ദിവസം 87. ശ്രീമദ് ദേവീഭാഗവതം. 4. 20. വാസുദേവന്റെ
അംശാവതാര കഥ
ശൃണു ഭാരത വക്ഷ്യാമി
ഭാരാവതരണം തഥാ
കുരുക്ഷേത്രേ പ്രഭാസേ ച
ക്ഷപിതം യോഗമായയാ
യദു വംശേ സമുത് പത്തിര്‍
വിഷ്ണോരമിത തേജസ:
ഭൃഗു ശാപ പ്രതാപേന മഹാമായാ
ബലേന ച
വ്യാസന്‍ പറഞ്ഞു: ആ യോഗമായ
കുരുക്ഷേത്രത്തിലും പ്രഭാസതീര്‍ത്ഥത്തിലും വെച്ച് ഭൂഭാരം എങ്ങിനെയാണ് കുറച്ചതെന്ന്
ഞാന്‍ ഇനി പറയാം. ഭൃഗുമുനി ശപിച്ചതിനാലും മഹാമായയുടെ ശക്തിയും മൂലം അതി തേജസ്വിയായ
ഭഗവാന്‍ ഹരി യദുവംശത്തില്‍ ജന്മമെടുത്തു. ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരെ തന്റെ
ഇച്ഛയ്ക്കൊത്ത് വട്ടം കറക്കുന്ന മഹാമായ ഭൂഭാരം കുറയ്ക്കാന്‍ വിഷ്ണുവിനെ
നിയോഗിച്ചതില്‍ അത്ഭുതമൊന്നുമില്ല. ത്രിമൂര്‍ത്തികള്‍ പോലും സ്വതന്ത്രരല്ലെങ്കില്‍പ്പിന്നെ
ത്രിഗുണങ്ങളാല്‍ സാധാരണക്കാര്‍ വലയുന്നതിലും നാം അത്ഭുതപ്പെടേണ്ടതില്ല. അങ്ങിനെ
ഭൂമിയില്‍ ജനിക്കുന്നതിനായി ഗര്‍ഭവാസക്ലേശവും ദുരിതവും സാക്ഷാല്‍ വിഷ്ണുവും
അനുഭവിക്കുകയുണ്ടായി.
പണ്ട് രാമാവതാരകാലത്ത്
ദേവന്മാര്‍ വാനരന്മാരായി വന്നു. മാത്രമല്ല ഭഗവാനും മായയാല്‍ മോഹിതനായിട്ട്, 'ഞാന്‍', 'എന്റെ', എന്ന തോന്നലുകള്‍ ഉള്ളില്‍ വെച്ച് പുലര്‍ത്തി ദുഃഖം ഏറെ അനുഭവിച്ചു. നിസ്സംഗരും
മോക്ഷമാഗ്രഹിക്കുന്നവരും ഭോഗേച്ഛയുള്ളവരും ആ മഹാമായയെത്തന്നെ ഭജിക്കുന്നു. ആ
ഭഗവതിയോടുള്ള ഭക്തി ലവലേശം അല്ലെങ്കില്‍ അതിന്റെ ലക്ഷത്തില്‍ ഒരംശം ഒരുവനില്‍
ഉണ്ടെങ്കില്‍പ്പോലും അവന് മുക്തിലഭിക്കും. 'ഭുവനേശ്വരീ' എന്ന് മനസ്സറിഞ്ഞു
വിളിച്ചാല്‍ മൂന്നു ലോകവും സാധകനു സ്വന്തം! അതിനൊപ്പം 'അമ്മേ, രക്ഷിക്കണേ!' എന്ന് മനം
നീറി വിളിക്കുകകൂടി ചെയ്താല്‍ അമ്മ അവനു കടപ്പെട്ടവളാകും.
വിദ്യാവിദ്യാ സ്വരൂപിണിയാണ്
ദേവി. വിദ്യകൊണ്ട് മോചനവും അവിദ്യകൊണ്ട് ബദ്ധതയും ഉണ്ടാവും.
