ദിവസം 99. ശ്രീമദ് ദേവീഭാഗവതം. 5. 7. കൈലാസഗമനം
അസുരാന്‍ മഹിഷോ ദൃഷ്ട്വാ
വിഷണ്ണമനസ്തദാ
ത്യക്ത്വാ തന്മാഹിഷം രൂപം
ഭാഭൂവ മൃഗരാഡസൗ
കൃത്വാ നാദം മഹാഘോരം
വിസ്താര്യ ച മഹാസടാം
പപാത സുരസേനായാം
ത്രാസയന്നഖദര്‍ശനൈ:
വ്യാസന്‍ തുടര്‍ന്നു:
യുദ്ധത്തില്‍ അസുരന്മാരുടെ ദയനീയാവസ്ഥ കണ്ടിട്ട് മഹിഷാസുരന്‍ സ്വയം ഒരു സിംഹത്തിന്‍റെ
രൂപമെടുത്തു. അത്യുഗ്രമുച്ചത്തില്‍ സടകുടഞ്ഞ് അലറിക്കൊണ്ട് സിംഹം ദേവന്മാര്‍ക്കിടയിലേയ്ക്ക്
ചാടി വീണു. അവന്‍ ഗരുഡനെയും വിഷ്ണുവിനെയും മാന്തി. ഗരുഡന്‍ രക്തത്തില്‍ കുളിച്ചു.
വിഷ്ണുവിന്‍റെ കയ്യിലാണ് അവന്‍ മാന്തിയത്. ‘ഇവനെ വധിച്ചിട്ട് തന്നെ കാര്യം’ എന്ന ചിന്തയില്‍ മഹാവിഷ്ണു തന്റെ ചക്രം പുറത്തെടുത്തു. ചക്രം ദേഹത്ത് പതിക്കേ സിംഹഭാവം
മാറി മഹിഷന്‍ തന്‍റെ സ്വരൂപത്തിലേയ്ക്ക് തിരിച്ചു വന്നു. അവന്‍ നീണ്ടുവളഞ്ഞ
കൊമ്പുകൊണ്ട് വിഷ്ണുവിന്‍റെ മാറില്‍ ആഞ്ഞു പ്രഹരിച്ചു. ഭഗവാന്‍ പെട്ടെന്ന്
വൈകുണ്ഡത്തിലേയ്ക്ക് പോയി. ഹരി യുദ്ധക്കളത്തില്‍ നിന്നും പോയപ്പോള്‍ ‘ഇവന്‍
അവധ്യന്‍ തന്നെ’ എന്ന് പറഞ്ഞു ഹരനും അവിടം വിട്ടു കൈലാസത്തിലേയ്ക്ക് ഗമിച്ചു.
ബ്രഹ്മാവ് സത്യലോകത്തേയ്ക്ക് മടങ്ങി. ഇന്ദ്രന്‍ വജ്രായുധവുമായി പോര്‍ക്കളത്തില്‍
നിന്നു. വരുണന്‍ വേലുമായി നിന്നു. യമന്‍ ദണ്ഡുമായി നിന്നു. കുബേരനും അഗ്നിയും
പോരാടാന്‍ ഉറച്ചു തന്നെ നിന്നു. സൂര്യചന്ദ്രന്മാര്‍ അസുരനെ എതിര്‍ക്കാന്‍
തയ്യാറായി. അപ്പോള്‍ ദാനവപ്പട സര്‍പ്പശരങ്ങള്‍ വര്‍ഷിച്ചുകൊണ്ട് ദേവന്മാരെ
ആക്രമിച്ചു. ദേവാസുരന്മാരുടെ യുദ്ധമിങ്ങിനെ കൊടുമ്പിരിക്കൊണ്ടു നീണ്ടു. മഹിഷന്‍ തന്റെ
രൂപത്തില്‍ത്തന്നെ യുദ്ധക്കളം നിറഞ്ഞു നിന്നു.
