ദിവസം 27. ശ്രീമദ് ദേവീഭാഗവതം 2.2. വ്യാസോത്പത്തി
ഏകദാ തീര്‍ത്ഥയാത്രായാം
വ്രജന്‍ പരാശരോ മുനി:
ആജഗാമ മഹാതേജാ:
കാളിന്ദ്യാസ്തടമുത്തമം
നിഷാദമാഹ ധര്‍മാത്മാ കുര്‍വന്തം
ഭോജനം തദാ
പ്രാപയസ്വ പരംപാരം
കാളിന്ദ്യാ ഉഡുപേന മാം
സൂതന്‍ തുടര്‍ന്നു:
ഒരിക്കല്‍ തീര്‍ത്ഥയാത്രാ മദ്ധ്യേ മഹാതേജസ്വിയായ പരാശരമുനി കാളിന്ദീ തീരത്ത്
എത്തി. അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കടത്തുകാരനോട് തന്നെ തോണിയില്‍ അക്കരെ
എത്തിക്കാന്‍ മുനി ആവശ്യപ്പെട്ടു. കടത്തുകാരന്‍ തന്‍റെ മകളോട് 'ഈ മഹാനായ ഋഷിയെ നീ
അക്കരയ്ക്ക് പോണ്ടുപോകുക, ഞാന്‍ എന്‍റെ ഭക്ഷണം കഴിച്ചു തീര്‍ന്നിട്ടില്ല' എന്ന്
പറഞ്ഞപ്പോള്‍ ആ മല്‍സ്യഗന്ധിയായ കന്യക മുനിയെ തോണിയില്‍ കയറ്റി. അതിസുന്ദരിയായ
കാളിന്ദിയെ കണ്ടിട്ട് മുനിയുടെ മനസ്സ് ചഞ്ചലമായി. അദ്ദേഹത്തെ കാമദേവന്‍ കീഴടക്കി.
മുനി അവളുടെ കൈയില്‍ കയറി പിടിച്ചു. ‘അങ്ങയുടെ കുലത്തിനും തപോമഹിമയ്ക്കും ഉതകുന്ന
പ്രവൃത്തിയാണോ ഇത്?’ എന്നാ സുന്ദരി ചോദിക്കുകയും ചെയ്തു. 'മനുഷ്യജന്മം തന്നെ ദുര്‍ലഭം,
അപ്പോള്‍ അങ്ങേയ്ക്ക് കിട്ടിയ ബ്രാഹ്മണജന്മം അതി ദുര്‍ലഭമല്ലെ? മാത്രമല്ല അങ്ങ്
വസിഷ്ഠകുലത്തില്‍ പിറന്നവനുമാണ്. മത്സ്യഗന്ധിയായ എന്നെക്കണ്ടിട്ട് അനാര്യമായ ഈ
ആസക്തി അങ്ങേയ്ക്ക് എങ്ങിനെയുണ്ടായി? അങ്ങ് ധര്‍മ്മം മറന്ന് എന്‍റെ കരം പിടിക്കാന്‍
എന്നില്‍ അങ്ങെന്താണ് കണ്ടത്? അങ്ങ് സമാധാനമായിരിക്കൂ. ഞാന്‍ തോണിയൊന്ന് അക്കരെയെത്തിക്കട്ടെ!’
മുനി തന്‍റെ പിടി വിട്ടു.
തോണി അക്കരെക്കയെത്തി. എന്നാല്‍ അപ്പോഴും മുനിയിലെ കാമം അടങ്ങിയിരുന്നില്ല. വീണ്ടും
അദ്ദേഹം അവളെ കാമാതുരനായി സമീപിച്ചു. ‘അങ്ങേയ്ക്ക് അറപ്പും വെറുപ്പും ഒന്നുമില്ലേ?
എന്നെ മീന്‍ നാറുന്നില്ലേ? തുല്യരായവര്‍ തമ്മില്‍ മാത്രമേ ബന്ധം പാടുള്ളൂ എന്നല്ലേ
ശാസ്ത്രം?’ എന്ന് പറഞ്ഞു പിന്തിരിയാന്‍ ശ്രമിച്ച അവളെ ക്ഷണനേരത്തില്‍ മുനി
കസ്തൂരിഗന്ധിയാക്കി. അവളെ അതിസുന്ദരിയുമാക്കി. എന്നിട്ട് മുനിയവളുടെ കരം
ഗ്രഹിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞു: 'മുനേ, മറ്റുള്ളവര്‍ കാണും. മാത്രമല്ല,
മറുകരയില്‍ അച്ഛനുണ്ട്. മൃഗങ്ങളെപ്പോലെ ഇണചേരാന്‍ എനിക്ക് താല്പര്യമില്ല.
രാത്രിയാകട്ടെ. അതുവരെ കാത്തിരിക്കുക. മനുഷ്യര്‍ക്ക് രാത്രിയേ സുരതം
വിധിച്ചിട്ടുള്ളൂ. പകല്‍ സംഗത്തിന് ദോഷമുണ്ട്.'
