Devi

Devi

Saturday, April 29, 2017

ദിവസം 248. ശ്രീമദ്‌ ദേവീഭാഗവതം 9- 26. സാവിത്രീ ധ്യാന പൂജാദി

ദിവസം 248.  ശ്രീമദ്‌ ദേവീഭാഗവതം 9-  26. സാവിത്രീ ധ്യാന പൂജാദി

തുളസ്യൂപാഖ്യാനമിദം ശ്രുതം ചാതി സുധോപമം
തത: സാമ്പത്ര്യൂപാഖ്യാനം തന്മേ വ്യാഖ്യാതുമർഹസി
പുരാ കേന സമുദ്ഭൂതാ സാശ്രുതാ ച ശ്രുതേ: പ്രസൂ:
കേന വാ പൂജിതാ ലോകേ പ്രഥമേ കൈശ്ച വാ പരേ

നാരദൻ പറഞ്ഞു: ‘അമൃതോപമമായ തുളസീചരിതം അങ്ങെനിക്കു പറഞ്ഞുതന്നു. ഇനി സാവിത്രീചരിതം കൂടി കേൾക്കാൻ എനിക്കാഗ്രഹമുണ്ട്. പ്രഖ്യാതയും വേദമാതാവുമായ ആ അമ്മയുടെ ഉദ്ഭവം എങ്ങിനെയാണ്? ആരാണവളെ ആദ്യമായി പൂജിച്ചത്? പിന്നീട് പൂജിച്ചവർ ആരൊക്കെയാണെന്നും അറിയാൻ ആഗ്രഹമുണ്ട്.’

ശ്രീ നാരായണൻ പറഞ്ഞു: ‘ബ്രഹ്മാവാണ് വേദമാതാവിനെ ആദ്യം പൂജിച്ചത്. അതെത്തുടർന്ന് ദേവൻമാരും വിശ്വജ്ജനങ്ങളും ആ വിശ്വവന്ദ്യയെ പൂജിച്ചു. ഭാരതവർഷത്തിലെ അശ്വപതി എന്ന രാജാവ് ദേവിയെ പൂജിക്കുകയുണ്ടായി. കൂടെ നാനാവർണ്ണത്തിലുള്ളവരും ദേവീപൂജകൾ ചെയ്തുവന്നു.’

ആരാണീ അശ്വപതിരാജാവെന്നുള്ള ചോദ്യത്തിനുത്തരമായി ശ്രീ നാരായണൻ തുടർന്നു: ‘മഹർഷേ, മാദ്രദേശത്തെ രാജാവായിരുന്നു അശ്വപതി. അദ്ദേഹം ശത്രുക്കൾക്ക് ഒരു പേടിസ്വപ്നവും മിത്രങ്ങൾക്ക് സുഖദായകനുമായിരുന്നു. അദ്ദേഹത്തിന്റെ പത്നി മാലതി വലിയ ധർമ്മിഷ്ഠയും ലക്ഷ്മീദേവിയെപ്പോലെ വിശ്രുതയുമായിരുന്നു. എന്നാൽ രാജ്ഞി വന്ധ്യയായിരുന്നു. വസിഷ്ഠമുനിയുടെ ഉപദേശപ്രകാരം അവൾ സാവിത്രീദേവിയെ പൂജിച്ചുപാസിച്ചു. അതു പക്ഷേ ഫലപ്രദമായില്ല. ദേവീദർശനമോ വരമോ കിട്ടാതെ രാജ്ഞി വിലപിച്ചുകൊണ്ട് തപസ്സു മതിയാക്കി കൊട്ടാരത്തിലേക്ക് മടങ്ങി.

