Devi

Devi

Thursday, January 14, 2016

ദിവസം 85. ശ്രീമദ്‌ ദേവീഭാഗവതം. 4,. 18. ഭൂമിശോകം

ദിവസം 85. ശ്രീമദ്‌ ദേവീഭാഗവതം.  4,. 18. ഭൂമിശോകം

ശൃണു രാജന്‍ പ്രവക്ഷ്യാമി കൃഷ്ണസ്യ ചരിതം മഹത്
അവതാര കാരണം  ചൈവ ദേവ്യാശ്ചരിതമദ്ഭുതം  
ധരൈകദാ ഭരാക്രാന്താ രുദതി ചാതി കര്‍ശിതാ
ഗോരൂപധാരിണീ ദീനാ ഭീതാഗ f ച്ഛത് ത്രിവിഷ്ടപം

വ്യാസന്‍ പറഞ്ഞു: മഹത്തായ കൃഷ്ണകഥയും ആ അവതാരത്തിന്റെ കാരണവും അമ്മയുടെ ദിവ്യ ചരിതവും എല്ലാം ഞാന്‍ പറയാം. ഭൂമീദേവി തനിക്ക് ദുഖഭാരം താങ്ങാനരുതാതെ ഒരു പശുവിന്റെ രൂപത്തില്‍ ദേവലോകത്തേയ്ക്ക് പോയി. പരിക്ഷീണയും കൃശഗാത്രിയുമായിരുന്നു ആ ഗോമാതാവ്. ഭൂമിയെ ഈ രൂപത്തില്‍ കണ്ട ഇന്ദ്രന്‍ ചോദിച്ചു: ‘നിന്റെ ദുഖത്തിന് കാരണമെന്താണ്? ആരെങ്കിലും നിന്നെ പീഡിപ്പിക്കുകയുണ്ടായോ?’

ഭൂദേവി പറഞ്ഞു: ‘എനിക്ക് ഭൂമിയില്‍ ഏറിയേറി വരുന്ന ഭാരം താങ്ങാനാവുന്നതിലും കൂടുതലാണ്. ഞാനാകെ തളര്‍ന്നിരിക്കുന്നു. മഗധവാഴുന്ന ജരാസന്ധന്‍ ഇപ്പോള്‍ എന്റെ പതിയാണ്. ചേദിരാജാവായ ശിശുപാലന്‍, കാശിരാജാവായ പ്രതാപവാന്‍, പിന്നെ രുക്മി, കംസന്‍, നരകന്‍ സാല്വന്‍, കേശി, ധേനുകന്‍, വത്സന്‍, ഇങ്ങിനെ ധര്‍മ്മം തൊട്ടു തീണ്ടാത്ത ഒത്തിരിപ്പേര്‍ ഇപ്പോള്‍ ഭൂമിയില്‍ വാഴുന്നു. ഭൂമിയെ ഭരിക്കുന്നു. അവരെല്ലാം പാപികളും കാലരൂപം പൂണ്ട രാജാക്കന്മാരുമാണ്. ഈ ദുഷ്ടരുടെ ഭാരമാണ് എന്നെ തളര്‍ത്തുന്നത്. ഞാന്‍ എവിടെപ്പോകും? എവിടെയാണ് രക്ഷ?

വാസ്തവത്തില്‍ ഭഗവാന്‍ വിഷ്ണുവാണ് എനിക്കീ അവസ്ഥയുണ്ടാക്കിയത്. കശ്യപന്റെ പുത്രനായ ഹിരണ്യാക്ഷന്‍ എന്നെ കടലില്‍ മുക്കിവച്ചു. പന്നിയായി അവതരിച്ചു തന്റെ തേറ്റകൊണ്ട് ഭൂമിയെ സമുദ്രത്തില്‍ നിന്ന് പൊക്കിയത് എന്നെ രക്ഷിക്കാനാണോ എന്നെനിക്കിപ്പോള്‍ സംശയം തോന്നുന്നു. സമുദ്രത്തിനടിയിലെ രസാതലത്തില്‍ ഞാന്‍ സ്വസ്ഥയായി കിടക്കുകയായിരുന്നില്ലേ? ഇപ്പോള്‍ ഈ ദുഷ്ടഭാരം താങ്ങാനായി എന്റെ വിധി! ഇതാ കലി ഇങ്ങെത്തിക്കഴിഞ്ഞു. കലിയുടെ വരവോടെ എനിക്ക് വീണ്ടും പാതാളലോകത്തേയ്ക്ക് പോകേണ്ടിവരും. ഈ ദുഖക്കടലിന്റെ മറുകര നീയെനിക്ക് കാണിച്ചു തന്നാലും. ഞാനിതാ നിന്റെ പാദങ്ങളില്‍ നമസ്കരിക്കുന്നു.'

