Devi

Devi

Thursday, January 21, 2016

ദിവസം 92. ശ്രീമദ്‌ ദേവീഭാഗവതം. 4. 25. സര്‍വ്വജ്ഞത്വ കഥനം

ദിവസം 92. ശ്രീമദ്‌ ദേവീഭാഗവതം. 4. 25. സര്‍വ്വജ്ഞത്വ കഥനം

സന്ദേഹോമേ മുനിശ്രേഷ്ഠ ജായതേ വചനാത്തവ
വൈഷ്ണവാംശേ ഭഗവതി ദുഖോത്പത്തിം വിലോക്യ ച
നാരായണാംശ സംഭൂതോ വാസുദേവ: പ്രതാപവാന്‍
കഥം സ സൂതികാഗാരാത് ഹൃതോ ബാലോ ഹരേരപി                           

രാജാവ് പറഞ്ഞു: 'മഹാശയാ, വിഷ്ണുവിന്റെ അംശം തന്നെയായ ശ്രീകൃഷ്ണഭഗവാനുപോലും ദുഃഖം അനുഭവിക്കേണ്ടിവന്നു എന്ന് കേട്ട് എന്നില്‍ വീണ്ടും സന്ദേഹങ്ങള്‍ ഉണ്ടാവുന്നു. സാക്ഷാല്‍ നാരായണന്‍റെ ഭവനത്തിലെ ഈറ്റില്ലത്തില്‍ നിന്നും ഒരു ശിശുവിനെ കട്ടുകൊണ്ടുപോവാന്‍ ആര്‍ക്കാണ് കഴിയുക? അതെങ്ങിനെ സാദ്ധ്യമാവും? ദൈത്യന്റെ ഈ ദുഷ്കൃത്യം കൃഷ്ണന്‍ അറിഞ്ഞില്ല എന്നത് അത്യത്ഭുതമായിരിക്കുന്നു. ഇക്കാര്യം കേശവന്‍ അറിയാതെ പോയതിന്റെ പിന്നിലെ രഹസ്യം എന്താണെന്ന് അറിയാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്.'

വ്യാസന്‍ പറഞ്ഞു: 'മനുഷ്യമനസ്സിനെ മായ ബാധിക്കുന്നു. ശാംഭവിയെന്നറിയപ്പെടുന്ന ആ മായക്ക് അതിബലിഷ്ഠന്മാരെയും നിഷ് പ്രയാസം മയക്കാന്‍ കഴിയും എന്നറിയുക. നരജന്മത്തില്‍ അതിന്‍റെ സഹജഗുണങ്ങള്‍ വേണം പ്രതീക്ഷിക്കാന്‍. ദേവഗുണവും അസുരഗുണവും അവിടെ പ്രതീക്ഷിക്കരുത്. മനുഷ്യദേഹമെടുത്തോ, പിന്നെ വിശപ്പ്, ദാഹം, പേടി, നിദ്ര, മടി, വിഭ്രമം, ശോകം, ഹര്‍ഷം, മദം, അഹങ്കാരം,ജര, മൃത്യു, സംശയം, അജ്ഞാനം, അസൂയ, എന്നിവയെല്ലാം സഹജമായും ഉണ്ടാവും.

മുന്നില്‍വന്ന സ്വര്‍ണ്ണമാന്‍പേട കപടമാനാണെന്ന് രാമന്‍ അറിഞ്ഞില്ല. ജാനകിയെ ആരെങ്കിലും കട്ടുകൊണ്ടു പോവുമെന്നും രാമന് നേരത്തേ അറിയാന്‍ കഴിഞ്ഞില്ല. ജടായുവിന്റെ കാര്യമോ അഭിഷേകവിഘ്നത്തിന്റെ കാര്യമോ മുന്‍കൂട്ടിക്കാണാന്‍ രാമന് സാധിച്ചില്ല. തന്‍റെ വനവാസവും പിതാവിന്റെ മരണവും അറിഞ്ഞില്ല. സീതാദേവി നഷ്ടപ്പെട്ടപ്പോള്‍ ഒരു സാധാരണക്കാരന്റെ മട്ടില്‍ അദ്ദേഹം വിലപിച്ചു നടന്നു. രാവണനാണ് സീതയെ കൊണ്ടുപോയതെന്ന് രാമന് മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞില്ല. ബാലിയെ കൊന്നു സുഗ്രീവസഖ്യം ചെയ്തു വാനരസഹായത്തോടെ സമുദ്രത്തില്‍ ചിറകെട്ടിയാണ് രാമന്‍ യുദ്ധത്തില്‍ രാവണനെ തോല്‍പ്പിച്ചത്. അതിനിടയ്ക്ക് രാമന്‍ നാഗപാശത്തിന്റെ മായയില്‍ ബന്ധിതനാവുകയും ചെയ്തു. പിന്നെ ഗരുഡനാണ് രാമന്റെ രക്ഷക്കെത്തിയത്. മേഘനാദന്‍, കുംഭകര്‍ണ്ണന്‍, നികുംഭന്‍ എന്നിവരെയും രാവണനെത്തന്നെയും രാമന്‍ തന്റെ ക്ഷത്രിയ രണവീര്യം കൊണ്ട് തോല്‍പ്പിച്ചു.

