ദിവസം 22. ശ്രീമദ് ദേവീഭാഗവതം 1.17. മിഥിലാഗമനം
ഇത്യുക്ത്വാ പിതരം പുത്ര:
പാദയോ: പതിത: ശുക:
ബദ്ധാഞ്ജലിരുവാ ചേദം ഗന്തുകാമോ
മഹാമനാ:
ആപ്യച്ഛേത്വാം മഹാഭാഗ
ഗ്രാഹ്യം തേ വചനം മയാ
വിദേഹാന്‍ ദൃഷ്ടുമിച്ഛാമി
പാലിതാന്‍ ജനകേന തു
സൂതന്‍ തുടര്‍ന്നു: ഇങ്ങിനെ
പറഞ്ഞു ശുകന്‍ അച്ഛന്റെ കാല്‍ക്കല്‍ വീണു നമസ്കരിച്ചു. 'അച്ഛാ ഞാന്‍ യാത്ര
ചോദിക്കുന്നു. അവിടുന്നു പറഞ്ഞ കാര്യം മനസ്സിലാക്കാന്‍ ഞാന്‍ വിദേഹരാജ്യത്തേയ്ക്ക്
പോവുകയാണ്. എങ്ങിനെയാണ് ദണ്ഡമില്ലാതെ ജനകന്‍ രാജ്യഭാരം നിര്‍വ്വഹിക്കുന്നതെന്ന്
അറിയാന്‍ എനിക്കാഗ്രഹമുണ്ട്. ശിക്ഷകിട്ടുമെന്ന ഭയമില്ലെങ്കില്‍ മനുഷ്യര്‍ ധര്‍മ്മനിഷ്ഠ
പുലര്‍ത്തുകയില്ലെന്ന് മനു മുതലായവര്‍ പണ്ടേ പറഞ്ഞിരിക്കുന്നു. ‘ഈ വന്ധ്യയാണ്
എന്റെ അമ്മ’ എന്ന് പറയുന്നതുപോലുള്ള അസംബന്ധമാണോ ഈ രാജാവിന്റെ ഭരണം എന്നെനിക്കു സന്ദേഹം തോന്നുന്നു. എതായാലും ഞാനൊന്ന് പോയി വരട്ടെ.'
ഇങ്ങിനെ പോകാനുറച്ച് നില്‍ക്കുന്ന
മകനെ ആലിംഗനം ചെയ്തുകൊണ്ട് വ്യാസന്‍ പറഞ്ഞു: 'നിനക്ക് മംഗളം ഉണ്ടാവട്ടെ. എന്നാല്‍
ആദ്യം എനിക്കൊരു വാക്ക് തരിക. നീ പോയിട്ട് ഈ ആശ്രമത്തിലേക്ക് തന്നെ മടങ്ങി വരണം. തുടര്‍ന്നുള്ള നിന്റെ യാത്ര മറ്റൊരിടത്തെയ്ക്കാവരുത്. നിന്റെ മുഖം കാണാതിരുന്നാല്‍ എനിക്ക്
വ്യസനമാവും. എന്റെ പ്രാണനായ നീ ജനകനെ കണ്ടു സംശയനിവൃത്തി വരുത്തിയശേഷം ഇവിടെ
മടങ്ങി വന്നു വെദാദ്ധ്യയനം നടത്തി സുഖമായി ജീവിച്ചാലും.'
പിതാവിനെ വലംവെച്ച്
വില്ലില്‍ നിന്ന് വിട്ട ശരംപോലെ ശുകന്‍ നടന്നകന്നു. പലേ വിധങ്ങളായ ഭൂപ്രദേശങ്ങളും വനങ്ങളും മരങ്ങളും
പലതരം മനുഷ്യരും ശുകന്റെ കണ്ണില്‍പ്പെട്ടു. യാഗദീക്ഷയുള്ളവര്‍, ഗൃഹസ്ഥാശ്രമികള്‍,
സൂര്യോപാസകര്‍, ശൈവന്മാര്‍, ശാക്തേയന്മാര്‍, വൈഷ്ണവര്‍, എന്നിത്യാദി വൈവിദ്ധ്യമാര്‍ന്ന
സാധകരെ ശുകന്‍ കാണുകയുണ്ടായി. രണ്ടുവര്‍ഷംകൊണ്ട് മേരു പര്‍വ്വതവും ഒരു
കൊല്ലംകൊണ്ട് ഹിമവാനെയും കടന്നു ശുകന്‍ മിഥിലാപുരത്തെത്തി. സര്‍വ്വസമൃദ്ധമായ
ഒരിടമാണത്. പ്രജകള്‍ സംതൃപ്തരുമാണ്. നഗരദ്വാരത്തിലെ കാവല്‍ക്കാരന്‍ 'അങ്ങാരാണ്? എന്താണ്
സന്ദര്‍ശനോദ്ദേശം’ എന്ന് ചോദിച്ചതിന് ശുകന്‍ മറുപടിയൊന്നും പറഞ്ഞില്ല. ആ വാതില്‍ക്കല്‍ അദ്ദേഹം പുഞ്ചിരിയോടെ ഒരു തൂണുപോലെ നിലയുറപ്പിച്ചു.