തന്റെ രാജ്ഞിയുടെ സങ്കടം കണ്ട രാജാവ് അവളെ ആശ്വസിപ്പിച്ച ശേഷം സ്വയം തപസ്സു ചെയ്യാൻ പുഷ്ക്കരത്തിലേക്ക് പോയി. രാജാവ് നൂറുവർഷം അവിടെ തപസ്സു ചെയ്തിട്ടും സാവിത്രീദേവി പ്രത്യക്ഷയായില്ല. എങ്കിലും ദേവിയിൽ നിന്നും ഒരശരീരി കേട്ടു. 'നീ പത്തുലക്ഷം തവണ ഗായത്രീമന്ത്രം ഉരുക്കഴിക്കുക.'  അപ്പോളവിടെ പരാശരമഹർഷി ആഗതനായി ഗായത്രീമന്ത്രത്തിന്റെ മഹിമകൾ രാജാവിനെ കേൾപ്പിച്ചു.

“ഗായത്രി ഒരാവർത്തി ജപിക്കുന്നതുമൂലം പകൽ ചെയ്ത പാപങ്ങൾ ഇല്ലാതാകും. പത്താവർത്തി ജപിച്ചാൽ ഒരു രാപകൽ ചെയ്ത പാപങ്ങളും നൂറാവർത്തി ജപിച്ചാൽ ഒരു മാസം ആർജ്ജിച്ച പാപങ്ങളും ആയിരം തവണയാണെങ്കിൽ ഒരു വർഷം ചെയ്ത പാപങ്ങളും ഒരു ലക്ഷമാണെങ്കിൽ ഒരു ജന്മത്തിലെ മുഴുവൻപാപങ്ങളും പത്തു ലക്ഷം തവണ ജപിച്ചാൽ അന്യജന്മപാപങ്ങളും നൂറു ലക്ഷം തവണ ജപിച്ചാൽ സർവ്വജന്മപാപങ്ങളും ഇല്ലാതാകും. ഒരു കോടി ഗായത്രി ജപിച്ചാൽ ബ്രാഹ്മണന് മോക്ഷം കിട്ടും.

കരമാലാ ജപക്രമമനുസരിച്ച് വലതുകൈവിരലുകൾ വിടവില്ലാതെ പാമ്പിൽ പത്തി പോലെ വിടർത്തി നെഞ്ചിൽ ചേർത്തുവയ്ച് വിരലുകളുടെ അറ്റം വളച്ച് അനങ്ങാതെ കിഴക്കോട്ട് അഭിമുഖമായിരുന്ന് വേണം ഗായത്രി ജപിക്കാൻ. മോതിരവിരലിന്റെ അഗ്രം മുതൽ വലം വയ്ക്കുന്ന ക്രമത്തിന് ചൂണ്ടുവിരലിന്റെ താഴേ അറ്റം വരെയുള്ള രേഖകൾ തൊട്ടെണ്ണിയോ അതല്ലെങ്കിൽ പളുങ്കുമാലയിലെ മുത്തുകൾ, വെൺ താമരക്കുരുമാല എന്നിവയും എണ്ണം പിടിക്കാൻ ഉപയോഗിക്കാം. ക്ഷേത്രനടയിലും തീർത്ഥങ്ങളിലും വച്ച് ഗായത്രി ജപിക്കാം. ജപമാല ഭക്തിപൂർവ്വം അരയാലിന്റെ ഇലയിലോ താമരയിലയിലോ വേണം വയ്ക്കാൻ. ജപമാല ഗോരോചനം കൊണ്ട് അഭിഷേകം ചെയ്ത് നൂറുതവണ ഗായത്രി ജപിക്കുക. പഞ്ചഗവ്യവും ജപമാലാ ശുദ്ധീകരണത്തിനുപയോഗിക്കാം. ഗംഗാജലവും ഉത്തമമത്രേ. ഇങ്ങിനെ ആചാരപൂർവ്വം പത്തുലക്ഷം തവണ ഗായത്രി ജപിച്ചാൽ രാജാവേ, സാവിത്രീദേവി അങ്ങേയ്ക്ക് മുന്നിൽ പ്രത്യക്ഷയാവും, തീർച്ച.

