Devi

Devi

Sunday, June 25, 2017

ദിവസം 261. ശ്രീമദ്‌ ദേവീഭാഗവതം. 9- 39 . ലക്ഷ്മ്യൂപാഖ്യാനം

ദിവസം 261.  ശ്രീമദ്‌ ദേവീഭാഗവതം. 9- 39 . ലക്ഷ്മ്യൂപാഖ്യാനം

ശ്രീ മൂല പ്രകൃതേർദേവ്യാ ഗായത്ര്യാസ്തു നിരാകൃതേ:
സാവിത്രീയമസംവാദേ ശ്രുതം വൈ നിർമലം യശ:
തദ്ഗുണോത്കീർത്തനം സത്യം മംഗളാനാം ച മംഗളം
അധുനാ ശ്രോതുമിച്ഛാമി ലക്ഷ്മ്യൂപാഖ്യാനമീശ്വര

നാരദൻ പറഞ്ഞു: യമ-സാവിത്രീ സംഭാഷണത്തിലൂടെ മൂലപ്രകൃതിയായ ഭുവനേശ്വരിയുടെ നിർമ്മലയശസ്സിനെ കുറിച്ചും സാധ്വിയായ ഗായത്രീ ദേവിയെപ്പറ്റിയും എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. ദേവിയെക്കുറിച്ചുള്ള മഹിമകൾ കീർത്തിക്കുന്നത് സർവ്വമംഗളകരമാണെന്നു നിശ്ചയം. ഇനി മഹാലക്ഷ്മീദേവിയുടെ ഉപാഖ്യാനം കേൾക്കാനാണ് എന്നിലാഗ്രഹമുണരുന്നത്. എങ്ങിനെയാണാദേവിയുണ്ടായത്? ആരാണവളെ ആദ്യമായി പൂജിച്ചത്? ലക്ഷ്മീദേവിയുടെ ഗുണകഥകൾ വേദജ്ഞനായ അങ്ങയിൽനിന്നുതന്നെ കേൾക്കണം എന്നെനിക്കുണ്ട്.

ശ്രീ നാരായണൻ പറഞ്ഞു: സൃഷ്ടിയുടെ ആദിയിൽ രാസമണ്ഡലത്തിൽ ഭഗവാൻ ശ്രീകൃഷ്ണന്റെ വാമഭാഗത്തു നിന്ന് രാധാദേവിയുണ്ടായി. പന്ത്രണ്ടു വയസ്സായ കന്യകയായിരുന്നു അവൾ. നവയൗവ്വനകാന്തി വിടരാൻ വെമ്പി നിൽക്കുന്ന താരുണ്യം അവളെ അതിസുന്ദരിയാക്കി. ചമ്പകപ്പൂ നിറമുളള ദേഹകാന്തി. ഇടതിങ്ങി വളർന്ന നീണ്ട കാർകൂന്തൽ.  ആയിരം പൂർണ്ണചന്ദ്രൻമാർ തോല്ക്കുന്ന മുഖശോഭ. ശരത്കാലത്ത് സൂര്യനെ നോക്കി വിടർന്നു വിലസുന്ന താമരപ്പൂവിതളുകൾ അവളുടെ കണ്ണുകൾ കണ്ട് അതിശയിച്ചു. ദർശന മാത്രയിൽത്തന്നെയാ  ദേവി സാധകര്‍ക്ക് പരമാനന്ദം നൽകി.

ശ്രീകൃഷ്ണ ഭഗവാനു സമീപം അദ്ദേഹത്തിന്റെ ഇച്ഛാനുസാരം ദേവി രണ്ടു രൂപങ്ങൾ കൈക്കൊണ്ടു. രണ്ടു പേർക്കും ഒരേ പോലുള്ള നിറം, ഓജസ്സ്, കാന്തി,വയസ്സ്, വസ്ത്രം, ആഭരണങ്ങൾ, ഗുണകീർത്തികൾ, പുഞ്ചിരി, വീക്ഷണം, അനുനയം, പ്രേമം എന്നിവയുണ്ടായിരുന്നു. കന്യകയുടെ ഇടതു ഭാഗം മഹാലക്ഷ്മിയും വലതു ഭാഗം രാധയുമായി. അപ്പോൾ ഭഗവാനും ഗൗരവത്തോടെ രണ്ടായി. ആദ്യം രാധാദേവി ശ്രീകൃഷ്ണപരമാത്മാവിനെ വരിച്ചു. തുടർന്ന് ഭഗവാൻ ലക്ഷ്മീപതിയായി.  ഭഗവാന്‍റെ ഒരു രൂപം രണ്ടു കൈകളോടെയും മറ്റേത് നാലു കരങ്ങളോടെയും ആയിരുന്നു. ദ്വിഭുജനായ കൃഷ്ണൻ രാധയുടെയൊപ്പവും ചതുർഭുജനായ വിഷ്ണു ലക്ഷ്മീദേവിക്കൊപ്പവും ചേർന്നു.

വിശ്വത്തെ സ്നേഹാദ്ര നയനങ്ങളോടെ ദർശിക്കുന്നവളാണ് (ലക്ഷിക്കുന്നവൾ ) ലക്ഷ്മി. ദേവിമാരിൽ ലക്ഷ്മിയാണ് ശ്രേഷ്ഠ. രാധാകാന്തനായ ദ്വിഭുജനാണ് ചതുർഭുജന് ലക്ഷ്മീദേവിയെ കൈപിടിച്ച് നൽകിയത്. അങ്ങിനെ വിഷ്ണു ലക്ഷ്മീകാന്തനായി.

ശുദ്ധസത്യസ്വരൂപയായ രാധാദേവിക്ക് ഗോലോകത്ത് അനേകം ഗോപീ ഗോപൻമാർ കൂട്ടുകാരായുണ്ട്. ലക്ഷ്മീദേവിയും വിഷ്ണുഭഗവാനും വൈകുണ്ഠത്തിലേക്ക് പോയി. കൃഷ്ണനും നാരായണനും തുല്യരത്രേ. 

ലക്ഷ്മീദേവി വൈകുണ്ഠത്തിൽ മഹാലക്ഷ്മിയായി സർവ്വസൗഭാഗ്യങ്ങൾക്കും അധികാരിയായി ശുദ്ധസത്വസ്വരൂപയായി വിഷ്ണുപത്നിമാരിൽ പ്രഥമസ്ഥാനമലങ്കരിക്കുന്നു. അവൾ തന്നെയാണ് ശക്രന്റെ സ്വർല്ലോകത്തെ അലങ്കരിക്കുന്ന സ്വർഗ്ഗലക്ഷ്മി. പാതാളത്തിൽ അവൾ നാഗലക്ഷ്മിയായി വിളങ്ങുന്നു. രാജാക്കൻമാരിൽ അവൾ രാജലക്ഷ്മിയാണ്. ഗൃഹങ്ങളിലവൾ കലാംശംകൊണ്ട് ഗൃഹലക്ഷ്മി. ഗൃഹസ്ഥർക്ക് സർവ്വസമ്പദ്പ്രദായികയാണവൾ. പശുക്കളിൽ സുരഭിയായും യജ്ഞത്തിൽ ദക്ഷിണയായും അവൾ പ്രശോഭിക്കുന്നു.

ക്ഷീരസാഗരത്തിലെ താമരയിൽ നിലകൊള്ളുന്ന ശ്രീസ്വരൂപിണിയായുള്ളതും സൂര്യചന്ദ്രൻമാരിൽ കാന്തിയായി വിളങ്ങുന്നതും, ഭൂഷണങ്ങൾ, ഫലങ്ങൾ, ജലങ്ങൾ, രാജാക്കൻമാർ, രാജ്ഞിമാർ, ഗ്രഹങ്ങൾ, ദിവ്യനാരിമാർ, സസ്യങ്ങൾ, വസ്ത്രങ്ങൾ, അലങ്കരിച്ച സ്ഥാനങ്ങൾ, ദേവപ്രതിമകൾ, മംഗള കുംഭങ്ങൾ, മാണിക്യങ്ങൾ, മുത്തുമാലകൾ, രത്നങ്ങൾ, വൈരങ്ങൾ, പാൽ, ചന്ദനലേപനങ്ങൾ, രമ്യങ്ങളായ ശാഖികൾ, പുതു മേഘങ്ങൾ, എന്നിവയിൽ പ്രശോഭിക്കുന്നതും ആ ദേവിയാണ്. 

വൈകുണ്ഠത്തിൽ വച്ച് സാക്ഷാൽ ഹരിയാണ് ദേവിയെ ആദ്യമായി പൂജിച്ചത്. പിന്നെ ബ്രഹ്മാവ്, പരമശിവൻ, സ്വയംഭുവമനു, മറ്റ് രാജാക്കൻമാർ, ഋഷി മുനിമാർ, സജ്ജനങ്ങളായ ഗൃഹസ്ഥൻമാർ തുടങ്ങിയവർ ലക്ഷ്മീപൂജ നടത്തിവന്നു. ഗന്ധർവ്വൻമാരും നാഗൻമാരും പാതാളത്തിൽ വച്ച് ലക്ഷ്മീപൂജ ചെയ്തു. കന്നിമാസത്തിലെ ശുക്ള അഷ്ടമി മുതൽ പൗർണ്ണമി വരെ ബ്രഹ്മാവ് ലക്ഷ്മീദേവിയെ ഉപാസിച്ചു. പിന്നീട് മൂന്ന് ലോകങ്ങളിലുള്ളവരും ദേവിയെ പൂജിച്ചു. 

