ദിവസം 24. ശ്രീമദ് ദേവീഭാഗവതം, 1.19. ശുകവിവാഹം
സന്ദേഹോ fയം മഹാരാജ വര്‍ത്തതേ ഹൃദയേ മമ
മായാമദ്ധ്യേ വര്‍ത്തമാന:
കഥം നിസ്പൃഹോ ഭവേത്
ശാസ്ത്ര ജ്ഞാനം ച
സമ്പ്രാപ്യ നിത്യാനിത്യ വിചാരണം
ത്യജതേ ന മനോ മോഹം സ കഥം മുച്യതേ
നര:
ശ്രീ ശുകന്‍ തുടര്‍ന്നു: 'എന്നില്‍ ഇനിയും സംശയങ്ങള്‍ ബാക്കിയാണ് മഹാരാജന്‍. മായയില്‍
ആമഗ്നനായിക്കഴിയുന്നയാള്‍ക്ക് അനാസക്തനാവാന്‍ കഴിയുമോ? ശാസ്ത്രജ്ഞാനം നേടിയിട്ടും
നിത്യാനിത്യത്തെ തിരിച്ചറിയാനുള്ള കഴിവും ആര്‍ജ്ജിച്ചിട്ടും മോഹം
ബാധിക്കുമെന്നാണെങ്കില്‍ മുക്തി സാദ്ധ്യമാകുന്നതെങ്ങിനെയാണ്? ഇരുട്ട് പോക്കാന്‍
വെളിച്ചത്തെപ്പറ്റി പറഞ്ഞതുകൊണ്ടാവുകയില്ലല്ലോ? അതിനു വിളക്ക് കൊളുത്തുക തന്നെ
വേണം. മനസ്സില്‍ നിന്നും അവിദ്യയുടെ ഇരുളകറ്റാന്‍ ശാസ്ത്രപഠനം മാത്രം മതിയാവുകയില്ല.
അത് പരോക്ഷമായ അറിവ് മാത്രമാണ്. അപരോക്ഷാനുഭൂതി, അല്ലെങ്കില്‍ ആത്മാനുഭവം കൊണ്ട്
മാത്രമേ അവിദ്യയുടെ ഇരുട്ടകറ്റുന്ന ജ്ഞാനസൂര്യന്‍ ഉദിക്കുകയുള്ളൂ. ജ്ഞാനികള്‍ക്ക്
പ്രാണിദ്രോഹം നിഷിദ്ധമാണ്. എന്നാല്‍ ഗൃഹസ്ഥന് പ്രാണിദ്രോഹം കൂടാതെ ജീവിക്കുക സാദ്ധ്യമാണോ? അങ്ങയില്‍ രാജഭോഗം
കൈക്കൊള്ളാനുള്ള ആശകള്‍ അടങ്ങിയിട്ടില്ല. യുദ്ധത്തില്‍ ജയിക്കാനും വിത്തം
സമ്പാദിക്കാനും അങ്ങ് പരിശ്രമിക്കുന്നു. അങ്ങിനെയുള്ള അങ്ങയെ ജീവന്‍മുക്തനെന്നു
പറയാന്‍ എങ്ങിനെ സാധിക്കും? താപസന്മാരേയും കള്ളമ്മാരെയും അങ്ങ് ഒരുപോലെ
കാണുന്നില്ലല്ലോ? തന്‍റെ, അന്യന്‍റെ എന്നിങ്ങിനെയുള്ള വിവേചനവും അങ്ങേയ്ക്കുണ്ട്.
അപ്പോള്‍ അങ്ങ് വിദേഹനാവുന്നതെങ്ങിനെ? നാനാ സ്വാദുകള്‍, ശുഭാശുഭങ്ങള്‍ ഇവയെല്ലാം
അങ്ങേയ്ക്ക് ഒരുപോലെയാണോ?
