ദിവസം 73.
ശ്രീമദ് ദേവീഭാഗവതം. 4. 6. ഉര്‍വ്വശീ സൃഷ്ടി
പ്രഥമം തത്ര സംപ്രാപ്തോ
വസന്ത: പര്‍വ്വതോത്തമേ
പുഷ്പിതാ: പാടപാ: സര്‍വേ
ദ്വിരേഫാളിവിരാജിതാ:
ആമ്രാശ്ച ബകുളാ
രമ്യാസ്തിലകാ: കിംശുകാ: ശുഭാ:
സാലാസ്താലാസ്തമാലാശ്ച
മധുകാ: പുഷ്പിതാ ബഭു:
ദേവന്മാര്‍ ഗന്ധമാദനത്തില്‍
ചെന്നപ്പോള്‍ അവിടെ വസന്തത്തിന്റെ ഉന്മത്തത എല്ലായിടത്തും കാണായി. മരങ്ങളും
ചെടികളും പൂത്തുലഞ്ഞും പൂക്കളില്‍ തേന്‍ നുകരാന്‍ വണ്ടിനങ്ങള്‍ പാറിപ്പറന്നും
അവിടം കമനീയമായി കാണപ്പെട്ടു. ഇലഞ്ഞി, മഞ്ചാടി, പ്ലാശ്, പന, നീര്‍മാതളം എന്നുവേണ്ട
എല്ലാ മരങ്ങളും വസന്തത്തിന്റെ ഹര്‍ഷപുളകത്താല്‍
പൂവണിഞ്ഞുലഞ്ഞു നില്‍ക്കുന്നു. കുയിലിനങ്ങള്‍ പാടി രസിക്കുന്നു. ആലിംഗനഭാവത്തില്‍
പൂത്ത വള്ളിച്ചെടികള്‍ പ്രേമപൂര്‍വ്വം മരച്ചില്ലകളോടു ഒട്ടിപ്പിടിച്ചു പടര്‍ന്നു
കയറിയിരിക്കുന്നു. പ്രാണികള്‍ അവരവരുടെ പ്രണയിനികളില്‍ പ്രേമബദ്ധരായി നില്‍ക്കുന്നു.
മുനിമാര്‍ പോലും കാമന്റെ അമ്പിനിരയായി. പരസ്പരം സുഖം പകരാന്‍ പ്രാണികളെല്ലാം
ക്രീഡാലോലുപരായി കാണപ്പെട്ടു. തെക്കന്‍ കാറ്റിന്റെ ഗതിമാറ്റം എല്ലാവര്‍ക്കും സ്പര്‍ശനസുഖം
നല്‍കി.
കാമദേവന്‍ തന്റെ അഞ്ചു
ശരങ്ങളും വേണ്ട രീതിയില്‍ പ്രയോഗിച്ചു. രംഭ തിലോത്തമമാര്‍ സ്വര താള നിബദ്ധമായ
ഗാനാലാപനം ചെയ്തു. അപ്സരസ്സുകളുടെ ഗാനാലാപനം, കിളികളുടെ കളകളം, ഭ്രമരനാദം, എന്നിവ
ഒന്നിച്ചു വന്നപ്പോള്‍ നരനാരായണന്മാര്‍ തപസ്സില്‍ നിന്നും ഉണര്‍ന്നു. ‘അകാലത്ത്
ശിശിരം അവസാനിച്ച് വസന്തം നേരത്തേതന്നെ എത്തിച്ചേര്‍ന്നിരിക്കുന്നുവല്ലോ.
പ്രാണികള്‍ കാമാതുരരായി കാണപ്പെടുന്നു. കാലം തെറ്റി വന്ന ഈ ധര്‍മ്മഭ്രംശത്തിന്
കാരണമെന്തായിരിക്കാം?’
