Devi

Devi

Wednesday, January 20, 2016

ദിവസം 91. ശ്രീമദ്‌ ദേവീഭാഗവതം. 4. 24. ശ്രീകൃഷ്ണ കഥ

ദിവസം 91. ശ്രീമദ്‌ ദേവീഭാഗവതം. 4. 24. ശ്രീകൃഷ്ണ കഥ 

പ്രാതര്‍ നന്ദഗൃഹേ ജാത: പുത്ര ജന്മ മഹോത്സവ:
കിംവദന്ത്യഥ കംസേന ശ്രുതാ ചാരമുഖാദപി
ജാനാതി വാസുദേവസ്യ ദാരാസ്തത്ര വസന്തി ഹി
പശവോ ദാസവര്‍ഗ്ഗശ്ച സര്‍വ്വേ തേ നന്ദ ഗോകുലേ 

നന്ദഗോപര്‍ പുത്രനുണ്ടായതില്‍ അതീവ സന്തോഷവാനായി. ഗോകുലം മുഴുവന്‍ അതാഘോഷിച്ചു. കംസനാണെങ്കില്‍ ചാരന്മാര്‍ വഴി വസുദേവന്‍റെ ഭാര്യയും പശുക്കളുമെല്ലാം ഗോകുലത്തില്‍ താമസിക്കുന്നു എന്നൊരു നാട്ടുവര്‍ത്തമാനം കേട്ടിരുന്നു. അതയാളില്‍ ആശങ്കയുണ്ടാക്കുകയും ചെയ്തിരുന്നു. നാരദര്‍ പണ്ട് പറഞ്ഞിട്ടുള്ളതുമായി ചേര്‍ത്തു വച്ചു നോക്കുമ്പോള്‍ ആശങ്കയ്ക്ക് കാരണവുമുണ്ട്. ‘ഗോകുലത്തിലെ നന്ദനും മറ്റും ദേവാംശജരാണ്. അവര്‍ നിന്റെ ശത്രുക്കളാണ്’ എന്ന് നാരദര്‍ കംസന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെല്ലാം മനസ്സിലിരുന്നതുകൊണ്ടാണ് കംസന്‍ അതീവ ക്രോധത്തോടെ ബാലവധം നടപ്പാക്കിയത്. അതിനിടയില്‍ പൂതന, ബകന്‍, വല്‍സാസുരന്‍, ധേനുകന്‍, പ്രലംബന്‍ എന്നിവരെയെല്ലാം കൃഷ്ണന്‍ ഒറ്റയ്ക്ക് വകവരുത്തി. മാത്രമോ ഗോവര്‍ദ്ധനപര്‍വ്വതമെടുത്ത് ഉയര്‍ത്തി കൃഷ്ണന്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തി. ഈ വാര്‍ത്തകളെല്ലാം കംസന്റെ ഉള്ളില്‍ തീ കോരിയിട്ടു. തന്‍റെ മരണം ആസന്നമായോ എന്നയാള്‍ ഭയന്നു. തന്റെ വിശ്വസ്തനായ കേശിയും കൃഷ്ണന്‍റെ കൈകൊണ്ടു മരണപ്പെട്ടു എന്നറിഞ്ഞ കംസന്‍ സൂത്രത്തില്‍ കൃഷ്ണനെയും ബലരാമനെയും മഥുരയില്‍ എത്തിക്കാന്‍ പദ്ധതിയിട്ടു. ധനുര്‍യാഗം നടത്തുന്നു എന്ന വ്യാജേന അവരെ അയാള്‍ ആളയച്ചു വിളിപ്പിച്ചു. ദൂതു പോയത് മഹാഭക്തനായ അക്രൂരനായിരുന്നു. അദ്ദേഹം ബാലന്മാരെ ഗോകുലത്തില്‍ നിന്നും കൂട്ടിക്കൊണ്ടുവന്നു.