ജാനകി ഒരിക്കലും പാപപങ്കിലയല്ല എന്ന് രാമന് അറിയാന്‍ വയ്യാതെ പോയതെന്തുകൊണ്ട്? ആ പതിവ്രതയ്ക്ക് അഗ്നിപരീക്ഷ അനുഭവിക്കേണ്ടി വന്നുവല്ലോ? പിന്നെ ലോകാപവാദം ഭയന്ന് രാമന്‍ ആ ദേവിയെ കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്തു. ലവകുശന്മാരെ കണ്ടിട്ട് അവര്‍ തന്റെ പുത്രന്മാരാണെന്ന് രാമന് മനസ്സിലായില്ല. ജാനകീ ദേവി ഭൂമി പിളര്‍ന്നു തന്നെപ്പിരിഞ്ഞു പോവുമെന്ന്‍ അദ്ദേഹത്തിന് അറിയാന്‍ കഴിഞ്ഞില്ല. ഒരിക്കല്‍ ക്രുദ്ധനായി അദ്ദേഹം തന്റെ പ്രിയപ്പെട്ട അനുജന്‍ ലക്ഷ്മണനെ വധിക്കാന്‍ തുനിയുകപോലും ഉണ്ടായി. തന്‍റെ മരണം മുന്നേ അറിയാനും ശ്രീരാമദേവന് കഴിഞ്ഞില്ല. മനുഷ്യജന്മമെടുത്ത് മനുഷ്യഭാവം പൂണ്ട് രാമന്‍ എങ്ങിനെ ജീവിച്ചുവോ അതുപോലെയൊക്കെത്തന്നെയാണ് കൃഷ്ണന്റെ കാര്യവും. കൃഷ്ണന്‍ ജനിച്ച ഉടനെ തന്നെ കംസനെ പേടിച്ചു ഗോകുലത്തിലേയ്ക്ക് പോയി. പിന്നെ ജരാസന്ധനെ പേടിച്ച് ദ്വാരകയിലേയ്ക്ക് താമസം മാറ്റി. ഇപ്പോള്‍ പുത്രനെ ആരോ മോഷ്ടിച്ച് കൊണ്ട് പോയി എന്ന് വിലപിക്കുന്ന കൃഷ്ണന്‍ രുക്മിണിയെ കല്യാണപന്തലില്‍ നിന്നും മോഷ്ടിച്ചല്ലേ കൊണ്ട് പോയി വേട്ടത്? ശിശുപാലന് വിവാഹമുറപ്പിച്ച കന്യകയായിരുന്നു രുക്മിണി. പ്രദ്യുമ്നനെ തിരികെ കിട്ടിയപ്പോള്‍ അദ്ദേഹം സന്തോഷിക്കുകയും ചെയ്തു.

