Devi

Devi

Monday, November 16, 2015

ദിവസം 26. ശ്രീമദ്‌ ദേവീഭാഗവതം 2.1. മത്സ്യഗന്ധോത്പത്തി

ദിവസം 26. ശ്രീമദ്‌ ദേവീഭാഗവതം 2.1.  മത്സ്യഗന്ധോത്പത്തി

ആശ്ചര്യകരമേതത്തേ വചനം ഗര്‍ഭഹേതുകം
സന്ദേഹോ ത്ര  സമുത്പന്ന: സര്‍വേഷാം നസ്തപസ്വിനാം
മാതാ വ്യാസസ്യ മേധാവിന്നാമ്നാ സത്യവതീതിയാ
വിവാഹിതാ പുരാ ജ്ഞാതാ രാജ്ഞാ ശന്തനുനാ യഥാ

ഋഷിമാര്‍ പറഞ്ഞു: അത്യന്തം നിഗൂഢമായ കാര്യങ്ങള്‍ അങ്ങ് കഥകളിലൂടെ പറഞ്ഞു തന്നു. എങ്കിലും ഇപ്പോഴും ഞങ്ങളിലെ സംശയങ്ങള്‍ മുഴുവന്‍ തീര്‍ന്നിട്ടില്ല. വ്യാസന്‍റെ അമ്മയായ സത്യവതിയെ ശന്തനു രാജാവ് വിവാഹം ചെയ്യാനിടവന്നതെങ്ങിനെയാണ്? എങ്ങിനെയാണ് വ്യാസന്‍റെ ജനനം? സത്യവതിക്ക് രണ്ടു പുത്രന്മാര്‍ കൂടിയുണ്ടായതിന്‍റെ കഥയും ഞങ്ങള്‍ക്ക് പറഞ്ഞു തന്നാലും. വേദവ്യാസന്‍റെയും സത്യവതിയുടെയും കഥ കേള്‍ക്കാന്‍ താപസന്മാരായ ഞങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

സൂതന്‍ പറഞ്ഞു: പുരുഷാര്‍ത്ഥങ്ങളെ പ്രദാനം ചെയ്യുന്ന ആദിശക്തിയെ വണങ്ങി ആ പുരാണങ്ങള്‍ ഞാന്‍ ഓരോന്നായി പറയാം. ഏതു പ്രവൃത്തികളും ചെയ്യുന്നതിനു മുന്‍പ് നാമോച്ചാരണം ചെയ്യണം. അത് അറിയാതെയെങ്കിലും ചെയ്യുന്നവനു പോലും ശാശ്വതസിദ്ധികള്‍ പ്രദാനം ചെയ്യുന്ന വരദായിനിയായ ഭഗവതിയെ നാം യഥാവിധി സ്മരിക്കണം. 

പണ്ട് ചേദിരാജ്യം വാണിരുന്ന ഉപരിചരന്‍ എന്ന രാജാവ് ധര്‍മ്മിഷ്ടനും സത്യവാനുമായിരുന്നു. അദ്ദേഹത്തിന്‍റെ തപസ്സില്‍ പ്രീതനായ ഇന്ദ്രന്‍ സ്ഫടികനിര്‍മ്മിതമായ ഒരു വിമാനം സമ്മാനമായി നല്‍കി. ആ വിമാനത്തില്‍ ആകാശമാര്‍ഗ്ഗെ സദാ സഞ്ചരിച്ചിരുന്ന രാജാവിന് ‘ഉപരിചരന്‍’ എന്ന പേരും ഉണ്ടായി. നാനാ ദിക്കിലും പുകള്‍ പെറ്റ രാജാവിന്‍റെ ഭാര്യ  ഗിരിക എന്ന രാജ്ഞിയായിരുന്നു. അവര്‍ക്ക് മഹാപരാക്രമികളും തേജസ്സുറ്റവരുമായ അഞ്ചു പുത്രന്മാരുണ്ടായിരുന്നു. അവര്‍ ഓരോരോ നാടുകളുടെ ചുമതലയുള്ള രാജാക്കന്മാരായിരുന്നു.
ഒരിക്കല്‍ രാജ്ഞി ഋതുകാലം കഴിഞ്ഞ് പുത്രലാഭത്തിനായി തന്‍റെ നാഥനെ സമീപിച്ചു. എന്നാല്‍ അന്ന് വനത്തില്‍ വേട്ടയ്ക്ക് പോകാനായിരുന്നു രാജാവിന്‍റെ പിതാവു നിര്‍ദ്ദേശിച്ചത്. തന്‍റെ പ്രിയയെ മനസ്സില്‍ വിചാരിച്ചുകൊണ്ടാണെങ്കിലും രാജാവ് പിതാവിന്‍റെ ആജ്ഞയനുസരിച്ച് വനത്തിലേക്ക് പോയി. അതാണല്ലോ ഗുരുത്വം. വനത്തില്‍ വച്ച് സാക്ഷാല്‍ ലക്ഷ്മീദേവിയെപ്പോലെ അതിസുന്ദരിയായ രാജ്ഞിയെ സ്മരിച്ചപ്പോള്‍ത്തന്നെ  രാജാവിന് സ്ഖലനമുണ്ടായി. ആ രേതസ്സ് അദ്ദേഹം ഒരു വടപത്രത്തിലാക്കി. ഈ രേതസ്സിനെ നഷ്ടപ്പെടുത്തുക വയ്യ, എന്ന ചിന്തയില്‍ തന്‍റെ രാജ്ഞിക്ക് അതെത്തിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. രാജ്ഞിയില്‍ രേതസ്സ് ഉള്‍ക്കൊള്ളാന്‍ പറ്റിയ മുഹൂര്‍ത്തം ചിന്തിച്ചുറപ്പിച്ച അദ്ദേഹം ഒരാലിലപ്പൊതിയില്‍ അത് സൂക്ഷിച്ചു വച്ചു. അപ്പോള്‍ അവിടെയിരുന്ന ഒരു പരുന്തിനെ വിളിച്ച് ഈ പൊതി കൊട്ടാരത്തിലെത്തി ഭാര്യയെ ഏല്‍പ്പിക്കണം എന്നദ്ദേഹം ആവശ്യപ്പെട്ടു. ഋതുസ്നാനശുദ്ധയായി നില്‍ക്കുന്ന രാജ്ഞി ഗിരികയെത്തന്നെ എല്‍പ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പരുന്ത് തന്റെ കൊക്കില്‍ പൊതിയും തൂക്കി ആകാശത്തിലൂടെ പോകുമ്പോള്‍ മറ്റൊരു പരുന്തിനെ കണ്ടു. കൊക്കില്‍ തൂക്കിക്കൊണ്ടുപോകുന്നത് മാംസമാണെന്ന് കരുതി ആ പരുന്ത് പാറിയടുത്തു വന്ന് അതിനോട് പോരിടാന്‍ തുടങ്ങി. അവര്‍ തമ്മിലുള്ള ഈ സംഗരത്തിനിടക്ക് ആലിലപ്പൊതി താഴെ യമുനാ നദിയില്‍ വീണുപോയി. പരുന്തുകള്‍ പോരാട്ടം നിര്‍ത്തി അവരവരുടെ വഴിക്ക് പോയി.