മദഗര്‍വ്വിതനായ മഹിഷന്‍
തന്റെ കൊമ്പുകള്‍ കൊണ്ട് ഗിരിശൃംഗങ്ങള്‍ പൊട്ടിച്ചു വലിച്ചെറിഞ്ഞു. അവന്റെ വാലിന്‍റെ
അടിയേറ്റും കാല്‍കുളമ്പിന്‍റെ ചവിട്ടേറ്റും ദേവസൈന്യം വല്ലാതെ വലഞ്ഞു. ദേവന്മാര്‍
ഭയന്ന് വിറച്ചു. ഇന്ദ്രനും യുദ്ധം മതിയാക്കി അവിടം വിട്ടോടി. കുബേരനും വരുണനും
പിന്നെ അവിടെ നിന്നില്ല. ഇന്ദ്രന്‍ പിന്തിരിഞ്ഞുപോയപ്പോള്‍ അസുരന്‍ ഗര്‍വ്വോടെ
ഉച്ചൈശ്രവസ് എന്ന കുതിരയേയും, കാമാധേനുവിനെയും, ഐരാവതത്തേയും കൊണ്ട് പോയി തന്‍റെ
വിജയം ആഘോഷിച്ചു. സൈന്യങ്ങളോടുകൂടി അമരാവതിയും ദേവലോകങ്ങളും കീഴടക്കാന്‍ അസുരന്‍
തീരുമാനിച്ചു. ദേവസിംഹാസനം അവന്‍ കീഴടക്കി. ദൈത്യ പ്രമുഖന്മാരെ മറ്റു സ്ഥാനങ്ങളില്‍
അവനിരുത്തി. നൂറുവര്‍ഷം യുദ്ധം ചെയ്താണ് അവന് ഇന്ദ്രപദവി ലഭ്യമായത്.
ദേവന്മാര്‍ സ്വര്‍ഗ്ഗത്തില്‍
നിന്നും പാലായനം ചെയ്തു. അവര്‍ മലമുകളിലും ഗുഹകളിലും കഴിഞ്ഞു കൂടി. ഒടുവില്‍ അവര്‍
ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. പത്മാസനസ്ഥനായ ആ ദേവദേവനെ ദേവന്മാര്‍ സ്തുതിച്ചു.
‘അസുരനോടു തോറ്റു വലഞ്ഞു നാടും വീടുമില്ലാതെ അലയുന്ന ഈ സുരന്മാരോട് അവരുടെ അവസ്ഥ
അറിഞ്ഞിട്ടും അങ്ങേയ്ക്ക് കനിവ് തോന്നാത്തതെന്തേ? അങ്ങ് സകലവിധ ദുരിതങ്ങളും
ഇല്ലാതാക്കാന്‍ കഴിവുള്ളയാളല്ലേ? അനേകം തെറ്റുകള്‍ ചെയ്തു കൂട്ടിയാലും പിതാവിന്
മക്കളെ ഏറെനാള്‍ ഉപേക്ഷിക്കാന്‍ ആവുമോ? ദേവന്മാരുടെ നാട് ഭരിക്കുന്നത് അസുരനാണ്.
യജ്ഞഹവിസ്സ് അവര്‍ക്കാണ് പോവുന്നത്. പാരിജാതം അലങ്കരിക്കുന്നത് ഇപ്പോള്‍ അവരെയാണ്.
കാമധേനുവിനെ അവര്‍ യഥേഷ്ടം ഉപയോഗിക്കുന്നു. ഞങ്ങളുടെ കഷ്ടകാലത്തെപ്പറ്റി ഞങ്ങള്‍
പറഞ്ഞിട്ടു വേണ്ടല്ലോ അങ്ങേയ്ക്ക് അറിയാന്‍. എല്ലാമറിയുന്ന അങ്ങയുടെ പാദങ്ങള്‍
നമസ്കരിക്കുക എന്നത് മാത്രമേ ഞങ്ങള്‍ക്ക് കരണീയമായുള്ളു. എവിടെച്ചെന്നാലും അവന്റെ
ഉപദ്രവം സഹിക്കാന്‍ വയ്യ. വിവിധരൂപങ്ങളെടുത്ത് അവന്‍ ഞങ്ങളുടെ എല്ലാ
പ്രവൃത്തികളെയും നിഷ്ഫലമാക്കുന്നു. അങ്ങേയ്ക്ക് മാത്രമേ ഞങ്ങളെ രക്ഷിക്കാനാവൂ.
അങ്ങല്ലാതെ ആരാണ് ഞങ്ങള്‍ക്ക് ഒരു രക്ഷ? മറ്റാരെയാണ് ഞങ്ങള്‍ ശരണം പണിയേണ്ടത്?’
ദേവന്മാര്‍ ഇങ്ങിനെ
വാഴ്ത്തി നമസ്കരിച്ചപ്പോള്‍ ബ്രഹ്മാവ് പറഞ്ഞു: ’ഞാനെന്തു ചെയ്യട്ടെ? മഹിഷന്‍
സ്ത്രീവധ്യനാണ്. പുരുഷന്മാര്‍ക്ക് അവനെ കൊല്ലാന്‍ കഴിയില്ല. നമുക്കെല്ലാവര്‍ക്കും
കൈലാസത്തില്‍പ്പോയി മഹാദേവനെ കാണാം. എല്ലാക്കാര്യത്തിനും രുദ്രനോളം മിടുക്കാര്‍ക്കുമില്ല.
