ദിവസം 82. ശ്രീമദ് ദേവീഭാഗവതം. 4. 15. യുദ്ധശാന്തി
ഇതി തസ്യ വച: ശ്രുത്വാ ഭാര്‍ഗ്ഗവസ്യ
മഹാത്മന:
പ്രഹ്ലാദസ്തു സംഹൃഷ്ടോ ബഭുവ
നൃപനന്ദന
ജ്ഞാത്വാ ദൈവം ബലിഷ്ഠം ച
പ്രഹ്ലാദസ്താനു വാച ഹ
കൃതേപി യുദ്ധേ ന ജയോ
ഭവിഷ്യതി കദാചന
വ്യാസന്‍ പറഞ്ഞു: ശുക്രന്‍റെ
വാക്കുകള്‍ കേട്ട് പ്രഹ്ലാദന്‍ സന്തുഷ്ടനായി. വിധിബലത്തെ തടുക്കാന്‍ ആര്‍ക്കാവും
എന്ന് അദ്ദേഹം സമാധാനിച്ചു. വിജയിക്കില്ലെന്ന് ഉറപ്പുള്ളപ്പോള്‍ വെറുതെ യുദ്ധം
ചെയ്തിട്ട് കാര്യമില്ല. എന്നാല്‍ അസുരന്മാര്‍ അങ്ങിനെ വിടാന്‍ ഭാവമില്ലായിരുന്നു.
‘വിധിയെന്നാല്‍ എന്താണ്? ധൈര്യമില്ലാത്തവരാണ് അതിനെ ആശ്രയിക്കുന്നത്. ദൈവത്തെ
ആരാണ് കണ്ടിട്ടുള്ളത്? നമുക്ക് ആശ്രയിക്കാന്‍ നമ്മുടെ ബലം മാത്രമേയുള്ളൂ.
അതുകൊണ്ട് നമുക്ക് ദേവന്മാരെ നേരിടാം. സര്‍വ്വജ്ഞനായ അങ്ങ് മുന്നില്‍ നിന്ന്
ഞങ്ങളെ നയിച്ചാലും.’
അസുരന്മാര്‍ ഇങ്ങിനെ
പറഞ്ഞപ്പോള്‍ പ്രഹ്ലാദന്‍ പോരിനു തയ്യാറായി. അസുരന്മാര്‍ യുദ്ധാഹ്വാനം
മുഴക്കിയപ്പോള്‍ ദേവന്മാരും തയ്യാറായി വന്നു. ഒരു നൂറ്റാണ്ടു നീണ്ടു നിന്ന
യുദ്ധമാണ് പ്രഹ്ലാദനും ഇന്ദ്രനും തമ്മില്‍ നടന്നത്. യുദ്ധത്തിനിടയില്‍ ശുക്രന്‍
സഹായം ചെയ്തതിനാല്‍ അസുരന്മാര്‍ ഇത്തവണ ജയിച്ചു. ഇന്ദ്രന്‍ ഗുരുവിന്റെ
ഉപദേശപ്രകാരം സര്‍വ്വമംഗളദായകിയായ പരമേശ്വരിയെ ശരണം പ്രാപിച്ചു. 'മഹാമായേ,
അമ്മേ, ദേവീ, ശൂലധാരിണീ, സകല ജയങ്ങളും അവിടുത്തേതാണ്. ശംഖ്, ചക്രം, ഗദ, പത്മം,
ഖഡ്ഗം, എന്നിവയാല്‍ അലംകൃതയായ ദേവിയെ ഞാന്‍ കൈകൂപ്പി സ്തുതിക്കുന്നു.
സച്ചിദാനന്ദസ്വരൂപയും ഭുവനേശ്വരിയും ശൈവ, ശാക്ത, സൌര, ഗാണപത്യ, വൈഷ്ണവ,
നാസ്തികങ്ങളായ ഷഡ്ദര്‍ശനങ്ങള്‍ക്കെല്ലാം നായികയായ ദേവിയെ ഞാന്‍ വണങ്ങുന്നു.
