Devi

Devi

Tuesday, November 3, 2015

ദിവസം 13. ശ്രീമദ്‌ ദേവീഭാഗവതം. 1. 8. ആരാധനാനിര്‍ണ്ണയം

ദിവസം 13. ശ്രീമദ്‌ ദേവീഭാഗവതം. 1. 8.  ആരാധനാനിര്‍ണ്ണയം

സന്ദേഹോ f ത്ര മഹാഭാഗ കഥായാം തു മഹാദ്ഭുത:
വേദശാസ്ത്ര പുരാണൈശ്ച നിശ്ചിതം തു സദാ ബുധൈ:
ബ്രഹ്മാ വിഷ്ണുശ്ചരുദ്രശ്ച ത്രയോ ദേവാ: സനാതനാ:
നാത: പരതരം കിഞ്ചിത് ബ്രഹ്മാണ്ഡേ fസമിന്‍  മഹാമതേ  
    
ഋഷിമാര്‍ പറഞ്ഞു: മഹാഭാഗാ, ഈ കഥകള്‍ അത്യദ്ഭുതകരമായിരിക്കുന്നു. അവയെക്കുറിച്ച് ഞങ്ങള്‍ക്ക് ഏറെ സംശയങ്ങളും ഉണ്ട്. ബ്രഹ്മാവിഷ്ണു മഹേശ്വരാദി ത്രിമൂര്‍ത്തികളാണ് ശാശ്വതരായവരും അവ്ര്‍ക്കുമീതെ ആരുമില്ലെന്നും വേദപുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നു. അവയില്‍ ബ്രഹ്മാവിന് സൃഷ്ടിയും, മഹാവിഷ്ണുവിന് സ്ഥിതിപരിപാലനവും രുദ്രന് സംഹാരവും ധര്‍മ്മമായി പറഞ്ഞിരിക്കുന്നു. ഒരേ സത്ത് മൂന്നായിപ്പിരിഞ്ഞു രജസ്സത്വതമോഗുണങ്ങളിലൂടെ ഈ ധര്‍മ്മങ്ങള്‍ മൂന്നും നടപ്പിലാക്കുകയാണ്. ഇവരില്‍ ശ്രേഷ്ഠതയേറിയത് മഹാവിഷ്ണുവിനാണ്. പുരുഷോത്തമനെന്നും ആദിദേവനെന്നും ജഗന്നാഥനെന്നും പുകള്‍പെറ്റ ശ്രീഹരി, മായയുടെ കീഴില്‍പ്പെട്ടു നിദ്രയില്‍ ആണ്ടുപോയോ? അതെങ്ങിനെ സംഭവിച്ചു? ആ ഭഗവാന്റെ ജ്ഞാനവും അതിമഹത്തായ വൈഭവവും എങ്ങുപോയി മറഞ്ഞു എന്നതാണ് ഞങ്ങളുടെ സന്ദേഹം. അതിപ്രഭാവവാനായ വിഷ്ണുവിനെപ്പോലും നിയന്ത്രിക്കുന്ന ആ ശക്തി എങ്ങിനെ എവിടെനിന്നും ഉദ്ഭൂതയായി? അവള്‍ക്ക് എന്താണ് ബലമായുള്ളത്? ജഗദ്‌ഗുരുവായ ഭഗവാന്‍ ശ്രീഹരി നിത്യശുദ്ധമുക്തനും സര്‍വ്വത്തിനും അധിപനുമാണല്ലോ? അദ്ദേഹമെങ്ങിനെ നിദ്രാവശഗതനായി? ജ്ഞാനത്തിന്റെ വാളുകൊണ്ട് സംശയത്തിന്‍റെ നാശം വരുത്താന്‍ അങ്ങേയ്ക്ക് തീര്‍ച്ചയായും സാധിക്കും.'

