ദിവസം 39. ശ്രീമദ് ദേവീഭാഗവതം 3. 2. വിമാനഗമനം
യത്ത്വയാ ച മഹാബാഹോ പൃഷ്ടോ fഹം കുരുസത്തമ
താന്‍ പ്രശ്നാന്‍
നാരദ:പ്രാഹ മായാ പൃഷ്ടോ മുനീശ്വര:
വ്യാസ കിംതേ ബ്രവീമ്യദ്യ
പുരാ fയം സംശയോ മമ
ഉത്പന്നോ ഹൃദയേ fത്യര്‍ത്ഥം സന്ദേഹാസാരപീഡിത
വ്യാസന്‍ പറഞ്ഞു: മഹാഭാഗാ,
അങ്ങെന്നോടു ചോദിച്ച ഇതേ ചോദ്യങ്ങള്‍ ഞാന്‍ നാരദനോടു ചോദിച്ചവയാണ്. അപ്പോള്‍
നാരദന്‍ പറഞ്ഞു: അങ്ങ് ചോദിച്ച തരം ചോദ്യങ്ങള്‍ ഒരു തിരമാലപോലെ എന്റെയുള്ളിലും
തുടരെത്തുടരെ അലയടിച്ചിരുന്നു. എന്റെ പിതാവായ ബ്രഹ്മദേവനോട് ഞാനവ ചോദിക്കുകയും
ചെയ്തു. ബ്രഹ്മാണ്ഡം എന്തില്‍നിന്നാണ് ഉണ്ടായത്? അങ്ങാണോ അതോ പാലാഴിയില്‍
പള്ളികൊള്ളുന്ന വിഷ്ണുവാണോ, അതുമല്ല, മഹേശ്വരനാണോ വിശ്വനിര്‍മ്മിതിക്ക് പിന്നിലുള്ളത്?
ഇവരില്‍ ആരാണ് സര്‍വ്വോല്‍ക്കൃഷ്ടന്‍? ആരാണ് ആരാധനയ്ക്ക് യോഗ്യന്‍? സംശയനിവാരണം
നടത്തി എന്റെ ദുഖത്തിന് അറുതിവരുത്തിയാലും. തീര്‍ത്ഥാടനം, വേദപഠനം, മറ്റുപായങ്ങള്‍
എല്ലാം ഞാന്‍ നോക്കി. അവയൊന്നും എന്നിലെ മാലകറ്റുന്നില്ല. സത്യമറിയാതെ
ശാന്തിയെങ്ങിനെ നേടാനാണ്? നട്ടം തിരിയുന്ന എന്റെ മനസ്സ് ഒരിടത്ത് ഉറയ്ക്കുന്നില്ല.
ആരെയാണ് ഞാന്‍ സ്മരിക്കേണ്ടത്? ആരെ സ്തുതിച്ചുകൊണ്ടാണ് ഞാന്‍ അര്‍ച്ചന ചെയ്യേണ്ടത്?
സകലത്തിന്റെയും അധീശനായ ഈശ്വരന്‍ ആരാണ്? എന്റെ ഈ ചോദ്യങ്ങള്‍ കേട്ട് ലോകപിതാമഹനായ
ബ്രഹ്മാവ് ഇങ്ങിനെ അരുളിച്ചെയ്തു.
ബ്രഹ്മാവ് പറഞ്ഞു: 'മകനേ,
ഞാന്‍ എന്തുപറയാനാണ്? സാക്ഷാല്‍ വിഷ്ണുവിനുപോലും പറയാന്‍ എളുതല്ലാത്ത ചോദ്യങ്ങളാണ്
നീ ചോദിക്കുന്നത്. വാസ്തവത്തില്‍ ഈ സംസാരത്തില്‍ ആമഗ്നനായ ആര്‍ക്കും ഈ
ലോകത്തിന്റെ പൊരുളറിയാനാവില്ല. വിരക്തനും നിര്‍മമനുമായ ജ്ഞാനിക്കേ പരമതത്വം
ഗ്രഹിക്കാനാവൂ. പണ്ട് എല്ലാമെല്ലാം പ്രളയജലത്തിലായിരുന്നപ്പോള്‍ ആകെയൊരു കടല്‍
മാത്രമേയുണ്ടായിരുന്നുള്ളു. പഞ്ചഭൂതങ്ങള്‍ക്കൊപ്പം ഒരു താമരയില്‍ ഞാനും ഉണ്ടായി.
സൂര്യചന്ദ്രന്മാരില്ല. ശൈലാദികളും അന്നില്ല. ആ താമരയില്‍ കിടന്നു ഞാന്‍ എന്തുചെയ്യണം
എന്നാലോചിച്ചു . ഞാന്‍ ആരില്‍ നിന്നാണ് ജനിച്ചത്? ആരെന്നെ സൃഷ്ടിച്ചു? ആരെന്നെ
പരിപാലിക്കും? എങ്ങിനെയാണ് എനിക്കൊരവസാനമുണ്ടാവുക? അപ്പോള്‍ ഭൂമിയൊന്നും കാണാനില്ലായിരുന്നു. ഈ
താമരയ്ക്ക് നിലനില്‍ക്കാന്‍ ചെളി വേണമല്ലോ? പങ്കജത്തിന്റെ മൂലമായ പങ്കം എന്തെന്ന്
എനിക്കിപ്പോള്‍ അറിയണം! ആ പങ്കത്തിന്റെ മൂലമായ ഭൂമിയും എനിക്ക് കാണണം. ഇങ്ങിനെ
ചിന്തിച്ചുറച്ച് ഞാന്‍ ഭൂമിയെത്തേടി താഴേയ്ക്ക് ആയിരം കൊല്ലത്തോളം സഞ്ചരിച്ചുകൊണ്ടേയിരുന്നു.
