ദിവസം 35. ശ്രീമദ് ദേവീഭാഗവതം. 2.10. പരീക്ഷിത്തിന്‍റെ
മരണം
തസ്മിന്നേവ ദിനേ നാമ്നാ
തക്ഷകസ്തം നൃപോത്തമം
ശപ്തം ജ്ഞാത്വാ ഗൃഹാത്തൂര്‍ണ്ണം
നി:സൃത:പുരുഷോത്തമാ:
വൃദ്ധബ്രാഹ്മണ വേഷേണ
തക്ഷക:പഥി നിര്‍ഗ്ഗത:
അപശ്യത്കശ്യപം മാര്‍ഗ്ഗേ
വ്രജന്തം നൃപതിം പ്രതി:
സൂതന്‍ തുടര്‍ന്നു:
പരീക്ഷിത്തിന്‍റെ ശാപവൃത്താന്തം കേട്ട തക്ഷകന്‍ തന്‍റെ കര്‍ത്തവ്യനിര്‍വ്വഹണത്തിനായി
പുറപ്പെട്ടു. വൃദ്ധനായ ഒരു ബ്രാഹ്മണന്‍റെ വേഷത്തില്‍ നടന്ന തക്ഷകന്‍ വഴിക്ക് വച്ച്
മന്ത്രവാദിയായ കശ്യപനെ കണ്ടു. അദ്ദേഹം രാജാവിനെ മുഖം കാണിക്കാന്‍ പോവുകയാണ്. ‘അങ്ങെങ്ങോട്ടാണ്
ഇത്ര തിടുക്കപ്പെട്ടു പോവുന്നതെന്ന്’ ചോദിച്ചപ്പോള്‍ രാജാവിനെ തക്ഷകദംശനത്തില്‍
നിന്നും രക്ഷിക്കാനാണ് പോകുന്നതെന്ന് കശ്യപന്‍ മറുപടിയും പറഞ്ഞു. ‘വിഷം
നശിപ്പിക്കാനുള്ള മന്ത്രം എന്‍റെ കയ്യിലുള്ളതിനാല്‍ ആയുസ്സുണ്ടെങ്കില്‍ രാജാവിനെ
രക്ഷിക്കാന്‍ എനിക്ക് കഴിയും.’
അപ്പോള്‍ തക്ഷകന്‍ പറഞ്ഞു:
‘ഞാനാണ് ആ രാജാവിനെ ദംശിക്കാന്‍ പോവുന്ന തക്ഷകന്‍. അങ്ങേയ്ക്ക് അത്രയ്ക്ക്
മന്ത്രബലമുണ്ടെങ്കില്‍ എനിക്കതൊന്നു കാണണം എന്നുണ്ട്.’ എന്ന് പറഞ്ഞു തക്ഷകന്‍
അടുത്തുള്ള ഒരു വൃക്ഷത്തെ തന്നിലെ വിഷജ്വാലകൊണ്ട് ഭസ്മമാക്കി. ഉടനെതന്നെ കശ്യപന്‍
ജലമെടുത്ത് മന്ത്രം ജപിച്ച് തളിച്ചപ്പോള്‍ വൃക്ഷം പൂര്‍വ്വസ്ഥിതിയെ പ്രാപിച്ചു.
കശ്യപന്‍റെ ശക്തി ബോദ്ധ്യമായ തക്ഷകന്‍ ബ്രാഹ്മണനെ അനുനയിപ്പിച്ചു. ‘അങ്ങേയ്ക്ക്
എന്താണ് വേണ്ടത്?’ എന്ന് ചോദിച്ചപ്പോള്‍ തന്‍റെ വിദ്യകൊണ്ട് ധനം നേടുകയാണ്
ഉദ്ദേശം എന്നദ്ദേഹം പറഞ്ഞു. അപ്പോള്‍ തക്ഷകന്‍ പറഞ്ഞു: ‘അങ്ങേയ്ക്ക് രാജാവില്‍
നിന്നും കിട്ടാവുന്ന ധനം ഞാനിപ്പോള്‍ തരാം. അങ്ങ് കൊട്ടാരത്തിലേയ്ക്കുള്ള
യാത്രയില്‍ നിന്നും പിന്‍ വാങ്ങണം.’
