Devi

Devi

Sunday, January 31, 2016

ദിവസം 101. ശ്രീമദ്‌ ദേവീഭാഗവതം. 5. 9 ഭൂഷായുധാദ്യര്‍പ്പണം

ദിവസം 101. ശ്രീമദ്‌ ദേവീഭാഗവതം. 5. 9 ഭൂഷായുധാദ്യര്‍പ്പണം

ദേവാ വിഷ്ണുവച: ശ്രുത്വാ സര്‍വ്വേ പ്രമുദിതാസ്തദാ
ദദുശ്ച ഭൂഷണാന്യാശു വസ്ത്രാണി സ്വായുധാനി ച
ക്ഷീരോദശ്ചാംബരേ ദിവ്യേ രക്തേ സൂക്ഷ്മേ തഥാ f ജരേ
നിര്‍മലം ച തഥാ ഹാരം പ്രീതസ്തസ്യൈ സുമണ്ഡിതം

വ്യാസന്‍ തുടര്‍ന്നു: വിഷ്ണുവിന്‍റെ നിദ്ദേശപ്രകാരം ദേവന്മാര്‍ അവള്‍ക്ക് ആയുധങ്ങളും കമനീയമായ ഉടയാടകളും ആഭരണങ്ങളും നല്‍കി. പാല്‍ക്കടല്‍ നല്‍കിയത് ചുവന്ന രണ്ടു പട്ടുവസ്ത്രങ്ങളും മുത്തുമാലയും ആയിരുന്നു. വിശ്വകര്‍മ്മാവ് അവള്‍ക്ക് നല്‍കിയത് സൂര്യനെപ്പോലെ ഉജ്ജ്വലപ്രഭയുള്ള ഒരു ചൂഡാമണിയും കൈവളകളും തോള്‍ വളയും ആയിരുന്നു. കാലിലണിയാന്‍ രത്നഖചിതമായ പാദസരങ്ങളും തിളക്കമേറിയ രത്നമോതിരങ്ങളും മാലകളുമെല്ലാം അദ്ദേഹം അവള്‍ക്കു സന്തോഷത്തോടെ നല്‍കുകയുണ്ടായി. വരുണന്റെ സമ്മാനം എന്നും നറുമണം പരത്തുന്ന ഒരിക്കലും വാടാത്ത ഒരു പൂമാലയായിരുന്നു. വണ്ടുകള്‍ ആ പൂമാലയ്ക്ക് ചുറ്റും മൂളിപ്പറന്നു. ഹിമവാന്‍ അവള്‍ക്ക് നല്‍കിയത് അനേകതരം രത്നങ്ങളും സഞ്ചരിക്കാന്‍ സിംഹവാഹനവുമായിരുന്നു. ദിവ്യാഭരണങ്ങളും വസ്ത്രങ്ങളും അണിഞ്ഞ ദേവി സിംഹാസനത്തില്‍ ഇരുന്ന് സര്‍വ്വമംഗളയായി പ്രശോഭിച്ചു.

അസുരനിഗ്രഹത്തിനു വേണ്ടി ഭഗവാന്‍ ഹരി തന്റെ ചക്രത്തില്‍ നിന്നൊരംശം ദേവിക്ക് നല്‍കി. ശങ്കരന്‍ ഭയനാശകവും ശത്രുസംഹാരകവുമായ തന്‍റെ ശൂലത്തില്‍ നിന്നൊരംശം നല്‍കി. വരുണന്‍ തന്റെ ശുഭനാദം പൊഴിക്കുന്ന ശംഖുകളില്‍ ഒന്ന് ദേവിക്ക് നല്‍കി. അഗ്നിഭഗവാന്‍ നല്‍കിയത് ശതഘ്നി എന്ന് പേരായ വേലാണ്. അതിബലവത്തായ, മേഘനാദം മുഴക്കുന്നൊരു വില്ലും ഒരിക്കലുമൊഴിയാത്തൊരാവനാഴിയും വായുദേവന്‍ നല്‍കി. ദേവേന്ദ്രന്‍ തന്റെ വജ്രായുധത്തില്‍ നിന്നും പണിതെടുത്ത മറ്റൊരു വജ്രായുധം കൂടാതെ തന്റെ ആനയായ ഐരാവതത്തിന്റെ കണ്ഠമണികളില്‍ നിന്നും ഉത്തമ നാദമുയിര്‍ക്കുന്ന മണിയൊരെണ്ണവും ദേവിക്ക് നല്‍കി. യമരാജന്‍ ഒരു കാലദണ്ഡാണു നല്‍കിയത്. ബ്രഹ്മാവ്‌ ഗംഗാജലം നിറച്ചൊരു കമണ്ഡലുവും വരുണന്‍ ഒരു കയറും നല്‍കി. കാലന്‍ അവള്‍ക്ക് വാളും പരിചയും നല്‍കി. വിശ്വകര്‍മ്മാവ് നല്ലൊരു മഴുവും കൌമോദകി എന്നൊരു ഗദയും  നല്‍കി. കുബേരന്‍ നല്‍കിയത് ഒരു സ്വര്‍ണ്ണപ്പാത്രം. വരുണന്‍ ഒരു താമരപ്പൂവു നല്‍കി. വിശ്വകര്‍മ്മാവ് വീണ്ടും അതിരമ്യങ്ങളായ നാനാതരം വസ്ത്രങ്ങളും പടച്ചട്ടയും മറ്റും നല്‍കി. സൂര്യന്‍റെ പ്രഭ അവള്‍ക്ക് ചുറ്റും ഒരു ദിവ്യവലയമുണ്ടാക്കി. ഇങ്ങിനെ പ്രഭാപൂരിതയായി സര്‍വ്വാലങ്കാരവിഭൂഷിതയായി കൈകളില്‍ ആയുധങ്ങളേന്തി ത്രിലോകസൌന്ദര്യമെല്ലാം ഒത്തുചേര്‍ന്ന ചൈതന്യവതിയായ ദേവിയെ, ആ മോഹനാംഗിയെ ദേവവൃന്ദം സ്തുതിച്ചു.

ദേവസ്തുതി: കല്യാണിയും ശിവയും ശാന്തിയും പുഷ്ടിയും നിത്യമംഗളയും ആയി വിളങ്ങുന്ന രുദ്രാണിയായ ദേവിയെ ഞങ്ങള്‍ നമസ്കരിക്കുന്നു. കാളരാത്രിയും, ഇന്ദ്രാണിയും അംബയും സിദ്ധി, ബുദ്ധി, വൃദ്ധി സ്വരൂപയും ആയ വൈഷ്ണവിയെ ഞങ്ങളിതാ കുമ്പിടുന്നു. വിശ്വത്തിന്‍റെ നിയന്താവും വിശ്വത്തില്‍ നിവസിക്കുന്നവളുമായ അവടുത്തെ അറിയാന്‍ വിശ്വവാസികള്‍ക്ക് കഴിയുന്നില്ല. മായയുടെ ഉള്ളില്‍ത്തന്നെ നിലകൊള്ളുമ്പോഴും അതേ മായയാല്‍ത്തന്നെ അവിടുന്നു മറ്റുള്ളവര്‍ക്ക് ദുര്‍ഭാവ്യയാണ്. അജയും കര്‍മ്മങ്ങള്‍ക്ക് പ്രേരകയും ആയി നിലകൊള്ളുന്ന ദേവിക്ക് ഞങ്ങളുടെ നമസ്കാരം. ശത്രുപീഡയാല്‍ വലയുന്ന ഞങ്ങളെ അവിടുന്നു തന്നെ തുണയ്ക്കണം. ദുഷ്ടനായ മഹിഷാസുരനെ അവിടുത്തെ തേജസ്സിനാല്‍ സമൂലം ഇല്ലാതാക്കണം. ദേവന്മാര്‍ക്ക് അവിടുന്നല്ലാതെ ആരും അഭയമായിട്ടില്ല. ഞങ്ങള്‍ക്ക് മംഗളമരുളിയാലും. സകല ദേവന്മാര്‍ക്കും ദുഖമുണ്ടാക്കുന്നവനും നാനാരൂപം ധരിച്ചു പീഡിപ്പിക്കുന്നവനുമായ  ആ ദുഷ്ടനെ വധിച്ചു ഞങ്ങളെ രക്ഷിക്കണം.

ദേവന്മാരുടെ സ്തുതി കേട്ട് സുപ്രസന്നയായ ദേവി പറഞ്ഞു: ‘ആ മന്ദബുദ്ധിയെപ്പറ്റിയോര്‍ത്ത് നിങ്ങള്‍ വിഷമിക്കണ്ട. അവനെ മോഹവലയത്തിലാഴ്ത്തി വധിക്കാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു’. എന്നിട്ട് നന്നായി ഉറക്കെ ചിരിച്ചുകൊണ്ട് ഇങ്ങിനെ മൊഴിഞ്ഞു: ‘ഈ ലോകം മുഴുവനും ഭ്രമമോഹത്താല്‍ വലയുന്നു. ത്രിമൂര്‍ത്തികള്‍ പോലും അവനെക്കുറിച്ചുള്ള ഭീതികൊണ്ട് ഉള്‍ക്കിടിലത്തോടെയല്ലേ കഴിയുന്നത്? സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ക്ക് കഴിവുള്ള ഈ മൂന്നു പേരും മഹിഷന്‍റെ ദ്രോഹത്തെ ഭയന്ന് മോഹിച്ചു കഴിയുന്നു. വിധിയെ തടുക്കുക ദുഷ്കരമാണ്. എല്ലാ സുഖദുഖങ്ങള്‍ക്കും ഹേതു കാലം ഒന്നുമാത്രമാണ്.’ ഇങ്ങിനെ പറഞ്ഞ് ദേവിയൊന്നു പൊട്ടിച്ചിരിച്ചു. അസുരന്മാര്‍ ആ ചിരികേട്ട് ഭയന്ന് വിറച്ചു. ഭൂമിയൊന്നു കുലുങ്ങി. സമുദ്രവും പര്‍വ്വതങ്ങളും ഇളകി. നാലുദിക്കും ആ ചിരിയൊച്ച മാറ്റൊലിക്കൊണ്ടു. മേരുപര്‍വ്വതം വിറച്ചു. ദാനവന്മാര്‍ ഭയചകിതരായി. ദേവന്മാര്‍ ഭഗവതിയെ ‘അമ്മേ ശരണം, അമ്മേ, വിജയിക്ക’ എന്നിങ്ങിനെ ആര്‍ത്തുവിളിക്കെ മഹിഷന്‍ തന്റെ കൊട്ടാരത്തിലിരുന്ന് അതുകേട്ട് ക്രുദ്ധനായി.

മഹിഷന്‍ പുതിയൊരാരവം ഉണ്ടാവാന്‍ കാരണമെന്തെന്ന് ദൂതരെ വിട്ട് അന്വേഷിച്ചു. ‘ഈ കര്‍ണ്ണഭേദ്യമായ നാദം മുഴക്കാന്‍ കഴിവുള്ളയാള്‍ ദേവനോ അസുരനോ? ആരാണെങ്കിലും ഇക്ഷണം എന്റെ മുന്നില്‍ അവനെ കൊണ്ടുവരിക’ എന്നയാള്‍ ആജ്ഞാപിച്ചു. ‘അങ്ങിനെ അലറുന്നവന്‍റെ ആയുസ്സ് ഇപ്പോള്‍ തീരും’ എന്നവന്‍ ഊറ്റം കൊണ്ടു. ‘അത് തോറ്റമ്പി ഓടിപ്പോയ ദേവന്മാര്‍ ആവാന്‍ വഴിയില്ല., അവര്‍ക്കിത്ര ഹുങ്കുണ്ടാവില്ല. അസുരന്മാരാണെങ്കില്‍ അവര്‍ എന്‍റെ പക്ഷവുമാണ്. അപ്പോള്‍ ആരാണീ ഹുങ്കാരത്തിന്‍റെ ഉടമ? ഏതായാലും അവന്‍റെ ആയുസ്സറ്റു എന്ന് നിശ്ചയം.’

വ്യാസന്‍ പറഞ്ഞു: ‘മഹിഷ ദൂതന്മാര്‍ പോയിക്കണ്ടത് സര്‍വ്വാംഗ സുന്ദരിയായ ദേവിയെയാണ്. പതിനെട്ടു കൈകളിലും ആയുധങ്ങള്‍ പ്രശോഭിക്കുന്നു. ആ ദിവ്യവനിത അനിതരസാധാരണമായ മട്ടില്‍ ഇടയ്ക്കിടയ്ക്ക് സുരപാനം ചെയ്യുന്നുണ്ട്. സര്‍വ്വലക്ഷണ സംയുക്തയും സര്‍വ്വാഭരണവിഭൂഷിതയും ആയ ദേവിയെക്കണ്ട് ഭയചകിതയായ ദൂതന്മാര്‍ മഹിഷനെ വിവരമറിയിച്ചു. ‘പ്രഭോ ആ ശബ്ദം മുഴക്കിയത് ഒരു സ്ത്രീയാണ്. ആ ദിവ്യനാരിയെ ഞങ്ങള്‍ കണ്ടു. ദേഹം മുഴുവന്‍ നാനാവിധങ്ങളായ ആഭരണങ്ങളും കൈകളില്‍ ആയുധങ്ങളും അലങ്കരിക്കുന്ന അവള്‍ മനുഷ്യസ്ത്രീയല്ല. ദാനവനാരിയുമല്ല. പതിനെട്ടു ബാഹുക്കള്‍. സിംഹത്തിനു പുറത്താണ് ഇരിക്കുന്നത്. ഇടയ്ക്ക് കുടിക്കുന്നത് മധുവാണ്. അവള്‍ക്ക് ഭര്‍ത്താവായി ആരെങ്കിലുമുണ്ടോ എന്നറിയില്ല. ഉത്തമഗര്‍വ്വത്തില്‍ അവളാണ് ദിഗന്തം മുഴങ്ങുമാറ് ഗര്‍ജ്ജിക്കുന്നത്. ആ ദേവിയുടെ ലക്ഷ്യം അറിയാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ഉരിയാടാന്‍ പോയിട്ട് അങ്ങോട്ട്‌ സൂക്ഷിച്ചു നോക്കാന്‍പോലും ഞങ്ങള്‍ അശക്തരായിപ്പോയി. ശൃംഗാരാദി രസങ്ങളും രൌദ്രഭാവങ്ങളും മാറി മാറി വെട്ടുന്ന ആ മുഖം നോക്കാന്‍ ഞങ്ങള്‍ അശക്തരായിപ്പോയി. എന്നാല്‍ ‘ദേവീ രക്ഷിക്കണേ എന്നവളെ വിളിച്ചു ദേവന്മാര്‍ സ്തുതിക്കുന്നത് ഞങ്ങള്‍ കേട്ടു. ഇനി ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് അങ്ങ്  ആജ്ഞാപിച്ചാലും.'

മഹിഷന്‍ പറഞ്ഞു: 'മന്ത്രിസത്തമാ, അങ്ങ് സൈന്യവുമായി പോയി അവളെ ചെന്ന് കണ്ട് സാമദാനഭേദങ്ങളായ ഉപായങ്ങള്‍ കൊണ്ട് അനുനയിപ്പിച്ച് ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരിക. ഇനി ഈ മൂന്നുപായങ്ങളും നടന്നില്ലെങ്കില്‍ അവളെ കൊല്ലാതെ പിടിച്ചു കെട്ടിക്കൊണ്ടു വരിക. മര്യാദയ്ക്ക് നില്‍ക്കുന്നവള്‍ ആണെങ്കില്‍ ഞാനവളെഎന്‍റെ രാജ്ഞിയാക്കാം എന്ന് കരുതുന്നു. ഇവരുടെ വിവരണം കേട്ടിട്ട് അവളുടെ രൂപസൌകുമാര്യത്തില്‍ ഞാനല്‍പ്പം മോഹിതനായി എന്ന് സമ്മതിക്കുന്നു. അതുകൊണ്ട് രസഭംഗം ഇല്ലാതെയിരിക്കാന്‍ അവളെ പെട്ടെന്ന് തന്നെ അനുനയിപ്പിച്ചു കൂട്ടി കൊണ്ട് വരിക.


