ദിവസം 242. ശ്രീമദ് ദേവീഭാഗവതം. 9. 20. യുദ്ധോദ്യോഗം
ബ്രഹ്മാ ശിവം സന്നിയോജ്യ സംഹാരേ ദാനവസ്യ ച
ജഗാമസ്വാലയം തൂർണം യഥാസ്ഥാനം സൂരോത്തമാ:
ചന്ദ്രഭാഗാനദീതീരേ വട മൂലേ മനോഹരേ
തത്ര തസ്ഥൗ മഹാദേവോ ദേവ വിസ്താരഹേതവേ
ശ്രീ നാരായണൻ പറഞ്ഞു: ദൈത്യനായ ശംഖചൂഡനെ നിഗ്രഹിക്കാനുള്ള ചുമതല പരമശിവനെ ഏൽപ്പിച്ചശേഷം ശ്രീഹരി ദേവൻമാരെ യാത്രയാക്കി. അവർ സ്വധാമങ്ങളിലേക്ക് മടങ്ങി. ദേവകാര്യം നടത്താനുള്ള ഉദ്ദേശത്തോടെ ചന്ദ്രഭാഗാ നദീതീരത്തുള്ള ഒരു വടവൃക്ഷച്ചുവട്ടിൽ മഹേശ്വരൻ ഇരുന്നു. ഗന്ധർവ്വൻമാരുടെ കൂട്ടത്തിൽ ശിവനു പ്രിയപ്പെട്ടവനായ ചിത്രരഥനെ ഒരു ദൂതമായി ശംഖചൂഡന്റെയടുക്കൽ പറഞ്ഞയച്ചു.
ശംഖചൂഡൻ വാഴുന്ന പട്ടണം അമരാവതിയേക്കാൾ, അളകാപുരിയേക്കാൾ കമനീയവും വിപുലവുമാണ്. അഞ്ചുയോജന വീതിയും അതിന്റെയിരട്ടി നീളവുമുള്ളതും പളുങ്കുമണികളാൽ നിർമ്മിക്കപ്പെട്ടതുമായ വാഹനങ്ങൾ ആ നഗരത്തിൽ ഓടുന്നു. നഗരത്തെ ചുറ്റി ഏഴു കിടങ്ങുകൾ ഉണ്ടു്. അവയ്ക്ക് ചുറ്റും കോടിക്കണക്കിനു രത്നങ്ങൾ തീ പോലെ തിളങ്ങുന്ന മണി വേദികൾ അലങ്കരിക്കുന്ന രാജവീഥികളും മണിമാളികകളും ഉണ്ട്. ചുവപ്പുകല്ലിൽ രത്നം പതിച്ചു നിർമ്മിച്ച കൊട്ടാര സമുച്ചയങ്ങളും ദിവ്യാശ്രമങ്ങളും നഗരത്തിനു മാറ്റുകൂട്ടി. നഗരമദ്ധ്യത്തിലായി പൂർണ്ണേന്ദുമണ്ഡലം പോലെ വർത്തുളാകാരമായ കൊട്ടാരം. കൊട്ടാരത്തിനുചുറ്റും തീജ്വാല വമിക്കുന്ന നാലു കിടങ്ങുകൾ. ശത്രുക്കൾക്കവ ദുസ്സഹമാണെങ്കിലും സുഹൃത്തുക്കൾക്ക് സുഗമമാണ് അങ്ങോട്ടേക്കുളള വഴി.
ആകാശം മുട്ടുന്ന മണി കുംഭങ്ങൾക്കു താഴെ പന്ത്രണ്ടു പടിവാതിലുകൾ. വീരന്മാരായ ദ്വാരപാലകരുണ്ടവിടെ. രത്ന സോപാനങ്ങളും കോണിപ്പടികളും തൂണുകളും നിറഞ്ഞ സൗധങ്ങൾ അനവധി അവിടെയുണ്ട്. ഇവയെല്ലാം കണ്ടു നടക്കവേ ചിത്രരഥൻ ശൂലമേന്തി ചിരിച്ചു നില്ക്കുന്ന ഒരു ദ്വാരപാലനെ കണ്ടു. ചുവന്ന കണ്ണുകളും ചെമ്പിച്ച നിറവു മാണവന്. ചിത്രരഥൻ അവനോട് ആഗമനോദ്ദേശം പറഞ്ഞു. യുദ്ധവൃത്താന്തം പറയാൻ വന്ന ദൂതനെ ആരും തടത്തില്ല.
