ദിവസം 79. ശ്രീമദ് ദേവീഭാഗവതം. 4. 12. ജയന്തിയുടെ
ശുക്രപരിചര്യ
തം ദൃഷ്ട്വാ തു വധം ഘോരം
ച്ചുക്രോധ ഭഗവാന്‍ ഭൃഗു:
വേപമാനോ f തി ദുഖാര്‍ത്ത:
പ്രോവാച മധു സൂദനം
അകൃതം ദി കൃതം വിഷ്ണോ ജാനന്‍
പാപം മഹാമതേ
വധോ f യം വിപ്രജാതായാ മനസാ കര്‍ത്തുമക്ഷമ:
വ്യാസന്‍ തുടര്‍ന്നു:
കാവ്യമാതാവിനെ വധിച്ചത് കണ്ട ഭൃഗു മഹര്‍ഷി അത്യന്തം ക്രുദ്ധനായി. ദുഖാകുലതയോടെ
അദ്ദേഹം വിഷ്ണുവിനോടു പറഞ്ഞു. ‘അങ്ങ് അതി ബുദ്ധിമാന്‍. എന്നിട്ടും പപമെന്തെന്നു
നല്ല നിശ്ചയമുള്ള അങ്ങ് അതിനിഷിദ്ധമായ വിപ്രസ്ത്രീവധം നടത്തിയിരിക്കുന്നു. അങ്ങയെ
സത്വത്തിന്റെയും ബ്രഹ്മാവിനെ രാജസത്തിന്റെയും രുദ്രനെ താമസത്തിന്റെയും മൂര്‍ത്തികളായി
ജനം കണക്കാക്കുന്നു. എന്നാല്‍ അങ്ങീ ചെയ്തത് താമസവൃത്തിയല്ലേ? ഇന്ദ്രനെ
സഹായിക്കാന്‍ അങ്ങെന്നെ വിഭാര്യനാക്കി. ദുഷ്ടത കാണിച്ച നിന്നെ ഞാന്‍ ശപിക്കാന്‍
പോകുന്നു. ഇന്ദ്രനെ ഞാന്‍ ശപിക്കുന്നില്ല. കാളസര്‍പ്പംപോലെ ദുഷ്ടനാണ് നീ. നിന്നെ
സാത്വികനായി കണക്കാക്കുന്ന മൂഢന്മാരാണ് മാമുനിമാര്‍. നീ വെറും താമസനായ
നീചബുദ്ധിയാണെന്ന് എനിക്കിപ്പോള്‍ മനസ്സിലായി. നിനക്കീ ഭൂമിയില്‍ അനേകം തവണ
ജനിച്ചു മരിക്കാന്‍ ഇടവരട്ടെ. ഈ കൊടിയ പാപത്തിനു ശിക്ഷയായി പലപല ജന്മങ്ങളിലൂടെ ഗര്‍ഭദുഃഖത്തെ നീ അനുഭവിക്കും.’
ഈ ശാപത്തിന്റെ ഫലമായാണ് ഭഗവാന്‍ ധര്‍മ്മഹാനിവരുന്ന കാലങ്ങളില്‍ മാനുഷാവതാരം
കൈക്കൊള്ളുന്നത്.
അപ്പോള്‍ ജനമേജയന്‍ ചോദിച്ചു: 'ഭഗവാന്റെ തേജസ്സാര്‍ന്ന ചക്രത്താല്‍ തന്റെ ഭാര്യ മരിച്ച ശേഷം ഭൃഗു മുനി വീണ്ടും ഗാര്‍ഹസ്ഥ്യം തുടര്‍ന്നുവോ?'
വ്യാസന്‍ തുടര്‍ന്നു: ഭഗവല്‍
ചക്രത്താല്‍ മരിച്ചുവീണ ഭാര്യയുടെ കഴുത്തില്‍ തല ചേര്‍ത്തു വെച്ചുകൊണ്ട് ഭൃഗു മഹര്‍ഷി
പറഞ്ഞു. “വിഷ്ണുവിനാല്‍ സംഹരിക്കപ്പെട്ട നിന്നെ, ദേവീ, ഞാന്‍ ജീവിപ്പിക്കാം.