‘അങ്ങെന്താ ഊമയാണോ?
ആരാണെന്നും മറ്റും പറയാതെ കുലശീലങ്ങള്‍ നോക്കാതെ ആരെയും നഗരത്തില്‍ക്കടക്കാന്‍
സമ്മതിക്കുകയില്ല. കണ്ടിട്ട് തേജസ്വിയും വേദജ്ഞനുമാണങ്ങെന്നു തോന്നുന്നു. കൊട്ടാരത്തില്‍ ചെന്ന് വിവരം
പറഞ്ഞിട്ട് യഥേഷ്ടം അങ്ങേയ്ക്ക് അകത്തേയ്ക്ക് പോകാം.’ എന്നായി കാവല്‍ക്കാര്‍.
ശുകന്‍ പറഞ്ഞു: 'ഞാന്‍
എന്തിനിവിടെ വന്നുവോ, ആ കാര്യം ഇപ്പോള്‍ത്തന്നെ നേടിയിരിക്കുന്നു.
വിദേഹത്തിലേക്കുള്ള പ്രവേശനം ദുര്‍ലഭമാണ്. അച്ഛന്റെ വാക്കും കേട്ട് ദുര്‍ഘടമായ
വഴികളും രണ്ടു മലകളും താണ്ടി ഞാന്‍ വന്നത് വിഡ്ഢിത്തമായി. എന്റെ കര്‍മ്മം
തന്നെയാണ് എന്നെയിങ്ങിനെ വട്ടംചുറ്റിക്കുന്നത്. സാധാരണ ആളുകള്‍ ധനത്തിലുള്ള
ആശയാലാണ് അലയുന്നത്. എനിക്ക് അത്തരം ആശകള്‍ ഇല്ലെങ്കിലും ഞാനും ഭ്രമത്തിന്
വശഗതനായിരിക്കുന്നു. മോഹമില്ലാത്തവന്‍ സുഖിയാണ്. എന്നില്‍ ആശയില്ലെങ്കിലും ഞാന്‍
മോഹക്കടലില്‍ മുങ്ങിയിരിക്കുന്നു! മേരുപര്‍വ്വതം എവിടെ? മിഥിലയെവിടെ? ഞാന്‍
വഞ്ചിക്കപ്പെട്ടിരിക്കുന്നു! നന്മയാണെകിലും തിന്മയാണെങ്കിലും നമ്മുടെ പ്രാരാബ്ദം
എന്തായാലും അനുഭവിച്ചേ തീരൂ. അതാണ് മനുഷ്യരെ കര്‍മ്മോല്‍സുകരാക്കുന്നത്.
എന്തിനാണ് ഞാനീ പാടുപെട്ട് ഇവിടെയെത്തിയത്? ഇവിടെ തീര്‍ത്ഥവുമില്ല, വേദവുമില്ല.
വിദേഹന്റെ രാജ്യത്തേയ്ക്ക് കടക്കാനും സാദ്ധ്യമല്ല. ഇങ്ങിനെ പറഞ്ഞു നില്‍ക്കുന്ന
ശുകനെക്കണ്ട് ‘ഇദ്ദേഹം ഏതോ ദിവ്യനായിരിക്കും’ എന്ന് ചിന്തിച്ചിട്ട് കാവല്‍ക്കാരന്‍ പറഞ്ഞു: ‘പൊയ്ക്കോള്ളൂ മഹാബ്രാഹ്മണാ അങ്ങെന്നോടു ക്ഷമിക്കണം. വിമുക്തന്മാരുടെ ബലം
ക്ഷമയാണല്ലോ! എന്ന് പറഞ്ഞു നഗരവാതില്‍ തുറന്നു കൊടുത്തു.