മന്ത്രിമുഖ്യന്‍ ചതുരംഗപ്പടയോടുകൂടി ദേവീ സവിധത്തിലെത്തി. അവളുടെ മുന്നില്‍ വിനയാന്വിതനായി കുറച്ചൊന്നു ദൂരെ നിന്ന് മാധുര്യസ്വരത്തില്‍ ഇങ്ങിനെ സംസാരിച്ചു: ‘തേന്മൊഴിയായ നീ ആരാണ്? ഇവിടെ വന്നു നില്‍ക്കുന്നതിന്റെ ഉദ്ദേശം എന്താണെന്നും പറയൂ. എന്‍റെ രാജാവ് ബ്രഹ്മാവിന്‍റെ വരം ലഭിച്ചതിനാല്‍ അവധ്യനായ ഒരു മഹാനാണ്. അദ്ദേഹമാണ് നിന്‍റെ ശബ്ദം കേട്ട് ആകൃഷ്ടനായി എന്നെ ദൂതുമായി നിന്‍റെയടുത്തെയ്ക്ക് അയച്ചത്. ആ വീരന്‍ ദേവന്മാരെ യുദ്ധം ചെയ്ത് തോല്‍പ്പിച്ചു. അദ്ദേഹം മഹാമായാവിയാണ്. ഇഷ്ടമുള്ള രൂപം ധരിക്കാന്‍ കഴിവുള്ള അദ്ദേഹം അജയ്യനാണ്. മനോഹരിയായ നീ ഇവിടെയുണ്ടെന്നു കേള്‍ക്കയാല്‍ അവനില്‍ നിന്നെ കാണാനുള്ള കൊതിയുണര്‍ന്നിരിക്കുന്നു. നിന്നെ കാണാന്‍ മനുഷ്യരൂപം ധരിക്കാന്‍ പോലും  അദ്ദേഹം തയ്യാറാണ്. നിന്റെ ഹിതം ഞങ്ങള്‍ക്ക് സമ്മതം. എന്നാല്‍ നമുക്കങ്ങോട്ടു പുറപ്പെട്ടാലോ? അല്ലെങ്കില്‍ ഞാന്‍ പ്രേമലോലുപനായ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വരാം. നിന്‍റെ രൂപസൌന്ദര്യത്തെ വര്‍ണ്ണിച്ചു കേട്ടതുമുതല്‍ അദ്ദേഹം ആകാംഷാഭരിതനാണ്. പറയൂ സുന്ദരീ, എന്താണ് നിനക്ക് ഹിതം? ഞങ്ങള്‍ നീ പറയുന്നതുപോലെ കേള്‍ക്കാം’

Saturday, January 30, 2016

ദിവസം 100. ശ്രീമദ്‌ ദേവീഭാഗവതം. 5. 8. ദേവ്യുത്പത്തി

ദിവസം 100. ശ്രീമദ്‌ ദേവീഭാഗവതം. 5. 8. ദേവ്യുത്പത്തി
തരസാ തേ f ഥ സമ്പ്രാപ്യ വൈകുണ്ഡം വിഷ്ണുവല്ലഭം
ദദൃശു: സര്‍വ്വശോഭാഢ്യം ദിവ്യ ഗൃഹവിരാജിതം
സരോവാപീസരിദ്ഭിശ്ച സംയുതം സുഖദം ശുഭം
ഹംസസാരസ ചക്രാഹ്വൈ: കുജദ്ഭിശ്ച വിരാജിതം

വ്യാസന്‍ തുടര്‍ന്നു: അവര്‍ എല്ലാവരും കൂടി മണിമയങ്ങളായ രമ്യഹര്‍മ്മ്യങ്ങളും നന്ദനോദ്യാനങ്ങളും നിറഞ്ഞ പ്രശോഭസുന്ദരമായ വൈകുണ്ഡത്തില്‍ എത്തിച്ചേര്‍ന്നു. മനോഹരങ്ങളായ തടാകങ്ങളും നീര്‍ച്ചാലുകളും പൂക്കള്‍ സദാ വിരിഞ്ഞു വിടര്‍ന്നു നില്‍ക്കുന്ന തോപ്പുകളും കിളികളുടെ കൂജനവും മറ്റുമായി അവിടം അതി സുന്ദരമായിരുന്നു. പാടുന്ന കുയിലുകള്‍ക്ക് ആടുന്ന മയിലുകള്‍ കൂട്ട് നിന്നു. സുനന്ദന്‍, നന്ദനന്‍ എന്നിവരെക്കൂടാതെ അനേകം വിഷ്ണു പാര്‍ഷദന്മാര്‍ ഭഗവാനെ സ്തുതിച്ചുകൊണ്ട് അവിടെ നില്‍ക്കുന്നു. അവിടെല്ലാം കാണപ്പെടുന്ന അംബരചുംബികളായ രമ്യഹര്‍മ്യങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ അവയില്‍ രത്നക്കല്ലുകള്‍ പതിച്ചിരിക്കുന്നു. അപ്സരസ്സുകള്‍ ആടിപ്പാടിയും ദേവകിന്നരഗന്ധര്‍വ്വന്മാര്‍ അവരവരുടെ കലകളില്‍ മുഴുകിയും അവിടെ ഉല്ലസിക്കുന്നു. മാമുനിമാര്‍ വേദപാഠങ്ങള്‍ ചൊല്ലുന്നു. അങ്ങിനെയുള്ള ഹരിനിലയത്തിനു കാവല്‍ നില്‍ക്കുന്നത് ജയവിജയന്മാരാണ്.

‘ബ്രഹ്മ-രുദ്ര-ഇന്ദ്ര പ്രഭൃതികള്‍ ദേവന്മാരോടുകൂടി ഭഗവാനെ കാണാന്‍ വന്നതായി അറിയിക്കൂ’ എന്ന് കേട്ട് വിജയന്‍ ഓടിച്ചെന്നു മഹാവിഷ്ണുവിനെ വിവരമറിയിച്ചു. ‘ദേവ ദേവാ, ബ്രഹ്മാവും രുദ്രനും ഇന്ദ്രനുമൊക്കെ അങ്ങയെക്കാണാന്‍ ഉത്സുകരായി സ്തുതിഗീതങ്ങളുമായി ഗോപുരദ്വാരത്ത് കാത്തു നില്‍ക്കുന്നു.’. അത് കേട്ട മാത്രയില്‍ ഭഗവാന്‍ ചാടിയെഴുന്നേറ്റു. പെട്ടെന്ന് തന്നെ ഗോപുരവാതില്‍ക്കല്‍ നേരിട്ട് വന്ന് ദേവന്മാരെ എതിരേറ്റു. പരിക്ഷീണരായി നില്‍ക്കുന്ന ദേവന്മാരെ അദ്ദേഹം കൃപാപൂരം പൊഴിക്കുന്ന ദൃഷ്ടിയാല്‍ സാന്ത്വനിപ്പിച്ചു. ദേവന്മാര്‍ ഭഗവാന്‍റെ കാല്‍ക്കല്‍ വീണു നമസ്കരിച്ചു. ‘ദേവ ദേവാ ഞങ്ങള്‍ക്ക് അഭയം നല്‍കിയാലും’ എന്നവര്‍ അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചു.

എല്ലാവര്‍ക്കും ഉചിതമായ ആസനങ്ങള്‍ നല്‍കി മഹാവിഷ്ണു അവരെ തുഷ്ടരാക്കി. എന്നിട്ട് കുശലം അന്വേഷിച്ചു. ‘ബ്രഹ്മാവും രുദ്രനും മറ്റു ദേവന്മാരും ചേര്‍ന്ന് ഇപ്പോള്‍ ഇവിടെ വന്നതിന് എന്തെങ്കിലും ഉചിതമായ കാരണം ഉണ്ടാവും എന്നെനിക്കറിയാം. എന്താണത്?;

അപ്പോള്‍ ദേവന്മാര്‍ പറഞ്ഞു. ’വരബലത്താല്‍ മദമത്തനായ മഹിഷന്‍ ദേവന്മാരെ വല്ലാതെ വലയ്ക്കുന്നു. ബ്രാഹ്മണര്‍ തരുന്ന യജ്ഞഭാഗം കൂടി അവന്‍ എടുക്കുന്നു. ദേവന്മാര്‍ എല്ലാവരും ഇപ്പോള്‍ കഴിയുന്നത് മലമുകളിലും ഗുഹകളിലുമാണ്. നാന്മുഖനായ ഈ ബ്രഹ്മദേവനാണ് അവന് അജയ്യനാവാനുള്ള വരബലം നല്‍കിയത്. ഇനിയിപ്പോള്‍ അങ്ങേയ്ക്ക് മാത്രമേ അവനെ വെല്ലാന്‍ കഴിയൂ. അവനെ വധിക്കാനുള്ള ഉപായം കണ്ടെത്തണം. ആണുങ്ങള്‍ക്ക് അവനെ കൊല്ലാനാവില്ല. എന്നാല്‍ ആ ബലവാനെ കൊല്ലാന്‍ പെണ്ണായിപ്പിറന്ന ആരുണ്ട്? ത്രിമൂര്‍ത്തികളുടെ പ്രിയതമമാര്‍ക്കൊന്നും ഈ ദുഷ്ടനെ കൊല്ലാന്‍ കഴിയില്ല എന്നാണു ഞങ്ങള്‍ക്ക് തോന്നുന്നത്. ഏതായാലും ഭക്തവത്സലനായ അങ്ങ് പെട്ടെന്നൊരു തീരുമാനമെടുത്തില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇനി ജീവനോടെ മുന്നോട്ടു പോവാന്‍ കഴിയില്ല.’

അപ്പോള്‍ മഹാവിഷ്ണു പുഞ്ചിരിയോടെ പറഞ്ഞു: ‘പണ്ട് ഞാന്‍ അവനോടു യുദ്ധം ചെയ്തിട്ടും അവനെ കൊല്ലാന്‍ കഴിഞ്ഞില്ല എന്ന കാര്യം നിങ്ങള്‍ക്കും അറിയാമല്ലോ. എന്നാല്‍ എന്‍റെ അഭിപ്രായത്തില്‍ എല്ലാ ദേവന്മാരും ചേര്‍ന്ന് അവരുടെ തേജസ്സും ബലവും രൂപവും അര്‍പ്പിച്ച് ഒരു നാരിയെ സൃഷ്ടിക്കാമെങ്കില്‍ നമുക്കവനെ വധിക്കാന്‍ പറ്റും. നമ്മുടെയെല്ലാം ശക്തിയുടെ അംശങ്ങള്‍ കൊണ്ട് ജനിക്കുന്ന ഒരു ശക്തിസ്വരൂപിണിക്ക് മാത്രമേ അതിനു കഴിയൂ. നമ്മുടെ പ്രിയതമമാരും അവരുടെ പ്രാര്‍ത്ഥനകള്‍ കൊണ്ട് ആ നാരിയുടെ തേജസ്സു വര്‍ദ്ധിപ്പിക്കട്ടെ. നമ്മുടെ കയ്യിലുള്ള ത്രിശൂലാദി ദിവ്യായുധങ്ങള്‍ അവള്‍ക്ക് നല്‍കാം. സര്‍വ്വായുധങ്ങളും കയ്യിലേന്തി ശക്തിദുര്‍ഗ്ഗമായിത്തീരുന്ന ആ ദേവി ദുരാത്മാവായ ദൈത്യനെ നിഹനിക്കും എന്ന് നിശ്ചയം.’

വ്യാസന്‍ തുടര്‍ന്നു: മഹാവിഷ്ണു ഇത്രയും പറഞ്ഞപ്പോഴേയ്ക്ക് ബ്രഹ്മമുഖത്തു നിന്നും സ്വമേധയാ ഒരു തേജ:പുഞ്ജം ഉത്ഭവിച്ചു. രക്തവര്‍ണ്ണം, ഇളം ചൂടും തണുപ്പും ചേര്‍ന്ന ശുഭ്രത, പത്മരാഗത്തിന്‍റെ ശോഭ എന്നിവ സമ്യക്കായി ചേര്‍ന്നുരുവായ ആ സത്വത്തെക്കണ്ട് രുദ്രനും വിഷ്ണുവും പോലും വിസ്മയിച്ചു. പെട്ടെന്ന് ശങ്കരന്‍റെ ദേഹത്തുനിന്നും അതിപ്രഭാവമുള്ള ഒരു തേജസ്സു വെളുത്ത നിറത്തോടെ ആവീര്‍ഭവിച്ചു. മലപോലെ വലുപ്പമുള്ള ആ തമോഗുണമൂര്‍ത്തി അസുരന്മാര്‍ക്ക് ഭയം ജനിപ്പിക്കും എന്ന് തീര്‍ച്ച. പിന്നെ നീലനിറത്തില്‍ സത്വഗുണം ഘനീഭവിച്ച് വിഷ്ണുദേഹത്തില്‍ നിന്ന് പുറപ്പെട്ട് ആ ദിവ്യസത്വത്തില്‍ എത്തിച്ചേര്‍ന്നു. ഇന്ദ്രനില്‍ നിന്നും സകലഗുണങ്ങളും ഒത്തിണങ്ങിയ തേജസ്സും ഉദ്ഭവിച്ചു. കുബേരന്‍, യമന്‍, വരുണന്‍ തുടങ്ങിയ ദേവപ്രമുഖന്മാരും അവരവരുടെ തേജസ്സുകള്‍ ആ രൂപത്തിലേയ്ക്ക് പകര്‍ന്നു നല്‍കി. മഞ്ഞിന്‍ മലപോലെ വെളുത്തും വലുപ്പമാര്‍ന്നും നിലകൊണ്ട ആ സത്വത്തില്‍ പെട്ടെന്നൊരു നാരീ രൂപം ഉരുത്തിരിഞ്ഞു വന്നു. അത് കണ്ട് എല്ലാവരും വിസ്മയചകിതരായി. അവള്‍ക്ക് പതിനെട്ടു കരങ്ങളുണ്ട്‌. മൂന്ന് വര്‍ണ്ണങ്ങള്‍, ത്രിഗുണങ്ങള്‍ എന്നിവ സമ്യക്കായി അവളില്‍ ഒത്തു ചേര്‍ന്നിട്ടുണ്ട്. മഹാലക്ഷ്മിയും വിശ്വമോഹിനിയുമായ അവളുടെ മുഖം വെളുത്തും കണ്‍കള്‍ നീലിമയാര്‍ന്നും ചുണ്ടുകള്‍ ചുവന്നും, കൈത്തലങ്ങള്‍ രക്തവര്‍ണ്ണമാര്‍ന്നും കാണപ്പെട്ടു. ദിവ്യാഭരണങ്ങളാല്‍ അലങ്കൃതയായ അവള്‍ അതി സുന്ദരിയുമായിരുന്നു. അവളുടെ പതിനെട്ടു കൈകള്‍ ആവശ്യം വരുമ്പോള്‍ ആയിരം കൈകളായിത്തീരും.’

അപ്പോള്‍ ജനമേജയന്‍ ചോദിച്ചു: ആ ദേവിയുടെ ശരീരോത്പത്തി ഒന്ന് വിശദമാക്കി പറഞ്ഞാലും. ആ ദേവിയിലെ തേജസ്സുകള്‍ വിവിധ ദേവന്മാരില്‍ നിന്നും ഉണ്ടായവയാണല്ലോ? അവ ഒറ്റയ്ക്കൊറ്റയ്ക്ക് നിലകൊണ്ടോ അതോ അവയെല്ലാം കൂടിക്കലര്‍ന്നാണോ അവളില്‍ അങ്കുരിച്ചത്? ആ ദേഹത്തിലെ കണ്ണും മൂക്കും മറ്റും ഓരോന്ന് വെവ്വേറെ ഉണ്ടായി വന്നതാണോ? അവയെല്ലാം ഉരുവായപ്പോഴേ തേജോമയങ്ങള്‍ ആയിരുന്നോ? ഓരോരോ അംഗത്തിന്‍റെയും തേജസ്സുകള്‍ ഏതൊക്കെ ദേവന്മാരുടേതാണ്? ആരൊക്കെ എന്തൊക്കെ ആയുധങ്ങളാണ് അവള്‍ക്ക് നല്‍കിയത്? ആരൊക്കെ എന്തൊക്കെ ആഭരണങ്ങളാണ് നല്‍കിയത്? അങ്ങയുടെ മുഖകമലത്തില്‍ നിന്നും നിര്‍ഗ്ഗളിച്ച മഹാലക്ഷ്മീചരിതം കേട്ട് എനിക്ക് മതി വന്നിട്ടില്ല. ഇനിയും അതിനെപ്പറ്റി പറയൂ.’  

രാജാവിന്‍റെ അഭ്യര്‍ത്ഥനയെ മാനിച്ച് വ്യാസന്‍ തുടര്‍ന്നു: ത്രിമൂര്‍ത്തികള്‍ക്ക് ആര്‍ക്കുംതന്നെ ആ ദേവിയുടെ രൂപം ഇന്ന പ്രകാരത്തിലാണ് എന്ന് വര്‍ണ്ണിക്കാന്‍ ആവില്ല. അപ്പോള്‍പ്പിന്നെ എനിക്കതെങ്ങിനെ സാധിക്കും? ദേവി ആവീര്‍ഭവിച്ചു എന്ന് ഏതാനും വാക്കുകളിലൂടെ പറഞ്ഞു വയ്ക്കാന്‍ മാത്രമേ എനിക്ക് കഴിയൂ. നാടകവേദിയില്‍ നടന്‍ ചിലപ്പോള്‍ പല വേഷങ്ങളും നടിക്കുമല്ലോ. അതുപോലെ നിര്‍ഗ്ഗുണയും അരൂപയുമായ ദേവി ദേവകാര്യസാദ്ധ്യത്തിനായി പലരൂപഭാവങ്ങളും ആര്‍ജ്ജിക്കുന്നു. ചിലപ്പോള്‍ ഒരു രൂപം അല്ലെങ്കില്‍ മറ്റുചിലപ്പോള്‍ അനേക രൂപങ്ങള്‍ എന്നിങ്ങിനെ വൈവിദ്ധ്യമാര്‍ന്ന ലീലകളായാണ് അവളുടെ നടനം. കാര്യകര്‍മ്മങ്ങള്‍ക്ക് അനുസരിച്ച് അവള്‍ക്ക് പ്രധാനപ്പെട്ട നാമങ്ങളും അനേകമുണ്ട്. മറ്റ് അമുഖ്യങ്ങളായ നാമങ്ങള്‍ ധാതുഗുണ സംഘാതങ്ങള്‍ക്കനുസരിച്ചാണ് ഉല്‍പ്പന്നമാവുന്നത്.

