Devi

Devi

Wednesday, November 18, 2015

ദിവസം 28. ശ്രീമദ്‌ ദേവീഭാഗവതം. 2. 3. ശന്തനുവിവാഹം

ദിവസം 28. ശ്രീമദ്‌ ദേവീഭാഗവതം. 2. 3.  ശന്തനുവിവാഹം

ഉത്പത്തിസ്തു ത്വയാ പ്രോക്താ വ്യാസസ്യാമിതതേജസ:
സത്യവത്യാസ്തഥാ സൂത, വിസ്തരേണ ത്വയാ fനഘ
അഥാപ്യേകസ്തു സന്ദേഹശ്ചിത്തേ fസ്മാകം സുസംസ്ഥിത:
ന നിവര്‍ത്തതി ധര്‍മ്മജ്ഞ കഥിതേന ത്വയാ fനഘ

ഋഷിമാര്‍ പറഞ്ഞു: 'അങ്ങ് വ്യാസന്‍റെ ജനനവും സത്യവതിയുടെ ചരിതവും ഞങ്ങള്‍ക്കായി പറഞ്ഞു തന്നു. വ്യാസന്‍റെ അമ്മയായ സത്യവതി എങ്ങിനെയാണ്‌ ശന്തനുവിന്‍റെ പതിനിയായത് എന്ന റിയാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. വംശമഹിമയൊന്നുമില്ലാത്ത ഒരു ദാശരപുത്രിയെ രാജാവ് വേള്‍ക്കാന്‍ കാരണമെന്നത്? ശന്തനുപുത്രനായ ഭീഷ്മരുടെ കഥയും ഞങ്ങള്‍ക്ക് കേള്‍ക്കണമെന്നുണ്ട്. അദ്ദേഹം എങ്ങിനെയാണ് വസുവിന്‍റെ അംശമായത്? ചിത്രാംഗദനെ രാജാവായി വാഴിച്ചത് ഭീഷ്മരാണല്ലോ. ധര്‍മ്മിഷ്ഠനായ ജ്യേഷ്ഠനിരിക്കുമ്പോള്‍ അനിയന്‍ എങ്ങിനെ രാജാവായി? ചിത്രാംഗദന്‍ മരിച്ചപ്പോള്‍ വിചിത്രവീര്യനെയും രാജാവാക്കി വാഴിച്ചത് ഭീഷ്മരാണ്‌. ഭീഷ്മര്‍ക്ക് രാജ്യഭാരം കൊടുക്കാതിരുന്നതിനു കാരണമെന്താണ്? മാത്രമല്ല ഭീഷ്മര്‍ ബ്രഹ്മചാരിയാകാന്‍ ഹേതുവെന്താണ്? ആ അമ്മ വ്യാസനെക്കൊണ്ട് തന്‍റെ സഹോദരഭാര്യമാരില്‍ പുത്രോല്‍പാദനം ചെയ്യിച്ചത് എന്തിനാണ്? അത് തെറ്റല്ലേ? മാത്രമല്ല വ്യാസന്‍ പുരാണകര്‍ത്താവും ധര്‍മ്മിഷ്ഠനും വേദം വ്യസിച്ചയാളുമല്ലേ? വെറുക്കപ്പെടാവുന്ന ഈ കര്‍മ്മം അദ്ദേഹമെന്തിനാണ് ഏറ്റെടുത്തത്? വ്യാസശിഷ്യനായ അങ്ങുതന്നെ എല്ലാം വിശദമാക്കിത്തന്നാലും.'

സൂതന്‍ പറഞ്ഞു: ഇഷ്വാകു കുലത്തില്‍ മഹാനായ മഹാബിക്ഷന്‍ എന്നൊരു രാജാവ് ചക്രവര്‍ത്തിയായി വാണിരുന്നു. ആയിരം അശ്വമേധങ്ങള്‍, നൂറു വാജപേയങ്ങള്‍, എന്നിവയെല്ലാം നടത്തി അദ്ദേഹം ദേവേന്ദ്രനെ പ്രീതിപ്പെടുത്തി. മരിച്ചു സ്വര്‍ഗ്ഗം പൂകിയ അദ്ദേഹം ഒരിക്കല്‍ ബ്രഹ്മസഭയില്‍ ചെന്നു. മറ്റു ദേവതകളും അവിടെ സന്നിഹിതരായിരുന്നു. മഹാനദിയായ ഗംഗാദേവി അവിടെ വിഭുസേവയ്ക്കെത്തിയിരുന്നു. അവളുടെ പുടവ ക്ഷണത്തില്‍ കാറ്റില്‍പ്പറന്ന് അവളുടെ നഗ്നത ഒരല്‍പ്പനേരത്തേയ്ക്ക്  ദൃശ്യമായി. വിണ്ണവര്‍ അത് ശ്രദ്ധിക്കാതെ തലകുനിച്ചു നിന്നെങ്കിലും മഹാബിക്ഷന്‍ അവളെത്തന്നെ നോക്കി നിന്നു. തന്നെക്കണ്ട് രാജാവ് പ്രേമത്തിലായി എന്നറിഞ്ഞ ഗംഗയും നൃപനില്‍ അനുരക്തയായി. ബ്രഹ്മാവ്‌ ഇതുകണ്ട് അവരെ ശപിച്ചു. ‘നിങ്ങള്‍ വീണ്ടും മനുഷ്യലോകത്ത് പോയി ജനിക്കുക. വേണ്ടത്ര പുണ്യമാര്‍ജ്ജിച്ചുവന്നാല്‍ നിങ്ങള്‍ക്ക് വീണ്ടും ദേവലോകമണയാം.’ വിഷാദത്തോടെ അവര്‍ ഭൂമിയിലെത്തി. ധര്‍മിഷ്ഠരായവരുമായി ആലോചിച്ച് രാജാവ് പുരുവംശത്തില്‍ പിറന്ന പ്രതീപനെ പിതാവായി സങ്കല്‍പ്പിച്ചു ഭൂമിയില്‍ ജീവിതം തുടങ്ങാമെന്നു തീരുമാനിച്ചു. 