നഗരത്തില്‍ ചെന്നപ്പോള്‍ അവിടെക്കണ്ട നീചനായ അലക്കുകാരനെയും ചാണൂരന്‍, മുഷ്ടികന്‍, എന്നീ മല്ലന്മാരെയും നിഷ് പ്രയാസം കാലപുരിക്കയച്ച ശേഷം കൃഷ്ണന്‍ വെറും ലീലയായി ധനുര്‍ഭംഗം നടത്തി. ശലനെയും തോശലനെയും വധിച്ച ശേഷം കൃഷ്ണന്‍ കംസനെയും കാലപുരിക്കയച്ചു. അമ്മയെയും അച്ഛനെയും കാരാഗ്രഹത്തില്‍ നിന്നും മോചിപ്പിച്ചിട്ട് രാജ്യം ഉഗ്രസേനനുതന്നെ ഭരിക്കാന്‍ വിട്ടുകൊടുത്തു. കൊട്ടാരത്തില്‍ വച്ച് വസുദേവര്‍ ബലരാമന്‍റെയും കൃഷ്ണന്‍റെയും ഉപനയനം നടത്തി. അവര്‍ പിന്നീട് ഗുരുവായ സാന്ദീപനി മഹര്‍ഷിയുടെ ഗുരുകുലത്തില്‍ നിന്നും  എല്ലാവിധ വിദ്യകളും അഭ്യസിച്ചു. പഠനം കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ രണ്ടാളും മഥുരയില്‍ രാജകുമാരന്മാരായി വിളങ്ങി. തന്‍റെ ഭാര്യാപിതാവിനെ വധിച്ചതില്‍ ക്രുദ്ധനായ ജരാസന്ധന്‍ പോര് വിളിച്ചുകൊണ്ട് പലതവണ മഥുരാപുരിയിലേയ്ക്ക് വന്നു. അയാളെ കൃഷ്ണന്‍ പതിനേഴു തവണ പരാജയപ്പെടുത്തി ഒടിക്കുകയുണ്ടായി.

ജരാസന്ധന്‍ വീണ്ടും മ്ലേച്ഛാധിപതിയായ  കാലയവനന്റെ സഹായത്തോടെ മഥുരാപുരിയെ വെല്ലു വിളിച്ചു. ‘ഇത്തവണ നാം കരുതിയിരിക്കണം’ എന്ന് കൃഷ്ണന്‍ ബലരാമനോടു പറഞ്ഞു. ‘വേണ്ടിവന്നാല്‍ വീടും ധനവും എല്ലാമുപേക്ഷിച്ച് പ്രാണന്‍ രക്ഷിക്കണം എന്നുണ്ടല്ലോ! അല്ലലില്ലാതെ കഴിഞ്ഞുകൂടാന്‍ പറ്റുന്ന ഇടം തന്നെയാണ് നമുക്ക് നല്ലത്. സുഖം കാംഷിക്കുന്നവന്‍ മലമ്പ്രദേശത്തോ കടലോരത്തോ ജീവിക്കണം. ശത്രുഭയം ഉണ്ടാവരുത് എന്നതാണ് പ്രധാനം. സാക്ഷാല്‍ വിഷ്ണു കടലില്‍ ആണല്ലോ കഴിയുന്നത്? ശംഭുവാണെങ്കില്‍  ഹിമവല്‍ശൈലനിവാസിയാണ്. നമുക്ക് ഈ നാടുവിട്ടു ദ്വാരകയിലേക്ക് പോകാം. ഗരുഡന്‍ അവിടം നോക്കി വന്നു പറഞ്ഞത് ദ്വാരക രമണീയമായ ഒരിടമാണെന്നാണ്.’