നാനാ ദേവന്മാര്‍ പ്രദാനം ചെയ്ത തേജസ്സുകളില്‍ നിന്നും അവളെങ്ങിനെ ഉണ്ടായി എന്ന്‍ എന്‍റെ കഴിവുപോലെ ഞാന്‍ പറയാന്‍ ശ്രമിക്കാം. പരമശിവന്‍റെ തേജസ്സില്‍ നിന്നുമാണ് ആ തെളിഞ്ഞു പ്രശോഭിക്കുന്ന മുഖകമലം ഉരുവായത്. യമന്‍റെ തേജസ്സില്‍ നിന്നും നീണ്ടു ചുരുണ്ട് കാര്‍മേഘം പോലെയുള്ള തലമുടിയുണ്ടായി. അഗ്നിയില്‍ നിന്നും മൂന്നു കണ്ണുകള്‍ പ്രോജ്ജ്വലത്തായി ഉരുത്തിരിഞ്ഞു. കറുപ്പും ചുവപ്പും വെളുപ്പുമാണ്‌ ആ കണ്ണുകളെ അലങ്കരിക്കുന്ന നിറക്കൂട്ട്‌. സാന്ധ്യതേജസ്സാണ് അവളുടെ പുരികക്കൊടികള്‍. അവ കാമന്‍റെ വില്ലുകളെപ്പോലെ തേജോമയമത്രേ. വായുവില്‍ നിന്നും കാതുകള്‍ ഉണ്ടായി. അവയോ മലര്‍ബാണന്‍റെ ഊഞ്ഞാലുപോലെയാണ്. ദേവിയുടെ എള്ളിന്‍ പൂവിനൊത്ത നാസിക കുബേരതേജസ്സില്‍ നിന്നുമാണ് ഉണ്ടായത്. പ്രജാപതിയില്‍ നിന്നും മുല്ലമൊട്ടുകള്‍പോലെ അഗ്രം കൂര്‍ത്ത് നിരയൊത്ത് വെളുത്ത് തിളങ്ങുന്ന പല്ലുകളാണ് കിട്ടിയത്. ചെന്തൊണ്ടിപ്പഴത്തിനൊക്കുന്ന ചുണ്ടുകള്‍ക്ക് കാരണം സൂര്യതേജസ്സാണ്. സുബ്രഹ്മണ്യതേജസ്സില്‍ നിന്നാണ് ഓഷ്ഠം. വിഷ്ണുതേജസ്സിനാല്‍ പതിനെട്ടു കൈകള്‍. ചുവന്നുതുടുത്ത വിരലുകള്‍ വസുക്കളുടെ തേജസ്സാണ്. ചാന്ദ്രതേജസ്സിനാല്‍ സ്തനദ്വയങ്ങള്‍ ഉണ്ടായി. മൂന്നു മടക്കുകളുള്ള കടിമദ്ധ്യഭാഗം നല്‍കിയത് ഇന്ദ്രതേജസ്സാണ്. കാല്‍മുട്ടും തുടകളും വരുണനില്‍ നിന്നും ജഘനം ഭൂമീ ദേവിയില്‍ നിന്നും ഉണ്ടായി. ഇങ്ങിനെയാണ്‌ അതിമനോഹരരൂപത്തോടെ, സുമധുരസ്വരത്തോടെ തേജോമണ്ഡലത്തില്‍ നിന്നും ആ ദേവി ആവീര്‍ഭവിച്ചത്.

ദേവതേജസ്സുകള്‍ ഒത്തുചേര്‍ന്നുരുത്തിഞ്ഞ ആ സൌന്ദര്യധാമത്തെ ദേവന്മാര്‍ വിസ്മയത്തോടെ നോക്കിനിന്നുപോയി. മഹിഷാസുരന്‍റെ പീഡനത്തില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ പോവുന്നതിവളാണ് എന്നവര്‍ സന്തോഷിച്ചു. മഹാവിഷ്ണു പറഞ്ഞു: ‘നമുക്കിവളെ സര്‍വ്വാഭരണ വിഭൂഷിതയാക്കാം. ഉചിതമായ ആയുധങ്ങളും അവള്‍ക്കേകാം.’ ദേവന്മാര്‍ അവരവരുടെ ആയുധങ്ങളില്‍ നിന്നും തേജോയുക്തങ്ങളായ ആയുധങ്ങള്‍ നിര്‍മ്മിച്ച്‌ അവളുടെ കൈകളെ അലങ്കരിപ്പിച്ചു.

Friday, January 29, 2016

ദിവസം 99. ശ്രീമദ്‌ ദേവീഭാഗവതം. 5. 7. കൈലാസഗമനം

ദിവസം 99. ശ്രീമദ്‌ ദേവീഭാഗവതം. 5. 7. കൈലാസഗമനം

അസുരാന്‍ മഹിഷോ ദൃഷ്ട്വാ വിഷണ്ണമനസ്തദാ
ത്യക്ത്വാ തന്മാഹിഷം രൂപം ഭാഭൂവ മൃഗരാഡസൗ
കൃത്വാ നാദം മഹാഘോരം വിസ്താര്യ ച മഹാസടാം
പപാത സുരസേനായാം ത്രാസയന്നഖദര്‍ശനൈ:
 
വ്യാസന്‍ തുടര്‍ന്നു: യുദ്ധത്തില്‍ അസുരന്മാരുടെ ദയനീയാവസ്ഥ കണ്ടിട്ട് മഹിഷാസുരന്‍ സ്വയം ഒരു സിംഹത്തിന്‍റെ രൂപമെടുത്തു. അത്യുഗ്രമുച്ചത്തില്‍ സടകുടഞ്ഞ് അലറിക്കൊണ്ട്‌ സിംഹം ദേവന്മാര്‍ക്കിടയിലേയ്ക്ക് ചാടി വീണു. അവന്‍ ഗരുഡനെയും വിഷ്ണുവിനെയും മാന്തി. ഗരുഡന്‍ രക്തത്തില്‍ കുളിച്ചു. വിഷ്ണുവിന്‍റെ കയ്യിലാണ് അവന്‍ മാന്തിയത്. ‘ഇവനെ വധിച്ചിട്ട് തന്നെ കാര്യം’ എന്ന ചിന്തയില്‍ മഹാവിഷ്ണു തന്റെ ചക്രം പുറത്തെടുത്തു. ചക്രം ദേഹത്ത് പതിക്കേ സിംഹഭാവം മാറി മഹിഷന്‍ തന്‍റെ സ്വരൂപത്തിലേയ്ക്ക് തിരിച്ചു വന്നു. അവന്‍ നീണ്ടുവളഞ്ഞ കൊമ്പുകൊണ്ട് വിഷ്ണുവിന്‍റെ മാറില്‍ ആഞ്ഞു പ്രഹരിച്ചു. ഭഗവാന്‍ പെട്ടെന്ന് വൈകുണ്ഡത്തിലേയ്ക്ക് പോയി. ഹരി യുദ്ധക്കളത്തില്‍ നിന്നും പോയപ്പോള്‍ ‘ഇവന്‍ അവധ്യന്‍ തന്നെ’ എന്ന് പറഞ്ഞു ഹരനും അവിടം വിട്ടു കൈലാസത്തിലേയ്ക്ക് ഗമിച്ചു. ബ്രഹ്മാവ് സത്യലോകത്തേയ്ക്ക് മടങ്ങി. ഇന്ദ്രന്‍ വജ്രായുധവുമായി പോര്‍ക്കളത്തില്‍ നിന്നു. വരുണന്‍ വേലുമായി നിന്നു. യമന്‍ ദണ്ഡുമായി നിന്നു. കുബേരനും അഗ്നിയും പോരാടാന്‍ ഉറച്ചു തന്നെ നിന്നു. സൂര്യചന്ദ്രന്മാര്‍ അസുരനെ എതിര്‍ക്കാന്‍ തയ്യാറായി. അപ്പോള്‍ ദാനവപ്പട സര്‍പ്പശരങ്ങള്‍ വര്‍ഷിച്ചുകൊണ്ട് ദേവന്മാരെ ആക്രമിച്ചു. ദേവാസുരന്മാരുടെ യുദ്ധമിങ്ങിനെ കൊടുമ്പിരിക്കൊണ്ടു നീണ്ടു. മഹിഷന്‍ തന്റെ രൂപത്തില്‍ത്തന്നെ യുദ്ധക്കളം നിറഞ്ഞു നിന്നു.

മദഗര്‍വ്വിതനായ മഹിഷന്‍ തന്റെ കൊമ്പുകള്‍ കൊണ്ട് ഗിരിശൃംഗങ്ങള്‍ പൊട്ടിച്ചു വലിച്ചെറിഞ്ഞു. അവന്റെ വാലിന്‍റെ അടിയേറ്റും കാല്‍കുളമ്പിന്‍റെ ചവിട്ടേറ്റും ദേവസൈന്യം വല്ലാതെ വലഞ്ഞു. ദേവന്മാര്‍ ഭയന്ന് വിറച്ചു. ഇന്ദ്രനും യുദ്ധം മതിയാക്കി അവിടം വിട്ടോടി. കുബേരനും വരുണനും പിന്നെ അവിടെ നിന്നില്ല. ഇന്ദ്രന്‍ പിന്തിരിഞ്ഞുപോയപ്പോള്‍ അസുരന്‍ ഗര്‍വ്വോടെ ഉച്ചൈശ്രവസ് എന്ന കുതിരയേയും, കാമാധേനുവിനെയും, ഐരാവതത്തേയും കൊണ്ട് പോയി തന്‍റെ വിജയം ആഘോഷിച്ചു. സൈന്യങ്ങളോടുകൂടി അമരാവതിയും ദേവലോകങ്ങളും കീഴടക്കാന്‍ അസുരന്‍ തീരുമാനിച്ചു. ദേവസിംഹാസനം അവന്‍ കീഴടക്കി. ദൈത്യ പ്രമുഖന്മാരെ മറ്റു സ്ഥാനങ്ങളില്‍ അവനിരുത്തി. നൂറുവര്‍ഷം യുദ്ധം ചെയ്താണ് അവന് ഇന്ദ്രപദവി ലഭ്യമായത്.

ദേവന്മാര്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും പാലായനം ചെയ്തു. അവര്‍ മലമുകളിലും ഗുഹകളിലും കഴിഞ്ഞു കൂടി. ഒടുവില്‍ അവര്‍ ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. പത്മാസനസ്ഥനായ ആ ദേവദേവനെ ദേവന്മാര്‍ സ്തുതിച്ചു. ‘അസുരനോടു തോറ്റു വലഞ്ഞു നാടും വീടുമില്ലാതെ അലയുന്ന ഈ സുരന്മാരോട് അവരുടെ അവസ്ഥ അറിഞ്ഞിട്ടും അങ്ങേയ്ക്ക് കനിവ് തോന്നാത്തതെന്തേ? അങ്ങ് സകലവിധ ദുരിതങ്ങളും ഇല്ലാതാക്കാന്‍ കഴിവുള്ളയാളല്ലേ? അനേകം തെറ്റുകള്‍ ചെയ്തു കൂട്ടിയാലും പിതാവിന് മക്കളെ ഏറെനാള്‍ ഉപേക്ഷിക്കാന്‍ ആവുമോ? ദേവന്മാരുടെ നാട് ഭരിക്കുന്നത് അസുരനാണ്. യജ്ഞഹവിസ്സ് അവര്‍ക്കാണ് പോവുന്നത്. പാരിജാതം അലങ്കരിക്കുന്നത് ഇപ്പോള്‍ അവരെയാണ്. കാമധേനുവിനെ അവര്‍ യഥേഷ്ടം ഉപയോഗിക്കുന്നു. ഞങ്ങളുടെ കഷ്ടകാലത്തെപ്പറ്റി ഞങ്ങള്‍ പറഞ്ഞിട്ടു വേണ്ടല്ലോ അങ്ങേയ്ക്ക് അറിയാന്‍. എല്ലാമറിയുന്ന അങ്ങയുടെ പാദങ്ങള്‍ നമസ്കരിക്കുക എന്നത് മാത്രമേ ഞങ്ങള്‍ക്ക് കരണീയമായുള്ളു. എവിടെച്ചെന്നാലും അവന്റെ ഉപദ്രവം സഹിക്കാന്‍ വയ്യ. വിവിധരൂപങ്ങളെടുത്ത് അവന്‍ ഞങ്ങളുടെ എല്ലാ പ്രവൃത്തികളെയും നിഷ്ഫലമാക്കുന്നു. അങ്ങേയ്ക്ക് മാത്രമേ ഞങ്ങളെ രക്ഷിക്കാനാവൂ. അങ്ങല്ലാതെ ആരാണ് ഞങ്ങള്‍ക്ക് ഒരു രക്ഷ? മറ്റാരെയാണ് ഞങ്ങള്‍ ശരണം പണിയേണ്ടത്?’

ദേവന്മാര്‍ ഇങ്ങിനെ വാഴ്ത്തി നമസ്കരിച്ചപ്പോള്‍ ബ്രഹ്മാവ്‌ പറഞ്ഞു: ’ഞാനെന്തു ചെയ്യട്ടെ? മഹിഷന്‍ സ്ത്രീവധ്യനാണ്. പുരുഷന്മാര്‍ക്ക് അവനെ കൊല്ലാന്‍ കഴിയില്ല. നമുക്കെല്ലാവര്‍ക്കും കൈലാസത്തില്‍പ്പോയി മഹാദേവനെ കാണാം. എല്ലാക്കാര്യത്തിനും രുദ്രനോളം മിടുക്കാര്‍ക്കുമില്ല. അദ്ദേഹത്തെയും കൂട്ടി വൈകുണ്ഡത്തില്‍ച്ചെന്നാല്‍ കാര്യം നടക്കാന്‍ ഒരു വഴി കണ്ടെത്താം. അദ്ദേഹം ഹംസത്തിന്‍റെ പുറത്ത് ദേവന്മാരെ നയിച്ചുകൊണ്ട് യാത്രയായി. പരമശിവന്‍ ദിവ്യദൃഷ്ടിയില്‍ ഇവരുടെ വരവ് കണ്ടു തന്‍റെ ഗേഹത്തിനു വെളിയില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. എല്ലാവരെയും ശങ്കരന്‍ ഉപചരിച്ചിരുത്തി.

ദേവന്മാരുടെ ഈ വരവിനുള്ള  കാരണം അന്വേഷിക്കവേ ബ്രഹ്മാവ്‌ പറഞ്ഞു: 'ദേവദേവാ മഹിഷന്‍റെ ഉപദ്രവം സഹിക്കാതെ ദേവന്മാര്‍ ഇന്ദ്രനടക്കം മലമുകളിലും ഗുഹകളിലും താമസിച്ചു വലയുകയാണ്. യജ്ഞവീതം അസുരന്മാര്‍ തട്ടിയെടുക്കുന്നു. ദിക്പാലരെപ്പോലും അവര്‍ ആക്രമിക്കുന്നു. അസുരനില്‍ നിന്നും രക്ഷകിട്ടാനായി ഇപ്പോള്‍ എല്ലാവരും അങ്ങയെ ശരണം പ്രാപിച്ചു വന്നിരിക്കുന്നു. ദേവന്മാരുടെ കാര്യസാദ്ധ്യം നടത്താന്‍ അങ്ങേയ്ക്ക് മാത്രമേ ആവൂ എന്നെനിക്കറിയാം.

