Devi

Devi

Saturday, November 7, 2015

ദിവസം 17. ശ്രീമദ്‌ ദേവീഭാഗവതം. 1.12. സുദ്യുമ്നസ്തുതി

ദിവസം 17. ശ്രീമദ്‌ ദേവീഭാഗവതം. 1.12.   സുദ്യുമ്നസ്തുതി

തത: പുരൂരവാ ജജ്ഞേ ഇളായാം കഥയാമി വ:
ബുധപുത്രോfതി ധര്‍മ്മാത്മാ യജ്ഞകൃദ്ദാന തത്പര:
സുദ്യുമ്നോ നാമ ഭൂപാല: സത്യവാദീ ജിതേന്ദ്രിയ:
സൈന്ധവം ഹയമാരുഹ്യ ചചാര മൃഗയാം വനേ
    
സൂതന്‍ തുടര്‍ന്നു: ഇളയില്‍ ബുധന്റെ പുത്രനായാണ്‌ പുരൂരവസ്സിന്റെ ജനനം. സുദ്യുമ്നന്‍ ഉത്തമനായ ഒരു രാജാവായിരുന്നു. ഒരു ദിവസം അദ്ദേഹം നായാട്ടിനായി കാട്ടിലേയ്ക്ക് പോയി. കുണ്ഡലമണിഞ്ഞും അദ്ഭുതകരമായി കൊമ്പില്‍ത്തീര്‍ത്ത വില്ലില്‍ ശരംതൊടുത്തും രാജാവ്  അനേകം മൃഗങ്ങളെ കൊന്നൊടുക്കി. മുയല്‍, പോത്ത്, പുലി, കരിമാന്‍, എന്നുവേണ്ട ഭക്ഷണയോഗ്യമായ അനേകം മൃഗങ്ങളും രാജാവിന്റെ അമ്പിന്നിരയായി. അദ്ദേഹം മേരുപര്‍വ്വതസാനുവിലുള്ള അതിമനോജ്ഞമായ കുമാരവനത്തില്‍  പ്രവേശിച്ചു. അശോകം, ഇലഞ്ഞി, പന, പ്ലാവ്, കടമ്പ്, ചമ്പകം, മാവ് മുതലായ മരങ്ങള്‍ അവിടെ കൂട്ടമായി നില്‍ക്കുന്നു. വായുവില്‍ മുല്ലപ്പൂവിന്റെ ഗന്ധവും നിറഞ്ഞിരിക്കുന്നു. തെങ്ങ്, വാഴ, പിച്ചി, കുറിഞ്ഞി, തൂമുല്ല മുതലായ സസ്യജാലങ്ങളും, കുളക്കോഴി, മൂളിപ്പാട്ട് പാടുന്ന വണ്ടുകള്‍, കുയില്‍നാദം, കാറ്റൂതുന്ന മുളങ്കാടിന്റെ പാട്ട് എല്ലാം കണ്ടും കേട്ടും രാജാവും കൂട്ടരും സന്തോഷത്തോടെ കുമാരവനത്തില്‍ പ്രവേശിച്ചതും സുദ്യുമ്നന്‍ പെട്ടെന്നൊരു സ്ത്രീയായി മാറി. തന്റെ കുതിരയും ഇപ്പോള്‍ പെണ്‍കുതിരയായിരിക്കുന്നു.! എന്താണ് സംഭവിച്ചതെന്നു പരിഭ്രമിച്ചും ലജ്ജിച്ചും രാജാവ് ഇനിയെങ്ങിനെ നാട്ടിലേയ്ക്ക് തിരിച്ചുപോവും എന്ന് ചിന്തിച്ചു വിഷമിച്ചു. 'ആരാണെന്നെ ചതിച്ചത്? ഞാന്‍ ഇനി രാജ്യമെങ്ങിനെ ഭരിക്കും?'

