Devi

Devi

Friday, January 15, 2016

ദിവസം 86. ശ്രീമദ്‌ ദേവീഭാഗവതം. 4. 19 ദേവസ്തുതി

ദിവസം 86. ശ്രീമദ്‌ ദേവീഭാഗവതം. 4. 19 ദേവസ്തുതി

ഇത്യുക്ത്വാ ഭഗവാന്‍ വിഷ്ണു: പുനരാഹ പ്രജാപതിം
യന്മായാ മോഹിത: സര്‍വസ്തത്വം ജാനാതി നോ ജന:
വയം മായാവൃതാ കാമം ന സ്മരാമോ ജഗദ്‌ ഗുരും
പരമം പുരുഷം ശാന്തം സച്ചിദാനന്ദമവ്യയം

വീണ്ടും മഹാവിഷ്ണു പറഞ്ഞു. ‘അഹോ കഷ്ടം! സത്യം എന്താണെന്ന് മായക്കടിപ്പെട്ടതിനാല്‍ മനുഷ്യര്‍ തിരിച്ചറിയുന്നതേയില്ല. നാം മായാ ബന്ധിതരായതുകൊണ്ട്  പരമപുരുഷനും സച്ചിദാനന്ദനും അജനും അവ്യയനുമായ ജഗദ്‌ ഗുരുവിനെ സ്മരിക്കുന്നതുപോലുമില്ല. ഞാന്‍ ബ്രഹ്മാവ്‌, ഞാന്‍ വിഷ്ണു, ഞാന്‍ ശിവന്‍ എന്നിങ്ങിനെ വേര്‍തിരിച്ചു സ്വയം ഭ്രമബദ്ധരായി നാം സ്വയം പറയുന്നു. എന്നാല്‍ എന്താണ് നിത്യവസ്തു എന്ന് നാം അറിയുന്നില്ല. ബ്രഹ്മാവേ, ഞാനും മായജാലക്കാരന്റെ കയ്യില്‍ക്കിട്ടിയ പാവയെപ്പോലെ ആടിക്കളിക്കുകയാണ്. പരമാത്മാവിന്റെ വിഭൂതികള്‍ കല്‍പം തുടങ്ങിയപ്പോള്‍ത്തന്നെ സുധാസിന്ധുവില്‍ വെച്ച് നാം മൂന്നുപേരും കണ്ടറിഞ്ഞതാണല്ലോ. പരമാത്മാവിന്റെ ശക്തിയായ യോഗമായയെ നാം മണിദ്വീപിലും മന്ദാരത്തോപ്പിലും കേളീ ഗ്രഹത്തിലും സര്‍വ്വദേവസമാജത്തിലും ദര്‍ശിച്ചു. അതുകൊണ്ട് നമുക്കിപ്പോള്‍ ഒന്നേ കരണീയമായുള്ളു. ആ ആദിശക്തിയെ, സര്‍വ്വകാമപ്രദായകയായ ദേവിയെ നമുക്കെല്ലാം ചേര്‍ന്ന് സ്മരിക്കാം. സ്തുതിക്കാം, നമസ്കരിക്കാം.’

ദേവന്മാര്‍ എല്ലാവരും ചേര്‍ന്ന് മഹാമായയായ ഭുവനേശ്വരിയെ മനസാ സ്മരിച്ചു. സ്മരണമാത്രയില്‍ സര്‍വ്വാഭരണ വിഭൂഷിതയായ ദേവി അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷയായി. ചെമ്പരത്തിയുടെ രക്തവര്‍ണ്ണമാണ് ദേവിക്ക്. പാശം അങ്കുശം എന്നിവയാണ് ആയുധങ്ങള്‍. കൈകളില്‍ അഭയമുദ്ര. ദേവന്മാര്‍ ആ ചേതോഹരമായ രൂപം കണ്ടു നമസ്കരിച്ചു സ്തുതിക്കാന്‍ തുടങ്ങി.