ബ്രഹ്മാവിഷ്ണുമഹേശന്മാര്‍ ദേവിയുടെ ഇംഗിതത്തിനൊത്ത് വര്‍ത്തിക്കുന്നു. അതുകൊണ്ട്
വിഷ്ണുവിന്റെ അവതാരങ്ങളുടെയെല്ലാം നിയന്ത്രണം ദേവിയുടെ കയ്യിലാണ് എന്ന് നാമറിയണം. എല്ലാ
അവതാരങ്ങളും കയറിനാല്‍ പാവ എന്നതുപോലെ ദേവിയുടെ കയ്യില്‍ ഭദ്രമായി നിയന്തണത്തിലാണ്.
വിഷ്ണുവാണെങ്കില്‍ ചിലപ്പോള്‍ യാഗം ചെയ്യും, ചിലപ്പോള്‍ ദൈത്യരോടു പോരാടും. ചിലപ്പോള്‍ അദ്ദേഹം തപസ്സിലാണ്. മറ്റുചിലപ്പോള്‍ അദ്ദേഹം യോഗനിദ്രയിലുമാണ്.
ഇതെല്ലാം സ്വന്തം ഇഷ്ടമനുസരിച്ച് ചെയ്യാന്‍ വിഷ്ണുവിനാവില്ല, ഇത് തന്നെയാണ്
വിരിഞ്ചന്റെയും മഹേശ്വരന്റെയും കഥയും. യമന്‍, കുബേരന്‍, ചന്ദ്രന്‍, വസിഷ്ഠന്‍
മുതലായ മുനിമാരും മായയുടെ കയ്യിലിരിക്കുന്ന കയറിനാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.
ആ കയര്‍ അയച്ചുവിടുന്നതിനനുസരിച്ച് അത് വലിക്കുന്നതിന്റെ ക്രമത്തിലാണ്
ഇവരുടെയെല്ലാം പ്രവര്‍ത്തികള്‍. അത് മൂക്ക് കയറിട്ട പശുവിനു സമമാണ്. ഹര്‍ഷം, ശോകം,
ആലസ്യം, എന്നീ അവസ്ഥകള്‍ ദേഹികള്‍ക്കെല്ലാം സഹജമായുള്ളവയാണ്. അമരന്മാര്‍,
ജരയില്ലാത്തവര്‍ എന്നൊക്കെ ചിലരെ നാം വിളിച്ചേക്കാം എന്നാല്‍ അതൊക്കെ വെറും
വാക്കുകള്‍ മാത്രം. ശരിയായി പറഞ്ഞാല്‍ അങ്ങിനെയുള്ള ദേഹികളായി ആരുമില്ല. ഉല്‍പ്പത്തി,
സ്ഥിതി, നാശം എന്നിവ ഇവര്‍ക്കെല്ലാമുണ്ട്. ദുഖത്താല്‍ വലയുന്നവരെ ബോധോത്തമന്മാര്‍
എന്ന് പറയാന്‍ പറ്റുമോ? അവരെ ദേവന്മാര്‍ എന്നെങ്ങിനെ വിളിക്കും? ദുഖിതര്‍ക്ക് കളികളില്‍ ഏര്‍പ്പെടാന്‍ പറ്റുമോ? ദേഹമെടുത്ത എല്ലാവരുടെ സ്ഥിതിയും കൃമികീടങ്ങള്‍ക്ക് സമമല്ലേ?
അമരന്മാരും ആയുസ്സ് തീര്‍ന്നാല്‍ ‘മരന്മാര്‍’ തന്നെയാണ്. ചിലര്‍ക്ക് ആയുസ്സല്‍പ്പം
കൂടും എന്നേയുള്ളു. കൃമികളെക്കാള്‍ മനുഷ്യന്, മനുഷ്യനേക്കാള്‍ ദേവന്മാര്‍ക്ക്,
അവരേക്കാള്‍ ബ്രഹ്മാവിന്, അങ്ങിനെ പോകുന്നു ആയുസ്സിന്റെ വലുപ്പം. വിഷ്ണുവിനും
രുദ്രനും ആയുസ്സ് കൂടുതലാണ്. അതിനാല്‍ അവര്‍ കൂടുതല്‍ കാലം ജീവിക്കും എന്നാലും ആ
ജീവിതത്തിനും അവസാനമുണ്ട്. ജീവനുള്ളവര്‍ മരിക്കും. മരിച്ചവരോ വീണ്ടും ജനിക്കും.
ഇങ്ങിനെ ചാക്രികമാണ് ലോകക്രമം.