ശുകന്‍ പറഞ്ഞു: ‘നിനക്ക്
കുറ്റമൊന്നുമില്ല, നീയും പരതന്ത്രന്‍ തന്നെ. പ്രഭുവിന്റെ കാര്യം വേണ്ടതുപോലെ ചെയ്യുന്ന
നിന്നെ ഞാന്‍ കുറ്റപ്പെടുത്തുകയില്ല. കള്ളനെയും നല്ലവനെയും തിരിച്ചറിഞ്ഞുവേണം
നഗരത്തില്‍ പ്രവേശിപ്പിക്കാന്‍ എന്നുള്ള രാജകല്പ്പനയ്ക്കും സദുദ്ദേശമാണുള്ളത്.
എനിക്കാണ് തെറ്റ് പറ്റിയത്. പരഗൃഹത്തില്‍ പോകുന്നത് തന്നെയാണ് ഒരുവന്റെ വില
കുറയുന്നതിന്റെ കാരണം.’
ഇത് കേള്‍ക്കെ കാവല്‍ക്കാരന്‍
ചോദിച്ചു: 'മഹാത്മന്‍, എന്താണീ സുഖദുഖങ്ങള്‍? ശുഭേച്ഛുക്കള്‍ എന്താണ് ചെയ്യണ്ടത്?
ആരാണ് ശത്രു? ആരാണ് ബന്ധു? എല്ലാം എനിക്ക് പറഞ്ഞു തന്നാലും’
ശുകന്‍ തുടര്‍ന്നു: 'എവിടെയും ലോകം രണ്ടുമട്ടില്‍ കാണപ്പെടുന്നു. ചിലര്‍ ആസക്തര്‍, ചിലര്‍ വിരക്തര്‍.
അവരുടെ മനസ്സും രണ്ടു രീതികളിലാണ്. വിരക്തന്മാര്‍ മൂന്നുവിധം – ഉത്തമര്‍, അധമര്‍,
മദ്ധ്യമര്‍. സക്തന്മാരില്‍ മൂര്‍ഖനും സമര്‍ത്ഥനും ഉണ്ട്. സാമര്‍ത്ഥ്യം
ശാസ്ത്രത്തില്‍ നിന്നുണ്ടാവുന്നതും ബുദ്ധിയില്‍ നിന്ന് ജനിക്കുന്നതും ആവാം. ചിലര്‍
യുക്തിയുക്തര്‍, മറ്റുള്ളവര്‍ യുക്തിരഹിതര്‍.'
കാവല്‍ക്കാരന്‍ പറഞ്ഞു: 'ഭഗവന്‍, എനിക്ക് അങ്ങ് പറയുന്നത് മുഴുവന്‍ മനസ്സിലാവുന്നില്ല. എനിക്ക്
മനസ്സിലാവുന്ന വിധത്തില്‍ കാര്യങ്ങളെ ലളിതമായി പറഞ്ഞു തന്നാലും’.
ശുകന്‍ തുടര്‍ന്നു: ഈ
ലോകത്തില്‍ ആസക്തിയുള്ളവനെ ആസക്തന്‍ അല്ലെങ്കില്‍ രക്തന്‍ എന്ന് പറയുന്നു. അവനു
നാനാ തരത്തിലുള്ള സുഖവും ദുഖവും ഉണ്ടാവുന്നു. ധനം, ഭാര്യ, ഗൃഹം, പുത്രന്‍
എന്നിവയെല്ലാം ഉള്ളപ്പോള്‍ സുഖം. അവയ്ക്ക് നഷ്ടമോ കുറവോ ഉണ്ടാവുമ്പോള്‍ ദുഃഖം. അവര്‍
സുഖം ലഭിക്കാനുള്ള മാര്‍ഗ്ഗം തേടിക്കൊണ്ടേയിരിക്കും ആ പരിശ്രമത്തിനു വിഘാതമായി
നില്‍ക്കുന്നവരെല്ലാം അവനു ശത്രുവാണ്. സുഖം നല്‍കുന്നവന്‍ ബന്ധു. സമര്‍ത്ഥന്‍
ഒരിക്കലും മോഹവശഗതനാവുകയില്ല. എന്നാല്‍ മൂഢനോ എപ്പോഴും മോഹവിഭ്രമത്തിലാണ്. ആത്മാരാമന്
ഏകാന്തവാസവും വേദാന്തധ്യാനവുമാണ് സുഖം. ലൌകീകവിഷയങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ദുഖഹേതുക്കളാണ്. ശുഭകാംഷിയായ
വിദ്വാന് ശത്രുക്കള്‍ പലരാണ്. കാമക്രോധാദികള്‍ നമ്മുടെ ശത്രുക്കളും സന്തോഷം
എന്നത് നമ്മുടെ ഒരേയൊരു ബന്ധുവുമാണ്.
