ദിവസം 95. ശ്രീമദ് ദേവീഭാഗവതം. 5. 3. ദൈത്യ
സൈന്യോദ്യോഗം
ഏവം മഹിഷോ നാമ ദാനപോ വരദര്‍പ്പിത:
പ്രാപ്യ രാജ്യം ജഗത് സര്‍വ്വം
വശേ ചക്രേ മഹാബല:
പൃഥിവീം പാലയാമാസ
സാഗരാന്താം ഭുജാര്‍ജ്ജിതാം
ഏകച്ഛത്രാം നിരാതങ്കാം വൈരി
വര്‍ഗ്ഗ വിവര്‍ജ്ജിതാം
വ്യാസന്‍ തുടര്‍ന്നു:
മഹിഷാസുരന്‍ അതിബലവാനും അജയ്യനുമായി ലോകം കീഴടക്കിയെന്ന ഗര്‍വ്വുമായി
കഴിഞ്ഞുവന്നു. ആഴിയും ഊഴിയും അയാള്‍ സ്വന്തം കുടക്കീഴിലാക്കി. അയാളുടെ സേനാപതി
ചിക്ഷൂരനും, താമ്രന്‍ ഭണ്ഡാരം സൂക്ഷിപ്പുകാരനും ആയിരുന്നു. വീരന്മാരായ അസിലോമന്‍,
ഉദര്‍ക്കാന്‍ തുടങ്ങിയ പടത്തലവന്‍മാരുമൊത്ത് മഹിഷന്‍ ഭൂമിയെ ഐശ്വര്യപൂര്‍ണ്ണമാക്കി
ഭരണം തുടര്‍ന്നു. പണ്ടുണ്ടായിരുന്ന രാജാക്കന്മാര്‍ മഹിഷന് കപ്പം കൊടുക്കേണ്ടി
വന്നു. അതിനു കൂട്ടാക്കാത്ത മറ്റു ക്ഷത്രിയ രാജാക്കന്മാരെ അയാള്‍ കൊന്നൊടുക്കി. ബ്രാഹ്മണര്‍ മഹിഷാസുരന്
യജ്ഞഭാഗം അര്‍പ്പിക്കാന്‍ വിധിക്കപ്പെട്ടു. ഭൂമി മാത്രമല്ല സ്വര്‍ഗ്ഗവും തന്റെ
കീഴിലാക്കണം എന്നയാള്‍ ആഗ്രഹിച്ചു.
ദൂതുമായി ഒരാളെ
ദേവലോകത്തേക്കയക്കാന്‍ അസുരന്‍ തീരുമാനിച്ചു. ദേവേന്ദ്രനോട് ഇങ്ങിനെ പറയണം എന്ന്
ദൂതനോട് ചട്ടം കെട്ടി. ‘പ്രാണന്‍ വേണമെങ്കില്‍ സ്വര്‍ഗ്ഗം ഉപേക്ഷിച്ചു
മറ്റെവിടെയെങ്കിലും പൊയ്ക്കൊള്ളുക അല്ലെങ്കില്‍ മഹിഷന്‍റെ സേവകനായി കഴിയാം.
അദ്ദേഹം അങ്ങേയ്ക്ക് അഭയം നല്‍കാതിരിക്കില്ല. അതല്ല എതിരിടാനാണ് ഭാവമെങ്കില്‍
വജ്രായുധം തന്നെ പുറത്തെടുത്താലും അങ്ങയെ ജയിക്കാന്‍ ഞങ്ങള്‍ക്ക് നിഷ്പ്രയാസം
സാധിക്കും. ഞങ്ങളുടെ പൂര്‍വ്വികര്‍ നിങ്ങളെ ഒരു പാഠം പഠിപ്പിച്ചതല്ലെ?
യുദ്ധമാണെങ്കില്‍ അങ്ങിനെയാവട്ടെ. അങ്ങയുടെ യുദ്ധവീര്യം കാണാന്‍ ഒരവസരമായി.
എന്തായാലും ഉടനെ ഒരു തീരുമാനം അറിയിക്കുക’.