മായയുള്ളിടത്തോളം കാലം
ജന്തുക്കള്‍ക്ക് മോഹമടങ്ങി മുക്തിയുണ്ടാവുക സാദ്ധ്യമല്ല. സൃഷ്ടിയുടെ കാലത്ത്
ജനനം, പ്രളയകാലത്ത് മരണം. ഈ നിയമം ബ്രഹ്മാദികള്‍ക്ക് മുതല്‍ അണുക്കള്‍ക്ക് വരെ
ബാധകമാണ്. ജരയും വ്യാധിയും സുഖവും ദുഖവും ഇങ്ങിനെ തന്നെ എല്ലാവര്‍ക്കും ബാധകമാണ്.
കാണപ്പെട്ട ദൈവങ്ങളായ സൂര്യചന്ദ്രന്മാര്‍ക്ക് പോലും രാഹുവില്‍ നിന്നുള്ള ഉപദ്രവം
മൂലം ഭയം ഒഴിഞ്ഞ നേരമില്ല. വേദ വിരചിതാവായ ബ്രഹ്മാവിന്‍റെ കാര്യം വിചിത്രമല്ലേ?
അദ്ദേഹം സ്വപുത്രിയായ സരസ്വതിയെക്കണ്ട് മോഹിച്ചുപോയി. പത്നിയായ സതീദേവി
അഗ്നിപ്രവേശനം ചെയ്തതില്‍ ഖിന്നനായ ശിവന്‍
ദുഖിച്ചു നടന്നില്ലേ? സ്വയം മറ്റുള്ളവരുടെ ദുഖമകറ്റുന്ന മഹാദേവന്‍റെ കാര്യം പോലും
ഇങ്ങിനെയാണ്. കാമാഗ്നിയില്‍ എരിഞ്ഞു കറുത്തുപോയ തന്റെ ദേഹം കാളിന്ദിയില്‍
വീണതിനാലാണ് ആ ജലം ഇങ്ങിനെ കറുത്തിരുണ്ട് പോയത്. ഭൃഗുമുനി വസിക്കുന്ന വനത്തില്‍ പരമശിവന്‍ കാമപരവശനായി ഉടുതുണിപോലുമില്ലാതെ പ്രവേശിച്ചപ്പോള്‍ മുനി അദ്ദേഹത്തെ ശപിച്ചു.
‘നാണമില്ലാത്ത നിന്റെ ലിംഗം തല്‍ക്ഷണം ഉരിഞ്ഞു വീഴട്ടെ’ എന്ന്.
ഇന്ദ്രന്‍ പണ്ട് കാളയായി
ഭൂമിയില്‍ ജനിച്ച് ഭാരം ചുമന്ന്‍ നടന്നു. വിഷ്ണുവിന്‍റെ സര്‍വ്വജ്ഞത്വം
നഷ്ടപ്പെട്ട അവസരങ്ങളും ഉണ്ടായിട്ടില്ലേ? മായപ്പൊന്മാനെ തിരിച്ചറിയാന്‍ ശ്രീരാമന് കഴിയാതെ
പോയില്ലേ? ഇതാണ് മായയുടെ ബലം. വിരഹദുഖിതനായി രാഘവന്‍ കാട്ടില്‍ നടന്നു.
കാട്ടിലെ മരങ്ങളോടും വള്ളിച്ചെടികളോടും ‘എന്റെ സീതയെ കണ്ടോ’ എന്ന് ചോദിച്ച്
വിലപിച്ചലഞ്ഞു. ‘ഇനി വല്ല ദുഷ്ടരും എന്റെ പ്രേയസിയെ കൊണ്ടുപോയി ആഹാരമാക്കിയോ? അവളെ
കിട്ടിയില്ലെങ്കില്‍ ഞാന്‍ മരിക്കും ലക്ഷ്മണാ. നാം മരിച്ചെന്നറിഞ്ഞാല്‍ അമ്മ
ജീവിച്ചിരിക്കില്ല. ശത്രുഘ്നനും ദുഃഖം സഹിക്കില്ല. പിന്നെ മക്കള്‍ മരിച്ച
ദുഖത്തില്‍ സുമിത്രയും ജീവനൊടുക്കും. പിന്നെ കൈകേയി അമ്മയും മകനും മാത്രം സുഖിച്ചു
കഴിയും. സീതേ, സുന്ദരീ, നീയെവിടെ? നിന്നെ കണ്ടില്ലെങ്കില്‍ ഞാന്‍ മരിക്കും. ഞാന്‍
നിന്‍റെ അടിമ. എന്നെ ആശ്വസിപ്പിക്കാന്‍ നീയടുത്തില്ലാതെ പോയല്ലോ? ’ എന്നൊക്കെ
പുലമ്പി നടന്നത് സാക്ഷാല്‍ വിഷ്ണുവിന്റെ അവതാരമായ ശ്രീരാമനല്ലേ?