അവസാനത്തെ കാവൽക്കാരനോട് ' നീ പോയി ശംഖചൂഡനോട് യുദ്ധം പ്രഖ്യാപിച്ച കാര്യം താമസംവിനാ അറിയിക്കുക ' എന്നവൻ പറഞ്ഞു. ആ വാതിലും കടന്ന് ദൂതൻ ശംഖചൂഡന്റെ അരികിലെത്തി. അതിസുന്ദരനായ രാജാവ് രത്നഖചിതമായ ഒരു സിംഹാസനത്തിൽ ഇരിക്കുന്നു.
കയ്യിൽ തിളക്കമേറിയ ഒരു ദണ്ഡ് രാജഛിന്നമായി പിടിച്ച് മുത്തുക്കുട സിംഹാസനത്തിനു മുകളിൽ പിടിച്ചു നില്ക്കുന്ന ഭൃത്യമാരോടുകൂടി ശംഖചൂഡൻ വിളങ്ങി. പാർഷദൻമാർ വെഞ്ചാമരം വീശുന്നു. രത്ന ഭൂഷകളും മാലാലേപനങ്ങളും രാജാവിന്റെ മേനിയെ അലങ്കരിച്ചു. രാജാവിനു കാവലായി മൂന്നു കോടി അസുരൻമാരുടെ പടയാണ് നിരന്നു നില്ക്കുന്നത്. ശംഖചൂഡന് നൂറു കോടി സായുധസൈനികർ വേറെയുമുണ്ട്. പുഷ്പ ദന്തൻ എന്നും അറിയപ്പെടുന്ന ദൂതനായ ചിത്രരഥൻ പരമശിവന്റെ ദൂത് രാജാവിനെ അറിയിച്ചു.
പുഷ്പദന്തൻ പറഞ്ഞു: 'രാജാവേ മഹേശ്വരന്റെ ഭൃത്യനായ പുഷ്പദന്തനാണ് ഞാൻ. പരമശിവന്റെ വാക്കുകൾ ഞാനങ്ങയെ അറിയിക്കട്ടെ. "ദേവൻമാർക്ക് അവകാശപ്പെട്ട നാടും അധികാരവും നീ അവർക്ക് തിരികെ നല്കണം. അല്ലെങ്കിൽ ഒരു യുദ്ധം അനിവാര്യമാണ്." ഞാനെന്താണ് മഹാദേവനോട് അങ്ങയുടെ പ്രതികരണമായി അറിയിക്കേണ്ടത്? ദേവൻമാർ പരാത്പരനായ വിഷ്ണുവിനെ സമാശ്രയിച്ചതിൻ പ്രകാരം ശ്രീഹരി മഹേശനെ തന്റെ ശൂലവും നല്കി പറഞ്ഞയച്ചിരിക്കുന്നു. പരമശിവൻ പുഷ്പഭദ്രയുടെ തീരത്ത് യുദ്ധോല്‍സുകനായി കാത്തിരിക്കുകയാണ്. മഹേശനോട് ഞാനെന്താണ് പറയേണ്ടത്?'
'നാളെ പ്രഭാതത്തിൽ ഞാനവിടെ എത്താമെന്ന് അറിയിക്കുക. ' എന്ന് രാജാവ്. ഒരു പുഞ്ചിരിയോടെ ദൂതനെ അറിയിച്ചു.