ദിവസവും മൂന്നുനേരം സന്ധ്യാവന്ദനം മുടക്കരുത്. സന്ധ്യാവന്ദന ശുദ്ധിയില്ലാത്തവൻ സകല കർമ്മങ്ങൾക്കും അയോഗ്യനാണ്. അവന്റെ കർമ്മങ്ങൾ നിഷ്ഫലമാവുന്നു. രാവിലെയും വൈകുന്നേരവും സന്ധ്യാവന്ദനം ചെയ്യാത്ത ബ്രാഹ്മണനെ ശൂദ്രനു തുല്യനായി കണക്കാക്കണം. മൂന്നു സന്ധ്യകളും മുടക്കാതെ ആചരിക്കുന്നവൻ സൂര്യതേജസ്സോടെ ശോഭിക്കുന്നു. അങ്ങിനെയുള്ളവൻ ചവിട്ടുന്ന മണ്ണ് പവിത്രമായിത്തീരുന്നു. അവൻ ചെല്ലുന്ന തീർത്ഥങ്ങൾ ശുദ്ധിയാർജ്ജിക്കുന്നു. ഗരുഡന്റെ മുന്നിൽ പാമ്പെന്നപോലെ അവനിലെ പാപങ്ങൾ ഒഴിയുന്നു.

ത്രിസന്ധ്യയനുക്ഷ്ഠിക്കാത്ത ബ്രാഹ്മണൻ ചെയ്യുന്ന തർപ്പണം പിതൃക്കളും ദേവതകളും സ്വീകരിക്കുകയില്ല. മൂലപ്രകൃതിയെ യജിക്കാത്തവനും ദേവിയുടെ ഉത്സവം കൊണ്ടാടാത്തവനും വിഷമില്ലാത്ത ഒരു പെരുമ്പാമ്പെന്നപോലെ ഒന്നിനും കൊള്ളാത്തവനാണ്. അതുപോലെയാണ് വിഷ്ണുപൂജ ചെയ്യാത്ത, ഏകാദശീവ്രതമില്ലാത്ത ബ്രാഹ്മണൻ. ഭഗവാനു നിവേദിക്കാതെ ഭക്ഷണം കഴിക്കുന്നവനും, തുണിയലക്കുന്നവനും കാളപ്പുറത്തു സഞ്ചരിക്കുന്നവനും ശൂദ്രാന്നഭോജിയും ശൂദ്രന്റെ ശവദാഹം നടത്തുന്നവനും ദാസീകാന്തനും ശൂദ്രവലലനും ആയ ബ്രാഹ്മണനും പെരുമ്പാമ്പിനു തുല്യനാണ്. അതുപോലെയാണ് ശൂദ്രനോട് പ്രതിഫലം വാങ്ങി യാഗം ചെയ്യുന്നവൻ. മഷിനോട്ടം, ഭടന്റെ വേല, കന്യാവാണിഭം, ഹരിനാമവാണിഭം എന്നിവ ചെയ്യുന്നവരും വിഷമില്ലാത്ത പാമ്പുകളെപ്പോലെയാണ്. പലിശയ്ക്ക് പണം കടം കൊടുക്കുന്നവനും വിദ്യയെ വിറ്റു ജീവിക്കുന്നവനും ദാസികളെ പ്രാപിക്കുന്നവനും ഇക്കൂട്ടത്തിൽപ്പെടും. സൂര്യോദയസമയത്ത് കിടക്കയിൽത്തന്നെ കിടക്കുന്നവനും മത്സ്യം തിന്നുന്നവനും ശിവാർച്ചന ചെയ്യാത്തവനും പെരുമ്പാമ്പിന്റെതുപോലുള്ള നിഷ്ഫലജന്മം നയിക്കുന്നവരത്രേ.”

പരാശരമുനിയുടെ ഉപദേശപ്രകാരം രാജാവ് വിധിയാംവണ്ണം പൂജയും ധ്യാനവും അനുഷ്ഠിച്ചു. അദ്ദേഹം  ഗായത്രീമന്ത്രം ജപിച്ച് സാവിത്രീ ദേവിയെ പ്രത്യക്ഷയാക്കി അഭീഷ്ടവരം നേടി.