ലോകത്തിനു മുഴുവന്‍ ആശ്രയം
നല്‍കുന്ന ശ്രീരാമന്‍ വാനരന്മാരെ ആശ്രയിച്ച് അവരുടെ സഹായത്തോടെ കടല്‍ കടന്ന്
രാവണനെ നിഗ്രഹിച്ചു. കൂടെ കുംഭകര്‍ണ്ണനടക്കം മറ്റു രാക്ഷസന്മാരെയും വധിച്ചു. സര്‍വ്വജ്ഞനാണെങ്കിലും
രാവണന്‍ കട്ടുകൊണ്ടുപോയ സീതയെ അഗ്നി പരീക്ഷയ്ക്ക് വിധേയയാക്കിയിട്ടേ ശ്രീരാമന്‍
സ്വീകരിച്ചുള്ളൂ. യോഗമായയുടെ ശക്തിയെത്ര അപാരം! അവള്‍ ചുറ്റിക്കുന്നതിനനുസരിച്ച്
സകലരും വട്ടം കറങ്ങുന്നു! വിഷ്ണുവിന്‍റെ നാനാവതാരങ്ങളും ശാപഫലമായി കര്‍മ്മഫലാനുസാരിയായി
അനുഭവങ്ങളെ ആര്‍ജ്ജിക്കുന്നു. വീണ്ടും കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നു.
ദേവകാര്യം നടത്താനായി ഭഗവാന്‍ ഹരി ശ്രീകൃഷ്ണനായി അവതരിച്ചതിന്റെ കാര്യങ്ങളും ഇനി പറയാം. പണ്ട്
കാളിന്ദീനദിയുടെ തീരത്ത് മധുവനം എന്നൊരു നന്ദനോദ്യാനമുണ്ടായിരുന്നു. അവിടം
വാണിരുന്നത് ശക്തിമാനായ ലവണാസുരനായിരുന്നു. ബ്രാഹ്മണദ്രോഹിയും വരബലത്താല്‍
അഹങ്കാരിയുമായിരുന്ന അവനെ ശത്രുഘ്നന്‍ വധിച്ചു. അവിടെയാണ് അദ്ദേഹം മനോഹരമായ
മഥുരാപുരി നിര്‍മ്മിച്ചത്. അദ്ദേഹത്തിന്റെ കാലശേഷം പുത്രന്മാര്‍ രാജ്യഭാരമേറ്റു.
സൂര്യവംശം ക്ഷയിച്ചപ്പോള്‍ മഥുരാപുരി യയാതിയുടെ പുത്രന്മാരായ യാദവര്‍ കീഴടക്കി.
ശൂരസേനന്‍ അവിടത്തെ രാജാവായി. അദ്ദേഹത്തിന്‍റെ പുത്രനായി വസുദേവന്‍ ജനിച്ചു.
കശ്യപമുനിയുടെ അംശാവതാരമായിരുന്നു വാസുദേവന്‍. അച്ഛന്‍ മരിച്ചപ്പോള്‍ വാസുദേവന്‍
വൈശ്യവൃത്തിയായ പശുപരിപാലനം ചെയ്യുകയും ആ സമയം ഉഗ്രസേനന്‍ രാജപദവി ഏറ്റെടുത്തു.
ഉഗ്രസേനന്റെ മകനാണ് കംസന്‍.
കശ്യപപത്നിയായ അദിതി
ദേവകിയായി അവിടെ ജന്മമെടുത്തു. ദേവകിയെ വാസുദേവന്‍ വിവാഹം ചെയ്തു. വിവാഹവേളയില്‍
ഒരശരീരി വാക്യം കേട്ടു ‘ഹേ, കംസാ, ഈ ദേവകിയുടെ എട്ടാമത്തെ മകന്‍ നിനക്ക്
കാലനാവും’. ഇനിയെന്ത് ചെയ്യും എന്ന് ചിന്താകുലനായ കംസന്‍ ദേവകിയെ കൊന്നുകളഞ്ഞാല്‍പ്പിന്നെ
എട്ടാം പത്രന്‍ ജനിക്കുകയില്ലല്ലോ എന്ന് കരുതി ആ കൊടും ക്രൂരതയ്ക്ക് തയ്യാറായി.