സൂതന്‍ പറഞ്ഞു: ഈ സംശയം തീര്‍ക്കാന്‍ ശക്തരായി മൂന്നുലോകത്തിലും ആരുണ്ട്? നാരദന്‍, കപിലന്‍, സനത്കുമാരന്മാര്‍, എന്നുവേണ്ട ആര്‍ക്കും തീര്‍ക്കാന്‍ സാധിക്കാത്ത സന്ദേഹം അവസാനിപ്പിക്കാന്‍ ഞാനാര്? വിഷ്ണുവാണ് ദേവപ്രമുഖന്‍ എന്നത് പ്രശസ്തമാണല്ലോ? അവനില്‍ നിന്നാണ് വിരാട്ടും വിശ്വവും ഉണ്ടായത്. എല്ലാവരും ആ പരാത്പരനായ ജനാര്‍ദ്ദനനെ നമസ്കരിക്കുന്നു. മറ്റുചിലര്‍ക്ക് ചന്ദ്രക്കലയണിഞ്ഞ ശംഭുവാണ് ഉപാസനാമൂര്‍ത്തി. കൈലാസവാസിയും പാതിമെയ്‌ മലമകളായുള്ളവനും ചെഞ്ചിടയുള്ളവനും വേദപൂജിതനുമായ ആ ശങ്കരന്‍ ഭൂതവൃന്ദങ്ങളോടു കൂടി പ്രത്യക്ഷനായി ദക്ഷയാഗം മുടക്കിയ കഥ പ്രസിദ്ധമാണ്. അതുപോലെതന്നെ ചിലര്‍ സൂര്യനെ ഉപാസിക്കുന്നു. രാവിലെയും ഉച്ചയ്ക്കും സന്ധ്യക്കും സൂര്യനെ അവര്‍ പൂജിക്കുന്നു. അഗ്നിയെ ഉപാസിക്കുന്നവരും സാധകരായുണ്ട്. ഇന്ദ്രനെയും വരുണനേയും പൂജിക്കുന്നവരും എന്നുവേണ്ട, ഒരേ ഗംഗതന്നെ വിവിധങ്ങളായ പ്രവാഹങ്ങളില്‍ എങ്ങിനെയാണോ അപ്രകാരം സാധകരാല്‍ വിവിധ രീതികളില്‍ പൂജിതരായ എല്ലാ ദേവന്മാരിലും വിഷ്ണുതന്നെയാണ് വര്‍ത്തിക്കുന്നതെന്ന് ആര്‍ഷജ്ഞാനികള്‍ പറയുന്നു.

പ്രത്യക്ഷം, അനുമാനം, ശാബ്ദം എന്നിങ്ങിനെ പ്രമാണങ്ങള്‍ മൂനുതരമാണെന്ന് പണ്ഡിതന്മാര്‍ പറയുന്നു. ഉപമാനം എന്ന നാലാമതൊരു തരമുണ്ടെന്നു പറയുന്നവരും ഉണ്ട്. അര്‍ത്ഥാപത്തി എന്ന അഞ്ചാമതൊരു തരം കൂടിയുണ്ടെന്ന്  ചിലര്‍ പറയുന്നു. ഇനിയും ചിലര്‍ സാക്ഷിരൂപം, ഐതീഹ്യം ഇവ ചേര്‍ത്ത് പ്രമാണങ്ങള്‍ എഴുണ്ടെന്നു പറയുന്നു. ഇതെല്ലാം ഉണ്ടെങ്കിലും ബ്രഹ്മത്തെ അറിയുക ദുഷ്കരമത്രേ. ബുദ്ധി, ആഗമം, യുക്തി, എന്നിവയിലൂടെ തര്‍ക്കിച്ചും വാദിച്ചുമൊക്കെയാണ്‌ സാധകര്‍ ഇതിനു ശ്രമിക്കുന്നത്. സദ്‌ജനങ്ങളുടെ ഉദാഹരണങ്ങളിലൂടെയും സ്വാര്‍ജ്ജിത ജ്ഞാനംകൊണ്ടും വിദ്വാന്‍മാര്‍ ചിന്തിച്ചറിയേണ്ട വിഷയമാണിത്.

സൃഷ്ടിശക്തി ബ്രഹ്മാവില്‍, സ്ഥിതി വിഷ്ണുവില്‍, സംഹാരം രുദ്രനില്‍, പ്രകാശശക്തി സൂര്യനില്‍, ഭൂമിയെ താങ്ങാനുള്ള ശക്തി ശേഷനില്‍, എരിക്കാനുള്ള ശക്തി അഗ്നിയില്‍, ചാലകശക്തി വായുവില്‍ എന്നൊക്കെ സുവിദിതങ്ങളാണെങ്കിലും ഇവയെല്ലാം ആദിശക്തിയുടെ രൂപാന്തരങ്ങള്‍ മാത്രമാണ്. സ്ഥാവരജംഗമവസ്തുക്കളില്‍ എല്ലാറ്റിലും ശക്തി വര്‍ത്തിക്കുന്നു. കുണ്ഡലിനി ശക്തിയില്ലാത്ത ശിവന്‍ വെറും പിണം മാത്രം. ബ്രഹ്മാദിസ്തംഭപര്യന്തം ശക്തിയുടെ പ്രഭാവം ദൃശ്യമാണ്. ശക്തിഹീനമായ ജഡവസ്തു ഒന്നിനും കൊള്ളാത്തതാണ്. എല്ലായിടത്തും നിറഞ്ഞുവിളങ്ങുന്ന ആ ശക്തിയെയാണ് വിദ്വാന്മാര്‍ ബ്രഹ്മം എന്ന് പേരിട്ട് ഉപാസിക്കുന്നത്.

