാദ്യഘോഷങ്ങൾ എല്ലാം ഭംഗിയായി നടത്തി രാജ്യത്ത് അത്  ഒരുത്സവം തന്നെയായിരുന്നു.

No comments:

Post a Comment