നാരായണന്‍ നരനോട് പറഞ്ഞു:
നോക്കൂ, വൃക്ഷങ്ങള്‍ പൂത്തുലഞ്ഞും കിളികള്‍ പാടിരസിച്ചും വണ്ടുകള്‍ മൂളിപ്പറന്നും
ചെടികള്‍ ഉണര്‍വോടെയുലഞ്ഞും നമ്മുടെ ചുറ്റും കമനീയമായി വിഹരിക്കുന്നത് നീ
കാണുന്നില്ലേ? പ്ലാശിന്‍ പൂക്കളാകുന്ന കൂര്‍ത്തനഖങ്ങള്‍ കൊണ്ട് വസന്തമെന്ന സിംഹം
ശിശിരമെന്ന മത്തേഭത്തെ പിളര്‍ന്നുകൊണ്ടാണ് വന്നണഞ്ഞതെന്നെനിക്ക് തോന്നുന്നു. രക്തവര്‍ണ്ണത്തിലുള്ള
അശോകമാകുന്ന കൈകള്‍, പ്ലാശിന്റെ കാലുകള്‍, നീല അശോകത്തിന്റെ ഉടയാട, ചെന്താമരമുഖം, നീലത്താമരക്കണ്ണുകള്‍,
കൂവളക്കാ സ്തനങ്ങള്‍, കുരുക്കുത്തി മുല്ലപ്പല്ലുകള്‍, പൂങ്കുലക്കര്‍ണ്ണങ്ങള്‍,
പൂങ്കുയില്‍ നാദം, ഉച്ചമലരിച്ചുണ്ടുകള്‍, കരിനൊച്ചി നഖങ്ങള്‍, കദംബവസനം, എന്നിവയാല്‍
അഴകൊലുന്ന ആ മനോഹരിയെ അങ്ങ് കാണുന്നില്ലേ? ശുഭശുഭ്രയായ അവളുടെ ആഭരണങ്ങള്‍
മയിലുകളാണ്. പണ്ടാരക്കൊഴിയുടെ നാദം പോലുള്ള ചിലമ്പൊലി, പിച്ചിപ്പൂ അരഞ്ഞാണം ചാര്‍ത്തിയ
അരയന്നങ്ങളുടെ അന്നനട, പൂവാടയ്ക്കുള്ളില്‍ ഒളിപ്പിച്ച രോമരാജികള്‍ പോലെയുള്ള
പൂത്തിലഞ്ഞി, ഇങ്ങിനെ അതീവ രമണീയമാണ് ഈ വസന്തസുന്ദരിയുടെ രൂപഭാവങ്ങള്‍. അകാലത്ത് ഈ
ബദരികാശ്രമത്തില്‍ അവളണയാന്‍ കാരണമെന്താവും? ദേവനാരികള്‍ പാടുന്നതും അങ്ങ് കേള്‍ക്കുന്നുണ്ടാവുമല്ലോ.
നമ്മുടെ തപസ്സുമുടക്കാന്‍ വേണ്ടിയുള്ള ദേവേന്ദ്രന്റെ സൂത്രമാകും ഇത്. അസുരശത്രുവായ
ദേവേന്ദ്രന്‍ തന്നെയാണിതിന്റെ കാരണക്കാരന്‍. ഇളം തണുപ്പുള്ള കാറ്റും
വീശുന്നുണ്ടല്ലോ!. ഇങ്ങിനെ പറഞ്ഞുകൊണ്ടിരിക്കവേ, ദേവ ഗായകവൃന്ദം അവിടെയെത്തിച്ചേര്‍ന്നു.
അവരെ കണ്ടു നരനാരായണന്മാര്‍ വിസ്മയസ്തബ്ധരായി.