അപ്പോഴേക്കും സ്കന്ദനും വീരഭദ്രനും നന്ദിയും മഹാകാളനും ബാഷ്കളനും സുഭദ്രകനും വിശാലാക്ഷനും ബ്രാഹ്മനും പിംഗളാക്ഷനും വികമ്പനും വിരൂപനും വികൃതനും മണിഭദ്രനും കപിലാഖ്യനും ദീർഘദംഷ്ട്രനും വികടനും താമ്രലോചനനും കാളകണ്ഠനും ബലീഭദ്രനും കാലജിഹ്വനും കുടീചരനും ബലോന്മത്തനും രണശ്ലാഘിയും ദുർജയനും ദുർഗമനും ദുർമുഖനും അഷ്ടഭൈരവന്മാരും പതിനൊന്നു രുദ്രന്മാരും അഷ്ട വസുക്കളും പന്ത്രണ്ട് ആദിത്യന്മാരും വാസവനും അഗ്നിയും ചന്ദ്രനും വിശ്വകർമ്മാവും സുരവൈദ്യന്മാരും യമനും കുബേരനും നളകൂബരൻമാരും ജയന്തനും വായുവും വരുണനും ബുധനും കുജനും ധർമ്മനും ശനിയും ഈശാനനും കാമദേവനും ഉഗ്രദംഷ്ട്രയും ഉഗ്രചണ്ഡയും കോടരയും കൈടഭിയും എട്ടു കൈകളുള്ള ഭദ്രകാളിയും മഹേശന്റെ മുന്നിൽ ആഗതരായി.
ഭദ്രകാളി രക്തവസ്ത്രം ധരിച്ച് രക്തക്കുറിയണിഞ്ഞ് രക്തശോഭയാർന്ന മാലകളും ലേപനങ്ങളും ചാർത്തി ശ്രേഷ്ഠരത്നങ്ങളാൽ അലങ്കൃതമായ വിമാനത്തിലാണ് വന്നണഞ്ഞത്. ആടിപ്പാടി ചിരിച്ചു കൊണ്ട് ഭക്തർക്കഭയം നൽകി ശത്രുവിൽ ഭയമുണ്ടാക്കി യോജന നീളമേറിയനാക്ക് പുറത്തിട്ട് ശംഖ്, ചക്രം, ഗദാ, പത്മം, ഖഡ്ഗം, പരിച, അമ്പ്, വില്ല്, എന്നിവ എട്ടു കൈകളിൽ പിടിച്ച് യോജന വലുപ്പം വൃത്താകാരത്തിലുള്ള പാനപാത്രവും യോജനനീളത്തിലുള്ള വേലും ആകാശം മൂട്ടുന്ന ശലവും, മുൾത്തടി, ഉലക്ക, വജ്രം, ഖേടം, വൈഷ്ണവാസ്ത്രം, ഗരുഡാസ്ത്രം, പാർജ്ജന്യാസ്ത്രം, പാശുപതം, പാർവ്വതം, ജൃംഭണാസ്ത്രം, മഹേശ്വരാസ്ത്രം, വായവ്യം, ദണ്ഡം, മോഹനാസ്ത്രം, ആഗ്നേയാസ്ത്രം, വാരുണാസ്ത്രം, നാഗപാശം, നാരായണാസ്ത്രം, ഗാന്ധർവ്വം, ബ്രഹ്മാസ്ത്രം, കൂടാതെ അവ്യർത്ഥമെന്ന ദിവ്യാസ്ത്രം എന്നിവ ധരിച്ചു കൊണ്ട് ഭദ്രകാളി നിലകൊണ്ടു.
കാളിക്കൊപ്പം മൂന്നു കോടി യോഗിനികളും ഡാകിനികളും മൂന്നു കോടി വികടന്മാരും ഭൂതപ്രേത പിശാചുക്കളും കൂഷ്മാണ്ഡന്മാരും ബ്രഹ്മരക്ഷസ്സുകളും വേതാളങ്ങളും രാക്ഷസൻമാരും കിന്നരന്മാരും യക്ഷരും സ്കന്ദന്റെ നേതൃത്വത്തിൽ അവിടെ വന്ന് ശംഭുവിനെ പ്രണമിച്ചു. എന്തിനും തയ്യാറായി അവരവിടെ സ്ഥാനം പിടിച്ചു.
ദൂതൻമടങ്ങിയപ്പോൾ ശംഖചൂഡൻ അന്തപ്പുരത്തിൽ പോയി തുളസീദേവിയെ വിവരമറിയിച്ചു. യുദ്ധ വിവരമറിഞ്ഞ് അവളുടെ തൊണ്ട വരണ്ടു. എങ്കിലും വിഷമത്തോടെ അവൾ പറഞ്ഞു: 'പ്രാണബന്ധുവും പ്രാണനാഥനുമായ പ്രിയനേ, എന്നെ നിന്റെ മാറോടു് ചേർത്ത പിടിച്ച് രക്ഷിച്ചാലും. എന്റെ ജീവിതം കൊണ്ട് അങ്ങേയ്ക്ക് കിട്ടാവുന്ന ഭോഗ സുഖങ്ങളെല്ലാം അനുഭവിക്കൂ. ഈ നിമിഷം ഞാനങ്ങയെ കൺനിറയെ കാണട്ടെ. എന്റെ ചിത്തം ചാഞ്ചാടുന്നു. മനസ്സ് നീറുന്നു. ഇന്ന് രാവിലെ ഞാൻ കണ്ട ദു:സ്വപ്നം ഇതായിരിക്കുമോ.?'