പരമശിവന്‍ തെല്ലു മന്ദഹസിച്ച് ബ്രഹ്മാവിനോട് പറഞ്ഞു: ‘അങ്ങ് തന്നെയാണ് വരദാനത്തിലൂടെ ഈ ദുരവസ്ഥ ഉണ്ടാക്കി വെച്ചത്. ദേവന്മാര്‍ക്ക് അനര്‍ത്ഥമുണ്ടാക്കുന്ന വരം അവനു ലഭിക്കയാല്‍ അവന്‍റെ ബലം വര്‍ദ്ധിതവീര്യമാര്‍ജ്ജിച്ചിരിക്കുന്നു. അവനെക്കൊല്ലാന്‍ ഇനിയൊരു നാരി ജനിക്കണം. നമ്മുടെ പ്രിയതമമാര്‍ക്കൊന്നും അതിനുള്ള മിടുക്കില്ല. ഇന്ദ്രാണിയും യുദ്ധത്തില്‍ വിദഗ്ധയല്ല. നമുക്കെല്ലാവര്‍ക്കും കൂടി ജനാര്‍ദ്ദനനെ ചെന്ന് കാണാം. അദ്ദേഹത്തെ ചെന്നുകണ്ടു സ്തുതിച്ച് കാര്യം അവതരിപ്പിക്കാം ബുദ്ധിയിലും കാപട്യത്തിലും വിഷ്ണു എല്ലാവരിലും അഗ്രഗണ്യന്‍ തന്നെ.’

പരമശിവന്‍റെ വാക്കുകള്‍ കേട്ട് എല്ലാവരും കൂടി വിഷ്ണുസവിധമണയാന്‍ പുറപ്പെട്ടു. ശുഭശകുനങ്ങള്‍ കണ്ടുകൊണ്ട്‌ എല്ലാവരും അവരവരുടെ വാഹനങ്ങളില്‍ക്കയറി. ശുഭസൂചകമായി പറവകള്‍ ചിലച്ചു. ഇളംകാറ്റു വീശി. ആകാശത്തിനു പുതിയൊരു പ്രഭാപരിവേഷം കാണായി. ദേവന്മാരുടെ യാത്ര മംഗളകരമായി ഭവിച്ചു.

Thursday, January 28, 2016

ദിവസം 98. ശ്രീമദ്‌ ദേവീഭാഗവതം. 5. 6 ദേവദാനവയുദ്ധം

ദിവസം 98. ശ്രീമദ്‌ ദേവീഭാഗവതം. 5. 6 ദേവദാനവയുദ്ധം  

താമ്രേ fഥ മൂര്‍ച്ഛിതേ ദൈത്യേ മഹിഷ: ക്രോധസംയുത:
സമുദ്യമ ഗദാം ഗുര്‍വീം ദേവാനുപജഗാമ ഹ
തിഷ്ഠംത്വദ്യ സുരാ:സര്‍വ്വേ ഹന്മ്യഹം ഗദയാ കീല
സര്‍വ്വേ ബാലിഭുജ: കാമം ബാലഹീനാ: സദൈവ ഹി

വ്യാസന്‍ തുടര്‍ന്നു: താമ്രന്‍ ബോധംകെട്ടു വീണപ്പോള്‍ മഹിഷന്‍ അതീവ ക്രോധത്തോടെ ‘നില്ലവിടെ’ എന്നാക്രോശിച്ചു കൊണ്ട് ദേവന്മാര്‍ക്ക് നേരെ പാഞ്ഞടുത്തു. ‘കാക്കപ്പടയ്ക്കും ഇത്ര ശൌര്യമോ’ എന്ന് അയാള്‍ ദേവന്മാരെ പരിഹസിച്ചു. അവന്‍ ആനപ്പുറത്തിരിക്കുന്ന ഇന്ദ്രന്റെ തോളില്‍ തന്റെ ഗദകൊണ്ട് ആഞ്ഞടിച്ചു. ഇന്ദ്രന്റെ വജ്രായുധം ആ ഗദയെ പൊടിച്ചു തരിപ്പണമാക്കി. വീണ്ടും മഹിഷന്‍ ഇന്ദ്രനെ ആക്രമിക്കാന്‍ ഒരു വാളുമായി അടുത്തുവന്നു. ഇന്ദ്രനും മഹിഷനും തമ്മില്‍ ഗംഭീരമായ പോര് നടന്നു. മുനിമാരും മറ്റും ആ യുദ്ധം കണ്ടു ഭയപ്പെട്ടു. ഉടനെ അസുരന്‍ ശംഭരീ മായ പ്രയോഗിക്കാന്‍ തുടങ്ങി. അതിന്റെ മോഹവലയത്തില്‍ നിന്നും മുനിമാര്‍ക്ക്പോലും രക്ഷയില്ല. പെട്ടെന്ന് ഒരു കോടി മഹിഷന്‍മാര്‍ പടക്കളത്തില്‍ അണിനിരന്നു കാണായി. ഇന്ദ്രന്‍ ഇത്തവണ ഭയചകിതനായി. വരുണന്‍, സൂര്യന്‍, യമന്‍, അഗ്നി തുടങ്ങിയ ദേവന്മാര്‍ എല്ലാവരും ഇനിയെന്തുചെയ്യും എന്ന് ഭയപ്പെട്ടു. പടയില്‍ നിന്നും പിന്തിരിഞ്ഞാലോ എന്ന് ആലോചിച്ചു. അവര്‍ മനസാ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെ സ്മരിച്ചു.

ദേവന്മാര്‍ സ്മരിച്ച മാത്രയില്‍ത്തന്നെ ത്രിമൂര്‍ത്തികള്‍ അവരവരുടെ വാഹനങ്ങളായ ഹംസ-ഗരുഡ-വൃഷഭങ്ങളില്‍ കയറി അവിടെ സമാഗതരായി. മഹാവിഷ്ണുവിന്‍റെ സുദര്‍ശനം ഒന്നെടുത്തപ്പോഴേയ്ക്ക് അസുരന്‍ വിക്ഷേപിച്ച മായക്കാഴ്ചകള്‍ എല്ലാം ഇല്ലാതായി. ത്രിമൂര്‍ത്തികളെ കണ്ട മഹിഷന്‍ ഒരിരുമ്പുലക്കയുമായി അവരുടെ നേര്‍ക്ക് പാഞ്ഞടുത്തു. മഹിഷനോപ്പം ചിക്ഷുരന്‍, ഉഗ്രാസ്യന്‍, ഉഗ്രവീരന്‍ എന്നീ രാക്ഷസവീരന്മാരും യുദ്ധോല്‍സാഹത്തോടെ അവര്‍ക്ക് നേരെ പാഞ്ഞു. അസിലോമന്‍, ത്രിനേത്രന്‍, ബാഷ്കലന്‍, അന്ധകന്‍ എന്നിവരും അവരുടെ കൂടെ കൂടി. ചെന്നായ്ക്കള്‍ പശുക്കുട്ടികളെ വളയുംപോലെ അവര്‍ ദേവന്മാര്‍ക്ക് ചുറ്റും നിന്നു. ദേവാസുരന്മാര്‍ പരസ്പരം ശരമാരി പൊഴിച്ചു. വിഷ്ണുവിനെ എതിരിട്ട അന്ധകന്‍ തന്റെ ചെവിവരെ വില്ലിന്റെ ഞാണ്‍ വലിച്ചു പിടിച്ച് അഞ്ചു ശരങ്ങള്‍ എയ്തു. എന്നാല്‍ അവ ലക്ഷ്യമെത്തും മുന്‍പ് തടഞ്ഞുനിര്‍‍ത്തി ദൈത്യനുമേല്‍ ഭഗവാനും അഞ്ച് അമ്പുകള്‍ എയ്തു. അമ്പ്‌ മാത്രമല്ല, വാള്‍, വേല്‍, ഗദ, മഴു, ചക്രം എന്നിവയെല്ലാം പോരിനുള്ള ആയുധങ്ങളായിരുന്നു. അമ്പതു ദിവസങ്ങള്‍ ഇങ്ങിനെ ദേവദാനവയുദ്ധം തുടരുകയുണ്ടായി.

ഇന്ദ്രന്‍ ബാഷ്കലനോട്, മഹിഷന്‍ രുദ്രനോട്, ത്രിനേത്രന്‍ യമനോട്, ശ്രീദനോട് മഹാഹനു, പാശിയോട് അസിലോമാവ്‌, അന്ധകന്‍ വൈനതേയനോട് എന്നിങ്ങിനെ ദ്വന്ദയുദ്ധങ്ങളും ഉണ്ടായി. വിഷ്ണുവിന്‍റെ വാഹനമായ ഗരുഡനെ അന്ധകന്‍ പ്രഹരിച്ചു. വീണുകിടന്ന പക്ഷിരാജനെ ഭഗവാന്‍ തഴുകി ആശ്വസിപ്പിച്ചു. പിന്നെ ഭഗവാന്‍ അന്ധകനെ കൊന്നുകളയണം എന്ന ഉദ്ദേശത്തോടെ തന്‍റെ ശാര്‍ങ്ഗം എന്ന വില്ലെടുത്ത് അനേകം അമ്പുകള്‍ ഒന്നിച്ചു വര്‍ഷിച്ചു. എന്നാല്‍ അന്ധകന്‍ അവയെയെല്ലാം എതിരസ്ത്രങ്ങള്‍ കൊണ്ട് വെട്ടി വീഴ്ത്തി. പിന്നെ മഹാവിഷ്ണു തന്റെ സുദര്‍ശനം കയ്യിലെടുത്തു. എന്നാല്‍ ആ ചക്രത്തെയും അസുരന് തടുക്കാനായി. സാക്ഷാല്‍ മഹാവിഷ്ണുവിന്‍റെ ചക്രം പോലും നിര്‍വീര്യമാക്കിയതില്‍ അഹങ്കാരത്തോടെ അസുരന്‍ അട്ടഹാസം മുഴക്കി. ദേവന്മാര്‍ ആകുലചിത്തരായി. അസുരന്മാര്‍ വിജയഭേരി മുഴക്കി.

ഉടനെ മഹാവിഷ്ണു തന്റെ കൌമോദകിയെന്ന ഗദയെടുത്ത് അസുരന്റെ നേരെ പ്രയോഗിച്ചു. തലയില്‍ അടികൊണ്ട അന്ധകന്‍ അവിടെ വീണുമരിച്ചു. അന്ധകന്‍ മരിച്ചതറിഞ്ഞ മഹിഷന്‍ വിഷ്ണുവിനുനേരെ രോഷത്തോടെ പാഞ്ഞടുത്തു. അപ്പോള്‍ ദേവന്മാരെ പ്രീതിപ്പെടുത്തിക്കൊണ്ട് മഹാവിഷ്ണു ചെറിയൊരു ഞാണൊലി മുഴക്കി. മഹിഷന്‍റെമേല്‍ ശരമാരി വര്‍ഷിച്ചു. പിന്നീട് അവര്‍ തമ്മില്‍ ഘോരമായ യുദ്ധമുണ്ടായി. ദൈത്യന്‍ വിഷ്ണുവിന്‍റെ അമ്പുകള്‍ എല്ലാം തടഞ്ഞുനിര്‍‍ത്തി. പിന്നെ ഭഗവാന്‍ തന്‍റെ ഗദയാല്‍ മഹിഷനെ ആഞ്ഞടിച്ചു. അവന്‍ മോഹാലസ്യപ്പെട്ട് വീണു. അസുരന്മാര്‍ വിലപിക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും മഹിഷന് ബോധം തിരിച്ചു കിട്ടി. അവനുടനെ ഇരുമ്പുലക്കയെടുത്ത് തലയ്ക്ക് മുകളില്‍ പൊക്കിപ്പിടിച്ച് വിഷ്ണുവിന്‍റെ തലയില്‍ ആഞ്ഞടിച്ചു. അടിയുടെ ആഘാതത്തില്‍ ഭഗവാനും വീണുപോയി. ഗരുഡന്‍ തത്സമയം അവിടെനിന്നും ഭഗവാനെ എടുത്ത് പറന്നകന്നു. ഭഗവാന്‍ യുദ്ധത്തില്‍ നിന്നും പിന്മാറി എന്ന് കണ്ട ദേവന്മാര്‍ നിലവിളി തുടങ്ങി.

അപ്പോള്‍ ത്രിശൂലവുമായി ശങ്കരന്‍ അസുരനെ എതിര്‍ത്തു. അസുരന്‍ വേലെടുത്ത് പരമശിവനു നേരെ ചാട്ടി. തന്‍റെ മാറത്ത് വേല്‍ ഏറ്റിട്ടും രുദ്രന്‍ കുലുങ്ങിയില്ല. വീണ്ടും ഭഗവാന്‍ ത്രിശൂലമെടുത്ത് മഹിഷനുനേരെ പ്രയോഗിച്ചു. അപ്പോഴേയ്ക്കും മോഹാലസ്യം തീര്‍ന്ന വിഷ്ണു പടക്കളത്തിലിറങ്ങി. യുദ്ധോല്‍സുകരായി ഹരിയും ഹരനും ഒരുമിച്ച് ചക്രശൂലങ്ങള്‍ പിടിച്ചുകൊണ്ട് യുദ്ധം ചെയ്യുന്ന കാഴ്ച അസുരനെ ക്രുദ്ധനാക്കി. അവന്‍ തന്‍റെ സ്വരൂപമായ പോത്തിന്‍ രൂപം കൈക്കൊണ്ട് മുക്രയിട്ടുകൊണ്ട് മദിച്ചു പാഞ്ഞുകയറി. കൊമ്പു കുടഞ്ഞ് ഭീമാകാരമായ ഉടലിളക്കി ആ കാട്ടുപോത്ത് മലകള്‍ തട്ടിത്തെറിപ്പിച്ചാണ് വരുന്നത്. പേമാരിപോലെ ശരങ്ങള്‍ നേരെ വന്നിട്ടും അവനു കുലുക്കമില്ല. തന്‍റെ കൊമ്പുകൊണ്ട് ഒരു മലയുടെ അറ്റം കുത്തിപ്പിളര്‍ത്തി അവന്‍ ഹരിഹരന്‍മാര്‍ക്ക് നേരെ എറിഞ്ഞു. ഹരിയുടെ അമ്പുകൊണ്ട് ആ മലഖണ്ഡം നൂറായി പൊടിഞ്ഞു തകര്‍ന്നു. പിന്നെ വിഷ്ണുവിന്‍റെ ചക്രം ഏറ്റപ്പോള്‍ ദാനവന്‍ മോഹാലസ്യപ്പെട്ടു. പെട്ടെന്ന് തന്നെ ബോധം വന്ന അവന്‍ ഇത്തവണ മനുഷ്യന്‍റെ രൂപമാണ് എടുത്തത്. ഭീമാകാരനായ അവന്‍റെ കയ്യില്‍ വലിയൊരു ഗദയുണ്ടായിരുന്നു. അവന്‍റെ അലര്‍ച്ച കേട്ട് ദേവന്മാര്‍ നടുങ്ങി. എന്നാല്‍ ആ ഒച്ചയില്‍ കവിഞ്ഞ ശബ്ദത്തോടെ ഭഗവാന്‍ പാഞ്ചജന്യം മുഴക്കി. ഇത്തവണ ഭീതിപൂണ്ടത് അസുരന്മാരാണ്. ശംഖനാദം കേട്ട് മുനിമാരും ദേവന്മാരും സന്തോഷിച്ചു.  

Wednesday, January 27, 2016

ദിവസം 97. ശ്രീമദ്‌ ദേവീഭാഗവതം. 5. 5. ദൈത്യസൈന്യപരാജയം

ദിവസം 97. ശ്രീമദ്‌ ദേവീഭാഗവതം. 5. 5. ദൈത്യസൈന്യപരാജയം

ഇതി ശ്രുത്വാ സഹസ്രാക്ഷ: പുനരാഹ ബൃഹസ്പതിം
യുദ്ധോദ്യോഗം കരിഷ്യാമി ഹയാരേര്‍നാശനായ വൈ
നോദ്യമേന വിനാ രാജ്യം ന സുഖം ന ച വൈ യശ:
നുരുദ്യമം ന ശംസന്തി കാതരാ ന ച സോദ്യമാ:

വ്യാസന്‍ തുടര്‍ന്നു: ഗുരുവിന്‍റെ ഉപദേശം കേട്ട ഇന്ദ്രന്‍ പറഞ്ഞു: 'ഹയാരിയെ കൊല്ലാനായി ഞാന്‍ യുദ്ധസന്നാഹമൊരുക്കുകയാണ്. ഒരുവന് പ്രയത്നിക്കാതെ കീര്‍ത്തിയോ സമ്പത്തോ സുഖമോ ഒന്നും ലഭിക്കുകയില്ലല്ലോ? മാത്രമല്ല അലസനെ ആരും പ്രകീര്‍ത്തിക്കുകയുമില്ല. സന്യാസിമാര്‍ക്ക് ആത്മജ്ഞാനം, ബ്രാഹ്മണര്‍ക്ക് സന്തോഷം, ഐശ്വര്യം ആഗ്രഹിക്കുന്നവര്‍ക്ക് പ്രയത്നം എന്നിങ്ങിനെയാണല്ലോ പറഞ്ഞിട്ടുള്ളത്. വൃത്രാസുരന്‍, നമൂചി, വലന്‍ മുതലായ അസുരന്മാര്‍ വധിക്കപ്പെട്ടു. മഹിഷന്റെ കഥയും അങ്ങിനെതന്നെ തീരും. ദേവഗുരുവായ അങ്ങ് എന്‍റെ ബലമാണ്. വജ്രായുധമാണ് എന്‍റെ കയ്യിലുള്ളത്. മഹാവിഷ്ണു എനിക്ക് ഇപ്പോഴും തുണയേകുന്നു. മാത്രമോ പരമശിവനും എന്‍റെ സഹായത്തിനുണ്ട്. മഹാമുനേ, അങ്ങ് രാക്ഷസരെ നശിപ്പിക്കാന്‍ ഉതകുന്ന മന്ത്രങ്ങള്‍ ജപിച്ചാലും. ഞാന്‍ യുദ്ധത്തിനു തയാറെടുക്കട്ടെ.'