മകരം, കന്നി, മേടം, എന്നീമാസങ്ങളിലെ മംഗളവാരത്തിലും വിഷ്ണു ലക്ഷ്മീദേവിയെ പൂജിച്ചു. അതെത്തുടർന്ന് മൂന്നു ലോകവും ദേവീപൂജ ചെയ്യാൻ ആരംഭിച്ചു. മകരസങ്ക്രാന്തിക്ക് മനുവാണ് കലശത്തിൽ ആവാഹിച്ച് ദേവീപൂജ തുടങ്ങി വച്ചത്. മൂലോകത്തിലും സമ്പൂജ്യയായ ദേവിയെ മഹേന്ദ്രനും മംഗളനെന്ന രാജാവും പൂജിച്ചു. കേദാരൻ, നീലൻ, സുബലൻ, നളൻ, ധ്രുവൻ, ഉത്താന പാദർ ,ശക്രൻ, ബലി, കശ്യപൻ, ദക്ഷൻ, കർദ്ദമൻ, വിവസ്വാൻ, പ്രിയവ്രതൻ, ചന്ദ്രൻ , കുബേരൻ, വായു, വഹ്നി, വരുണൻ, തുടങ്ങിയ പ്രമുഖർ ദേവിയെ പുജിച്ചവരാണ്.


നാരദാ, സർവ്വ ഐശ്വര്യങ്ങള്‍ക്കും  സർവ്വസമ്പത്തുകൾക്കും അധിഷ്ഠാനദേവതയായ ലക്ഷ്മീദേവിയെ എങ്ങും എല്ലാവരും പൂജിച്ചു വരുന്നു.

Sunday, June 18, 2017

ദിവസം 260. ശ്രീമദ്‌ ദേവീഭാഗവതം. 9- 38 . സാവിത്ര്യൂപാഖ്യാനം

ദിവസം 260.  ശ്രീമദ്‌ ദേവീഭാഗവതം. 9- 38 . സാവിത്ര്യൂപാഖ്യാനം

ദേവീഭക്തിം ദേഹി മഹ്യം സാരാണാം ചൈവ സാരകം

പുംസാം മുക്തി ദ്വാര ബീജം നരകാർണ്ണവതാരകം
കാരണം മുക്തിസാരാണാം സർവാശുഭവിനാശനം
ദാരകം കർമ്മവൃക്ഷാണാം കൃതപാപൗഘ ദാരണം

സാവിത്രി പറഞ്ഞു: ഭഗവാനേ, പാപങ്ങൾ ഇല്ലാതാക്കുവാനും നരകക്കടൽ താണ്ടുന്നതിൽ നിന്നും നിവൃത്തി കിട്ടാനും കർമ്മവൃക്ഷത്തെ വേരോടെ അറുക്കാനും മുക്തിസാരങ്ങൾക്കെല്ലാം കാരണമായിരിക്കുന്ന ദേവീഭക്തി എന്നിൽ ഉണരാനും അങ്ങെന്നെ അനുഗ്രഹിക്കണം. സകല അശുഭകർമ്മങ്ങളേയും നശിപ്പിക്കാൻ ദേവീഭക്തി കൊണ്ടു സാധിക്കും. ചെയ്തു പോയ സകലവിധ പാപങ്ങളെയും ഇല്ലാതാക്കാൻ അതിനു കഴിയും.

മുക്തിയെന്നാൽ അതെത്ര വിധമാണുള്ളത്? അവയുടെ ലക്ഷണമെന്തെന്നും എനിക്കറിയണമെന്നുണ്ട്. ഭക്തിയിൽ എത്രവിധത്തിൽ ഭേദങ്ങൾ ഉണ്ട്? കർമ്മഫലം ഒഴിവാക്കാൻ മാർഗ്ഗങ്ങൾ ഉണ്ടോ? ഉണ്ടെങ്കിൽ അവ ഏതൊക്കെയാണ്? സ്ത്രീകളെ  സൃഷ്ടിച്ചത് തത്വജ്ഞാനബോധമില്ലാത്തവരായിട്ടാണ് എന്ന് പറയപ്പെടുന്നു. അതുകൊണ്ടു് വേദജ്ഞനായ അങ്ങ് സാരഭൂതമായ ജ്ഞാനത്തിൽ ഒരൽപ്പം എനിക്കു തന്നനുഗ്രഹിച്ചാലും. 


ദാനം, തപസ്സ്, യജ്ഞം, തീർത്ഥാടനം സ്നാനവ്രതങ്ങൾ എന്നിവയ്ക്കൊന്നും ജ്ഞാനദാനത്തിന്റെ പതിനാറിൽ ഒരംശം പോലും മൂല്യമില്ല എന്ന് ഞാനറിയുന്നു. അമ്മയ്ക്ക് അച്ഛനേക്കാൾ നൂറ് മടങ്ങാണ് ഗൗരവം. ജ്ഞാനം പകർന്നു നൽകുന്ന ഗുരുവിന് അച്ഛനേക്കാൾ നൂറ് മടങ്ങ് ഗൗരവം ഏറുമല്ലോ. അങ്ങെന്റെ ജ്ഞാനഗുരുവാണ്‌.


ധർമ്മരാജൻ പറഞ്ഞു: നിന്റെ അഭീഷ്ടത്തിനൊത്ത വരങ്ങള്‍  എല്ലാം ഞാൻ നേരത്തേ തന്നെ നൽകിക്കഴിഞ്ഞു. നിന്നിൽ ദേവീഭക്തി ഉറയ്ക്കാനുള്ള വരവും ഞാനിതാ നൽകുന്നു. ദേവിയുടെ മഹിമാകഥനമാണ് നീ ആവശ്യപ്പെട്ടത്. പരാശക്തിയുടെ ഗുണഗണങ്ങൾ പാടിയാല്‍ അത് പറയുന്നവരുടെയും കേൾക്കുന്നവരുടേയും കുലങ്ങള്‍ പോലും  ഉത്തരോത്തരം അഭിവൃദ്ധിപ്പെടും. ആയിരം നാവുള്ള അനന്തനു ചൊല്ലിത്തീർക്കാനാവാത്തത്ര ഗുണങ്ങളാണ് ദേവിക്കുള്ളത്. മൃത്യുഞ്ജയൻ തന്റെ അഞ്ചുമുഖങ്ങൾ കൊണ്ട് വാഴ്ത്തിയിട്ടും അത് അവസാനിക്കുന്നില്ല. സൃഷ്ടാവായ വിരിഞ്ചനും സാക്ഷാൽ സ്ഥിതികാരകനായ വിഷ്ണുവും വിചാരിച്ചിട്ട് പോലും ദേവിയുടെ മഹിമകൾ എണ്ണിത്തീർക്കാൻ കഴിഞ്ഞിട്ടില്ല. ആറുമുഖങ്ങളുള്ള കാർത്തികേയനും അതിനശക്തനാണ്. അതുപോലെയാണ് യോഗീന്ദ്രൻമാരുടെ ഗുരുവായ ഗണേശന്‍റെ കാര്യവും.


സകലശാസ്ത്രങ്ങളും സമ്യക്കായി സമ്മേളിച്ചിരിക്കുന്ന മഹത്തായ വേദങ്ങളിൽ അവഗാഹമുള്ളവർ പോലും ദേവിയുടെ മഹിമയുടെ പതിനാറിൽ ഒരംശം പോലും പറയാൻ അശക്തരാണ്.  വാഗ്ദേവത മൂകയാവുന്നത് ദേവീഗുണങ്ങൾ വർണ്ണിക്കാൻ ഒരുങ്ങുമ്പോഴാണ്. സനത് കുമാരൻ, ധർമ്മൻ, സനന്ദൻ, സനാതനൻ ,സനകൻ, കപിലൻ, സൂര്യൻ, മറ്റ് ബ്രഹ്മപുത്രൻമാർ ഇവരെല്ലാം ദേവിയെ വർണ്ണിക്കാൻ അശക്തരാണെങ്കിൽ മൂഢബുദ്ധികളുടെ കാര്യം പറയാനുണ്ടോ? സിദ്ധൻമാരും മുനീന്ദ്രൻമാരും യോഗികളും ശ്രമിച്ച് പിൻവാങ്ങിയ ഇക്കാര്യത്തിന് ഞാനെങ്ങിനെ ശക്തനാവും?


എന്നാൽ ഒന്നറിഞ്ഞാലും. ദേവീഭക്തൻമാർക്ക് ആ പരമപദം സുഗമമാണ്. മറ്റുള്ളവർക്കത് ദുർഗ്ഗമവുമാണ്. ദേവീപദകമലത്തെയാണ് ബ്രഹ്മാവും വിഷ്ണുവും ശിവനും ധ്യാനിക്കുന്നത്. ഭക്തനായ ഒരുവന് ദേവിയുടെ മഹിമയുടെ ഒരൽപ്പം അറിയാനായേക്കും. ബ്രഹ്മാവിന് അതേപ്പറ്റി കുറേ കൂടുതൽ അറിവുണ്ടാകാം. ഗണേശന് അതിലേറെയും ദേവീമഹിമ അറിയുന്നുണ്ടാവും. എന്നാൽ മറ്റാരേക്കാളും കൂടുതലായി ദേവിയുടെ ഗുണഗണങ്ങൾ അറിയുന്നത് ശംഭുവിനാണ്. ചന്ദ്രശേഖരൻ സർവ്വജ്ഞനാണല്ലോ. 


ഗോലോകത്ത് രാസമണ്ഡലത്തിൽ ഒരു വിജനവനത്തിൽവച്ചാണ് ശ്രീകൃഷ്ണൻ പരമശിവന് ദേവിയെക്കുറിച്ചുള്ള ഈ ജ്ഞാനം നൽകിയത്. ശിവലോകത്ത് വച്ച് ശംഭുവത് ധർമ്മനു വിവരിച്ചു കൊടുത്തു. ധർമ്മനാണത് എന്റെ പിതാവായ സൂര്യദേവന് ഉപദേശിച്ചത്. എന്‍റെ അച്ഛൻ തപസ്സു ചെയ്ത് ദേവിയെ സംപ്രീതയാക്കി. രാജ്യഭാരമേൽക്കാൻ എന്നെ നിർബ്ബന്ധിച്ചിട്ടും അതിനു കൂട്ടാക്കാതെ ഞാൻ തപസ്സിനായി പുറപ്പെട്ടു. വൈരാഗിക്ക് തപസ്സാണ് മറ്റെന്തിനേക്കാൾ പ്രമുഖമായുള്ളത്. 


