Devi

Devi

Tuesday, January 12, 2016

ദിവസം 83. ശ്രീമദ്‌ ദേവീഭാഗവതം. 4. 16. നാനാവതാര കഥനം

ദിവസം 83. ശ്രീമദ്‌ ദേവീഭാഗവതം. 4. 16. നാനാവതാര കഥനം

ഭൃഗു ശാപാന്‍ മുനിശേഷ്ഠ ഹരേരത്ഭുതകര്‍മ്മണ:
അവതാരാ: കഥം ജാതാ:കസ്മിന്‍ മന്വന്തരേ വിഭോ
വിസ്തരാദ്വദ ധര്‍മ്മജ്ഞ അവതാരകഥാം ഹരേ:
പാപനാശകരീം ബ്രഹ്മന്‍ ശ്രുതാം സര്‍വ സുഖാവഹാം

ജനമേജയന്‍ ചോദിച്ചു: 'വിഷ്ണുഭഗവാന്‍ ഭൃഗുമുനിയുടെ ശാപം മൂലം എങ്ങിനെ, എവിടെയാണ് അവതരിച്ചത്? ഇതു മന്വന്തരത്തിലാണ് അത് സംഭവിച്ചത്? വ്ഷ്ണുവിന്റെ അവതാരങ്ങള്‍ അത്ഭുതാവഹങ്ങള്‍ തന്നെയാണ്. സകല പാപനിവാരകമാണാ കഥകള്‍. അവയെല്ലാം വിശദമായിത്തന്നെ ഞങ്ങള്‍ക്ക് പറഞ്ഞു തന്നാലും മഹാമുനേ.'

വ്യാസന്‍ പറഞ്ഞു: 'ആ കാര്യങ്ങള്‍ ഞാന്‍ വിശദമായിത്തന്നെ പറയാം. പണ്ട് ചാക്ഷുഷ മന്വന്തരത്തില്‍ ധര്‍മ്മന്റെ പുത്രന്മാരായി നരനും നാരായണനും ജനിച്ചു. ധര്‍മ്മത്തിന്റെ അവതാരങ്ങളെന്നവണ്ണം അവര്‍ വളര്‍ന്നു. വൈവസ്വതമന്വന്തരത്തില്‍ ഭഗവാന്‍ ഹരി, അത്രിയുടെ പുത്രനായ ദത്താത്രേയനായി. അത്രിയുടെ പത്നി അനസൂയയുടെ പ്രാര്‍ത്ഥനയുടെ ഫലമായി ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ അവര്‍ക്ക് മക്കളായി ജനിച്ചു. ബ്രഹ്മാവ്‌ ചന്ദ്രനായും ഹരി ദത്താത്രേയനായും പരമശിവന്‍ ദുര്‍വ്വാസാവായും അനസൂയാപുത്രന്മാരായി ജനിച്ചു. നാലാംയുഗത്തില്‍ ഹരി നരസിംഹരൂപമെടുത്ത് ഹിരണ്യകശിപുവിനെ വധിച്ചു. അടുത്തത് ത്രേതായുഗത്തില്‍ ബലിയുടെ അഹങ്കാരശമനത്തിനായി ഭഗവാന്‍ എടുത്ത വാമനരൂപം. മഹാബലി യജ്ഞം നടത്തുമ്പോള്‍ ഭഗവാന്‍ കശ്യപപുത്രനായ ബ്രഹ്മചാരിയായി വന്നു ദാനം ചോദിച്ചു. ഒടുവില്‍ രാജ്യം മുഴുവനും കൈക്കലാക്കിയശേഷം ബാലിയെ പാതാളത്തില്‍ വാഴിക്കുകയും ചെയ്തു.

