Devi

Devi

Wednesday, January 13, 2016

ദിവസം 84. ശ്രീമദ്‌ ദേവീഭാഗവതം. 4. 17. ഹരിയുടെ നാനാവതാരങ്ങള്‍

ദിവസം 84. ശ്രീമദ്‌ ദേവീഭാഗവതം. 4. 17. ഹരിയുടെ നാനാവതാരങ്ങള്‍

വരാംഗനാസ്ത്വയാഖ്യാതോ നരനാരായണാശ്രമേ
ഏകം നാരായണം ശാന്തം കാമയാനാ: സ്മരാതുരാ:
ശപ്തു കാമസ്തദാ ജാതോ മുനീര്‍ നാരായണശ്ച താ:
നിവാരിതോ നരേണാഥ ഭ്രാതാ ധര്‍മ്മവിദാ നൃപ

ജനമേജയന്‍ ചോദിച്ചു: 'മാരപരവശരായ സ്വര്‍ഗ്ഗവേശ്യമാര്‍ ബദരികാശ്രമത്തിലെത്തി നാരായണനെ കാമപൂരണത്തിനായി സമീപിച്ചു എന്ന് അങ്ങ് പറഞ്ഞുവല്ലോ. നാരായണമുനി അവരെ ശപിക്കാന്‍ തുടങ്ങിയപ്പോള്‍ അനുജനായ നരമുനി അദ്ദേഹത്തെ തടഞ്ഞുവല്ലോ. അപ്പോള്‍ നാരായണമുനി എന്തുചെയ്തു? അവരെ പരിഗ്രഹിക്കണമെന്നു പലവട്ടം അപേക്ഷിച്ചപ്പോള്‍ അദ്ദേഹം അതെങ്ങിനെ കൈകാര്യം ചെയ്തു? നാരായണന്റെ മോക്ഷചരിതം ഞങ്ങളെ കേള്‍പ്പിച്ചാലും മഹാമുനേ.'

വ്യാസന്‍ പറഞ്ഞു: 'നരന്റെ വാക്കുകള്‍ കേട്ട് നാരായണമുനി ക്രോധമടങ്ങി പുഞ്ചിരിച്ചുകൊണ്ട് തരുണികളെ അഭിസംബോധനചെയ്തു. ‘ഈ ജന്മത്തില്‍ ഞങ്ങള്‍ക്ക് ഭാര്യമാരെ സ്വീകരിക്കുക വയ്യ. അതുകൊണ്ട് നിങ്ങള്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് തിരികെ പോവുക. ധര്‍മ്മം അറിയാവുന്ന നിങ്ങള്‍ മറ്റുള്ളവരുടെ ധര്‍മ്മത്തിന് ഭംഗം വരുത്തുകയില്ലല്ലോ? ശൃംഗാരത്തിന്റെ സ്ഥായിയായ ഭാവം രതിയാണ്. അതില്ലാതെ നിങ്ങളുമായി ബന്ധപ്പെടാന്‍ ആവില്ലല്ലോ? കാര്യത്തിന് ഒരു കാരണം അനിവാര്യമാണ്. നിങ്ങളുടെ നിര്‍മ്മലപ്രേമത്തിനു പാത്രമാവാന്‍ കഴിഞ്ഞതിനാല്‍ ഞാന്‍ അതീവ ധന്യനും ഭാഗ്യവാനുമായി. ഇനി വരുന്ന ജന്മത്തില്‍ ഞാന്‍ നിങ്ങള്‍ക്ക് ഭര്‍ത്താവാകാം. ഈ ജന്മം എന്റെ വ്രതം പരിപാലിക്കാന്‍ അനുവദിക്കുക. ഇരുപത്തിയെട്ടാം ദ്വാപരയുഗത്തില്‍ ദേവകാര്യം നടത്താനായി ഞാന്‍ അവതരിക്കുമ്പോള്‍ നിങ്ങള്‍ എല്ലാവരും എനിക്ക് ഭാര്യമാരാകും. ഓരോരോ രാജാക്കന്മാരുടെ പുത്രിമാരായി നിങ്ങള്‍ക്ക് ജന്മമുണ്ടാവും.’ ഇങ്ങിനെ അടുത്ത ജന്മത്തില്‍ പത്നിമാരാക്കാം എന്ന ഉറപ്പില്‍ അപ്സരസ്സുകള്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് തിരിച്ചു പോയി. അവിടെച്ചെന്ന് ഇന്ദ്രനോട് കാര്യങ്ങള്‍ പറഞ്ഞു. നാരായണമുനി തങ്ങളുടെ ഇംഗിതമനുസരിച്ച് പ്രവര്‍ത്തിക്കുകയുണ്ടായില്ല എന്നവര്‍ ദേവേന്ദ്രനോട് വിശദമായി പറഞ്ഞു. മുനിയുടെ മാഹാത്മ്യം അറിഞ്ഞ ഇന്ദ്രന്‍ അദ്ദേഹത്തെ സ്തുതിച്ചു. ‘ഈ മുനിയുടെ തപോബലം എത്ര അത്ഭുതകരം! സുന്ദരികളായ അപ്സരസ്സുകളെ സ്വന്തം തപശ്ശക്തികൊണ്ട് അദ്ദേഹം സൃഷ്ടിച്ചുകളഞ്ഞല്ലോ!’