തുളസീദേവിയുടെ പ്രേമവും ഉൽഘണ്ഠയും അറിഞ്ഞ ശംഖചൂഡൻ അവളോട് പ്രിയം പറഞ്ഞു: 'പ്രിയേ കർമ്മഭോഗങ്ങളെ കൊണ്ടുവന്നു നല്കുന്നത് കാലമാണ്. ശുഭം, ഹർഷം, സുഖം, ദു:ഖം എന്നിവയെല്ലാം കാലനിബദ്ധമാണ്. വിത്തു മുളച്ചു ചെടിയായി മരമായി ശാഖകൾ വികസിച്ചു വളർന്ന് അവയിൽ പൂക്കളും കായ്കളും നിറഞ്ഞ് കാലാധീനമായി പഴുത്ത് ഒടുവിൽ താഴെ വീണ് നശിക്കുന്നു. കാലത്തിനധീനമായി ബ്രഹ്മാവ് സൃഷ്ടി നടത്തുന്നു.വിഷ്ണു സംരക്ഷിക്കുന്നു. ശംഭു സംഹരിക്കുന്നു. ഈ ത്രിമൂർത്തികൾക്കും ഈശ്വരനായുള്ളത് മൂലപ്രകൃതിസ്വരൂപനാണ്. സൃഷ്ടിസ്ഥിതി സംഹാര കർത്താവും ആത്മാവും കാലനർത്തകനും ആ പ്രഭു തന്നെയാണ്. തന്നിൽ നിന്നും അഭിന്നയായ പ്രകൃതിയെ സ്വേച്ഛയാൽ സൃഷ്ടിച്ചിട്ടു് ആ മായയെ മുൻനിർത്തി അവന്‍ ലോകത്തെ ഉണ്ടാക്കുന്നു. അവൻ സർവ്വേശ്വരനും സർവ്വരൂപനും സർവ്വാത്മാവും അഖിലത്തിനും ഈശ്വരനുമാകുന്നു. അവനാണ് ജനത്തെക്കൊണ്ട് അവരുടെ തന്നെ സൃഷ്ടിസ്ഥിതി സംഹാര കർമ്മങ്ങൾ ചെയ്യിക്കുന്നത്. നീ അങ്ങിനെയുള്ള സർവ്വേശ്വരനെ ഭജിച്ചാലും. നിർത്താതെ വായു വീശുന്നതും സൂര്യൻ നിലനില്ക്കുന്നതും ഇന്ദ്രൻ മഴ പെയ്യിക്കുന്നതും മൃത്യു ജീവനെടുക്കുന്നതും അഗ്നി ജ്വലിക്കുന്നതും ചന്ദ്രനിൽ ശീതളിമയുള്ളതും അവനുള്ളതുകൊണ്ടാണ്.
മൃത്യു മൃത്യുവും കാലകാലനും യമയമനും സൃഷ്ടാവിന്റെ സൃഷ്ടാവും മാതാവിന്റെ മാതാവും രക്ഷിതാവിന്റെ രക്ഷകനും സംഹർത്താവിന്റെ ഹർത്താവും ആയ ആ ദേവൻ മാത്രമാണ് സർവ്വർക്കും ബന്ധുവായ ഒരേ ഒരു ദേവൻ. ആ ദേവനെയാണ് നാം ഭജിക്കേണ്ടത്. ഞാനും നീയുമൊക്കെ ആരാണ്? വിധി വിഹിതമായി കർമത്തിൽ നാമൊന്നു ചേർന്നു, അതേ വിധി തന്നെ നമ്മെ തമ്മിലകറ്റുന്നു. വിപത്തു വരുമ്പോൾ അജ്ഞാനി പേടിക്കും. വിദ്വാന് ആ പേടിയില്ല. കാലചക്രം തിരിയുന്നതിനനുസരിച്ച് സുഖ ദുഖങ്ങൾ വന്നും പോയുമിരിക്കും.