ജാഗ്രദ്സ്വപ്നസുഷുപ്തികളും മൂന്നു കാലഭേദങ്ങളും ഉള്ള അങ്ങ് നാലാമത്തെ അവസ്ഥയായ തുരീയത്തില്‍ ആണെന്ന് എങ്ങിനെ പറയാന്‍ കഴിയും? ആന,കുതിര,കാലാള്‍ തുടങ്ങിയ സേനാനിരയ്ക്കൊപ്പം നില്‍ക്കുമ്പോള്‍ 'ഞാന്‍ ഇവയ്ക്കെല്ലാം നാഥനാണ്' എന്ന തോന്നല്‍ അങ്ങില്‍ ഇല്ലെന്നാണോ പറയുന്നത്? സുഖദുഖങ്ങള്‍ അങ്ങേയ്ക്ക് ഒരുപോലെയാണോ? പാമ്പിനെ കഴുത്തിലിടുന്നതും മാല കഴുത്തിലണിയുന്നതും അങ്ങേക്ക് ഒരുപോലെയാണോ? മണ്‍കട്ടയും സ്വര്‍ണ്ണവും വിമുക്തന് ഒന്നുപോലെയാണ്. അയാള്‍ എല്ലാവര്‍ക്കും ഹിതകാരിയാണ്. എന്റെ മനസ്സില്‍ ഗൃഹസ്ഥനാവാനുള്ള ആശ തീരെയില്ല. ഒന്നിനോടും ആഗ്രഹമില്ലാതെ സഞ്ചരിക്കാനാണ് എനിക്കിഷ്ടം. നിസ്സംഗനും നിര്‍മമനുമായി കായ്കിഴങ്ങുകള്‍ കഴിച്ച് ഇഷ്ടമുള്ളിടത്ത് കിടന്നുറങ്ങണം എന്നേയുള്ളു. രാഗബുദ്ധിയും ഗുണഭേദവും ഇല്ലാത്ത എനിക്ക് സുന്ദരിയായ ഭാര്യയും ധനവും മറ്റും എന്തിനാണ്?
ജാഗ്രദ്സ്വപ്നസുഷുപ്തികളും മൂന്നു കാലഭേദങ്ങളും ഉള്ള അങ്ങ് നാലാമത്തെ അവസ്ഥയായ തുരീയത്തില്‍ ആണെന്ന് എങ്ങിനെ പറയാന്‍ കഴിയും? ആന,കുതിര,കാലാള്‍ തുടങ്ങിയ സേനാനിരയ്ക്കൊപ്പം നില്‍ക്കുമ്പോള്‍ 'ഞാന്‍ ഇവയ്ക്കെല്ലാം നാഥനാണ്' എന്ന തോന്നല്‍ അങ്ങില്‍ ഇല്ലെന്നാണോ പറയുന്നത്? സുഖദുഖങ്ങള്‍ അങ്ങേയ്ക്ക് ഒരുപോലെയാണോ? പാമ്പിനെ കഴുത്തിലിടുന്നതും മാല കഴുത്തിലണിയുന്നതും അങ്ങേക്ക് ഒരുപോലെയാണോ? മണ്‍കട്ടയും സ്വര്‍ണ്ണവും വിമുക്തന് ഒന്നുപോലെയാണ്. അയാള്‍ എല്ലാവര്‍ക്കും ഹിതകാരിയാണ്. എന്റെ മനസ്സില്‍ ഗൃഹസ്ഥനാവാനുള്ള ആശ തീരെയില്ല. ഒന്നിനോടും ആഗ്രഹമില്ലാതെ സഞ്ചരിക്കാനാണ് എനിക്കിഷ്ടം. നിസ്സംഗനും നിര്‍മമനുമായി കായ്കിഴങ്ങുകള്‍ കഴിച്ച് ഇഷ്ടമുള്ളിടത്ത് കിടന്നുറങ്ങണം എന്നേയുള്ളു. രാഗബുദ്ധിയും ഗുണഭേദവും ഇല്ലാത്ത എനിക്ക് സുന്ദരിയായ ഭാര്യയും ധനവും മറ്റും എന്തിനാണ്?