പിന്നീട് ത്രേത എന്ന് പേരുള്ള പത്തൊന്‍പതാം യുഗത്തില്‍ ഭഗവാന്‍ ജമദഗ്നിയുടെ പുത്രനായ പരശുരാമനായി. അദ്ദേഹം ക്ഷത്രിയവംശത്തെ കൊന്നൊടുക്കി ഭൂമണ്ഡലത്തെ  കശ്യപമുനിക്ക് ദാനം നല്‍കി. പപനാശനമായിരുന്നു പരശുരാമാവതാരത്തിന്റെ ലക്ഷ്യം. ത്രേതായുഗത്തില്‍ ഭഗവാന്‍ ശ്രീരാമനായി അവതരിച്ചു. ദ്വാപരയുഗത്തില്‍ ഭഗവാന്‍ കൃഷ്ണനും അര്‍ജ്ജുനനും ആയി. മഹാബലവാന്മാരായ നരനും നാരായണനും തന്നെയാണിവര്‍. ഭൂമിയുടെ ഭാരമായ ദുഷ്ടന്മാരെ നിഗ്രഹിച്ചു സജ്ജനസംരക്ഷണമാര്‍ത്ഥമാണ് ഇവര്‍ അവതരിച്ചത്. ഇവര്‍ അതിപ്രശസ്തമായ കുരുക്ഷേത്രയുദ്ധത്തില്‍ പങ്കെടുത്തിരുന്നു.

പ്രകൃതിയുടെ ആഗ്രഹം അനുസരിച്ചാണ് ഭഗവാന്‍ ഈ അവതാരങ്ങള്‍ കൈക്കൊണ്ടത്. അവളാണ് ഊ ജഗത്തിനെ സദാ ചാക്രികമായി നിലനിര്‍ത്തുന്നത്. മൂന്നു ലോകങ്ങളും അവളുടെ കയ്യിലെ കളിക്കോപ്പാണ്. പരമപുരുഷനെ പ്രസാദിപ്പിക്കാന്‍ പ്രകൃതി ഇങ്ങിനെ അത്ഭുതകരങ്ങളായ ലീലകളില്‍ ഏര്‍പ്പെടുകയാണ്.  ഈ ജഗത്തിനെ സൃഷ്ടിച്ച പരമപുരുഷന്‍ നിര്‍ഗ്ഗുണനും നിരാകാരനും നിരാലംബനും നിസ്പൃഹനുമത്രേ. ഉപാധികളുടെ കാരണംകൊണ്ട് ത്രിമൂര്‍ത്തികളായി ഭേദം കാണപ്പെടുന്നു എന്ന് മാത്രം. അതാണ്‌ മൂലപ്രകൃതി.

സൃഷ്ടികാലത്ത് മൂലപ്രകൃതിയായ മഹേശ്വരി പരമാത്മാവില്‍ നിന്നും ഭിന്നയായതുപോലെ കാണപ്പെടുന്നു. സൃഷ്ടികാലത്ത് ബഹിര്‍മുഖയും അതിനാല്‍ത്തന്നെ പരമാത്മാവില്‍ നിന്നും ഭിന്നയും ആയി കാണപ്പെടുന്ന ദേവി വാസ്തവത്തില്‍ പരമാത്മാവ്‌ തന്നെയാണ്. പരമാത്മാവും ദേവിയും തമ്മിലുള്ള ഭിന്നത കേവലം പ്രതീതി മാത്രമാണ്. വിശ്വം രചിച്ചും വിശ്വത്തില്‍ അധിവസിക്കുന്നവരുടെ അഭിലാഷങ്ങള്‍ നിറവേറ്റിയും അമ്മ നിലകൊള്ളുന്നു. കല്‍പ്പാന്തത്തില്‍ വിശ്വത്തെ സംഹരിക്കുന്നതും ദേവിയത്രേ. അമ്മയോട് ചേര്‍ന്ന്‍ ബ്രഹ്മാവ്‌ സൃഷ്ടിയും വിഷ്ണു പരിപാലനവും രുദ്രന്‍ സംഹാരവും നടത്തുന്നു. 

പണ്ട് അയോദ്ധ്യയില്‍ രാജര്‍ഷിയായ സാക്ഷാല്‍ ശ്രീരാമചന്ദ്രനെ സൃഷ്ടിച്ചിട്ട് ദാനവസംഹാരാര്‍ത്ഥം അദ്ദേഹത്തെ എവിടെയൊക്കെയോ കൊണ്ടുപോയി വാഴിച്ചതും ദുഖാനുഭവങ്ങള്‍ നല്കിയതും ഈ പ്രകൃതിയാണ്. സകല പ്രാണികളും ജീവജാലങ്ങളും അവളുടെ നിയന്ത്രണത്തില്‍ സുഖദുഖങ്ങള്‍ അനുഭവിച്ചു കഴിയുന്നു.

No comments:

Post a Comment