ദിവസം 98. ശ്രീമദ് ദേവീഭാഗവതം. 5. 6 ദേവദാനവയുദ്ധം
താമ്രേ fഥ മൂര്‍ച്ഛിതേ ദൈത്യേ മഹിഷ: ക്രോധസംയുത:
സമുദ്യമ ഗദാം ഗുര്‍വീം
ദേവാനുപജഗാമ ഹ
തിഷ്ഠംത്വദ്യ സുരാ:സര്‍വ്വേ
ഹന്മ്യഹം ഗദയാ കീല
സര്‍വ്വേ ബാലിഭുജ: കാമം
ബാലഹീനാ: സദൈവ ഹി
വ്യാസന്‍ തുടര്‍ന്നു:
താമ്രന്‍ ബോധംകെട്ടു വീണപ്പോള്‍ മഹിഷന്‍ അതീവ ക്രോധത്തോടെ ‘നില്ലവിടെ’
എന്നാക്രോശിച്ചു കൊണ്ട് ദേവന്മാര്‍ക്ക് നേരെ പാഞ്ഞടുത്തു. ‘കാക്കപ്പടയ്ക്കും ഇത്ര
ശൌര്യമോ’ എന്ന് അയാള്‍ ദേവന്മാരെ പരിഹസിച്ചു. അവന്‍ ആനപ്പുറത്തിരിക്കുന്ന
ഇന്ദ്രന്റെ തോളില്‍ തന്റെ ഗദകൊണ്ട് ആഞ്ഞടിച്ചു. ഇന്ദ്രന്റെ വജ്രായുധം ആ ഗദയെ
പൊടിച്ചു തരിപ്പണമാക്കി. വീണ്ടും മഹിഷന്‍ ഇന്ദ്രനെ ആക്രമിക്കാന്‍ ഒരു വാളുമായി
അടുത്തുവന്നു. ഇന്ദ്രനും മഹിഷനും തമ്മില്‍ ഗംഭീരമായ പോര് നടന്നു. മുനിമാരും മറ്റും
ആ യുദ്ധം കണ്ടു ഭയപ്പെട്ടു. ഉടനെ അസുരന്‍ ശംഭരീ മായ പ്രയോഗിക്കാന്‍ തുടങ്ങി.
അതിന്റെ മോഹവലയത്തില്‍ നിന്നും മുനിമാര്‍ക്ക്പോലും രക്ഷയില്ല. പെട്ടെന്ന് ഒരു കോടി
മഹിഷന്‍മാര്‍ പടക്കളത്തില്‍ അണിനിരന്നു കാണായി. ഇന്ദ്രന്‍ ഇത്തവണ ഭയചകിതനായി.
വരുണന്‍, സൂര്യന്‍, യമന്‍, അഗ്നി തുടങ്ങിയ ദേവന്മാര്‍ എല്ലാവരും ഇനിയെന്തുചെയ്യും
എന്ന് ഭയപ്പെട്ടു. പടയില്‍ നിന്നും പിന്തിരിഞ്ഞാലോ എന്ന് ആലോചിച്ചു. അവര്‍ മനസാ
ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെ സ്മരിച്ചു.
ദേവന്മാര്‍ സ്മരിച്ച
മാത്രയില്‍ത്തന്നെ ത്രിമൂര്‍ത്തികള്‍ അവരവരുടെ വാഹനങ്ങളായ ഹംസ-ഗരുഡ-വൃഷഭങ്ങളില്‍ കയറി
അവിടെ സമാഗതരായി. മഹാവിഷ്ണുവിന്‍റെ സുദര്‍ശനം ഒന്നെടുത്തപ്പോഴേയ്ക്ക് അസുരന്‍
വിക്ഷേപിച്ച മായക്കാഴ്ചകള്‍ എല്ലാം ഇല്ലാതായി. ത്രിമൂര്‍ത്തികളെ കണ്ട മഹിഷന്‍
ഒരിരുമ്പുലക്കയുമായി അവരുടെ നേര്‍ക്ക് പാഞ്ഞടുത്തു. മഹിഷനോപ്പം ചിക്ഷുരന്‍,
ഉഗ്രാസ്യന്‍, ഉഗ്രവീരന്‍ എന്നീ രാക്ഷസവീരന്മാരും യുദ്ധോല്‍സാഹത്തോടെ അവര്‍ക്ക് നേരെ
പാഞ്ഞു. അസിലോമന്‍, ത്രിനേത്രന്‍, ബാഷ്കലന്‍, അന്ധകന്‍ എന്നിവരും അവരുടെ കൂടെ
കൂടി. ചെന്നായ്ക്കള്‍ പശുക്കുട്ടികളെ വളയുംപോലെ അവര്‍ ദേവന്മാര്‍ക്ക് ചുറ്റും
നിന്നു. ദേവാസുരന്മാര്‍ പരസ്പരം ശരമാരി പൊഴിച്ചു. വിഷ്ണുവിനെ എതിരിട്ട അന്ധകന്‍
തന്റെ ചെവിവരെ വില്ലിന്റെ ഞാണ്‍ വലിച്ചു പിടിച്ച് അഞ്ചു ശരങ്ങള്‍ എയ്തു. എന്നാല്‍
അവ ലക്ഷ്യമെത്തും മുന്‍പ് തടഞ്ഞുനിര്‍ത്തി ദൈത്യനുമേല്‍ ഭഗവാനും അഞ്ച് അമ്പുകള്‍
എയ്തു. അമ്പ് മാത്രമല്ല, വാള്‍, വേല്‍, ഗദ, മഴു, ചക്രം എന്നിവയെല്ലാം പോരിനുള്ള
ആയുധങ്ങളായിരുന്നു. അമ്പതു ദിവസങ്ങള്‍ ഇങ്ങിനെ ദേവദാനവയുദ്ധം തുടരുകയുണ്ടായി.