മുനി തന്റെ തപസ്സ് തുടര്‍ന്നു. അല്ലയോ ഭാരതവര്‍ഷത്തിനു കീര്‍ത്തിയുണ്ടാക്കിയ രാജാവേ, ഇതാണ് നരനാരായണന്മാരുടെ തപസ്സിന്റെ കഥ. ഈ നരനും നാരായണനുമാണ് അര്‍ജ്ജുനനും കൃഷ്ണനുമായി അവതാരമെടുത്ത് ദുഷ്ടനിഗ്രഹം ചെയ്തത്. അതിനു നിമിത്തമായത് ഭൃഗു മഹര്‍ഷിയുടെ ശാപമായിരുന്നു.

ജനമേജയന്‍ പറഞ്ഞു: 'മഹാമുനേ, എനിക്ക് കൃഷ്ണാവതാര കഥകള്‍ കേള്‍ക്കാന്‍ ധൃതിയായി. എനിക്കാണെങ്കില്‍ അനേകം സംശയങ്ങളും ഉണ്ട്. ഹരിയും അനന്തനും ജന്മം നല്‍കിയ ദേവകീ വസുദേവന്മാര്‍ക്ക് അതിയായ ദുഖമാണല്ലോ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്നത്? അതിനു കാരണമെന്താണ്? മഥുരയില്‍ ജനിച്ച കൃഷ്ണന്‍ വളര്‍ന്നത് ഗോകുലത്തില്‍. കംസനിഗ്രഹം കഴിഞ്ഞു വാണത് ദ്വാരകയില്‍. അദ്ദേഹം തന്റെ പിതാക്കന്മാരുടെ രാജ്യം വേണ്ടെന്നു വച്ച് മറ്റൊരിടത്ത് തന്റെ സാമ്രാജ്യം ഉണ്ടാക്കിയത് എന്തിനാണ്? ഹരിയുടെ കുലം മുടിയാന്‍ ബ്രാഹ്മണശാപമാണ് കാരണം എന്ന് കേട്ടിട്ടുണ്ട്. അതെങ്ങിനെ സംഭവിച്ചു? ഭഗവാനും പാര്‍ത്ഥനും ചേര്‍ന്ന് ദുഷ്ടന്മാരെ ഏറെ കൊന്നൊടുക്കി. അങ്ങിനെ ഭൂമിയുടെ ഭാരം കുറയ്ക്കാന്‍ കഴിഞ്ഞു. എന്നാല്‍ അവര്‍ക്ക് ഭഗവാന്‍ ഹരിയുടെ സ്വന്തം ഭാര്യമാരെ കൊള്ളയടിച്ചവരില്‍ നിന്നും അവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.!

ഭീഷ്മര്‍, ദ്രോണര്‍, കര്‍ണ്ണന്‍ തുടങ്ങിയവരെല്ലാം മരിച്ചുവെങ്കിലും കള്ളന്മാരായ പലരും പിന്നെയും ബാക്കിയായില്ലേ? കൃഷ്ണപത്നിമാര്‍ക്ക് എന്തിനാണ് ഭാഗവാന്‍ ഇവ്വിധം ദുഃഖം നല്‍കിയത്? അതും കൂടാതെ ഭഗവാന്റെ പിതാവ് വസുദേവര്‍ അന്തരിച്ചത് പുത്രശോകം സഹിക്കാഞ്ഞല്ലേ? ധര്‍മ്മിഷ്ഠരായ പാണ്ഡവരും ദുഃഖമേറെ അനുഭവിച്ചു. പാഞ്ചാലിയുടെ കഥയും അതിദാരുണം തന്നെ. സാക്ഷാല്‍ ലക്ഷിയുടെ അംശമായ ദ്രൌപദി സഭാമദ്ധ്യത്തില്‍ അപമാനിക്കപ്പെട്ടു. രജസ്വലയായ ആ രാജകുമാരിയെ ദുശ്ശാസനന്‍ സഭയിലിട്ടു വലിച്ചിഴച്ചു. സിന്ധു രാജാവ് വനവാസ സമയത്ത് അവളെ പീഡിപ്പിച്ചു. കീചകന്‍ അവളെ ശല്യപ്പെടുത്തി. അവളുടെ അഞ്ചു പുത്രന്മാരെയും ആശ്വത്ഥാമാവ്‌ വധിച്ചു കളഞ്ഞു. സുഭദ്രയുടെ മകനും ചെറു പ്രായത്തിലേ മരണപ്പെട്ടു. കംസന്‍ ദേവകിയുടെ ആറു മക്കളെയല്ലേ കൊന്നത്? അതൊന്നും തടയാന്‍ ഭഗവാനായ കൃഷ്ണന് കഴിഞ്ഞില്ലേ? ഭഗവാന്റെ സ്വന്തം യാദവകുലമാണെങ്കില്‍ പ്രഭാസത്തില്‍ വെച്ച് നശിച്ചുപോയി. ഭഗവാന്റെ പത്നിമാരെ കൊള്ളക്കാര്‍ ആക്രമിച്ചു!

