Devi

Devi

Sunday, November 8, 2015

ദിവസം 18. ശ്രീമദ്‌ ദേവീഭാഗവതം. 1. 13. ഉര്‍വ്വശീചരിതം

ദിവസം 18. ശ്രീമദ്‌ ദേവീഭാഗവതം. 1. 13.   ഉര്‍വ്വശീചരിതം
   
സുദ്യുമ്നേ തു ദിവം യാതേ രാജ്യം ചക്രേ പുരൂരവാ:
സഗുണശ്ച സു രൂപശ്ച പ്രജാരഞ്ജനതത്പര:
പ്രതിഷ്ഠാനേ പുരേ രമ്യേ രാജ്യം സര്‍വ്വ നമസ് കൃതം
ചകാര സര്‍വ്വ ധര്‍മ്മജ്ഞ: പ്രജാ രക്ഷണതത്പര:  
    
സൂതന്‍ തുടര്‍ന്നു: സുദ്യുമ്നന് ശേഷം പുരൂരവസ്സ് രാജ്യഭാരം ഏറ്റെടുത്തു. പ്രജാക്ഷേമതല്‍പ്പരനും ധര്‍മ്മിഷ്ഠനു മായിരുന്നു അദ്ദേഹം. ആരും പുകഴ്ത്തുന്ന വിധമായിരുന്നു രാജാവിന്റെ പ്രവര്‍ത്തനങ്ങള്‍. ഉത്തമപ്രഭുത്വം, രാജ്യകാര്യങ്ങളിലുള്ള ശ്രദ്ധ, സാമദാനാദി ഉപായങ്ങള്‍ പ്രയോഗിക്കുന്നതിലുള്ള അവധാനത, വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ പരിപാലിക്കുന്നതിലുള്ള നിഷ്ക്കര്‍ഷ, യജ്ഞാദിപുണ്യങ്ങളും ദാനങ്ങളും ചെയ്യാനുള്ള ഉത്സാഹം എന്നിങ്ങിനെ ഒരുത്തമ രാജാവിന് വേണ്ട എല്ലാ ഗുണങ്ങളും നിറഞ്ഞ രാജാവിന്റെ കീര്‍ത്തി എങ്ങും പരന്നു. അദ്ദേഹത്തിന്‍റെ രൂപം, വിക്രമശീലം, ഔദാര്യം എന്നിവയെപ്പറ്റി കേട്ടറിഞ്ഞ ഉര്‍വ്വശിക്ക് അദ്ദേഹത്തില്‍ അനുരാഗം തോന്നി. അപ്പോള്‍ ബ്രഹ്മശാപത്താല്‍ അവള്‍ ഭൂമിയിലായിരുന്നു

‘ഞാന്‍ വളര്‍ത്താന്‍ തരുന്ന ഈ രണ്ട് ആട്ടിന്‍കുട്ടികളെ .അങ്ങ് സദാ സംരക്ഷിക്കണം’ എന്നൊരു നിബന്ധനവെച്ചു ഉര്‍വ്വശി രാജാവിനെ പരിണയിച്ചു. മാത്രമല്ല, ഞാന്‍ നെയ്യു മാത്രമേ ഭക്ഷണമായി കഴിക്കൂ. മറ്റൊരു നിബന്ധനകൂടിയുണ്ട്- മൈഥുനവേളയില്‍ അല്ലാതെ മറ്റൊരു സമയത്തും അങ്ങയുടെ നഗ്നത എനിക്ക് ദൃശ്യമാകരുത്. ഈ നിബന്ധനകള്‍ തെറ്റിയാല്‍ അപ്പോള്‍ത്തന്നെ ഞാന്‍ അങ്ങയെ പിരിയും എന്നും ഉര്‍വ്വശി ഒര്‍മ്മപ്പെടുത്തി. കാമവശഗതനാകയാല്‍ പുരൂരവസ്സ് എല്ലാ നിബന്ധനകളും അംഗീകരിച്ചുകൊണ്ട് അവളുമായി രമിച്ച് ധര്‍മ്മകര്‍മ്മാദികളെ ത്യജിച്ച് അനേകവര്‍ഷം കഴിഞ്ഞു. ഉര്‍വ്വശിയാണെങ്കില്‍ തന്റെ ശാപമോക്ഷവും കാത്ത് രാജാവുമായി കാലം കഴിച്ചു. ഭാര്യയെക്കൂടാതെ ഒരു നിമിഷം പോലും കഴിയാന്‍ വയ്യാത്തത്ര അനുരാഗമായിരുന്നു രാജാവിന്.

ശാപകാലം കഴിഞ്ഞിട്ടും ഉര്‍വ്വശി സ്വര്‍ഗ്ഗത്തില്‍ തിരിച്ചെത്താത്തതില്‍ ഈര്‍ഷ്യപൂണ്ട ദേവേന്ദ്രന്‍ തന്റെ ദൂതന്മാരോട് 'തന്ത്രത്തില്‍ നിങ്ങള്‍ ആ ആട്ടിന്‍കുട്ടികളെ മോഷിച്ചു കൊണ്ടുവരണം' എന്ന് ചട്ടംകെട്ടി. അങ്ങിനെ നിങ്ങള്‍ക്ക് ഉര്‍വ്വശിയെ കൊണ്ടുവരാനും കഴിയും. 'അവളില്ലാത്തതിനാല്‍ ഈ സ്വര്‍ഗ്ഗത്തിനൊരു ശോഭയുമില്ലിപ്പോള്‍' എന്നായിരുന്നു ഇന്ദ്രന്റെ ആത്മഗതം!