അതിനിടയ്ക്ക് അഷ്ടവസുക്കള്‍ ഭാര്യമാരോടോപ്പം ക്രീഡാലോലുപരായി വസിഷ്ഠാശ്രമത്തിലെത്തി. പൃഥുക്കളില്‍ പ്രധാനിയാണ്‌ ദ്യൌ. അദ്ദേഹത്തിന്‍റെ ഭാര്യ ആശ്രമത്തില്‍ നന്ദിനിപശുവിനെ കണ്ട് അതാരുടേതാണെന്ന് ചോദിച്ചു. ‘സുന്ദരീ ഇത് വസിഷ്ഠന്‍റെതാണ്. ഇതിന്‍റെ പാല് കുടിക്കുന്ന ആണും പെണ്ണും പതിനായിരം കൊല്ലം യൌവനത്തോടെയിരിക്കും.’. അപ്പോള്‍ ദ്യൌവിന്‍റെ പത്നി, തന്‍റെ മര്‍ത്യലോകത്തിലെ സുഹൃത്തായ ഉശിനരസപുത്രിക്ക് കിടാവോടുകൂടി ഈ പശുവിനെ സമ്മാനിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ‘സകലകാമങ്ങളെയും നിവൃത്തിക്കുന്ന ഈ പശുവിനെ എന്‍റെ ആശ്രമത്തിലെത്തിക്കുക. ഈ പശുവിന്‍റെ പാല് കുടിച്ച് എന്‍റെ തോഴി മനുഷ്യരുടെ കൂട്ടത്തില്‍ ജരാരോഗങ്ങള്‍ ബാധിക്കാത്തവളായി വിലസട്ടെ.’ ഭാര്യയുടെ വാക്ക് കേട്ട് ദ്യൌ ആ പശുവിനെ മോഷ്ടിച്ച് അവളുടെ അഭീഷ്ടം സാധിപ്പിച്ചു. വസുക്കള്‍ നന്ദിനിയെ അപഹരിച്ചുകൊണ്ടുപോയിക്കഴിഞ്ഞപ്പോള്‍ ഫലമൂലാദികള്‍ കൊണ്ടുവരാന്‍ വനത്തില്‍ പോയിരുന്ന വസിഷ്ഠന്‍ പശുവിനെയും കിടാവിനെയും അന്വേഷിച്ചു. ആശ്രമത്തില്‍ കാണാഞ്ഞ് അവയെത്തേടി വനങ്ങളിലും ഗുഹകളിലും തിരഞ്ഞു നടന്നു. തന്നെ അപമാനിച്ച് പശുവിനെയും കിടാവിനെയും മോഷ്ടിച്ചു മറഞ്ഞത് വസുക്കള്‍ ആണെന്നറിഞ്ഞ മുനി കോപിഷ്ഠനായി അവരെ ശപിച്ചു. ‘നിങ്ങള്‍ എല്ലാവരും മനുഷ്യയോനിയില്‍ പിറക്കട്ടെ’.