'ഇദ്ദേഹം മഹാനായ ജ്ഞാനി
തന്നെ'യെന്ന് തീര്‍ച്ചയാക്കി ദ്വാരപാലകന്‍ ശുകനെ ഉള്ളിലേയ്ക്ക് കടത്തി വിട്ടു. നല്ല
തിരക്കുള്ള വാണിജ്യ സ്ഥലങ്ങളും അങ്ങാടികളും മണിമന്ദിരങ്ങളും നിറഞ്ഞ നഗരം. രാജസ,
താമസ, സാത്വിക ഭാവങ്ങള്‍ ഉള്ള മൂന്നുവിധം ജനങ്ങളും അവിടെ വസിക്കുന്നു.
രാഗദ്വേഷങ്ങള്‍, കാമലോഭങ്ങള്‍, ജ്ഞാനവിജ്ഞാനങ്ങള്‍, ധനസമൃദ്ധി, എന്നുവേണ്ട അവിടെ
എല്ലാത്തരം ലൌകീകതയും ദൃശ്യമായിരുന്നു. ആ ആള്‍ക്കൂട്ടത്തില്‍ രണ്ടാമതൊരു സൂര്യനെപ്പോലെ
തേജസ്സാര്‍ന്ന ശ്രീശുകന്‍ നടന്നു നീങ്ങി. വേറൊരു ദ്വാരപാലകന്‍ അപ്പോള്‍ അദ്ദേഹത്തെ
തടഞ്ഞുനിര്‍ത്തി. വെയിലും തണലും തമ്മില്‍ അന്തരമില്ലാത്ത മുനി ഒരു തൂണുപോലെ
ഇളകാതെ അവിടെത്തന്നെ നിന്നു. എന്നാല്‍ താമസംവിനാ മറ്റൊരു രാജഭാടന്‍ തൊഴുകയ്യുമായെത്തി
അദ്ദേഹത്തെ അകത്തേയ്ക്ക് ആനയിച്ചു. മനോമോഹനമായ അവിടുത്തെ പൂന്തോട്ടങ്ങളും മറ്റും
കാണിച്ചുകൊടുത്ത് മുനിയെ അവര്‍ വേണ്ട
രീതിയില്‍ ഉപചരിച്ചു. രാജ്യസേവയില്‍ നിപുണരും കാമശാസ്ത്രവിദഗ്ദ്ധകളുമായ തരുണികളെ മുനിയുടെ
സേവനത്തിനായി നിയോഗിച്ചു. കാമാര്‍ത്തകളായ അവര്‍ അതീവ കമനീയങ്ങളായ ഒരന്തപുരം
അദ്ദേഹത്തിനു കാണിച്ചുകൊടുത്തു. ഉത്തമമായ ഭക്ഷണാദികള്‍ കൊണ്ട് അദ്ദേഹത്തെ
സന്തോഷിപ്പിച്ചു. അതീവസുന്ദരനായ കാമദേവനോടൊക്കുന്ന ദേഹവടിവുള്ള ശുകനെക്കണ്ട് ആ
നാരീമണികള്‍ കാമപരവശരായി. എന്നാല്‍ ശുദ്ധാത്മാവായ ശുകന്‍ അവരെ മാതൃഭാവത്തിലാണ് കണ്ടത്.
സുഖദുഖങ്ങള്‍ തമ്മില്‍ യാതൊരന്തരവും കാണാത്ത ശുകന്‍ ഈ സുന്ദരികളുടെ ചേഷ്ടകള്‍
കണ്ടു വെറുതെ മിണ്ടാതിരുന്നു. അവര്‍ മുനിയ്ക്കായി പട്ടുപൂമെത്തയില്‍ ചിത്രകംബളം
വിരിച്ച് ഒരുക്കി. ശുകന്‍ കൈകാലുകള്‍
കഴുകി അവിടെയിരുന്ന് തനിക്ക് പതിവുള്ള സന്ധ്യാവന്ദനാദികള്‍ മടികൂടാതെ ചെയ്തു. ഒരു
യാമം ധ്യാനത്തിലും പിന്നീട് രണ്ടു യാമം നിദ്രയിലും കഴിഞ്ഞശേഷം ശുകന്‍ ഉണര്‍ന്നു.
രാത്രിയുടെ അന്ത്യയാമത്തില്‍ അദേഹം വീണ്ടും ധ്യാനനിമഗ്നനായി.
No comments:
Post a Comment