നാരദൻ പറഞ്ഞു: ‘ഭഗവൻ, സാവിത്രീ ധ്യാനം എങ്ങിനെയാണ്?അതുപോലെ ദേവിയെ പൂജിക്കേണ്ട വിധം എന്താണ്?ഏതു മന്ത്രമാണ് മഹർഷി രാജാവിന് ഉപദേശിച്ചത്? എന്താണാ ഗൂഢവും ശ്രുതിപ്രതിപാദിതവുമായ പൂജാപദ്ധതി?’

ശ്രീ നാരായണൻ പറഞ്ഞു: ജ്യേഷ്ഠമാസത്തിലെ കൃഷ്ണത്രയോദശിയിലും ശുക്ളചതുർദ്ദശിയിലും ശുദ്ധനായി വ്രതമെടുക്കാം. ഇങ്ങിനെ പതിന്നാലുകൊല്ലം മുടങ്ങാതെ പതിന്നാലുവിധം ഫലങ്ങളും പൂക്കളും ധൂപങ്ങളും തയ്യാറാക്കി വേണം വ്രതമാചരിക്കാൻ. വസ്ത്രം, പൂണൂൽ, ഭോജനം, നൈവേദ്യം, ഫലങ്ങൾ, ഇലകൾ എന്നിവയെല്ലാം ഒരുക്കി വച്ച ഒരു കലശം തയ്യാറാക്കി ഗണേശന്‍, ദിനേശന്‍, അഗ്നി, ശിവന്‍, വിഷ്ണു, ദേവി എന്നിവരെ പൂജിച്ച ശേഷം സാവിത്രീ ദേവിയെ ആവാഹിച്ച് ഘടപൂജ ചെയ്യണം.

മാധ്യം ദിനം എന്നു പേരായ വേദശാഖയിൽ പറഞ്ഞിട്ടുള്ള സാവിത്രീധ്യാനം, സ്തോത്രം എന്നിവയാണ് ഇനി പറയാൻ പോകുന്നത്.

ആയിരം സൂര്യൻമാർ നട്ടുച്ചയ്ക്ക് ജ്വലിച്ചുനില്ക്കുന്നതു പോലെ ബ്രഹ്മതേജസ്സോടെ സ്വർണ്ണകാന്തിയോലുന്ന ദേവി രത്നാഭരണങ്ങളും തങ്കനിറമുള്ള ചേലയും തൂമന്ദഹാസവും അണിഞ്ഞ് ഭക്താനുഗ്രഹവ്യഗ്രതയോടെ നിലകൊള്ളുന്നു. സുഖസമ്പത്തും മുക്തിയും നല്കുന്നവളും ജഗദ്വിധാതാവിന്റെ പത്നിയും വേദാദിഷ്ഠാനദേവതയും വേദശാസ്ത്രസ്വരൂപിണിയും പ്രണവാത്മികയും വേദമാതാവുമായ അമ്മയെ ഞാൻ വണങ്ങുന്നു. ഇങ്ങിനെ ധ്യാനിച്ചശേഷം നിവേദ്യം സമർപ്പിച്ച് കലശത്തിൽ ദേവിയെ ആവാഹിക്കണം. ആസനം, പാദ്യം, അർഘ്യം, സ്നാനീയം, അനുലേപേനം, ധൂപം,ദീപം, നൈവേദ്യം, താംബൂലം, ശീതളജലം, വസ്ത്രം, ആഭരണം, മാല്യം, ഗന്ധം, ആചമനീയം, ശയ്യ, എന്നിങ്ങിനെ പതിനാറ് ഉപചാരങ്ങൾ ദേവിക്കായി സമർപ്പിക്കുക.