അപ്പോൾ അച്ഛൻ എനിക്ക് ദേവിയുടെ മഹിമകൾ പറഞ്ഞു തന്നു. അതിദുർഗമമായ അക്കാര്യങ്ങൾ നിനക്ക് ഞാൻ കേട്ടതു പോലെതന്നെ പറഞ്ഞു തരാം. ദേവിക്കു പോലും സ്വന്തം ഗുണങ്ങൾ പൂർണ്ണമായി വർണ്ണിക്കാനാവില്ല. ആകാശത്തിന് അതിന്റെ അതിരറിയാൻ എങ്ങിനെ കഴിയും? ബ്രഹ്മസ്വരൂപിണിയാണ് ദേവി. അതേ ദേവിയാണ് സർവ്വാത്മാവും, ഭഗവാനും, സകലതിനും കാരണഭൂതനും, സർവ്വേശ്വരനും, നിത്യസ്വരൂപനും, സർവ്വാദ്യനും, സർവ്വജ്ഞനും, നിത്യവിഗ്രഹകനും, നിത്യാനന്ദനും, രൂപരഹിതനും, നിർഗ്ഗുണനും, നിരാമയനും, സർവ്വസാക്ഷിയും, പരാത്പരനും, നിർലിപ്തനും, എല്ലാമായി നിലകൊള്ളുന്നത്. ആ പരമാത്മാവു തന്നെയാണ് മൂലപ്രകൃതിയായി വാരാജിക്കുന്നത്. തീയും അതിന്റെ ജ്വലനശക്തിയും എങ്ങിനെയാണോ അഭേദമായിരിക്കുന്നത്, അപ്രകാരം പുരുഷനും പ്രകൃതിയും ഒന്നായിരിക്കുന്നു. 


അങ്ങിനെയുള്ള പ്രകൃതിയുടെയും പുരുഷന്റെയും ശക്തിവിശേഷം സച്ചിദാനന്ദ സ്വരൂപിണിയായ മഹാമായയാണ്. ഭക്താനുഗ്രഹകാരിയായി നിലകൊള്ളുന്നത് മഹാമായയാണ്. അതിനായി അവൾ മനോമോഹനങ്ങളായ രൂപങ്ങളെ കൈക്കൊള്ളുന്നു. അവൾ ആദ്യം ഗോപാല സുന്ദരീരൂപം ധരിച്ചു .


പുതുമേഘ ശ്യാമളനിറം പൂണ്ട ഗോപവേഷധാരി കോടി കാമദേവൻമാരുടെ കാന്തിയോടെ ലീലാ മനോജ്ഞനായി വിരാജിക്കുന്നു. അവന്റെ കണ്ണുകൾ ശരത്കാലത്ത് വിടർന്നു നില്ക്കുന്ന താമരപ്പൂവിന്റെ കാന്തിയുള്ളവയാണ്. പൂർണ്ണചന്ദ്രൻ തോൽക്കുന്ന മുഖശോഭ. അമൂല്യ രത്നങ്ങൾ അവന്റെ ദേഹത്തെ അലങ്കരിക്കുന്നു. മന്ദസ്മിതം പൊഴിച്ച് മഞ്ഞപ്പട്ടുമുടുത്ത് പിച്ചിപ്പൂകൊണ്ടും ചമ്പകം കൊണ്ടും കോർത്തെടുത്ത മാലകള്‍ ചാർത്തി ആ കോമള ബാലൻ നിലകൊള്ളുന്നു. പ്രോജ്വലിക്കുന്ന ബ്രഹ്മതേജസ്സ് ആ ദിവ്യമുഖത്ത് സദാനിറഞ്ഞു വിളങ്ങുന്നു. പരബ്രഹ്മസ്വരൂപനായ ഭഗവാൻ പ്രശാന്തനാണ്. ഗോപികളാൽ സദാ വീക്ഷിക്കപ്പെട്ട് രാസമണ്ഡല മദ്ധ്യത്തിൽ ഒരു സിംഹാസനത്തിൽ ഇരുന്നു വിരാജിക്കുന്ന ഭഗവാന്റെ കയ്യിൽ മധുരഗാനം പൊഴിക്കുന്ന ഓടക്കുഴലുണ്ട്. അതിൽ നിന്നും ഇടമുറിയാതെ ഗാനാമൃതം പൊഴിയുന്നു. വിരിമാറിൽ കൌസ്തുഭരത്നം, കഴുത്തിൽ വനമാലകൾ, കുങ്കുമചന്ദനാദികൾ സുഗന്ധപൂരിതമാക്കിയ ദേഹം, അഴകേറിയ പീലിത്തിരുമുടിക്കെട്ട്, ഇളകുന്ന കറുനിരകൾ എന്നിവയോടെ ഇരുന്നരുളുന്ന ഭഗവൽ രുപം അതികമനീയമാണ്. ഒരേയൊരീശ്വരനായ ആ ഭഗവാനെ  എല്ലാവരും ധ്യാനിക്കുന്നു.


ബ്രഹ്മാവ് ആ ഭഗവാനെ പേടിച്ച് സൃഷ്ടി കർമ്മം നടത്തുന്നു. മാത്രമല്ല തന്റെ സൃഷ്ടികൾക്കുള്ള കര്‍മ്മഫലങ്ങൾ ശിരസ്സിലെഴുതിവിടുകയും ചെയ്യുന്നു. സ്ഥിതികാരകനും തപസ്സിന്റെയും കർമ്മങ്ങളുടെയും ഫലദാതാവുമായ വിഷ്ണുവും ആ ഭഗവാന്റെ ആജ്ഞയനുസരിച്ചു വർത്തിക്കുന്നു. ആ ഭഗവാനെ ഭയന്ന് രുദ്രൻ സംഹാരകർമ്മം നടത്തുന്നു. മൃത്യുഞ്ജയനും ജ്ഞാനഗുരുവും യോഗീശനും വിഭുവുമായി ശംഭു വിളങ്ങുന്നത് ആ ഭഗവാനെ അറിയുന്നതിനാലാണ്. 


വായു വീശുന്നതും ആദിത്യൻ പ്രകാശം ചൊരിയുന്നതും ആ ഭഗവാനെ ഭയപ്പെട്ടിട്ടാണ്. ദേവേന്ദ്രൻ മഴ പൊഴിക്കുന്നതും മൃത്യു ജീവനെടുക്കുന്നതും ജലം ശീതളമായിരിക്കുന്നതും ദിക് പാലകര്‍  അവരരുടെ ജോലികൾ കൃത്യമായി ചെയ്യുന്നതും രാശിചക്രങ്ങളും ഗ്രഹങ്ങളും ചുറ്റിക്കറങ്ങുന്നതും ഋതുക്കൾ യഥാസമയം മാറി വരുന്നതും വൃക്ഷങ്ങൾ പൂത്തു കായ്ക്കുന്നതും ഒടുവിലെല്ലാമെല്ലാം നശിച്ചൊടുങ്ങുന്നതും ഭഗവാന്റെ കല്പനയനുസരിച്ചാണ്.


അദ്ദേഹത്തിന്റെ അറിവോ കല്പനയോ കൂടാതെ വെള്ളത്തിലും കരയിലും ഒരു ജീവിയും ജീവിക്കുന്നില്ല. അകാലത്ത് ഒരു ജീവിയും യുദ്ധകാലത്തോ പ്രകൃതിദുരന്തങ്ങളിലോ പോലും മരിക്കുന്നുമില്ല. ഭഗവൽകൽപ്പനയനുസരിച്ച് വായു ജലത്തെയും, ജലം കൂർമ്മത്തേയും, കൂർമ്മം അനന്തനേയും, അനന്തൻ ഭൂമിയേയും, ഭൂമി സമുദ്രങ്ങളേയും, സമുദ്രം പർവ്വതങ്ങളെയും താങ്ങി നിർത്തുന്നു. ഭൂമി രത്നവാഹിയായത് ഭഗവാന്റെ നിർദ്ദേശപ്രകാരമാണ്. ഭൂമിയിൽ പ്രാണികൾ ഉണ്ടായി നിലനിന്ന് നശിക്കുന്നതും ഭഗവൽ കൽപ്പനയാലാണ്.


ഇന്ദ്രന്റെ ആയുസ്സ്, എഴുപത്തിയൊന്ന് യുഗമാണ്. അങ്ങിനെയുള്ള ഇരുപത്തിയെട്ട് ഇന്ദ്രൻമാർ ഉണ്ടായി മായുന്നത്ര സമയമാണ് ബ്രഹ്മാവിന്റെ ഒരു പകൽ സമയം. അങ്ങിനെയുള്ള മുപ്പതു ദിവസം കൂടിയാൽ ബ്രഹ്മാവിന്റെ ഒരു മാസമായി. രണ്ടു മാസം ഒരു ഋതു. ആറ് ഋതുക്കൾ ചേർന്ന് ഒരു വർഷം. അതായത് ബ്രഹ്മാവിന്റെ ഒരു വയസ്സ്. അങ്ങിനെയുള്ള നൂറ് വയസ്സാണ് ആ ബ്രഹ്മായുസ്സ്. ബ്രഹ്മാവ് ലയിക്കുന്നത് ശ്രീകൃഷ്ണൻ ഒന്നു കൺചിമ്മുന്ന സമയത്തിനകത്താണ്. ശ്രീഹരിയൊന്നു കൺചിമ്മുമ്പോൾ ബ്രഹ്മായുസ്സൊടുങ്ങി പ്രളയമാവുന്നു. ഇങ്ങിനെ പ്രാകൃതിക പ്രളയമുണ്ടാവുമ്പോൾ ബ്രഹ്മാവുമുതൽ സകലരും സകലതും ശ്രീകൃഷ്ണ നാഭീകമലത്തിൽ അഭയം പ്രാപിക്കുന്നു.