'രാജാവിനെ രക്ഷിക്കാതെ ധനം
മോഹിച്ച് വീട്ടിലേയ്ക്ക് മടങ്ങുന്നത് ഉചിതമല്ല. കീര്‍ത്തികരമല്ല അത്. എന്നാല്‍
രാജാവിനെ ജീവിപ്പിക്കുകയാണെങ്കില്‍ അതിന്‍റെ കീര്‍ത്തി എന്നുമെന്നും നിലനില്‍ക്കും.
കീര്‍ത്തിക്കായി പണ്ടുള്ളവര്‍ എന്തെല്ലാം ചെയ്തിരിക്കുന്നു! രഘു തന്‍റെ സര്‍വ്വസ്വവും
മുനിക്ക് നല്‍കിയത് കീര്‍ത്തിക്കായാണ്. ഹരിശ്ചന്ദ്രന്‍, കര്‍ണ്ണന്‍ തുടങ്ങിയവരും
കീര്‍ത്തിക്കായി എന്തെല്ലാം ഉപേക്ഷിച്ചു! വിഷത്തീയില്‍ ഒടുങ്ങാന്‍ പോകുന്ന
രാജാവിനെ എങ്ങിനെ ഞാന്‍ ഉപേക്ഷിക്കും? രാജാവ് മരിച്ചാല്‍ പ്രജകള്‍ക്കാണ് നഷ്ടം.
എനിക്ക് പാപവും ധനമോഹിയെന്ന ദുഷ്കീര്‍ത്തിയും ഉണ്ടാകും.' എന്നെല്ലാം ആലോചിച്ചു നില്‍ക്കവേ
കശ്യപന്‍ മനക്കണക്കിലൂടെ രാജാവിന്‍റെ ആയുസ്സ് തീരാന്‍ സമയം അധികമില്ലെന്ന്
മനസ്സിലാക്കി. ഏതായാലും രാജാവിന് ആയുസ്സില്ല, എങ്കില്‍പ്പിന്നെ തക്ഷകന്‍റെ ധനം
സ്വീകരിക്കുക തന്നെ എന്ന് തീരുമാനിച്ചു പണവും വാങ്ങി അദ്ദേഹം സ്വഗൃഹം പൂകി.
അങ്ങിനെ കശ്യപനെ
യാത്രയാക്കി തക്ഷകന്‍ ഹസ്തിനാപുരിയിലെത്തി. ഏഴാം ദിവസം. മണിമന്ത്രൌഷധാദികളാല്‍
പരിരക്ഷിക്കപ്പെട്ട രാജാവ് മാളികപ്പുറത്തു കഴിയുന്നു. ‘പാപിയായ ഈ രാജാവിനെ
എങ്ങിനെയാണ് വഞ്ചിക്കുക ? അത് സമയത്തിനു സംഭവിച്ചില്ലെങ്കില്‍ എനിക്കും ശാപം
വന്നുചേരും. ഈ രാജാവ് പാപി തന്നെയാണ്. ആരാണ്
ചത്തൊരു പാമ്പിനെ താപസന്‍റെ മേലിടാന്‍ തുനിയുക? നികൃഷ്ടകര്‍മ്മം ചെയ്തിട്ട്
മരണത്തെ വഞ്ചിക്കാനായി മാളികമുകളില്‍ കയറി ഇരിക്കുകയാണ് മന്നവന്‍. എന്നാല്‍
വിധിവിഹിതം മാറ്റാന്‍ കോടി യത്നങ്ങള്‍ ചെയ്താലും സാധിക്കുമോ? അര്‍ജുനന്‍റെ
പൌത്രനായ ഇവന്‍ മൃത്യു ഉറപ്പാണെന്ന് മനസ്സിലാക്കിയിട്ടും ജീവിക്കാനുള്ള ഇച്ഛയില്‍
ഒരു കുലക്കവുമില്ലാതെ മാളികപ്പുറത്തു വിരാജിക്കുന്നു. ഈ സമയത്ത് ദാനാദി പുണ്യകര്‍മ്മങ്ങള്‍
ചെയ്യുകയാണ് രാജാവിന് ഹിതം. അല്ലെങ്കില്‍ മരണാനന്തരം ഗതി കിട്ടുന്നതെങ്ങിനെ?