രാജാവ് കാട്ടിനുള്ളില്‍ കയറിയ ഉടനെ സ്ത്രീരൂപിയാകാന്‍ കാരണമെന്തെന്ന് മുനിമാര്‍ ചോദിച്ചപ്പോള്‍ സൂതന്‍ തുടര്‍ന്നു: ഒരിക്കല്‍ പരമശിവനെ ദര്‍ശിക്കാന്‍ സനകാദിമുനിമാര്‍ വന്നുചേര്‍ന്ന സമയം ശംഭുവും പാര്‍വ്വതിയും കാമക്രീഡയില്‍ ആമഗ്നരായി ലയിച്ചിരിക്കുകയായിരുന്നു. നഗ്നയായി തന്റെ കണവനുമായി രമിച്ചിരുന്ന പാര്‍വ്വതി മുനിമാരെക്കാണ്ട് അത്യധികം ലജ്ജയോടെ പെട്ടെന്ന് തന്റെ ചേല വാരിയുടുത്തു. ഈ രംഗം ഒരുനോക്കു കണ്ട മുനിമാര്‍ പെട്ടെന്ന് തന്നെ അവിടം വിട്ടു നാരായണാശ്രമത്തിലേക്ക് പോയി. തന്റെ പ്രിയതമയുടെ ലജ്ജയും ഖേദവും കണ്ട് അതിനൊരു ശമമുണ്ടാക്കാന്‍ മഹാദേവന്‍ പറഞ്ഞു: 'ഇന്നുമുതല്‍ ഈ വനത്തില്‍ പ്രവേശിക്കുന്നവര്‍ എല്ലാവരും പെണ്ണായിപ്പോകട്ടെ!' ഈ ശാപവൃത്താന്തമറിയാതെയാണ് സുദ്യുമ്നന്‍ പരിവാരസമേതം കുമാരവനത്തില്‍ പ്രവേശിച്ചത്.

നാണക്കേടോര്‍ത്ത് ആ രാജാവ് നാട്ടിലേക്ക് തിരിച്ചുപോയില്ല. അവിടെ ചുറ്റിക്കറങ്ങി ഒടുവില്‍ ‘ഇള’ എന്ന പേര് സ്വീകരിച്ചു സ്ത്രീയായി ജീവിതം തുടങ്ങി. ആ കാട്ടിലേയ്ക്ക് മൃഗയാവിനോദത്തിനെത്തിയ ബുധന്‍ ഇളയെക്കണ്ട് പ്രണയവിവശനായി. അവള്‍ക്കും ബുധനില്‍ കാമമുളവായി. അവരുടെ സംയോഗത്താല്‍ പുരൂരവസ്സ് എന്ന് പേരായ ഒരു സുപുത്രന്‍ ജനിച്ചു. ഇള അവിടെവച്ച് വസിഷ്ഠമുനിയെ സ്മരിച്ചമാത്രയില്‍ ഗുരു അദ്ദേഹത്തെ അനുഗ്രഹിക്കാനായി ഭഗവാന്‍ ശങ്കരനെ സംപ്രീതനാക്കി. വസിഷ്ഠന്‍ ഭഗവാനോട് വരമായി ചോദിച്ചത് സുദ്യുമ്നന്റെ പൌരുഷം വീണ്ടു കിട്ടാനാണ്‌. എന്നാല്‍ ഒന്നരാടം മാസം ഇളയായും സുദ്യുമ്നനായും രാജാവിന് ജീവിക്കാം എന്ന വരമാണ് പരമശിവന്‍ നല്‍കിയത്.

രാജാവ് കൊട്ടാരത്തില്‍പ്പോയി ഭരണം തുടങ്ങി. ആണായിരിക്കുമ്പോള്‍ രാജ്യഭാരവും പെണ്ണായിരിക്കുമ്പോള്‍ കൊട്ടാരത്തില്‍ ഒളിച്ചും അദ്ദേഹം കഴിഞ്ഞുവന്നു. ഇതറിഞ്ഞ ജനം രാജാവിനെ നിന്ദിച്ചു സംസാരിച്ചു തുടങ്ങി. അതിനാല്‍ യൌവനമായപ്പോള്‍ത്തന്നെ മകനായ പുരൂരവസ്സിനു രാജ്യഭാരം നല്‍കി അദ്ദേഹം വാനപ്രസ്ഥനായി. അദ്ദേഹം നാരദനില്‍ നിന്നും നവാക്ഷരമന്ത്രദീക്ഷയെടുത്ത് ഭക്തിയോടെ ദേവിയെ ഉപാസിച്ചു. മദ്യപാനത്താല്‍ ചുവന്നു തുടുത്ത കണ്ണുകളോടെ ദേവി സിംഹാരൂഢയായി അദ്ദേഹത്തിനുമുന്നില്‍ പ്രത്യക്ഷപ്പെട്ടു.

