ദിവസം 11. ശ്രീമദ് ദേവീഭാഗവതം. 1.6. മധുകൈടഭയുദ്ധോദ്യോഗം
സൌമ്യ യച്ച ത്വയാ പ്രോക്തം
ശൌരേര്‍യുദ്ധം മാഹാര്‍ണ്ണവേ
മധുകൈടഭയോ: സാര്‍ദ്ധം
പഞ്ചവര്‍ഷ സഹസ്രകം
കസ്മാത്തൌ ദാനവൌ ജാതൌ തസ്മിന്നേകാര്‍ണ്ണവേ ജലേ
മഹാവീര്യ ദുരാധര്‍ഷൌ
ദേവൈരപി സുദുര്‍ജ്ജയൌ
ഋഷികള്‍ പറഞ്ഞു: മഹാര്‍ണ്ണവത്തില്‍
വച്ച് മധുകൈടഭന്മാരെ അയ്യായിരമാണ്ട് യുദ്ധം ചെയ്താണ് ശ്രീഹരി ഹനിച്ചതെന്ന് അങ്ങ്
പറയുകയുണ്ടായി. എല്ലാടവും ജലപ്രളയം ആയിരുന്ന സമയത്ത് ദേവന്മാര്‍ക്ക്പോലും അജയ്യരായ
അവര്‍ എങ്ങിനെ സംജാതരായി? ആശ്ചര്യകരമായ ആ ചരിതം പറഞ്ഞാലും. കേള്‍ക്കാന്‍
ആകാംക്ഷയോടെ ഞങ്ങളും പറയാന്‍ യോഗ്യയോഗ്യനായ അങ്ങും. ഇത് സത്സംഗം തന്നെയാണ്. മൂര്‍ഖരോടുള്ള
സംഗം വിഷം; എന്നാല്‍ വിദ്വാന്മാരുമായുള്ള സത്സംഗം അമൃതോപമം.
തീനും കുടിയുമായി കാലം
കഴിക്കുന്നവര്‍ എപ്പോഴും സുഖം തേടി അലയുന്നു. നന്മയോ തിന്മയോ വിവേചിച്ചറിയാന്‍
അവര്‍ക്കാവുന്നില്ല. അവര്‍ക്ക് പുരാണങ്ങളില്‍ ശ്രദ്ധയുമില്ല. മാനുകള്‍ക്ക്
കാതുണ്ട്. കാതില്ലാത്ത പാമ്പുകള്‍ പോലും നാദത്തില്‍ ആകൃഷ്ടരാണ്.
ജ്ഞാനേന്ദ്രിയങ്ങളില്‍ കാതും കണ്ണുമാണ് ഏറ്റവും പ്രധാനം. കാത് വസ്തുജ്ഞാനത്തെയും
കണ്ണ് മനോസുഖത്തെയും പ്രദാനം ചെയ്യുന്നു. കേള്‍വിയില്‍ സാത്വികം, രാജസം, താമസം
ഇങ്ങിനെ മൂന്ന് വിഭാഗങ്ങളുണ്ട്. വേദശാസ്ത്രശ്രവണം സാത്വികമാണ്; സാഹിത്യം രാജസമാണ്;
യുദ്ധവാര്‍ത്ത, പരദൂഷണം എന്നിവ താമസമാണ്. സാത്വികത്തില്‍ത്തന്നെ ഉത്തമം
(മുക്തിപ്രദം), മദ്ധ്യമം (സ്വര്‍ഗ്ഗവാസം), അധമം (ഭോഗഫലം) എന്നിങ്ങിനെ മൂന്നു
തരമുണ്ട്. സാഹിത്യത്തില്‍ സ്വഭാര്യയെ സംബന്ധിച്ചത് ഉത്തമം, വേശ്യയെ സംബന്ധിച്ചത്
മദ്ധ്യമം, പരഭാര്യയെക്കുറിച്ചുള്ളത് അധമം. താമസശ്രവണവും മൂന്നു തരമുണ്ട്. നേര്‍യുദ്ധങ്ങളുടെ
വാര്‍ത്ത ഉത്തമം. വെറുപ്പുകൊണ്ട് ചെയ്യുന്ന യുദ്ധം മദ്ധ്യമം. കാരണം കൂടാതെയുള്ള
രണം അധമം. ഇതിലെല്ലാത്തിലും പുണ്യപ്രദമായുള്ളത് പുരാണശ്രവണം തന്നെയാണ്. മഹാശയ,
വ്യാസനില്‍നിന്നും കേട്ടതായ പുരാണത്തെ ഞങ്ങള്‍ക്കായി പറഞ്ഞു തന്നാലും
സൂതന്‍ പറഞ്ഞു: നാം
ധന്യരാണ് എന്നത് നിശ്ചയം. നിങ്ങള്‍ക്ക് കേള്‍ക്കാനും എനിക്ക് പറയാനും ഉല്‍സാഹമുണ്ടല്ലോ.