സ്വർണ്ണത്തിലോ ചന്ദനത്തിലോ നിർമ്മിച്ച ഒരാസനം ദേവാരാധനക്ക് വിശിഷ്ടമാണ്. അത്തരം ഒരാസനം അവിടേക്കായി ഞാനിതാ അർപ്പിക്കുന്നു. പുണ്യപ്രദവും പ്രീതിദായകവുമായ പാദ്യം, ഞാനിതാ അവിടത്തേയ്ക്കായി അർപ്പിക്കുന്നു. ഇളം കറുകയും ചന്ദനവും  കലർത്തി സുഗന്ധമേറ്റിയ ജലം അവിടുത്തെ സ്നാനത്തിനായി ഞാനിതാ അർപ്പിക്കുന്നു. അവിടേക്കുവേണ്ടി തയ്യാറാക്കിയ സുഗന്ധതൈലവും ഞാനിതാ അർപ്പിക്കുന്നു. പ്രത്യേകം കൂട്ടുകൾ ചേർത്ത് തയ്യാറാക്കിയ സൗരഭ്യമിശ്രിതലേപനം ഞാനിതാ സമർപ്പിക്കുന്നു. ഗന്ധദ്രവ്യങ്ങൾ ചേർത്തൊരുക്കിയ സുഗന്ധതോയം ഞാനിതാ ആചമനീയമായി അർപ്പിക്കുന്നു. സർവ്വമംഗളദായകവും പുണ്യപ്രദവുമായ ധൂപമിതാ സുഖസന്ദോഹവർദ്ധാർത്ഥം ഞാൻ സമർപ്പിക്കുന്നു. സ്വദീപ്തിയാൽ ലോകത്തെ പ്രകാശിപ്പിക്കുന്ന ഈ ദീപം, അമ്മേ അവിടുന്ന് സ്വീകരിച്ചാലും. അന്ധകാരത്തെ അകറ്റി ലോകത്തെ പ്രദീപ്തമാക്കുന്ന ഈ ദീപത്തെ ഞാനർപ്പിക്കട്ടെ. തുഷ്ടിയും പുഷ്ടിയും നല്കി വിശപ്പടക്കാൻ അമ്മയ്ക്കായി ഞാനർപ്പിക്കുന്ന ഈ നൈവേദ്യം സ്വീകരിച്ചാലും. ശീതളജലം ദാഹവിനാശകമാണ്. ജഗത്തിന്റെ ജീവാധാരമായ ഈ തണുത്ത ജലം അമ്മേ അവിടുന്ന് സ്വീകരിച്ചാലും. ദേഹത്തിന്റെ കാന്തി വർദ്ധിപ്പിക്കുന്ന പരുത്തിവസ്ത്രവും പട്ടുവസ്ത്രവും ഞാനിതാ അമ്മയ്ക്കായി സമർപ്പിക്കുന്നു. പുണ്യവും ഐശ്വര്യവും നൽകുന്നതും  സ്വർണ്ണവും രത്നവും വേണ്ടപോലെ ചേർത്തൊരുക്കിയതുമായ ആഭരണങ്ങളും ഞാനിതാ അമ്മയ്ക്ക് സമർപ്പിക്കുന്നു.

പല വൃക്ഷങ്ങളിൽ ഉണ്ടാവുന്ന ഫലവർഗ്ഗങ്ങളും അമ്മയ്ക്കായി ഞാൻ ഒരുക്കിയിട്ടുണ്ട്. ഞാനമ്മയ്ക്ക് ചാർത്തുന്ന നാനാപുഷ്പങ്ങൾ കോർത്തൊരുക്കിയ ഈ പൂമാല അമ്മയുടെ കാൽപ്പാദമെത്തുന്നത്ര നീളമുള്ളതാണ്.  അത്യന്തം സുഗന്ധപൂരിതമായ ഈ ചന്ദനക്കുറിക്കൂട്ട് അമ്മയ്ക്കായി തയ്യാറാക്കിയതാണ്. അത് നെറ്റിമേലണിയുന്നത് അമ്മയുടെ ലലാടശോഭയെ ഇനിയുമിനിയും പ്രോജ്വലത്താക്കും. അലങ്കാരങ്ങളിൽ അതിത്രേഷ്ഠമായ യജ്ഞോപവീതം ബ്രഹ്മസമ്പൂതമാണ്. ബ്രഹ്മമുടിക്കെട്ടുള്ള പൂണൂൽ ഞാനിതാ യജ്ഞസൂത്രമായി അമ്മക്ക് നല്കുന്നു.’ ഇനി വിപ്രദക്ഷിണ നല്കി ദേവീസ്തുതി ചെയ്യാം.

