Devi

Devi

Wednesday, January 6, 2016

ദിവസം 77. ശ്രീമദ്‌ ദേവീഭാഗവതം. 4. 10. ഭൃഗുശാപം.

ദിവസം 77. ശ്രീമദ്‌ ദേവീഭാഗവതം. 4. 10. ഭൃഗുശാപം.

സന്ദേഹോ f യം മാഹനത്ര പാരാശര്യ കഥാനകേ
നരനാരായണൌ ശാന്തൌ വൈഷ്ണവാംശൌ  തപോധനൌ 
തീരത്ഥാശ്രമൌ സത്വ യുക്തൌ വന്യാശന പരൌ സദാ
ധര്‍മ്മപുത്രൌ മനാത്മാനൌ താപസൌ സത്യസംസ്ഥിതൌ

ജനമേജയന്‍ വീണ്ടും സംശയം ഉന്നയിച്ചു. 'അതീവ ശാന്തന്മാരും വൈഷ്ണവാംശങ്ങളുമായ നരനാരായണന്‍മാര്‍, സത്യവാന്മാരും തപോധനന്മാരുമാണല്ലോ. കായ്കനികള്‍ തിന്നു കഴിയുന്ന ധര്‍മിഷ്ഠരായ ഈ മഹാരഥന്മാര്‍ ധ്യാനമൊക്കെ ഉപേക്ഷിച്ചു പോരിനായി പുറപ്പെടാന്‍ കാരണമെന്ത്? അതും നൂറു വര്‍ഷമാണ്‌ അവര്‍ യുദ്ധം ചെയ്തത്! ഈ യുദ്ധമുണ്ടാവാനുള്ള ശരിയായ കാരണവും ആ യുദ്ധത്തിന്റെ വിവരണവും കേള്‍ക്കാന്‍ എനിക്കാഗ്രഹമുണ്ട്. സാധാരണയായി കലഹമുണ്ടാവാന്‍ ഒന്നുകില്‍ കനകം, അല്ലെങ്കില്‍ കാമിനി ഇവയാണ് കാരണം. എന്നാല്‍ ഈ വിരക്തന്മാര്‍ക്ക് അങ്ങിനെയുള്ള കാര്യങ്ങളില്‍ താല്‍പര്യം ഉണ്ടാവാനിടയില്ല. പിന്നെയെങ്ങിനെ ഈ യുദ്ധബുദ്ധി അവരില്‍ അങ്കുരിച്ചു? സുഖഭോഗങ്ങളോ അത്ഭുതസിദ്ധികളോ അവരെ പ്രലോഭിപ്പിച്ചു എന്ന് പറയാന്‍ കഴിയുമോ? നൂറു ദിവ്യവര്‍ഷങ്ങള്‍ തപം ചെയ്ത് ക്ഷീണിച്ച ദേഹത്തെ അവര്‍ യുദ്ധം ചെയ്തു വീണ്ടും തപിപ്പിച്ചു! രാജ്യം, ധനം, സ്ത്രീ എന്നിത്യാദി വിഷയങ്ങള്‍ അവരെ സ്വാധീനിക്കാനിടയില്ല. യാതൊരാഗ്രഹവും ഇല്ലാത്തവര്‍ എന്തിനായി യുദ്ധത്തില്‍ ഏര്‍പ്പെടണം? ബുദ്ധിയുള്ളവര്‍ ശരീരത്തെ അനാവശ്യമായി പീഡിപ്പിക്കുകയില്ല. ഹരിവംശജരായ ഇവര്‍ സര്‍വ്വ ഗുണ സമ്പന്നരുമാണല്ലോ! പിന്നെ അവര്‍ എന്തിനായി ഈ ധര്‍മ്മവിരുദ്ധമായ യുദ്ധം ചെയ്തു? സമാധിയില്‍ ആനന്ദപൂര്‍വ്വം നിലകൊണ്ടിരുന്ന ഇവര്‍ അതിനെ ഉപേക്ഷിച്ചത് എന്തിനാണ്?