പ്രളയജലത്തിലെ ശേഷനാഗമെത്തയില്‍ പള്ളികൊള്ളുന്ന ശ്രീവിഷ്ണുവിന്റെ കര്‍ണ്ണമലത്തില്‍
നിന്നും ബലിഷ്ഠരായ രണ്ടു ദാനവര്‍ സംജാതരായി. അവര്‍ സമുദ്രജലത്തില്‍ മദിച്ചു
ക്രീഡിച്ചു കാലം പോക്കി. അങ്ങിനെയിരിക്കെ അവരിലും ഒരു സന്ദേഹം നാമ്പിട്ടു.
കാരണമില്ലാതെ കാര്യം ഉണ്ടാവുകയില്ല. അതിനെപ്പറ്റി നമുക്കറിയാന്‍ കഴിയുന്നില്ലല്ലോ!
ഇപ്പരന്നു കിടക്കുന്ന ജലത്തിന് ആധാരമായി എന്താണുള്ളത്? ആരാണിത് സൃഷ്ടിച്ചത്?
നമ്മെയാരാണ് സൃഷ്ടിച്ചത്?
ഇങ്ങിനെ ചിന്തിച്ചിരിക്കെ
മധുവിനോട് കൈടഭന്‍ പറഞ്ഞു: മധു, നമ്മെ ഈ ജലത്തില്‍ താങ്ങി നിര്‍ത്തുവാന്‍ ഒരു
ശക്തിയുണ്ടെന്ന് തീര്‍ച്ചയാണ്. ജലത്തിന്റെ നിലനില്‍പ്പിന് ആധാരമായ ആ പരാശക്തിയാകണം നമ്മേയും
സൃഷ്ടിച്ചത്. ഇങ്ങിനെ വിവേചനബുദ്ധിയുദിച്ച അവര്‍ ഒരു ബീജമന്ത്രം കേട്ടു. അതവര്‍
പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു ധ്യാനിക്കെ വാനിലൊരു മിന്നല്‍പ്പിണര്‍ കാണായി. മൂര്‍ത്തമായിത്തീര്‍ന്ന
മന്ത്രമാണിത് എന്നവര്‍ തിരിച്ചറിഞ്ഞു. ആഹാരം പോലും ഉപേക്ഷിച്ച് അവര്‍ ധ്യാനത്തില്‍
ആമഗ്നരായി. അങ്ങിനെ ഒരായിരമാണ്ട് കഴിഞ്ഞപ്പോള്‍ പരാശക്തി അവരില്‍ സംപ്രീതയായി. ദേവി
അശരീരിയായി ആകാശത്തില്‍ വാഗ്രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. ‘നിങ്ങള്‍ക്ക്
ഇഷ്ടമുള്ള വരം ഏതാണെങ്കിലും ചോദിച്ചുകൊള്ളുക’ എന്ന ആകാശവാണി കേള്‍ക്കെ അവര്‍
‘സ്വേച്ഛാമൃത്യുവരം’ ആവശ്യപ്പെട്ടു. ദേവി മധുകൈടഭന്മാര്‍ക്ക് ചോദിച്ച വരം നല്‍കി
മറഞ്ഞു.
ഇങ്ങിനെ പരാശക്തിയില്‍
നിന്നും കിട്ടിയ വരവുമായി ഗര്‍വ്വോടെ അവര്‍ ജലത്തില്‍ കേളിയാടി ജീവിച്ചു. കുറച്ചു
കഴിഞ്ഞപ്പോള്‍ താമരയില്‍ ധ്യാനനിമഗ്നനായിരിക്കുന്ന ബ്രഹ്മാവിനെ അവര്‍ കണ്ടു. അവര്‍ക്ക്
ആരോടെങ്കിലും ഒന്ന് പോരാടാന്‍ കൊതിയായിരുന്നു. അങ്ങിനെയവര്‍ ബ്രഹ്മാവിനെ പോരിനായി
വെല്ലുവിളിച്ചു. ‘യുദ്ധസന്നദ്ധനല്ലെങ്കില്‍ ഈ താമരവിട്ടു പോവുക. പോരിടാന്‍
ശക്തിയില്ലാതെ വെറുതേ ധ്യാനിച്ചിരുന്നിട്ടെന്തുകാര്യം? ഇവിടം വീരന്മാര്‍ക്ക്
മാത്രമുള്ളതാണ്!. പരാക്രമശാലികളും അതിബലവാന്മാരുമായ ഈ സഹോദരന്മാരുടെ വീരവാദം
കേട്ട് ബ്രഹ്മാവ് ചിന്താകുലനായി.
May I get a printed copy of this book
ReplyDeleteNot yet. Now it is being published by Janamabhoomi news paper.
ReplyDeleteഅമ്മെ നാരായണ ദേവി നാരായണ ഭദ്രേ നാരായണ ലക്ഷ്മി നാരായണ
ReplyDelete