വൈവിദ്ധ്യമാര്‍ന്ന രാഗബുദ്ധി
വെച്ചുപുലര്‍ത്തുന്ന അങ്ങ് വിമുക്തനാണെന്ന് പറയുന്നത് വെറും പോങ്ങച്ചമല്ലേ എന്ന്
ഞാന്‍ സംശയിക്കുന്നു. ശത്രു, ധനം, സൈന്യം, ഇങ്ങിനെ പലതിനെക്കുറിച്ചും ചിന്തിക്കാതെ
രാജാവായി ജീവിക്കാന്‍ സാധിക്കുമോ? മിതാഹാരികളും വ്രതനിഷ്ഠരുമായ മാമുനിമാര്‍ പോലും
പ്രപഞ്ചവിഷയത്തില്‍ മോഹിച്ചുപോകുന്നു. അങ്ങയുടെ കുലത്തില്‍ പിറന്നവര്‍ക്ക്
‘വിദേഹര്‍’ എന്ന കുലനാമം വെറുതേ കിട്ടുന്നതാണ് എന്ന് തോന്നുന്നു. അതില്‍ കാര്യമൊന്നുമില്ല.
വിദ്യാഭ്യാസം തൊട്ടു തീണ്ടാത്തവന് വിദ്യാധരന്‍ എന്ന പേരും, ദരിദ്രന് ലക്ഷ്മീധരന്‍
എന്ന പേരും അന്ധന് ദിവാകരന്‍ എന്ന പേരുമൊക്കെ നാട്ടു നടപ്പാണിപ്പോള്‍! നിന്റെ
കുലവാസികള്‍ കര്‍മ്മത്താലല്ല, വെറും നാമത്താല്‍ മാത്രം വിദേഹരായവര്‍ അല്ലേയെന്നു ഞാന്‍ സംശയിക്കുന്നു. അങ്ങയുടെ കുലത്തില്‍ ഉണ്ടായിരുന്ന നിമി ചക്രവര്‍ത്തി ഒരിക്കല്‍ യാഗം ചെയ്യാനായി
കുലഗുരുവായ വസിഷ്ഠനെ ക്ഷണിച്ചു. എന്നാല്‍ ആ സമയം ദേവേന്ദ്രന്‍ മറ്റൊരു
യജ്ഞത്തിനായി മുനിയെ വിളിച്ചിട്ടുണ്ടായിരുന്നു. ആ യാഗം പൂര്‍ത്തിയാക്കിയ ശേഷം
നിമിരാജന്റെ യാഗം ചെയ്യാം എന്നായിരുന്നു മുനിയുടെ നിര്‍ദ്ദേശം. എന്നാല്‍ നിമി
മറ്റൊരാളെക്കൊണ്ട് യാഗം നടത്തിച്ചു. ഈ വാര്‍ത്ത കേട്ട് കോപിച്ച മുനി ‘ഗുരു
നിന്ദകനായ നീ നിലംപതിക്കട്ടെ’ എന്ന് രാജാവിനെ ശപിച്ചു. ‘അങ്ങയുടെ ദേഹവും
വീണുപോകട്ടെ’ എന്ന് രാജാവും ശപിച്ചു. ‘വിദേഹന്‍’ ആയ രാജാവ് മുനിയെ ശപിച്ചുവത്രേ?
അതെങ്ങിനെ സാധിക്കും? ഇതെല്ലാം വെറുമൊരു തമാശയായി തോന്നുന്നു.'
ജനകന്‍ പറഞ്ഞു: അങ്ങ്
പറഞ്ഞതില്‍ സത്യമുണ്ട്. എന്നാല്‍ ഗുരുവായ വ്യാസന്റെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കണമല്ലോ.
പിതാവിനെ പിരിഞ്ഞു കാട്ടില്‍പ്പോകാന്‍ നീ ആഗ്രഹിക്കുന്നു. അതും ഒരുവിധത്തില്‍ സംഗം
തന്നെ. മൃഗങ്ങളോട് ആണെന്ന് മാത്രം! പഞ്ചഭൂതങ്ങളുമായ സംഗം കൂടാതെ ആര്‍ക്കെങ്കിലും എവിടെയെങ്കിലും
വാഴാന്‍ പറ്റുമോ? ഇന്നത്തെ ആഹാരം എവിടെനിന്നുകിട്ടും എന്ന ചിന്തയെങ്കിലും ഇല്ലാതെ പറ്റുമോ?