താന്‍ സ്ത്രീജിതനാണെന്ന് കൃഷ്ണന്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കാണിച്ചിട്ടുണ്ട്. സത്യഭാമ പറഞ്ഞിട്ടല്ലേ കല്‍പ്പവൃക്ഷത്തിനായി സ്വര്‍ഗ്ഗത്ത് പോയി ഇന്ദ്രനെ തോല്‍പ്പിച്ചത്? പ്രദ്യുമ്നന്‍ മുതലായ ശേഷ്ഠപുത്രന്മാരെക്കണ്ടിട്ട് തനിക്കും ഒരുത്തമ പുത്രന്‍ വേണമെന്ന് ജാംബവതി കൃഷ്ണനോടാവശ്യപ്പെട്ടു. അതിനായി ഭഗവാന്‍ ഉപമന്യുമഹര്‍ഷി തപസ്സുചെയ്യുന്ന പര്‍വ്വതത്തില്‍ ചെന്ന് അദ്ദേഹത്തെ ഗുരുവായി സ്വീകരിച്ചുകൊണ്ട് തപസ്സാരംഭിച്ചു. ഫലമൂലങ്ങള്‍ മാത്രം ആഹരിച്ച് തലമുണ്ഡനം ചെയ്ത് ദണ്ഡിയായി അദ്ദേഹം ഒരു മാസം തപസ്സു ചെയ്തു. രണ്ടാം മാസത്തില്‍ അദ്ദേഹം ഒറ്റക്കാലില്‍ നിന്ന് ജലപാനം മാത്രമായി തപം ചെയ്തു. മൂന്നാം മാസം മുതല്‍ വായു ഭക്ഷണം മാത്രമായി പെരുവിരലില്‍ ഊന്നി നിന്ന് തപം തുടര്‍ന്നു. അങ്ങിനെ ആറാം മാസത്തില്‍ രുദ്രഭഗവാന്‍ സംപ്രീതനായി അദ്ദേഹത്തിനുമുന്നില്‍ പ്രത്യക്ഷനായി. ഇന്ദ്രാദികളും, ബ്രഹ്മാവും വിഷ്ണുവും ശങ്കരന്റെ കൂടെ വന്നു. ശങ്കരന്‍ പറഞ്ഞു: ‘ഞാന്‍ നിന്റെ തപസ്സില്‍ അതീവസന്തുഷ്ടനായിരിക്കുന്നു! എന്താണ് വരമായി വേണ്ടത്? സര്‍വ്വാഭീഷ്ടങ്ങളും സാധിപ്പിക്കാന്‍ കഴിയുന്ന എന്നെ കണ്ടു കഴിഞ്ഞാല്‍പ്പിന്നെ മറ്റു കാമങ്ങള്‍ ഒന്നും ബാക്കിയുണ്ടാവരുത്’

പരമശിവനെക്കണ്ട് ഭക്തിപാരവശ്യത്തോടെ അദ്ദേഹത്തെ സാഷ്ടാംഗം നമസ്കരിച്ചു. ശ്രീകൃഷ്ണന്‍ അതിഗംഭീരമായ സ്വരത്തില്‍ ശിവനെ ഇങ്ങിനെ സ്തുതിച്ചു: ‘ദേവദേവാ, സകലജീവജാലങ്ങളുടേയും ആര്‍ത്തികള്‍ പോക്കുന്നവനേ, വിശ്വത്തിന്‍റെ തന്നെ യോനിയായവനേ, നീലകണ്ഠാ, ഞാന്‍ നിന്നെ നമിക്കുന്നു. പാര്‍വ്വതീ വല്ലഭാ, ത്രിലോകനായകാ, ദൈത്യ സംഹാരകാ, ശൂലപാണേ, അങ്ങയെ കണ്ടതിനാല്‍ എന്‍റെ ജീവിതം ധന്യമായിരിക്കുന്നു. ഞാനീ ലോകത്ത് സ്ത്രീയെന്ന കയറിനാല്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. എന്നെ രക്ഷിക്കണേ. മനുഷ്യജന്മമെടുത്ത ഞാന്‍ അനുഭവിക്കുന്ന കഷ്ടതകള്‍ അനവധിയാണ്. അങ്ങയെ ശരണം പണിഞ്ഞ എന്നെ അങ്ങുതന്നെ ഇതില്‍ നിന്നും കരകയറ്റണം.

ഗര്‍ഭത്തില്‍ കിടന്നുണ്ടായ ദുഃഖം, കംസനെ ഭയപ്പെട്ടു ഗോകുലത്തില്‍ കഴിഞ്ഞ ശൈശവകാലം, കാലിയെ മേച്ചു തലമുടിയില്‍ പൊടിയണിഞ്ഞു വൃന്ദാവനത്തിലെ വാസം, അച്ഛന്റെ നാടായ മഥുര വിട്ടു ദ്വാരകയിലേയ്ക്കുള്ള പാലായനം, യയാതിയുടെ ശാപം ഭയന്ന് സമ്പുഷ്ടമായ രാജ്യം ഉഗ്രസേനനു നല്‍കി ദാസഭാവത്തിലുള്ള ജീവിതം, ഇവ മാത്രമല്ല ദുഃഖപൂരിതമായ  ഗാര്‍ഹസ്ത്യമാണ് എനിക്ക് കിട്ടിയത്. സ്ത്രീയുടെ കയ്യില്‍പ്പെട്ടാല്‍പ്പിന്നെ ധര്‍മ്മപരിപാലനം പോലും എളുപ്പമല്ല. അത് പാരതന്ത്ര്യം തന്നെയാണ്. മോക്ഷചിന്തയ്ക്കൊന്നും അവിടെ സ്ഥാനമേയില്ല. ജാംബവതിയുടെ പ്രേരണയാലാണ് ഞാന്‍ പുത്രലാഭത്തിനായി ഈ തപസ്സു ചെയ്തത്.