ഇന്ദ്രന്‍ ബാഷ്കലനോട്,
മഹിഷന്‍ രുദ്രനോട്, ത്രിനേത്രന്‍ യമനോട്, ശ്രീദനോട് മഹാഹനു, പാശിയോട് അസിലോമാവ്,
അന്ധകന്‍ വൈനതേയനോട് എന്നിങ്ങിനെ ദ്വന്ദയുദ്ധങ്ങളും ഉണ്ടായി. വിഷ്ണുവിന്‍റെ
വാഹനമായ ഗരുഡനെ അന്ധകന്‍ പ്രഹരിച്ചു. വീണുകിടന്ന പക്ഷിരാജനെ ഭഗവാന്‍ തഴുകി
ആശ്വസിപ്പിച്ചു. പിന്നെ ഭഗവാന്‍ അന്ധകനെ കൊന്നുകളയണം എന്ന ഉദ്ദേശത്തോടെ തന്‍റെ
ശാര്‍ങ്ഗം എന്ന വില്ലെടുത്ത് അനേകം അമ്പുകള്‍ ഒന്നിച്ചു വര്‍ഷിച്ചു. എന്നാല്‍
അന്ധകന്‍ അവയെയെല്ലാം എതിരസ്ത്രങ്ങള്‍ കൊണ്ട് വെട്ടി വീഴ്ത്തി. പിന്നെ മഹാവിഷ്ണു
തന്റെ സുദര്‍ശനം കയ്യിലെടുത്തു. എന്നാല്‍ ആ ചക്രത്തെയും അസുരന് തടുക്കാനായി.
സാക്ഷാല്‍ മഹാവിഷ്ണുവിന്‍റെ ചക്രം പോലും നിര്‍വീര്യമാക്കിയതില്‍ അഹങ്കാരത്തോടെ
അസുരന്‍ അട്ടഹാസം മുഴക്കി. ദേവന്മാര്‍ ആകുലചിത്തരായി. അസുരന്മാര്‍ വിജയഭേരി മുഴക്കി.
ഉടനെ മഹാവിഷ്ണു തന്റെ
കൌമോദകിയെന്ന ഗദയെടുത്ത് അസുരന്റെ നേരെ പ്രയോഗിച്ചു. തലയില്‍ അടികൊണ്ട അന്ധകന്‍
അവിടെ വീണുമരിച്ചു. അന്ധകന്‍ മരിച്ചതറിഞ്ഞ മഹിഷന്‍ വിഷ്ണുവിനുനേരെ രോഷത്തോടെ
പാഞ്ഞടുത്തു. അപ്പോള്‍ ദേവന്മാരെ പ്രീതിപ്പെടുത്തിക്കൊണ്ട് മഹാവിഷ്ണു ചെറിയൊരു ഞാണൊലി
മുഴക്കി. മഹിഷന്‍റെമേല്‍ ശരമാരി വര്‍ഷിച്ചു. പിന്നീട് അവര്‍ തമ്മില്‍ ഘോരമായ
യുദ്ധമുണ്ടായി. ദൈത്യന്‍ വിഷ്ണുവിന്‍റെ അമ്പുകള്‍ എല്ലാം തടഞ്ഞുനിര്‍ത്തി. പിന്നെ
ഭഗവാന്‍ തന്‍റെ ഗദയാല്‍ മഹിഷനെ ആഞ്ഞടിച്ചു. അവന്‍ മോഹാലസ്യപ്പെട്ട് വീണു.
അസുരന്മാര്‍ വിലപിക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും മഹിഷന് ബോധം തിരിച്ചു കിട്ടി.
അവനുടനെ ഇരുമ്പുലക്കയെടുത്ത് തലയ്ക്ക് മുകളില്‍ പൊക്കിപ്പിടിച്ച് വിഷ്ണുവിന്‍റെ
തലയില്‍ ആഞ്ഞടിച്ചു. അടിയുടെ ആഘാതത്തില്‍ ഭഗവാനും വീണുപോയി. ഗരുഡന്‍ തത്സമയം
അവിടെനിന്നും ഭഗവാനെ എടുത്ത് പറന്നകന്നു. ഭഗവാന്‍ യുദ്ധത്തില്‍ നിന്നും പിന്മാറി
എന്ന് കണ്ട ദേവന്മാര്‍ നിലവിളി തുടങ്ങി.
No comments:
Post a Comment