ദണ്ഡും മാന്തോലും കൂടാതെ കഴിയില്ലല്ലോ? അതുപോലെയൊക്കെ മാത്രമേയുള്ളൂ എന്റെ
രാജ്യകാര്യവും. രാജ്യചിന്ത എന്നിലുണ്ടായെന്നും ഉണ്ടായില്ലെന്നും വരാം. എന്നാല്‍ ഞാനതില്‍ ഒന്നിലും വ്യാകുലനല്ല. നിന്നില്‍
ശങ്കയും തെറ്റിദ്ധാരണയും നിറഞ്ഞിരിക്കുന്നു. അവ തീര്‍ക്കാനായി നീയിത്ര ദൂരം യാത്ര ചെയ്തു.
എന്നാല്‍ എന്നില്‍ അവയില്ല. തീര്‍ത്തും സംശയരഹിതനായാണ് ഞാന്‍ വര്‍ത്തിക്കുന്നത്.
ഞാന്‍ സുഖമായി ഉണ്ണുന്നു, ഉറങ്ങുന്നു, ബദ്ധനല്ലെന്ന ഉറപ്പില്‍ എപ്പോഴും സുഖിയായി
കഴിയുന്നു. എന്നാല്‍ അങ്ങോ സ്വയം ബദ്ധനാണെന്നുള്ള ചിന്തയില്‍ ദുഖിതനായി കഴിയുന്നു. നിന്നില്‍ നിന്നും ആ ശങ്കയെ ദൂരെക്കളയൂ. ഈ ദേഹം എന്റേതാണ് എന്ന തോന്നലാണ് ബന്ധനം. ദേഹം, രാജ്യം, ധനം ഇവയൊന്നും എന്റേതല്ല എന്ന ഉറച്ച ബോധമാണ് മുക്തി.'
സൂതന്‍ തുടര്‍ന്നു: ജനകന്റെ
മറുപടി കേട്ട് സംപ്രീതനായ ശുകന്‍ വ്യാസന്റെ അടുത്തേയ്ക്ക് തിരിച്ചു പോയി. പിതാവ്
ആലിംഗനത്തോടെ പുത്രനോടു കുശലം ചോദിച്ചു. ജനകരാജാവിന്റെ അവസ്ഥ കണ്ടു
സംപ്രീതനായ ശ്രീശുകന്‍ വേദവിത്തായ
അച്ഛനുമൊത്ത് ആശ്രമത്തില്‍ കഴിഞ്ഞു. സുന്ദരിയും സുഭഗയുമായ പിബരിയെ ശുകന്‍ സഹധര്‍മ്മിണിയാക്കി.
അവളില്‍ കൃഷ്ണന്‍, ഗൌരപ്രഭന്‍, ഭൂരി, ദേവശ്രുതന്‍ എന്നീ പുത്രന്മാരും കീര്‍ത്തി
എന്നൊരു പുത്രിയും ഉണ്ടായി. കീര്‍ത്തിയെ വിഭ്രാജന്റെ പുത്രനായ അണുഹനു വിവാഹം
ചെയ്തു നല്‍കി. അണുഹന്റെ മകന്‍ ബ്രഹ്മദത്തന്‍ ബ്രഹ്മജ്ഞാനിയും പ്രതാപവാനായ ഒരു
രാജാവുമായിരുന്നു. കുറേക്കാലം കഴിഞ്ഞപ്പോള്‍ നാരദനില്‍ നിന്നും ജ്ഞാനം നേടിയ
ബ്രഹ്മദത്തന്‍ പുത്രനെ രാജ്യമേല്പ്പിച്ചു ബദരികാശ്രമത്തിലേക്ക് പോയി. സദാ
ജ്ഞാനത്തിന്റെ നിറവില്‍ വിരാജിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
പിതാവിനെ വിട്ടു ശ്രീശുകനും
സംഗം ഉപേക്ഷിച്ചു കൈലാസത്തിനു മുകളിലേക്ക് പോയി. അവിടെ മഹാധ്യാനത്തില്‍ മുഴുകവേ
ഉല്‍കൃഷ്ടമായ ഏതോ സിദ്ധിയില്‍ അദ്ദേഹം പര്‍വ്വതത്തിനു മുകളിലേയ്ക്ക് ഉയര്‍ന്നുപോയി.