ക്ഷീര സമുദ്രത്തിൽ പള്ളി കൊള്ളുന്ന വിഷ്ണുഭഗവാനും, വൈകുണ്ഠവാസിയായ വിഷ്ണുവും ശ്രീകൃഷ്ണന്റെ ഇടതുഭാഗത്ത് വിലയിക്കുന്നു. ജ്ഞാനത്തിന്റെ അധിപനായ പരമശിവൻ ശ്രീകൃഷ്ണന്റെ ജ്ഞാനപ്രഭയിൽ അലിഞ്ഞു ചേരുന്നു. ശക്തികൾ ദുർഗ്ഗയായ വിഷ്ണുമായയിൽ വിലയിക്കുന്നു.  ദുർഗ്ഗ, ശ്രീകൃഷ്ണന്റെ ബുദ്ധിയിൽ വിലയിക്കുന്നു. നാരായണാംശമായ സ്കന്ദൻ ഭഗവദ് വക്ഷസ്സിൽ സ്ഥാനം പിടിക്കുന്നു.


ഗണേശൻ കൃഷ്ണന്റെ അംശം തന്നെയാണ്. അദ്ദേഹം ഭഗവദ് കരങ്ങളിൽ വിലയിക്കുന്നു. പത്മാംശമാർ പത്മയിലും, പത്മ രാധയിലും, രാധ കൃഷ്ണപ്രാണനിലും ചെന്നു ചേരുന്നു. സാവിത്രിയും വേദങ്ങളും ശാസ്ത്രാദികളും സരസ്വതിയിൽ വിലയിച്ച് ഒടുവിൽ കൃഷ്ണ ജിഹ്വയിൽ ചെന്നുചേരുന്നു. ഗോലോകത്തിലെ ഗോപന്മാരും ഗോപികമാരും ഭഗവാന്റെ രോമകൂപങ്ങളിൽ വിലീനരാകുമ്പോൾ സർവ്വപ്രാണങ്ങളും ഭഗവാന്റെ പ്രാണനിൽ ചെന്നു ചേരുന്നു. അഗ്നികൾ ഭഗവാന്റെ ജഡരാഗ്നിയിലും ജലം ഭഗവാന്റെ നാവിലും വിലയിക്കുന്നു.


വൈഷ്ണവർ ഭഗവദ്പാദങ്ങളെ പുൽകി വിലീനരാവുന്നു. സ്വാംശങ്ങൾ ഉൾക്കൊണ്ടു് വിരാട്ട് മഹാ വിരാട്ടിൽ ലയിക്കുന്നു. മഹാവിരാട്ട് ശ്രീകൃഷ്ണ ഭഗവാനിൽ ലയിക്കുന്നു. ആ ഭഗവാന്റെ രോമകൂപങ്ങളിൽ വിശ്വങ്ങൾ എല്ലാം ലയിക്കുന്നു. 


ശ്രീകൃഷ്ണൻ കണ്ണൊന്നു ചിമ്മുമ്പോൾ പ്രാകൃത പ്രളയമായി. വീണ്ടും കണ്ണു തുറക്കുമ്പോൾ വീണ്ടും സൃഷ്ടി സമാരംഭിക്കുകയായി. ഭഗവാന്റെ കൺചിമ്മുന്ന സമയവും തുറക്കുന്ന സമയവും തുല്യമത്രേ.


ബ്രഹ്മാവിന്റെ നൂറ് വർഷം വീതമാണ് സൃഷ്ടികൾക്ക് വിലയിക്കാനും പുനസൃഷ്ടി ചെയ്യാനും ഉള്ളത്. അങ്ങിനെ എണ്ണമറ്റ സൂത്രലയങ്ങൾ കടന്നു പോയിരിക്കുന്നു. ഭഗവാന്റെ കണ്ണടച്ചു തുറക്കുമ്പോൾ സൂത്രലയങ്ങൾ സംഭവിക്കുന്നു. പ്രളയകാലത്ത് ശ്രീകൃഷ്ണനും പരമാത്മസ്വരൂപിണിയും ഏകഭാവത്തിലാണ്. അതായത് ശ്രീകൃഷ്ണ ഭഗവാനും പ്രകൃതിയിൽ ലയിക്കുന്നു എന്നർത്ഥം. 


ആ പരാശക്തി തന്നെയാണ് നിർഗുണനും പരംപുരുഷനും ആദ്യമുണ്ടായിരുന്നതുമായ സത്ത്. (സദേവേദമഗ്ര ആസീത് - ശ്രുതി വാക്യം) എന്നു വേദജ്ഞൻമാർ പ്രഖ്യാപിക്കുന്നു. പ്രളയത്തിൽ ബാക്കിയാവുന്ന മൂലപ്രകൃതി അവ്യക്തയും ചിദ് ഘനയും, അവ്യാകൃതപദവാച്യയും ആകുന്നു. ഇങ്ങിനെയുള്ള മൂല പ്രകൃതിയെ പൂര്‍ണ്ണമായി പ്രകീർത്തിക്കാൻ ആർക്കാണ് സാധിക്കുക?


വേദങ്ങൾ മുക്തിയെ നാലു തരത്തിൽ പറയുന്നുണ്ട്. എന്നാൽ ഭക്തിക്ക് മുക്തിയേക്കാൾ കൂടുതല്‍ ഗരിമയുണ്ട്. സാലോക്യം, സാരൂപ്യം, സാമീപ്യം, സായൂജ്യം (നിർവ്വാണം) എന്നിങ്ങിനെ നാലാണവ. ഭക്തൻമാർ പരമപ്രഭുവിനെ സേവിക്കുക എന്നതല്ലാതെ മറ്റൊരു മുക്തിയും ആശിക്കുന്നില്ല. അമരത്വവും, ശിവത്വവും, ബ്രഹ്മത്വവും, ഒന്നുമവർക്കു വേണ്ട. ദേവിയെ സേവിക്കാൻ മാത്രമാണവർക്കുള്ളിലുള്ള ത്വര. ദിവ്യരൂപം ധരിക്കുക എന്നതാണ് നിർവ്വാണമുക്തി. മുക്തിയിൽ സേവയില്ല. എന്നാൽ ഭക്തിയിൽ  സദാ സേവാഭാവം വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു. കർമ്മഫലങ്ങൾ അനുഭവിക്കുന്നതിൽ നിന്നും വിടുതി കിട്ടുന്നതിനുള്ള ഏക മാർഗ്ഗം ദേവീഭജനം മാത്രമാണ്. വേദങ്ങൾ ഉദ്ഘോഷിക്കുന്ന തത്വജ്ഞാനം ഇതാണ്. 


വത്സേ, ശുഭദമായ കാര്യങ്ങൾ എല്ലാം ഞാൻ നിനക്ക് പറഞ്ഞു തന്നു. സംശയങ്ങൾ തീർന്ന നിലയ്ക്ക് ഇനി ഇവിടെ നിന്ന് പൊയ്ക്കൊള്ളുക.


ഇത്രയും പറഞ്ഞ് പോകാൻ തുടങ്ങിയ ധർമ്മരാജാവിനെ സാവിത്രി നമസ്കരിച്ചു. അദ്ദേഹത്തിന്റെ പാദങ്ങളിൽ അവളുടെ കണ്ണീർ വീണു. സദ്സംഗം അവസാനിച്ചതിന്റെ ദുഃഖം അവളിൽ പ്രകടമായിരുന്നു. അതു കണ്ട് കൃപാനിധിയായ യമൻ അവളെ അനുഗ്രഹിച്ചു.


ധർമ്മരാജാവ് പറഞ്ഞു: "പുണ്യക്ഷേത്രമായ ഭാരതത്തിൽ ലക്ഷവർഷങ്ങൾ സുഖമായി ജീവിച്ച് ഒടുവിൽ നിനക്ക് ദേവീസവിധവണയാൻ ഇടവരട്ടെ. ഇനി സ്വഗൃഹത്തിൽ പോയി സാവിത്രീ വ്രതം അനുഷ്ഠിച്ചാലും. പതിന്നാലു വർഷത്തെ സാവിത്രീ വ്രതാനുഷ്ഠാനം നാരികൾക്ക് പ്രത്യേകിച്ചും വിശേഷപ്പെട്ടതാണ്. ജ്യേഷ്ഠമാസ ശുക്ളചതുർദ്ദശിയിൽ സാവിത്രീവ്രതവും ഭാദ്രപദത്തിലെ ശുക്ളാഷ്ടമിയിൽ പതിനാറു വർഷത്തെ മഹാലക്ഷ്മി വ്രതവും വളരെ ശുഭദായകമാണ്. അതു കൊണ്ട് ശ്രീദേവിപദപ്രാപ്തിയുണ്ടാകും.


മംഗളവാരം തോറും മംഗളാദേവിയേയും ശുക്ള ഷഷ്ഠിയിൽ ഷഷ്ഠീ ദേവിയേയും ആഷാഢ സങ്ക്രാന്തിയിൽ മാനസാ ദേവിയേയും കാർത്തിക മാസപൗർണ്ണമിയിൽ രാധാദേവിയേയും ശുക്ളാഷ്ടമിയിൽ മാസംതോറും വരപ്രദായിനിയായ ദുർഗ്ഗയേയും പൂജിക്കണം. ദുർഗ, ദുർഗ്ഗതി നാശിനിയും വിഷ്ണമായയുമത്രേ. അതുപോലെ മാസം തോറും വരപ്രദയും മൂലപ്രകൃതിയുമായ ജഗദംബികയേയും പൂജിക്കുക. പൂജയ്ക്കായി ശുദ്ധരായ പതിവ്രതകളേയോ യന്ത്രബിംബങ്ങളേയോ തിരഞ്ഞെടുക്കാം. ധനസന്താനാദികൾ ലഭിക്കാനും ഈ സാധനയനുഷ്ഠിക്കാവുന്നതാണ്. അങ്ങിനെയുള്ള സാധനകൊണ്ടു് സർവ്വാഭീഷ്ടങ്ങളും സാധിക്കാം. ഒടുവിൽ സാധകന് ശ്രീദേവീപദവും പ്രാപിക്കാം.