എന്നാല്‍ പരാശരന്‍ ഉടനെതന്നെ അവിടെ മൂടല്‍ മഞ്ഞുണ്ടാക്കി. നദീതീരം കൂരിരുട്ടിലായി. അപ്പോള്‍ മത്സ്യഗന്ധി പറഞ്ഞു. 'മുനേ അങ്ങ് കാര്യം കണ്ടിട്ട് ഇവിടം വിട്ടു പോവും. പിന്നെ എനിക്കാരാണ് തുണ? അങ്ങയുടെ വീര്യം വ്യര്‍ത്ഥമാവുകയില്ലല്ലോ? ഞാന്‍ ഗര്‍ഭിണിയായാല്‍ ഞാന്‍ അച്ഛനോട് എന്തുത്തരം പറയും?'
എന്നാല്‍ പരാശരന്‍ ഉടനെതന്നെ അവിടെ മൂടല്‍ മഞ്ഞുണ്ടാക്കി. നദീതീരം കൂരിരുട്ടിലായി. അപ്പോള്‍ മത്സ്യഗന്ധി പറഞ്ഞു. 'മുനേ അങ്ങ് കാര്യം കണ്ടിട്ട് ഇവിടം വിട്ടു പോവും. പിന്നെ എനിക്കാരാണ് തുണ? അങ്ങയുടെ വീര്യം വ്യര്‍ത്ഥമാവുകയില്ലല്ലോ? ഞാന്‍ ഗര്‍ഭിണിയായാല്‍ ഞാന്‍ അച്ഛനോട് എന്തുത്തരം പറയും?'
പരാശരന്‍ പറഞ്ഞു: 'നീ
എന്നോടു സംഗം ചെയ്താലും നിന്‍റെ കന്യകാത്വം നഷ്ടപ്പെടുകയില്ല. നിനക്ക് പേടി വേണ്ട.
ഇഷ്ടമുള്ള വരം എന്താണെങ്കിലും ഞാന്‍ നിനക്ക് തരാം.’.
സത്യവതി പറഞ്ഞു: 'ആരുമറിയാത്ത വിധത്തിലും എന്‍റെ കന്യകാത്വം നഷ്ടപ്പെടാത്ത വിധത്തിലും അങ്ങയുടെ ആഗ്രഹം സാധിച്ചാലും. മാത്രമല്ല, ഈ സംഗത്തില്‍ നിന്നും എനിക്ക് അങ്ങയുടെ പ്രാഭവങ്ങള്‍ എല്ലാമുള്ള ഒരു സദ്‌പുത്രനെ എനിക്ക് വേണം. എന്നില്‍ ഇപ്പോഴുള്ള ഈ സുഗന്ധം എന്നെന്നേയ്ക്കും നിലനില്‍ക്കണം’
‘നിനക്ക് വിഷ്ണ്വംശനായ ഒരു പുത്രന്‍ ജനിക്കും. അവന്‍ മൂന്നുലോകത്തും പുകള്‍പെറ്റവനുമായിരിക്കും. എനിക്ക്
അപ്സരസ്സുകളെ കണ്ടിട്ടുകൂടി ഇതുപോലെ ഒരാഗ്രഹം ഇതുവരെ ഉണ്ടായിട്ടില്ല. ഇത് ദൈവ
നിയോഗമാണ്. അല്ലെങ്കില്‍ മത്സ്യഗന്ധിയായ നിന്നെക്കണ്ട് എന്‍റെ മനസ്സുരുകിയതെങ്ങിനെ? നമുക്കുണ്ടാകാന്‍ പോകുന്ന മകന്‍ പുരാണകര്‍ത്താവും വേദങ്ങളെ വ്യസിച്ചവനുമാകും.’ ഇങ്ങിനെ പറഞ്ഞു മുനി ആ സുന്ദരിയെ
വശത്താക്കി അവളുമായി ബന്ധപ്പെട്ടു.
മുനി കാളിന്ദിയില്‍ കുളിച്ചുവന്നപ്പോഴേയ്ക്കും സത്യവതി ഗര്‍ഭിണിയായി ക്ഷണത്തില്‍ പ്രസവിക്കുകയും ചെയ്തു. ആ യമുനാദ്വീപില്‍ വച്ച് ജനിച്ച പുത്രന്‍, വ്യാസന്‍, ജനിച്ചപ്പോഴേ പ്രഭാവവാനായിരുന്നു. തപോനിരതനായ അവന്‍ അമ്മയോട് ‘എന്നെയോര്‍ത്ത് വിഷമിക്കേണ്ടതില്ല. അമ്മയ്ക്കിഷ്ടം പോലെ ജീവിക്കാം, ഞാന്‍ തപസ്സിനു പോകുന്നു. എന്നാല്‍ അമ്മ എന്നെപ്പറ്റി അപ്പോള്‍ സ്മരിക്കുന്നുവോ ആ നിമിഷം ഞാനവിടെ എത്തും. എന്ത് വിശേഷം ഉണ്ടായാലും എന്നെയൊന്നു സ്മരിച്ചാല്‍ മതി. ഇപ്പോള്‍ ഞാന്‍ പോകട്ടെ.’ എന്ന് പറഞ്ഞ് വ്യാസന്‍ അവിടം വിട്ടു.