അഹങ്കാരം ഹേതുവായി രാജാവായ യയാതി ഭൂമിയിലേയ്ക്ക് നിപതിച്ചതിന്റെ കഥ ഞാന്‍ കേട്ടിട്ടുണ്ട്. ‘ദാനയജ്ഞാദികളിലും ധര്‍മ്മ പ്രവര്‍ത്തനങ്ങളിലും കേമനായ ഒരു രാജാവാണ് ഞാന്‍’ എന്ന് പറഞ്ഞ നിമിഷത്തില്‍ അദ്ദേഹം താഴെ വീണു. അഹങ്കാരം തന്നെയാണ് യുദ്ധ ഹേതു. മുനിമാര്‍ക്ക് യുദ്ധം കൊണ്ട് പുണ്യക്ഷയമല്ലാതെ എന്ത് പ്രയോജനം?'

വ്യാസന്‍ പറഞ്ഞു: 'സംസാരഹേതുവായ അഹങ്കാരം മൂന്നു വിധത്തിലാണ് രാജാവേ. ദേഹമെടുത്തിട്ടുള്ള എല്ലാവര്ക്കും അഹങ്കാരം സഹജമായുണ്ട്. മുനിമാര്‍ക്കും അങ്ങിനെ തന്നെയാണ്. തപസ്സ്, ദാനം, യജ്ഞം, എന്നിവയെല്ലാം സാത്വീകാഹങ്കാരത്തിന്റെ ഫലമായി ഉണ്ടാവുന്നതാണ്. രാജസാഹങ്കാരവും അവയ്ക്ക് കാരണമാവാം. കലഹത്തിനു കാരണമാവുന്നത് താമസാഹങ്കാരമാണ്. ഏതു കാര്യം നടത്താനും കാരണം കൂടിയേ തീരൂ. അഹങ്കാരം തന്നെയാണ് ശുഭാശുഭങ്ങളായ എല്ലാ കര്‍മ്മത്തിന്റെയും ഹേതു. വിശ്വം ഉണ്ടായത് പോലും ഈ അഹങ്കാരം മൂലമാണ്. പിന്നെ അതിന്റെ കെട്ടെങ്ങിനെ വിട്ടു പോകാനാണ്? ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരും അഹങ്കാരത്തോടുകൂടിയവരാണ്‌. ജനനം, മരണം, അവയുടെ ആവര്‍ത്തനം, എന്നിവ മാമുനിമാര്‍ക്കും മാനുഷര്‍ക്കും തിര്യക്കുകള്‍ക്കും ബാധകമാണ്. തേരിന്റെ ചക്രമുരുളുന്നത് പോലെ തുടര്‍ച്ചയായ ജനനമരണ ചക്രം ഉത്തമവും അധമവും ആയ യോനികളില്‍ പിറന്നു വളര്‍ന്നു മരിച്ചു തുടര്‍ന്നു പോകുന്നു. ഭഗവാന്‍ വിഷ്ണുവിന്റെ അവതാരങ്ങള്‍ക്കും എണ്ണമുണ്ടോ? മീനായും ആമയായും പന്നിയായും നരസിംഹമായും വാമനനായും മറ്റും ജനിച്ച ഭഗവാന്‍ ഓരോരോ യുഗങ്ങളിലും വാസുദേവന്‍, ജഗന്നാഥന്‍, ജനാര്‍ദ്ദനന്‍ എന്നിങ്ങിനെ അവതാരങ്ങള്‍ കൈക്കൊള്ളുന്നത് കര്‍മ്മവശഗതനായിട്ടാണ്. ഏഴാം വൈവസ്വതമന്വന്തരത്തില്‍ ഭഗവാന്‍ കൈക്കൊണ്ട അവതാരങ്ങള്‍ ഏതൊക്കെയെന്ന് ഞാന്‍ പറഞ്ഞു തരാം. ഭൃഗുവിന്റെ ശാപമാണ് വിഷ്ണുവിന്റെ ഈ അവതാരങ്ങള്‍ക്ക് ഹേതുവായത്.'

ജനമേജയന്‍ പറഞ്ഞു: 'മഹാമതേ, എന്റെ സംശയങ്ങള്‍ വര്‍ദ്ധിക്കുകയാണ്. എന്തിനാണ് ഭഗവാനെ ഭൃഗുമഹര്‍ഷി ശപിച്ചത്? ആ മുനിക്ക് എന്തപ്രിയമാണ് ഭഗവാന്‍ ചെയ്തത്? ദേവന്മാര്‍ പൂജിക്കുന്ന ആ ദിവ്യ പ്രഭു മുനിക്കെതിരായി എന്തപരാധമാണ് ചെയ്തത്?'