ദിനവും പരാശക്തിയായ ജഗദംബികയെ പൂജിക്കുക എന്നതിനപ്പുറം കൃതകൃത്യതയടയാൻ മറ്റൊന്നും തന്നെ വേണ്ട." ഇത്രയും പറഞ്ഞ് ധർമ്മരാജാവ് സ്വധാമത്തിലേയ്ക്ക് മടങ്ങി. സാവിത്രി തന്റെ കാന്തനേയും കൂട്ടി സ്വഭവനത്തിലേയ്ക്കും പോയി.


സത്യവാനും സാവിത്രിയും മറ്റുള്ളവരോടു് കഥയെല്ലാം വിസ്തരിച്ചു പറഞ്ഞു. സാവിത്രിയുടെ അച്ഛന് പുത്രഭാഗ്യമുണ്ടായി. ശ്വശുരന് കാഴ്ച വീണ്ടു കിട്ടി. സാവിത്രിക്കും പുത്രലാഭമുണ്ടായി. ദമ്പതിമാർ ലക്ഷവർഷം ഭാരതത്തിൽ സസുഖം ജീവിച്ചു. ഒടുവില്‍ സാവിത്രീദേവി ഭർത്താവുമൊത്ത് മുനിയുടെ വരപ്രകാരം ദേവിയുടെ മണി ദ്വീപിലെത്തിച്ചേർന്നു.


സവിതാവിന്റെ അധിഷ്ഠാനദേവതയും ഗായത്രീ മന്ത്രത്തിന്റെ ദേവതയും വേദജനനിയും ആകയാൽ 'സാവിത്രി ' എന്ന പേരിൽ ദേവി സുപ്രസിദ്ധയായി. 


അല്ലയോ നാരദാ, ഇതാണ് പരമപുണ്യദായകമായ സാവിത്രീചരിതം. ജീവകർമ്മവിപാകവും ഇതോടൊത്ത് ഞാനങ്ങേയ്ക്ക് പറഞ്ഞു തന്നു. ഇനിയെന്താണ് അറിയാനുള്ളത്?

Monday, June 5, 2017

ദിവസം 259. ശ്രീമദ്‌ ദേവീഭാഗവതം. 9- 37 . നരകലക്ഷണം

ദിവസം 259.  ശ്രീമദ്‌ ദേവീഭാഗവതം. 9- 37 . നരകലക്ഷണം

പൂർണ്ണേന്ദു മണ്ഡലാകാരം സർവ്വം കുണ്ഡം ച വർത്തുളം
നിമ്നം പാഷാണ ഭേദൈശ്ച പാചിതം ബഹുഭി: സതി 
ന നശ്വരം ചാ പ്രളയം നിർമ്മിതംചേശ്വരേച്ഛയാ
ക്ലേശദം പാതകാനാം ച നാനാരൂപം തദാലയം

ധർമ്മരാജൻ പറഞ്ഞു: എല്ലാ കുണ്ഡങ്ങളും പൂർണ്ണേന്ദുമണ്ഡലം പോലെ വർത്തുളവും അഗാധവും കത്തിജ്വലിക്കുന്ന കല്ലുകൾ കൊണ്ടു് പടുത്തതുമാണ്. ഈശ്വരനിർമ്മിതവും അനശ്വരവും പാപികൾക്ക് സദാ അഴലേകുന്നതുമായ ഈ കുണ്ഡങ്ങൾ നാനാ രൂപങ്ങളിൽ വൈവിദ്ധ്യമാർന്ന രീതികളിൽ നിർമ്മിച്ചിരിക്കുന്നു.

അഗ്നികുണ്ഡത്തിലെ ജ്വാലകൾക്ക് നൂറ് മുഴം ഉയരവും ഒരു ക്രോശം വീതിയുമുണ്ട്. അവിടെ യമഭടൻമാർ പാപികളെയിട്ട് പീഡിപ്പിക്കുന്നതിന്റെ അലമുറകൾ സദാ കേൾക്കാം. അരക്രോശം വിസ്താരത്തിൽ തിളച്ച വെള്ളം നിറഞ്ഞ തപ്തകുണ്ഡത്തിൽ ഹിംസ്രജന്തുക്കളുടെ ആക്രമണമേറ്റ് പാപികൾ കാ, കൂ ശബ്ദത്തിൽ നിലവിളിക്കുന്നു.

ക്ഷാരോദകുണ്ഡത്തിൽ തിളക്കുന്ന  ഉപ്പുവെള്ളം നിറഞ്ഞിരിക്കുന്നു. അവിടെ നിറയെ കാക്കകളുണ്ട്. അവിടെ ആഹാരമില്ലാതെ അണ്ണാക്ക് വറ്റിവരണ്ട് പാപികൾ കഷ്ടപ്പെടുന്നു. അരക്രോശവിസ്താരമുള്ള ഭയാനകകോശമാണ് ഇനിയുള്ളത്. 'രക്ഷിക്കണേ' എന്ന രോദനമാണ് അവിടെ മുഴങ്ങുന്നത്. അരക്രോശവിസ്താരത്തിൽ മലം നിറഞ്ഞു കിടക്കുന്ന വിട്കുണ്ഡത്തിൽ ദുർഗ്ഗന്ധവും താഡനവും സഹിച്ച് കൃമികീടങ്ങളുടെ കടിയുമേറ്റാണ് പാപികൾ കഴിയുന്നത്. തിളച്ച മൂത്രവും മൂത്രകീടങ്ങളും നിറഞ്ഞതാണ് മൂത്രകുണ്ഡം.

കഫവും കഫകീടങ്ങളും നിറഞ്ഞ ശ്ലേഷ്മകുണ്ഡത്തിൽ അതു തന്നെ ആഹരിച്ചും സദാ പ്രഹരമേറ്റും പാപികൾ നരകിക്കുന്നു. വിഷജീവികൾ നിറഞ്ഞ ഗരകുണ്ഡമാണ് അടുത്തത്. അരക്രോശമാണതിന്റെ വിസ്തൃതി. സർപ്പാകൃതിപൂണ്ട ദംഷ്ട്രജീവികൾ പാപികളെ പേടിപ്പിച്ച് പീഡിപ്പിക്കുന്നു. നേത്രമലകുണ്ഡത്തിലും പാപികൾക്ക് ഇതുപോലുള്ള പീഡനാനുഭവം ഉണ്ടാകുന്നു. വസാകുണ്ഡത്തിൽ നിറയെ മേദസ്സാണ് പാപികളെ ചുറ്റിയിരിക്കുന്നത്. വസയാണവരുടെ ആഹാരം. അവിടെയും യമദൂതപീഡനം കിട്ടി പാപികൾ വലയുന്നു.

ശുക്ളകുണ്ഡത്തിലെ സ്ഥിതിയും അതുപോലെയാണ്. ഒരു ക്രോശവിസ്താരത്തിലുള്ള ഈ കുണ്ഡത്തിൽ പാപികൾ ഓടി നടക്കുന്നു. രുധിരവാപിയിൽ ദുഷിച്ച രക്തംമൂലം ദുർഗ്ഗന്ധം നിറഞ്ഞിരിക്കുന്നു. രക്തം കുടിച്ച്, കൃമികീടങ്ങളുടെ കടിയേറ്റ്, പാപികളവിടെ നരകിക്കുന്നു. ചുടുകണ്ണീർ നിറഞ്ഞ അശ്രുകുണ്ഡത്തിലും പാപികൾ ഏറെയുണ്ട്. അത് ഒരു വാപിയുടെ നാലിലൊന്നു വലുപ്പത്തിലാണ്. ഒരു വാപി വലുപ്പത്തിൽ മനുഷ്യമലം നിറഞ്ഞ ഗാത്രമലകുണ്ഡമാണ് മറ്റൊന്ന്.

മജ്ജാകുണ്ഡത്തിൽ ദുർഗ്ഗന്ധം നിറഞ്ഞിരിക്കുന്നു. മാംസകുണ്ഡത്തിലും ചീഞ്ഞളിഞ്ഞ മാംസത്താൽ സദാ ദുർഗ്ഗന്ധം തന്നെയാണ്. കന്യാവിക്രയം ചെയ്ത പാപികളാണവിടെ കഴിയുന്നത്. പുഴുക്കൾ അരിച്ച് യമഭടതാഡനങ്ങൾ സഹിച്ച് അവരവിടെ കഴിയുന്നു. ഒരു വാപിയുടെ നാലിലൊന്നു വലുപ്പത്തിലാണ് നഖാദികചതുഷ്ടയകുണ്ഡങ്ങൾ. യമദൂതൻമാർ അവിടെ വീഴുന്ന പാപികളെ സദാ പീഡിപ്പിച്ചു കൊണ്ടിരിക്കും. ചുട്ടുപൊള്ളുന്ന താമ്രകുണ്ഡത്തിൽ അനേകം ചെമ്പു പ്രതിമകൾ ഉണ്ടു്. പാപികൾ  ഈ പ്രതിമകളെ പുണർന്ന് വിലപിക്കുന്നു.

ലോഹകുണ്ഡത്തിൽ നിറയെ കനൽക്കട്ടകളാണ്. വാപിയുടെ പകുതി വലുപ്പമുള്ള ചർമ്മ കുണ്ഡവും തപ്തസുരാകുണ്ഡവും യമദൂതൻമാരുടെ അടിവാങ്ങാൻ കാത്തുനില്ക്കുന്ന പാപികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. മുള്ളുമരങ്ങൾ നിറഞ്ഞ ശാല്മലീകുണ്ഡത്തിൽ നാലുമുഴം നീളത്തിലുള്ള മുള്ളുകൾ പാപികളെ കീറി മുറിക്കുന്നു. മരത്തിന്റെ തുഞ്ചത്ത് നിന്നും യമഭടൻമാർ പാപികളെ താഴോട്ട് തള്ളിയിടുമ്പോൾ അവർ വീഴുന്നത് ഈ മുള്ളു നിറഞ്ഞ മരക്കൊമ്പുകളിലേക്കാണ്. ഭടൻമാർ തലതല്ലിപ്പൊളിക്കുന്നത് പേടിച്ച് മരത്തിൽക്കേറുന്ന പാപികൾ തിളച്ച എണ്ണയിൽ കിടന്നു പിടയുന്ന ജീവികളെപ്പോലെ വേദനിച്ചു പിടയുന്നു.