മുനി കാളിന്ദിയില്‍ കുളിച്ചുവന്നപ്പോഴേയ്ക്കും സത്യവതി ഗര്‍ഭിണിയായി ക്ഷണത്തില്‍ പ്രസവിക്കുകയും ചെയ്തു. ആ യമുനാദ്വീപില്‍ വച്ച് ജനിച്ച പുത്രന്‍, വ്യാസന്‍, ജനിച്ചപ്പോഴേ പ്രഭാവവാനായിരുന്നു. തപോനിരതനായ അവന്‍ അമ്മയോട് ‘എന്നെയോര്‍ത്ത് വിഷമിക്കേണ്ടതില്ല. അമ്മയ്ക്കിഷ്ടം പോലെ ജീവിക്കാം, ഞാന്‍ തപസ്സിനു പോകുന്നു. എന്നാല്‍ അമ്മ എന്നെപ്പറ്റി അപ്പോള്‍ സ്മരിക്കുന്നുവോ ആ നിമിഷം ഞാനവിടെ എത്തും. എന്ത് വിശേഷം ഉണ്ടായാലും എന്നെയൊന്നു സ്മരിച്ചാല്‍ മതി. ഇപ്പോള്‍ ഞാന്‍ പോകട്ടെ.’ എന്ന് പറഞ്ഞ് വ്യാസന്‍ അവിടം വിട്ടു.
വ്യാസന്‍
പോയിക്കഴിഞ്ഞപ്പോള്‍ സത്യവതി അച്ഛന്‍റെയടുത്തേക്ക് തിരിച്ചു പോയി. വിഷ്ണുവിന്‍റെ
അംശത്തോടെ, ദ്വീപില്‍ വെച്ച് ഭൂജാതനായ വ്യാസന്‍, ദ്വൈപായനന്‍ എന്ന പേരില്‍
പ്രശസ്തനായി. തീര്‍ത്ഥങ്ങള്‍ തോറും സഞ്ചരിച്ചും തപസ്സു ചെയ്തും അദ്ദേഹം ജ്ഞാനവും
വിജ്ഞാനവും ആര്‍ജ്ജിച്ചു. കലിയുഗാരംഭം ആയതറിഞ്ഞു വേദങ്ങളെ നാളായി വിഭജിച്ചു. വേദം വ്യസിച്ചവനാകയാല്‍ വ്യാസന്‍ എന്ന പേരും അദ്ദേഹത്തിനുണ്ടായി. അനേകം
പുരാണങ്ങളെ അദ്ദേഹം രചിച്ചു. സുമന്തു, പൈലന്‍,വൈശമ്പായനന്‍, ജൈമിനി, ദേവലന്‍,
അസിതന്‍ തുടങ്ങിയ പ്രഗല്‍ഭരായ ശിഷ്യന്മാരും ശിഷ്യനും മകനുമായ ശുകനും
വ്യാസനുണ്ടായി.
സാധാരണ നിലയ്ക്ക് സജ്ജനങ്ങള്‍ക്ക് നിരക്കാത്ത ഒരു കാര്യം മഹാനായ മാമുനി ചെയ്തതിനു പിന്നില്‍ ഉചിതമായ കാരണങ്ങള്‍ എന്തെങ്കിലുമുണ്ടായിരുന്നുവെന്ന് നാം മനസ്സിലാക്കണം. കാളിയൊരു മീനിന്‍റെ ഉള്ളില്‍ വളരാനിടയായതും പരാശരമുനി, ശന്തനു രാജാവ് മുതലായവര്‍ അവളില്‍ ആകൃഷ്ടരായതും വെറും
കാമാര്‍ത്തിയുടെ പരിണിത ഫലം കൊണ്ടല്ല. വ്യാസന്‍റെ അത്ഭുതജനനത്തിനു അവയൊക്കെ നിമിത്തങ്ങളായി എന്നേ കരുതേണ്ടൂ.
മഹാന്മാരുടെ കഥകളില്‍ നിന്നും നാം ഗുണം മാത്രം കണ്ടെത്തി ഗ്രഹിക്കുകയാണ് വേണ്ടത്.
ശുഭപര്യവസായിയായ ഈ കഥ കേള്‍ക്കുന്നവര്‍ക്ക് ദുര്‍ഗതിയുണ്ടാവുകയില്ല. അവര്‍
സുഖികളായി ഭവിക്കും എന്ന് നിശ്ചയം
No comments:
Post a Comment