മുനിദ്രോഹം ചെയ്ത പാപം കൂടാതെ വിപ്രകുമാരന്‍റെ ശാപവും ഈ രാജാവിനെ ബാധിക്കും എന്നത്
നിശ്ചയം. ഇയാള്‍ക്ക് ഈ സത്യം പറഞ്ഞു മനസ്സിലാക്കാന്‍ ഒരുത്തമ ബ്രാഹ്മണന്‍ കൂടെയില്ലാതെപോയി. രാജാവിന്‍റെ മൃത്യു അനിവാര്യമായ ഒന്നാണ്.’
ഇങ്ങിനെ ചിന്തിച്ചു തക്ഷകന്‍ കൂടെയുള്ള സര്‍പ്പങ്ങളെ മുനിവേഷം ധരിപ്പിച്ചു. രാജാവിന് കാഴ്ചവയ്ക്കാന്‍ ഫലമൂലങ്ങളുമായാണ് മുനിമാര്‍ കൊട്ടാരത്തില്‍ എത്തിയത്. വേദമന്ത്രങ്ങള്‍ കൊണ്ട് പാര്‍ത്ഥപൌത്രനെ വാഴ്ത്താനും അനുഗ്രഹിക്കാനും വന്നവരാണ് തങ്ങള്‍ എന്ന് കേട്ട കാവല്‍ക്കാര്‍ മുനിമാരെ തടഞ്ഞു. രാജകല്‍പ്പന മാനിച്ച് അവര്‍ പറഞ്ഞു, ‘ഇന്നിനി നിങ്ങള്‍ക്ക് രാജാവിനെ കാണാന്‍ സാധിക്കില്ല. നാളെ നിങ്ങള്‍ കൊട്ടാരത്തിലേയ്ക്ക് വന്നു കൊള്ളൂ’. ഇപ്പോള്‍ എതായാലും രാജാവിനെ കാണാന്‍ കഴിയില്ല എന്നറിഞ്ഞ ‘മുനിമാര്‍’ അവര്‍ ഫലമൂലാദികളുമായി എത്തിയവിവരം രാജാവിനെ അറിയിക്കാനാവശ്യപ്പെട്ടു. രാജാവ് കാവല്‍ക്കാരോട് മുനിമാര്‍ കൊണ്ടുവന്ന ഫലമൂലങ്ങള്‍ കൊണ്ടുവരാന്‍ അനുവദിച്ചു. താപസന്മാരോട് തന്‍റെ ആദരവറിയിക്കാനും രാജാവ് കല്‍പ്പിച്ചു.
ഇങ്ങിനെ ചിന്തിച്ചു തക്ഷകന്‍ കൂടെയുള്ള സര്‍പ്പങ്ങളെ മുനിവേഷം ധരിപ്പിച്ചു. രാജാവിന് കാഴ്ചവയ്ക്കാന്‍ ഫലമൂലങ്ങളുമായാണ് മുനിമാര്‍ കൊട്ടാരത്തില്‍ എത്തിയത്. വേദമന്ത്രങ്ങള്‍ കൊണ്ട് പാര്‍ത്ഥപൌത്രനെ വാഴ്ത്താനും അനുഗ്രഹിക്കാനും വന്നവരാണ് തങ്ങള്‍ എന്ന് കേട്ട കാവല്‍ക്കാര്‍ മുനിമാരെ തടഞ്ഞു. രാജകല്‍പ്പന മാനിച്ച് അവര്‍ പറഞ്ഞു, ‘ഇന്നിനി നിങ്ങള്‍ക്ക് രാജാവിനെ കാണാന്‍ സാധിക്കില്ല. നാളെ നിങ്ങള്‍ കൊട്ടാരത്തിലേയ്ക്ക് വന്നു കൊള്ളൂ’. ഇപ്പോള്‍ എതായാലും രാജാവിനെ കാണാന്‍ കഴിയില്ല എന്നറിഞ്ഞ ‘മുനിമാര്‍’ അവര്‍ ഫലമൂലാദികളുമായി എത്തിയവിവരം രാജാവിനെ അറിയിക്കാനാവശ്യപ്പെട്ടു. രാജാവ് കാവല്‍ക്കാരോട് മുനിമാര്‍ കൊണ്ടുവന്ന ഫലമൂലങ്ങള്‍ കൊണ്ടുവരാന്‍ അനുവദിച്ചു. താപസന്മാരോട് തന്‍റെ ആദരവറിയിക്കാനും രാജാവ് കല്‍പ്പിച്ചു.