ഞാന്‍ ധര്‍മ്മം അറിയുന്നവനും ആചരിക്കുന്നവനും ആണെങ്കില്‍, എന്റെ വാക്കിനു
സത്യമുണ്ടെങ്കില്‍, എന്റെ തപശ്ശക്തിക്ക് ആര്‍ജ്ജവമുണ്ടെങ്കില്‍, എന്നില്‍ സത്യം
ശൌചം, തപസ്സ്, വേദം എന്നിവ ഇപ്പോഴും സജീവമായി ഉണ്ടെങ്കില്‍ ഞാനീ തളിക്കുന്ന
ജലത്താല്‍ നിന്നില്‍ ജീവന്‍ ഉണരട്ടെ! ദേവവൃന്ദം എന്റെ തപശ്ശക്തി എന്തെന്ന് നേരിട്ട് കാണട്ടെ!”. മുനിയൊരു മന്ത്രം ചൊല്ലി വെള്ളം തളിച്ചപ്പോള്‍ ഭൃഗു പത്നി ഒരു പുഞ്ചിരിയോടെ ഉറങ്ങിയെഴുന്നേല്‍ക്കുന്നതുപോലെ
എഴുന്നേറ്റു. എല്ലാവരും ഇരുവരെയും വാഴ്ത്തി. ദേവന്മാര്‍ അത്ഭുതം കൂറി. ഇന്ദ്രന്‍
വ്യാകുലചിത്തനായി. ‘കാവ്യമാതാവ് ജീവിച്ചു വന്നു. ഇനി എന്തെല്ലാമാണ്
ഉണ്ടാവുക? ശുക്രനിപ്പോള്‍ തപസ്സു കഴിഞ്ഞു തിരിച്ചെത്തും!’ ഇന്ദ്രന്
ഉറക്കമില്ലാതെയായി. ശരീരം ശോഷിച്ചു. എന്നാല്‍ അപ്പോള്‍ അദ്ദേഹത്തിന് ഒരുപായം
തോന്നി. തന്റെ മകള്‍ ജയന്തിയെ വിളിച്ച് അദ്ദേഹം ഇങ്ങിനെ പറഞ്ഞു: നിന്നെ ഞാന്‍
മഹാമുനിയായ കാവ്യനു കൊടുത്തിരിക്കുകയാണ്. നീ എനിക്കുവേണ്ടി അദ്ദേഹത്തെ പരിചരിച്ചു
വശത്താക്കണം. അദ്ദേഹത്തിന്‍റെ ആശ്രമത്തില്‍ ചെന്ന് ഹിതകരമായ കാര്യങ്ങള്‍ ചെയ്തു
കൊടുത്ത് അദ്ദേഹത്തെ വശത്താക്കണം. അങ്ങിനെ നിനക്ക് എന്റെ ഭയം ഇല്ലാതാക്കാന്‍
കഴിയും.
അച്ഛന്റെ വാക്കുകള്‍ കേട്ട്
ആ സുന്ദരി, മുനി തപസ്സു ചെയ്യുന്നിടത്ത് ചെന്നു. ശുക്രാചാര്യന്‍ തിപ്പലിപ്പുക ആചമനം
ചെയ്ത് അതി കഠിനമായ തപസ്സില്‍ ആമഗ്നനായി, തല കീഴായി തൂങ്ങിക്കിടക്കുന്നു. ജയന്തി
ഒരു വാഴയിലയെടുത്ത് മുനിയെ വീശിത്തണുപ്പിച്ചു. നല്ല തെളിനീരും പക്വഫലങ്ങളും
തയ്യാറാക്കി വച്ച് അദ്ദേഹത്തെ സേവിച്ചു. നട്ടുച്ച നേരത്ത് തന്റെ മേല്‍വസ്ത്രം
കൊണ്ട് അദ്ദേഹത്തിനായി തണലൊരുക്കി. തത്തപ്പച്ച നിറത്തിലുള്ള പുതു ദര്‍ഭപ്പുല്ല് ഒരു
ചാണ്‍ നീളത്തില്‍ മുറിച്ചൊരുക്കി അവള്‍ നിത്യകര്‍മ്മത്തിനായി അദ്ദേഹത്തിനെ
സഹായിച്ചു. നല്ല പൂക്കളും തയ്യാറാക്കി വച്ചു. ഉറങ്ങാന്‍ അദ്ദേഹത്തിനവള്‍ തളിര്‍മെത്തയൊരുക്കി. വിശറികൊണ്ടു സാവകാശം വീശിക്കൊടുത്തു. എന്നാല്‍ മുനിശാപം ഭയന്ന് ജയന്തി അദ്ദേഹത്തില്‍
ആവേശമുണര്‍ത്തുന്ന ചേഷ്ടകള്‍ ഒന്നും കാണിക്കുകയുണ്ടായില്ല. കൃശഗാത്രിയായ ആ സുന്ദരി
സദുക്തികള്‍ കൊണ്ട് മുനിയെ സന്തോഷിപ്പിച്ചു. മുനിയെ വാഴ്ത്തി സ്തുതിച്ചു. ദിനവും മുനി
ഉണരുമ്പോഴേയ്ക്ക് ആചമനത്തിനുള്ള ജലവുമായി അവള്‍ തയ്യാറായി നിന്നു.
എന്നാല്‍ ഇന്ദ്രന്‍ കൌശലക്കാരനായിരുന്നതിനാല്‍
ആശ്രമത്തിലെ കാര്യങ്ങള്‍ അറിയാന്‍ ചാരന്മാരെ ഏല്‍പ്പിച്ചിരുന്നു. അനേക വര്‍ഷം ജയന്തി മുനീന്ദ്രനെ അദ്ദേഹത്തിന്‍റെ ബ്രഹ്മചര്യനിഷ്ഠയ്ക്ക് ഭംഗമേല്‍ക്കാതെ
ശുശ്രൂഷിച്ചു. ആയിരം വര്‍ഷം കഴിഞ്ഞപ്പോള്‍ മുനിയ്ക്ക് മുന്നില്‍ മഹാദേവന്‍ പ്രത്യക്ഷപ്പെട്ട്
ഇഷ്ടവരങ്ങള്‍ നല്‍കി അനുഗ്രഹിച്ചു. ‘ഈ ലോകത്തുള്ള സകലതിനെയും നീ ജയിക്കും.