മന്മഥന്‍, മേനക, രംഭ,
തിലോത്തമ, പുഷ്പഗന്ധ, സുകേശി, മഹാശ്വേത, മനോരമ, പ്രമദ്വര, ഘൃതാചി, ഗീതജ്ഞ,
ചാരുഹാസിനി, ചന്ദ്രപ്രഭ, സോമ, കോകിലസ്വര, വിദ്വിന്മാല, അംബുജാക്ഷി, കാഞ്ചനമാലിനി,
എന്നുവേണ്ട അനേകം പേര്‍ അവരുടെ മുന്നിലെത്തി. കാമന്റെ പടയില്‍ പതിനാരായിരത്തി അന്‍പതിലധികം
ദേവാംഗനകള്‍ ഉണ്ടായിരുന്നു. ദിവ്യമാലകളും വസ്ത്രങ്ങളും അണിഞ്ഞ അവര്‍ മന്മഥശരം അനുസ്യൂതം
പൊഴിച്ച് മുനിമാരെ മധുരതരമായ മാരതാപത്താല്‍ കൊല്ലുവാന്‍ തുനിഞ്ഞെന്നതുപോലെ
പാടിത്തുടങ്ങി. ഈ പാട്ടുകേട്ട് നാരായണമുനി പറഞ്ഞു: ‘നിങ്ങള്‍ സ്വര്‍ഗ്ഗകന്യകകളാണല്ലോ,
ഇവിടെ ഞങ്ങളുടെ ആതിഥ്യം സ്വീകരിച്ചു സുഖമായി കഴിയൂ.
നാരായണമുനി വിചാരിച്ചു.
‘തപോവിഘ്നത്തിനായി ഇന്ദ്രന്‍ പറഞ്ഞയച്ച ഇവര്‍ എത്ര നിസ്സാരര്‍! ഇവരേക്കാള്‍
സുന്ദരികളെ സൃഷ്ടിക്കാന്‍ എനിക്കാകുമല്ലോ!’ അദ്ദേഹം തന്റെ തുടയില്‍ ഒന്നാഞ്ഞടിച്ചു.
ഉടനെയതാ ഒരപൂര്‍വ്വസുന്ദരി പ്രത്യക്ഷയായി. വന്നണഞ്ഞ സ്വര്‍ഗ്ഗനാരികളെക്കാള്‍ അതി
സുന്ദരിയായ അവളെക്കണ്ട് എല്ലാവരും വിസ്മയിച്ചു. മുനിയുടെ തുടയില്‍ നിന്നും
ഉണ്ടായതിനാല്‍ ഉര്‍വശി എന്നവള്‍ക്ക് പേരുമുണ്ടായി. അവിടെ സന്നിഹിതരായ ദേവാംഗനമാര്‍ക്ക്
തോഴിമാരായി അത്രതന്നെ നാരീമണികളെയും നാരായണമുനി സൃഷ്ടിച്ചു. അവരെല്ലാം മുനിമാരെ
തൊഴുതുവണങ്ങി നിന്നു. തപസ്സിന്റെ മാഹാത്മ്യം എത്രവലുതാണെന്ന് മനസ്സിലാക്കിയ അവര്‍
ഇങ്ങിനെ പറഞ്ഞു: മാമുനിശ്രേഷ്ഠരായ നിങ്ങളെ സ്തുതിക്കാന്‍ ഞങ്ങള്‍ക്ക്
വാക്കുകളില്ല. പൊതുവേ പറഞ്ഞാല്‍ ഞങ്ങള്‍ തൂകുന്ന കാമശരത്തിന്റെ വിഷം ബാധിക്കാത്തതായി
ആരും തന്നെയില്ല. എന്നാല്‍ നിങ്ങള്‍ക്ക് അതെത്ര നിസ്സാരമായി അതിജീവിക്കാനായി!
നിങ്ങളുടെ മനോധൈര്യത്തെ മനസ്സിലാക്കാത്ത ഞങ്ങള്‍ മൂഢര്‍ തന്നെ. ഇന്ദ്രിയ സംയമനം
നേടിയ, ദമശമാദികള്‍ സ്വായത്തമായ നിങ്ങളെ മയക്കാന്‍ ഇന്ദ്രന്‍ അയച്ചവരാണ് ഞങ്ങള്‍. എന്നാല്‍
അവിടുത്തെ ക്ഷമാശക്തി അപാരം തന്നെ. അല്ലെങ്കില്‍ ഞങ്ങളെ ശപിച്ചു ഭസ്മമാക്കാന്‍
നിങ്ങള്‍ക്ക് നിഷ്പ്രയാസം സാധിക്കുമായിരുന്നുവല്ലോ! അവിടുത്തെ ദര്‍ശനം തന്നെ
ഞങ്ങള്‍ അനുഗ്രഹമായി കണക്കാക്കുന്നു. മഹാനുഭാവന്മാര്‍ കേവലം തുച്ഛമായ
കാര്യത്തിനായി മറ്റുള്ളവരെ ശപിച്ച് തങ്ങളുടെ തപോബലം നശിപ്പിക്കുകയില്ല എന്ന്
ഞങ്ങള്‍ മനസ്സിലാക്കുന്നു.<
വ്യാസന്‍ തുടര്‍ന്നു.