വിഷ്ണുവില്‍ സാത്വികശക്തി, ബ്രഹ്മാവില്‍ രാജസശക്തി, രുദ്രനില്‍ താമസശക്തി എന്നിവയുള്ളതുകൊണ്ടാണ് ത്രിമൂര്‍ത്തികള്‍ കര്‍മ്മോന്മുഖരാവുന്നത്. ശക്തിയാണ് ബ്രഹ്മാണ്ഡങ്ങളെ ഉണ്ടാക്കുന്നതും ഉടയ്ക്കുന്നതും. ശക്തിയുടെ പ്രാഭവമില്ലെങ്കില്‍  ദേവതകളൊന്നും താന്താങ്ങളുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ പര്യാപ്തരാവുകയില്ല. കാര്യവും കാരണവുമായി പ്രത്യക്ഷരൂപത്തില്‍ ശക്തിയാണ് എല്ലാം നടത്തുന്നത്. സഗുണ-നിര്‍ഗ്ഗുണ സ്വരൂപങ്ങള്‍ അവള്‍ക്കുണ്ട്. രാഗികള്‍ക്ക് സഗുണവും വിരാഗികള്‍ക്ക് നിര്‍ഗ്ഗുണവുമാണ് അനുയോജ്യമായ സാധനാമാര്‍ഗ്ഗങ്ങള്‍ എന്നാണ് വിദ്വാന്മാര്‍ പറയുന്നത്. സാധകര്‍ക്ക് ധര്‍മ്മാര്‍ത്ഥകാമാമോക്ഷങ്ങള്‍ നല്‍കാന്‍ സദാ സന്നദ്ധയാണ് ദേവി. മൂഢര്‍ക്ക് ശക്തിസ്വരൂപിണിയെ അറിയാന്‍ തടസ്സമുണ്ടാകുന്നത് മായയാലാണ്. എന്നാല്‍ ആ ശക്തിയെ അറിഞ്ഞവര്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. കലിബാധയാല്‍ ഉദരപൂരണത്തിനായി ചില പണ്ഡിതന്മാര്‍ ഇങ്ങിനെയായിത്തീരുന്നു. കലിയുഗത്തില്‍ വേദബാഹ്യമായ ധര്‍മ്മങ്ങളും മറ്റും ഉണ്ടാവും മറ്റു യുഗങ്ങളില്‍ ഇങ്ങിനെ സംഭവിക്കുന്നില്ല.

വിഷ്ണുവിന്‍റെ ഉഗ്രതപസ്സിലെ ഉപാസനാ മൂര്‍ത്തിയും ബ്രഹ്മാവും ശിവനും എന്നുവേണ്ട ദേവവൃന്ദങ്ങളുടെയെല്ലാം ധ്യാനനിദാനവും ആ ദേവിയെതന്നെയാണ്. ആ പരാശക്തിയുടെ കൃപയാണ് അവരെല്ലാം തേടുന്നത്. പരാത്പരയായ ബ്രഹ്മം ആ ശക്തിയാണ്. അവള്‍ നിത്യയും സനാതനയുമാണ്. സംശയലേശമന്യേ വിദ്വാന്മാര്‍ ശക്തിയെ സദാ സേവിക്കുന്നു. വ്യാസനില്‍ നിന്നാണ് ഞാനിത് കേട്ടത്. അദ്ദേഹം നാരദനില്‍ നിന്നും, നാരദന്‍ ബ്രഹ്മാവില്‍ നിന്നും  ബ്രഹ്മാവ്‌ വിഷ്ണുവില്‍ നിന്നുമാണ് ശക്തിയുടെ പ്രാഭവം മനസ്സിലാക്കിയത്. ശക്തിഹീനന്റെ സ്ഥിതി വളരെ സ്പഷ്ടമായറിയാന്‍ കഴിയും. സര്‍വ്വഭൂതങ്ങളിലും കുടികൊള്ളുന്നത് പരാശക്തിയായ ദേവിയാണ്. അറിവുള്ളവര്‍ മറ്റുള്ളവര്‍ പറഞ്ഞല്ല അവരുടെ അറിവുറപ്പിക്കുന്നത്. അവര്‍ സ്വാര്‍ജ്ജിതമായ നേരറിവാണ് ലക്ഷ്യമാക്കുന്നത്

No comments:

Post a Comment