അപ്പോള്‍ ബൃഹസ്പതി പറഞ്ഞു: ‘യുദ്ധത്തിനായി നിന്നെ ഞാന്‍ പ്രോല്‍സാഹിപ്പിക്കുന്നില്ല, അതില്‍ നിന്നും നിന്നെ തടയുന്നുമില്ല. യുദ്ധത്തില്‍ ജയപരാജയങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ ആവില്ലല്ലോ. എല്ലാം ദൈവേച്ഛ പോലെ വരും. അത് സുഖമായാലും ദുഖമായാലും മാറ്റമില്ല. എന്‍റെ ഭാര്യയെ പണ്ട് ചന്ദ്രന്‍ അപഹരിച്ചത് ഓര്‍മ്മയില്ലേ? അന്ന് അതെപ്പറ്റി എനിക്കെന്തെങ്കിലും മുന്‍കൂട്ടി അറിയാന്‍ സാധിച്ചുവോ? ചന്ദ്രന്‍ എനിക്ക് മിത്രമായിരുന്നു. എന്നിട്ടും ഇതാണ് സംഭവിക്കാന്‍ പോവുന്നതെന്ന് എനിക്കറിയാന്‍ കഴിഞ്ഞില്ല. അതിന്‍റെ പേരില്‍ ഞാനെത്ര സഹിച്ചു! എന്നെ എല്ലാവരും ബുദ്ധിമാനായി കരുതുന്നു. എന്നാല്‍ ഭാര്യയെ നഷ്ടപ്പെട്ട സമയത്ത് എന്നിലെ ബുദ്ധികൂര്‍മ്മതയെല്ലാം എവിടെപ്പോയി ഒളിച്ചു? അതുകൊണ്ട് ബുദ്ധിയുള്ളവന്‍ എപ്പോഴും തയ്യാറായിരിക്കണം.  എങ്കിലും കാര്യലാഭം ഉണ്ടാവുന്നത് ദൈവേച്ഛയാലാണെന്ന് മറക്കുകയുമരുത്.'

ഗുരുവിന്‍റെ ഉപദേശം കേട്ട ഇന്ദ്രന്‍ അദ്ദേഹത്തെയും കൂട്ടി ബ്രഹ്മാവിനെ ചെന്ന് കണ്ടു. ‘പിതാമഹ, മഹിഷന്‍റെ കാര്യം അറിയാമല്ലോ? അവന്‍ യുദ്ധത്തിനു തയ്യാറായി സ്വര്‍ഗ്ഗം കീഴടക്കാന്‍ വരുന്നു. അവന്‍റെകൂടെയുള്ള യുദ്ധക്കൊതിയന്മാരായ അതികായന്മാരും ദേവന്മാരെ ആക്രമിക്കും എന്ന് തീര്‍ച്ചയാണ്. അസാരം ഭയമുള്ളതുകൊണ്ട് അങ്ങയുടെ സഹായം തേടി വന്നതാണ് ഞങ്ങള്‍.’

അപ്പോള്‍ ബ്രഹ്മാവ്‌ പറഞ്ഞു: ‘എന്നാല്‍ നമുക്കെല്ലാവര്‍ക്കും കൂടി പെട്ടെന്ന് തന്നെ പരമശിവനെ കാണാന്‍ പോകാം. മഹാദേവനെയും മഹാവിഷ്ണുവിനെയും കൂട്ടി, ദേവസൈന്യത്തെ മുന്നില്‍ നിര്‍ത്തി നമുക്ക് യുദ്ധത്തിനിറങ്ങാം.’

അവര്‍ കൈലാസത്തില്‍പ്പോയി പരമശിവനെ സന്തുഷ്ടനാക്കി. എല്ലാവരും കൂടി മഹാവിഷ്ണുവിന്‍റെ അടുക്കല്‍പ്പോയി ദൈത്യന്‍ യുദ്ധത്തിനു വരുന്ന കാര്യം അറിയിച്ചു. ‘ശരി നമുക്ക് അവനെ യുദ്ധത്തില്‍ തോല്‍പ്പിക്കാം’ എന്ന് ഹരി അവര്‍ക്ക് വാക്ക് കൊടുത്തു. ദേവന്മാരും ത്രിമൂര്‍ത്തികളും അവരവരുടെ വാഹനങ്ങളില്‍ കയറി. ബ്രഹ്മാവ്‌ അരയന്നത്തിന്മേല്‍, ഗരുഡന് മുകളില്‍ മഹാവിഷ്ണു, കാളപ്പുറത്ത് ശംഭു, ഇന്ദ്രന്‍ ഐരാവതത്തിനു മുകളില്‍, മയില്‍പ്പുറത്ത് സുബ്രഹ്മണ്യന്‍, യമന്‍ പോത്തിന്‍ പുറത്ത് പിന്നെ ദേവന്മാര്‍ക്ക് അവരവരുടെ വാഹനങ്ങള്‍. യുദ്ധത്തിനായി സുരന്മാര്‍ ഒരുങ്ങിയതുപോലെ അസുരപ്പടയും മഹിഷന്‍റെ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്നു. രണ്ടു സൈന്യവും തമ്മില്‍ ഘോരമായ യുദ്ധം നടന്നു. ഇരുമ്പുലക്ക, വാള്‍, ഗദ, വേല്‍, ശരം, പാര, മുള്‍ത്തടി, മഴു, കലപ്പ, കുന്തം തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ച് അവര്‍ പരസ്പരം പോരാടി.

മഹിഷന്‍റെ സേനാപതി ചിക്ഷുരന്‍ ആനപ്പുറത്തു വന്ന് മഘവാന്‍റെ നേരെ അഞ്ച് ബാണങ്ങള്‍ അയച്ചു. ദേവേന്ദ്രന്‍ തന്‍റെ അര്‍ദ്ധചന്ദ്രം കൊണ്ട് അവനെ എയ്തപ്പോള്‍ ചിക്ഷുരന്‍ മോഹാലസ്യപ്പെട്ടു. ഉടനെതന്നെ ഇന്ദ്രന്‍ വജ്രായുധംകൊണ്ട് അവന്‍റെ ആനയെ ആക്രമിച്ചു. വിരണ്ടോടിയ ആനയെക്കണ്ട് മഹിഷാസുരന്‍ വിഡാലനോടു വിളിച്ചു പറഞ്ഞു: ‘വീരബാഹോ, നീ എത്രയും വേഗം ഇന്ദ്രനെ കൊന്നു കളയുക. വരുണന്‍ മുതലായ മറ്റു ദേവന്മാരെയും കൊന്നുകൊള്ളണം.'

വ്യാസന്‍ തുടര്‍ന്നു: മഹാബലനായ വിഡാലന്‍ ഒരു മദയാനയുടെ പുറത്തുകയറി ഇന്ദ്രന് നേരെ പാഞ്ഞടുത്തു. ഇന്ദ്രന്‍ സര്‍പ്പസമാനങ്ങളായ കൂര്‍ത്ത ശരങ്ങള്‍ അവനുനേരെ പ്രയോഗിച്ചു. അസുരന്‍ എല്ലാ ശരങ്ങളെയും തടഞ്ഞു. പിന്നെ ഒരന്‍പതു ശരങ്ങള്‍ ഇന്ദ്രന് നേരെ അയച്ചു. ചീറ്റിയടുക്കുന്ന സര്‍പ്പങ്ങളെപ്പോലെയുള്ള ശരങ്ങളാല്‍ അവയെയെല്ലാം ഇന്ദ്രന്‍ തടഞ്ഞു തകര്‍ത്തുകളഞ്ഞു. ശരയുദ്ധം തുടരവേ ദേവേന്ദ്രന്‍ അസുരന്റെ ആനയെ ഗദകൊണ്ട് ഊക്കോടെ പ്രഹരിച്ചു. അടിയേറ്റ ആന വിരണ്ടോടി കൂട്ടത്തില്‍ ദൈത്യസൈന്യവും പിന്തിരിഞ്ഞു പായാന്‍ തുടങ്ങി. എന്നാല്‍ ബിഡാലന്‍ ഒരു രഥത്തില്‍ ചാടിക്കയറി ഇന്ദ്രന് നേരെ വീണ്ടും കുതിച്ചു വന്നു. വീണ്ടും ദേവേന്ദ്രന്‍ സര്‍പ്പശരങ്ങള്‍ വര്‍ഷിച്ചു. ഇവര്‍ തമ്മിലുള്ള യുദ്ധം അതിതീവ്രമായി തുടര്‍ന്നു. യുദ്ധത്തില്‍ തളര്‍ന്നുപോയ ഇന്ദ്രന്‍ ജയന്തനെ മുന്നില്‍ നിര്‍ത്തി രണം തുടര്‍ന്നു. ജയന്തന്റെ അമ്പുകൊണ്ട് അസുരന്‍ രഥത്തില്‍ മൂര്‍ച്ഛിച്ചു വീണുപോയി. അസുരന്‍റെ സൂതന്‍ അവന്‍റെ രഥത്തെ ദൂരേയ്ക്ക് തെളിച്ചുകൊണ്ട്‌ പോയി. ആകാശത്ത് ജയഭേരികള്‍ മുഴങ്ങി. അപ്സരസ്സുകള്‍ നൃത്തമാടി.

ജയഭേരി കേട്ട മഹിഷന്‍ ക്രുദ്ധനായി തന്‍റെ മറ്റൊരു വീരയോദ്ധാവിനെ പടക്കളത്തില്‍ ഇറക്കി. താമ്രന്‍ തന്‍റെ വീര്യം മുഴുവനും ഉപയോഗിച്ച് കടലില്‍ മഴ പെയ്യുന്നതുപോലെ ശരമാരി തൂകി ദേവന്മാരെ ആക്രമിച്ചു. അപ്പോള്‍ വരുണന്‍ പാശമെടുത്തും യമന്‍ ദണ്ഡെടുത്തും യുദ്ധത്തിനു വന്നു. ബാണം, വാള്‍, വേല്, മുസലം, ഗദ എന്ന് വേണ്ട സകലവിധ ആയുധങ്ങളും യുദ്ധക്കളത്തില്‍ പ്രയോഗിക്കപ്പെട്ടു. യമന്‍റെ താഡനം തടുക്കാന്‍ താമ്രന് നിഷ്പ്രയാസം സാധിച്ചു. അവന്‍ വര്‍ദ്ധിത വീര്യത്തോടെ കൂടുതല്‍ അമ്പുകള്‍ തുടരെത്തുടരെ ദേവന്മാര്‍ക്കെതിരെ എയ്തു. ദേവന്മാരും ബാണയുദ്ധത്തില്‍ അവനൊപ്പം നിന്നു. ഇന്ദ്രനും കൂട്ടരും വര്‍ഷിച്ച ശരങ്ങള്‍ ദേഹത്ത് തറച്ചു താമ്രന്‍ നിലത്തുവീനു. പടത്തലവന്‍ വീണു പരാജിതരായ ദൈത്യസൈന്യം ഹാഹാ രവം മുഴക്കി വിലപിച്ചു. 

Tuesday, January 26, 2016

ദിവസം 96. ശ്രീമദ്‌ ദേവീഭാഗവതം. 5. 4. സുധര്‍മ്മയിലെ കാര്യചിന്ത

ദിവസം 96. ശ്രീമദ്‌ ദേവീഭാഗവതം. 5. 4. സുധര്‍മ്മയിലെ കാര്യചിന്ത

ഗതേ സുതേ സുരേന്ദ്രോ f പി സമാഹൂയ സുരാനഥ
യമവായുധനാദ്ധ്യക്ഷവരുണാനിദ മൂചിവാന്‍
മഹിഷോ നാമ ദൈത്യേന്ദ്രോ രംഭപുത്രോ മഹാബല:
വരദര്‍പ്പമദോന്മത്തോ മായാഗത വിചക്ഷണ:

വ്യാസന്‍ തുടര്‍ന്നു: മഹിഷന്‍റെ ദൂതന്‍ മടങ്ങിയപ്പോള്‍ ദേവേന്ദ്രന്‍ തന്‍റെ കൂടെയുള്ള വരുണന്‍, വായു, അഗ്നി, കുബേരന്‍ തുടങ്ങിയ ദേവന്മാരെ അടുത്തു വിളിച്ച് ഇങ്ങിനെ പറഞ്ഞു: ‘രംഭാസുരന്റെ മകന്‍ മഹിഷന്‍ നമ്മെ വന്നു വെല്ലുവിളിച്ചു പോയിട്ടുണ്ട്. വരബലം കൊണ്ട് അഹങ്കാരം മൂത്തവനും മായാജാലക്കാരനുമാണ് മഹിഷാസുരന്‍. അവനു സ്വര്‍ഗ്ഗം സ്വന്തമാക്കണമത്രേ! ‘ശക്രാ നീ ദേവലോകംവിട്ട് എങ്ങോട്ടെങ്കിലും പൊയ്ക്കൊള്ളുക, അല്ലെങ്കില്‍ മഹിഷനെ ആശ്രയിച്ചു കഴിയുക’ എന്നതാണ് അവന്‍റെ ദൂത്. അവന്‍റെ ദയാവായ്പ്പിനെപ്പറ്റിയും ദൂതന്‍ പറഞ്ഞു. അല്ല, എതിര്‍ക്കാനാണ് ഭാവമെങ്കില്‍ യുദ്ധത്തിനൊരുങ്ങിക്കൊള്ളാനും പറഞ്ഞിരിക്കുന്നു.’

‘എത്ര ദുര്‍ബ്ബലനാണെന്നു കരുതിയാലും ശത്രുവിനെ നാം അവഗണിക്കരുത്. ഇവന്‍റെ കാര്യത്തില്‍ പ്രത്യേകിച്ചും നാം ശ്രദ്ധിക്കണം. ആള്‍ക്ക് വരബലം വേണ്ടുവോളമുണ്ട്. നമ്മുടെ ശക്തിയും യുക്തിയും വേണ്ടതുപോലെ ഉപയോഗിക്കണം. പിന്നെ ജയപരാജയങ്ങള്‍ ദൈവെച്ഛപോലെയല്ലേ വരൂ. ഈ ദുഷ്ടനുമായി സന്ധിയൊന്നും വേണ്ട. അതുകൊണ്ട് നമുക്ക് ആലോചിച്ചുവേണം മുന്നോട്ടു നീങ്ങാന്‍. പെട്ടെന്ന് ചാടി പുറപ്പെടുകയൊന്നും വേണ്ട. സത്യമറിഞ്ഞുവരാന്‍ കഴിവുള്ള ചാരന്മാരെ നമുക്കയക്കാം. അസുരന്മാരുടെ സൈന്യത്തിന്‍റെ നേതാവാരെന്നും സൈന്യത്തിന്‍റെ വലുപ്പം, എണ്ണം, കഴിവ്, അവരുടെ ദൌര്‍ബ്ബല്യം, എല്ലാം ചാരന്മാര്‍ മനസ്സിലാക്കിവന്നു പറയട്ടെ. ധൃതിവെച്ച് കാര്യങ്ങള്‍ ചെയ്ത് വെറുതെ ആപത്തില്‍ ചാടണ്ടല്ലോ. ഒന്നുകില്‍ നമുക്ക് ദൈത്യര്‍ക്ക് കടക്കാന്‍ കഴിയാത്ത ഒരു കോട്ട കെട്ടാം. നമുക്ക് ഈ കാര്യത്തില്‍ ഒത്തൊരുമ വേണം. രോഗമാറിയാതെ ഔഷധം തീരുമാനിക്കാന്‍ ആവില്ലല്ലോ. അതുകൊണ്ട് ചാരന്മാര്‍ പുറപ്പെടട്ടെ.’