വിഷോദകുണ്ഡത്തിൽ തക്ഷകസമാനമായ വിഷസർപ്പങ്ങളുടെ വിഷം നിറയെയുണ്ട്. തൈലകുണ്ഡത്തിൽ തിളച്ച എണ്ണയുണ്ട്. ശരീരം പൊള്ളി വികൃതരായ പാപികളാണവിടെയുള്ളത്. കൂർത്തു മൂർച്ചയേറിയ കുന്തമുനകൾകൊണ്ടു് പാപികളെ കുത്തിക്കീറുന്ന കുന്തകുണ്ഡവും അതിഭീകരമാണ്. ശരശയ്യയുടെ ആകൃതിയാണിതിന്. നാലിലൊന്ന് ക്രോശമാണ് അതിന്‍റെ വലുപ്പം.

കൃമികുണ്ഡത്തിൽ വികൃതരൂപവും തീക്ഷ്ണമായ പല്ലുകൾ ഉള്ളവയുമായ കീടങ്ങൾ പാപികളെ കാർന്നുതിന്നു രസിക്കുന്നു. നാലുക്രോശം വലുപ്പമുള്ള പൂയകുണ്ഡത്തിലും അതിലെ ചലം കുടിച്ച്, കൃമികടിയേറ്റ് പാപികൾ നരകിക്കുന്നു.

കരിമ്പനപോലുള്ള സർപ്പങ്ങൾ നിറഞ്ഞ സർപ്പകുണ്ഡത്തിൽ പാപികളെയാ സർപ്പങ്ങൾ ചുറ്റിവരയുന്നു. മശകകുണ്ഡത്തിൽ പാപികളെ കൈകാലുകൾ ബന്ധിച്ച് മശകാദി കീടങ്ങളെക്കൊണ്ടു്  കടിപ്പിക്കുന്നു. കൂടെ യമകിങ്കരൻമാരുടെ അടിയും കിട്ടും. പിന്നെ തേളുകൾ നിറഞ്ഞൊരു കുണ്ഡം, വജ്രകീടങ്ങൾ നിറഞ്ഞ മറ്റൊരു കുണ്ഡം എന്നിവയും പാപികൾക്കായി തയ്യാറായിരിക്കുന്നു.

ശരകുണ്ഡം, ശൂലകുണ്ഡം, ഖഡ്ഗകുണ്ഡം എന്നിവയ്ക്കോരോന്നിനും അര വാപി വിസ്തൃതിയുണ്ട്. അതത് ആയുധങ്ങളാൽ മുറിഞ്ഞ് ചോരയൊലിപ്പിച്ച് പാപികൾ അവയിൽക്കിടന്ന് വിലപിക്കുന്നു. തിളച്ച വെള്ളവും ഇരുട്ടുമാണ് ഗോളകുണ്ഡത്തിൽ. അവിടെ ഇരുമ്പ്പാരപോലുള്ള കീടങ്ങളാണുള്ളത്. ദുർഗ്ഗന്ധം നിറഞ്ഞ നരകം തന്നെയാണ് ഗോളകുണ്ഡം.

അര വാപി വലുപ്പമുള്ള നക്രകുണ്ഡത്തിൽ ഭയങ്കരങ്ങളായ ചീങ്കണ്ണികൾ പാപികളെ കടിച്ചുകീറുന്നു. കാകകുണ്ഡം നിറയെ മൂത്രാദികൾ ഭക്ഷിച്ചുകൊഴുത്ത വികൃതരൂപികളായ കാക്കകളുണ്ട്. മന്ഥാനകുണ്ഡം, ബീജകുണ്ഡം എന്നിവയ്ക്ക് നൂറ് വിൽപ്പാട് വിസ്തൃതിയുണ്ട്. അവിടത്തെ കൃമികളുടെ കടിയേറ്റു് പാപികൾ നിലവിളിക്കുന്നു. വജ്രകുണ്ഡത്തിന് നൂറ് വിൽപ്പാട് വിസ്താരമുണ്ട്. അവിടെയുള്ള ജീവികൾക്ക് വജ്രാകൃതിയുള്ള ദംഷ്ട്രകൾ ഉണ്ടു്. കൂരിരുട്ടും കൃമികളുടെ ഓരിയും കൊണ്ട് ഭയാനകമാണ് വജ്രകുണ്ഡം.

രണ്ടു വാപി വലുപ്പത്തിലാണ് തപ്തപാഷാണകുണ്ഡം. ചുട്ടുപഴുത്ത കല്ലാണ് അതിനുള്ളിലും ചുറ്റും നിറഞ്ഞിരിക്കുന്നത്. തീയിൽ പൊള്ളിനീറിയാണ് പാപികളവിടെ നടക്കുന്നത്. ലാലാകുണ്ഡത്തിൽ മഹാപാപികൾ തല്ലുകൊണ്ടു് ചോരയൊലിപ്പിച്ചു കിടക്കുന്നു. നൂറ് വിൽപ്പാട് വിസ്തൃതമായ മഷികുണ്ഡത്തിൽ അഞ്ജനപർവ്വതത്തിന്റെ ആകൃതിയിൽ പാഷാണങ്ങൾ ഉണ്ടു്. യമദൂതൻമാരുടെ തല്ലുകൊണ്ടു് വലഞ്ഞ് പാപികൾ അവിടെ ഓടി നടക്കുന്നു.

ഒരു ക്രോശം വിസ്താരമുള്ള ചൂർണ്ണകുണ്ഡം നിറയെ ചുണ്ണാമ്പുപൊടിയാണ്. ആ പൊടിയും തിന്ന് അടിയും കൊണ്ട് പാപികളവിടെ കഴിയുന്നു. ചക്രകുണ്ഡം  കുലാലന്റെ ചക്രമെന്നപോലെ സദാ ചുറ്റിക്കൊണ്ടിരിക്കുന്നു. അതിന്റെ പതിനാറ് ആരങ്ങൾ ഓരോന്നും പാപികളെ അരിഞ്ഞു നുറുക്കുന്നു.

വക്രകുണ്ഡമെന്ന നരകത്തിൽ നിറയെ ക്ഷുദ്രജന്തുക്കളും തിളച്ച വെള്ളവുമുണ്ട്. ഇരുട്ടുനിറഞ്ഞ ആ കുണ്ഡത്തിൽ പാപികൾ ആർത്തനാദം മുഴക്കുന്നു. ഭയപ്പെടുത്തുന്ന ആമകൾ നിറഞ്ഞ കൂർമ്മകുണ്ഡം വികൃതരൂപികൾ നിറഞ്ഞതും ഭയാനകവുമാണ്. പാപികളെയാ കച്ഛപങ്ങൾ കടിച്ചുകീറുന്നു.

ക്രോശ വിസ്താരമുള്ള ജ്വാലാകുണ്ഡത്തിൽ സദാ തീയാളിക്കത്തിക്കൊണ്ടിരിക്കുന്നു. ചുട്ടുപഴുത്ത ചാരം നിറഞ്ഞതാണ് ഭസ്മകുണ്ഡം. അതിലുള്ള ലോഹപാഷാണങ്ങൾ പാപികളെ സദാ പീഡിപ്പിക്കുന്നു. ഒരു ക്രോശം വിസ്താരമുള്ള ദഗ്ദ്ധകുണ്ഡത്തിൽ തല്ലുകൊണ്ടും ദാഹിച്ചും പാപികൾ വലയുന്നു. തിളക്കുന്ന ഉപ്പുനീര് കൊണ്ടു് തൊണ്ട വരണ്ടു് അവർ കഷ്ടപ്പെടുന്നു. ഇരുട്ട് നിറഞ്ഞതിനാൽ അവർക്ക് പരസ്പരം കാണാനുമാവില്ല.

ഭയനാകമായ തപ്തസൂചീകുണ്ഡത്തിൽ മൂർച്ചയേറിയ വാൾത്തലകള്‍ പോലെ കരിമ്പനകളിൽ നിന്നും ഓലകൾ തൂങ്ങിക്കിടക്കുന്നു. ആ ഇലകളിൽ പാപികളുടെ രക്തക്കറ പുരണ്ടു കാണപ്പെടുന്നു. പാപികൾ ആർത്തരായി കരയുന്നതിന്റെ ശബ്ദം അതിഭയങ്കരമായ അസീപത്രകുണ്ഡത്തിൽ എങ്ങും കേൾക്കാം. നൂറ് വില്പാട് വിസ്താരമുള്ള ക്ഷുരധാരാകുണ്ഡം പാപികളുടെ രക്തം കൊണ്ട് നിറഞ്ഞിരിക്കുന്നു. അതു പോലെയാണ് സൂചികാമുഖം എന്ന കുണ്ഡവും.

ഗോക എന്ന ജന്തുവിന്റെ മുഖാകൃതിയാണ് ഗോകാമുഖമെന്ന കുണ്ഡത്തിനുള്ളത്. ഗോകാകീടങ്ങളെ തിന്ന്  തലതൂങ്ങിയ പാപികൾ അവിടെക്കഴിയുന്നു. വായ് തുറന്ന ചീങ്കണ്ണിയുടെ ആകൃതിയുള്ള ആ കുണ്ഡത്തിന് പതിനാറ് വിൽപ്പാട് വിസ്താരമുണ്ട്. ഗജദംശം എന്ന കുണ്ഡത്തിന് നൂറ് വില്പാട് വിസ്താരമുണ്ട്. ഗോമുഖാകൃതിയുള്ള ഗോമുഖകുണ്ഡത്തില്‍ പാപികളെ സദാ പീഡിപ്പിക്കുന്നു.