കാവല്‍ക്കാര്‍ പഴങ്ങള്‍ രാജാവിന് സമര്‍പ്പിച്ചു. വിപ്രവേഷത്തില്‍ വന്ന നാഗന്മാര്‍ അവിടം വിട്ടു പോവുകയും ചെയ്തു. രാജാവ് കൂടെയുള്ളവര്‍ക്ക് പഴങ്ങള്‍ വിതരണം ചെയ്തശേഷം ഒരെണ്ണം താനുമെടുത്തു. ‘ബ്രാഹ്മണര്‍ക്ക് കൊടുത്തിട്ട് ഭുജിക്കുന്നത് ശ്രേഷ്ഠം തന്നെ’ എന്നൊരു പഴമൊഴിയും രാജാവ് പറഞ്ഞു. തന്‍റെ കയ്യില്‍ക്കിട്ടിയ പഴം രാജാവ് സ്വയം മുറിച്ചു. മുറിച്ച പഴത്തില്‍ അണുവലുപ്പത്തില്‍ ഒരു കൃമിയുണ്ടായിരുന്നു. കറുത്ത കണ്ണും ചുവന്ന നിറവുമുള്ള അതിനെക്കണ്ട് സചിവന്മാര്‍ വിസ്മയിച്ചു. അപ്പോള്‍ സൂര്യാസ്തമയം ആയിരുന്നു. സൂര്യനസ്തമിക്കാന്‍ പോകുന്ന ഈ നേരത്ത് എനിക്ക് വിഷഭീതിയില്ല. മുനികുമാരന്‍റെ ശാപം ഞാനിതാ സ്വീകരിക്കുന്നു. ഇതെന്നെ കടിച്ചുകൊള്ളട്ടെ’. എന്നുപറഞ്ഞു രാജാവ് ആ കൃമിയെ കൈകൊണ്ടെടുത്ത് കഴുത്തില്‍ വെച്ചു. തല്‍ക്ഷണം ആ കൃമി വളര്‍ന്നു ഭീമാകാരം പൂണ്ടു തക്ഷകനായി. സൂര്യന്‍ അസ്തമിക്കെ, സര്‍പ്പം രാജാവിനെ ചുറ്റിവരിഞ്ഞു ദംശിച്ചു. മന്ത്രിമാര്‍ക്ക് ദുഖത്തോടെ നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. കാവല്‍ക്കാര്‍ പേടിച്ചോടി. എല്ലാടത്തും ഹാഹാ.. വിളികള്‍ മുഴങ്ങി. സര്‍പ്പത്താല്‍ ചുറ്റിവരിഞ്ഞു പൌരുഷം നഷ്ടപ്പെട്ട രാജാവിന്‍റെ മനസ്സിളകിയില്ല. പാമ്പിന്‍റെ വായില്‍ നിന്നും വമിച്ച തീജ്വാല രാജാവിനെ ഭസ്മമാക്കി. ജീവന്‍ ഉടലില്‍ നിന്നും വേര്‍പെട്ടു. രാജാവിനെ കൊന്ന ശേഷം തക്ഷകന്‍ ആകാശത്തേയ്ക്ക് പോങ്ങിപ്പോകുന്ന ഭീകര ദൃശ്യം നാട്ടുകാര്‍ പലരും കണ്ടു. രാജാവിന്‍റെ മരണമറിഞ്ഞ് ജനങ്ങള്‍ വാവിട്ടു കരഞ്ഞു.
No comments:
Post a Comment