അംബികേ, പരബ്രഹ്മസ്വരൂപിണീ, പഞ്ചകോശങ്ങള്‍ക്കും ഉള്ളില്‍ വസിക്കുന്ന ദേവീ,
സച്ചിദാനന്ദരൂപിണീ, മഹാകുണ്ഡലിനീ രൂപേ, ആനന്ദകലികേ അവിടുത്തേയ്ക്ക് നമസ്കാരം. എല്ലാ
യാഗാഗ്നികള്‍ക്കും അമ്മയാണ് അധിപ. സര്‍വ്വോപനിഷദുക്കളും അമ്മേ നിന്നെയാണ് അര്‍ച്ചിക്കുന്നത്.
അമ്മേ, ഞങ്ങളില്‍
പ്രസാദിച്ചാലും. ദൈത്യന്മാരോടു തോറ്റ്
ഞങ്ങള്‍ ദുര്‍ബ്ബലരായിരിക്കുന്നു. ദുഃഖവിനാശം വരുത്തുന്ന ദേവീ, ഞങ്ങളില്‍ പ്രസന്നയായാലും.
ധ്യാനിക്കുന്നവര്‍ക്ക് അഭീഷ്ടങ്ങളെയും അല്ലാത്തവര്‍ക്ക് ദുഖഭയങ്ങളെയും നല്‍കുന്ന
ദേവി, മോക്ഷകാംക്ഷികള്‍ക്ക് ഭവതാരണശക്തിയും, നിസ്സംഗത്വവും പരമശാന്തിയും നല്‍കുന്നു.
ലോകജനനിയായ അവിടുത്തെ പ്രാഭവം എങ്ങിനെ വര്‍ണ്ണിക്കാന്‍! ലോകരക്ഷചെയ്യുന്നതില്‍
നിന്റെ പ്രതാപം എത്ര ഉന്നതമാണെന്ന് മൂഢന്മാര്‍ക്ക് അറിയാനാവുന്നില്ല. അവിടുന്നുതന്നെ സത്വഗുണപ്രധാനിയായി സകലതും സംരക്ഷിക്കുന്നു. എന്നാല്‍ അതേസമയം ദേവി തമോഗുണിയായി സംഹാരവും ചെയ്യുന്നു. സാധാരണ മാതാക്കളില്‍
സംരക്ഷണത്വം മാത്രമേ കാണുകയുള്ളൂ. എന്നാല്‍ ദേവിയുടെ ചരിതം വിസ്മയകരമാണ്!
ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരും യമന്‍, ഇന്ദ്രന്‍, അഗ്നി, സൂര്യന്‍, എന്ന് വേണ്ട
എല്ലാ ദിവ്യര്‍ഷികളും വിചാരിച്ചാലും അമ്മയെ അറിയാന്‍ കഴിയില്ല. അവിടുത്തെ ഭക്തന്‍
മാത്രം സംസാരത്തിന്റെ ദുഖമേതും ഏശാതെ സുഖിയായി കഴിയുന്നു. എന്നാല്‍ നിന്നില്‍
ഭക്തിയില്ലാത്ത ഒരുവന് ജനിമൃതികളുടെ ചക്രത്തില്‍ നിന്നും മോചനമില്ല തന്നെ. ഇപ്പോള്‍
സുഖജീവിതം നയിക്കുന്നവര്‍ പൂര്‍വ്വജന്മങ്ങളില്‍ നിന്നെ നനാദ്രവ്യങ്ങളാല്‍
പൂജിച്ചവര്‍ ആയിരിക്കണം. ഇപ്പോള്‍ ആനപ്പുറത്തിരിക്കുന്നവരും വിലാസിനികളുമായി
രമിക്കുന്നവരും, സാമന്തരാജാക്കന്മാരാല്‍ പരിസേവിതരും ആയുള്ളവര്‍ പൂര്‍വ്വജന്മങ്ങളില്‍ നിന്റെ കാലടി
പൂജിച്ചു പുണ്യം നേടിയവര്‍ ആണെന്നുറപ്പ്.'
വ്യാസന്‍ പറഞ്ഞു: ഇങ്ങിനെ
ദേവിയെ സ്തുതിച്ചപ്പോള്‍ ഇന്ദ്രന് മുന്‍പില്‍ ദേവി സിംഹവാഹനയായി പ്രത്യക്ഷപ്പെട്ടു.