കാലചക്രത്തോടൊപ്പം ചലിക്കുന്നതും ലക്ഷമാൾപ്പൊക്കമുള്ളതും കുംഭാകാരമുള്ളതും തിളക്കുന്ന എണ്ണ നിറഞ്ഞതും അന്ധകാരം നിറഞ്ഞതുമായ ഒരു ഭീകര നരകമുണ്ട്. അതാണ് കുംഭീപാകം. അവിടെ തപ്തതൈലകുണ്ഡങ്ങളും താമ്രാദികുണ്ഡങ്ങളും ഉണ്ട്. പരസ്പരം അടികൂടുന്ന പാപികളും അലമുറയിടുന്നവരും കൃമികളുമെല്ലാം അവിടെയുണ്ട്. യമകിങ്കരൻമാർ ഉലക്കയും മുൾത്തടിയുമെടുത്ത് അവിടെയുള്ള പാപികളെ താഡിക്കുകയും ചെയ്യും. മറ്റുള്ള കുണ്ഡങ്ങളിൽ എല്ലാം കൂടി എത്ര പാപികൾ ഉണ്ടോ അതിന്റെ നാലിരട്ടി പാപികൾ കുംഭീപാകത്തിൽ കിടന്നു നരകിക്കുന്നു. ആ ഭോഗദേഹങ്ങൾ നാശമില്ലാതെ നിലകൊളളുന്നു. പാപികളെ കാലസൂത്രത്താൽ കെട്ടിവരിഞ്ഞ് കുറച്ചുനേരം വെളളത്തിൽ മുക്കിപ്പിടിച്ചിട്ട് ബോധം കെടുമ്പോൾ അവരെ പുറത്തിടുന്നു. പിന്നീട് ബോധം തെളിയുമ്പോൾ വീണ്ടും അവരെ വെള്ളത്തിൽ മുക്കും.

ഇങ്ങിനെ കഠിനമായ അനുഭവം നല്‍കുന്ന മറ്റൊരു കുണ്ഡമാണ് കാലസൂത്രം. ഇവിടെ ചൂടുവെള്ളം നിറഞ്ഞിരിക്കുന്നു. മൽസ്യോദം എന്ന കുണ്ഡത്തിൽ തിളച്ച വെള്ളമാണ് നിറയെ. കിണർ പോലുള്ള വലിയൊരു കുഴിയാണത്. ചുട്ടുപൊള്ളിയ അവയവങ്ങളോടെ സകല വ്യാധികളും ബാധിച്ച പാപികൾ അവിടോദം എന്ന കുണ്ഡത്തിൽ ഭടന്മാരുടെ അടിയേറ്റ് കിടക്കുന്നു. നൂറ് വിൽപ്പാട് വലുപ്പമുള്ള ആ കുണ്ഡത്തിലെ നീര് തൊട്ടാൽത്തന്നെ ആ പാപികൾക്ക് സർവ്വവ്യാധികളും ഉണ്ടാവും.

കൃമികന്തുകം എന്ന കുണ്ഡത്തിൽ പാപികളെ ഭക്ഷണമാക്കുന്ന അരുന്തദമെന്ന പേരുള്ള പ്രാണികളുണ്ട്. പാംസുഭോജ്യമെന്ന കുണ്ഡത്തിൽ ഉമിത്തീയെരിഞ്ഞു ചുട്ടുപൊള്ളുന്ന ചാരമാണ് നിറഞ്ഞു കിടക്കുന്നത്. പാശവേഷ്ടനകുണ്ഡത്തിൽ വീഴുന്ന പാപികൾ ക്ഷണത്തിൽ പാശത്താൽ ബദ്ധരാവുന്നു. ശൂലപ്രോതകുണ്ഡത്തിൽ വീഴുന്ന പാപികളെ ക്ഷണത്തിൽ കുന്തമുനയിൽ കോർക്കാൻ തയ്യാറായി യമഭടന്മാർ കാത്തിരിക്കുന്നു.

പ്രകമ്പനകുണ്ഡത്തിൽ നിറയെ മഞ്ഞുവെള്ളമാണ്. അതിൽ വീണാലുടൻ പാപികൾ വിറച്ചു തുള്ളിപ്പോവും. ഉൽക്കാമുഖം എന്ന കുണ്ഡത്തിൽ വീഴുന്ന മാത്രയിൽ യമകിങ്കരൻമാർ പാപികളുടെ വായിൽ തീപാറുന്ന ഉൽക്കകൾ തിരുകിക്കയറ്റും. ഇനിയുള്ളത് അന്ധകൂപം എന്നു പേരായ അതിഭയങ്കരമായ നരകമാണ്. ഒരുലക്ഷം ആൾപൊക്കമളവിൽ താഴ്ചയും നൂറ് വില്പാട് വലുപ്പവും ഉള്ള ഈ കുണ്ഡത്തിൽ നിറയെ നാനാതരം കൃമികളാണ്. കണ്ണ് കാണാതെ വലഞ്ഞ് അതിലുള്ള പാപികൾ പരസ്പരം ആക്രമിക്കുകയും അതിലെ ചൂടുവെള്ളം കുടിച്ച് കൃമികളുടെ കടിയേറ്റ് നീറുന്ന അന്ധകാരത്തിൽ ഏറെ നാൾ കഴിയുകയും ചെയ്യും.

നാനാതരം അമ്പുകൾ കൊണ്ട് മുറിവേറ്റ പാപികൾ കിടക്കുന്ന ഇരുപതു വില്പാട് വലുപ്പമുള്ള വേധനം എന്ന കുണ്ഡവും യമഭടൻമാർ സദാ ദണ്ഡു കൊണ്ട് പാപികളെ പ്രഹരിക്കുന്ന ദണ്ഡതാഡനകുണ്ഡവും യമദൂതൻമാർ പാപികളെ മീൻ പിടിക്കുന്നതു പോലെ വലയിട്ടു കുടുക്കുന്ന ജാലരന്ധ്രകുണ്ഡവും അതിഭീകരനരകങ്ങളാണ്.

ഒരു കോടിയാളുകളുടെ പൊക്കത്തിൽ നിന്നും താഴേക്ക് നിപതിക്കുന്നതിനാൽ ലോഹച്ചങ്ങലയാൽ ബന്ധിതരായ പാപികളുടെ ദേഹം തവിടുപൊടിയാക്കുന്ന ദേഹചൂർണ്ണ കുണ്ഡത്തിലും ഇരുട്ട് നിറഞ്ഞിരിക്കുന്നു. അതിൽ മുഴുവൻ ആ പാപികളുടെ ജഡമാണ്. യമദൂത താഡനമേറ്റ് പാപികളുടെ ദേഹം പിളരുന്ന കുണ്ഡമാണ് ദലനം. അതിന് പതിനാറ് വില്പാടാണ് വിസ്തൃതി. മുപ്പത് വിൽപാട് വിസ്തൃതിയിൽ ചുട്ടുപൊള്ളുന്ന മണൽ നിറഞ്ഞ ശോഷണകുണ്ഡത്തിൽ പതിക്കുന്ന മാത്രയിൽ പാപികളുടെ തൊണ്ടയും ചുണ്ടും അണ്ണാക്കും വറ്റിവരണ്ടു് നീറിക്കരിഞ്ഞു പോവും.

ജീവവർഗ്ഗങ്ങളുടെ തൊലികൾ അഴുകി കുന്നുകൂടിക്കിടക്കുന്ന ദുർഗ്ഗന്ധം വമിക്കുന്ന കഷകുണ്ഡത്തിന് നൂറ് വില്പാടാണ് വിസ്താരം. പന്ത്രണ്ടു് വില്പാട് വലുപ്പമുള്ള ശൂർപ്പാകാരകുണ്ഡത്തിൽ മുറം പോലെ വാ പൊളിഞ്ഞ് ചുട്ടുപഴുത്ത ലോഹമണലിലാണ് പാപികൾ പതിക്കുന്നത്. ദുർഗ്ഗന്ധം നിറഞ്ഞ അവിടുത്തെ വസ്തുക്കളാണ് അവരുടെ ഭക്ഷണം. ചുട്ടുപഴുത്ത മണലും അതിൽ വീഴുന്ന മഹാപാപികളും നിറഞ്ഞ ജ്വാലാ കുണ്ഡത്തിൽ നിന്നും തീജ്വാലകൾ സദാ പുറത്തേക്ക് തള്ളിവന്നുകൊണ്ടിരിക്കുന്നു. ഇരുപതു വിൽപ്പാടാണ് അതിന്റെ വലുപ്പം. അതിൽ വീഴുന്നവരെ അഗ്നിജ്വാലാജിഹ്വകൾ ആർത്തിയോടെ നൊട്ടിനുണയുന്നു.

വീഴുന്ന മാത്രയിൽ പാപികളെ ചുട്ടെരിക്കാൻ പോന്നതാണ് ചുട്ട ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ജിഹ്മകുണ്ഡം. അതിൽ മുഴുവൻ ഇരുട്ടും പുകയും നിറഞ്ഞിരിക്കുന്നു. വാപിയുടെ പകുതിയാണതിന്റെ വിസ്താരം. ധൂമ്രാന്ധകുണ്ഡമെന്നും ഇതറിയപ്പെടുന്നു. ഇവിടെ വീഴുന്ന പാപികൾ വീർപ്പുമുട്ടി പിടച്ചു നരകിക്കുന്നു. നൂറ് വിൽപ്പാട് വലുപ്പമുള്ള നാഗവേഷ്ടകുണ്ഡത്തിൽ വീഴുന്ന മാത്രയിൽ നാഗങ്ങൾ പാപികളെ പൊതിയുന്നു. അവരെയാ സർപ്പങ്ങൾ ചുറ്റിവരിഞ്ഞുമുറുക്കി പീഡിപ്പിക്കുന്നു.

ഇതാണ് എൺപത്തിയാറ് കുണ്ഡങ്ങളെപ്പറ്റിയുള്ള സാമാന്യമായ വിവരണം. ഇനിയും ഭവതിക്ക് എന്താണറിയേണ്ടത്?