ഇങ്ങിനെ ഉപചാരപൂർവ്വം സമർപ്പണങ്ങൾ ചെയ്ത് തെളിഞ്ഞ മനസ്സോടെ, ഭക്തിയോടെ . മൂലമന്ത്രസഹിതം സാവിത്രീദേവിയെ സ്തുതിക്കണം. 'ശ്രീം  ഹ്രീം ഐം സാവിത്ര്യൈ  സ്വാഹാ' എന്നതാണ് മന്ത്രം. മാധ്യംദിന പ്രകാരമുള്ള സാവിത്രീ സ്തോത്രം സർവ്വ കാമങ്ങളെയും സാധിപ്പിക്കുന്നതാണ്. ബ്രാഹ്മണരുടെ ജീവശ്വരൂപമാണിത്. അതിനു പിന്നിലെ കഥയും ഞാൻ പറയാം.

പണ്ട് ഗോലോകത്ത് വച്ച് ശ്രീകൃഷ്ണൻ സാവിത്രിയെ ബ്രഹ്മാവിനു നല്കി. എന്നാൽ അവൾ സത്യലോകത്തേക്ക്  പോകാൻ കൂട്ടാക്കിയില്ല. അപ്പോൾ കൃഷ്ണന്റെ നിർദ്ദേശപ്രകാരം ബ്രഹ്മാവ് ദേവിയെ സ്തുതിച്ച് പ്രീതയാക്കി. അങ്ങിനെ ദേവി ബ്രഹ്മാവിനെ വരിച്ചു.

ബ്രഹ്മദേവൻ ഇങ്ങിനെ സ്തുതിച്ചു: “സച്ചിദാനന്ദരൂപയായ നീ മൂലപ്രകൃതിയാണ്. ഹിരണ്യഗർഭയായ ദേവീ എന്നിൽ സംപ്രീതയായാലും. ഹേ പരമാനന്ദരൂപിണീ, പരമതേജസ്വരൂപിണീ, ഭൂദേവവർഗ്ഗസ്വരൂപേ, പ്രസാദിച്ചാലും. നിത്യയും നിത്യപ്രിയയും നിത്യാനന്ദസ്വരൂപിണിയും സർവ്വമംഗളസ്വരൂപയുമായ ദേവീ കനിഞ്ഞാലും. സർവ്വസ്വരൂപേ, വിപ്രമന്ത്രസാരേ, സുഖദേ, മോക്ഷദേ, പരാത്പരേ, പാപനിവാരിണീ, ബ്രഹ്മതേജപ്രഭേ, ദേവീ, പ്രസീതയായാലും. ശരീരം കൊണ്ടോ മനസ്സുകൊണ്ടോ ചെയ്യുന്ന പാപങ്ങൾ നിന്നെ സ്മരിക്കുന്ന മാത്രയിൽ ഇല്ലാതാകുന്നു.”

ഇങ്ങിനെ ബ്രഹ്മദേവനാൽ വാഴ്ത്തപ്പെട്ട സാവിത്രീദേവി ബ്രഹ്മലോകത്തേക്ക് പോകാൻ തയ്യാറായി. ഇതേ സ്തുതിയാണ് അശ്വപതി രാജാവിന് സാവിത്രീ ദേവിയുടെ ദർശനവും അനുഗ്രഹവും നേടിക്കൊടുത്തത്. അതീവ പുണ്യപ്രദമായ ഈ സ്തോത്രം സന്ധ്യാവന്ദനശേഷം നിത്യവും ചൊല്ലുന്നവന് നാലു വേദങ്ങളും ചൊല്ലുന്നതിന്റെ ഫലം ലഭിക്കും.

No comments:

Post a Comment