ഇന്ദ്രന്‍ പറഞ്ഞു: 'ഞാന്‍ എന്തുചെയ്യാനാണ്! നമുക്ക് പോയി ബ്രഹ്മാവിനെ ശരണം പ്രാപിക്കാം. അദ്ദേഹം നമ്മെ സഹായിക്കാതിരിക്കില്ല.' ഭൂമിയും ഇന്ദ്രനും ബ്രഹ്മലോകത്ത്  ചെന്നു. ‘നിന്നെയാരാണ് പീഡിപ്പിക്കുന്നത്?’ എന്ന് ബ്രഹ്മാവ് ചോദിച്ചപ്പോള്‍ ഭൂമി തന്‍റെ ദുഃഖങ്ങള്‍ ഓരോന്നായി പറഞ്ഞു കേള്‍പ്പിച്ചു.

ഭൂമി പറഞ്ഞു: 'കലികാലമാണ് വരാന്‍പോവുന്നത്. ജനങ്ങള്‍ പാപം ചെയ്യുന്നത് ഏറിവരുമപ്പോള്‍. രാജാക്കന്മാര്‍ പരസ്പരം പോരടിക്കും. സകലരും കള്ളന്മാരും കൊള്ളക്കാരുമാവും. രാക്ഷസഭാവം പൊതു സ്വഭാവമാകും. അതുകൊണ്ട് ദുഷ്ടരായ രാജാക്കന്മാരെ കൊന്ന്‍ എന്റെ ഭാരം കുറച്ചു തന്നാലും.'

ബ്രഹ്മാവ്‌ പറഞ്ഞു: 'ഞാനും അത്രയ്ക്ക് ശക്തനല്ല. നമുക്ക് മഹാവിഷ്ണുവിനെ ശരണം പ്രാപിക്കാം. ചക്രായുധപാണിയായ ജനാര്‍ദ്ദനന്‍ നിനക്ക് സമാധാനം തരും.' ഉടനെതന്നെ ഭൂമിയും ഇന്ദ്രനും ഒരുമിച്ച് ബ്രഹ്മദേവന്‍ തന്റെ അരയന്നവാഹനത്തില്‍ക്കയറി വൈകുണ്ഡമണഞ്ഞു. വേദകര്‍ത്താവായ വിഷ്ണുവിനെ വേദവാക്യങ്ങളാല്‍ത്തന്നെ ബ്രഹ്മാവ്‌ വാഴ്ത്തി സ്തുതിച്ചു.

'ആദ്യനും വേദപുരുഷനുമായ അവിടുത്തേയ്ക്ക് ആയിരം തലയും കാലുകളും കൈകളും കണ്ണുകളും ഉണ്ട്. ദേവദേവനും സനാതനനുമായ അങ്ങേയ്ക്ക് നമസ്കാരം. ഞങ്ങള്‍ക്ക് അമരത്വം തന്ന അങ്ങാണ് ഭൂതഭാവിവര്‍ത്തമാന കാലങ്ങളെ നയിക്കുന്നത്. അങ്ങയുടെ കീര്‍ത്തി മൂന്നു ലോകങ്ങളിലും പരന്നിരിക്കുന്നു. അങ്ങല്ലാതെ നമുക്ക് അഭയം ആരുണ്ട്‌?'