ചെമ്പട്ടും ദിവ്യാഭാരണങ്ങളും ദേവിയെ അതീവ സുന്ദരിയാക്കി. ‘നിങ്ങള്‍ക്ക് ഭീതി
വേണ്ട. സൌഖ്യം ഭവിക്കട്ടെ’ എന്ന് ദേവി അവരെ അനുഗ്രഹിച്ചു. എന്നിട്ട് സിംഹാസനസ്ഥയായ
ദേവി ദൈത്യന്മാരുടെ അടുക്കല്‍ ചെന്നു. പ്രഹ്ലാദന്‍ മുതലായ അസുരന്മാര്‍ പെട്ടെന്ന്
എന്തുചെയ്യണം എന്ന സംഭ്രമത്തിലായി. ‘മഹിഷാസുരനെയും ചണ്ഡമുണ്ഡന്മാരെയും വധിച്ച
സാക്ഷാല്‍ പരമേശ്വരിയാണിത്. മധുകൈടഭന്മാരെ ഈ അമ്മ കൊന്നത് വെറും കടാക്ഷം കൊണ്ടാണ്! ഇപ്പോള്‍
നാരായണനെ സഹായിക്കാനാണ് ഈ ചണ്ഡിക വന്നിട്ടുള്ളതെന്ന് നിശ്ചയം. നമ്മെയും ഇവള്‍
കൊന്നു കളയും’ എന്നവര്‍ പരിഭ്രമിച്ചു,
പ്രഹ്ലാദന്‍ പറഞ്ഞു.
‘നമുക്ക് യുദ്ധം വേണ്ട. ഇവിടെനിന്നും ഓടിപ്പോകാം, അതാണ് നല്ലത്’. ക്രുദ്ധയായാല്‍
ജഗന്മാതാവായ ഈ ദേവി നമ്മെയെല്ലാം തീജ്വാല വമിപ്പിച്ചു സംഹരിക്കും’ എന്ന് നമൂചിയും
പറഞ്ഞു. ‘നമുക്ക് ദേവിയെ സ്തുതിച്ച്
അവളുടെ അനുവാദം വാങ്ങി പാതാളത്തില്‍പ്പോയി പാര്‍ക്കാം. ‘മഹാമായയും സകല ജീവജാലങ്ങള്‍ക്കും
അമ്മയുമായ ദേവി സൃഷ്ടി സ്ഥിതിലയങ്ങള്‍ക്ക് കാരണഭൂതയാണ്.’ എന്ന് പറഞ്ഞു പ്രഹ്ലാദന്‍
ദേവിയെ വാഴ്ത്തി സ്തുതിച്ചു.
‘പൂമാലയില്‍ സര്‍പ്പം
എന്നതുപോലെ ആരിലാണോ ഈ ജഗത്ത് സ്ഥിതിചെയ്യുന്നത്, സര്‍വ്വാധിഷ്ടാനമായ ‘ഹ്രീം’ എന്ന
ബീജാക്ഷരമൂര്‍ത്തിയെ ഞാന്‍ നമിക്കുന്നു. സ്ഥാവരജംഗമങ്ങളായ എല്ലാറ്റിന്റെയും സൃഷ്ടാവ് അമ്മയാണ്. നിമിത്തമാത്രം കൊണ്ട് മറ്റുള്ളവയേയും
സൃഷ്ടിച്ചത് അമ്മയല്ലേ? അമ്മേ, നിന്നെ ഞാന്‍ നമിക്കുന്നു. ദേവാസുരന്മാര്‍ രണ്ടും
അവിടുത്തെ സൃഷ്ടികള്‍ തന്നെ. അവര്‍ തമ്മില്‍ അമ്മയ്ക്ക് ഭേദമുണ്ടോ? വിശ്വമാതാവായി
പുരാണങ്ങള്‍ പ്രഘോഷിക്കുന്ന നിന്റെ മക്കള്‍ തന്നെയല്ലേ ദൈത്യരായ ഞങ്ങളും?
ദേവന്മാര്‍ സ്വാര്‍ത്ഥന്‍മാരാണ്. അതുപോലെതന്നെയാണ് ഞങ്ങളും. ധനം, ഭാര്യ, മക്കള്‍ എന്നീ
വിഷയങ്ങളില്‍ ആസക്തരാണ് ഞങ്ങളും ദേവന്മാരും. ഞങ്ങള്‍ തമ്മില്‍ ഭേദമുള്ളത് അജ്ഞാനം
മൂലമാണ്. കശ്യപന്റെ മക്കളാണ് ഞങ്ങള്‍ രണ്ടു കൂട്ടരും. സര്‍വ്വജനനിയായ അമ്മ ഞങ്ങളെ
തുല്യരീതിയില്‍ കാണണം. അല്ലാതെ ഇപ്പോള്‍ അമ്മ ഞങ്ങളോട് വിരോധഭാവത്തില്‍
പെരുമാറുന്നത് ന്യായമാണോ?