പണ്ട് നീ ബദരീകാശ്രമത്തിൽ വച്ച് ചെയ്ത തപസ്സിനാൽ നിനക്ക് സാക്ഷാൽ വിഷ്ണുവിനെ കാന്തനായി ലഭിക്കും. മാത്രമല്ല ശ്രീ ഹരിയെ കിട്ടാൻ നീ തപസ്സു ചെയ്തിട്ടുള്ളതിനാൽ നീ ഹരിയുടെ കാന്തയുമാകും. ബ്രഹ്മാവിന്റെ വരം മൂലമാണ് എനിക്ക് നിന്നെ കിട്ടിയത്. ഗോലോകത്ത് നിനക്ക് ഗോവിന്ദൻ കാന്തനാവും. താമസംവിനാ ഞാനീ ദേഹം ഉപേക്ഷിച്ച് ഗോലോകമണയും. രാധാ ശാപത്താലാണ് ഞാനും ഭാരതത്തിൽ വന്നു പിറന്നത്. നാം രണ്ടു പേരും മടങ്ങുന്നത് ഗോലോകത്തേക്ക് തന്നെയാണ്. അതിനാൽ വിഷമിക്കാതിരിക്കൂ. ഇനി നിനക്ക് വിഷ്ണുവിനെ പ്രാപിക്കാം. ദുഖമെല്ലാം കളയൂ . ഇങ്ങിനെ മധുര വാക്കുകളും സാരോപദേശവും നല്കി ശുഖചൂഡൻ തുളസീദേവിയുമായി നാനാവിധത്തിലുള്ള രതിക്രീഡകൾ ചെയ്ത് പുഷ്പ ശയ്യയിൽ കിടന്നുറങ്ങി. രത്നദീപങ്ങൾ പ്രഭ ചൊരിയുന്ന മണിമന്ദിരത്തിൽ സുന്ദരിയായ ആ സ്ത്രീരത്നത്തോടെപ്പം രാജാവ് തന്റെ അവസാന രാത്രി കഴിച്ചുകൂട്ടി.
ശോകഗ്രസ്ഥയായ രാജ്ഞിയെ മാറോടു ചേർത്ത് ജ്ഞാനിയായ രാജാവ് അവൾക്ക് ബോധോപദേശം നല്കി. പണ്ട് സാക്ഷാൽ ശ്രീകൃഷ്ണൻ ഭാണ്ഡീരത്തിൽ വച്ച് പറഞ്ഞു കൊടുത്ത ദിവ്യ ജ്ഞാനമാണ് അദ്ദേഹം രാജ്ഞിക്കു കൊടുത്തത്. ജ്ഞാനലബ്ധിയിൽ ദു:ഖം മാറി മുഖം തെളിഞ്ഞ തുളസീദേവി ജീവിതത്തിന്റെ നശ്വരത എന്തെന്ന അറിവോടു കൂടി തന്റെ നാഥനുമൊത്ത് വീണ്ടും രാസക്രീഡയിൽ ഏർപ്പെട്ടു. സർവ്വാംഗങ്ങളിലും പുളകം വിതക്കുന്ന മാരകേളിയിൽ അവരുടെ മെയ്യൊന്നായി. അവർ അർദ്ധനാരീശ്വരന്മാരായി. പ്രാണപ്രിയരായ ദമ്പതിമാർ ആ രാത്രി സുരതരസാനുഭൂതിയിൽ മുഴുകി നിദ്രയെ പുൽകി.
എന്നാലവർ പെട്ടെന്നെഴുന്നേറ്റ് ബോധം തെളിഞ്ഞ് സരസമായ കഥകൾ പറഞ്ഞു ചിരിക്കാൻ തുടങ്ങി. വീണ്ടും രതിക്രീഡകൾ തുടർന്നു. ജയപരാജയ ദ്വന്ദങ്ങൾ അവരെ ബാധിച്ചില്ല. എങ്കിലും സുഖാസ്വാദനത്തിൽ അവർ വിരക്തിയും ഒട്ടും കാണിച്ചില്ല.

No comments:
Post a Comment