പണ്ട് യമുനയില്‍ സന്ധ്യാവന്ദനത്തിനെത്തിയ ഒരു ബ്രാഹ്മണനെ അദ്രിക എന്ന് പേരായ ഒരപ്സരസ്സ് വശീകരിക്കാന്‍ ശ്രമിച്ചു. തന്‍റെ പ്രാണായാമത്തിനു തടസ്സം വരുത്തിയ അവളെ ബ്രാഹ്മണന്‍ ‘നീയൊരു മത്സ്യമായിത്തീരട്ടെ’ എന്ന് ശപിച്ചിരുന്നു. ആ മത്സ്യരൂപിണിയായ അപ്സരസ്സ് പരുന്തിന്‍റെ കൊക്കില്‍ നിന്ന് താഴെ വീണ രേതസ്സ് വിഴുങ്ങി. കാലം ഏകദേശം പത്തുമാസം കഴിഞ്ഞപ്പോള്‍ ഒരു മുക്കുവന്‍റെ വലയില്‍ അവള്‍ പെട്ടു. മുക്കുവന്‍ ആ മീന്‍ മുറിച്ചപ്പോള്‍ അതില്‍ നിന്നും രണ്ടു ശിശുക്കള്‍ പുറത്തുവന്നു. ഒരാള്‍ സുഭഗനായ ഒരാണ്‍കുട്ടി. മറ്റേത് സുന്ദരിയായ ഒരു പെണ്‍കുട്ടിയും. മുക്കുവന്‍ കുട്ടികളെ രാജാവിന് കാഴ്ചവച്ചു. രാജാവ് ആണ്‍കുട്ടിയെ മാത്രമേ എടുത്തുള്ളൂ. മത്സ്യന്‍ എന്ന പേരില്‍ അയാള്‍ പ്രശസ്തനായി. മഹാതേജസ്വിയായ അയാള്‍ ഉപരിചരനെപ്പോലെ പരാക്രമശാലിയുമായിരുന്നു. ആ മുക്കുവന് രാജാവ് തിരികെ കൊടുത്ത പെണ്‍കുട്ടിയാണ് മത്സ്യഗന്ധിഎന്നപേരില്‍ പ്രശസ്തയായ കാളി. അവള്‍ ആ മുക്കുവക്കുടിലില്‍ വളര്‍ന്നു. സുന്ദരിയായ കാളി അച്ഛനെ പരിചരിച്ചു കൊണ്ട് ജീവിച്ചുവരവേ അവളില്‍ മനോജ്ഞമായ കൌമാരം സമാഗതമായി.

മീനായിരുന്ന അദ്രികയ്ക്ക് എന്ത് സംഭവിച്ചുവെന്ന മുനിമാരുടെ ചോദ്യത്തിന്  ഉത്തരമായി സൂതന്‍ ഇങ്ങിനെ കഥ തുടര്‍ന്നു: 'ആ ബ്രാഹ്മണന്‍ ശപിച്ചപ്പോള്‍ അദ്രിക കരഞ്ഞു സങ്കടം പറഞ്ഞു. അപ്പോളദ്ദേഹം ശാപമോചനമാര്‍ഗ്ഗം അവള്‍ക്ക് പറഞ്ഞുകൊടുത്തു. “എന്‍റെ ശാപത്താല്‍ നീ മീനാകുമെങ്കിലും രണ്ടു മനുഷ്യക്കുട്ടികള്‍ നിന്നില്‍ നിന്നും ജനിക്കുന്നതോടെ  നിനക്ക് ശാപമോക്ഷമാകും’. കുട്ടികള്‍ പിറന്നതോടെ അദ്രികയ്ക്ക് ശാപനിവൃത്തി വന്നു. മത്സ്യരൂപം മാറി ദിവ്യരൂപം ധരിച്ച് അവള്‍ വീണ്ടും അപ്സരസ്സായി സ്വര്‍ഗ്ഗലോകത്തേക്ക് പോയി.

No comments:

Post a Comment