Devi

Devi

Sunday, January 10, 2016

ദിവസം 81. ശ്രീമദ്‌ ദേവീഭാഗവതം. 4. 14. ദൈത്യന്മാരുടെ ശുക്രപ്രാപ്തി

ദിവസം 81. ശ്രീമദ്‌ ദേവീഭാഗവതം. 4. 14. ദൈത്യന്മാരുടെ ശുക്രപ്രാപ്തി

ഇതി സഞ്ചിന്ത്യ മനസാ താനുവാച ഹസന്നിവ
വഞ്ചിതാ മത്സ്വരൂപേണ ദൈത്യാ: കിം ഗുരുണാ കില
അഹം കാവ്യോ ഗുരുശ്ചായം ദേവകാര്യ പ്രസാധക:
അനേന വഞ്ചിതാ യൂയം മദ്യാജാ നാfത്ര സംശയ: 

വ്യാസന്‍ തുടര്‍ന്നു: ഗുരുവിന്റെ കാപട്യമോര്‍ത്ത് ചിരിച്ചിട്ടെന്നപോലെ ശുക്രാചാര്യര്‍ പറഞ്ഞു: ‘ഇയാള്‍ ബൃഹസ്പതിയാണ്. ഈ ദേവഗുരു നിങ്ങളെ ചതിച്ചിരിക്കുന്നു. ഞാനാണ് ശുക്രാചാര്യന്‍. ഇയാള്‍ ദേവന്‍മാര്‍ക്ക് ഒത്താശ ചെയ്യാന്‍ വന്നിരിക്കുകയാണ്. എന്റെ വേഷം കെട്ടിയ ഈ കള്ളനെ വിശ്വസിക്കരുത്. അയാളെ ഒഴിവാക്കി വിട്ടേക്കുക.’ അസുരന്മാര്‍ നോക്കിയപ്പോള്‍ ഒരേപോലുള്ള രണ്ടു പേര്‍! അവര്‍ക്ക് ചിന്താക്കുഴപ്പമായി. ബൃഹസ്പതി അവരോടു പറഞ്ഞു: 'കണ്ടില്ലേ, ഇയാളാണ് കപടവേഷക്കാരന്‍. ദേവകാര്യത്തിനായി ഇപ്പോള്‍ വന്നിരിക്കുകയാണ്'. അപ്പോള്‍ ഇദ്ദേഹം തന്നെയാണ് കാവ്യന്‍ എന്ന് അസുരന്മാര്‍ ഉറപ്പിച്ചു. അദ്ദേഹം പറഞ്ഞു: 'ശംഭു എനിക്ക് തന്ന മന്ത്രങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കായി പറഞ്ഞു തരാം. അതുകൊണ്ട് നിങ്ങള്‍ക്ക് നിഷ്പ്രയാസം ദേവന്മാരെ തോല്‍പ്പിക്കാം'. കാവ്യന്റെ രൂപമെടുത്ത ഗുരു ഇങ്ങിനെ പറയുന്നത് കേട്ട ദൈത്യന്മാര്‍ 'ഗുരു'വിനെത്തന്നെ ശരിക്കുള്ള ശുക്രനായി കണക്കാക്കി. യഥാര്‍ത്ഥ ശുക്രാചാര്യര്‍ എത്ര ശ്രമിച്ചിട്ടും അസുരന്മാരെ സത്യം പറഞ്ഞു മനസ്സിലാക്കാന്‍ സാധിച്ചില്ല. അസുരര്‍ പറഞ്ഞു: ‘കഴിഞ്ഞ പത്തു വര്‍ഷമായി ഞങ്ങളെ പഠിപ്പിക്കുന്ന ഗുരുവാണ് ഇദ്ദേഹം. ഞങ്ങളുടെ അഭിവൃദ്ധിക്കായാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്. നീയാണ് വഞ്ചകന്‍. നിങ്ങള്‍ക്ക് ഇവിടം വിട്ടു പോകാം’. എന്നിട്ടവര്‍ കപട ഗുരുവിനെ വണങ്ങി.