ഇന്ദ്രന്‍ പറഞ്ഞതുപോലെ ചാരന്മാര്‍ പോയി വന്നു വിവരമറിയിച്ചു. ശത്രുവിന്‍റെ സൈന്യ സന്നാഹങ്ങളും ബലവും അറിഞ്ഞു ദേവന്മാര്‍ അത്ഭുതം കൂറി. തന്റെ കൂടെയുള്ളവരെ ഉല്‍സാഹപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. ദേവപുരോഹിതനായ അംഗിരസ്സിനെ വിളിച്ചു വരുത്തി ഉപചാരപൂര്‍വ്വം അദ്ദേഹത്തിന്‍റെ ഉപദേശം ആരാഞ്ഞു. ‘അങ്ങേയ്ക്ക് എല്ലാമറിയാം, എന്നാലും പറയട്ടെ. അതി വീരനും ബലവാനുമായ മഹിഷന്‍ വരബലം കൊണ്ട് അഹങ്കരിച്ച്‌ നമ്മോടു പോരിടാന്‍ വരുന്നുണ്ട്. അതിനെ തടയാന്‍ അങ്ങേയ്ക്കുള്ള മന്ത്രശക്തികള്‍ എത്രയും വേഗം ഉപയോഗിക്കണം. അസുരന്മാര്‍ക്ക് അവരുടെ ഗുരുവായ ശുക്രന്‍ മന്ത്രതന്ത്രങ്ങള്‍ പഠിപ്പിക്കുന്നു. അതുപോലെ അങ്ങും ഞങ്ങളെ നയിക്കണം.’

ഗുരു പറഞ്ഞു: ’ശക്ര, ധൈര്യം കൈവിടാതിരിക്കൂ. വ്യസനം വരുമ്പോഴും ധൈര്യം കൈവിടരുത്. ജയവും തോല്‍വിയും മാറിമാറി വരും. അത് ദൈവഹിതം മാത്രമാണെന്ന് ബുദ്ധിയുള്ളവര്‍ക്കറിയാം. എങ്കിലും ലോകവ്യവഹാരത്തിനു വേണ്ടി നാം ഉചിതമായ കര്‍മ്മങ്ങള്‍ അനുഷ്ടിക്കുകയും വേണം. ഋഷിപുംഗവന്‍മാര്‍ പോലും ഇങ്ങിനെ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. സുഖമോ ദുഖമോ, ഫലം എന്തുമാവട്ടെ. പ്രയത്നം അനിവാര്യമാണ്. ചിലപ്പോള്‍ പ്രയത്നം ഇല്ലാതെ കാര്യം നടന്നുവെന്നും വരാം. എന്നാല്‍ അതിനു വേണ്ടി കാത്തിരിക്കരുത്. പ്രയത്നം കൂടാതെ കിട്ടുന്ന സുഖത്തില്‍ അതിയായി ആനന്ദിക്കുകയോ പ്രയത്നം ചെയ്തിട്ടും കിട്ടാത്ത സുഖത്തെയോര്‍ത്ത് അതിയായി ദുഖിക്കുകയോ ചെയ്യരുത്. ശരീരം തന്നെ കര്‍മ്മഫലത്തിന് അധീനമാണ്. സൈന്യം, മന്ത്രം, ആലോചന, ആയുധം ഒന്നും ഉണ്ടായിട്ടു മാത്രം കാര്യമില്ല. ദൈവാധീനം ഉണ്ടായിരിക്കണം. ചിലപ്പോള്‍ ബുദ്ധിമാന്‍ വിശന്നിരിക്കുമ്പോള്‍ മൂഢന്‍ വയറുനിറച്ച് ഭക്ഷിക്കുന്നു. വീരന്‍ ചിലപ്പോള്‍ തോല്‍ക്കുന്നു, ദുര്‍ബ്ബലന്‍ ജയിക്കുന്നു. അതുകൊണ്ടൊന്നും ദുഖിച്ചിട്ടു കാര്യമില്ല. തീര്‍ച്ചയായിട്ടും പ്രയത്നം ചെയ്യണം താനും. പ്രയത്നവും ദൈവാധീനവും സമ്യക്കായി വരുകയാണ് ഉത്തമം. സുഖമോ ദുഖമോ എന്തായാലും അവയെ ഗൌനിക്കാതെയിരിക്കുക. ദുഃഖം വരുമ്പോള്‍ തന്നിലും ഏറെ ദുരിതമനുഭവിക്കുന്നവരെക്കുറിച്ച് ഓര്‍ക്കുക. സുഖം വരുമ്പോള്‍ അതിലുമേറെ സുഖം അനുഭവിക്കുന്നവരെക്കുറിച്ച് ചിന്തിക്കുക. രണ്ടും അഹങ്കാരത്തെ ശമിപ്പിക്കും. ശോകവും ഹര്‍ഷവും മനസ്സിന്‍റെ ശത്രുക്കളാണ്. ധീരന് ദുഃഖം താങ്ങാന്‍ സാധിക്കും അധീരന് അത് പറ്റില്ല. സുഖദുഖങ്ങളെ അടക്കി നിര്‍ത്തുക ദുഷ്കരം തന്നെയാണ്.

എന്നാല്‍ മനോദാര്‍ഢ്യമുണ്ടെങ്കില്‍ ഈ ദ്വന്ദങ്ങള്‍ മനസ്സിനെ ബാധിക്കുകയില്ല. ‘ആര്‍ക്കാണ് ദുഃഖം? ആരാണ് സുഖമനുഭാവിക്കുന്നത്?’ എന്നിങ്ങിനെയുള്ള ചോദ്യങ്ങള്‍ സ്വയമുള്ളില്‍ അങ്കുരിക്കുമ്പോള്‍ താന്‍ നിര്‍ഗ്ഗുണനും അനശ്വരനും ആണെന്ന ബോധം ഉണരും. ‘ഇരുപത്തിനാല് മൂലതത്വങ്ങള്‍ക്കും അതീതനാണ് ഞാന്‍. പഞ്ചഭൂതങ്ങള്‍, പഞ്ചതന്മാത്രകള്‍, കര്‍മ്മ-ജ്ഞാന പഞ്ചേന്ദ്രിയങ്ങള്‍, പ്രകൃതി, മഹത്, അഹങ്കാരം, ബുദ്ധി ഇവയൊന്നും ഞാനല്ല.’ പിന്നെ സുഖവും ദുഖവും എങ്ങിനെയെന്നെ ബാധിക്കാനാണ്? വിശപ്പും ദാഹവും പ്രാണനല്ലേ ഉള്ളത്? എനിക്കല്ലല്ലോ!. ശോകവും മോഹവും മനസ്സിനല്ലേ, എനിക്കല്ലല്ലോ! ജരയും മൃത്യുവും ദേഹത്തിനല്ലേ, എനിക്കല്ലല്ലോ! ഈ ആറുപാധികള്‍ക്കും എന്നെ തൊടാനാവില്ല. അങ്ങിനെയുള്ള ശിവനാണ് ഞാന്‍.

മനസ്സല്ല ഞാന്‍ ബുദ്ധ്യഹങ്കാരചിത്തം  
വപുസ്സല്ലതിന്നുള്ള മാറ്റങ്ങളല്ല
പൃഥിവ്യാദിയല്ലല്ല നേത്രാദിയും
സച്ചിദാനന്ദരൂപന്‍ ശിവന്‍ ഞാന്‍, ശിവന്‍ ഞാന്‍.   

ദേവേന്ദ്രാ ‘ഞാന്‍ പ്രകൃതിയോ അതിന്റെ വികൃതിഗോഷ്ഠിയോ അല്ല. അപ്പോള്‍പ്പിന്നെ എനിക്കെന്തു ദുഃഖം? എനിക്കെന്തു സുഖം’ എന്ന് സദാ ഉറപ്പിച്ചുകൊണ്ട് നിര്‍മമനായിരിക്കുക. ഇതുമാത്രമേ ദുഃഖനിവാരണത്തിന് മാര്‍ഗ്ഗമായുള്ളു. സന്തോഷം ഉണ്ടാവുകയാണ് മുഖ്യം. സന്തോഷമില്ലെങ്കില്‍ സുഖമുണ്ടായാലും അതാസ്വദിക്കുന്നതെങ്ങിനെ?

കൂടെ ദേവന്മാരുണ്ട്, ബുദ്ധിയുണ്ട്,  എന്നതൊക്കെ ശരിതന്നെ,  എങ്കിലും ഒരു കാര്യം മനസ്സിലാക്കുക. പ്രാരബ്ധകര്‍മ്മങ്ങളുടെ ഫലം അനുഭവിക്കാതെ തരമില്ല. അതിനാല്‍ ഭാവി കാര്യങ്ങളില്‍ വിവേകത്തിനു പ്രാധാന്യം നല്‍കണം. അതുകൊണ്ട് സുഖദുഖങ്ങളെക്കുറിച്ച് ആകുലപ്പെട്ടതുകൊണ്ട് കാര്യമില്ല. സുഖം മൂലം പുണ്യക്ഷയമാണ് സംഭവിക്കുന്നത്. അതിനാല്‍ സുഖത്തിലാണ് ദുഃഖം. അതുപോലെ ദുഖത്തില്‍ പാപക്ഷയമാണ് ഫലം. അതില്‍ ചിന്തിക്കുന്നവര്‍ അതില്‍ സന്തോഷിക്കുകയാണ് വേണ്ടത്. പക്ഷേ, ഇത് പറഞ്ഞതുകൊണ്ട് നാം പ്രയത്നത്തില്‍ യാതൊരു വീഴ്ചയും വരുത്തരുത്. എല്ലാവരുമായി കൂടിയാലോചിച്ച് യഥാവിധി പ്രയത്നിക്കുക. സംഭവിക്കേണ്ടത് മാറ്റമില്ലാതെ സംഭവിക്കും എന്ന അറിവില്‍ പ്രയത്നങ്ങള്‍ തുടരുകതന്നെ വേണം.

Monday, January 25, 2016

ദിവസം 95. ശ്രീമദ്‌ ദേവീഭാഗവതം. 5. 3. ദൈത്യ സൈന്യോദ്യോഗം

ദിവസം 95. ശ്രീമദ്‌ ദേവീഭാഗവതം. 5. 3. ദൈത്യ സൈന്യോദ്യോഗം

ഏവം മഹിഷോ നാമ ദാനപോ വരദര്‍പ്പിത:
പ്രാപ്യ രാജ്യം ജഗത് സര്‍വ്വം വശേ ചക്രേ മഹാബല:
പൃഥിവീം പാലയാമാസ സാഗരാന്താം ഭുജാര്‍ജ്ജിതാം
ഏകച്ഛത്രാം നിരാതങ്കാം വൈരി വര്‍ഗ്ഗ വിവര്‍ജ്ജിതാം

വ്യാസന്‍ തുടര്‍ന്നു: മഹിഷാസുരന്‍ അതിബലവാനും അജയ്യനുമായി ലോകം കീഴടക്കിയെന്ന ഗര്‍വ്വുമായി കഴിഞ്ഞുവന്നു. ആഴിയും ഊഴിയും അയാള്‍ സ്വന്തം കുടക്കീഴിലാക്കി. അയാളുടെ സേനാപതി ചിക്ഷൂരനും, താമ്രന്‍ ഭണ്ഡാരം സൂക്ഷിപ്പുകാരനും ആയിരുന്നു. വീരന്മാരായ അസിലോമന്‍, ഉദര്‍ക്കാന്‍ തുടങ്ങിയ പടത്തലവന്‍മാരുമൊത്ത് മഹിഷന്‍ ഭൂമിയെ ഐശ്വര്യപൂര്‍ണ്ണമാക്കി ഭരണം തുടര്‍ന്നു. പണ്ടുണ്ടായിരുന്ന രാജാക്കന്മാര്‍ മഹിഷന് കപ്പം കൊടുക്കേണ്ടി വന്നു. അതിനു കൂട്ടാക്കാത്ത മറ്റു ക്ഷത്രിയ രാജാക്കന്മാരെ അയാള്‍ കൊന്നൊടുക്കി. ബ്രാഹ്മണര്‍ മഹിഷാസുരന് യജ്ഞഭാഗം അര്‍പ്പിക്കാന്‍ വിധിക്കപ്പെട്ടു. ഭൂമി മാത്രമല്ല സ്വര്‍ഗ്ഗവും തന്റെ കീഴിലാക്കണം എന്നയാള്‍ ആഗ്രഹിച്ചു.

ദൂതുമായി ഒരാളെ ദേവലോകത്തേക്കയക്കാന്‍ അസുരന്‍ തീരുമാനിച്ചു. ദേവേന്ദ്രനോട് ഇങ്ങിനെ പറയണം എന്ന് ദൂതനോട് ചട്ടം കെട്ടി. ‘പ്രാണന്‍ വേണമെങ്കില്‍ സ്വര്‍ഗ്ഗം ഉപേക്ഷിച്ചു മറ്റെവിടെയെങ്കിലും പൊയ്ക്കൊള്ളുക അല്ലെങ്കില്‍ മഹിഷന്‍റെ സേവകനായി കഴിയാം. അദ്ദേഹം അങ്ങേയ്ക്ക് അഭയം നല്‍കാതിരിക്കില്ല. അതല്ല എതിരിടാനാണ് ഭാവമെങ്കില്‍ വജ്രായുധം തന്നെ പുറത്തെടുത്താലും അങ്ങയെ ജയിക്കാന്‍ ഞങ്ങള്‍ക്ക് നിഷ്പ്രയാസം സാധിക്കും. ഞങ്ങളുടെ പൂര്‍വ്വികര്‍ നിങ്ങളെ ഒരു പാഠം പഠിപ്പിച്ചതല്ലെ? യുദ്ധമാണെങ്കില്‍ അങ്ങിനെയാവട്ടെ. അങ്ങയുടെ യുദ്ധവീര്യം കാണാന്‍ ഒരവസരമായി. എന്തായാലും ഉടനെ ഒരു തീരുമാനം അറിയിക്കുക’.

വ്യാസന്‍ തുടര്‍ന്നു: ദൂതന്‍റെ മൊഴി കേട്ട് ദേവേന്ദ്രന് കോപം വന്നു. ദൂതനെ നോക്കി ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘നിന്‍റെ പ്രഭുവിന്‍റെ അസുഖത്തിനു പറ്റിയ ചികിത്സ എന്‍റെ കയ്യിലുണ്ട്. എന്തിനാണവന്‍ ഇങ്ങിനെ അഹങ്കരിക്കുന്നതെന്ന് അറിയുന്നില്ല. അവന്‍റെ ഹുങ്കിന്റെ അടിവേരുകൂടി പിഴുതെറിയാന്‍ സമയമായി. നിന്നെ ഇപ്പോള്‍ വെറുതെ വിടുന്നു. ദൂതരെ കൊല്ലാന്‍ പാടില്ല എന്നതാണല്ലോ സജ്ജന നിയമം. ഞാന്‍ പറഞ്ഞതുപോലെ തന്നെ നീ അവനോടു ചെന്ന് പറയുക. ‘എടാ എരുമസന്തതീ, ധൈര്യമുണ്ടെങ്കില്‍ പോരിനു വരിക’ എന്ന് തന്നെ പറയണം’. പുല്ലുതിന്നുന്ന നിന്റെ ബലം എനിക്കറിയാം. കൊമ്പുകൊണ്ട് വെട്ടാന്‍ നീ മിടുക്കനാണെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍പ്പിന്നെ അതങ്ങ് ഊരിയെടുത്തേക്കാം അങ്ങിനെ നിന്‍റെ അഹങ്കാരം തീരട്ടെ. ആ കൊമ്പുകളെടുത്ത് ബലമുള്ള നല്ലൊരു വില്ലുണ്ടാക്കാം.’

ദൂതന്‍ മഹിഷനെ വിവരമറിയിച്ചു. ‘രാജാവേ, ആ ദേവേന്ദ്രന്‍ അങ്ങയെ ഒട്ടും വകവയ്ക്കുന്നില്ല. അദ്ദേഹം പൂര്‍ണ്ണബാലവാനാണെന്നു സ്വയം കരുതുന്നു. ആ മൂര്‍ഖന്‍ പറഞ്ഞത് മുഴുവന്‍ ദൂതനെന്ന നിലയില്‍ ഞാന്‍ പറയേണ്ടതാണല്ലോ പ്രിയവും സത്യവും പറയാന്‍ ഒരു ദൂതന്‍ വിധിക്കപ്പെട്ടിരിക്കുന്നു. പ്രിയം മാത്രം പറഞ്ഞാല്‍ അത് നീതി ലംഘനമാവും. എന്നാല്‍ പരുഷമായ കാര്യങ്ങള്‍ അറിയിക്കണമെങ്കില്‍ അവ പറയാതിരിക്കാനും വയ്യ. വിഷം ചീറ്റുന്നതുപോലുള്ള വാക്കുകള്‍ ശത്രുവിന് പറയാം. എന്നാല്‍ ദൌത്യ വാര്‍ത്തയാണെങ്കിലും പ്രഭുവിന്‍റെ മുഖത്തു നോക്കി  ഒരു ഭൃത്യന്‍ അതെങ്ങിനെ പറയും? അങ്ങയുടെ മുന്നില്‍പ്പറയാന്‍ വയ്യാത്ത കാര്യമാണ് ദേവേന്ദ്രന്‍ ദൂതായി പറഞ്ഞയച്ചത്. ദയവുണ്ടായി അതെന്‍റെ നാവുകൊണ്ട് പറയിക്കരുത്.’