കൂരിരുട്ടില്‍ വിശ്വവസുവിന്റെ നേതൃത്വത്തില്‍ ഗന്ധര്‍വ്വന്മാര്‍ ആട്ടിന്‍കുട്ടികളെ കട്ടുകൊണ്ടുപോയി. രാത്രി മൈഥുനത്തില്‍ രമിച്ചിരുന്ന രാജാവ് ഇതറിഞ്ഞില്ല. എന്നാല്‍ ആകാശഗമനം നടത്തവേ, ഈ ആട്ടിന്‍കുട്ടികള്‍ കരഞ്ഞു ശബ്ദമുണ്ടാക്കി. സ്വന്തം കുട്ടികളെപ്പോലെ കരുതി വളര്‍ത്തുന്ന അവയുടെ കരച്ചില്‍ ശബ്ദം കേട്ട് ഉര്‍വ്വശി രാജാവിനോട് പറഞ്ഞു- 'രാജാവേ, സത്യലംഘനം വന്നിരിക്കുന്നു. അങ്ങയെ വിശ്വസിച്ച് ഏല്‍പ്പിച്ച ആട്ടിന്‍കുട്ടികളെ രക്ഷിക്കാന്‍ അങ്ങേയ്ക്ക് കഴിഞ്ഞില്ലല്ലോ! എന്നിട്ട് പെണ്ണുങ്ങളെപ്പോലെ കിടക്കുന്നു! വീരനെന്ന് ഞെളിഞ്ഞിട്ടു കാര്യമില്ല.’ ഇങ്ങിനെ പുലമ്പുന്ന ഭാര്യയെ സമാധാനിപ്പിക്കാനായി രാജാവ് ആട്ടിന്‍ കുട്ടികളെ കണ്ടു പിടിക്കാന്‍ പുറപ്പെട്ടു. പെട്ടെന്ന് പുറപ്പെട്ട തിരക്കില്‍ വസ്ത്രമുടുക്കാന്‍ അദ്ദേഹം മറന്നുപോയി.

രാത്രി സമയത്ത് ആട്ടിന്‍കുട്ടികളെ ഗന്ധര്‍വ്വനില്‍ നിന്നും മോചിപ്പിച്ചു കൊണ്ടുവന്ന രാജാവ് വിവസ്ത്രനായിരുന്നു. എന്നാല്‍ ആ സമയം ഗന്ധര്‍വ്വന്മാര്‍ ആകാശത്ത് മിന്നലുണ്ടാക്കിയതിനാല്‍ ഉര്‍വ്വശി രാജാവിനെ നഗ്നനായി കാണുകയും ചെയ്തു. നേരത്തെ പറഞ്ഞു വെച്ച നിബന്ധനപ്രകാരം ഉര്‍വ്വശി ആ കൊട്ടാരം വിട്ടു പോയി. കാമപീഡിതനായ രാജാവ് കരഞ്ഞുംകൊണ്ട് നാടും കാടും തന്റെ പ്രിയതമയെ തേടി അലഞ്ഞു. ഒടുവില്‍ കുരുക്ഷേത്രത്തില്‍ വെച്ച് അവളെ സന്ധിച്ചപ്പോള്‍ നല്ലവാക്കു പറഞ്ഞ് അവളെ അനുനയിപ്പിക്കാന്‍ നോക്കി. 'പ്രിയേ, നീ കഠിനഹൃദയയാണ്. നീയേ ശരണം എന്ന് കരുതി ജീവിച്ച ഞാന്‍ ഏറെ ദൂരം താണ്ടി നിന്നെത്തേടി വന്നിരിക്കുന്നു. നീ സ്വീകരിച്ചില്ലെങ്കില്‍ ക്ഷീണിതമായ ഈ ദേഹം കാക്കയും കഴുകാനും നിന്നാന്‍ പോകുന്നു. നീയെന്നെ കൈവിടരുത്.' ഇങ്ങിനെ മാരതാപത്താല്‍ കരയുന്ന രാജാവിനോട് ഉര്‍വ്വശി പറഞ്ഞു: ‘അങ്ങേയ്ക്ക് വിവേകമില്ലേ? ശൂരനായ രാജാവായിട്ടും നാരിമാരുടെ സ്വഭാവം അറിയില്ലേ? ചെന്നായ്ക്കളോട് സൌഖ്യം പാടില്ലാത്തതുപോലെ സ്ത്രീകളോടും അടുക്കാന്‍ പാടില്ല. കള്ളന്മാരെയും സ്തീകളെയും വിശ്വസിക്കരുത്. വെറുതെ മനസ്സ് വിഷമിപ്പിക്കാതെ വീട്ടിലേയ്ക്ക് തിരിച്ചു പോയാലും.'

ഇതൊക്കെയായിട്ടും രാജാവിന്റെ മേഹാവേശം തീര്‍ന്നില്ല. അദ്ദേഹം ദുഖപരവശനായി ജീവിതം തുടര്‍ന്നു. വേദത്തില്‍ ഏറെ വിസ്തരിച്ചതായ കഥ ചുരുക്കിയാണിവിടെ പറഞ്ഞത്.


No comments:

Post a Comment