ബ്രഹ്മസംഭവരും മുനിശ്രേഷ്ഠന്മാരുമായ നരനാരായണന്മാര്‍ അവരെ അനുഗ്രഹിച്ചു. “വരം
എന്തുവേണമെങ്കിലും ചോദിക്കാം. ഉര്‍വശിയെ സ്വര്‍ഗ്ഗത്തിലേയ്ക്ക്
കൂട്ടിക്കൊണ്ടുപോയ്ക്കൊള്ളുക. ഇന്ദ്രന് ഞങ്ങളുടെ വക സമ്മാനമായിരിക്കട്ടെ അവള്‍.
ദേവന്മാര്‍ക്ക് സ്വസ്തി ഭവിക്കട്ടെ. ഇനി ആരുടെയും തപസ്സുമുടക്കാന്‍
തുനിഞ്ഞിറങ്ങരുത്.”
അപ്പോള്‍ ദേവിമാര്‍ പറഞ്ഞു:
മുനി ശ്രേഷ്ഠ, മഹാഭാഗ, നാരായണ, ഭക്തിയോടെ അങ്ങയെ സേവിക്കാന്‍ വന്ന ഞങ്ങള്‍ ഇനി
എങ്ങോട്ട് പോകാന്‍? അഭീഷ്ടവരമായി ഞങ്ങള്‍ക്ക് വേണ്ടത് അവിടത്തെ പരിചരിക്കാനുള്ള
യോഗമാണ്. ഞങ്ങളെ സ്വീകരിച്ചാലും. ഉര്‍വ്വശിയടക്കമുള്ള പതിനാറായിരത്തി അമ്പതു
ദേവാവാംഗനകളും സ്വര്‍ഗ്ഗത്തിലേയ്ക്ക് മടങ്ങിക്കൊള്ളട്ടെ. ഞങ്ങള്‍ നിങ്ങളെ വരിച്ച്
ഇവിടെത്തന്നെ കഴിയാം. ഞങ്ങളുടെ ആഗ്രഹം നിഷേധിക്കരുതേ. കാമാര്‍ത്ഥികളായ നാരികളെ
നിരാശപ്പെടുത്തരുത് എന്നുണ്ടല്ലോ! ഞങ്ങള്‍ ഇവിടെയെത്തിയത് ഭാഗ്യം കൊണ്ടാണ്.
ഞങ്ങളെ ഉപേക്ഷിക്കരുതേ! ഇത് കേട്ട് മുനിമാര്‍ പറഞ്ഞു: ഞങ്ങള്‍ ആയിരം കൊല്ലം
തപസ്സുചെയ്തു നേടിയ ഇന്ദ്രിയ സംയമത്വം ഇല്ലാതാക്കാനാണ് നിങ്ങള്‍ അവശ്യപ്പെടുന്നത്.
മൃഗസമാനരായി ബുദ്ധിയുള്ളവര്‍ ജീവിക്കണമെന്നോ? അങ്ങിനെയുള്ള സുഖാസക്തി ഞങ്ങള്‍ക്ക്
ഇല്ല താനും. അപ്പോള്‍ ദേവാംഗനമാര്‍ പറഞ്ഞു: സ്പര്‍ശനസുഖം തന്നെയാണ് അഞ്ചു
വിഷയങ്ങളില്‍ ഏറ്റവും ഉത്തമം. അതാസ്വദിച്ചുകൊണ്ട് ഈ ഗന്ധമാദനത്തില്‍ത്തന്നെ
കഴിയുക. സ്വര്‍ഗ്ഗം ഇതിനേക്കാള്‍ ഒട്ടും മികച്ചതല്ല. ഞങ്ങളുടെ ആഗ്രഹം
സാധിപ്പിച്ചാലും.
No comments:
Post a Comment