എല്ലാവര്‍ക്കും നീ അവധ്യനായിരിക്കുകയും ചെയ്യും’ ഭഗവാന്‍ അനുഗ്രഹം നല്‍കി മറഞ്ഞു.
അടുത്തു നില്‍ക്കുന്ന
ജയന്തിയോട് കാവ്യന്‍ ചോദിച്ചു: നീയാരുടെ മകളാണ്? നീയെന്തിനാണിങ്ങുവന്ന് എന്നെ ഇത്ര
ഭംഗിയായി ശുശ്രൂഷിച്ചത്? നിന്നില്‍ ഞാന്‍ അതീവ സംപ്രീതനായിരിക്കുന്നു.
വ്രതനിഷ്ഠയുള്ള നിനക്ക് എന്ത് വരമാണ് വേണ്ടത്? നീ ചോദിക്കുന്നതെന്തും ഞാന്‍ നല്‍കും.’
‘എനിക്കെന്താണ് വേണ്ടതെന്നു
അങ്ങേയ്ക്ക് സ്വന്തം തപോബലംകൊണ്ടറിയാമല്ലോ!’ എന്ന് അവള്‍ പറഞ്ഞപ്പോള്‍ ‘എനിക്കറിയാം
എങ്കിലും നിന്റെ വായില്‍ നിന്നും എനിക്കത് കേള്‍ക്കണം’ എന്നായി മുനി. ദേവേന്ദ്രന്റെ
പുത്രി ജയന്തിയാണ് താനെന്നും തന്റെ സഹോദരനാണ് ജയന്തനെന്നും അവള്‍ പറഞ്ഞു. ‘അങ്ങയെ
കാമിക്കുന്ന എന്റെ ആഗ്രഹം അങ്ങയോടൊത്തു രമിച്ചുള്ള ധാര്‍മ്മിക ജീവിതമാണ്. ‘എന്റെ
കൂടെ നിനക്ക് പത്തുകൊല്ലം സസുഖം രമിച്ചു വാഴാം. എന്നാല്‍ അത് മറ്റാരും കാണരുത്’ എന്ന് പറഞ്ഞു
മുനിയവളെ പാണിഗ്രഹണം ചെയ്തു. അവര്‍ പത്തുകൊല്ലം ആശ്രമത്തില്‍ ആരും കാണാതെ സസുഖം
വാണു.
ശുക്രാചാര്യര്‍
തപസ്സുകഴിഞ്ഞു ബലം നേടി വന്നിട്ടുണ്ട് എന്നറിഞ്ഞ ദാനവര്‍ ആശ്രമത്തില്‍ ചെന്ന്
അന്വേഷിച്ചു. അവര്‍ക്ക് മുനിയെ അവിടെ കാണാനായില്ല. എല്ലാ കാത്തിരിപ്പും വൃഥാവിലായി
എന്ന് കരുതി അവര്‍ വിഷണ്ണരായി. മുനിയവിടെ ഉണ്ടായിട്ടും അവര്‍ക്ക് അദ്ദേഹത്തെ
കാണാന്‍ കഴിയാത്തതിനാല്‍ അവര്‍ ചിന്താവിഷ്ടരായി മടങ്ങി.
ശുക്രാചാര്യര്‍ ഇങ്ങിനെ
അദൃശ്യനായി ജയന്തിയോടോത്ത് കഴിയുന്നു എന്നറിഞ്ഞ ഇന്ദ്രന്‍ ദേവഗുരുവായ ബൃഹസ്പതിയോട്
ഇനിയെന്താണ് കരണീയം എന്ന് ചോദിച്ചു. അതനുസരിച്ച് ബൃഹസ്പതി കാവ്യന്റെ രൂപമെടുത്ത്
അസുരന്മാരെ ചെന്ന് കണ്ടു. തങ്ങളുടെ ഗുരുവാണെന്ന് കരുതി അസുരന്മാര്‍ അദ്ദേഹത്തെ
വണങ്ങി ബഹുമാനിച്ചു. ‘സ്വാഗതം പ്രിയ ശിഷ്യരേ, ഞാനിതാ നിങ്ങളെ സഹായിക്കാന്‍
ശംഭുവില്‍ നിന്നും കിട്ടിയ വരങ്ങളുമായി വന്നിരിക്കുന്നു. എനിക്ക് കിട്ടിയ വിദ്യകള്‍
ഞാന്‍ നിങ്ങളെയും പഠിപ്പിക്കാം.’
ഇനി വിഷമിക്കാനൊന്നുമില്ല
എന്ന് സമാധാനിച്ച് ദാനവന്മാര്‍ ഭയം വെടിഞ്ഞു സന്തുഷ്ടരായി.
No comments:
Post a Comment