‘എന്റെ വാക്കുകള്‍ വിശ്വസിക്കാതിരുന്നതിനാല്‍ നിങ്ങളുടെ ബുദ്ധി കേട്ടുപോകട്ടെ. നിങ്ങള്‍ക്ക് പരാജയം സംഭവിക്കട്ടെ’ എന്ന് ശുക്രാചാര്യര്‍ ദൈത്യരെ ശപിച്ചു. 'ദേവഗുരുവിന്റെ കാപട്യം നിങ്ങള്‍ക്ക് ക്രമേണ മനസ്സിലാവും.' ശുക്രാചാര്യന്‍ ഇങ്ങിനെ ക്രുദ്ധനായി അവിടം വിട്ടു പോയപ്പോള്‍ ഗുരു ശാന്തഭാവത്തില്‍ അവിടെത്തന്നെ നിന്നു. എന്നാല്‍ ശുക്രന്‍ അസുരന്മാരെ ശപിച്ചു എന്നറിഞ്ഞ ഗുരു തന്‍റെ സ്വരൂപം തിരികെ കൈക്കൊണ്ട് ദേവലോകത്ത് പോയി ഇന്ദ്രനെ കാര്യം അറിയിച്ചു. ‘ഞാന്‍ കാര്യങ്ങള്‍ വേണ്ടപോലെ ചെയ്തിട്ടുണ്ട്. ശുക്രന്‍ അസുരന്മാരെ ശപിക്കുകയും ചെയ്തു. അവര്‍ നിരായുധരാണ്. ദേവന്മാരേ ഇനി നിങ്ങള്‍ക്ക് ധൈര്യമായി അവരോടു യുദ്ധം ചെയ്യാം.’ ഗുരുവിന്റെ വാക്കുകള്‍ കേട്ട് ഇന്ദ്രനും ദേവന്മാരും സന്തോഷിച്ചു.

ദേവന്മാര്‍ ദാനവന്മാര്‍ക്കെതിരായി യുദ്ധത്തിനൊരുങ്ങിപ്പുറപ്പെട്ടു. ഗുരു അപ്രത്യക്ഷമായ കാര്യം അസുരന്മാര്‍ അപ്പോഴാണ്‌ മനസ്സിലാക്കിയത്. തങ്ങളുടെ ഗുരുവിനെ അപമാനിച്ചാണ് അയച്ചത് എന്നവര്‍ തിരിച്ചറിഞ്ഞപ്പോഴേയ്ക്ക് വൈകിപ്പോയി. സഹോദര പത്നിയെ പരിഗ്രഹിച്ച ഗുരുവിന്റെ മനസ്സ് മലിനത നിറഞ്ഞതാണെന്ന് അവര്‍ ബൃഹസ്പതിയെപ്പറ്റി കുറ്റം പറഞ്ഞു. ‘ഇനി നാം എങ്ങിനെയാണ് കാവ്യനെ പ്രസാദിപ്പിക്കുക?’ എന്നായി അവരുടെ ചിന്ത. ഇങ്ങിനെ ചിന്തിച്ച അസുരന്മാര്‍ ഒടുവില്‍ പ്രഹ്ലാദനെ മുന്നില്‍ നിര്‍ത്തി ശുക്രാചാര്യരെ ചെന്ന് കണ്ടു. അദ്ദേഹത്തിന്‍റെ പാദങ്ങളില്‍ വീണ്ടു നമസ്കരിച്ചു. കോപം കൊണ്ട് ചുവന്ന കണ്ണുകളോടെ ശുക്രാചാര്യന്‍ പറഞ്ഞു: ‘നിങ്ങള്‍ക്ക് നന്മയുണ്ടാകുന്ന കാര്യം ഞാനത്ര പറയാന്‍ ശ്രമിച്ചതാണ്. നിങ്ങള്‍ അതൊന്നും ചെവിക്കൊണ്ടില്ല. സ്വന്തം ഗുരുവിനെ നിന്ദിച്ചതിന്റെ ഫലം നിങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യും. നിങ്ങളാ കപട ഗുരുവിന്റെ അടുക്കലേയ്ക്ക് തന്നെ പൊയ്ക്കൊള്ളുക. നിങ്ങളെ വീണ്ടും ശിഷ്യന്മാരായി സ്വീകരിക്കാന്‍ ഞാനത്ര മൂഢനല്ല.'