ഇങ്ങിനെ സ്തുതിക്കപ്പെട്ടപ്പോള്‍ പ്രസന്നനായ ഭഗവാന്‍ ഗരുഡവാഹനനായി അവര്‍ക്ക് ദര്‍ശനം നല്‍കി. അതിഥികളെ ഭഗവാന്‍ സ്വാഗതം ചെയ്തു. ഭൂമിയുടെ പരിതാപം തീര്‍ക്കാനായി ബ്രഹ്മദേവന്‍ ഭഗവാനോട് അപേക്ഷിച്ചു ‘പ്രഭോ, ഭൂമിയുടെ ഭാരം തീര്‍ക്കണം. ദ്വാപരയുഗാന്ത്യത്തില്‍ ഭൂമിയില്‍ വന്നു പിറന്ന് ദുഷ്ട രാജാക്കന്മാരെ വധിച്ച് അങ്ങുതന്നെ ധരയെ രക്ഷിക്കണം. അതങ്ങയുടെ കര്‍ത്തവ്യമായി കണക്കാക്കണം.'

വിഷ്ണു പറഞ്ഞു: 'മഹാത്മാക്കളേ, ഞാനും അത്രയ്ക്ക് സ്വതന്ത്രനല്ല. ബ്രഹ്മാവ്‌, ഇന്ദ്രന്‍, രുദ്രന്‍,അഗ്നി,സൂര്യന്‍,വരുണന്‍,യമന്‍, എന്നു വേണ്ട, ഞാനടക്കം ആരും സര്‍വ്വതന്ത്ര സ്വതന്ത്രരല്ല. ഈ ജഗത്തിന്റെ അധിപതി യോഗമായയാണ്. അവളുടെ ലീലയാണ് ബ്രഹ്മാവുമുതല്‍ പുല്‍ക്കൊടിവരെയുള്ള എല്ലാറ്റിനെയും നയിക്കുന്നത്. ഗുണങ്ങളാകുന്ന ചരടില്‍ നമ്മെയെല്ലാം കോര്‍ത്തു പാവകളിപ്പിക്കുന്നത് ആ ജഗജ്ജനനിയാണ്. ആ അമ്മ ഓരോന്ന് തീരുമാനിക്കുന്നു. നാമത് വിധിവിഹിതമായി ചെയ്തു തീര്‍ക്കുന്നു എന്ന് മാത്രം.

ഞാന്‍ സ്വതന്ത്രനാണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അങ്ങിനെയാണെങ്കില്‍ ഞാനീ കടലില്‍ വന്നു കിടന്ന് മീനായും, ആമയായും, പന്നിയായും, നരസിംഹമായും, വാമനനായും, പരശുരാമനായും പിറക്കുമോ? മൃഗയോനിയില്‍ ജനിച്ചു ജീവിക്കുന്നതില്‍ എന്താണ് കീര്‍ത്തി? എന്റെ അവതാര സമയങ്ങളില്‍ നടത്തിയ പോരാട്ടങ്ങളിലൂടെ എത്രയെത്ര ചോരക്കയങ്ങള്‍ ഞാന്‍ തീര്‍ത്തു! എത്ര ദുഷ്ടരെ നിഗ്രഹിച്ചു! ജമദഗ്നിയുടെ പുത്രനായിപ്പിറന്ന ഞാന്‍ ക്ഷത്രിയക്കൂട്ടങ്ങളെ കൊന്നൊടുക്കി. ഗര്‍ഭത്തിലുള്ള ക്ഷത്രിയക്കുഞ്ഞുങ്ങളെവരെ ഞാനന്ന് വെറുതെ വിട്ടില്ല.