‘ഇവളെ കൊല്ലുന്നത് കഷ്ടമാണ്. എങ്കിലും സ്വദേഹരക്ഷയോളം വലുതല്ല മറ്റൊന്നും. പാപം
ചെയ്‌താല്‍ അതിനുള്ള പ്രായശ്ചിത്തം ചെയ്‌താല്‍ മതിയല്ലോ!’ എന്നയാള്‍ സമാധാനിച്ചു.
ദേവകിയെ കൊല്ലാനായി
വാളുമെടുത്ത് കംസന്‍ അവളുടെ മുടി ചുറ്റിപ്പിടിച്ചു. നവവധുവിനെ നാട്ടുകാരുടെ
മുന്നിലിട്ട് വലിച്ചിഴച്ചു. എല്ലാവരും അലറിക്കരയാന്‍ തുടങ്ങി. പലരും അയാളെ തടഞ്ഞ്
ദേവകിയെ മോചിപ്പിച്ചു. കംസന്റെ പടയും വാസുദേവന്റെ പടയും ഏറ്റുമുട്ടി. ഇങ്ങിനെയുള്ള
പോര് നടക്കുമ്പോള്‍ വയോജനങ്ങള്‍ കംസന് ഹിതമോതിക്കൊടുത്തു. ‘നിന്റെ പെങ്ങളല്ലേ ഇളയച്ഛന്റെ
മകളായ ദേവകി? വേളി നടക്കുമ്പോള്‍ ഒരു കന്യകയെ കൊല്ലുക ! ദുഷ്കീര്‍ത്തിയും പാപവും
വരുത്തിവയ്ക്കുന്നതെന്തിനാണ്? വിദ്വാനായ നീ ആകാശവാണിയെ അത്രയ്ക്ക് വിശ്വസിക്കേണ്ട
കാര്യമൊന്നുമില്ല. ചിലപ്പോള്‍ നിനക്കും വാസുദേവനും ശത്രുവായ ആരെങ്കിലും നിങ്ങളെ
പിണക്കാന്‍ ചെയ്ത പണിയായിക്കൂടെ ഇത്? ഏതോ മായാവിയാണ് നിന്റെ ശത്രു. നിന്റെ പെങ്ങളെ
നിന്റെ കയ്യാല്‍ത്തന്നെ കൊല്ലിക്കാന്‍ നോക്കുകയാണവര്‍’
ഈ വാക്കുകളൊന്നും കംസനെ
പിന്തിരിപ്പിച്ചില്ല. അപ്പോള്‍ വാസുദേവന്‍ പറഞ്ഞു. ‘ഇവള്‍ക്കുണ്ടാവുന്ന
പുത്രരെയെല്ലാം ഞാന്‍ നിന്നെ ഏല്‍പ്പിക്കാം. എന്റെ വാക്ക് സത്യമാണെന്ന്
നിനക്കറിയാം. അഥവാ ഞാന്‍ നിനക്ക് കുഞ്ഞുങ്ങളെ തന്നില്ലെങ്കില്‍ ഞാനും എന്റെ
പ്രപിതാക്കളും കുംഭീപാകത്തില്‍ വീണുകൊള്ളട്ടെ.’ അപ്പോള്‍ നാട്ടുകാരായ വയോവൃദ്ധര്‍
വിളിച്ചു പറഞ്ഞു. ‘ഈ വാസുദേവന്‍ സത്യവാനാണ്. വധുവിനെ വെറുതെ വിടുക’.
കംസന്‍ ശാന്തനായി. ദേവകിയെ
വിട്ടുകൊടുത്തു. സദസ്യര്‍ ആഹ്ലാദഘോഷം മുഴക്കി. ശൂരസേനന്റെ പുത്രനായ വാസുദേവന്‍
ദേവകിയെ തേരിലേറ്റി തന്റെ കൊട്ടാരത്തിലേയ്ക്ക് പോയി.
No comments:
Post a Comment