ഇള ദേവിയെ സ്തുതിച്ചു: 'ഉപാസിക്കുന്നവര്‍ക്ക് അഭികാമ്യമായ രൂപത്തില്‍ അവിടുന്നെനിക്ക് പ്രത്യക്ഷയായിരിക്കുന്നു. ദേവഗണങ്ങള്‍ ആശ്രയിക്കുന്ന അഭീഷ്ടവരദായകമായ അവിടുത്തെ പദകമലത്തെ ഞാനിതാ നമസ്കരിക്കുന്നു. ഈ ലോകത്ത് അവിടുത്തെ മഹത്വം മനുഷ്യനായി ജനിച്ച ആര്‍ക്കാണറിയാനാവുക? മുനിമാരും ദേവന്മാരും ആ രൂപത്തില്‍ മുഗ്ദ്ധരാണ്. അവിടുത്തെ ദയയും ഐശ്വര്യവും എത്ര അത്ഭുതകരം! ത്രിമൂര്‍ത്തികളും ഇന്ദ്രാദി ദേവന്മാരും അഷ്ടവസുക്കളും പോലും അവിടുത്തെ പ്രഭാവം അറിയാത്തവരാണ്. പിന്നെ സാധാരണക്കാരായ മനുഷ്യന്റെ കാര്യം പറയാനുണ്ടോ? വിഷ്ണുവിന് അവിടുത്തെ സാത്വികാംശത്തെ അറിയാം. ബ്രഹ്മാവിന് രാജസാംശത്തെയും രുദ്രന് താമസാംശത്തെയും അറിയാം. എന്നാല്‍ അമ്മയെ സമഗ്രനിര്‍ഗ്ഗുണയായി അറിയുന്നവര്‍ ആരുണ്ട്? മന്ദബുദ്ധിയായ ഞാന്‍ അതിനു യോഗ്യനല്ലെങ്കിലും അടുത്തെ കൃപ എന്തെന്ന് ഇന്ന് ഞാനറിഞ്ഞു.

പൂമങ്കയായ ലക്ഷ്മീദേവി തന്നെ വരിച്ചിട്ടും വിഷ്ണുദേവന്‍ പൂര്‍ണ്ണമായും സംതൃപ്തനല്ല. ഇവളെ വരിക്കാന്‍ തനിക്ക് യോഗ്യതയുണ്ടോ എന്ന സംശയമാകാം അതിനു കാരണം. നിന്റെ കൈകള്‍ പാദസേവ ചെയ്യുന്നതിനാലാകണം മധുസൂദനന്റെ പാദങ്ങള്‍ക്ക് ഇത്ര പവിത്രത. അശോകത്തെപ്പോലെ അവിടുത്തെ കാലടികളുടെ താഡനമേല്‍ക്കാന്‍ പരമപുരുഷനായ ഹരി പോലും കൊതിക്കുന്നു. എന്നാല്‍ അവിടുന്നു കോപിഷ്ഠയാകുമ്പോള്‍ അവിടുത്തെ പ്രശാന്തയാക്കാന്‍ ആ ഭഗവാന്‍ തന്നെ അവിടുത്തെ കുമ്പിടുന്നു. കാര്‍മേഘത്തില്‍ മിന്നല്‍പ്പിണരുകള്‍ എന്നപോലെ ആ പരമപുരുഷന്റെ മാറില്‍ അവിടുന്നമരുന്നു. അതായത് ആ ജഗദീശനെ അവിടുന്നു വാഹനമാക്കിയിരിക്കുന്നു! കോപിഷ്ഠയായി ദേവി ആ ഭഗവാനെ കൈവെടിഞ്ഞാല്‍പ്പിന്നെ അദ്ദേഹം ശക്തിഹീനന്‍ തന്നെ. ശ്രീയൊഴിഞ്ഞ നിര്‍ഗ്ഗുണ പുരുഷനെ ആര്‍ക്കും വേണ്ട. അവിടുത്തെ ആശ്രയിക്കുന്ന ബ്രഹ്മാദികളായ ദേവന്മാര്‍ വാസ്തവത്തില്‍ സ്ത്രീകളാണ്. അവിടുത്തെ പ്രസാദിപ്പിച്ച് അവര്‍ പുരുഷത്വം നേടിയതാണെന്നു തോന്നുന്നു. 

അവിടുത്തെ പ്രഭാവം എങ്ങിനെ വര്‍ണ്ണിക്കും? അമ്മേ, അവിടുന്ന് സ്ത്രീയോ പുരുഷനോ? സഗുണയോ നിര്‍ഗ്ഗുണയോ? അമ്മേ, ഞാന്‍ അവിടുത്തെ സദാ ധ്യാനിക്കുന്നു, നമസ്കരിക്കുന്നു. അമ്മയില്‍ അചഞ്ചല ഭക്തിയുണ്ടാവാന്‍ എന്നെ അനുഗ്രഹിക്കേണമേ! 

ഇങ്ങിനെ സ്തുതിച്ച രാജര്‍ഷിക്ക് ദേവി ആത്മസായൂജ്യം നല്‍കി.
    

     

No comments:

Post a Comment