'ചിലന്തി നൂലിഴകള്‍ തീര്‍ക്കുന്നതുപോലെയും അഗ്നി തീപ്പൊരിയുണ്ടാക്കുന്നതുപോലെയും ഈ ജഗത്തിനെ സൃഷ്ടിക്കുന്നതാരാണോ ആ അമ്മയ്ക്ക് നമസ്കാരം. ആരുടെ മായാശക്തിയില്‍ ഈ വിശ്വമാകെ നിയന്ത്രിക്കപ്പെടുന്നുവോ ആ കാരുണ്യ വാരിധിയെ, ഭുവനേശ്വരിയായ ദേവിയെ ഞങ്ങള്‍ സ്തുതിക്കുന്നു. എന്തിനെക്കുറിച്ചുള്ള ബോധമില്ലായ്മയാണോ ഈ ലോകം, എന്തിനെക്കുറിച്ചുള്ള ബോധം കൊണ്ടാണോ ഈ സംസാരം ഇല്ലാതാവുന്നത്, ആ പരമസത്തയായ ദേവി നമ്മില്‍ ഉണര്‍വുണര്‍ത്തട്ടെ. നമുക്ക് മഹാലക്ഷ്മിയെ സ്മരിക്കാം. സര്‍വ്വശക്തിമയിയായ ദേവിയെ പൂജിക്കാം.

അമ്മേ, ലോകാര്‍ത്തികളെയെല്ലാം  സംഹരിക്കുന്നവളേ, ഞങ്ങളില്‍ പ്രസാദിച്ച് ഭൂഭാരം കൂട്ടുന്ന അസുരവര്‍ഗ്ഗത്തെ നശിപ്പിച്ച് ഞങ്ങള്‍ക്കും സജ്ജനങ്ങളായ എല്ലാവര്‍ക്കും സുഖം നല്‍കണേ. ദേവന്മാരായ ഞങ്ങള്‍ക്ക് ഒരമ്പു തൊടുക്കണമെങ്കില്‍പ്പോലും നിന്റെ സഹായം കൂടിയേ തീരൂ. പണ്ട് യക്ഷരൂപം ധരിച്ചു ‘ഒരു പുല്ലുപോലും എരിക്കാന്‍ നിനക്കാവുമോ’ എന്ന് അഗ്നിയോട് ചോദിച്ചതിലൂടെ നിന്റെ സഹായമില്ലാതെ ഒന്നും ചലിക്കുന്നില്ല എന്ന് ഞങ്ങള്‍ അറിഞ്ഞു. വായുവിനും അത്തരമൊരു പാഠം നീ തന്നെ പകര്‍ന്നു നല്‍കിയല്ലോ!. കംസന്‍, നരകന്‍, കാലയവനന്‍, കേശി, പൂതന, ബകന്‍, ശാല്വന്‍, ഖരന്‍ ഇങ്ങിനെ ഭൂഭാരം കൂട്ടി വിലസുന്ന അസുരന്മാര്‍ അനേകമുണ്ട്. അവരെ ഇല്ലാതാക്കാന്‍ അമ്മേ, നിന്റെ സഹായം കൂടിയേ കഴിയൂ. വിഷ്ണുവിനോ ഇന്ദ്രനോ വധിക്കാന്‍ കഴിയാതിരുന്നവരെ ഇല്ലാതാക്കാന്‍ അമ്മ സുസ്മേരവദനത്തോടെ, വെറുമൊരു ലീലയായി തൊടുത്തു വിടുന്ന ശരങ്ങള്‍ മാത്രം മതിയായിരുന്നല്ലോ! നിന്റെ ശക്തിയുടെ പ്രാഭവമില്ലായെങ്കില്‍  ഹരിഹരവിരിഞ്ചന്മാരൊക്കെ നിസ്സഹായരാണ്. ഭൂമിയെ താങ്ങാന്‍ അനന്തന് കഴിയുന്നത് പോലും നിന്റെ ധാരണാബലത്തിനു നിദാനമാണ്‌.'