വ്യാസന്‍ തുടര്‍ന്നു: ദൂതന്‍റെ
മൊഴി കേട്ട് ദേവേന്ദ്രന് കോപം വന്നു. ദൂതനെ നോക്കി ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:
‘നിന്‍റെ പ്രഭുവിന്‍റെ അസുഖത്തിനു പറ്റിയ ചികിത്സ എന്‍റെ കയ്യിലുണ്ട്. എന്തിനാണവന്‍
ഇങ്ങിനെ അഹങ്കരിക്കുന്നതെന്ന് അറിയുന്നില്ല. അവന്‍റെ ഹുങ്കിന്റെ അടിവേരുകൂടി പിഴുതെറിയാന്‍
സമയമായി. നിന്നെ ഇപ്പോള്‍ വെറുതെ വിടുന്നു. ദൂതരെ കൊല്ലാന്‍ പാടില്ല എന്നതാണല്ലോ
സജ്ജന നിയമം. ഞാന്‍ പറഞ്ഞതുപോലെ തന്നെ നീ അവനോടു ചെന്ന് പറയുക. ‘എടാ എരുമസന്തതീ,
ധൈര്യമുണ്ടെങ്കില്‍ പോരിനു വരിക’ എന്ന് തന്നെ പറയണം’. പുല്ലുതിന്നുന്ന നിന്റെ ബലം
എനിക്കറിയാം. കൊമ്പുകൊണ്ട് വെട്ടാന്‍ നീ മിടുക്കനാണെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍പ്പിന്നെ
അതങ്ങ് ഊരിയെടുത്തേക്കാം അങ്ങിനെ നിന്‍റെ അഹങ്കാരം തീരട്ടെ. ആ കൊമ്പുകളെടുത്ത്
ബലമുള്ള നല്ലൊരു വില്ലുണ്ടാക്കാം.’
ദൂതന്‍ മഹിഷനെ
വിവരമറിയിച്ചു. ‘രാജാവേ, ആ ദേവേന്ദ്രന്‍ അങ്ങയെ ഒട്ടും വകവയ്ക്കുന്നില്ല. അദ്ദേഹം
പൂര്‍ണ്ണബാലവാനാണെന്നു സ്വയം കരുതുന്നു. ആ മൂര്‍ഖന്‍ പറഞ്ഞത് മുഴുവന്‍ ദൂതനെന്ന
നിലയില്‍ ഞാന്‍ പറയേണ്ടതാണല്ലോ പ്രിയവും സത്യവും പറയാന്‍ ഒരു ദൂതന്‍
വിധിക്കപ്പെട്ടിരിക്കുന്നു. പ്രിയം മാത്രം പറഞ്ഞാല്‍ അത് നീതി ലംഘനമാവും. എന്നാല്‍
പരുഷമായ കാര്യങ്ങള്‍ അറിയിക്കണമെങ്കില്‍ അവ പറയാതിരിക്കാനും വയ്യ. വിഷം
ചീറ്റുന്നതുപോലുള്ള വാക്കുകള്‍ ശത്രുവിന് പറയാം. എന്നാല്‍ ദൌത്യ വാര്‍ത്തയാണെങ്കിലും
പ്രഭുവിന്‍റെ മുഖത്തു നോക്കി ഒരു ഭൃത്യന്‍ അതെങ്ങിനെ പറയും? അങ്ങയുടെ മുന്നില്‍പ്പറയാന്‍
വയ്യാത്ത കാര്യമാണ് ദേവേന്ദ്രന്‍ ദൂതായി പറഞ്ഞയച്ചത്. ദയവുണ്ടായി അതെന്‍റെ
നാവുകൊണ്ട് പറയിക്കരുത്.’
മഹിഷന് കാര്യം മനസ്സിലായി.
അയാള്‍ കോപം കൊണ്ട് ജ്വലിച്ചു. കണ്ണുകള്‍ ചുവന്നു തുടുത്തു. വാലുവിറച്ചു.