മഹിഷന് കാര്യം മനസ്സിലായി. അയാള്‍ കോപം കൊണ്ട് ജ്വലിച്ചു. കണ്ണുകള്‍ ചുവന്നു തുടുത്തു. വാലുവിറച്ചു. ദേഷ്യത്തില്‍ അറിയാതെ മൂത്രം ഇറ്റുവീണു. ‘ദാനവ വീരന്മാരേ, ദേവേന്ദ്രന്‍ യുദ്ധമാണ് കൊതിക്കുന്നത്. വേഗം സൈന്യത്തെയെല്ലാം തയ്യാറാക്കുക. കോടിക്കണക്കിനു ഇന്ദ്രന്മാര്‍ വന്നാലും എനിക്ക് ഭയമില്ല. പിന്നെയാണ് ഈയൊരുത്തന്‍. അവന്‍ മിടുക്ക് കാണിക്കുന്നത് ശാന്തരായ മുനിമാരോടും മറ്റുമാണ്. സ്ത്രീകളുടെ അടിമയല്ലേ അവന്‍? ചതിയനും ഭോഷ്കനുമാണ് അവന്‍ എന്നത് പ്രസിദ്ധമല്ലേ? അപ്സരസ്സുകളെ ഉപയോഗിച്ച് മുനിമാരുടെ തപസ്സു മുടക്കലാണ് ഇഷ്ടവിനോദം! പലതരം സന്ധിചെയ്ത് അവയൊന്നും പാലിക്കാതെ നമൂചിയെ കൊന്ന ചതിയനല്ലേ അവന്‍? വിഷ്ണുവിന്‍റെ കാര്യം പറയാതിരിക്കയാണ് ഭേദം. ആള്‍മാറാട്ടക്കാരന്‍. ഡംഭന്‍. പന്നിയുടെ രൂപത്തില്‍ ഹിരണ്യാക്ഷനെയും നരസിംഹരൂപത്തില്‍ ഹിരണ്യകശിപുവിനെയും കൊന്നത് വിഷ്ണുവാണ്. ദേവന്മാരെ ഒരിക്കലും വിശ്വസിക്കരുത്.

വിഷ്ണുവിനും ദേവേന്ദ്രനും എന്നെയൊന്നും ചെയ്യാനാവില്ല. എന്തിന്? സാക്ഷാല്‍ രുദ്രനും എന്നെ തടയാനാവില്ല. ഇന്ദ്രന്‍, അഗ്നി, വരുണന്‍, ഭാനുമാന്‍, ചന്ദ്രന്‍ തുടങ്ങി എല്ലാവരെയും ഞാന്‍ കീഴടക്കാന്‍ പോകുന്നു. യജ്ഞഭാഗം നമുക്ക് വേണം. സോമരസം അസുരന്മാര്‍ക്ക് കിട്ടട്ടെ. അങ്ങിനെ നമുക്ക് ആ സ്വര്‍ഗ്ഗത്ത് വിഹരിക്കാം. എനിക്ക് കിട്ടിയിട്ടുള്ള വരം എന്തെന്നറിയാമല്ലോ? ആണായ ഒരുവനും എന്നെ തോല്‍പ്പിക്കാന്‍ ആവില്ല. പിന്നെ ഇതു പെണ്ണിനാണ് അതിനു കഴിയുക? പാതാളശൈലനിവാസികളായ സൈന്യങ്ങള്‍ തയ്യാറാവട്ടെ. ദേവന്മാരെ ജയിക്കാന്‍ ഞാന്‍ ഒറ്റയ്ക്ക് മതി. പക്ഷെ ഇക്കൂട്ടരൊക്കെ എനിക്ക് ഒരലങ്കാരമായി ഇരിക്കട്ടെ. ദേവന്മാരെ കൊല്ലാന്‍ എന്‍റെ കൊമ്പുകളും കുളമ്പുകളും മാത്രം മതി. എനിക്ക് വരബലം ഉള്ളതിനാല്‍ പരാജയ ഭീതിയില്ല. ദേവന്മാരോ മനുഷ്യന്മാരോ എന്നെ കൊല്ലില്ല.

ദേവലോകം കിട്ടിക്കഴിഞ്ഞാല്‍ നമുക്ക് അവിടെയുള്ള ദേവകന്യകമാരുമായി രമിച്ചു കഴിയാം. അവര്‍ ചൂടുന്ന മന്ദാരകുസുമങ്ങള്‍ നമുക്ക് വാസനിക്കണം. അവരുടെ നന്ദനാരാമങ്ങളില്‍ വിഹരിക്കണം. കാമധേനുവിന്‍റെ പാലില്‍ കുളിക്കണം. സുധ കുടിച്ചു മയങ്ങണം. ആടിപ്പാടി രസിക്കണം. അവിടെയുള്ള ഉര്‍വ്വശി, മീന, രഭ, തിലോത്തമ, പ്രമദ്വര, മഹാസേന, മിത്രകേശി മദോല്‍ക്കട, വിപ്രചിത്തി, എന്നിവരെല്ലാം ആണുങ്ങളെ രസിപ്പിക്കാന്‍ വിദഗ്ദ്ധരാണ്. സംഗീതനൃത്തങ്ങളില്‍ അഗ്രഗണ്യരായ അവരുടെ കയ്യിലുള്ള മദ്യം അതിവിശിഷ്ടവുമാണ്. അത്തരം സുഖങ്ങള്‍ അനുഭവിക്കാന്‍ എല്ലാവരും ഒരുങ്ങിക്കൊള്ളുക. ഇപ്പോള്‍ ദേവന്മാരോടു യുദ്ധം ചെയ്യുന്നതിന്‍റെ ശുഭാരംഭമായി നമുക്ക് ഗുരുവായ ശുക്രനെ പൂജിക്കാം.’

Sunday, January 24, 2016

ദിവസം 94. ശ്രീമദ്‌ ദേവീഭാഗവതം. 5. 2. മഹിഷോത്പത്തി

ദിവസം 94. ശ്രീമദ്‌ ദേവീഭാഗവതം. 5. 2. മഹിഷോത്പത്തി

യോഗേശ്വര്യാ: പ്രഭാവോ f യം കഥിതശ്ചാതിവിസ്തരാത്
ബ്രൂഹി തച്ചരിതം സ്വാമിന്‍ ശ്രോതും കൌതുഹലം മമ
മഹാദേവീ പ്രഭാവം വൈ ശ്രോതും കോ നാഭിവാഞ്ഛതി
യോ ജാനാതി ജഗത്സര്‍വ്വം തദുത്പന്നം ചരാചരം

ജനമേജയന്‍ പറഞ്ഞു: 'ജഗദംബികയുടെ പ്രഭാവത്തെപ്പറ്റി അങ്ങ് പറഞ്ഞുവല്ലോ. ആ ദേവിയുടെ ചരിതം ഇനിയുമിനിയും കേള്‍ക്കാന്‍ എനിക്കാഗ്രഹമുണ്ട്. ചരാചരങ്ങള്‍ എല്ലാം ആ അമ്മയില്‍ നിന്നാണ് ഉത്ഭൂതമായത് എന്നറിയുമ്പോള്‍ ആ പരാശക്തിയുടെ ചരിതം കേള്‍ക്കാന്‍ ആഗ്രഹം തോന്നുക സ്വാഭാവികം.'

വ്യാസന്‍ പറഞ്ഞു: 'അങ്ങിത്ര കൌതുകത്തോടെ എന്നാല്‍ പ്രശാന്തനായി ചോദിക്കുമ്പോള്‍ ദേവിയുടെ ആ മഹച്ചരിതങ്ങള്‍  ഞാനെങ്ങിനെ പറയാതെയിരിക്കും? മഹിഷന്‍ എന്ന് പേരായ ഒരസുരന്‍ ലോകം ഭരിക്കുന്ന കാലത്ത് ദേവാസുരന്മാര്‍ തമ്മില്‍ ഘോരമായ ഒരു യുദ്ധം ഉണ്ടായി. മഹിഷന്‍ ഹിമാലയത്തില്‍പ്പോയി ആരും അതിശയിക്കുന്ന വിധത്തില്‍ ഘോരമായ തപസ്സനുഷ്ഠിച്ചു. പതിനായിരം കൊല്ലക്കാലം കഠിനതപസ്സുചെയ്ത അസുരനില്‍ തുഷ്ടനായി വിധാതാവ് അവനുമുന്നില്‍ പ്രത്യക്ഷനായി. എന്താണ് വരം വേണ്ടതെന്ന ചോദ്യത്തിന് മഹിഷാസുരന്‍ മറുപടി പറഞ്ഞു:’മഹാ പ്രഭോ, എനിക്ക് അമരത്വം വേണം. മരണഭീതി എന്നില്‍നിന്നും നീക്കിയാലും.’

‘ജനിച്ചവര്‍ക്ക് മരണവും മരിച്ചവര്‍ക്ക് ജനനവും ഉണ്ടെന്നുള്ള പ്രപഞ്ചനിയമത്തെ മറികടക്കാന്‍ ആര്‍ക്കും ആവില്ല. കാലമാവുമ്പോള്‍ നശിക്കാത്തതായി യാതൊന്നുമില്ല. കടലായാലും മാമലയായാലും അതാണ്‌ സത്യം. അതുകൊണ്ട് മൃത്യുവൊഴിവാക്കുക എന്ന വരം നല്‍കാന്‍ ആര്‍ക്കുമാവില്ല. മറ്റു വല്ല അഭീഷ്ടങ്ങളും വേണമെങ്കില്‍ പറഞ്ഞാലും’ എന്നായി ബ്രഹ്മാവ്‌.

അപ്പോള്‍ മഹിഷന്‍ പറഞ്ഞു: ‘ശരി എന്നാല്‍ എനിക്ക് ദേവന്മാരാലോ അസുരന്മാരാലോ മരണം അരുത്. എന്നെ ആണുങ്ങള്‍ ആരും വധിക്കരുത്. സ്ത്രീയായുള്ള ആരാണെന്നെ വധിക്കാന്‍ കഴിവുള്ളവരായി ഉണ്ടാവുക? അതുകൊണ്ട് എന്‍റെ മരണം ഒരു പെണ്ണിന്‍റെ കൈകൊണ്ടായിക്കൊള്ളട്ടെ.’

അങ്ങിനെയാകട്ടെ എന്ന് പറഞ്ഞു ബ്രഹ്മാവ്‌ മറഞ്ഞു. അസുരന്‍ തന്‍റെ കൊട്ടാരത്തിലേയ്ക്ക് മടങ്ങി. ആ ശക്തിശാലിയായ അസുരന് പോത്തിന്‍റെ തലയുണ്ടാവാന്‍ കാരണം എന്തെന്ന് ജനമേജയന്‍ ചോദിച്ചപ്പോള്‍ വ്യാസന്‍ തുടര്‍ന്നു: മഹാരാജന്‍, ദനു എന്ന് പേരായ ഒരസുരന് രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു. രംഭനും കരംഭനും. ഈ രണ്ടുപേരും പുത്രലാഭത്തിനായി പഞ്ചനദത്തിലെ പുണ്യതീര്‍ത്ഥത്തില്‍ നീണ്ടകാലം തപസ്സുചെയ്തു. കരംഭന്‍റെ തപസ്സ് ജലത്തില്‍ മുങ്ങിക്കിടന്നും രംഭന്‍റെ തപസ്സ് പഞ്ചാഗ്നിമദ്ധ്യത്തിലുമായിരുന്നു. അസുരന്മാരുടെ തപസ്സിനെപ്പറ്റി അറിഞ്ഞ ദേവേന്ദ്രന്‍ തന്‍റെ സ്ഥാനം നഷ്ടപ്പെടാന്‍ ഇവര്‍ കാരണമാവുമോ എന്ന് ആകുലപ്പെട്ടു. അദ്ദേഹം സ്വയം ഒരു മുതലയുടെ രൂപത്തില്‍ വന്ന് കരംഭന്‍റെ കാലില്‍ പിടികൂടി വലിച്ച് കൊലപ്പെടുത്തി. സഹോദരന്‍റെ മരണവൃത്താന്തമറിഞ്ഞ രംഭന്‍ തന്‍റെ മുടിക്കെട്ട് ഒരുകയ്യാല്‍ ചുറ്റിപ്പിടിച്ച് മറ്റേ കയ്യില്‍ വാളെടുത്ത് സ്വന്തം തലയറുത്ത് അഗ്നിയില്‍ ഹോമിക്കാന്‍ തുനിഞ്ഞു. തല്‍ക്ഷണം അഗ്നിദേവന്‍ പ്രത്യക്ഷനായി. ‘നീയൊരു മൂര്‍ഖന്‍ തന്നെ. തലയറുത്ത് ആത്മഹത്യ ചെയ്തതുകൊണ്ട് എന്ത് പ്രയോജനം? നിനക്ക് എന്ത് വരമാണ് വേണ്ടത്? പറഞ്ഞാലും’

അഗ്നിദേവന്‍റെ വാക്കുകള്‍ കേട്ട് മുടിയില്‍ നിന്നും പിടിവിട്ടു തൊഴുതുകൊണ്ട് രംഭാന്‍ പറഞ്ഞു: ദേവേശ, അവിടുന്ന്‍ എന്നില്‍ തുഷ്ടനാണെങ്കില്‍ എനിക്ക് മൂന്നുലകും വെല്ലുന്ന ഒരു പുത്രനെ നീ തരണം. അവന്‍ ശത്രുവിന്‍റെ ബലത്തെ ഇല്ലാതാക്കാന്‍ കഴിവുള്ളവനാകണം. ദേവാസുരന്മാര്‍ക്കും മര്‍ത്യര്‍ക്കും അവനെ തോല്‍പ്പിക്കാന്‍ കഴിയരുത്. മാത്രമല്ല അവന്‍ സകലരാലും ആരാധിക്കപ്പെടണം. കാഴ്ചയില്‍ അവന്‍ കാമരൂപിയും ആവണം.’

'നീ ഏതൊരു പെണ്ണിനെ ആഗ്രഹിക്കുന്നുവോ അവളില്‍ നിനക്ക് നീയാഗ്രഹിച്ചത് പോലുള്ള ഒരു പുത്രന്‍ ജനിക്കട്ടെ’ എന്ന് പറഞ്ഞു അഗ്നി അവിടെ നിന്നും മറഞ്ഞു. അസുരന്‍ അഗ്നിദേവനെ പ്രണമിച്ചു സന്തോഷത്തോടെ യക്ഷപുരിയിലേയ്ക്ക് മടങ്ങി. അവിടെയവന്‍ ഒരു മഹിഷകന്യകയെക്കണ്ട് കാമപരവശനായി. അവള്‍ക്കും രംഭനില്‍ കാമമുണ്ടായി. അവളില്‍ അവന്‍റെ ഗര്‍ഭം വളരാന്‍ തുടങ്ങി. മറ്റു പോത്തുകളുടെ ശല്യത്തില്‍ നിന്നും രക്ഷപ്പെടുത്തി അവളെയവന്‍ കമനീയമായ പാതാളലോകത്തിലെത്തിച്ചു. ഒരിക്കല്‍ കാമാര്‍ത്തനായി ഒരു പോത്ത് അവളെ സമീപിക്കാന്‍ ശ്രമിക്കവേ രംഭന്‍ അവനെ പ്രഹരിച്ചകറ്റി. എന്നാല്‍ ഈ പോത്ത് അസുരനെ തിരിച്ചുകുത്തി. രംഭന്‍ തല്‍ക്ഷണം അവിടെ മരിച്ചു വീണു. തന്‍റെ ഭര്‍ത്താവ് മരിച്ചതറിഞ്ഞ് ആ എരുമ അവിടെ നിന്നും ഓടി യക്ഷന്മാരുടെ വടവൃക്ഷത്തെ ശരണം പ്രാപിച്ചു. കാമാന്ധനായ പോത്ത് അവളുടെ പിറകെ ഓടി. യക്ഷര്‍ അവളുടെ രക്ഷയ്ക്കായി ഓടിയെത്തി. പിന്നെയവിടെ പോത്തും യക്ഷന്മാരും തമ്മില്‍ വലിയ പോരായി. ആ പോരില്‍ പോത്ത് ചത്തു വീണു.

യക്ഷന്മാര്‍ രംഭന്‍റെ ദേഹം ചിതയില്‍ വെച്ചപ്പോള്‍ ആ മഹിഷിയും കൂടെ മരിക്കാനായി തയ്യാറെടുത്തു. യക്ഷന്മാരുടെ തടസ്സങ്ങള്‍ വകവെയ്ക്കാതെ അവള്‍ ആ ചിതയിലേയ്ക്ക് എടുത്തു ചാടി. ഉടനെതന്നെ അതിബലവാനായ ഒരു മഹിഷം ചിതാഗ്നിയില്‍ നിന്നും പൊങ്ങിവന്നു. രംഭനും മറ്റൊരു ദേഹം - രക്തബീജന്‍ - സ്വീകരിച്ചുകൊണ്ട് അവിടെ പ്രത്യക്ഷനായി. അതിബലവാനായ മഹിഷം അസുരന്മാരുടെ രാജാവായി. അങ്ങിനെയാണ് ദേവാസുരന്മാര്‍ക്കെല്ലാം അജയ്യനായ മഹിഷനും വീര്യവാനായ രക്തബീജനും ഉണ്ടായത്.   