കൃഷ്ണന്‍റെ വാക്കുകള്‍ കേട്ട് യാദവര്‍ സമ്മതം മൂളി. എല്ലാവരും വാഹനങ്ങള്‍ സജ്ജമാക്കി സകുടുംബം യാത്രയായി. കാളവണ്ടി, ഒട്ടകം, പോത്ത്, എന്നിവയെല്ലാം വാഹനങ്ങളെ നയിക്കുകയോ അനുഗമിക്കുകയോ ചെയ്തു. രാമകൃഷ്ണന്മാരെ മുന്നില്‍ നിര്‍ത്തി നഗരത്തിലെ സ്വത്തുക്കള്‍ എല്ലാമെടുത്ത് ജനങ്ങള്‍ പുതിയ സ്ഥലത്തെത്തി. ആ പട്ടണത്തെ വേണ്ട രീതിയില്‍ പുനര്‍ നിര്‍മ്മാണം ചെയ്ത് അവര്‍ അവിടെ താമസമാക്കി.

നാട്ടുകാരെയും വീട്ടുകാരെയും ദ്വാരകയിലാക്കി രാമകൃഷ്ണന്മാര്‍ ആളൊഴിഞ്ഞ മഥുരയിലേയ്ക്ക് തിരിച്ചുവന്നു. അപ്പോഴേക്കും കാലയവനന്‍ അവിടെയെത്തി. ആ മ്ലേച്ഛരാജന്റെ മുന്നിലൂടെ കൃഷ്ണന്‍ അയാളുടെ ശ്രദ്ധയാകര്‍ഷിച്ചു നടന്നു. കൃഷ്ണന്‍റെ മഞ്ഞപ്പട്ടും പുഞ്ചിരിയും കാലയവനനെയും ആകര്‍ഷിച്ചു. അയാള്‍ കൃഷ്ണനെ പിന്തുടര്‍ന്നു ചെന്നു. കൃഷ്ണന്‍ പോയത് മുചുകുന്ദന്‍ കിടന്നുറങ്ങുന്ന സ്ഥലത്തേയ്ക്കാണ്. രാജര്‍ഷിയായ മുചുകുന്ദന്റെ അടുത്തെത്തിയതും കൃഷ്ണന്‍ അവിടെനിന്നും മറഞ്ഞു. കൃഷ്ണനാണെന്ന് കരുതി കാലയവനന്‍ ഉറങ്ങിക്കിടക്കുന്ന മുചുകുന്ദനെ ആഞ്ഞു തൊഴിച്ചു. ഉറക്കമുണര്‍ന്ന രാജര്‍ഷി ഒരൊറ്റ നോട്ടത്തില്‍ കാലയവനനെ ദഹിപ്പിച്ചു. അവന്‍ ദഹിച്ചു കഴിഞ്ഞപ്പോള്‍ മുചുകുന്ദന്‍ കൃഷ്ണനെ അവിടെക്കണ്ടു. ദേവന്‍മാര്‍പോലും വന്ദിക്കുന്ന കൃഷ്ണനെ നമസ്കരിച്ചശേഷം അദ്ദേഹം വീണ്ടും തപസ്സിനായി പോയി. രാമകൃഷ്ണന്മാര്‍ ദ്വാരകയിലേയ്ക്ക് മടങ്ങി.

ശിശുപാലന്റെ സ്വയംവരപന്തലില്‍ നിന്നും കൃഷ്ണന്‍ രുക്മിണിയെ അപഹരിച്ചു കൊണ്ടുവന്നു വിവാഹം ചെയ്തു. പിന്നീട് ജാംബവതി, സത്യഭാമ, മിത്രവിന്ദ, സത്യഭാമ, കാളിന്ദി, ലക്ഷ്മണ, നാഗ്നജിതി എന്നിവരെയും ഭഗവാന്‍ പാണിഗ്രഹണം ചെയ്തു. അങ്ങിനെ എട്ടു രാജ്ഞിമാരാണ് കൃഷ്ണനുണ്ടായിരുന്നത്. രുക്മിണിയില്‍ ഭഗവാന് പ്രദ്യുമ്നന്‍ എന്നൊരു പുത്രന്‍ ഉണ്ടായി. ആ പുത്രന് ജാതകര്‍മ്മങ്ങള്‍ ചെയ്തെങ്കിലും ശംബരന്‍ എന്നൊരസുരന്‍ ഈറ്റില്ലത്തില്‍ നിന്നും ആ കുഞ്ഞിനെ മോഷ്ടിച്ചു കടന്നുകളഞ്ഞു. അസുരന്‍ കുഞ്ഞിനെ തന്റെ ഭാര്യയായ മായാവതിക്ക് കൊടുത്തു.