Sunday, June 4, 2017

ദിവസം 258. ശ്രീമദ്‌ ദേവീഭാഗവതം. 9-36. കർമ്മച്ഛേദമാർഗ്ഗം

ദിവസം 258.  ശ്രീമദ്‌ ദേവീഭാഗവതം. 9-36. കർമ്മച്ഛേദമാർഗ്ഗം

ധർമ്മരാജമഹാഭാഗ വേദവേദാംഗ പാരഗ
നാനാ പുരാണേതിഹാസേ യത്സാരം തത്പ്രദർശയ
സർവ്വേഷു സാരഭൂതം യത്സർവ്വേഷ്ടം സർവ്വസമ്മതം
കർമ്മച്ഛേദ ബീജരൂപം പ്രശസ്തം സുഖദം നൃണാം.

സാവിത്രി പറഞ്ഞു: വേദങ്ങളുടെ പൊരുളറിഞ്ഞ ധർമ്മരാജാവേ അങ്ങ് പുരാണേതിഹാസങ്ങളുടെയെല്ലാം പരമതത്വം എന്തെന്നറിയാവുന്നയാളാണ്. കർമ്മബന്ധം ഇല്ലാതാക്കാൻ സർവ്വസമ്മതവും ഉത്കൃഷ്ടവുമായ മാർഗ്ഗം എന്തെന്ന് എനിക്കു പറഞ്ഞുതന്നാലും. എന്താണ് സർവ്വശുഭപ്രദവും സർവ്വാഭീഷ്ടപ്രദായകവും ആയത്? എന്താണ് സകല ദു:ഖങ്ങളെയും ഇല്ലാതാക്കുന്നത്? എന്താണ് മനുഷ്യരിലെ ഭയത്തെ ഇല്ലാതാക്കാൻ ഉതകുന്നത്? എന്താണ് മനുഷ്യനെ നരകക്കാഴ്ചകളിൽ നിന്നു മോചിപ്പിക്കുന്നത്? ജനനമരണങ്ങൾ ഇനിയുണ്ടാവാതിരിക്കാൻ ഏതു വിധത്തിലുള്ള കർമ്മങ്ങളാണ് മനുഷ്യൻ ചെയ്യേണ്ടത്?

നരകകുണ്ഡങ്ങൾ നിർമ്മിച്ചിട്ടുള്ളത് എങ്ങിനെയാണ്? അവിടെ കിടക്കുന്ന പാപികൾ എപ്രകാരമുള്ളവരാണ്? ചിതയിൽ വച്ച് ദേഹം ഭസ്മമായിക്കഴിയുമ്പോൾ ജീവൻ ലോകാന്തരയാത്ര ആരംഭിക്കുന്നുവല്ലോ. ആ ജീവൻ ഏതു ദേഹരൂപത്തിലാണ് ശുഭാശുഭങ്ങളെ അനുഭവിക്കുന്നത്? നീണ്ടകാലം ക്ലേശമനുഭവിച്ചിട്ടും നശിക്കാത്ത ആ ദേഹത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? ഇവയെപ്പറ്റിയെല്ലാം ദയവായി എനിക്ക് പറഞ്ഞുതന്നാലും.

ധർമ്മരാജൻ പറഞ്ഞു: വത്സേ, വേദങ്ങളിലും പുരാണേതിഹാസങ്ങളിലും ധർമ്മശാസ്ത്ര സംഹിതകളിലും മറ്റ് ഗ്രന്ഥങ്ങളിലും പറഞ്ഞിട്ടുള്ളത് അഞ്ച് ദേവൻമാരെ പൂജിക്കണം എന്നതാണ്. വിഷ്ണു, ശക്തി, ശിവൻ, ഗണേശൻ, ആദിത്യൻ എന്നിവരാണ് ആ പഞ്ചദേവൻമാർ. ഇവരെ ഉപാസിക്കുന്നതിലൂടെ ജന്മമൃത്യുജരാവ്യാധിഭയാദികൾ ഇല്ലാതാക്കാം. സർവ്വമംഗളപ്രദായകവും ആനന്ദപ്രദവുമാണ് പഞ്ചദേവോപാസന. സർവ്വസിദ്ധിപ്രദവും മനുഷ്യനെ നരകക്കടൽ താണ്ടാൻ പര്യാപ്തനാക്കുന്നതും കർമ്മവൃക്ഷത്തെ വേരോടെ ഇല്ലാതാക്കാൻ ഉതകുന്നതുമാണ് ഈ ഉപാസന.

ഭഗവൽ സാലോക്യം, സാമീപ്യം, സ്വരൂപ്യം, സായൂജ്യം എന്നിവ ലഭിക്കാനും ഈ ഉപാസന കൊണ്ട് സാധിക്കും. എന്റെ ദൂതൻമാർ നരകങ്ങളെ പരിപാലിക്കുന്നവരാണ്. എന്നാൽ പഞ്ചദേവോപാസകരായ സാധകർക്ക് സ്വപ്നത്തിൽപ്പോലും നരകത്തെ കാണേണ്ടതായി വരുന്നില്ല. ദേവീഭക്തിയില്ലാത്തവർ എന്റെ നഗരങ്ങളായ നരകങ്ങളുടെ കാഴ്ച കണ്ടേ തീരൂ.  ഭവാൻ ഹരിയെ പൂജിക്കുന്നവരും ഹരിതീർത്ഥം സേവിക്കുന്നവരും അതിഭയാനകമായ സംയമനപുരിയെ കാണുകയില്ല. എന്നാൽ ത്രിസന്ധ്യാചരണം ചെയ്യുന്ന വിപ്രൻമാർ ആചാരശുദ്ധിയുള്ളവർ ആണെങ്കിലും അവർ ദേവീപൂജകൾ അനുഷ്ഠിക്കുന്നില്ലെങ്കിൽ മോക്ഷമർഹിക്കുന്നില്ല. സ്വധർമ്മനിഷ്ഠയുള്ളവർ മൃത്യു ലോകത്തെത്തിയാലും യമഭടൻമാർ അവരെ ഒന്നും ചെയ്യുകയില്ല. യമഭടൻമാർ ശിവോപാസകരെ കണ്ടാൽ ഗരുഡനെ കണ്ട പാമ്പെന്നപോലെ പേടിച്ചു വിറയ്ക്കും. കയറുമായി ശിവഭക്തരുടെ അടുത്തേക്ക് പോകുന്നതിൽ നിന്നും ഞാനവരെ വിലക്കിയിട്ടുണ്ട്. അതുപോലെ തന്നെയാണ് ഹരിഭക്തരുടെ കാര്യവും.

ദേവീമന്ത്രോപാസകൻമാരുടെ പേരുകൾ ചിത്രഗുപ്തൻ ഭയപ്പെട്ട് തന്റെ ഗ്രന്ഥത്തിൽ നിന്നുതന്നെ ചുരണ്ടി മാറ്റും. ചിത്രഗുപ്തൻ അവർക്ക് മധുപർക്കാദികൾ നൽകി ബഹുമാനിക്കും. ദേവീഉപാസകർ ബ്രഹ്മലോകവും കടന്ന് മണിദ്വീപിൽ എത്തിച്ചേരും. അവർ തങ്ങളുടെ കുലത്തെത്തന്നെ പവിത്രമാക്കും. അവരുടെ സ്പർശനം പോലും സകലദുരിതങ്ങളെയും ദൂരീകരിക്കും. തീയിൽ ഉണക്കപ്പുല്ല് എരിഞ്ഞു തീരുന്നതുപോലെയാ ദുരിതങ്ങൾ പാടേ നശിക്കും. മോഹം പോലും അവരെക്കണ്ടാൽ ഓടിയൊളിക്കും.

ദേവീഭക്തനെ കണ്ടാൽ കാമം കാമികളെ തേടിപ്പോവും. ക്രോധം, ലോഭം, മൃത്യു രോഗം, ഭയം, ജര, ശോകം എന്നിവയെല്ലാം ദേവീഭക്തനെ സമീപിക്കുകയില്ല. അവർക്ക് നരകദർശനം അനുഭവിക്കേണ്ടതായി വരുകയില്ല.

ആഗമശാസ്ത്രങ്ങൾക്ക് അനുസൃതമായി  ലോകാന്തരങ്ങളിലെ ദേഹസ്വരൂപത്തെപ്പറ്റി ഇനി പറയാം. പഞ്ചഭൂതങ്ങളായ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവ ചേർന്നാണ് ദേഹമുണ്ടാക്കിയിരിക്കുന്നത്. ഇവയാണ് ദേഹ ബീജമായിരിക്കുന്നത്. എന്നാൽ ഇങ്ങിനെ ഉരുവാകുന്ന ദേഹം നശ്വരമാണ്. ചെറിയൊരു വിരൽ വലുപ്പം മാത്രമുള്ള ജീവൻ ഭോഗങ്ങൾ അനുഭവിക്കാനായി സ്വയം ഒരു സൂക്ഷ്മദേഹം കൈക്കൊള്ളുന്നു. ഈ ദേഹത്തെ എരിക്കാനോ നനയ്ക്കാനോ സാധിക്കുകയില്ല. പ്രഹരമേറ്റാലും മറ്റ് പീഡനങ്ങൾ ഏൽപ്പിച്ചാലും ഈ ദേഹം വേദനിക്കുമെന്നല്ലാതെ നശിക്കില്ല. തിളച്ച ഇരുമ്പു ലായനിയിൽ ഇട്ടാലും, ചുട്ടുപഴുത്ത പാറയിലോ ലോഹത്തിലാ എറിഞ്ഞാലും സൂക്ഷ്മദേഹത്തിന് മാറ്റമില്ല. എന്നാൽ ആ പീഡനങ്ങളുടെ അനുഭവം ജീവന് കൃത്യമായി ഉണ്ടാവുകയും ചെയ്യും.

ദേഹസ്വരൂപവും കാരണവും കേട്ടല്ലോ. ഇനി കുണ്ഡലക്ഷണങ്ങൾ പറയാം.