Saturday, January 23, 2016

ദിവസം 93. ശ്രീമദ്‌ ദേവീഭാഗവതം. 5. 1. രുദ്രശ്രേഷ്ഠത്വം

ദിവസം 93. ശ്രീമദ്‌ ദേവീഭാഗവതം. 5. 1. രുദ്രശ്രേഷ്ഠത്വം 

അഞ്ചാം സ്കന്ധം ആരംഭം

ഭവതാ കഥിതം സൂത മഹദാഖ്യാനമുത്തമം
കൃഷ്ണസ്യ ചരിതം ദിവ്യം സര്‍വ്വപാതക നാശനം
സന്ദേഹോ fത്ര മഹാഭാഗ വാസുദേവകഥാനകേ
ജായതേ ന: പ്രോച്യമാനേവിസ്തരേണ മഹാമതേ 

ഋഷിമാര്‍ പറഞ്ഞു: മഹാഭാഗാ, സര്‍വ്വ പാപങ്ങളെയും ഇല്ലാതാക്കാന്‍ പോന്ന ശ്രീകൃഷണകഥ അങ്ങ് ഞങ്ങളെ കേള്‍പ്പിച്ചു. എന്നാല്‍ ഞങ്ങളുടെ സംശയങ്ങള്‍ തീര്‍ന്നിട്ടില്ല. വിഷ്ണുവിന്‍റെ അംശമായി പിറന്ന ശ്രീകൃഷ്ണന്‍ കാട്ടില്‍പ്പോയി പരമശിവനെ തപസ്സു ചെയ്തു. മഹാദേവനും ജഗജ്ജനനിയുടെ അംശമായ പാര്‍വ്വതീദേവിയും അദ്ദേഹത്തിനായി അനുഗ്രഹങ്ങള്‍ നല്‍കി. കൃഷ്ണന്‍ സ്വയം ഈശ്വരനാണെങ്കില്‍ എന്തിനാണ് രുദ്രനെ പൂജചെയ്ത് പ്രീതിപ്പെടുത്തിയത്? അവരെക്കാള്‍ താഴെയാണോ കൃഷ്ണന്‍?

സൂതന്‍ പറഞ്ഞു: വ്യാസഭഗവാന്‍ ഇതിന്‍റെ കാരണം പറഞ്ഞിട്ടുള്ളതുപോലെ ഞാന്‍ നിങ്ങള്‍ക്കത് പറഞ്ഞു തരാം.

എന്നാല്‍ ഉടനെ തന്നെ ബുദ്ധിമാനായ ജനമേജയന്‍ ചോദിച്ചു: ഇതിനു പുറകിലെ പരമകാരണം എന്തെന്ന് അങ്ങ് നേരത്തേ പറഞ്ഞത് എനിക്ക് മനസ്സിലായി. മായാവിശിഷ്ടബ്രഹ്മമാണല്ലോ ഭഗവതി. എങ്കിലും എന്നിലെ സംശയം തീരുന്നില്ല. സര്‍വ്വേശ്വരനും സര്‍വ്വാത്മാവുമായ വിഷ്ണു സാധാരണഭക്തനെപ്പോലെ ശിവനെ തപസ്സുചെയ്യാന്‍ എന്താണ് കാരണം? ജഗത്തിന്‍റെ സൃഷ്ടിക്കും സ്ഥിതിക്കും സംഹാരത്തിനും വിഷ്ണുവിന് സ്വയം കഴിവുള്ളതല്ലേ? പിന്നെയെന്തിനാണ് തപസ്സു ചെയ്തത്?

വ്യാസന്‍ പറഞ്ഞു: അങ്ങ് പറഞ്ഞത് ശരിയാണ്. സര്‍വ്വകാര്യങ്ങള്‍ക്കും സമര്‍ത്ഥനാണ് വിഷ്ണു. അസുരനിഗ്രഹം അദ്ദേഹത്തിനു നിഷ്പ്രയാസവുമാണ്. എന്നാല്‍ മനുഷ്യദേഹം പൂണ്ടതിനാല്‍ ആ പരംപൊരുളിന് വര്‍ണ്ണാശ്രമങ്ങള്‍ക്ക് യോജിച്ച ഭാവങ്ങള്‍ സ്വംശീകരിക്കേണ്ടിവന്നു. പ്രായമുള്ളവരെയും ബ്രാഹ്മണരെയും അദ്ദേഹം പൂജിച്ചു ബഹുമാനിച്ചു. ഗുരുക്കന്മാരെ വന്ദിച്ചു. ദേവതകളെ ആരാധിച്ചു. ദുഖത്തില്‍ വിലപിച്ചു. ഹര്‍ഷത്തില്‍ ആഹ്ലാദിച്ചു. ദുഷ്പേരില്‍ ഖിന്നനായി. സ്ത്രീകളില്‍ ആസക്തനായി. ത്രിഗുണങ്ങള്‍ക്ക് വശംവദനായി കാമാക്രോധലോഭാദികള്‍ക്ക് കീഴടങ്ങി വര്‍ത്തിച്ചു. അങ്ങിനെയുള്ള ഒരു ദേഹത്തിനു നിര്‍ഗ്ഗുണത്വം എങ്ങിനെയുണ്ടാവാനാണ്?

ഗാന്ധാരിയുടെയും ബ്രാഹ്മണരുടെയും ശാപങ്ങള്‍ യാദവകുലത്തെ ഇല്ലാതാക്കി. കൃഷ്ണഭഗവാന്‍ തന്‍റെ ദേഹവും ഉപേക്ഷിച്ചു. കൃഷ്ണപത്നിമാരെ കള്ളന്മാര്‍ കൊണ്ടുപോകുന്നതില്‍ നിന്നും തടുക്കാന്‍ വില്ലാളിവീരനായ അര്‍ജ്ജുനനുപോലുമായില്ല. പ്രദ്യുമ്നന്‍, അനിരുദ്ധന്‍ എന്നിവരെ കൊട്ടാരത്തില്‍ നിന്നും അപഹരിച്ചുകൊണ്ടുപോയത് കൃഷ്ണന്‍ അറിഞ്ഞില്ല. മനുഷ്യരൂപമെടുത്താല്‍ അതിനു യോജിച്ച കര്‍മ്മങ്ങള്‍ അനുഭവിച്ചേ തീരൂ.

വിഷ്ണുവിന്‍റെയും നാരായണമുനിയുടെയും അംശമായ കൃഷ്ണന്‍ മഹാദേവനെ ആരാധിച്ചത് ഉചിതമെന്നേ പറയേണ്ടൂ. കാരണശരീരത്തിന് നാഥനായ ശിവന്‍ വിഷ്ണുവിനും പൂജ്യനാണ്. കാരണശരീരത്തില്‍ നിന്നാണ് ലിംഗശരീരത്തിന്‍റെ ഉത്ഭവം. വിഷ്ണുവിന് ലിംഗ ശരീരാഭിമാനം ഉള്ളതിനാല്‍ കാരണശരീരസ്ഥന്‍ പൂജനീയനാണ്. അതുകൊണ്ട് വിഷ്ണുവിന്‍റെ അംശമായ കൃഷ്ണന്‍ രുദ്രനെ പൂജിക്കുന്നത് ഉചിതമാണ്. ‘അ’കാരം ബ്രഹ്മാവും, ‘ഉ’കാരം വിഷ്ണുവും ‘മ’കാരം ശിവനുമാണ്. ഇവയിലെ അര്‍ദ്ധമാത്രയാണ് മഹേശ്വരി. ഓംകാരത്തിന്‍റെ നാല് മാത്രകളാണിവ. സ്ഥൂലം, സൂക്ഷ്മം, കാരണം, തുരീയം ഇവയാണ് അ, ഉ, മ, അര്‍ദ്ധമാത്ര എന്നിവകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇവയ്ക്കോരോന്നിനും ഒന്നിനൊന്നുപരിയായി പ്രാധാന്യമുണ്ട്.

ദേവിയാണ് മുഖ്യ. നിത്യയും അവാച്യയുമാണ് ദേവി. ബ്രഹ്മാവിനേക്കാള്‍ മുകളില്‍ വിഷ്ണു. വിഷ്ണുവിനേക്കാള്‍ മുകളില്‍ രുദ്രന്‍. ബ്രഹ്മാവിന്‍റെ മുഖത്തു നിന്നും രണ്ടാമതൊരു രുദ്രന്‍ ജനിച്ചു. പൂജനീയനായ ഈ രുദ്രനാണ് സാധകര്‍ക്ക് വരം നല്‍കുന്നത്. രണ്ടാം രുദ്രന് ഇത്ര പ്രഭാവമുണ്ടെങ്കില്‍ മൂലരുദ്രന്‍റെ പ്രാഭവം എത്രയായിരിക്കും? ദേവിയുടെ സാന്നിദ്ധ്യം സദാ ഉള്ളതിനാല്‍ ശിവന് ഉത്തമത്വം കല്‍പ്പിച്ചിരിക്കുന്നു. യോഗമായയുടെ പ്രഭാവം മൂലമാണ് ശ്രീഹരിയ്ക്ക് അവതാരങ്ങള്‍ എടുക്കാനാകുന്നത്.

കടക്കണ്ണിന്‍റെ ചടുലചലനങ്ങളാല്‍ വിശ്വത്തെ സൃഷ്ടിച്ചും പരിപാലിച്ചും സംഹരിച്ചും വിലസുന്ന ജഗജ്ജനനിതന്നെയാണ് ത്രിമൂര്‍ത്തികളെ നാനാവതാരകലകളിലൂടെ വലയ്ക്കുന്നത്. കാരാഗ്രഹത്തില്‍ നിന്നും രക്ഷപ്പെടുത്തി നന്ദന്‍റെ ഭവനത്തില്‍ കൃഷ്ണനെ കൊണ്ടാക്കിയതും ഭഗവാനെ മഥുരയില്‍ എത്തിച്ചതും അവിടെനിന്നും ദ്വാരകയില്‍ താമസം മാറ്റിച്ചതുമെല്ലാം ദേവിയുടെ നിയോഗം തന്നെ. പതിനാറായിരത്തി അന്‍പതു സ്ത്രീകള്‍ കൂടാതെ എട്ടു പ്രധാന രാജ്ഞിമാര്‍ എന്നിവരെ സൃഷ്ടിച്ചൊരുക്കി കൃഷ്ണനെ അവര്‍ക്കു ദാസനാക്കിയത് ആ മഹേശ്വരി തന്നെയാണ്. ഒറ്റയ്ക്കൊരു യുവതിയുടെ കീഴില്‍ പുരുഷന്‍ കുരുങ്ങിപ്പോകും പിന്നെ ഇത്രയധികം യുവതികളുടെ കയ്യില്‍പ്പെട്ടാല്‍ ഒരു പുരുഷന്‍റെ കഥയെന്താവും?

ഒരിക്കല്‍ അദ്ദേഹം സത്യഭാമയുടെ നിര്‍ബ്ബന്ധബുദ്ധിക്ക് വഴങ്ങി ദേവേന്ദ്രനോട് വഴക്കിട്ട് പാരിജാതം കൊണ്ടുവന്നു അവളുടെ കൊട്ടാരത്തില്‍ നട്ടു കൊടുത്തു. ശിശുപാലനു പറഞ്ഞു വെച്ചിരുന്ന പെണ്ണായിരുന്നു രൂക്മിണി. അങ്ങിനെയുള്ള ഒരുവളെ കട്ടുകൊണ്ട് വരിക എന്ന് പറഞ്ഞാല്‍ പരദാരത്തെ സ്വീകരിക്കുക എന്നതിനു തുല്യം! ധര്‍മ്മിഷ്ഠനു യോജിച്ച പ്രവര്‍ത്തിയല്ല ഇതൊന്നും.

മോഹജാലത്തിനും അതുണ്ടാക്കുന്ന മൂഢതയ്ക്കും വശംവദനായി മനുഷ്യന്‍ നന്മയും തിന്മയും ചെയ്തു കൂട്ടുന്നു. അഹങ്കാരജന്യമാണ് സ്ഥാവരജംഗമപ്രകൃതി മുഴുവന്‍. ആ മൂലാഹങ്കാരത്തില്‍ നിന്ന് തന്നെയാണ് ഹരിഹരന്മാരുടെ ഉദയവും. ബ്രഹ്മാവ്‌ അഹങ്കാരമുക്തനായാല്‍പ്പിന്നെ സൃഷ്ടിയില്ല. അഹങ്കാരമുക്തനാണ് മുക്തന്‍. അഹങ്കാരത്തിനു കീഴടങ്ങിയവാന്‍ ബദ്ധന്‍. ഗൃഹമോ, ഭാര്യയോ പുത്രനോ ഒന്നും വാസ്തവത്തില്‍ ആരെയും ബന്ധിക്കുന്നില്ല. ‘ഞാനാണ് ഇക്കാര്യം ചെയ്തത്’ എന്ന ഭാവമാണ് ബന്ധനത്തിനുള്ള കാരണം. 'കാര്യം' സംഭവിക്കാന്‍ 'കാരണം' കൂടിയേ തീരൂ. കുഴയ്ക്കാന്‍ കളിമണ്ണില്ലെങ്കില്‍ കുടമുണ്ടാവുമോ? ശ്രീഹരി വിശ്വത്തെ പരിപാലിക്കുന്നത് അഹങ്കാരത്തോടെയാണ്. അഹങ്കാരമാണ് മനുഷ്യനെ ചിന്താകുലനാക്കുന്നത്. ജനനമരണചക്രത്തില്‍ നാം മുഴുകുന്നതിന്‍റെ കാരണം എന്താണ്? മോഹമാണ് അഹങ്കാരത്തിനു കാരണമാകുന്നത്. അതാണ്‌ പ്രപഞ്ചത്തിന്‍റെ ഹേതു. അഹങ്കാരം തീണ്ടാത്തവരെ മോഹം ബാധിക്കുകയില്ല. അവര്‍ക്ക് സംസാരവുമില്ല.

ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെ ഭാവങ്ങള്‍ മൂന്നുവിധമാണ്. സാത്വികം, രാജസം, താമസം എന്നീ ഭേദങ്ങള്‍ അവരില്‍ ഉള്ളതുപോലെ മനുഷ്യരിലും ഇവയുണ്ട്. ത്രിമൂര്‍ത്തികള്‍ക്ക് ഈ മൂന്നു വിധത്തിലുള്ള അഹങ്കാരങ്ങളും ഉണ്ടെന്നു മാമുനിമാര്‍ പറയുന്നു. എന്നാല്‍ ബ്രഹ്മാദികള്‍ സ്വന്തം അഭീഷ്ടപ്രകാരമാണ് അവതാരങ്ങള്‍ കൈക്കൊള്ളുന്നതെന്ന് അവര്‍ തന്നെ പറയുന്നത് അവരും മായാമോഹിതരും മന്ദന്മാരുമായതുകൊണ്ടാവണം.

മന്ദന്മാര്‍ പോലും ആഗ്രഹിക്കാത്ത ഗര്‍ഭവാസ ദുരിതങ്ങള്‍ അനുഭവിക്കാന്‍ വിഷ്ണു സ്വമനസ്സാല്‍ തീരുമാനിക്കും എന്ന് തോന്നുന്നുണ്ടോ? ദേവകിയുടെ ഗര്‍ഭത്തില്‍ മലമൂത്രസഹിതം കിടന്നു വളര്‍ന്നത് ഹരിയുടെ സ്വാഭീഷ്ടത്തിലാണെന്ന് ആരും പറയില്ല. വൈകുണ്ഡവാസം ഉപേക്ഷിച്ചുവരാന്‍ തക്ക എന്ത് സുഖമാണിവിടെ അദ്ദേഹത്തിനു കിട്ടുക?  ദുഃഖപൂരിതമായ ജനനമരണക്ലേശം അനുഭവിക്കാതിരിക്കാന്‍ ലോകര്‍ തപസ്സും ദാനവും യജ്ഞങ്ങളുമൊക്കെ , ചെയ്യുന്നു. എന്നാല്‍ രാജാവേ, ആരും സ്വതന്ത്രരല്ല. ബ്രഹ്മാവുമുതല്‍ പുല്‍ക്കൊടിവരെയുള്ള എല്ലാം ജഗന്മായയുടെ അധീനത്തില്‍ അമ്മയുടെ താളത്തിനോത്ത് ലീലയാടുകയാണ്. യോഗമായ വിരിച്ച മോഹവലയത്തില്‍പ്പെട്ടു ബ്രഹ്മാദികള്‍ എട്ടുകാലിയുടെ വലയില്‍ കുടുങ്ങിയ പ്രാണിയെപ്പോലെ ബദ്ധരായിത്തീരുന്നു.