യാതൊരു വിധത്തിലും ധരയെ കാണാതെയിരിക്കുമ്പോള്‍ ‘തപസ്സ് ചെയ്യുക’ (തപ: തപ:) എന്നൊരു ശബ്ദം
അശരീരിയായി എന്റെ കാതുകളില്‍ പതിച്ചു. ആ താമരയില്‍ത്തന്നെയിരുന്ന് ഞാന്‍ ഒരായിരം വര്‍ഷം
തപസ്സുചെയ്തു. ‘സൃഷ്ടിക്കുക’ എന്നൊരശരീരിയാണ് പിന്നീട് ഞാന്‍ കേട്ടത്. ആരെയാണ്,
എന്തിനെയാണ് സൃഷ്ടിക്കേണ്ടത് എന്നെനിക്ക് അറിയാമായിരുന്നില്ല. അപ്പോഴേയ്ക്ക്
മധുവെന്നും കൈടഭന്‍ എന്നും പേരുള്ള രണ്ടു രാക്ഷസന്മാര്‍ അവിടെ വന്ന് എന്നോട്
യുദ്ധഭീഷണി മുഴക്കി. താമരത്തണ്ട് പിടിച്ച് നീരില്‍ ഇറങ്ങിയ ഞാന്‍ ആ പരമപുരുഷനെ
കണ്ടു. മേഘശ്യാമനിറത്തില്‍, മഞ്ഞപ്പട്ടുടുത്ത നാലുകയ്കളുള്ള ജഗന്നാഥന്‍ ആദിശേഷതല്‍പ്പത്തില്‍ കാണായി. അതാ വനമാലയണിഞ്ഞ ഭഗവാന്‍ ശംഖുചക്രഗദാധാരിയായി സര്‍പ്പത്തിനു മുകളില്‍
യോഗനിദ്രയില്‍ ആമഗ്നനായിക്കിടക്കുന്നു.
ഇനി ഞാന്‍
എന്തുചെയ്യണമെന്നറിയാതെയിരിക്കെ എന്നില്‍ നിദ്രാസ്വരൂപിണിയായ ദേവിയുടെ ഓര്‍മ്മ അങ്കുരിച്ചു.
അമ്മയെ ഞാന്‍ വാഴ്ത്തി സ്തുതിക്കാന്‍ തുടങ്ങി. ശിവസ്വരൂപിണിയായ ആ ദേവി ആകാശത്ത്
ദിവ്യമൂര്‍ത്തമായ രൂപത്തില്‍ അവതരിച്ചു. വിഷ്ണുവിന്റെ ഉടലില്‍ നിന്നും വേര്‍പെട്ട്
ആകാശത്ത് നിദ്രാദേവി സമൂര്‍ത്തയാകവേ, വിഷ്ണുഭഗവാന്‍ നിദ്രയില്‍ നിന്നും ഉണര്‍ന്നു.
രാക്ഷസന്മാരായ മധുകൈടഭന്മാരെ അയ്യായിരം കൊല്ലം നീണ്ടുനിന്ന സംഗരത്തില്‍ വിഷ്ണു വകവരുത്തി. ആ സമയത്ത് രുദ്രനും അവിടെയെത്തിച്ചേര്‍ന്നു. ഞങ്ങള്‍ മൂന്നുപേരും ആ
സുന്ദരാംഗിയായ ദേവിയെ വാഴ്ത്തി. ‘ബ്രഹ്മവിഷ്ണുഹരന്മാരെ, നിങ്ങള്‍ അവരവരുടെ നിയതകര്‍മ്മങ്ങള്‍ തുടര്‍ന്നു നടത്തിയാലും’ എന്ന അനുജ്ഞ നല്‍കി. അസുരന്മാര്‍ മൃതിയടഞ്ഞു. ഇനി നിങ്ങള്‍ക്ക്
തടസ്സം കൂടാതെ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ ചെയ്യാം. നാലുവിധത്തിലുള്ള പ്രജകളെ വേണം
സൃഷ്ടിക്കുവാന്‍.
അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു:
അമ്മേ, സൃഷ്ടി നടത്താന്‍ ഞങ്ങള്‍ അശക്തരാണ്. എല്ലാടവും ജലം നിറഞ്ഞിരിക്കുന്നു.
പഞ്ചഭൂതങ്ങളോ ഇന്ദ്രിയാദികളോ തന്മാത്രപോലുമോ ഇപ്പോള്‍ ഇവിടെയില്ലല്ലോ?’
No comments:
Post a Comment