അദ്ദേഹത്തെയും കൂട്ടി വൈകുണ്ഡത്തില്‍ച്ചെന്നാല്‍ കാര്യം നടക്കാന്‍ ഒരു വഴി
കണ്ടെത്താം. അദ്ദേഹം ഹംസത്തിന്‍റെ പുറത്ത് ദേവന്മാരെ നയിച്ചുകൊണ്ട് യാത്രയായി.
പരമശിവന്‍ ദിവ്യദൃഷ്ടിയില്‍ ഇവരുടെ വരവ് കണ്ടു തന്‍റെ ഗേഹത്തിനു വെളിയില്‍ കാത്തു
നില്‍പ്പുണ്ടായിരുന്നു. എല്ലാവരെയും ശങ്കരന്‍ ഉപചരിച്ചിരുത്തി.
ദേവന്മാരുടെ ഈ
വരവിനുള്ള കാരണം അന്വേഷിക്കവേ ബ്രഹ്മാവ്
പറഞ്ഞു: 'ദേവദേവാ മഹിഷന്‍റെ ഉപദ്രവം സഹിക്കാതെ ദേവന്മാര്‍ ഇന്ദ്രനടക്കം മലമുകളിലും
ഗുഹകളിലും താമസിച്ചു വലയുകയാണ്. യജ്ഞവീതം അസുരന്മാര്‍ തട്ടിയെടുക്കുന്നു.
ദിക്പാലരെപ്പോലും അവര്‍ ആക്രമിക്കുന്നു. അസുരനില്‍ നിന്നും രക്ഷകിട്ടാനായി ഇപ്പോള്‍
എല്ലാവരും അങ്ങയെ ശരണം പ്രാപിച്ചു വന്നിരിക്കുന്നു. ദേവന്മാരുടെ കാര്യസാദ്ധ്യം നടത്താന്‍ അങ്ങേയ്ക്ക് മാത്രമേ ആവൂ എന്നെനിക്കറിയാം.
പരമശിവന്‍ തെല്ലു
മന്ദഹസിച്ച് ബ്രഹ്മാവിനോട് പറഞ്ഞു: ‘അങ്ങ് തന്നെയാണ് വരദാനത്തിലൂടെ ഈ ദുരവസ്ഥ
ഉണ്ടാക്കി വെച്ചത്. ദേവന്മാര്‍ക്ക് അനര്‍ത്ഥമുണ്ടാക്കുന്ന വരം അവനു ലഭിക്കയാല്‍
അവന്‍റെ ബലം വര്‍ദ്ധിതവീര്യമാര്‍ജ്ജിച്ചിരിക്കുന്നു. അവനെക്കൊല്ലാന്‍ ഇനിയൊരു നാരി
ജനിക്കണം. നമ്മുടെ പ്രിയതമമാര്‍ക്കൊന്നും അതിനുള്ള മിടുക്കില്ല. ഇന്ദ്രാണിയും
യുദ്ധത്തില്‍ വിദഗ്ധയല്ല. നമുക്കെല്ലാവര്‍ക്കും കൂടി ജനാര്‍ദ്ദനനെ ചെന്ന് കാണാം. അദ്ദേഹത്തെ ചെന്നുകണ്ടു സ്തുതിച്ച് കാര്യം അവതരിപ്പിക്കാം ബുദ്ധിയിലും കാപട്യത്തിലും വിഷ്ണു
എല്ലാവരിലും അഗ്രഗണ്യന്‍ തന്നെ.’
പരമശിവന്‍റെ വാക്കുകള്‍
കേട്ട് എല്ലാവരും കൂടി വിഷ്ണുസവിധമണയാന്‍ പുറപ്പെട്ടു. ശുഭശകുനങ്ങള്‍ കണ്ടുകൊണ്ട്
എല്ലാവരും അവരവരുടെ വാഹനങ്ങളില്‍ക്കയറി. ശുഭസൂചകമായി പറവകള്‍ ചിലച്ചു. ഇളംകാറ്റു
വീശി. ആകാശത്തിനു പുതിയൊരു പ്രഭാപരിവേഷം കാണായി. ദേവന്മാരുടെ യാത്ര മംഗളകരമായി
ഭവിച്ചു.
No comments:
Post a Comment