അതീവ ദുഖിതനായ ഭഗവാന്‍ മഹേശ്വരിയെ ശരണം പ്രാപിച്ചു. വൃത്രാസുരന്‍ മുതലായ ദൈത്യന്മാരെ വെറും ലീലയായി കൊന്നൊടുക്കിയ മഹാദേവിയെ അദ്ദേഹം ബീജാക്ഷരസഹിതം പ്രകീര്‍ത്തിച്ച് ഉത്തമകീര്‍ത്തനങ്ങളാല്‍ സ്തുതിച്ചു.

ശ്രീകൃഷ്ണന്‍ പറഞ്ഞു: 'അമ്മേ,  ഞാന്‍ കഴിഞ്ഞജന്മം ബദരിയില്‍ വെച്ച് കഠിനതപസ്സ് ചെയ്ത് പുഷ്പാര്‍ച്ചനയോടെ, അവിടുത്തെ പ്രീതിപ്പെടുത്തിയത് മറന്നുപോയെന്നോ? എന്‍റെ കുഞ്ഞിനെ ആരോ അപഹരിച്ചു കൊണ്ടുപോയി. ദുഷ്ടതയോ കൌതുകമോ അതിനുപിന്നില്‍ എന്നെനിക്കറിയില്ല. എനിക്കിതില്‍ സംഭവിച്ച മാനഹാനി നിനക്ക് കൂടി വന്നു ചേരുമല്ലോ. കാരണം ഞാന്‍ അവിടുത്തെ ഭക്തനാണ്. ഭക്തന്റെ മാനഹാനി ദേവിക്കും ബാധകമല്ലേ? എന്റെ ഭവനം അതീവ സുരക്ഷാ ഏര്‍പ്പാടുകള്‍ ഉള്ളതാണ്. വലിയ കാവലുള്ള ഈ നഗരം തന്നെ ഒരു കോട്ടയ്ക്കുള്ളിലാണ്. ആ നഗരത്തിന്‍റെ ഒത്ത നടുക്കാണ് എന്റെ ഭവനം. അതില്‍ത്തന്നെ വളരെയകത്താണ് സൂതിഗൃഹം. അവിടെയെല്ലാം കാവല്‍ക്കാരുമുണ്ട്. ഇതെന്റെ കര്‍മ്മദോഷം തന്നെയാണ്. അല്ലെങ്കില്‍ ഞങ്ങള്‍ നഗരത്തില്‍ ഉള്ളപ്പോള്‍ത്തന്നെ ഇങ്ങിനെയൊരു അപഹരണം നടക്കുമോ? നിന്റെ മായ തന്നെയാണ് ഇവിടെയും എന്നെനിക്ക് തോന്നുന്നു. അമ്മയുടെ രഹസ്യം എന്തെന്നറിയാന്‍ എനിക്ക് ശക്തി പോരാ. മനുഷ്യന്‍ അല്‍പജ്ഞാനിയാണല്ലോ? അവനെ എങ്ങോട്ടാണ് കൊണ്ടുപോയത്? ഭടന്മാര്‍ നോക്കിയിരിക്കെ കുഞ്ഞിനെ കൊണ്ടുപോയത് നിന്റെ മറിമായം തന്നെയാണെന്ന് തോന്നുന്നു.