പ്രഹ്ലാദന്‍ തന്റെ ഗുരുവിന്റെ കാല്‍ക്കല്‍ വീണു. രണ്ടു കാലും കെട്ടിപ്പിടിച്ചുകൊണ്ട് ഇങ്ങിനെ പറഞ്ഞു: 'അങ്ങയുടെ പുത്രന്മാരെപ്പോലെയല്ലേ ഞങ്ങള്‍? ഇപ്പോളിതാ അതീവ സങ്കടത്തോടെ അവിടുത്തെ അഭയം തേടി  വന്നിരിക്കുകയാണ്. അങ്ങയുടെ ഏതു വാക്കും അതേപടി അനുസരിക്കാന്‍ വ്യഗ്രതയോടെ നില്‍ക്കുന്ന ഞങ്ങളെ നിരാശരാക്കരുത്. ഞങ്ങളുടെ അറിവില്ലായ്മയില്‍ ശാന്തനായ അങ്ങ് കോപിക്കരുതേ. ആ ദുരാത്മാവ്‌ ഞങ്ങളെ നല്ലവണ്ണം പറ്റിച്ചിരിക്കുന്നു. അങ്ങയുടെ കോപം അല്‍പ്പ നേരത്തെയ്ക്കേ ഉള്ളു എന്ന് ഞങ്ങള്‍ക്കറിയാം. സ്വതവേ ശീതളിമയാണല്ലോ ജലത്തിന്. അത് വെയിലേറ്റ് ഒന്ന് ചൂടായാല്‍ത്തന്നെയും പെട്ടെന്ന് തണുക്കുമെന്ന് ഞങ്ങള്‍ക്കറിയാം. ബുദ്ധിമാന്മാര്‍ കോപത്തെ ഉപേക്ഷിക്കുകയാണല്ലോ ചെയ്യുക. വ്രതനിഷ്ഠനായ അങ്ങ് ഞങ്ങളില്‍ പ്രസാദിക്കണം. അഥവാ അങ്ങ് കോപം വിടാന്‍ ഭാവമില്ലെങ്കില്‍ ഞങ്ങളിതാ പാതാളത്തില്‍ പോയി ഒളിച്ചേക്കാം. അല്ലാതെ ഞങ്ങള്‍ എന്ത് ചെയ്യാന്‍!'

പ്രഹ്ലാദന്റെ വാക്കുകള്‍ കേട്ട് ആചാര്യന്‍ സന്തുഷ്ടനായി. ‘നിങ്ങള്‍ എങ്ങും പോകേണ്ടതില്ല. നിങ്ങള്‍ക്കുള്ള ഉചിതമായ മന്ത്രങ്ങള്‍ ഞാന്‍ പഠിപ്പിച്ചു തരാം. നിങ്ങള്‍ എന്റെ വത്സല ശിഷ്യരാണല്ലോ. സത്യവും ഹിതവുമായ എന്റെ വാക്കുകള്‍ കേട്ടാലും. ഞാനവ ബ്രഹ്മാവില്‍ നിന്നും നേരിട്ട് മനസ്സിലാക്കിയവയാണ്. ശുഭാശുഭങ്ങള്‍ യഥാകാലം അനുഭവിക്കേണ്ടവയാണ്. ദൈവത്തിന്റെ നിയോഗമായ അതിനു മാറ്റമുണ്ടാവുക അസാദ്ധ്യമത്രേ. ഇത്തവണ നിങ്ങള്‍ ദേവന്മാരോടു തോറ്റതും അങ്ങിനെയാണ്. നിങ്ങള്‍ക്കിപ്പോള്‍ കഷ്ടകാലമാണ്. ഇത്രയും കാലം നിങ്ങളാണല്ലോ വിജയിച്ചു നിന്നത്. എല്ലാ ഐശ്വര്യങ്ങളും നിങ്ങള്‍ അനുഭവിക്കുകയും ചെയ്തു. പത്തു യുഗങ്ങള്‍ നിങ്ങള്‍ ദേവന്മാരെ കീഴടക്കി വാണു. സാവര്‍ണ്ണി മന്വന്തരത്തില്‍ നിങ്ങള്‍ വീണ്ടും അധികാരികളാവും. അങ്ങയുടെ പൌത്രനായ ബലിയായിരിക്കും അപ്പോള്‍ നാട് വാഴുക. ത്രിലോകങ്ങളും ജയിച്ചു ഖ്യാതി നേടി മഹാബലി അപ്പോള്‍ ഭഗവാന്റെ സംരക്ഷണത്തിലായിരിക്കും. കാരണം വിഷ്ണു വാമനരൂപത്തില്‍ രാജ്യം വീണ്ടെടുത്തപ്പോള്‍ കൊടുത്ത വാക്കാണത്. ‘ഇപ്പോള്‍ ദേവന്മാര്‍ക്ക് വേണ്ടി ഞാന്‍ നിന്റെ രാജ്യം എടുക്കുന്നു. എന്നാല്‍ സാവര്‍ണ്ണിക മനുവില്‍ നീ ഇന്ദ്രനാവും’ എന്ന് മഹാവിഷ്ണു ബലിയെ അപ്പോള്‍ അനുഗ്രഹിച്ചിരുന്നു'.