ഇന്ദ്രന്‍ പറഞ്ഞു: 'സരസ്വതീ ദേവിയെക്കൂടാതെ ബ്രഹ്മാവും, ലക്ഷ്മീദേവിയെക്കൂടാതെ വിഷ്ണുവും, ഗിരിജയെക്കൂടാതെ ശിവനും സൃഷ്ടി സ്ഥിതി സംഹാര വേലകള്‍ ചെയ്യാന്‍ അശക്തരാണെന്ന് ഞങ്ങള്‍ക്കറിയാം. അതത് ശക്തികളോട് ചേരുമ്പോള്‍ ഈ ത്രിമൂര്‍ത്തികള്‍ സമര്‍ത്ഥരായി തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നു

വിഷ്ണു പറഞ്ഞു. ‘ശരിയാണ്, ഞങ്ങള്‍ മൂവരും നിന്റെ ശക്തിയുടെ അംശങ്ങള്‍ ഉള്ളതുകൊണ്ട് മാത്രമാണ് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. സമസ്തഭുവനേശ്വരിയായി സദാ വിജയിക്കുന്നത് അമ്മേ, നീ മാത്രമാകുന്നു.”

ഇങ്ങിനെ സ്തുതിക്കപ്പെട്ടു സംപ്രീതയായ ദേവി ചോദിച്ചു: ‘എന്താണിപ്പോള്‍ നിങ്ങളെ അലട്ടുന്ന പ്രശ്നം? ദേവകാര്യത്തിനായി ഞാന്‍ എന്തും സാധിപ്പിച്ചുതരാം. നിങ്ങള്‍ക്കും ഭൂമിക്കും എന്താണ് ദുഃഖം?'

ദേവന്മാര്‍ പറഞ്ഞു: 'ദുഷ്ടഭൂപാലന്മാരുടെ ഭാരം താങ്ങാനാവാതെ ഈ ധര ഞങ്ങളെ വന്നു കണ്ടു സങ്കടം പറഞ്ഞു. അവളുടെ സങ്കടം ഇല്ലാതാക്കാന്‍ ഞങ്ങള്‍ക്കാവുകയില്ല. അതിനു ഭുവനേശ്വരിയായ അമ്മ തന്നെ തുണയ്ക്കണം. ഭൂമിയുടെ സങ്കടം തീര്‍ത്താലും. മഹിഷാകാരം പൂണ്ട രാക്ഷസനെയും അവന്റെ പടയെയും നീയെത്രവേഗമാണ് ഇല്ലാതാക്കിയത്? ശുംഭന്‍, നിശുംഭന്‍, രക്തബീജന്‍, ചണ്ഡമുണ്ഡന്മാര്‍, ധൂമ്രലോചനന്‍, ദുര്‍മുഖന്‍, ദുസ്സഹന്‍, കരാളന്‍, എന്നിവരെയെല്ലാം നീയെത്ര നിഷ് പ്രയാസമാണ് കൊന്നൊടുക്കിയത്. ദേവവൈരികളായ ഈ അസുരന്മാരെയും അവിടുന്നു തന്നെ ഹനിച്ചു ഭൂമിയുടെ ഭാരം കുറച്ചു തന്നാലും.'