ഭഗവാനാണ് നാരായണന്‍. പിന്നെയെങ്ങിനെ അദ്ദേഹം ഒരു ദാസനെപ്പോലെ ഉഗ്രസേനരാജാവിനെ സേവിക്കാനിടയായി? എനിക്കിതിലൊക്കെ സംശയങ്ങള്‍ വര്‍ദ്ധിക്കുകയാണ്. നാരായണമുനി പറയുന്ന സമഭാവനയൊക്കെ നന്ന്, പക്ഷേ സുഖദുഖങ്ങളും എല്ലാവര്‍ക്കും ഒരുപോലെയാണോ? കൃഷ്ണകഥകള്‍ ഒന്ന് വേറെ തന്നെയാണ്. അമാനുഷികമായി അദ്ദേഹം ചെയ്ത കാര്യങ്ങള്‍ എല്ലാം എന്നോടു വിശദമായി പറഞ്ഞു തരണം.

ഭഗവാന്‍ ഹരി പല അസുരന്മാരെയും വധിച്ചത് അതീവ ക്ലേശങ്ങള്‍ സഹിച്ചാണ്. അവരുടെ ആയുസ്സ് ഒടുങ്ങാറായിരുന്നു അപ്പോള്‍. അതിലിപ്പോള്‍ ഭഗവാന്റെ കര്‍മ്മങ്ങള്‍ക്ക് എന്ത് പ്രത്യേകതയാണുള്ളത്? കൃഷ്ണന്‍ രുഗ്മിണിയെ കട്ടുകൊണ്ടുവന്നല്ലേ വിവാഹം ചെയ്തത്? അതില്‍ കള്ളത്തരമുണ്ടല്ലോ? ജരാസന്ധനെ പേടിച്ച് അദ്ദേഹം തന്റെ രാജ്യമായ മഥുര ഉപേക്ഷിച്ച് ദ്വാരകയില്‍ താമസമാക്കി. അപ്പോഴൊന്നും ഈ കൃഷ്ണന്‍ ഭഗവാന്‍ തന്നെയാണെന്ന് ആര്‍ക്കും അറിവുണ്ടായിരുന്നില്ല. ചെറുതിലേ തന്നെ വ്രജത്തില്‍ ഒളിച്ചു താമസിച്ചതിനും ഭഗവാന് കാരണങ്ങള്‍ ഉണ്ടാകുമായിരിക്കും! ഇങ്ങിനെ അനേകം സംശയങ്ങള്‍ എന്റെയുള്ളില്‍ പൊങ്ങിപൊങ്ങി വരുന്നുണ്ട്. അങ്ങേയ്ക്ക് മാത്രമേ അവയെ ഇല്ലാതാക്കാന്‍ കഴിയൂ.

മറ്റൊന്ന്- ഈ ദ്രൌപദിക്ക് അഞ്ചു ഭര്‍ത്താക്കന്മാര്‍ - അതെത്ര ലജ്ജാവഹമാണ്! ലോകരെല്ലാം നിന്ദിക്കുന്ന രീതിയില്‍ അത് മൃഗധര്‍മ്മമല്ലേ? സദ്‌ജനങ്ങള്‍ ചെയ്യുന്നത് മറ്റുള്ളവര്‍ അനുകരിക്കുമല്ലോ! അപ്പോളിതിനു കാരണമെന്താണ്? ഭീഷ്മരുടെ പ്രവര്‍ത്തനങ്ങളും വംശരക്ഷക്കായി വിധവാപുത്രന്മാരെ സൃഷ്ടിക്കാന്‍ അരുനിന്നു. ഏതെങ്കിലുമൊക്കെ രീതിയില്‍ പുത്രോല്‍പ്പാദനമാവാം എന്നാണോ ഈ മുനിമാര്‍ നമ്മെ പഠിപ്പിക്കുന്നത്? അത് ധര്‍മ്മത്തിന് നിരക്കുന്നതാണോ?'

No comments:

Post a Comment