അങ്ങയുടെ ദര്‍ശനം ലഭിച്ചശേഷം തുലോം തുച്ഛമായ നശ്വരവസ്തുവിനായി യാചിക്കുന്നവന്‍ എത്ര മൂഢന്‍! എങ്കിലും പെണ്ണിന്റെ പ്രേരണയില്‍ പുരുഷന്‍ എന്തും ചെയ്തുപോവുന്നു. മഹാദേവാ, ഞാന്‍ പുത്രസുഖത്തിനായി യാചിക്കുകയാണ്. ഈ സംസാരം അനിത്യമാണ് എന്നറിഞ്ഞിട്ടും എന്നില്‍ വൈരാഗ്യം വേരുറയ്ക്കുന്നില്ല. ശാപവശാലാണ് നാരായണാംശമായ ഞാന്‍ ഇവിടെ ജനിക്കാനിടയായത്. ജനിച്ചുപോയാല്‍പ്പിന്നെ മായാ ബന്ധനത്തില്‍പ്പെട്ടു ദുഃഖങ്ങള്‍ അനുഭവിക്കുക തന്നെ!'

ഇങ്ങിനെ പ്രാര്‍ത്ഥിച്ച ശ്രീകൃഷ്ണനോട് മഹാദേവന്‍ പറഞ്ഞു: ‘നിനക്ക് പതിനാറായിരത്തി അമ്പതു പത്നിമാരിലുമായി പുത്രന്മാര്‍ അനേകം ഉണ്ടാവും. ഓരോരുത്തരിലും വീരന്മാരായ പത്തു പുത്രന്മാര്‍ ഉണ്ടാവട്ടെ.' കൈകൂപ്പി നില്‍ക്കുന്ന ശ്രീകൃഷ്ണനോട് പാര്‍വ്വതീ ദേവി പറഞ്ഞു:’ കൃഷ്ണാ, അങ്ങ് ഗൃഹസ്ഥന്മാരില്‍ ഏറ്റവും ശ്രേഷ്ഠനായിത്തീരും. എന്നാല്‍ ഒരു നൂറുകൊല്ലം കഴിയുമ്പോള്‍ ബ്രാഹ്മണശാപവും ഗാന്ധാരീശാപവുമെല്ലാം നിമിത്തം നിന്റെ കുലത്തിനും നാശമുണ്ടാവും. ശാപത്തിന്‍റെ വീര്യംകൊണ്ട് നിന്റെ പുത്രന്മാര്‍ തമ്മില്‍ത്തല്ലി നശിക്കും. യാദവകുലം തന്നെ ഇല്ലാതാവും. അതുകഴിഞ്ഞ് നിനക്ക് ദേഹം ത്യജിക്കാം. വരാനുള്ള കാര്യത്തെയോര്‍ത്ത് വ്യാകുലപ്പെട്ടതുകൊണ്ട് കാര്യമൊന്നുമില്ല. അതിനു പരിഹാരമൊന്നുമില്ല എന്നറിയുക. അഷ്ടാവക്രന്റെ ശാപം മൂലം നിന്റെ ഭാര്യമാരെ കാട്ടുകള്ളന്മാര്‍ കൊണ്ടുപോവും’. ഇത്രയും പറഞ്ഞു പരമശിവനും പാര്‍വ്വതീ ദേവിയും അപ്രത്യക്ഷരായി. ഭഗവാന്‍ ദ്വാരകയിലേയ്ക്ക് തിരിച്ചുപോയി.