ജന്മങ്ങളെല്ലാം ഗുണമിശ്രിതമാണ്. ദേവന്മാര്‍ സത്വഗുണം മാത്രം ഉള്ളവരൊന്നുമല്ല എന്നെല്ലാവര്‍ക്കുമറിയാം. ദേഹമെടുത്തിട്ടുണ്ടോ,
അവരെല്ലാം ഗുണമിശ്രിതരാണ്. കാമക്രോധങ്ങള്‍ അവരിലും ഞങ്ങളിലും ഉണ്ട്.
ആരോടെങ്കിലുമൊക്കെ വൈരഭാവം ഇല്ലാത്തവരായി ജനിച്ചവര്‍ ആരുണ്ട്? ഈ ദേവാസുരവൈരവും
അമ്മയുടെ ലീലയാണ് എന്നെനിക്കു തോന്നുന്നു. പോര് കാണാനുള്ള ഔല്‍സുക്യമല്ലേ ഇതിനു
പിന്നില്‍ എന്ന് ഞാന്‍ സംശയിക്കുന്നു. അമ്മയ്ക്ക് ഞങ്ങള്‍ സഹോദരര്‍ പോരടിക്കുന്നത്
കാണാന്‍ താല്‍പര്യമില്ലെങ്കില്‍ ഞങ്ങള്‍ക്ക് പരസ്പരം ഇങ്ങിനെ വൈരം തോന്നിപ്പിക്കുന്നത്
എന്തിനാണ്? ധര്‍മ്മം എന്തെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഭോഗത്തിനായി ഞങ്ങള്‍
എപ്പോഴും പോരടിച്ചു കൊണ്ടിരിക്കുന്നു. അമ്മെ, അമ്മയ്ക്കല്ലാതെ എല്ലാരെയും ശാസിച്ചു
നിലയ്ക്ക് നിര്‍ത്താന്‍ ആര്‍ക്കാകും? വിഷയാസക്തന്റെ വാക്കുകള്‍ ആരാണ് കേള്‍ക്കുക?
പണ്ട് ഞങ്ങള്‍ രണ്ടു
കൂട്ടരും ചേര്‍ന്ന് പാലാഴി കടഞ്ഞപ്പോള്‍ മഹാവിഷ്ണു പക്ഷഭേദം കാണിച്ചു. അതിനു
പ്രതിഫലമായി വിഷ്ണുവിന് മഹാരത്നങ്ങള്‍ മാത്രമല്ല, സാക്ഷാല്‍ ലക്ഷ്മീ ദേവിയും
കിട്ടി. അന്ന് അമ്മ വിഷ്ണുവിനെ ചുമതക്കാരനാക്കി. അദ്ദേഹം ലക്ഷ്മീ ദേവിയെ കൈക്കൊണ്ടതും ലോഭം കൊണ്ട് തന്നെയാണ്. ഐരാവതം, പാരിജാതം, കാമധേനു, ഉച്ചൈശ്രവസ്സ്
മുതലായ എല്ലാ മഹദ്വസ്തുക്കളും കൈക്കലാക്കിയത് ദേവന്മാരല്ലേ? ഇങ്ങിനെ അന്യായം
ചെയ്തിട്ടും ദേവന്മാര്‍ സജ്ജനങ്ങളാണത്രേ. ധര്‍മ്മലക്ഷണം അനുസരിച്ച് അവരെ ദുര്‍ജ്ജനങ്ങളായി
കണക്കാക്കണം. എന്നാല്‍ വിഷ്ണു അവരെയാണ് വാഴിച്ചത്. ദാനവന്മാര്‍ ഇതാ
തോറ്റിരിക്കുന്നു. എവിടെയാണ് നാം വാഴ്ത്തുന്ന ധര്‍മ്മം? നീതി? സത്യം?
ഇത് നിരീശ്വരമതം തന്നെയാണ്.