ഇതെല്ലാം കേട്ട് ത്രിപുരസുന്ദരി മന്ദഹാസം തൂകിക്കൊണ്ട്‌ അവരോടു പറഞ്ഞു: 'ദേവന്മാരേ, ഈ ദുഷ്ടന്മാരെ വകവരുത്താന്‍ ഞാന്‍ തന്നെ അംശാവതാരം കൈക്കൊള്ളുന്ന കാര്യം മുന്‍പേതന്നെ ചിന്തിച്ചിരുന്നു. മാഗധാദികളെ ഞാന്‍ നേരിട്ട് വധിക്കാം. മറ്റുള്ളവരെ ഇല്ലാതാക്കാന്‍ നിങ്ങളും എന്റെ ശക്തിക്കൊപ്പം ഭൂമിയില്‍ വന്നു പിറക്കുക. കശ്യപമുനി  ഭാര്യയുമായി യാദവകുലത്തില്‍ വസുദേവനായി ജനിക്കട്ടെ. ആനകദുന്ദുഭി എന്ന പേരില്‍ അദ്ദേഹത്തിനു കീര്‍ത്തിയുണ്ടാകും. ഭൃഗുശാപത്തിന് വിധേയനായി വിഷ്ണുവിന്റെ അംശവും അവിടെ വസുദേവപുത്രനായി ജനിക്കട്ടെ. ഞാന്‍ ഗോകുലത്തിലെ യശോദയുടെ പുത്രിയായി ജനിക്കാം. കാരാഗ്രഹത്തില്‍ ജനിച്ച ദേവകീ പുത്രനെ ഗോകുലത്തില്‍ എത്തിച്ച് പകരം ഞാന്‍ കാരാഗ്രഹത്തിലെത്താം. ദേവകീ ഗര്‍ഭത്തില്‍ ശേഷന്‍ ഉണ്ടാവുമ്പോള്‍ ഞാനത് രോഹിണിയിലേക്ക് മാറ്റുകയും ചെയ്യാം. ഞാന്‍ ഈ രണ്ടു ബാലന്മാരെയും ശക്തരാക്കി ദുഷ്ടനിഗ്രഹത്തിനു വേണ്ട സഹായങ്ങള്‍ ചെയ്തുകൊള്ളാം. ഇന്ദ്രാംശഭൂതനായി അര്‍ജ്ജുനന്‍ ജനിക്കും. ധര്‍മ്മത്തിനംശമായി യുധിഷ്ഠിരന്‍ ഉണ്ടാവും. വായുവിന്റെ അംശമായി ഭീമനും അശ്വിനീ ദേവകളുടെ അംശാവതാരങ്ങളായി നകുലനും സഹദേവനും ജനിക്കും. ഇവരെല്ലാം ചേര്‍ന്നാല്‍ ദുഷ്ടനിഗ്രഹം നിഷ് പ്രയാസം നടക്കും. വസുവിന്റെ അംശമായി ഗാംഗേയനും അവിടെയുണ്ടാവും. ഇപ്പോള്‍ നിങ്ങള്‍ സമാധാനമായി മടങ്ങിയാലും. ഭൂമിക്ക് സ്വസ്തി ഭവിക്കട്ടെ. കുരുക്ഷേത്രത്തില്‍ ഏറെപ്പേര്‍ സ്വയം പടവെട്ടി നശിക്കാന്‍ ഇടയാകും. യാദവരും മമതാദി ദോഷങ്ങള്‍ കാരണം നശിച്ചില്ലാതാവും. ബ്രാഹ്മണ ശാപം ആ കുലത്തെ നശിപ്പിക്കും. വിഷ്ണുവിനും ശാപമേറ്റ് ശരീരമുപേക്ഷിക്കേണ്ടി വരും. നിങ്ങള്‍ ദേവന്മാര്‍ പത്നിമാരോടോപ്പം വിഷ്ണുവിന് തുണയായി മഥുരയിലും ഗോകുലത്തിലും പിറവിയെടുക്കണം.'

വ്യാസന്‍ പറഞ്ഞു: 'ഇങ്ങിനെ അനുഗ്രഹിച്ച് ദേവി തല്‍ക്ഷണം മറഞ്ഞു. ദേവന്മാരും ഭൂമിദേവിയും അവരവരുടെ ഗേഹങ്ങളിലേക്ക് പോയി. ദേവിയുടെ വാക്കിന്റെ ബലത്തില്‍ പ്രചോദിതയായ ഭൂമി അല്ലലില്ലാതെ കഴിഞ്ഞുവന്നു. പൂവല്ലികളും ഔഷധസസ്യജാലങ്ങങ്ങളും കൊണ്ട് സ്വയമവള്‍ അലങ്കൃതയായി. ദേവന്മാര്‍ തുഷ്ടി പൂണ്ടു. മുനിമാര്‍ സന്തുഷ്ടരായി. ആസന്നമായ ധര്‍മ്മജയത്തെയോര്‍ത്ത് എല്ലാവരുടെയും ഉള്ളം പ്രതീക്ഷാനിര്‍ഭരതയോടെ  നിറവാര്‍ന്നു നിന്നു.'   

No comments:

Post a Comment