ശാപവൃത്താന്തമറിഞ്ഞ വസുക്കള്‍ മുനിയെ സമീപിച്ചു പ്രീതിപ്പെടുത്താന്‍ ശ്രമിച്ചു. ‘നിങ്ങളെ ഓരോരുത്തരെ വീതം ആണ്ടുതോറും ശാപമുക്തരാക്കാം. എന്നാല്‍ ദ്യൌ മാത്രം കുറേക്കാലം മനുഷ്യനായി ജീവിക്കട്ടെ. ശാപം കിട്ടിയ വസുക്കള്‍ തിരിച്ചുപോകുമ്പോള്‍ ഗംഗാ ദേവി അതിലേ നടന്നുപോകുന്നത്‌ കണ്ടു. ‘എങ്ങിനെയാണ് ഞങ്ങള്‍ക്ക് അമൃതുണ്ണുന്ന ദേവന്മാരാകാന്‍ കഴിയുക’ എന്നവര്‍ ദേവിയോട് ചോദിച്ചു. ‘മനുഷ്യരുടെ വയറ്റില്‍ പിറക്കുകയെന്നത് അതീവദുഷ്കരമാണ്. അതിനാല്‍ മഹാത്മാവായ അമ്മേ, അവിടുന്നൊരു മനുഷ്യസ്ത്രീയായി പിറന്നു ഞങ്ങള്‍ക്ക് ജന്മമേകിയാലും.’ ശന്തനുവിന്‍റെ സഹധര്‍മ്മിണിയായി നീ വാഴുക. എന്നിട്ട് ഞങ്ങള്‍ ഭൂജാതരാവുമ്പോള്‍ ജലത്തിലെറിഞ്ഞു കളയുക. അങ്ങിനെ മനുഷ്യജന്മത്തില്‍ നിന്നും ഞങ്ങള്‍ക്ക് ശാപമോക്ഷമാവും’ ഗംഗാദേവി അതിനു സമ്മതിച്ചു.

താമസംവിനാ പ്രതീപന്‍റെ പുത്രനായി മഹാബിക്ഷന്‍ ജനിച്ചു. ആ ബാലനാണ് ശന്തനു എന്ന സത്യധര്‍മ്മനിരതനായ രാജാവായത്. പ്രതീപന്‍ സൂര്യവന്ദനം ചെയ്യുമ്പോള്‍ പെട്ടെന്ന് ഗംഗയില്‍ നിന്നും അതിസുന്ദരിയായ ഒരു യുവതി പൊങ്ങിവന്നു രാജാവിന്‍റെ തുടമേല്‍ കയറി ഇരുന്നു. ‘എന്തിനാണ് നീ അനുവാദമില്ലാതെ എന്‍റെ തുടയില്‍ കയറിയത്?’ എന്ന് രാജാവ് ചോദിച്ചപ്പോള്‍ ‘അങ്ങയില്‍ തനിക്കു കാമമുണ്ടെന്നും തന്നെ സ്വീകരിക്കണമെന്നും ആ സുന്ദരി ആവശ്യപ്പെട്ടു. എന്നാല്‍ രാജാവ് പറഞ്ഞു: ഞാന്‍ പരനാരിയെ സ്വീകരിക്കുകയില്ല. മാത്രമല്ല നീയിരുന്നത് വലത്തെ തുടയിലാണ്. അത് മക്കള്‍ക്കും പുത്രവധുക്കള്‍മുള്ള ഇടമാണ്. പുത്രവാഞ്ഛയോടെ നില്‍ക്കുന്ന നിനക്ക് ഒരു സത് പുത്രനുണ്ടാവും എന്ന് നിശ്ചയം. അപ്പോള്‍ നീയെന്‍റെ പുത്രവധുവായാലും.’

അവള്‍ പോയിക്കഴിഞ്ഞപ്പോള്‍ രാജാവ് അവളെപ്പറ്റി ആലോചിച്ചുകൊണ്ട്‌ കൊട്ടാരത്തിലെത്തി. കാലക്രമത്തില്‍ രാജാവിന് പുത്രനുണ്ടായി. അവനു താരുണ്യമായപ്പോള്‍ വാനപ്രസ്ഥനാകുന്നതിനുമുന്‍പ് രാജാവ് മകനോട് പണ്ടുണ്ടായ ഈ വിചിത്ര സംഭവം പറഞ്ഞു. ‘ആ മനോജ്ഞാംഗി നിന്നെ സമീപിക്കുകയാണെങ്കില്‍ അവളെ സധൈര്യം പരിഗ്രഹിക്കുക. അവള്‍ ആരെന്നും മറ്റും നീ ചോദിക്കുകയേ വേണ്ട. നിനക്ക് സൌഖ്യമുണ്ടാവട്ടെ’.

രാജാവ് പുത്രനെ രാജ്യഭാരമേല്‍പ്പിച്ചു കാട്ടില്‍പ്പോയി. അദ്ദേഹം ഉഗ്രതപസ്സിലൂടെ ജഗദംബയെ പ്രീതിപ്പെടുത്തി സ്വതേജസ്സാല്‍ത്തന്നെ സാര്‍വ്വഭൌമനായി. ധര്‍മ്മതല്‍പരനായ ശന്തനു പ്രജകളെ വേണ്ടതുപോലെ പരിപാലിച്ചുകൊണ്ട് രാജ്യം ഭരിച്ചു.

No comments:

Post a Comment