വേദവും സ്മൃതിയുമെല്ലാം ആരോടാണ് പറയേണ്ടത്? ഈ പ്രപഞ്ചസൃഷ്ടിക്ക് പിറകില്‍
ഒരാളുണ്ട് എന്നത് മൂഢന്മാരുടെ വിശ്വാസം മാത്രം. അല്ലെങ്കില്‍പ്പിന്നെ
സ്വസൃഷ്ടികളില്‍ അദ്ദേഹത്തിനു പക്ഷഭേദം ഉണ്ടാവുമോ? വേദത്തിലും ശാസ്ത്രത്തിലും വൈരുദ്ധ്യം കാണാം.
വേദജ്ഞന്മാര്‍ പറയുന്നതും പലവിധത്തിലാണ്. ഈ ജഗത്ത് സ്വാര്‍ത്ഥതയില്‍ മാത്രം
അധിഷ്ടിതമാണ്. ഇനി നിസ്വാര്‍ത്ഥനായി ഒരാള്‍ ഇവിടെയുണ്ടാവാന്‍ പോകുന്നില്ല.
വിദ്വാനായ ചന്ദ്രന്‍ ചെയ്തതോ? തന്റെ ഗുരുപത്നിയെ അപഹരിച്ചുകളഞ്ഞു. ധര്‍മ്മം
അറിയുന്ന ഇന്ദ്രന്‍ ഗൌതമപത്നിയെ പ്രാപിച്ചു. ദേവഗുരു അനുജന്റെ ഭാര്യയെ ബലാല്‍
അനുഭവിച്ചു. ആ തരുണി അപ്പോള്‍ ഗര്‍ഭിണിയായിരുന്നു. ഗര്‍ഭസ്ഥബാലന്‍ ആ നിന്ദ്യകര്‍മ്മത്തെ
പ്രതിരോധിച്ചതിനു പ്രതികാരമായി ബൃഹസ്പതി അവനെ ശപിച്ച് അന്ധനാക്കി. ഒരപരാധവും
ചെയ്യാത്ത രാഹുവിനെ വിഷ്ണു തന്റെ ചക്രത്താല്‍ വകവരുത്തി. എന്നിട്ട് ഈ വിഷ്ണുവിനെ
സത്വഗുണപ്രധാനിയായി കണക്കാക്കുന്നു! എന്റെ പൌത്രനായ ബലിയുടെ കാര്യവും കഷ്ടമല്ലേ?
സര്‍വ്വജ്ഞനും യജ്ഞകര്‍ത്താവുമായ അവനെ വാമനരൂപത്തില്‍ വന്നു പറ്റിച്ചതും വിഷ്ണുവാണ്.
അവന്റെ അധീനതയിലുണ്ടായിരുന്ന ലോകങ്ങള്‍ തട്ടിയെടുത്തത് പോരാഞ്ഞ് അവനെ
പാതാളത്തിലേയ്ക്ക് അയക്കുകയും ചെയ്തു. ജഗദംബേ, അവിടുന്ന് ഇതൊക്കെ കാണുന്നില്ലേ?
ജയിച്ചവര്‍ എന്ന നാട്യത്തില്‍ പടുയുക്തികള്‍ കൊണ്ട് അവര്‍ നിലകൊള്ളുന്നു. ദാനവരായ
ഞങ്ങളിതാ അമ്മയെ ശരണം പ്രാപിച്ചിരിക്കുന്നു. രക്ഷിക്കയോ ശിക്ഷിക്കയോ എന്ത്
വേണമെന്ന് അവിടുന്നു തന്നെ തീരുമാനിച്ചാലും.'
ശ്രീദേവി പറഞ്ഞു: നിര്‍ഭയരായി
നിങ്ങള്‍ പാതാളത്തില്‍ വസിച്ചുകൊള്ളുക. അവിടെ അല്ലലില്ലാതെ വൈരമൊഴിഞ്ഞു വസിക്കുക.
ശുഭവും അശുഭവും കാലനിബദ്ധമാണെന്ന് മനസ്സിലാക്കൂ. വിരക്തചിത്തര്‍ക്ക്
എല്ലായ്പ്പോഴും സുഖമാണ്. എന്നാല്‍ ആസക്തന് മൂലോകങ്ങളും കിട്ടിയാലും പ്രയോജനമില്ല.
ആശയടങ്ങാതെ പൂര്‍ണ്ണസുഖം ലഭിക്കില്ല. അതിനാല്‍ എന്റെ ആജ്ഞയെ മാനിച്ചു നിങ്ങളീ ഭൂമി
വിട്ടുപോയാലും.'
No comments:
Post a Comment