വ്യാസന്‍ പറഞ്ഞു: ബ്രഹ്മാദികള്‍ ആണെങ്കിലും മായയുടെ തിരത്തള്ളലില്‍ അവര്‍ക്കും പിടിച്ചു നില്‍ക്കാന്‍ ആവില്ലതന്നെ. ചാഞ്ചാടുന്ന മനസ്സും മരപ്പാവകള്‍പോലെയുള്ള ആട്ടവും മായയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. മുജ്ജന്മകര്‍മ്മഫലങ്ങളാണ് മായയ്ക്കുള്ള പ്രേരകശക്തി. എന്നാല്‍ ഒന്നറിഞ്ഞാലും, ആ ഭഗവതിക്ക് ആരോടും പക്ഷപാതമില്ല. എല്ലാവരെയും മോക്ഷമാര്‍ഗ്ഗത്തില്‍ നയിക്കുക എന്നതുമാത്രമാണ് അവിടുത്തെ ലക്ഷ്യം. ചരാചരങ്ങള്‍ നിറഞ്ഞ ഈ ജഗത്തിനെ അമ്മ സൃഷ്ടിക്കാതിരുന്നാല്‍ വിശ്വം മുഴുവനും വെറും ജഡം മാത്രമാവും. അതുകൊണ്ട് ജഗദംബിക കൃപാപൂര്‍വ്വം ഈ വിശ്വത്തെ സൃഷ്ടിച്ചു ജീവജാലങ്ങളെ കര്‍മ്മനിരതരാക്കി നിലനിര്‍ത്തുകയാണ്. ബ്രഹ്മാദികളും, സുരാസുരന്മാരുമെല്ലാം അമ്മയുടെ മായാവലയത്തില്‍ത്തന്നെയാണ്. സ്വാതന്ത്ര്യമുള്ളത് ആ പരാശക്തിക്ക് മാത്രമാണ്. അതിനാല്‍ ഭജിക്കാനും സേവിക്കാനും അര്‍ഹയായി ദേവി മാത്രമേയുള്ളൂ. പരാശക്തിയെ പൂജിക്കുക എന്നതില്‍ അപ്പുറം നമുക്ക് മറ്റൊന്നും കരണീയമായില്ല. കാരണം അവള്‍ക്ക് മുകളില്‍ ജന്മസാഫല്യമായി ആരുമില്ല.

കുലദേവതയായി പരാശക്തിയെ ആരാധിക്കാത്ത കുലത്തില്‍ എനിക്ക് ജന്മം ഉണ്ടാകാതിരിക്കട്ടെ. “ഞാനും ദേവിയും തമ്മില്‍ അന്തരമില്ല. ഞാന്‍ ദുഖരഹിതമായ ബ്രഹ്മമാണ്.” എന്നിങ്ങിനെ താനുമായി ഭേദമില്ലാത്ത ഒന്നായി പരാശക്തിയെ നാം കാണണം. സദ്ഗുരുവിന്റെ ഉപദേശം സ്വീകരിച്ച് ദേവിയെ സ്വാത്മസ്വരൂപിണിയായി ഭാവനചെയ്ത് നിത്യവും ധാനിക്കണം. മറ്റൊരു കര്‍മ്മങ്ങളും മുക്തിദായകമല്ല. ശേതാശ്വരതന്‍ മുതലായ മുനിമാര്‍ ഈ വിധത്തില്‍ ഭവസാഗരതരണം ചെയ്തവരാണ്. ബ്രഹ്മാവ്‌, വിഷ്ണു, ഗൌരി, ലക്ഷ്മി എന്നിവരും ഈ ജഗദംബികയെയാണ് സ്തുതിക്കുന്നത്. 

സംസാരദുഖശമനത്തിനായി അങ്ങ് ചോദിച്ചതിനുത്തരമായി ഞാനീ സദ്‌കഥകള്‍ പറഞ്ഞു. അങ്ങേയ്ക്ക് ഇനിയെന്താണ് അറിയേണ്ടത്? അങ്ങിപ്പോള്‍ കേട്ട പുരാണം കേള്‍ക്കുന്നത് തന്നെ  സര്‍വ്വപാപങ്ങളെയും ഇല്ലാതാക്കാന്‍ പര്യാപ്തമാണ്. നിത്യവും ദേവിയുടെ അത്യത്ഭുതകരമായ കഥകള്‍ കേള്‍ക്കുന്നവന്‍ മുക്തനാവും.'

സൂതന്‍ പറഞ്ഞു: അഞ്ചാംവേദമെന്ന് പ്രശസ്തമായ ശ്രീമദ്‌ ഭാഗവതം കഥ വേദവ്യാസന്‍റെ വാമൊഴിയായാണ് ഞാന്‍ പഠിച്ചത്.

നാലാം സ്കന്ധം സമാപ്തം.                      

No comments:

Post a Comment