അന്ന് മുതല്‍ ബലി അവിടെ കഴിയുകയാണ്. ഒരിക്കലീ ബലി കഴുതയുടെ രൂപമെടുത്ത്‌ ഒഴിഞ്ഞു കിടക്കുന്ന ഒരു വീട്ടില്‍ നില്‍ക്കുന്നതായി ഇന്ദ്രന്‍ കണ്ടു. ‘എന്തിനാണ് ദാനവാ നീ കഴുതയുടെ രൂപം ധരിച്ചിരിക്കുന്നത്?’ എന്ന് ഇന്ദ്രന്‍ പലവട്ടം ചോദിച്ചു. ‘അങ്ങ് വലിയ ചക്രവര്‍ത്തിയായിരുന്നല്ലോ, എന്നിട്ടിപ്പോള്‍ കഴുതയുടെ രൂപത്തില്‍ ഇരിക്കാന്‍ ലജ്ജയില്ലേ?’ എന്ന് ഇന്ദ്രന്‍ ബലിയെ കളിയാക്കി.

‘മൃഗരൂപത്തില്‍ നാണിക്കാന്‍ എന്തുണ്ട്? സാക്ഷാല്‍ ഭഗവാന്‍ മീനായും കൂര്‍മ്മമായും വരാഹമായും രൂപമെടുത്തില്ലേ? അതുപോലെ യോഗവശാല്‍ ഞാനിപ്പോള്‍ കഴുതയായി എന്നേയുള്ളു. അങ്ങും ബ്രഹ്മഹത്യാപാപഭീതിയാല്‍ താമരയുടെ ഉള്ളില്‍ വസിച്ചില്ലേ? അപ്പോള്‍ എല്ലാവര്‍ക്കും ഇതെല്ലാം ബാധകമാണ്. ദൈവവിധിക്ക് വിധേയനായവന് സുഖദുഃഖഭേദമുണ്ടോ? കാലമാണ് എല്ലാറ്റിന്റെയും നിയന്താവ്.’

വ്യാസന്‍ പറഞ്ഞു: ഈ സംഭാഷണം കൊണ്ട് രണ്ടാളും ബോധവാന്മാരായിത്തീര്‍ന്നു. വെറുതെ തുടങ്ങിയ ഭാഷണം അങ്ങിനെ സത്സംഗമായിത്തീര്‍ന്നു. രാജാവേ, ഇതെല്ലാം ഞാന്‍ പറഞ്ഞത് വിധിവിഹിതം ആര്‍ക്കും – ദേവന്മാര്‍ക്കും മനുഷ്യര്‍ക്കും അസുരര്‍ക്കും – ലംഘിക്കാന്‍ ആവില്ല എന്ന് മനസ്സിലാക്കാനായാണ്. 

No comments:

Post a Comment