അമ്മയുടെ മായയില്‍ എനിക്ക് അത്ഭുതമൊന്നുമില്ല. എന്റെ ജ്യേഷ്ഠനായ ബലരാമനുണ്ടായത് നിന്റെ മായാവൈഭവത്താല്‍ ഗര്‍ഭത്തെ രോഹിണിയമ്മയിലേയ്ക്ക് മാറ്റിയിട്ടാണല്ലോ. ഭര്‍ത്താവ് അടുത്തില്ലാതിരുന്നിട്ടും രോഹിണി പ്രസവിച്ചു എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. അതിലാര്‍ക്കും ഒരു തെറ്റും കാണാന്‍ കഴിഞ്ഞുമില്ല. ത്രിഗുണങ്ങള്‍ നിന്റെ ആജ്ഞാനുവര്‍ത്തികളായി ജഗത്തിന്റെ സൃഷ്ടി,സ്ഥിതി,ലയങ്ങള്‍ നടത്തുന്നു. സകല ദുരിതങ്ങള്‍ക്കും അറുതി വരുത്താന്‍ അമ്മയ്ക്ക് മാത്രമേ കഴിയൂ. അമ്മയെനിക്ക് ആദ്യം ഒരു പുത്രനെത്തന്ന്‍ പുത്രലാഭസുഖം എന്തെന്ന് അനുഭവിപ്പിച്ചു. ഇപ്പോളിതാ ആ പുത്രനെ നഷ്ടപ്പെടുത്തി പുത്രവിരഹദുഃഖം അനുഭവിപ്പിക്കുന്നു. അമ്മ ഈവിധ ലീലകള്‍ കൊണ്ട് എല്ലാവരെയും കളിപ്പിക്കുകയാണ്‌. ആ കുഞ്ഞിന്‍റെ അമ്മയായ എന്റെ പ്രിയതമ, ഒരു മാടപ്രാവിനെപ്പോലെ പുത്രദുഖത്താല്‍ കരയുകയാണ്. നീയല്ലാതെ ആരെയാണ് ഞങ്ങള്‍ ശരണം പണിയുക?

പുത്രജന്മം സുഖത്തിന്‍റെയും പുത്രനഷ്ടം ദുഖത്തിന്‍റെയും പരമാവധിയാണ് എന്ന് വിദ്വാന്മാര്‍ പറയുന്നു. എനിക്കെന്റെ ആദ്യജാതന്‍ നഷ്ടപ്പെട്ടു. ഹൃദയം തകര്‍ന്നു നില്‍ക്കുന്ന ഈ ഭക്തരെ അമ്മ കാണുന്നില്ലേ? നിന്നെ പ്രീതിപ്പെടുത്താനുള്ള പൂജാദികര്‍മ്മങ്ങള്‍ ഞാന്‍ മുടക്കമില്ലാതെ ചെയ്യാം. എല്ലാ ദുഖങ്ങളെയും ക്ഷണത്തില്‍ ഇല്ലാതാക്കാന്‍ കഴിയുന്ന അമ്മേ, എന്‍റെ പുത്രന്‍ ജീവിച്ചിരിക്കുന്നുവെങ്കില്‍ എനിക്ക് കാണിച്ചു തന്നാലും.'


പെട്ടെന്ന് ജഗദംബിക ശ്രീകൃഷ്ണന് മുന്നില്‍ പ്രത്യക്ഷയായി. ‘ദേവേശ, അങ്ങ് ദുഖിക്കണ്ട. ഒരു ശാപത്തിന്‍റെ ഫലമായാണ് ശബരന്‍ അങ്ങയുടെ പുത്രനെ മോഷ്ടിച്ചത്. എന്നാല്‍ പതിനാറു വയസ്സാകുമ്പോള്‍ അവന്‍ ആ അസുരനെ കൊന്നിട്ട് നിന്റെയടുക്കല്‍ തിരിച്ചു വരും. അതിനുള്ള അനുഗ്രഹം ഞാന്‍ നല്‍കിയിട്ടുണ്ട്.’ ഇത്രയും പറഞ്ഞ് ദേവി അപ്രത്യക്ഷയായി. അങ്ങിനെ ഭഗവാന്‍റെ പുത്രശോകത്തിനു ശമനമുണ്ടായി.

No comments:

Post a Comment