രാമനായി അയോദ്ധ്യയില്‍പ്പിറന്ന ഞാന്‍ മരവുരിയുടുത്ത് ജഡാധാരിയായി ദണ്ഡകാരണ്യത്തില്‍ അലഞ്ഞു നടന്നു. നായാടി തേടിക്കൊണ്ടുവന്ന് എന്റെ ഭാര്യക്ക് ഭക്ഷണം കണ്ടെത്തി. മായപ്പൊന്മാനിന്റെ പിറകെ ഓടിപ്പോയ ഞാന്‍ എന്റെ ഭാര്യയായ സീതയെ പര്‍ണ്ണശാലയില്‍ തനിച്ചാക്കിയതിന്റെ ശിക്ഷ അനുഭവിച്ചില്ലേ? എന്റെ പിന്നാലെ ലക്ഷ്മണനും വന്നു. അവന്‍ എന്റെ കല്‍പ്പനയെല്ലാം മറന്നേ പോയി. കപടസന്യാസിയുടെ വേഷത്തില്‍ വന്ന രാവണന്‍ സീതയെ കട്ടു കൊണ്ടുപോയി. ദുഖിതയായ സീതയ്ക്ക് കരയാനേ കഴിഞ്ഞുള്ളൂ. ഞാനും ലക്ഷ്മണനും കാടായ കാടെല്ലാം സീതയെ തിരഞ്ഞു നടന്നു. കേവലമനുഷ്യരെപ്പോലെ ഭാര്യയെപ്പിരിഞ്ഞ ഞാന്‍ എത്ര കരഞ്ഞു! പിന്നെ സുഗ്രീവസഖ്യം ചെയ്തതും അന്യായമായി ബാലിയെക്കൊന്നതും വാനരന്മാരെ കൂടുപിടിച്ചു ലങ്കയിലേയ്ക്ക് ചിറകെട്ടിയതുമായ കഥകള്‍  നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ലങ്കയില്‍ നടന്ന യുദ്ധത്തിനിടക്ക് ഞാനും ലക്ഷ്മണനും നഗപാശത്താല്‍ ബന്ധിതരായി പ്രജ്ഞയറ്റു കിടന്നപ്പോള്‍ ഗരുഡന്‍ വന്നാണ് ഞങ്ങളെ രക്ഷിച്ചത്. ഇനിയും എനിക്കായി വിധിയെന്താണ് കരുതി വച്ചിരിക്കുന്നതെന്ന് ഞാന്‍ ചിന്താവിവശനായി. രാജ്യം പോയി. കാട്ടില്‍ ജീവിക്കേണ്ടതായും വന്നു. അച്ഛന്‍ മരിച്ചു,  ഭാര്യയെ രാക്ഷസന്‍ കട്ടുകൊണ്ടുപോയി. വിനാശകരമായ യുദ്ധവും നടക്കുന്നു. ഇനിയും എന്തൊക്കെയാണാവോ വിധി എനിക്കായി കരുതി വച്ചിരിക്കുന്നത്! ഉടുതുണിക്ക് മറുതുണിയില്ലാതെ ഞാന്‍ അലഞ്ഞില്ലേ? ക്ഷത്രിയനായ ഞാന്‍ പതിന്നാലുകൊല്ലം കഴിഞ്ഞത് കാട്ടാളരെപ്പോലെയാണല്ലോ. ഏതായാലും അവസാനം ഭാഗ്യം എന്റെ കൂടെയായിരുന്നു. ദശമുഖന്‍ കൊല്ലപ്പെട്ടു. സീതയെ തിരികെ കൊണ്ടുവന്നു. രാജ്യഭാരം വീണ്ടും കൈകളില്‍ വന്നുചേര്‍ന്നു. ലോകസുഖങ്ങളെല്ലാം ആസ്വദിച്ചു ഞാന്‍ കുറച്ചുകാലം രാജാവായി വാഴുകയും ചെയ്തു. എന്നാല്‍ ആ സുഖവും അധികം നാള്‍ നീണ്ടു നിന്നില്ല. അപവാദം ഭയന്ന് എനിക്ക് സീതാദേവിയെ ഉപേക്ഷിക്കേണ്ടി വന്നു. വീണ്ടും എനിക്ക് വിധിച്ചത് ഭാര്യാവിരഹദുഃഖം തന്നെ. ദിവ്യനാരിയായ സീതയെ അമ്മയായ ഭൂമീദേവി തന്‍റെ ഗര്‍ത്തങ്ങളിലേയ്ക്ക് മടക്കി വാങ്ങി. അങ്ങിനെ രാമാവതാരത്തില്‍ ദുഃഖം എന്റെ കൂടെത്തന്നെയുണ്ടായിരുന്നു. സഹോദരന്മാരും ഞാനും കാലമായപ്പോള്‍ സ്വര്‍ഗ്ഗം പൂകി. അപ്പോള്‍ നമ്മില്‍ ആരാണ് സ്വതന്ത്രന്‍? ഞാനും നിങ്ങളും രുദ്രനുമെല്ലാം പരതന്ത്രര്‍ തന്നെയാണ്. അങ്ങിനെയുള്ളവര്‍ എന്ത് പറയാനാണ്!'

No comments:

Post a Comment