വ്യാസന്‍ തുടര്‍ന്നു: 'പണ്ട് ഹിരണ്യകശിപു രാജാവായിരിക്കുമ്പോള്‍ ഒരു ദേവാസുരയുദ്ധം ഉണ്ടായി. ഹിരണ്യകശിപു കൊല്ലപ്പെട്ടപ്പോള്‍ മകനായ പ്രഹ്ലാദന്‍ രാജ്യഭാരമേറ്റു. പ്രഹ്ലാദന്‍ ദേവന്മാരെ പീഡിപ്പിച്ചപ്പോള്‍ ദേവേന്ദ്രന്‍ പ്രഹ്ലാദനുമായി യുദ്ധം ചെയ്തു. ആ ഭീകരയുദ്ധം നൂറുവര്‍ഷം നീണ്ടു നിന്നു. അതില്‍ പരാജിതനായ പ്രഹ്ലാദന്‍ സനാതനധര്‍മ്മം ഉള്‍ക്കൊണ്ടു വിരക്തനായി വിരോചനന്റെ പുത്രനായ ബലിയെ രാജ്യം ഏല്‍പ്പിച്ചു. പിന്നെ അദ്ദേഹം തപസ്സിനായി ഗന്ധമാദനത്തിലേയ്ക്ക് പോയി. രാജാവായ ബലിയും ദേവന്മാരോടു യുദ്ധം ചെയ്തു. ദേവന്മാര്‍ക്ക് ദേവേന്ദ്രന്റെയും മഹാവിഷ്ണുവിന്റെയും തുണ ലഭിച്ചതിനാല്‍ യുദ്ധത്തില്‍ അവര്‍ ജയിച്ചു. പരാജിതരായി ഓടിപ്പോയ ദൈത്യന്മാര്‍ ശുക്രാചാര്യനെ ശരണം പ്രാപിച്ചു. ‘അങ്ങയുടെ സഹായം കൂടാതെ ഞങ്ങള്‍ക്ക് സ്വരാജ്യത്ത് നിലനില്‍പ്പില്ല. ഞങ്ങള്‍ പാതാളലോകമായ രസാതലത്തിലെയ്ക്ക് പോകുന്നു.’

‘പേടിക്കേണ്ട, ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കാം. എന്റെ തേജസ്സും മന്ത്രങ്ങളും ഔഷധങ്ങളും നിങ്ങള്‍ക്ക് തുണയാകും. പേടി വേണ്ട’ എന്ന് മുനി അവര്‍ക്ക് വാഗ്ദാനം ചെയ്തു.

ശുക്രമുനിയുടെ പരിരക്ഷയില്‍ ദൈത്യന്മാര്‍ ഭയം കൂടാതെ ജീവിച്ചു. ദേവേന്ദ്രന്‍ വിവരമറിഞ്ഞ് ആശങ്കാകുലരായി. ‘ശുക്രാചാര്യരുടെ മന്ത്രശക്തി അപാരമാണ്. അതുമൂലം നമുക്ക് സ്ഥാനഭ്രംശം ഉണ്ടാവുന്നതിനു മുന്‍പ് അവരോടു യുദ്ധം ചെയ്ത് എല്ലാവരെയും പാതാളത്തിലേയ്ക്ക് പായിക്കാം’ എന്നദ്ദേഹം നിശ്ചയിച്ചു. വിഷ്ണുവിന്‍റെ സഹായത്തോടെ ദേവന്മാര്‍ ദൈത്യരെ ആക്രമിക്കാന്‍ തുടങ്ങി. ഭയചകിതരായ അസുരന്മാര്‍ ശുക്രാചാര്യരോട് സങ്കടം പറഞ്ഞു. അദ്ദേഹം അവര്‍ക്ക് അഭയം നല്‍കി. ശുക്രാചാര്യരുടെ മന്ത്രബലവും ഔഷധബലവും അറിയാവുന്ന ദേവന്മാര്‍ അസുരന്മാരെ ആക്രമിക്കുന്നതെല്ലാം നിര്‍ത്തി രണത്തില്‍ നിന്നും പിന്തിരിഞ്ഞു.


No comments:

Post a Comment