ദേഷ്യത്തില്‍ അറിയാതെ മൂത്രം ഇറ്റുവീണു. ‘ദാനവ വീരന്മാരേ, ദേവേന്ദ്രന്‍ യുദ്ധമാണ്
കൊതിക്കുന്നത്. വേഗം സൈന്യത്തെയെല്ലാം തയ്യാറാക്കുക. കോടിക്കണക്കിനു ഇന്ദ്രന്മാര്‍
വന്നാലും എനിക്ക് ഭയമില്ല. പിന്നെയാണ് ഈയൊരുത്തന്‍. അവന്‍ മിടുക്ക് കാണിക്കുന്നത്
ശാന്തരായ മുനിമാരോടും മറ്റുമാണ്. സ്ത്രീകളുടെ അടിമയല്ലേ അവന്‍? ചതിയനും
ഭോഷ്കനുമാണ് അവന്‍ എന്നത് പ്രസിദ്ധമല്ലേ? അപ്സരസ്സുകളെ ഉപയോഗിച്ച് മുനിമാരുടെ തപസ്സു
മുടക്കലാണ് ഇഷ്ടവിനോദം! പലതരം സന്ധിചെയ്ത് അവയൊന്നും പാലിക്കാതെ നമൂചിയെ കൊന്ന
ചതിയനല്ലേ അവന്‍? വിഷ്ണുവിന്‍റെ കാര്യം പറയാതിരിക്കയാണ് ഭേദം. ആള്‍മാറാട്ടക്കാരന്‍.
ഡംഭന്‍. പന്നിയുടെ രൂപത്തില്‍ ഹിരണ്യാക്ഷനെയും നരസിംഹരൂപത്തില്‍
ഹിരണ്യകശിപുവിനെയും കൊന്നത് വിഷ്ണുവാണ്. ദേവന്മാരെ ഒരിക്കലും വിശ്വസിക്കരുത്.
വിഷ്ണുവിനും ദേവേന്ദ്രനും
എന്നെയൊന്നും ചെയ്യാനാവില്ല. എന്തിന്? സാക്ഷാല്‍ രുദ്രനും എന്നെ തടയാനാവില്ല.
ഇന്ദ്രന്‍, അഗ്നി, വരുണന്‍, ഭാനുമാന്‍, ചന്ദ്രന്‍ തുടങ്ങി എല്ലാവരെയും ഞാന്‍
കീഴടക്കാന്‍ പോകുന്നു. യജ്ഞഭാഗം നമുക്ക് വേണം. സോമരസം അസുരന്മാര്‍ക്ക് കിട്ടട്ടെ.
അങ്ങിനെ നമുക്ക് ആ സ്വര്‍ഗ്ഗത്ത് വിഹരിക്കാം. എനിക്ക് കിട്ടിയിട്ടുള്ള വരം
എന്തെന്നറിയാമല്ലോ? ആണായ ഒരുവനും എന്നെ തോല്‍പ്പിക്കാന്‍ ആവില്ല. പിന്നെ ഇതു
പെണ്ണിനാണ് അതിനു കഴിയുക? പാതാളശൈലനിവാസികളായ സൈന്യങ്ങള്‍ തയ്യാറാവട്ടെ. ദേവന്മാരെ
ജയിക്കാന്‍ ഞാന്‍ ഒറ്റയ്ക്ക് മതി. പക്ഷെ ഇക്കൂട്ടരൊക്കെ എനിക്ക് ഒരലങ്കാരമായി ഇരിക്കട്ടെ.
ദേവന്മാരെ കൊല്ലാന്‍ എന്‍റെ കൊമ്പുകളും കുളമ്പുകളും മാത്രം മതി. എനിക്ക് വരബലം ഉള്ളതിനാല്‍
പരാജയ ഭീതിയില്ല. ദേവന്മാരോ മനുഷ്യന്മാരോ എന്നെ കൊല്ലില്ല.
നല്ല ഉദ്യമം .. വാക്കുകൾ കിട്ടുന്നില്ല ഇതിനെ പ്രശംസിക്കാൻ അങ്ങയെ ജഗദംബിക അനുഗ്രഹിക്കട്ടെ
ReplyDelete