രണ്ടാമതൊരു സൂര്യന്‍ ഉദിച്ചപോലെ ആകാശത്ത് അദ്ദേഹം പ്രോജ്വലിച്ചു നിലകൊണ്ടു. ശുകന്റെ
കുതിപ്പില്‍ ഗിരിശൃംഖം രണ്ടായി പിളര്‍ന്നുപോയി. രണ്ടാം സൂര്യനായി ആകാശത്ത്
ജ്വലിച്ചു നിന്ന ശ്രീശുകനെ കാണാഞ്ഞ് വ്യാസന്‍ വാവിട്ടു കരഞ്ഞുകൊണ്ട് മകനെ
വിളിച്ചുകൊണ്ട് ആ ഗിരി ശൃംഖത്തിലേയ്ക്ക്പോയി. സര്‍വ്വഭൂതഹൃദയനിവാസിയായ ശുകന്‍ സകല
ജീവജാലങ്ങളിലിരുന്നുകൊണ്ടും ആ വിളി കേട്ടു.* ‘മകനേ’ എന്ന വിളിയവിടെ മാറ്റൊലി
കൊണ്ടു. ഇന്നും അവിടെയത് മുഴങ്ങുന്നു. മകനെ വിളിച്ചു മാഴ്കുന്ന വ്യാസനെക്കണ്ട്
പരമശിവന്‍ അദ്ദേഹത്തോട് ‘ദുഖിക്കരുത്, അങ്ങയുടെ പുത്രന്‍ പരമമായ ഇടം പ്രാപിച്ചു
കഴിഞ്ഞിരിക്കുന്നു. ആത്മജ്ഞാനമില്ലാത്തവര്‍ക്ക് അപ്രാപ്യമാണത്. പുത്രനിലൂടെ
അങ്ങയുടെ കീര്‍ത്തി വര്‍ദ്ധിക്കുന്നു.’
അപ്പോള്‍ വ്യാസന്‍ പറഞ്ഞു: 'മഹാദേവാ, എന്നിട്ടും എന്നിലെ ശോകം വിട്ടുപോകുന്നില്ല. പുത്രനെക്കണ്ട് എന്റെ കൊതി
തീര്‍ന്നിട്ടില്ല ഇതുവരെ. അവനെ വീണ്ടും കാണാന്‍ എന്നില്‍ ആഗ്രഹം നിറയുകയാണ്.'
മഹാദേവന്‍ പറഞ്ഞു: വ്യാസമുനേ,
അങ്ങ് എന്റെ പാര്‍ശ്വഭാഗത്ത് പുത്രന്റെ രൂപത്തെ കണ്ടുകൊള്ളുക. അങ്ങിനെയെങ്കിലും അങ്ങിലെ
ശോകമടങ്ങട്ടെ.’
സൂതന്‍ തുടര്‍ന്നു: വ്യാസനെ
അനുഗ്രഹിച്ച് പരമശിവന്‍ അന്തര്‍ധാനം ചെയ്തു. വ്യാസന്‍ അപ്പോഴും പുത്രവിരഹത്താല്‍
ദുഖിതനായിത്തന്നെ സ്വന്തം ആശ്രമത്തിലേയ്ക്ക് മടങ്ങി.
* വ്യഷ്ടിദേഹത്തെ സമഷ്ടിയില്‍ വിലയിപ്പിച്ചതിനാല്‍ ശ്രീശുകന്‍ വിളികേട്ടത് സര്‍വ്വവ്യാപകമായ
പ്രകൃതിയായാണ് എന്ന് പറയാമെന്നു തോന്നുന്നു.
No comments:
Post a Comment